Thursday 18 February 2021

മാടപ്രാവമ്മ

 


''മുത്തശ്ശീ ഒരു കഥ പറയൂ ..'' ശ്രുതിമോൾ ചിണുങ്ങി. 


'ശരി. പറയാം'' മുത്തശ്ശി കഥ പറയാൻ തുടങ്ങി  


''തെക്കേപ്രത്തെ മണ്ടപ്ലാവിലെ മാടപ്രാവമ്മ 

മൂന്നു മൊട്ടീട്ടു

ഒന്നൊടഞ്ഞു  പോയ് ഒന്ന് ഞെരിഞ്ഞു പോയ് 

ഒന്ന് കിണറ്റിലു  വീണു താണു പോയ് 

അത് എടുത്തു തരാത്ത  ആശാരിമോൻ്റെ 

മുഴക്കോലു കരളാത്ത എലി

എലിയെ പിടിക്കാത്ത പൂച്ച 

 പൂച്ചെ പിടിക്കാത്ത പട്ടി

പട്ടിയെ തല്ലാത്ത എഴുത്തു പിള്ളേർ 

എഴുത്തു പിള്ളേരെ തല്ലാമോ ആശാനേന്നു  പ്രാവമ്മ ചോദിച്ചു'' അൽപ്പം കൊഞ്ചലിന്റെ അകമ്പടിയോടെ കഥയുടെ  ബാക്കി ശ്രുതിമോൾ പൂരിപ്പിച്ചു


''ആശാൻ അപ്പൊ എഴുത്തു പിള്ളേരെ തല്ലി

എഴുത്തു പിള്ളേര് പട്ടിയെ തല്ലി 

പട്ടി ചെന്ന് പൂച്ചെ  പിടിച്ചു 

പൂച്ച ചെന്ന് എല്യെ  പിടിച്ചു 

എലി പോയി ആശാരിമോന്റെ മുഴക്കോലു  കരണ്ടു

ആശാരി മോൻ അപ്പൊ കെൺറ്റിലെറങ്ങി  മുട്ടയെടുത്ത് കൊടുത്തു. 

മാടപ്രാവമ്മയ്ക്ക് സന്തോഷമായി. 

ഈ കഥ എന്നോട് എത്ര വട്ടം പറഞ്ഞിരിക്കുന്നു മുത്തശ്ശീ.... ഇനി വേറെ കഥ പറയൂ'' ശ്രുതിമോൾടെ ചിണുക്കത്തിന് ആക്കം കൂടി. മുത്തശ്ശിക്ക് ആയിരം കഥകളറിയാം. പക്ഷെ എപ്പോഴൊക്കെ  ശ്രുതിമോൾ കഥ പറയാൻ ആവശ്യപ്പെട്ടാലും മുത്തശ്ശി ആദ്യം പറയുന്ന കഥ പ്രാവമ്മയുടേതാണ്. മാത്രമല്ല പണികൾക്കിടയിലായാലും വെറുതെയിരിക്കുമ്പോഴായാലും മന്ത്രം ചൊല്ലും പോലെ മുത്തശ്ശിയുടെ ചുണ്ടുകൾ ആ കഥപ്പാട്ട് ഉരുവിട്ടുകൊണ്ടിരിക്കുന്നുമുണ്ടാകും. സത്യത്തിൽ ശ്രുതിമോളോട് ഏതൊക്കെ കഥകൾ പറഞ്ഞു കഴിഞ്ഞു എന്ന് മുത്തശ്ശി മറന്നു പോകുന്നതാണ് പ്രശ്നം. അത്തരം ചെറിയ ഒരു ഓർമ്മക്കുറവുണ്ടെങ്കിലും പഴയ ഈ കഥകളൊന്നും തന്നെ മുത്തശ്ശി മറക്കാറില്ല. ശ്രുതിമോൾക്കാണെങ്കിലോ കഥകൾ എന്ന് പറഞ്ഞാൽ ജീവനാണ്. 


കഥകളോടുള്ള  ശ്രുതിമോൾടെ ഈ ഇഷ്ടം ശ്രുതിമോൾടെ അമ്മയ്ക്ക് എപ്പോഴും ഉപകാരപ്രദമാകാറുമുണ്ട്. വലിയ പണിത്തിരക്കുകൾക്കിടയിൽ വികൃതിയായ ശ്രുതിമോളെ നിയന്ത്രിക്കാൻ പാടുപെടുമ്പോൾ 'അമ്മ അവളെ അയൽവക്കത്തെ മുത്തശ്ശിയുടെ അടുത്താക്കും. മുത്തശ്ശിയുടെ അടുത്താണെങ്കിലോ ശ്രുതിമോൾക്ക് അടങ്ങിയിരുന്നു കഥകൾ കേൾക്കാനാണിഷ്ടം. മുത്തശ്ശിക്കെന്തെങ്കിലും പണികളുണ്ടെങ്കിൽ പോലും അതിനിടയിലും മുത്തശ്ശി കഥകൾ പറയും. മുത്തശ്ശിയുടെ പുറകിൽ നിന്ന് മാറാതെ നടന്ന് ശ്രുതിമോൾ കഥകൾ കേൾക്കുകയും ചെയ്യും. അമ്മയ്ക്കാണെങ്കിൽ ഒരു കഥ പോലുമറിയില്ല. ചോദിച്ചാലോ അമ്മയ്ക്കൊന്നിനും സമയവുമില്ല. എപ്പോഴും ജോലിത്തിരക്കു തന്നെ.


മുത്തശ്ശിക്ക് അമ്മയേ പോലെ ഒരുപാട് ജോലികളൊന്നുമില്ല. 'അമ്മ വീട്ടിൽ ബ്രെയ്ക് ഫാസ്റ്റിനു എന്നും വ്യത്യസ്തവിഭവങ്ങളുണ്ടാക്കും. പുട്ട്, ദോശ, ഇഡ്ഡ്ലി, നൂൽ പുട്ട്, നൂഡിൽസ് അങ്ങനെ എന്തൊക്കെ. ഉച്ചക്ക് ഊണിന് ഒത്തിരി തരം കറികൾ. വൈകിട്ട് പലഹാരങ്ങൾ. രാത്രി ചപ്പാത്തിയുടെ കൂടെയും കാണും കുറേ കറികൾ. അതൊക്കെ ഉണ്ടാക്കുന്നത് അമ്മയ്ക്കിഷ്ടമാണ്. വിശേഷവിഭവങ്ങൾ എന്തുണ്ടാക്കിയാലും അതിലൊരു പങ്ക് 'അമ്മ മറക്കാതെ മുത്തശ്ശിക്ക് എത്തിക്കാറുമുണ്ട്. പക്ഷെ മുത്തശ്ശിക്ക് എന്നും രാവിലെ പഴംകഞ്ഞി  കഴിക്കാനാണിഷ്ടം. അതിനൊപ്പം തലേന്ന് എടുത്തു വച്ച ഒരു കറിയുമുണ്ടാകും. രാവിലെ തന്നെ മുത്തശ്ശി വീണ്ടും ചോറും ഒരു കറിയുമുണ്ടാക്കും. ഒരു കറിയിൽ കൂടുതൽ ഒരിക്കലും മുത്തശ്ശിയുണ്ടാക്കാറില്ല. ഒറ്റക്ക് കഴിയുന്ന തനിക്കൊരാൾക്കു കഴിക്കാൻ അത് ധാരാളമാണെന്നാണ് മുത്തശ്ശി പറയുന്നത്. മുത്തശ്ശിയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഭക്ഷണസമയത്തിനു മുൻപേ 'അമ്മ ശ്രുതിയെ വീട്ടിലേക്കു തിരിച്ചു കൊണ്ട് പോകാറുണ്ടെങ്കിലും ഇടയ്ക്കു ചിലപ്പോൾ മുത്തശ്ശിയുടെ ചോറും കറിയും ശ്രുതി കഴിക്കാറുണ്ട്.  മുത്തശ്ശിയുടെ കറിയേക്കുറിച്ചോർത്താൽ പോലും ശ്രുതിമോൾക്ക് നാവിൽ വെള്ളമൂറും. അത്രയ്ക്ക് രുചിയാണ്. ഉള്ളിയും കാന്താരിമുളകും പൊട്ടിച്ചിട്ട മുത്തശ്ശിയുടെ ആ പഴംകഞ്ഞിയും കഴിക്കണമെന്ന് ശ്രുതിമോൾക്ക് ആഗ്രഹമുണ്ട്. പക്ഷെ ‘വയറിനു പിടിച്ചില്ലെങ്കിലോ‘ എന്ന് പറഞ്ഞ് മുത്തശ്ശി അത് ശ്രുതിമോൾക്കു കൊടുക്കാറില്ല. 

’എങ്കിൽ പിന്നെ മുത്തശ്ശിയെന്തിനാ അത് കഴിക്കുന്നത്?  രാവിലെ എന്നും പുതിയ ചോറും കറിയുമുണ്ടാക്കുന്നുണ്ടല്ലോ. അത് കഴിക്കാമല്ലോ’. എന്ന് ശ്രുതിമോൾ ചോദിക്കും.

ആ ചോദ്യത്തിന് ഉത്തരം മുത്തശ്ശിയുടെ ഒരു പുഞ്ചിരി മാത്രമായിരിക്കും. സമയം സന്ധ്യയാകാറായിട്ടുണ്ട്. വൃത്തിയായി കഴുകിയുണക്കിയ വെള്ളത്തുണി ചെറിയ കഷണങ്ങളാക്കിയെടുത്ത് അത് കാൽമുട്ടിന് കീഴെ വച്ച് തിരിയാക്കി തെറുത്തെടുത്തു  കൊണ്ട് കിഴക്കേ ഉമ്മറക്കോലായിലിരിക്കുകയായിരുന്നു മുത്തശ്ശി. 

’കഥ പറ മുത്തശ്ശീ’  ശ്രുതിമോൾ വാശി പിടിച്ചു. 

''എങ്കിൽ കൊല്ലത്തു പൊൻമകൻ്റെ കഥ പറയാം.''

''അതും പറഞ്ഞതാണ് മുത്തശ്ശി.....''

''തച്ചോളി ഒതേനക്കുറുപ്പിൻ്റെ ?'' 

''അതും പറഞ്ഞു '' ശ്രുതിയുടെ ക്ഷമ കെട്ടു.  മുത്തശ്ശിയ്ക്ക് കഥയ്ക്ക് ക്ഷാമം അനുഭവപ്പെട്ടു. അറിയാവുന്ന കഥകൾ എല്ലാം മുത്തശ്ശിയിൽ നിന്നും ശ്രുതി കേട്ടു കഴിഞ്ഞിരിക്കുന്നു. 

അൽപ്പം ഒന്നാലോചിച്ചിരുന്നിട്ട് മുത്തശ്ശി വേറൊരു കഥ പറഞ്ഞു തുടങ്ങി. ശ്രുതിമോൾക്ക് ഉൽസാഹമായി


'' പണ്ട് പണ്ട് കടൽ വാഴ്കര എന്നൊരു ദേശത്ത് ഒരച്ഛനും അമ്മയും മൂന്നു മക്കളും താമസിച്ചിരുന്നു. അച്ഛന് കടലിൽ പോയി മീൻ പിടിക്കുന്ന ജോലിയായിരുന്നു. ചെറുവഞ്ചിയിൽ വലയുമായി അച്ഛൻ എന്നും പണിക്കു പോകും. കിട്ടുന്ന മീൻ വിറ്റ് കാശുമായി വൈകുന്നേരം വീട്ടിലെത്തും. 'അമ്മ ആ കാശു സൂക്ഷിച്ചു ചിലവാക്കിയും  പിന്നെ അച്ഛൻ കൊണ്ടു വരുന്ന ബാക്കി മീൻ ഉണക്കി വിറ്റും കാശു ചേർത്തു വച്ചു.  തട്ടിയും മുട്ടിയും സന്തോഷമായി അവർ ജീവിച്ചു വരികയായിരുന്നു. ഇളയ രണ്ടു പേർ ആണ്മക്കളായിരുന്നു. രണ്ടാമത്തെ മകൻ പഠിക്കാൻ അൽപ്പം മടിയനായിരുന്നു.  അതിനു അച്ഛൻ വഴക്കു പറഞ്ഞ വിഷമത്തിൽ അവൻ ഒരു ദിവസം ഒരു എഴുത്തുമെഴുതി വച്ച്.......’ മുത്തശ്ശി ഒന്നു നിറുത്തി


എഴുത്തുമെഴുതി വച്ച്?’ ശ്രുതിമോൾക്ക് ആകാംക്ഷയായി.

 

ഒന്നാലോചിച്ചിട്ട് മുത്തശ്ശി പറഞ്ഞു.  ’ദൈവത്തോട് പരാതി പറയാൻ പോയി. പിന്നെ തിരിച്ചു വന്നതേയില്ല.'' 


അത് പറഞ്ഞപ്പോൾ മുത്തശ്ശിയുടെ സ്വരം അൽപ്പമൊന്നിടറിയതു പോലെ ശ്രുതിക്ക് തോന്നി.  എഴുത്തിലെന്തായിരുന്നു എന്നറിയാനായിരുന്നു ശ്രുതിക്ക് തിടുക്കം.  


' എഴുത്തിലെന്തായിരുന്നു മുത്തശ്ശീ?'' 


മുത്തശ്ശി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു '' അതു പറഞ്ഞാൽ ശ്രുതിമോൾക്ക് മനസ്സിലാവില്ല''


'' എനിക്ക് മനസ്സിലാവും. മുത്തശ്ശി പറയൂ'' ശ്രുതിക്ക് ബാക്കി കഥ കേൾക്കാൻ തിടുക്കമായി


വളരേ സാവധാനത്തിലും ഇടയ്ക്കിടയ്ക്ക് നിറുത്തിയുമാണ് മുത്തശ്ശി ബാക്കി കഥ പറഞ്ഞത്. പറയുന്നതിനിടയിൽ പതിവില്ലാതെ ചിന്തയിൽ ആണ്ടു പോകുന്ന മുത്തശ്ശിയെ കുലുക്കി വിളിച്ച് ശ്രുതിമോൾ കഥയിലേക്ക് തിരികേ  കൊണ്ടു വരും. 

'

' പറയൂമുത്തശ്ശീ , എഴുത്തിലെന്തായിരുന്നു ?''


''എഴുത്തിലവൻ എഴുതിയിരുന്നത് അവൻ്റെയടുത്തെത്താനുള്ള വഴിയായിരുന്നു ''


''അതെങ്ങനെ ആയിരുന്നു?''


''അതേ......

-നക്ഷത്രക്കുരുകുത്തി വള്ളിയോടി 

വള്ളിപ്പുറത്തേറി 

പറക്കാപ്പക്ഷി മുട്ടയിട്ടു കുഞ്ഞുണ്ടായി 

കുഞ്ഞിൻ പുറത്തേറി- 

വന്നാൽ എന്നെക്കാണാം''

എന്നാണവൻ കത്തിൽ എഴുതിയിരുന്നത്.

അവൻ പോയി ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവനെ കാണാത്ത വിഷമത്തിൽ അവൻ്റെ അച്ഛനും പറക്കാപ്പക്ഷിക്കുഞ്ഞിൻ്റെ പുറത്തേറി അവനെ കാണാൻ പോയി. അച്ഛനും പിന്നെ തിരിച്ചു വന്നില്ല. അമ്മയും രണ്ട് മക്കളും തനിച്ചായി. 'അമ്മ കൂലിപ്പണി ചെയ്ത് പഠിക്കാൻ മിടുക്കനായ ഇളയ മകനെ പഠിപ്പിച്ചു. ഉള്ളതെല്ലാം കൂട്ടിച്ചേർത്തു വച്ച് മകളെ കല്യാണം കഴിച്ചയച്ചു.  കല്യാണം കഴിഞ്ഞു രണ്ട് മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ മകളും പറക്കാപ്പക്ഷിക്കുഞ്ഞിൻ്റെ പുറത്തേറി അച്ഛനേയും അനിയനേയും കാണാൻ പോയി. കൂടെ 'അമ്മ ഉണ്ടാക്കിക്കൊടുത്ത ഇത്തിരിപ്പൊന്നും കാണാതായി’


ഇത്രയുമായപ്പോൾ  മുത്തശ്ശി കരയുന്നുണ്ടോ എന്ന് ശ്രുതിമോൾക്ക് സംശയമായി. അവൾ മുത്തശ്ശിയുടെ താടിയിൽ സ്നേഹത്തോടെ പിടിച്ചു കൊണ്ട് ചോദിച്ചു 


'' മുത്തശ്ശി കരയുവാണോ?''


''ഇല്ല ശ്രുതിമോളെ. മുത്തശ്ശിയുടെ കണ്ണിലൊരു പ്രാണി പോയതാ''

കണ്ണ് തുടച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു. 


''ബാക്കി കഥ പറയൂ മുത്തശ്ശീ ''. ശ്രുതിക്ക് ബാക്കി കഥ കേൾക്കാൻ തിടുക്കമായി. 


മകളെ കല്യാണം കഴിപ്പിച്ചയക്കാൻ 'അമ്മ കുറേ പണം  കടം വാങ്ങിയിരുന്നു. അതു വീട്ടാൻ കഷ്ടപ്പെടുന്ന അമ്മയെ സഹായിക്കാൻ ഇളയ മകൻ പഠിപ്പു നിറുത്തി മീൻ പിടിക്കാൻ പോയി. അച്ഛനേപ്പോലെ ചെറുവഞ്ചിയിലല്ല. വലിയ വള്ളത്തിൽ കടലിൽ വലിയ മീനിനെ പിടിക്കാൻ പോയി 

കാറ്റും മഴയുമുള്ള ഒരു നാൾ മീൻ പിടിക്കാൻ പോയ അവനും പിന്നെ തിരിച്ചു വന്നില്ല'' 

അതു പറഞ്ഞപ്പോൾ മുത്തശ്ശിയുടെ സ്വരം വല്ലാതെ താഴ്ന്നു പോയിരുന്നതിനാൽ ശ്രുതിമോൾക്ക് അവസാനവാക്കുകൾ ചെവി കൂർപ്പിച്ചു പിടിച്ചു കേൾക്കേണ്ടി വന്നു.


''അവനേയും പറക്കാപ്പക്ഷിക്കുഞ്ഞ് കൊണ്ട് പോയോ? ''  


''ഇല്ല അവനെ കൊണ്ട് പോയിട്ടില്ല. അവൻ ഒരു ദിവസം വരും....... അമ്മയെ കാണാൻ..'' മറഞ്ഞു തുടങ്ങുന്ന അന്തിവെട്ടം മുത്തശ്ശിയുടെ കവിളിലെ നനവിൽ വീണു തിളങ്ങി. പ്രാണികളെ  ഒന്നും കണ്ടില്ലയെങ്കിലും ശ്രുതിമോൾ അടുത്ത് കിടന്ന വീശുപാളയെടുത്ത് തലങ്ങും വിലങ്ങും വീശി മുത്തശ്ശിയെ സഹായിച്ചു. 


'' വിളക്കു വയ്ക്കാറായില്ലേ, മുത്തശ്ശി ഒന്ന് മുഖം കഴുകി വരട്ടേ'' എന്ന് പറഞ്ഞു മുത്തശ്ശി എഴുന്നേറ്റു പോയി മുഖം കഴുകി വന്നു. ''ബാക്കി കഥ പറ'' ശ്രുതിമോൾ കഥയിൽ നിന്നും പിടി വിട്ടിട്ടില്ല 

''ബാക്കി....'' 


അപ്പോഴേക്കും  '' ഇവൾ മുത്തശ്ശിയെ വിഷമിപ്പിച്ചോ'' എന്ന് ചോദിച്ച് അമ്മയെത്തി. മുത്തശ്ശി നിറഞ്ഞു ചിരിച്ചു. 

''ദാ അച്ഛൻ വന്നു '' എന്ന് അമ്മ പറഞ്ഞപ്പോഴാണു  ഇന്ന് അച്ഛനോട് ബ്ലാക് ഫോറസ്ററ് കേക്ക് കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ശ്രുതിമോൾ ഓർത്തത്. ചാടിയെഴുന്നേറ്റു ഓടാൻ തുടങ്ങിയ ശ്രുതിമോളെ 'അമ്മ പുറകിൽ നിന്ന് വിളിച്ചു. ''അയ്യോ മറന്നു' എന്ന് താടിയ്ക്കു കൈ കൊടുത്ത് വളരെ ഓമനത്തം തോന്നിപ്പിക്കുന്ന ഒരു ഭാവത്തോടെ അവൾ തിരികെ വന്ന് മുത്തശ്ശിയെ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഉമ്മ കൊടുത്തു. 

 '‘മുത്തശ്ശിക്ക് കേക്ക് കൊണ്ടുത്തരാട്ടോ'' എന്നും പറഞ്ഞ്  മുത്തശ്ശിക്ക് റ്റാറ്റായും ഗുഡ് നൈറ്റും കൊടുത്ത് അമ്മയുടെ കൈ പിടിച്ച് ഇറങ്ങി. ശ്രുതിമോൾ പോയിക്കഴിഞ്ഞപ്പോൾ മുത്തശ്ശി കിഴക്കേ വരാന്തയിൽ ഒരു ഒറ്റത്തിരി വിളക്കു കത്തിച്ചു വച്ചു. പിന്നെ അകത്തു പോയി ചോറ് വച്ച മൺകലത്തിൽ നിന്നും ഒരു പാത്രം നിറയേ ചോറും കറിക്കലത്തിൽ  നിന്ന്  ഒരു പിഞ്ഞാണം നിറയേ കറിയുമെടുത്ത് ഭദ്രമായി അടച്ചു വച്ചു. ബാക്കി ചോറുള്ള മൺകലം ചെറുചൂടുള്ള അടുപ്പത്തെടുത്തു വച്ചു . എന്നിട്ട് ഉമ്മറവാതിൽക്കൽ ചെന്ന് അനന്തതയിലേക്ക് കണ്ണും നട്ടിരുന്നു ചൊല്ലി ’തെക്കേപ്രത്തെ മണ്ടപ്ലാവിലെ മാടപ്രാവമ്മ മൂന്നു മൊട്ടീട്ടു...’

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

മുത്തശ്ശിക്കഥയുടെ ശ്രുതിമീട്ടങ്ങൾ ..