Wednesday 11 May 2022

കണ്ടതും കേട്ടതും

  സമയം അർദ്ധരാത്രി കഴിഞ്ഞിട്ടും ശ്രീമതിക്ക് ഒട്ടും ഉറങ്ങാനായില്ല. എസിയുടെ തണുപ്പിനോ ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിനോ ശ്രീമതിയുടെ മനസ്സിൻ്റെ ഉഷ്ണത്തെ അൽപ്പം പോലും ശമിപ്പിക്കാനുമായില്ല. സമീപത്ത് തണുത്ത് വിറച്ച് തലയിൽക്കൂടി ബ്ലാങ്കറ്റ് മൂടിപ്പുതച്ചുറങ്ങുന്ന ശ്രീമാനെ നോക്കിയപ്പോൾ അവൾക്ക് കലിപ്പ് വന്നു. 

‘ഇതിയാൻ്റെ ഒരു കൂക്കം വലി‘‘


മൂടുതിരിഞ്ഞു കിടക്കുന്ന ശ്രീമാൻ്റെ തിരുമൂലത്തിൽ തന്നെ അവളൊരു അടി വച്ചു കൊടുത്തു.  പുരയിടമതിലിൻ്റെ മറ പറ്റി അയൽവക്കത്തെ സുന്ദരിപ്പാത്തുമ്മയെ ഒളിച്ചിരുന്നു നോക്കുകയായിരുന്ന ശ്രീമാൻ, തൻ്റെ വലതു പിൻപ്രദേശത്തേറ്റ ഇടതു പാതിയുടെ  അടി, പാത്തുമ്മയുടെ  അതിനീചനായ മുട്ടനാടിൻ്റെ ഇടിയാണെന്നുറപ്പിച്ച് ചാടിപ്പിടഞ്ഞെഴുന്നേറ്റു. മതിലിനു പിന്നാമ്പുറത്തു നിന്നും ബെഡ് റൂമിലെത്താൻ അൽപ്പം നിമിഷങ്ങളെടുത്തെങ്കിലും സ്ഥലകാലബോധം വീണ്ടെടുത്ത ശ്രീമാൻ ശ്രീമതിയെ ‘ഇരിക്കുന്ന‘ അവസ്ഥയിൽ കണ്ട് വണ്ടറടിച്ചു. കൂർക്കം വലിച്ചുറങ്ങുന്ന വേളകളിൽ ശ്രീമതി തൻ്റെ നീണ്ടു കൂർത്ത നഖമുള്ള വിരലുകളാൽ മാന്തി വിളിച്ച് ശ്രീമാനോട് ചരിഞ്ഞു കിടന്നുറങ്ങാൻ പറയുക പതിവുണ്ടെങ്കിലും ഇത്തരമൊരു താഡനം ഇതാദ്യമാണ്. അസമയത്ത്  മൂലം പുകഞ്ഞ വേദന ഉള്ളിൽ കട്ടക്കലിപ്പുണ്ടാക്കിയെങ്കിലും അത് പുറമേ കാണിക്കാതെ ശ്രീമാൻ മനേജ് ചെയ്തത് ഡോക്റ്റർ പ്രത്യേകം പറഞ്ഞ കാര്യമോർത്തിട്ടാണ്. ചികിത്സ കൊണ്ടു മാത്രം കാര്യമില്ല, ഉൽസാഹം കൂടി വേണമത്രേ. കാര്യങ്ങൾ യുദ്ധകാലാടിസ്ഥനത്തിൽ നീക്കേണ്ട ഈ  നിർണ്ണായകഘട്ടത്തിൽ എന്തെങ്കിലും മുഷിഞ്ഞു പറഞ്ഞിട്ട് ഭാര്യ ഉൽസാഹക്കമ്മിറ്റിയിൽ നിന്നും പിരിഞ്ഞു പോകുന്ന അവസ്ഥ വരുത്തണ്ട. അയാൾ കലിപ്പിൻ്റെ സിപ്പ് ശബ്ദമുണ്ടാക്കാതെ അടച്ച് ലോക്കിട്ടു.



തന്നെ രൂക്ഷമായി നോക്കി കിടക്കയിൽ എഴുന്നേറ്റിരിക്കുന്ന ശ്രീമതിയോട് ‘നീ ഇതു വരെ ഉറങ്ങിയില്ലേ‘ എന്ന ചോദ്യത്തിനു ‘നിങ്ങൾക്കെങ്ങിനെ ഇങ്ങിനെ കിടന്നുറങ്ങാൻ കഴിയുന്നു‘ എന്ന മറുചോദ്യമാണു ഉത്തരമായിക്കിട്ടിയത്.'

ശരി എന്നാൽ തിരിഞ്ഞു കിടന്നേക്കാം‘ എന്നു പറഞ്ഞ് അയാൾ പുറം തിരിഞ്ഞു കിടന്നതിലെ പരിഹാസം ഒട്ടും പിടിക്കാഞ്ഞ് അവൾ പാമ്പു ചീറ്റുന്നതു പോലെ മൂക്കിലൂടെ വായു ചീറ്റി മുഖം വെട്ടിത്തിരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ശ്രീമതിയിൽ ഇത്തരം അസ്വസ്ഥതകൾ കണ്ട് പരിചിതനായ ശ്രീമാൻ അത് ഗൗനിക്കാതെ വീണ്ടും ഉറക്കം നടിച്ച് കണ്ണുകളടച്ചു. അപ്പോഴാണു ശ്രീമതി പകുതി സ്വയമായും പകുതി ശ്രീമാനോടായും ഇങ്ങിനെ മൊഴിഞ്ഞത്


’‘നമ്മൾ ലീവിൽ വരുന്നുണ്ടെന്നറിഞ്ഞ്  മനപ്പൂർവ്വമായിരിക്കണം അവർ തിരക്കു പിടിച്ച് ഈ കല്ല്യാണം നടത്തുന്നത്. നമ്മളെ പത്രാസു കാണിക്കാൻ‘‘-


'ഇന്നും ശിവരാത്രി' എന്ന് മനസ്സിലോർത്ത് അയാൾ ശ്രീമതിക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.


‘‘അതിനു ലീവിൽ വരുന്ന കാര്യം നമ്മളാരോടും പറഞ്ഞിരുന്നില്ലല്ലോ‘‘


ആംഗലേയദേശത്തെ ഫ്രീ ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെൻ്റിനുള്ള എലിജിബിളിറ്റി പരീക്ഷ എട്ടു നിലയിൽ പൊട്ടിയതു കൊണ്ടും  അവിടത്തെ സ്വകാര്യ ചികിൽസാച്ചിലവു  വകയിൽ  സ്പ്രെഡ് ഷീറ്റിൽ വരിവരിയായി അറ്റൻഷനിൽ നിന്നിരുന്ന  കണക്കുകൾ വരുമാനവുമായി സ്വരച്ചേർച്ച ഇല്ലാതെ കളങ്ങൾ ചാടി പുറത്തു പോയതു കൊണ്ടും ഇനിയൊരങ്കം  നാട്ടിൽ  കുറിക്കാനായി ലീവിൽ വന്നതാണെന്ന കാര്യം ആരോടും പറയരുത് എന്ന ശ്രീമതിയുടെ നിർദ്ദേശം അയാൾ ഇതു വരെ കടുകിട തെറ്റിച്ചിട്ടില്ല. അതിനാൽ തന്നെ നാട്ടിൽ വരുന്ന കാര്യം  ബന്ധുക്കൾ പോലും മുൻ കൂട്ടി അറിഞ്ഞിരുന്നില്ല. പിന്നെങ്ങനെ അയൽവക്കകാരറിയും


’എന്തൊരു ധൂർത്താണു. ഇത്രയധികം ലൈറ്റ്സിൻ്റെ ആവശ്യമെന്താണു!‘



കല്ല്യാണവീട്ടിലെ ദീപാലങ്കാരങ്ങളിൽ നിന്നും ജാലകത്തിൽ വന്നു പതിക്കുന്ന വെളിച്ചത്തെ നോക്കി അവൾ പിന്നേയും രോഷം കൊണ്ടു. 



‘നിൻ്റെ കല്ല്യാണത്തലേന്ന് നിൻ്റെ വീട്ടിൽ നിന്ന് രണ്ട് ഫർലോങ് ദൂരം മുഴുവൻ ദീപാലങ്കാരങ്ങളായിരുന്നല്ലോ‘ എന്നയാൾ മനസ്സിൽ പറഞ്ഞു. മനസ്സിലേ പറഞ്ഞുള്ളൂ. എന്തിനാ വെറുതേ..... പരിസരം ചീഞ്ഞാൽ മുക്കു പൊത്തിപ്പിടിക്കാം. പക്ഷെ മൂക്കു ചീഞ്ഞാലൊ?! സഹിക്കുക തന്നെ


 

 എന്തൊക്കെയായാലും ശ്രീമതിയെ ഈ അസഹിഷ്ണുതാവസ്ഥയിൽ എത്തിച്ചതിൽ  അയൽവക്കത്തെ കല്ല്യാണപ്പെണ്ണിനും വ്യക്തമായ  പങ്കുണ്ട്. അവൾ പൂർവ്വാശ്രമത്തിലെ ശ്രീമതിയോട്  വലിയ അപരാധങ്ങൾ ചെയ്തിരിക്കുന്നു. ക്രൈം നമ്പർ ഒന്ന്- അവൾ ശ്രീമതിയുടെ സമപ്രായക്കാരിയും ശ്രീമതിയേക്കാൾ സുന്ദരിയുമാണ്. ക്രൈം നമ്പർ രണ്ട്- അവൾ പഠിക്കാൻ അതിമിടുക്കിയായിരുന്നത്രേ.  കലാകായീക മത്സരങ്ങളിലെ സ്ഥിരം വിജയിയും.  ശ്രീമതി എത്ര കഷ്ടപ്പെട്ടാലും എന്നും അവൾ ഒരു മുഴം മുന്നേ..


എന്നാൽ ഒരുമിച്ചുള്ള പഠനശേഷം വിദേശത്ത് ഒരു ജോലി, വിവാഹം എന്നീ ഹർഡിൽസ് ആദ്യം ചാടിക്കടന്നത് ശ്രീമതിയാണ്. അപ്രകാരം അയൽവക്കക്കാരിയെ അതിവേഗം ബഹുദൂരം പിന്നിലാക്കി ഓടുന്നതിനിടയ്ക്ക് അപ്രതീക്ഷിതമായി ഗട്ടറിൽ ചാടി കാലുളുക്കിയ ഫീൽ ആണ് അയൽവക്കക്കാരിയുടെ വിവാഹവാർത്ത ശ്രീമതിയിലുളവാക്കിയത്.  കുട്ടിയുണ്ടാകുന്ന കാര്യത്തിൽ അവൾ തന്നെ ഓവർറ്റേക്ക് ചെയ്യുമോ എന്ന ആധി ശ്രീമതിയിൽ വ്യാധിയായി പടർന്നു കയറിയിട്ടുമുണ്ട്. ആ ഒരൊറ്റ കാര്യത്തിലാണു ശ്രീമതി, തനിക്കൊപ്പം വിവാഹം കഴിഞ്ഞ പലരോടും അടിയറവു പറഞ്ഞിട്ടുള്ളതും. ഇനി ഇവളും കൂടി തന്നെ തോൽപ്പിക്കുമോ എന്നതാണ് ശ്രീമതിയിലെ മാറാവ്യാധിക്കു മേൽ കൂനിന്മേൽ കുരു ആയിരിക്കുന്നത്. രണ്ടാഴ്ചയായി ഈ കുരുവിൻ്റെ കുത്തലിനു ഇരയാണ് ശ്രീമാൻ


‘ചെറുക്കൻ ക്യാനഡയിൽ ഫാർമസിസ്റ്റ് ആണത്രേ. നുണയാവും. വല്ല കെയർ അസിസ്റ്റൻ്റുമാകും‘‘ 


 അത് തനിക്കിട്ടൊന്നു താങ്ങിയതാണല്ലോ. വിദേശത്ത് എത്തിയ നാൾ മുതൽ ഒരു പണിയുമില്ലാതെ ലാമിനേറ്റ് ചെയ്ത അവസ്ഥയിൽ സമാധിയിലിരിക്കുന്ന തൻ്റെ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റിനെ അയാൾ ഒരു നിമിഷം വെറുതെ സ്മരിച്ചു


’‘എത്ര പവനാ സ്ത്രീധനം എന്നു ഞാൻ ചോദിച്ചു. അപ്പോൾ   അവൾ പറയുവാ, അവരൊന്നും ചോദിച്ചിട്ടില്ലെന്ന്. വലുതായിട്ടൊന്നും കൊടുക്കാൻ കാണില്ല. അതിനു കള്ളം പറയുവാ‘‘


‘ഞാനും ഒന്നും ചോദിച്ചിരുന്നില്ലല്ലോ. എന്നിട്ടും നീ ജ്വല്ലറിയുടെ പരസ്യം പോലല്ലേ ഇറങ്ങിയത്‘‘   ജ്വല്ലറിയുടെ പരസ്യം പോലെ എന്ന  പുകഴ്ത്തൽ ഉള്ളിലൊളിപ്പിച്ച്  അയാൾ എറിഞ്ഞ  ആ രസികൻ കൊഴുക്കട്ട ശ്രീമതി നന്നായി ആസ്വദിക്കുമെന്ന് അയാൾക്കുപ്പുണ്ടായിരുന്നു.

 

സ്പോട്ട് ഓൺ\! അഭിമാനാഹങ്കാരാദി ഭാവങ്ങളുടെ അകമ്പടിയോടെ  ശ്രീമതി ഉവാച:- ‘‘ഈ പരിസരത്ത് ഏറ്റവുമധികം സ്വർണ്ണമിട്ടിറങ്ങുന്ന കല്ല്യാണപ്പെണ്ണ് ഞാനായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു‘‘ 


‘ആ ലോൺ വീട്ടാൻ ഇപ്പൊ ഞാനും കൂടിയാണല്ലോ പെടാപ്പാടു പെടുന്നത്‘ ശ്രീമാൻ സൈലൻസർ ഓൺ ചെയ്ത് ആത്മഗതം. ഭാവം ദൈന്യം


‘‘അയാൾ ലീവിനു വന്നപ്പോൾ ഏതോ ചടങ്ങിൽ വച്ച് അവളെ കണ്ട് മോഹിച്ച് കല്ല്യാണം ആലോചിച്ചതാത്രേ. ഇത്ര മോഹിക്കാനും മാത്രം  വിശ്വമോഹിനിയാണോ അവൾ. ആ തള്ള എന്തോ കൂടോത്രം ചെയ്ത് മയക്കിയതാ. അല്ലെങ്കിൽ അത്രയ്ക്ക് റിച്ച് ആൻ്റ് ഹാൻസം ആയ  ചെറുക്കൻ ആ വീട്ടിൽ നിന്ന് പെണ്ണെടുക്കുവോ'‘  ഭാവം പുച്ഛം.


‘ആ വീടിനെന്താ കുഴപ്പം? അവർക്ക് അത്യാവശ്യം പണവുമുണ്ടല്ലോ. പെണ്ണോ, അതിസുന്ദരിയും‘ മനസ്സിലോർത്തത് നാവിൻതുമ്പിലെത്താതിരിക്കാൻ ശ്രീമാൻ നാവു കടിച്ചു. 


‘‘കണ്ടിട്ടില്ലേ അവളുടെ മൂക്ക് ഒരു സൈഡിലേക്ക് വളഞ്ഞിട്ടാണു‘‘


‘അല്ലല്ലോ. നേരേയുള്ള നല്ല ഭംഗിയുള്ള മൂക്കാണല്ലൊ‘.  മൂക്കിനെ കുറിച്ചോർത്ത ശ്രീമാൻ്റെ കണ്ണുകൾക്ക് മുന്നിൽ ഒരു പാത്രം ലഡു പ്രത്യക്ഷപ്പെട്ടതു  ഭാഗ്യത്തിനു ശ്രീമതി കണ്ടില്ല. കുറച്ചു കഴിഞ്ഞു  ഒറ്റക്കു പൊട്ടിക്കാൻ വേണ്ടി അയാളതെടുത്തൊളിപ്പിച്ചു വച്ചു. 


'‘ചിലപ്പൊ നോക്കിയാൽ അവൾക്കൊരു കോങ്കണ്ണുണ്ടോ എന്നു തോന്നും. നിറമുണ്ടെന്നേയുള്ളൂ. അതു കൊണ്ടെന്താ കാര്യം. ഒരു വർക്കത്തുമില്ല'‘  ശ്രീമതി അൺലോഡിങ് ഒരു ലോഡ് പുച്ഛം


'‘ഉം.. ഉം.. ’‘ ശ്രീമാൻ വെറുതേ മൂളിക്കൊടുത്തു.  അവൾ ലോഡിക്കട്ടെ.  തനിക്കു നോക്കു കൂലി മാത്രം മതി.


'‘കഴുത്തിനു പിന്നിലായി ഇടതു വശത്തായി വൃത്തികെട്ട വലിയൊരു മറുകുണ്ട്'‘ 


'‘ഉം... ഉം...'‘   സപ്പോർട്ടിങ്   റോളിനുള്ള അവാർഡ് തനിക്ക് തന്നെ!


'‘ങേ.. അത് നിങ്ങളെങ്ങിനെ കണ്ടു'‘ ശ്രീമതി കണ്ണുരുട്ടി.


'‘ഞാൻ കണ്ടിട്ടില്ല'‘ ഒരു ഞെട്ടലോടെ അയാൾ പെട്ടെന്ന് തിരുത്തൽവാദിയായി.  മൂളൽ എല്ലായ്പ്പോഴും  ആരോഗ്യകരമല്ല!!


ശ്രീമതിയുടെ മുഖത്തിൻ്റെ ക്വിക്ക് സ്കാനിങ്ങിൽ ‘നോ വൈറസ്‘ എന്ന റിസൾട്ട് കണ്ടതിൻ്റെ ആശ്വാസത്തിൽ അയാൾ  ചിന്തകളെ അയൽക്കാരിയുടെ ശരീരത്തിലേക്ക് തിരിച്ച് ഒരു ഡീപ് സ്കാനിങ്ങിനു വിധേയമാക്കി. എത്ര വട്ടം  ശ്രീമതി കാണാതെ  തൻ്റെ കണ്ണുകൾ സ്പൈ വർക്ക് നടത്തിയിട്ടുണ്ട്.   ആ നിയഴകിൽ അങ്ങനൊരു മറുകുണ്ടെങ്കിൽ തൻ്റെ ചാരന്മാർ അത് എന്നേ റിപ്പോർട്ട് ചെയ്തേനേ!


'‘എന്നാൽ അങ്ങനൊരു മറുകുണ്ട്.’‘ 

പതിയുടെ ചിന്താഭാരം  ലഘൂകരിക്കാൻ പന്നി കൂട്ടിച്ചേർത്തു.  

’അവളെ കാണാൻ ഒരു ഭംഗിയുമില്ല'‘ 

ശ്രീമതി ഈർഷ്യയോടെ മുഖം വെട്ടിത്തിരിച്ചിരുന്ന് ചിന്തയിൽ മുഴുകി. ഇതു തന്നെ അവസരമെന്നോർത്ത് ശ്രീമാൻ തിരിഞ്ഞു കിടന്ന്, ഒരു ആപത്ഘട്ടത്തിൽ തന്നെ നിഷ്കരുണം ഉപേക്ഷിച്ചു പോയ ഉക്കത്തെ മാടി മാടി വിളിച്ചു.

xxxxxxxxxxxxx


കല്ല്യാണദിവസം അണിഞ്ഞൊരുങ്ങി  ശ്രീമതി കണ്ണാടിയുടെ മുന്നിൽ നിന്ന് ഫ്രണ്ട് വ്യൂവും റിയർ വ്യൂവും മനോഹരമെന്ന് ഉറപ്പു വരുത്തുന്നത് ശ്രീമാൻ താടിക്കു കൈ കൊടുത്തിരുന്ന് കണ്ടു. വിദേശത്ത്  തനിക്കൊപ്പമെത്തിയവരേക്കാൾ മുൻപ് വീടും വിലയേറിയ കാറും സ്വന്തമാക്കുന്നതിനായി  ശ്രീമതി  മനസ്സില്ലാമനസ്സോടെയാണെങ്കിലും സ്വന്തം സ്വർണ്ണാഭരണങ്ങൾ  വിറ്റ്  [ഹൈലി കോൺഫിഡൻഷ്യൽ] ‘സ്വർണ്ണം കൊടുത്ത് വജ്രം വാങ്ങി‘ എന്ന ഭാവേന  ആർട്ടിഫിഷ്യൽ ഓർണമെൻ്റ്സ് വാങ്ങിയിരുന്നു.  അതുമണിഞ്ഞാണു  കല്ല്യാണം കൂടാനുള്ള പുറപ്പാട്. കൂടാതെ വളരേ എക്സ്പൻസീവ് ആയിട്ടുള്ള സാരിയും. ഇപ്പോഴത്തെ ഈ അധികച്ചിലവിനിടയ്ക്ക് ഇത്രയും വില പിടിപ്പുള്ള സാരി വേണോ എന്ന പർച്ചേസിങ് സമയത്തുള്ള അയാളുടെ ചോദ്യത്തിനു 'ഐ വാണ്ട് റ്റു ലുക് ലൈക് എ ബോളിവുഡ് ദിവ‘ എന്ന മറുപടി കേട്ട് അയാൾ ദിവിംഗിതനായി.



കല്യാണവീട്ടിൽ എല്ലാവരോടും അതിവിനയത്തിലും സ്നേഹത്തിലും ഇടപെടുന്ന ശ്രീമതിയിലെ ബഹുമുഖപ്രതിഭയെ കണ്ടിട്ട് ശ്രീമാനു പ്രത്യേകിച്ച് അഭിമാനമൊന്നും തോന്നിയില്ല. 

‘ഇത് വെറും അംശാവതാരം. വിശ്വരൂപം ഞാനേ കണ്ടിട്ടുള്ളൂ... ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ..‘ 

ശരിയല്ലേ എന്ന് അയാൾ ഒരിക്കൽ കൂടി നല്ലവണ്ണമൊന്നാലോചിച്ചു. 

‘അതേ. വളരേ ശരിയാണു. ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ‘

പിന്നെ ചിന്തകളെ ഫോറസ്റ്റ് ട്രക്കിങ്ങിനയക്കാതെ വിഭവസമൃദ്ധമായ സദ്യയിലും മദ്യസൽക്കാരത്തിലും  മുഴുവനായും മനസ്സർപ്പിച്ച്  പൂണ്ടു വിളയാടി.


അന്യൻ്റെ ഭക്ഷണവും സ്വന്തം വയറും തമ്മിലുള്ള ഗുസ്തിമൽസരത്താൽ ഏറെ തളർന്ന് വൈകുന്നേരം ബെഡ് റൂമിലെത്തിയ ശ്രീമാൻ, ഇനി ഭാര്യയുടെ പരാതിപുച്ഛചേരുവകൾ ആവശ്യത്തിലധികം ചേർത്ത ഒരു കല്യാണ റിവ്യൂ കൂടി അകത്താക്കേണ്ടി വരുമല്ലോ എന്ന വൈക്ലബ്യത്തോടെ നോക്കുമ്പോൾ ശ്രീമതിയതാ കുളി കഴിഞ്ഞ് റൻ മുടിയും കോതിക്കൊണ്ട് ഒരു ഗൂഢമന്ദഹാസത്തോടെ ബെഡിലിരിക്കുന്നു! 

‘എവിടെയോ എന്തോ കുഴപ്പമുണ്ട്. മദ്യത്തിൻ്റെ കെട്ടു വിടാത്തതാണോ‘ അയാൾ സ്വയമൊന്നു പിച്ചി നോക്കി. ഇല്ല. എല്ലാം പെർഫക്റ്റ് ആണ്..


‘‘ഇന്നാകെ സന്തോഷത്തിലാണല്ലോ'‘ അയാൾ അത്ഭുതം മറച്ചു വയ്ക്കാതെ ചോദിച്ചു. 


' എങ്ങിനെ സന്തോഷിക്കാതിരിക്കും. അവൾക്ക് ഒന്നു കുറവാ'‘


’‘ആർക്ക്’‘


‘‘മണവാട്ടിയ്ക്ക്’‘


അയ്യോ! അയാൾ ഞെട്ടി. എന്തായിരിക്കും ആ കുട്ടിക്ക് കുറവ്?!!

ശ്രീമാൻ മണവാട്ടിപ്പെണ്ണിനെ  മനസ്സിലിട്ട് തിരിച്ചും മറിച്ചും ഇരുത്തിയും കിടത്തിയുമൊക്കെ പരിശോധിച്ചു. ഇല്ല, ഒരു കുറവും കണ്ടു പിടിക്കാൻ പറ്റുന്നില്ല. പക്ഷെ അയാൾക്കറിയാം പകൽ പോലെ സത്യമായി കാണുന്നവ പോലും യഥാര്‍ഥമായിരിക്കണമെന്നില്ലാ എന്ന്. അതിൻ്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണയാൾ


ഒറ്റ നിമിഷം കൊണ്ട് അയാളുടെ മനസ്സിൻ്റെ സെല്ലുലോയിഡിൽ കുറേ ഫ്ലാഷ് ബാക്ക് സീൻസ് തെളിഞ്ഞു. അതിൽ അയാൾ ആദ്യം ശ്രീമതിയെ പെണ്ണുകാണാൻ ചെന്നതും,  മുഖാമുഖം പരിപാടിക്കു ശേഷം  തിരിഞ്ഞ് അന്നനട നടന്നകന്ന കിളിപ്പെണ്ണിനെ കണ്ട്  ’അരയന്നക്കിളിയൊന്നെൻ മാനസത്തിൽ അഴകിൻ്റെ തൂവൽ വിരിച്ചു നിൽപ്പൂ...‘ എന്ന പാട്ടും മൂളി  തനിക്ക് കൈവരാൻ പോകുന്ന സൗഭാഗ്യത്തെ ഓർത്ത് പേർത്തും പേർത്തും സ്വപ്നങ്ങൾ നെയ്തു കുളിരണിഞ്ഞതും എന്നാൽ വിവാഹച്ചടങ്ങുകൾക്ക് ശേഷം  വെള്ളത്തിൽ വീണ കോഴിപ്പിടയെ പോലെ മുന്നിൽ നിൽക്കുന്ന നവവധുവിനെ കണ്ട്  ‘സാരിയിലാവും എഴുന്ന തൂവലുകൾ പ്രകടമാവുക’ എന്ന് സംശയം പറഞ്ഞതും എന്നാൽ അതു വെറും റെൻ്റൽ പപ്പും പൂടയും മാത്രമാണെന്ന ദുരന്തവാർത്ത ഭാര്യ തന്നെ അറിയിച്ചതുമായ അനേകം റീലുകൾ  മനസ്സിൻ്റെ അഭ്രപാളിയിൽ ദ്രുതഗതിയിൽ മറിഞ്ഞു. അന്നു തകർന്ന ശ്രീമാൻ്റെ ഹൃദയം ഇന്നും മുറി ചേർന്നിട്ടില്ല.  

 

 

‘മറ്റൊരു സമാനഹൃദയനെ നാളെ കാണേണ്ടി വരുമോ?!!‘ ഇപ്പോഴും രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുന്ന സ്വന്തം ഇടനെഞ്ച്  പൊത്തിപ്പിടിച്ചു കൊണ്ട് അയാൾ ചിന്തിച്ചു. 


ശ്രീമാൻ്റെ അമ്പരപ്പു കണ്ട് ശ്രീമതി വിജയഭാവത്തിൽ അഡൻ്റം. ''അതേ.. എനിക്ക് നൂറ്റൊന്നുണ്ടായിരുന്നു. അവൾക്ക് നൂറേ ഉള്ളൂ'‘


’‘എന്ത്?'‘


'‘പവൻ'‘


ഓ, ആ ഒന്നായിരുന്നോ കുറവ്. 


അൽപ്പം മുൻപ്   പുറത്തേക്ക് തള്ളിപ്പോയ കണ്ണ് ശ്രീമാൻ ഒരു ദീർഘനിശ്വാസത്തോടെ  അകത്തേക്ക് വലിച്ചു. എന്നിട്ട്  അയൽവക്കക്കാരിയുടെ മേൽ നേടിയ വിജയത്തിൽ ഉന്മത്തയായ ഭാര്യയെ ഒളികണ്ണിട്ടു നോക്കി, ഇന്നെങ്കിലും സമാധാനത്തോടെ ഉറങ്ങാമല്ലോ എന്ന ആശ്വാസത്തിൽ അപ്പോൾ തന്നെ ബെഡിൽ വീണു.