Saturday 20 March 2021

മരണത്തിൻ്റെ ഗന്ധം

ഒരു മണിക്കൂറിലേറെയുള്ള യാത്രക്കൊടുവിൽ ഉയരത്തിലുള്ള വലിയൊരു പടിപ്പുര വാതിലും കടന്ന് കാർ അതിവിശാലമായൊരു തൊടിയിലേക്ക് കയറിയപ്പോൾത്തന്നെ ദൂരെ പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന ആ പഴയ ഇരുനിലമാളികയുടെ വലിപ്പം കണ്ട്, പാതിമയക്കത്തിലായിരുന്ന പങ്കിയമ്മയുടെ കണ്ണുകൾ മിഴിഞ്ഞു. വിശാലമായ തൊടിയിൽക്കൂടി അൽപ്പം മുന്നോട്ട് പോയി പോർച്ചിൽ വന്നു നിന്ന കാറിൻ്റെ പുറകിലെ സീറ്റിലിരുന്ന് ഇലഞ്ഞിക്കൽ തറവാടിനെ സാകൂതം കാണുകയായിരുന്നു പങ്കിയമ്മ എന്ന പങ്കജാക്ഷിയമ്മ.
കാലാനുസൃതമായി നവീകരിച്ചിട്ടുണ്ട് എന്നത് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുമെങ്കിലും ഇപ്പോഴും ആ തറവാട് പഴമയുടെ പ്രൗഢി ഒട്ടും കളയാതെ സൂക്ഷിച്ചിട്ടുണ്ട്. അങ്ങനൊരു വീട് ആദ്യമായാണ് പങ്കിയമ്മ കാണുന്നത്. നാട്ടിലെ പല പഴയ തറവാടുകളിലും പങ്കിയമ്മ പോയിട്ടുണ്ട്. പക്ഷെ അതിനൊന്നും ഇത്ര വലിപ്പമില്ല. മാത്രവുമല്ല, പല വീടുകളും പഴമയുടെ ദ്രവീകരണം എടുത്തു കാണിക്കുന്നവയുമാണ്. ഈ തറവാട് അത്തരത്തിൽ അവഗണിക്കപ്പെട്ടിട്ടില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. വില കൂടിയ തടിയിൽ കൊത്തുപണികൾ ചെയ്തുണ്ടാക്കിയ ജനൽവാതിലുകളും ഉരുപ്പടികളും മരത്തിൽ തീർത്ത ചുവരുകളും ഇപ്പോഴും പോളിഷ് ചെയ്ത് മിനുക്കി സൂക്ഷിച്ചിരിക്കുന്നു. ചുറ്റോടു ചുറ്റും വരാന്ത. അതിൻ്റെ പുറത്തേ അതിരുകളിൽ തടിയിൽ തീർത്ത കൊത്തുപണികളോടു കൂടിയ തൂണുകൾ. പൂമുഖത്തിൽ മാർബിൾ വിരിച്ച നിലത്ത് മേൽക്കൂര പ്രതിബിംബിക്കുന്നു. ചുവരുകളിൽ വിലയേറിയ ചിത്രങ്ങൾ തൂക്കിയിരിക്കുന്നു. ഒരിടത്തും അൽപ്പം പോലും അഴുക്കോ പൊടിയോ ഇല്ല.
ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി ദിവ്യ കാറിൻ്റെ ബാക് ഡോർ തുറന്ന് പങ്കിയമ്മയെ പുറത്തേക്ക് വിളിച്ചു. സീറ്റിൽ വച്ചിരുന്ന ചെറിയൊരു ബാഗും തൂക്കുസഞ്ചിയുമെടുത്ത് പങ്കിയമ്മ പുറത്തിറങ്ങി ദിവ്യയെ അനുഗമിച്ചു. ഡോർ ബെല്ലടിച്ച്, മണിച്ചിത്രപൂട്ടു പിടിപ്പിച്ചിട്ടുള്ള വാതിലിനു മുന്നിൽ കാത്ത് നിൽക്കുന്ന ദിവ്യയുടെ പുറകിൽ നിന്ന് കൊണ്ട് മുറ്റത്തിൻ്റെ ഒരു ത്വരിതവീക്ഷണം നടത്തി പങ്കിയമ്മ. ടൈൽ വിരിച്ചു മനോഹരമാക്കിയ മുറ്റം. ടൈലുകൾക്കിടയിൽ കൃത്യതയോടെ വെട്ടിയൊരുക്കിയിരിക്കുന്ന പുല്ല്, മുറ്റത്തിനരികിൽ നാടനും അല്ലാത്തവയുമായ ചെടികൾ തീർത്ത മനോഹരമായൊരു പൂന്തോട്ടം. മുകളിൽ തണൽ വിരിക്കുന്ന കുടമുല്ലപ്പന്തൽ. തലേന്ന് വിരിഞ്ഞ പൂക്കൾ മുറ്റത്ത് പലയിടത്തായി അലങ്കരിച്ചതു പോലെ കൊഴിഞ്ഞു കിടക്കുന്നു. കാറ്റിൽ അപ്പോഴും ചെറിയൊരു മുല്ലപ്പൂമണം ഒഴുകി വരുന്നുണ്ട്. പൂന്തോട്ടത്തിനുമപ്പുറം ചെറിയൊരു കാടിനെ ഓർമ്മിപ്പിക്കും വിധം ഇടതൂർന്ന് വളർന്നു നിൽക്കുന്ന മരങ്ങൾ. കാറിനുള്ളിലെ എ. സി യിലിരുന്നപ്പോഴുള്ള അതേ കുളിരാണ് ആ പൂമുഖത്തു നിന്നപ്പോൾ പങ്കിയമ്മയ്ക്ക് അനുഭവപ്പെട്ടത്.
വേലക്കാരി തുറന്നു കൊടുത്ത വാതിലിലൂടെ ദിവ്യയെ അനുഗമിക്കുമ്പോൾ അകത്തളത്തിൻ്റെ ഗരിമയും പങ്കിയമ്മ ശ്രദ്ധിച്ചു. വിശാലമായ സ്വീകരണ മുറി മുറിച്ചു കടന്ന് കാലെടുത്തു വയ്ക്കുന്നത് മറ്റൊരു വരാന്തയിലേക്കാണ്. അവിടെ നിന്നാൽ നേരേ കാണുന്ന കാഴ്ച ഒരു നടുമുറ്റത്തിൻ്റേതാണ്. നടുമുറ്റത്തിനെ ചുറ്റിയാണ് വരാന്ത. നടുത്തളത്തിൻ്റെ ഒരു കോണിലുമുണ്ട് മുകളിലേക്ക് പടർന്നു കയറിയിട്ടുള്ള ഒരു മുല്ലച്ചെടി. മുകളിൽ ഉറപ്പിച്ചിരിക്കുന്ന കമ്പി കൊണ്ടുള്ള വലയിൽ, നടുമുറ്റത്തേക്കെത്തി നോക്കുന്ന ചരിഞ്ഞ മേൽക്കൂരയോട് ചേർന്ന്, അതിനെ ചതുരാകൃതിയിൽ കൃത്യതയോടെ പടർത്തിയിരിക്കുന്നു. അവിടെയും കാണാം കൊഴിഞ്ഞ കുടമുല്ലപ്പൂക്കൾ.
അകത്തളത്തിനു ചുറ്റുമുള്ള വരാന്തയുടെ ഇടത്തെ വശത്തു കൂടി ദിവ്യ പങ്കിയമ്മയെ കൊണ്ട് പോയത് തെക്കിനിയിലേക്കാണ്. അവിടെയാണ് സരസ്വതി തങ്കച്ചിയെ കിടത്തിയിരിക്കുന്നത്. മുറിയ്ക്ക് സുഖദമായൊരു ഗന്ധം. സാധാരണ ഒരു കിടപ്പുരോഗിയുടെ മുറിയിൽ കയറുമ്പോഴുള്ള മടുപ്പിക്കുന്ന രൂക്ഷ ഗന്ധം അവിടെ ഒട്ടുമില്ല എന്നു മാത്രമല്ല, മുറിക്കകത്ത് നല്ല വായുസഞ്ചാരവുമുണ്ട്. വലതു വശം മുഴുവനായും തളർന്ന് സംസാരശേഷിയും നഷ്ടപ്പെട്ട തങ്കച്ചി നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം. പിന്നെയെന്താണ് അറുപത്തഞ്ചു വയസ്സിനു മേൽ പ്രായമുള്ള തന്നെക്കൊണ്ടുള്ള ആവശ്യം എന്ന് പങ്കിയമ്മ ആശ്ചര്യപ്പെട്ടു. ഹോം നേഴ്സ് സരിത നല്ല മിടുക്കിയാണ്. തങ്കച്ചിക്ക് ഭക്ഷണം കൊടുക്കുന്നതിനും മൂത്രം പോകുന്നതിനുമൊക്കെ ട്യൂബ് ഇട്ടിരിക്കുകയാണ്. സരിത അതെല്ലാം നല്ല രീതിയിൽ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ട്. എങ്കിലും ആളെ കുളിപ്പിക്കുന്നതിനും മറ്റും സരിതയ്ക്ക് ഒരു കൈസഹായം. അതിനാണ് പങ്കിയമ്മയെ ദിവ്യ കൊണ്ട് വന്നിരിക്കുന്നത്. മരുമകൾക്ക് അമ്മായിയമ്മയോടുള്ള ആ കരുതലിൽ പങ്കിയമ്മയ്ക്ക് സന്തോഷം തോന്നി. മാത്രമല്ല, വന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ പങ്കിയമ്മ ശ്രദ്ധിച്ച മറ്റൊരു കാര്യം തറവാട് മനോഹരമായി സൂക്ഷിക്കുന്നതിലുള്ള ദിവ്യയുടെ അതീവ ശ്രദ്ധയാണ്.
സരസ്വതി തങ്കച്ചിയുടെ മകൻ ബാലചന്ദ്രൻ്റെ ബിസിനസ്സിൽ ദിവ്യ കൂടെ സഹായിക്കുന്നുമുണ്ട്. അതിന്റെ തിരക്കുണ്ട് രണ്ട് പേർക്കും. ബാലചന്ദ്രനെ കൂടാതെ സരസ്വതി തങ്കച്ചിക്ക് രണ്ട് പെണ്മക്കളാണ്. രണ്ടുപേരും കുടുംബമായി അമേരിക്കയിലും കാനഡയിലും സ്ഥിരതാമസം. ഇടയ്ക്ക് നാട്ടിൽ വരും. അമ്മ പക്ഷാഘാതം വന്നു കിടപ്പായതിനു ശേഷം രണ്ട് പേരും നാട്ടിലേക്കെത്താൻ ശ്രമിക്കുന്നുണ്ട്. എല്ലാ ദിവസവും വീഡിയോ കോളിൽ അവർ അമ്മയെ കാണുന്നുമുണ്ട്. അമ്മയ്ക്ക് ഒരു കുറവും വരുത്താതിരിക്കാൻ എല്ലാവരും ശ്രമിക്കുന്നു. അതിൻ്റെ ഫലമായാണ് പങ്കിയമ്മയും ഇപ്പോഴവിടെ എത്തിയിരിക്കുന്നത്. നല്ലൊരു സംഖ്യ പ്രതിമാസം പങ്കിയമ്മയ്ക്ക് കൊടുക്കാമെന്നേറ്റിട്ടുണ്ടെങ്കിലും അതേ സംഖ്യ കൊടുത്താൽ യുവതിയായൊരു ഹോം നേഴ്‌സിനെ കൂടി വയ്ക്കാമെന്നിരിക്കേ, ദിവ്യ തന്നെത്തേടിയെത്തിയതിൽ പങ്കിയമ്മക്ക് തെല്ലൊരതിശയം തോന്നാതിരുന്നില്ല.
നാലഞ്ചു വർഷമായിട്ട് പങ്കിയമ്മ ഇത്തരം പണികൾക്കൊന്നും പോകാറില്ലായിരുന്നു. പണ്ടത്തെപ്പോലെ കിടപ്പുരോഗികളെ പരിചരിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല. കുറച്ചു കാര്യങ്ങളെങ്കിലും സ്വയം ചെയ്യാൻ കഴിയുന്ന പ്രായമായ രോഗികൾക്ക് കൂട്ടായോ, അല്ലെങ്കിൽ പിന്നെ പ്രസവാനന്തരമുള്ള ശുശ്രൂഷകൾക്കോ മാത്രമാണ് പങ്കിയമ്മ ഇപ്പോൾ പോകാറ്. അതു മാത്രമല്ല, ഇപ്പോൾ പ്രത്യേകപരിശീലനം ലഭിച്ച ഹോം നഴ്സുമാർ ധാരാളം ഉള്ളതുകൊണ്ട് മുൻപത്തേതുപോലെ പങ്കിയമ്മയ്ക്ക് തൊഴിൽ സാധ്യതയും കുറവായിരുന്നു. അത്തരം ജോലികൾ ഒന്നുമില്ലാത്തപ്പോൾ മക്കളൊന്നുമില്ലാത്ത പങ്കിയമ്മയ്ക്കുള്ള ഏകവരുമാനം അവർക്കു കിട്ടുന്ന വിധവാ പെൻഷൻ ആണ്. അതിനാൽത്തന്നെ പരിചയക്കാരി വഴി ഈ ജോലിയെക്കുറിച്ചറിഞ്ഞപ്പോൾ അൽപ്പം ആശങ്കയോടെയാണെങ്കിലും കൂടെ ഒരു ഹോം നേഴ്സ് ഉണ്ടെന്ന ഉറപ്പിൽ പുറപ്പെട്ടതാണ്. വന്നു കണ്ടപ്പോൾ പങ്കിയമ്മയ്ക്ക് ആശ്വാസമായി. സരിത കൂടി ഉള്ളതിനാൽ അത്രയും ഭാരപ്പെട്ട ജോലിയൊന്നുമാവില്ല തനിക്കു ചെയ്യാനുള്ളത്.
സരസ്വതി തങ്കച്ചിയെക്കുറിച്ച് ചെറിയൊരു വിവരണം ദിവ്യയിൽ നിന്ന് പങ്കിയമ്മയ്ക്ക് ലഭിച്ചിരുന്നു. തലമുറകളായ് കൈമാറിക്കിട്ടിയ ആ തറവാടിൻ്റെ ഇപ്പോഴത്തെ ഏക അവകാശിയായ തങ്കച്ചിക്ക് എൺപതിൽ കൂടുതൽ പ്രായമുണ്ട്. പ്രഷർ, ഷുഗർ തുടങ്ങി പ്രായാധിക്യത്തിൽ ഉണ്ടാകുന്ന പല തരം അസുഖങ്ങളുമായി കഴിയുന്നതിനിടയ്ക്കാണ് അവർ ഈയിടെ പക്ഷാഘാതത്താൽ വീഴ്ചയിലായിപ്പോയത്. ഓർമ്മശക്തി പോലും നഷ്ടപ്പെട്ട അവർ ഇപ്പോൾ മുഴുവൻ സമയപരിചരണവും ആവശ്യമുള്ള അവസ്ഥയിലാണ്.
വിശാലമായൊരു മുറിയാണ് തങ്കച്ചിയുടേത്. അതിനടുത്ത മുറിയാണ് സരിതയ്ക്കും ഇപ്പോൾ പങ്കിയമ്മയ്ക്കുമായി നീക്കി വച്ചിരിക്കുന്നതെങ്കിലും എപ്പോഴും ശ്രദ്ധ ആവശ്യമുള്ളതിനാൽ തങ്കച്ചിയുടെ മുറിയുടെ ഒരരികിൽ ചെറിയൊരു ദിവാൻ കോട്ടിലാണ് മിക്കവാറും സരിതയുടെ ഉറക്കം. പങ്കിയമ്മ കൂടി വന്നിരിക്കുന്നതിനാൽ രാത്രിയിൽ രണ്ട് പേർക്കും മാറി മാറി തങ്കച്ചിക്ക് കൂട്ടിരിക്കാമല്ലോ എന്നൊരു ആശ്വാസം ഇപ്പോൾ സരിതയ്ക്കുണ്ട്. അതറിഞ്ഞു തന്നെ പങ്കിയമ്മ സഹായിക്കാൻ ശ്രമിക്കുന്നുമുണ്ട്.
‘വന്ന ദിവസം തന്നെ ഉറക്കമൊഴിക്കണ്ടാ, റസ്റ്റ് എടുത്തോളൂ' എന്ന് സരിത പറഞ്ഞെങ്കിലും ‘കുറച്ചു നേരമിരിക്കാം, അത് വരെ ഉറങ്ങിക്കോളൂ' എന്നുപറഞ്ഞ് സരിതയെ അടുത്ത മുറിയിലേക്ക് വിട്ട് പങ്കിയമ്മ ദിവാൻ കോട്ടിൽ ഒന്ന് നടു നിവർത്തി. വീട്ടിൽ മറ്റെല്ലാവരും ഉറക്കം പിടിച്ചിരുന്നു. അത്യാവശ്യം വീടിനു മുന്നിലും പുറകിലുമുള്ള ഒന്നോ രണ്ടോ ലൈറ്റുകൾ ഒഴികേ ബാക്കിയെല്ലാം അണഞ്ഞു. രാത്രിയുടെ നിശ്ശബ്ദതയിലും മുറിയിലെ സുഖകരമായ തണുപ്പിലും ഉറക്കം കൺപോളകളെ തഴുകിയടക്കാതിരിക്കാൻ ശ്രമപ്പെട്ടു തുറന്നുവച്ച് തങ്കച്ചിക്ക് കാവലിരിക്കുമ്പോൾ പുതുതായി വിരിയുന്ന കുടമുല്ലപ്പൂക്കളുടെ സുഗന്ധം പതുക്കെ അവിടെങ്ങും ഒഴുകിപ്പരക്കുന്നത് ഉറക്കച്ചടവിലും പങ്കിയമ്മ അറിയുന്നുണ്ടായിരുന്നു.
കൺപോളകളെ മുട്ടി വിളിക്കുന്ന ഉറക്കത്തെ കുടഞ്ഞു കളയാൻ ഒന്നു നടക്കാമെന്നോർത്ത് പങ്കിയമ്മ തെക്കിനിയിൽ നിന്നും നടുത്തളത്തിലേക്കുള്ള വരാന്തയിലേക്കിറങ്ങി. നിറനിലാവൊഴുകി വീണ നടുമുറ്റം സമചതുരത്തിലുള്ള വലിയൊരു പാൽക്കിണ്ണം കണക്കേ ശോഭിക്കുന്നു. മുകളിൽ പടർന്നു കയറിയിട്ടുള്ള കുടമുല്ലയുടെ നിഴൽ ആ പാൽക്കിണ്ണത്തിന്നരികുകളിൽ ചിത്രവേല തീർക്കുന്നു. നടുത്തളത്തിൻ്റെ മധ്യത്തിലായി വലിയൊരു ഉരുളിയുടെ ആകൃതിയിൽ ഉണ്ടാക്കിയിട്ടുള്ള താമരക്കുളത്തിൽ പ്രതിഫലിക്കുന്ന ചന്ദ്രബിംബം. ചെറുകാറ്റ് നീർത്തളത്തിൽ സൃഷ്ടിക്കുന്ന ആന്ദോളനങ്ങളിൽ അമ്മാനമാടുന്ന പൂർണ്ണേന്ദുബിംബം കണ്ടാൽ, തൊട്ടിലിൽ വിരലുണ്ടു മയങ്ങുന്ന ഒരുണ്ണിയുടെ മുഖം പോലെ. സ്വപ്നസമാനമായ ആ അന്തരീക്ഷത്തിൽ പങ്കിയമ്മയുടെ ക്ഷീണമെല്ലാം എങ്ങോ പോയ്മറഞ്ഞു. ഇടക്കിടെ തങ്കച്ചിയെ പോയി നോക്കുന്നതൊഴിച്ചാൽ സരിത തിരിച്ചെത്തുന്ന സമയംവരെ പങ്കിയമ്മ ആ കാഴ്ചയിൽ സ്വയം നഷ്ടപ്പെട്ടു നിൽക്കുകയായിരുന്നു.
പിറ്റേ ദിവസം ഒരു ഒമ്പതു മണിയോടെ പുറത്തേക്കു പോകാൻ തയ്യാറായി ദിവ്യ തങ്കച്ചിയുടെ മുറിയിലേക്ക് വന്നു. പങ്കിയമ്മയും സരിതയും കൂടി അപ്പോഴേക്കും തങ്കച്ചിയെ കുളിപ്പിച്ച് വസ്ത്രമൊക്കെ മാറ്റിയുടുപ്പിച്ചിരുന്നു. സരിത ഫീഡിങ് റ്റ്യൂബിൽ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന സമയത്ത് ദിവ്യ പങ്കിയമ്മയെ മാറ്റി നിർത്തി സ്വകാര്യമായി ചോദിച്ചു ''എന്തെങ്കിലും പ്രത്യേക മണം കിട്ടുന്നുണ്ടോ?''
സരിത റൂമിലാകമാനം അടിച്ച റൂം സ്പ്രേയുടെ മണത്തേയും ഭേദിച്ചുകൊണ്ട്, രാത്രിയിൽ വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധം അപ്പോഴും അവിടെല്ലാം തങ്ങി നിൽക്കുന്നുണ്ടായിരുന്നു.
''ഇപ്പോഴുമുണ്ട് രാത്രിയിൽ വിരിഞ്ഞ കുടമുല്ലപ്പൂക്കളുടെ മണം''. പങ്കിയമ്മ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
''അതല്ല, മരണത്തിൻ്റെ മണം'' പങ്കിയമ്മ ഞെട്ടലോടെ ദിവ്യയെ തുറിച്ചു നോക്കി. തനിക്ക് മരണത്തിൻ്റെ മണം തിരിച്ചറിയാൻ കഴിയുമെന്ന് ദിവ്യയ്ക്കെങ്ങിനെ അറിയാം?!!!
ഏതോ ഒരു ആറാമിന്ദ്രിയം പ്രവർത്തിക്കും പോലെ എല്ലാ മണങ്ങളിൽ നിന്നും വ്യത്യസ്തമായി മരണത്തിൻ്റെ മണം പിടിച്ചെടുക്കാനുള്ള തൻ്റെ കഴിവിനെ ആദ്യമൊക്കെ പങ്കിയമ്മ സ്വയം തിരിച്ചറിഞ്ഞിരുന്നില്ല. ഒന്നിനു പുറകേ ഒന്നായി തുടർച്ചയായി കിടപ്പു രോഗികളെ മാത്രം അവധാനത്തോടെ ശുശ്രൂഷിച്ചിരുന്ന കാലത്ത്, മറ്റുള്ളവർക്ക് കിട്ടാത്ത ചില ഗന്ധങ്ങൾ പങ്കിയമ്മയ്ക്കു മാത്രം കിട്ടിത്തുടങ്ങിയപ്പോൾ ആദ്യമൊന്നും പങ്കിയമ്മ അതിനു പ്രത്യേകിച്ച് ഒരു പ്രാധാന്യവും നൽകിയില്ല. എന്നാൽ പിന്നീട് ഇതേ മണം രോഗിയുടെ ആസന്നമായ മരണത്തിൻ്റെ സൂചനയാണെന്ന് പങ്കിയമ്മ തിരിച്ചറിഞ്ഞു. മരണത്തിനു ഒരാഴ്ചയോളം മുൻപ് മുതൽ രോഗിയുടെ ശരീരത്തിൽ നിന്നും പ്രത്യേക ഗന്ധം പുറപ്പെട്ടു വരുന്നത് പങ്കിയമ്മ ശ്രദ്ധിക്കാൻ തുടങ്ങി. രോഗി മരണത്തോടടുക്കുന്ന നാളുകളിൽ ഈ ഗന്ധം അതിശക്തമായി തീരുന്നതായും ചില സമയത്തെങ്കിലും അത് തന്നെ ശ്വാസം മുട്ടിക്കുന്നതായും പങ്കിയമ്മയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ട്. മറ്റാർക്കും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഈ ഗന്ധത്തെക്കുറിച്ച്, അതിനാൽത്തന്നെ ആരോടെങ്കിലും പറയാൻ ആദ്യകാലങ്ങളിൽ പങ്കിയമ്മ ധൈര്യപ്പെട്ടില്ല. പിന്നീട് ചിലരോടെല്ലാം അതിൻ്റെ സൂചനകൾ നൽകി. സൂചനകൾ പ്രവചനങ്ങൾ പോലെ സത്യമായിത്തീർന്നപ്പോൾ ആളുകൾ പങ്കിയമ്മയിലെ ആ കഴിവിനെ വിശ്വസിച്ചു തുടങ്ങി. ഉൾപ്പിടപ്പോടെ കേൾക്കുന്ന ആ വാർത്ത കേൾക്കുന്ന നിമിഷം മുതൽ രോഗിയുടെ പ്രിയപ്പെട്ടവരെ അതിദുഖത്തിലാഴ്ത്തുമെന്നതിനാൽ പലപ്പോഴും പങ്കിയമ്മയ്ക്ക് ഈ വിവരം ബന്ധുക്കളെ അറിയിക്കാൻ വിഷമമായിരുന്നു. എന്നാൽ ഇവിടെ ഇപ്പോൾ ദിവ്യ ഈ ചോദ്യം ചോദിക്കുമ്പോൾ ദിവ്യയുടെ കണ്ണുകളിൽ സരസ്വതി തങ്കച്ചിയുടെ മരണം ആഗ്രഹിക്കുന്നതിൻ്റെ സൂചനകൾ കാണുന്നുണ്ടോ എന്ന് പങ്കിയമ്മയ്ക്ക് സംശയം തോന്നി.
വന്നപ്പോൾ മുതൽ എല്ലാ കാര്യത്തിലും ദിവ്യയ്ക്കുള്ള ഒരു തിടുക്കവും വെപ്രാളവും പങ്കിയമ്മ അറിയാതെ ഓർത്തുപോയി. ബിസിനസ്സിൻ്റെ തിരക്കുകൾ കൊണ്ടാവാം എന്നാണു പങ്കിയമ്മ കരുതിയത്. പക്ഷെ അതേ തിടുക്കം 'എന്തെങ്കിലും പ്രത്യേക മണം കിട്ടുന്നുണ്ടോ‘ എന്ന ദിവ്യയുടെ ചോദ്യത്തിലും പങ്കിയമ്മ കണ്ടു. തന്നെ ഇവിടെ കൊണ്ടു വന്നതിലെ ശരിക്കുള്ള ഉദ്ദേശം അപ്പോൾ മാത്രമാണു പങ്കിയമ്മയ്ക്കു മനസ്സിലായത്. ചോദ്യത്തിനുത്തരമായി നിഷേധാർത്ഥത്തിൽ തലയാട്ടുമ്പോൾ ദിവ്യയുടെ കണ്ണുകളിൽ പെട്ടെന്ന് പ്രതിഫലിച്ച നിരാശയും പങ്കിയമ്മ ശ്രദ്ധിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി പങ്കിയമ്മ ദിവ്യയുടെ രഹസ്യമായുള്ള ആ ചോദ്യത്തെ അഭിമുഖീകരിക്കുകയും ദിവ്യയെ നിരാശപ്പെടുത്തിക്കൊണ്ട് 'തനിക്കത്തരം മണം ഒന്നും കിട്ടുന്നില്ല' എന്നുത്തരം നൽകുകയും ചെയ്തു. സത്യത്തിൽ തനിക്കാ കഴിവ് ഇപ്പോഴുമുണ്ടോ എന്ന കാര്യത്തിൽ പങ്കിയമ്മയ്ക്കും സംശയമുണ്ട്. കാരണം, കുറേ നാളുകളായി പങ്കിയമ്മ ഈ ജോലി ചെയ്യാറുണ്ടായിരുന്നില്ലല്ലോ. ആ സംശയം പക്ഷെ പങ്കിയമ്മ പുറമേ ഭാവിച്ചില്ല. പറഞ്ഞാൽ ഈ ജോലി നഷ്ടപ്പെട്ടു പോയെങ്കിലോ എന്നു പങ്കിയമ്മ ആശങ്കപ്പെട്ടു.
എന്തിനായിരിക്കും സരസ്വതി തങ്കച്ചിയുടെ ആസന്നമരണം കാലേക്കൂട്ടി അറിയാൻ ദിവ്യ തിടുക്കം കാണിക്കുന്നത് എന്നതായിരുന്നു പങ്കിയമ്മയിൽ ആകാംക്ഷയുണ്ടാക്കിയ മറ്റൊരു ചോദ്യം. ഇടക്കിടെ തൻ്റെ മുന്നിൽ വീണു കിട്ടുന്ന ചില സൂചനകളെ, ചുവരുകൾക്ക് പോലും ചെവികളും കണ്ണുകളുമുള്ള ആ നാലുകെട്ടിൽ നിന്നും കിട്ടിയ പൊട്ടും പൊടിയുമായി കൂട്ടിച്ചേർത്തു വായിച്ചപ്പോൾ അതിൻ്റെ ഒരു ഏകദേശരൂപം പങ്കിയമ്മയ്ക്കു പിടികിട്ടി. ട്യൂറിസം മേഖലയിൽ വളരെ പ്രശസ്തമായ, ഇൻഡ്യയിലങ്ങോളമിങ്ങോളം ശാഖകളുള്ള ‘ഗ്ളോബൽ ട്യൂർസ്‘ എന്ന ഒരു ബിസിനസ്സ് ഗ്രൂപ്പിനു ബാലചന്ദ്രൻ്റെ ബിസിനസ്സുമായി ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുണ്ട്. അവരുമായി ചേർന്നാൽ ബാലചന്ദ്രനു ഹോട്ടൽ ബിസിനെസ്സിൽ വലിയൊരു കുതിപ്പു തന്നെ ഉണ്ടാകും. പക്ഷെ അവർ അതിനു മുന്നോട്ടു വച്ചിരിക്കുന്ന ഒരു നിബന്ധന, ബാലചന്ദ്രൻ്റെ ഈ പഴയ തറവാട് ഹോം സ്റ്റേ ആക്കണം എന്നതു കൂടിയാണ്. മറ്റു പല നാലുകെട്ടുകളും അവരുടെ പരിഗണനയിലുണ്ടെങ്കിലും വലിപ്പത്തിലും നന്നായി പരിപാലിക്കപ്പെടുന്നതിലും ഇലഞ്ഞിക്കൽ തറവാടിനാണു മുൻഗണന. അപ്രകാരം ഒരു ഗ്രൂപ്പുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്, ആർക്കിറ്റെക്ച്വൽ എൻജിനീയറിങ്ങിനും ബിസിനെസ്സ് മനേജ്മെൻ്റിനും പഠിക്കുന്ന മകൻ്റേയും മകളുടേയും ഉജ്ജ്വലമായ ഭാവിക്ക് വളരേ ഉപകാരപ്രദമാകും എന്നും ദിവ്യയ്ക്കറിയാം. വിൽപ്പത്രപ്രകാരം അമ്മയുടെ കാലശേഷം തറവാട് ബാലചന്ദ്രനുള്ളതുമാണ്. എന്നാൽ ജനിച്ചു വീണതും കളിച്ചു വളർന്നതുമായ ഈ തറവാടിനോട് അമ്മയ്ക്കുള്ള ആത്മബന്ധം അറിയാവുന്ന ബാലചന്ദ്രൻ ആ നിർദ്ദേശം നിരാകരിക്കുകയാണു ചെയ്തത്. അമ്മയുള്ളിടത്തോളം കാലം അതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ടാ എന്നയാൾ തീർത്തു പറഞ്ഞു.
പുനർചിന്തയ്ക്കായി ഗ്ളോബൽ ട്യൂർസ് ഒരു വർഷത്തെ കാലാവധി കൊടുത്തതിനു ശേഷം ഏതാണ്ട് ഏഴെട്ടു മാസങ്ങൾക്കുള്ളിലാണ് തങ്കച്ചി വീഴ്ചയിലായത്. കാലാവധി തീരാൻ ഇനി ഏതാനും ആഴ്ചകളേ ഉള്ളൂ. അൽപ്പം കൂടി സമയം ദിവ്യ രഹസ്യമായി ചോദിച്ചിരുന്നെങ്കിലും അതിനു ഒരു അനുകൂല മറുപടിയല്ല അവരിൽ നിന്ന് ലഭിച്ചത്. മാത്രമല്ല, ആ ബിസിനെസ്സ് ഗ്രൂപ്പ് അത്ര ദൂരെയല്ലാത്ത മറ്റു ചില നാലുകെട്ടുകൾ എറ്റെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടെന്ന് ദിവ്യ അറിഞ്ഞിരിക്കുന്നു. അത്രയും പ്രശസ്തമായ ഒരു ഗ്രൂപ്പുമായി ചേർന്നുള്ള ബിസിനസ്സ് എന്ന സങ്കൽപ്പത്തിനു മേൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ നഷ്ടപ്പെടുത്തുന്ന കാര്യം ദിവ്യയ്ക്ക് ചിന്തിക്കാൻ പോലുമാകുന്നില്ല. അത് അവരിൽ എന്തിനൊക്കെയോയുള്ള തിടുക്കമായും വെപ്രാളമായും പ്രതിഫലിക്കുന്നു. വീണ്ടും ഗ്ളോബൽ ട്യൂർസുമായി എന്തൊക്കെയോ എഴുത്തുകുത്തുകൾക്കുള്ള തയ്യാറടുപ്പിലാണ് ദിവ്യ.
എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ അങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന് പങ്കിയമ്മയ്ക്ക് തോന്നി. ഇതിനു മുൻപുള്ള അവസരങ്ങളിലെല്ലാം രോഗീശുശ്രൂഷയെന്ന പ്രധാനകർമ്മത്തിനിടയിൽ തൻ്റെ ഘ്രാണേന്ദ്രിയത്തിൻ്റെ ഒരു അപൂർവ്വകഴിവു കൊണ്ടു മാത്രം മനസ്സിലാക്കിയിരുന്ന ‘മരണത്തിൻ്റെ ഗന്ധം‘ എന്ന ഈ കാര്യം പറയാനും, പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പങ്കിയമ്മയ്ക്കുണ്ടായിരുന്നു. എന്നാൽ ഇവിടെ അതു തൻ്റെ പ്രധാനജോലി തന്നെ ആയി തീർന്നിരിക്കുന്നു. ദിവ്യയുടെ വെപ്രാളം നിറഞ്ഞ മനസ്സ് പങ്കിയമ്മയോട് ഈ ചോദ്യം അടിക്കടി ചോദിക്കുന്നു. പലപ്പോഴും അത് പങ്കിയമ്മയ്ക്ക് ഒരു തലവേദനയായിത്തീർന്നു. വന്ന ദിവസം ദിവ്യയോട് പങ്കിയമ്മയ്ക്ക് തോന്നിയ ഇഷ്ടം ഇപ്പോൾ വേരോടെ പിഴുതു പോയിരിക്കുന്നു. പകരം മുള പൊട്ടിയ അനിഷ്ടം ദിവ്യയിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കാൻ അവരെ പ്രേരിപ്പിച്ചു.
ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം മുതൽ പങ്കിയമ്മയ്ക്ക്, അവരെ അസ്വസ്ഥയാക്കാറുള്ള ആ പഴയ ഗന്ധം ചെറുതായി കിട്ടിത്തുടങ്ങി. അവർ നടുക്കത്തോടെ സരസ്വതി തങ്കച്ചിയെ ശ്രദ്ധിച്ചു. പ്രത്യേകിച്ച് ഒരു വ്യത്യാസവും തോന്നിയില്ല. പക്ഷേ പിറ്റേ ദിവസം രാവിലെ തങ്കച്ചിയിൽ ചില മാറ്റങ്ങൾ പ്രകടമായി. അവരുടെ ശ്വാസതാളത്തിനു വേഗം ചെറുതായി കൂടിയിരുന്നു. നെഞ്ചിൽ ചെറുപ്രാവുകൾ കുറുകും പോലെ. അന്നു വൈകുന്നേരം ദിവ്യയുടെ പതിവു ചോദ്യത്തിൽ ഗൂഡമായൊരു പ്രതീക്ഷ നിറഞ്ഞിരുന്നു. പക്ഷെ എന്തു കൊണ്ടോ, തനിക്കു മണമൊന്നും കിട്ടുന്നില്ല എന്നു പറയാനാണ് പങ്കിയമ്മയ്ക്ക് അപ്പോൾ തോന്നിയത്. സമയം കഴിയുംതോറും തങ്കച്ചിയുടെ നെഞ്ചിലെ പ്രാവുകളുടെ എണ്ണം കൂടി വന്നു. അതോടൊപ്പം ശക്തമായിക്കൊണ്ടിരിക്കുന്ന ആ ഗന്ധവും പങ്കിയമ്മയെ കൂടുതൽ അസ്വസ്ഥയാക്കി.
പിറ്റേ ദിവസം കുടുംബഡോക്ടറായ ഡോക്റ്റർ തോമസ് മാത്യു സരസ്വതി തങ്കച്ചിയെ പരിശോധിച്ചു. മുറിയിൽ നിന്ന് പുറത്തേക്ക് വിളിപ്പിച്ച് ബാലചന്ദ്രനോടും ദിവ്യയോടും സംസാരിച്ചു.
"സീ, ഞാൻ അന്നേ പറഞ്ഞിരുന്നു അമ്മയ്ക്ക് സംഭവിച്ചത് ഒരു മേജർ ഡിസബിലിറ്റി സ്റ്റ്രോക്ക് ആണെന്നും ഒരു തിരിച്ചു വരവ് അസാധ്യമാണെന്നും. ഇപ്പോൾ അതിൻ്റെ ഒരു കോമ്പ്ലിക്കേഷൻ ആയി അമ്മയ്ക്ക് ന്യുമോണിയ ബാധിച്ചിരിക്കയാണ്. എനിക്ക് വേണമെങ്കിൽ അവരെ ഹോസ്പിറ്റലിലേക്ക് മാറ്റി അവിടെ ചികൽസിക്കാൻ നിർദ്ദേശിക്കാം. പക്ഷെ അത് പ്രത്യേകിച്ച് എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്നു തോന്നുന്നില്ല. പകരം ഒരു പരീക്ഷണമെന്ന നിലയ്ക്ക് റ്റ്യൂബിൽ കൂടി കൊടുക്കാവുന്ന ആൻ്റിബയോട്ടിക്കുകൾ ഞാനെഴുതാം. അങ്ങിനെയാണെങ്കിൽ വീട്ടിൽ തന്നെ കിടത്തി ചികൽസിക്കുകയുമാവും. ദി ചൊയ്സ് ഇസ് യുവെഴ്സ്".
"അമ്മയെ അധികം ദുരിതപ്പെടുത്തരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം". ദിവ്യയിൽ നിന്ന് പെട്ടെന്ന് ഉത്തരമുണ്ടായി. അതു തന്നെയാണോ ബാലചന്ദ്രനുമുള്ള അഭിപ്രായം എന്നറിയാൻ ഡോക്ടർ ബാലചന്ദ്രനെ നോക്കി. വേദനിക്കുന്ന മുഖത്തോടെ അയാളും അത് ശരി വച്ചു. പിന്നെ ഡോക്ടർ സരിതയേയും പങ്കിയമ്മയേയും വിളിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിർദ്ദേശിച്ചു. അതുവരെ താൻ ശുശ്രൂഷിച്ചിരുന്ന പല രോഗികളുടെ കാര്യത്തിലും ഇത്തരം സാഹചര്യങ്ങൾ പരിചിതമായിരുന്നെങ്കിലും അന്നെന്തോ പങ്കിയമ്മയ്ക്ക് വല്ലാത്തൊരു വ്യസനം അനുഭവപ്പെട്ടു. ഡോക്ടർ പോയതിനു ശേഷം അവരിൽ ഒരു മൂകത വന്നു നിറഞ്ഞു. വിവശതയോടെ അവർ സരസ്വതി തങ്കച്ചിയുടെ മുറിയിലുള്ള ദിവാനിൽ ഇരുന്നു.
ആൻ്റിബിയൊട്ടിക് മുറ തെറ്റാതെ സരിത റ്റ്യൂബ് മുഖേന സരസ്വതി തങ്കച്ചിക്ക് കൊടുക്കുന്നുണ്ടെങ്കിലും അവരിൽ അത് വലിയ വ്യത്യാസമൊന്നും വരുത്തിയില്ല. വീണ്ടും ഒന്നു രണ്ടു വട്ടം ഡോക്ടർ തങ്കച്ചിയെ വന്നു പരിശോധിച്ച് നെബുലൈസേഷനും മറ്റു ചില മരുന്നുകളും കൂടി നിർദ്ദേശിച്ചു. എല്ലാം ചിട്ടപ്പടി സരിത കൊടുത്തു കൊണ്ടുമിരുന്നു. ഇതിനിടയിൽ ഗ്ളോബൽ ട്യൂർസിൽ നിന്ന് വന്ന ചില സന്ദേശങ്ങൾ ദിവ്യയിലെ വെപ്രാളം വർദ്ധിപ്പിക്കുകയും അത് പങ്കിയമ്മയോടുള്ള ചോദ്യങ്ങളുടെ ആവർത്തി പതിന്മടങ്ങാക്കുകയും ചെയ്തു. ആ ചോദ്യം കേൾക്കുന്നതു പോലും വെറുപ്പായിത്തുടങ്ങിയിരുന്ന പങ്കിയമ്മ തനിക്ക് മണമൊന്നും കിട്ടുന്നില്ല എന്ന ഉത്തരം മാത്രം നൽകി.
ദിവസങ്ങൾ കഴിയും തോറും താൻ ഭയപ്പെടുന്ന ആ ഗന്ധം ശക്തമായിക്കൊണ്ടിരിക്കുന്നത് പങ്കിയമ്മ തിരിച്ചറിഞ്ഞു. ഇടയ്ക്ക് അതിൽ നിന്നു രക്ഷ നേടാൻ അവർ കുടമുല്ലപ്പൂക്കൾ വിരിയുന്ന രാത്രികാലങ്ങളിൽ തളത്തിൽ ഇറങ്ങി നിന്ന് മൂക്കു വിടർത്തിപ്പിടിച്ചു. പക്ഷെ മുല്ലപ്പൂവിൻ്റെ വാസനയേക്കാൾ ഇപ്പോൾ മരണത്തിൻ്റെ മണം പ്രബലമാകുന്നത് അവർക്കു മനസ്സിലാകുന്നു. ദിവ്യയുടെ ചോദ്യങ്ങൾ പോലെ അത് അവരെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. നിശയുടെ ആ യാമങ്ങളിലെ സൗന്ദര്യം ഈയിടെയായി അൽപ്പം പോലും തൻ്റെ മനസ്സിനെ സ്പർശിക്കാത്തതെന്തേ എന്നവർ കുണ്ഠിതപ്പെട്ടു. പതിവിനു വിപരീതമായി രോഗിയിൽ നിന്നു മാത്രമല്ല ആ ചുറ്റുപാടുകളിൽ നിന്നു പോലും ഏറ്റവും വേഗത്തിൽ പുറത്തു കടക്കാൻ അവർ ആഗ്രഹിച്ചു. അന്ന് രാത്രി സരസ്വതി തങ്കച്ചി, ശ്വാസതടസ്സം അനുഭവപ്പെടുന്ന രോഗിയുടെ വെപ്രാളങ്ങൾ കാണിച്ചു. രാത്രി അവർക്ക് കാവലായി പങ്കിയമ്മ ഉണർന്നിരുന്ന നേരത്തായിരുന്നു അത്. പങ്കിയമ്മ സരിതയെ വിളിച്ചുണർത്തി. സരിത അവർക്ക് വീണ്ടും നെബുലൈസർ കൊടുത്തു. അൽപ്പം ഒരു ആശ്വാസം കണാറായപ്പോൾ ‘ഇനി പോയിക്കിടന്നുറങ്ങിക്കോളൂ‘ എന്നു പറഞ്ഞ് സരിത പങ്കിയമ്മയെ ഉറങ്ങാൻ വിട്ടു. നാളെ താൻ ഈ ജോലി നിറുത്തുകയാണെന്ന് ദിവ്യയോട് പറയണം എന്നൊരു തീരുമാനമെടുത്താണ്, അപ്പോഴും തന്നെ പിന്തുടരുന്ന ആ മണത്തെ അകറ്റാൻ ഒരു കുടമുല്ലപ്പൂ വാസനിച്ചു കൊണ്ട് പങ്കിയമ്മ ഉറങ്ങാൻ കിടന്നത്
പിറ്റേ ദിവസം പക്ഷെ പങ്കിയമ്മയ്ക്ക് ദിവ്യയോട് ഒന്നും പറയേണ്ടി വന്നില്ല. അന്നു വൈകുന്നേരം വൈദ്യുതി സ്മശാനത്തിൽ ഒരനാഥപ്രേതത്തെ പോലെ പങ്കിയമ്മയുടെ ശരീരം ഒരു പിടി ചാരമായിത്തീർന്നു

 .