Wednesday 10 February 2021

തായ്‌വേര് [കഥ]

 


''ഐ ഹാവ് സിക്സ് ചിൽഡ്രൻ, ഫോർട്ടീൻ ഗ്രാൻഡ് ചിൽഡ്രൻ ആൻഡ് ട്വൻറിഫോർ ഗ്രെയ്റ് ഗ്രാൻഡ് ചിൽഡ്രൻ''
''ഓ! യൂ ആർ സോ ലക്കി''
''യു നോ, മൈ ഫസ്റ് വൺ വാസ് ബോൺ ഇൻ നയന്റീൻ സിക്സ്റ്റി, ദി സെക്കൻഡ് വൺ ഇൻ നയന്റീൻ സിക്സ്റ്റി വൺ, ദി തേഡ് വൺ ഇൻ നയന്റീൻ സിക്സ്റ്റി റ്റൂ ആൻഡ് ....''
മുഴുവനാക്കാതെ അവർ ചിരിച്ചു. ആ ചിരി, അവർ പറയാതിരുന്ന ബാക്കി വർഷങ്ങളെ കൂടി കൂട്ടിച്ചേർക്കുന്നുണ്ടായിരുന്നു.
''സോ യു വേർ സോ ബ്യുസി ഓൺ ദോസ് ഡെയ്‌സ്'' അവരുടെ ചിരിയിൽ പങ്കു ചേർന്ന് കൊണ്ട്, ഓടുന്ന ആംബുലൻസിൽ അവരുടെ ദേഹത്തോട് ഘടിപ്പിച്ചിട്ടുള്ള കാർഡിയാക് മോണിറ്ററിൽ ശ്രദ്ധയൂന്നി രാഖി പറഞ്ഞു.
''ആൻഡ് ഐ എഞ്ചോയ്ഡ് ഈച് മോമെന്റ്റ് ഓഫ് ദാറ്റ്''
രാഖി പെട്ടെന്ന് മുഖം തിരിച്ച് അവരെ ശ്രദ്ധിച്ചു. ആ മുഖത്തപ്പോൾ ഒരു റിട്ടയേഡ് പ്രൊഫെസ്സറുടെ ഗാംഭീര്യമോ നാല് തലമുറകളുടെ കാരണവസ്ഥാനി എന്ന പ്രൗഢിയോ അല്ല കണ്ടത്; മറിച്ച്, സ്നേഹവും വാത്സല്യവും നിറഞ്ഞൊഴുകുന്ന ഒരു അമ്മയുടെ, അമ്മൂമ്മയുടെ, മുതുമുത്തശ്ശിയുടെ, ചാരിതാർഥ്യം! വിളറിയും, ചുളിവ് വീണും നിര്ജ്ജലീകരണത്താൽ വരണ്ടും കാണപ്പെട്ട ആ മുഖത്ത്, പക്ഷെ മനോഹരമായൊരു പുഞ്ചിരി തങ്ങി നിൽക്കുന്നു. നിറയെ നരച്ച തലമുടി ആ മുഖത്തിനു ചുറ്റും ഒരു പ്രഭാവലയം തീർക്കുന്നതായി അപ്പോൾ രാഖിക്ക് തോന്നി. ദൂരത്തെവിടെയോ അലക്ഷ്യമായി നോക്കുന്ന കണ്ണുകൾ സുന്ദരമായ ഏതോ ഭൂതകാലഓർമ്മകളെ പുണർന്നു നിൽക്കുകയാവണം. അതിന്റെ പ്രതിഫലനമാകണം, അവരുടെ ചുണ്ടുകളിൽ മായാതെ കാണപ്പെടുന്ന മനോഹരമായ ആ പുഞ്ചിരി.

ഓർമ്മകൾ! ഭൂതകാലത്തിന്റെ ഏതോ അതാര്യതലങ്ങൾക്കപ്പുറം തങ്ങിപ്പോയ ഓർമ്മകൾ!! അതിനിപ്പുറത്തേക്ക് ശരീരമേ പ്രയാണം ചെയ്തുള്ളു. ഓർമ്മകൾ അവ്യക്തമായും കൂടിക്കുഴഞ്ഞും പിന്നെ ഇല്ലാതെയും, മുന്നോട്ട് വരാൻ മടിച്ച് ആ തലങ്ങൾക്കപ്പുറം ഒതുങ്ങി നിൽക്കുന്നു. 'ഷോർട് ടെം മെമ്മറി ലോസ്'' നല്ലത്! രാഖി മനസ്സിലോർത്തു. ചിലർക്കെങ്കിലും സമീപകാല ഓർമ്മകൾ നഷ്ടപ്പെടുന്നത് ഒരു അനുഗ്രഹമാണ്.

ഇടയ്ക്ക് ആംബുലൻസ് ചെറുതായിട്ടൊന്നു കുലുങ്ങി. ഒരു ഞരക്കത്തിനൊപ്പം രോഗിയുടെ മുഖത്ത് ആഴത്തിലുള്ള ചുളിവുകൾ പ്രത്യക്ഷപ്പെട്ടു. ഹിപ് ഫ്രാക്ച്ചർ ഉണ്ടോ എന്ന സംശയത്തിൽ ബോഡി അധികം ഇളകാത്ത വിധം സ്ട്രെറ്ച്ചറിൽ സ്റ്റെബിലൈസ് ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ റോഡുകളിൽ എത്ര ശ്രദ്ധിച്ചോടിച്ചാലും അൽപ്പം കുലുക്കം പ്രതീക്ഷിക്കാതെ വയ്യ. വേദനാസംഹാരികളെന്തെങ്കിലും വീണ്ടും കൊടുക്കേണ്ടതുണ്ടോ എന്ന് രാഖി ശ്രദ്ധിച്ചു. ഇല്ല. വേദനയുടെ ചുളിവുകൾ മുഖത്തു നിന്ന് പതുക്കെ അപ്രത്യക്ഷമാകുന്നതോടൊപ്പം മുഖത്ത് വീണ്ടും ആ പുഞ്ചിരി വിടരുന്നു. വിദൂരത്തിലെവിടെയോ ഊന്നിയ കണ്ണുകൾ ഭൂതകാലത്തിലെ ഏതോ തിരശീലയ്ക്കപ്പുറമുള്ള കാഴ്ചകളിൽ അഭിരമിക്കുന്നു. താൻ, ആ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഒരു സ്വകാര്യ ആസ്പത്രിയുടെ എല്ലാ അത്യന്താധുനീക സൗകര്യങ്ങളുമുള്ള ഒരു ആംബുലൻസിൽ ആ ആസ്പത്രിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് അവർ അറിയുന്നില്ല. മുൻപ് കൊടുത്ത വേദനസംഹാരികൾ അവരിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്റെ മയക്കം അവരുടെ കണ്പോളകൾക്ക് ഘനം കൂട്ടിയിട്ടുണ്ടെങ്കിലും അവരപ്പോഴും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

അവരുടെ മനസ്സിനൊപ്പം സഞ്ചരിച്ച് രാഖിയും, അവർ മുൻപ് ചെറിയ വാക്കുകളിലൂടെ വരച്ചിട്ട ആ വലിയ ലോകത്തിലേക്ക് ഒരു നിമിഷം എത്തപ്പെട്ടു. ഇരുവരും സ്വയം നഷ്ടപ്പെട്ടു പോയ ആ നിമിഷത്തിൽ രാഖി പെട്ടെന്ന് ഉണ്ണിക്കുട്ടനെ കുറിച്ചോർത്തു. ഇന്ന് വല്ലാതെ വൈകിയിരിക്കുന്നു. അവൻ വല്ലാതെ വാശി പിടിച്ച് കരയുന്നുണ്ടാകണം. കാർഡിയാക് മോണിറ്ററിലെ സൂചകങ്ങളെല്ലാം തൃപ്തികരമാണെന്ന് ഉറപ്പു വരുത്തിയിട്ട് രാഖി മൊബൈൽ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു. ഊഹിച്ചതു പോലെ തന്നെ. അങ്ങേത്തലക്കൽ അപ്പുവേട്ടന്റെ സ്വരത്തിനു മേൽ ഉണ്ണിക്കുട്ടന്റെ അലറിക്കരച്ചിൽ രാഖിക്ക് കേൾക്കാം. തനിക്ക് തിരക്കാണെന്നു മനസ്സിലാക്കി അപ്പുവേട്ടൻ തന്നെ ഇതുവരെ ഫോൺ ചെയ്യാതിരുന്നതാകണം. പക്ഷെ ഉണ്ണിക്കുട്ടനെ നിയന്ത്രിക്കാൻ നന്നേ പാടുപെടുന്നുണ്ട്. താൻ എത്താൻ വൈകിയതിലുള്ള വാശിയാണ് ഉണ്ണിക്കുട്ടന്. അവനങ്ങിനെയാണ്. താനുള്ളപ്പോൾ എല്ലാത്തിനും താൻ തന്നെ വേണം. താൻ എത്ര വൈകി ഉറങ്ങിയാലും അത്രയും നേരം തന്റെ പുറകെ തന്നെയുണ്ടാകും. അവനു മൂന്നു വയസ്സാകും വരെ ജോലിക്കൊന്നും പോകാതെ അവന്റെ കൂടെ തന്നെയുണ്ടായിരുന്നതല്ലേ. പിന്നെ അപ്പുവേട്ടന്റെ നിർബന്ധപ്രകാരം മനസ്സില്ലാമനസ്സോടെ ഡ്യൂട്ടിക്ക് പോയിത്തുടങ്ങിയ നാളുകളിൽ, അവനെ അപ്പുവേട്ടന്റെ അമ്മയെ ഏൽപ്പിച്ചു പോരുമ്പോഴെല്ലാം താനും അവനും കരച്ചിലായിരുന്നു. പിന്നീടവൻ ഡ്യൂട്ടിസമയത്തുള്ള തന്റെ അസാന്നിധ്യവുമായി പൊരുത്തപ്പെട്ടു. ഇപ്പോൾ അവനു നാല് വയസ്സ്. താൻ എത്തുന്ന സമയം അവനറിയാം. ആ സമയമാകുമ്പോഴേക്കും വഴിക്കണ്ണുമായി നഖവും കടിച്ച് വരാന്തയിലിരിപ്പുണ്ടാകും. പിന്നെ അപ്പുവേട്ടനോ അപ്പുവേട്ടന്റെ അമ്മയോ വിളിച്ചാൽ ഇരുന്നിടത്തു നിന്ന് അനങ്ങില്ല. ഭക്ഷണം കഴിക്കില്ല. പതുക്കെ പതുക്കെ ആ കാത്തിരിപ്പ് കരച്ചിലിന് വഴി മാറും. വല്ലാതെ വൈകിയാൽ വാശി കൂടും. അത്തരത്തിൽ അവന്റെ ഉച്ചസ്ഥായിയിലുള്ള കരച്ചിലാണ് താനിപ്പോൾ കേൾക്കുന്നത്.
''അപ്പുവേട്ടാ, ഞാനിപ്പോഴും ആംബുലന്സിലാണ്. കാര്യങ്ങൾ വിചാരിച്ചതിലും വൈകി. ഹോസ്പിറ്റലിലെത്തി പേഷ്യന്റിനെ ഹാൻഡോവർ ചെയ്തു കഴിഞ്ഞേ എനിക്കിറങ്ങാൻ പറ്റൂ. അപ്പുവേട്ടൻ അവനെ എങ്ങിനെയെങ്കിലുമൊന്ന് സമാധാനിപ്പിക്ക്''.
അപ്പുവേട്ടൻ ഫോൺ ഉണ്ണിക്കുട്ടന് കൊടുത്തു.
''അമ്മയെന്താ വരാത്തത്?'' അവൻ തേങ്ങിക്കരഞ്ഞു കൊണ്ട് ചോദിക്കുന്നു. രാഖിയുടെ നെഞ്ച് പിടഞ്ഞു.
''അമ്മയുടെ ജോലി തീർന്നില്ല കുട്ടാ. അമ്മ ഓടി വരാട്ടോ. മോൻ മിടുക്കനായിട്ട് പാപ്പമെല്ലാമുണ്ട് നല്ല കുട്ടിയായിട്ടിരിക്കണം ട്ടോ''
''അമ്മ വന്നാലേ മോൻ പാപ്പം ഉണ്ണൂ''
''നല്ല കുട്ടിയായിട്ടു പാപ്പം കഴിച്ചാൽ അമ്മ മോനു ചോക്ലേറ്റു കൊണ്ടു വരുമല്ലോ''
ഒരു വിധം അവനെ സമാധാനിപ്പിച്ചു ഫോൺ കട്ട് ചെയ്തു. പിന്നെ ശ്രദ്ധ രോഗിയിലേക്കെത്തി. അവരപ്പോഴേക്കും മയങ്ങിത്തുടങ്ങിയിരുന്നു. ചുണ്ടിലപ്പോഴും മായാതെ നിൽക്കുന്നു, ആ പുഞ്ചിരി! ഉണർച്ചയിലും ഉറക്കത്തിലും അവരെ ചുറ്റി പ്രിയപ്പെട്ടവരുടെ മുഖങ്ങൾ മാത്രമാകണം. അവരെ നോക്കിക്കൊണ്ടിരിക്കേ രാഖിയുടെ കണ്ണുകൾ സജലങ്ങളായി. കണ്ണീർ സ്വയമറിയാതെ താഴേക്കൊഴുകി. സ്നേഹനദിയും താഴേക്കു മാത്രമാണല്ലോ ഒഴുകുന്നതെന്ന് രാഖി ഓർത്തു. അമ്മയിൽ നിന്നും കുഞ്ഞിലേക്ക്. ആ കുഞ്ഞിൽ നിന്നും അതിന്റെ കുഞ്ഞിലേക്ക്. പ്രകൃത്യാൽ അത് താഴേക്ക് മാത്രമൊഴുകുന്നു. ഏതു തടസ്സങ്ങളെയും തകർക്കാൻ പോന്ന ശക്തിയോടെ . നദികൾ മുകളിലേക്കൊഴുകില്ലല്ലോ. അഥവാ ഒഴുകാൻ ശ്രമിച്ചാലും അതിന് എത്ര ശക്തിയുണ്ടാകും?! രാഖി പതുക്കെ അവരുടെ വലതു കൈ തന്റെ കൈകളിലൊതുക്കി. കാത്തിരുന്ന ഏതോ പ്രിയസ്പർശം അനുഭവിച്ചറിഞ്ഞ പോലെ അവരുടെ കണ്ണുകൾ ഒന്ന് പിടഞ്ഞ് അൽപ്പം തുറന്നു. പിന്നെ വീണ്ടും നിദ്രയിലേക്ക് മടങ്ങി. അവരുടെ കയ്യിലേക്കടർന്നു വീണ രാഖിയുടെ ചുടുകണ്ണീർ അവരെ ഉണർത്തിയില്ല.

ഹോസ്പിറ്റലിൽ എത്തുമ്പോൾ സമയം ഒരുപാട് വൈകി. രാഖിയുടെ സ്ഥലത്തേക്ക് പോകാനുള്ള അടുത്ത ബസ് എത്താൻ അധികം സമയമില്ല. അത് കിട്ടിയില്ലെങ്കിൽ അത് കഴിഞ്ഞുള്ള ബസ് വരാൻ പിന്നെയും ഒരുപാട് വൈകും. അത്യാഹിതവിഭാഗത്തിലെത്തിച്ച രോഗിയെ ഡോക്ടേഴ്സ് ഉൾപ്പെടെയുള്ള സ്റ്റാഫിന് വേഗം ഹാൻഡോവർ ചെയ്തു.

'പേര് നിർമ്മല. എൺപത്തേഴ് വയസ്സ്. വിഡോ. റിട്ടയേഡ് പ്രൊഫെസ്സർ. മക്കളെല്ലാം വിദേശരാജ്യങ്ങളിൽ. മകൾ വിദേശത്തു നിന്ന് ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ താമസിക്കുന്ന ഫ്‌ളാറ്റ് കോംപ്ലക്‌സിലെ സെക്യൂരിറ്റി സ്റ്റാഫിനെ വിളിച്ചറിയിച്ചു. അവർ പോലീസ് സഹായത്താൽ ഫ്‌ളാറ്റ് തുറന്നു നോക്കിയപ്പോൾ സ്റ്റെയർ കെയ്സിന് താഴെ വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു രോഗി. ദേഹത്ത് ഉരഞ്ഞും ഏറെ നേരം തറയിൽ കിടന്നും ഉണ്ടായ മുറിവുകളും വിസർജ്ജ്യങ്ങളും. വീണതെന്നാണെന്നറിയില്ല. രണ്ടാഴ്ച മുൻപാണ് മക്കളിലൊരാൾ അവസാനം വിളിച്ചത്. അതിനു ശേഷം പിന്നെ ഇന്നാണ് അടുത്ത ഫോൺ കോൾ. സഹായത്തിനു വരുന്ന ഒരു സ്ത്രീ, മൂന്നു ദിവസം മുൻപ് വന്ന്‌ കുറേ നേരം കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ -നിർമ്മലാമ്മയുടെ അനിയത്തി വന്ന്‌ കൂട്ടിക്കൊണ്ടു പോയിട്ടുണ്ടാകും- എന്ന ധാരണയിൽ തിരിച്ചു പോയി. ഇടക്കങ്ങിനെ ഒരു പോക്ക് പതിവുള്ളതാണ്. ചെറിയ ഓർമ്മക്കുറവ് കുറച്ചു കാലമായുണ്ട്. ഷോർട് ടെം മെമ്മറി ലോസ്. പഴയ കാര്യങ്ങളെല്ലാം മെമ്മറിയിലുണ്ട്. പക്ഷെ വീഴ്ചയെ കുറിച്ച് ഓർമ്മയില്ല. നിർജ്ജലീകരണം അവരുടെ ഓർമ്മയെ കൂടുതൽ മോശമാക്കിയിരിക്കുന്നു'
ഇത്രയും കാര്യങ്ങളും പിന്നെ അത്യാവശ്യം വേണ്ട മറ്റു പ്രധാന കാര്യങ്ങളുമെല്ലാം തിടുക്കത്തിൽ ഹാൻഡോവർ ചെയ്ത് ഇറങ്ങാൻ തുടങ്ങും മുൻപ് രാഖി ഒരിക്കൽ കൂടി അവരുടെ അടുക്കലെത്തി. മയക്കത്തിലാണ്. അവരെ നോക്കിക്കൊണ്ട് നിന്നപ്പോൾ രാഖി സ്‌കൂൾകാലത്ത് ടീച്ചേഴ്സ് വരപ്പിച്ചിരുന്ന ഫാമിലി ട്രീയെകുറിച്ചോർത്തു. ഓരോ കുട്ടിക്കും ഏഴും എട്ടും ചിത്രങ്ങൾ ഓരോ ട്രീയിലും വരച്ചു ചേർക്കാനുണ്ടായിരുന്നു അന്ന്. അങ്ങിനെ നോക്കുമ്പോൾ നിറയെ ഫലങ്ങൾ തൂങ്ങുന്ന ഒരു വലിയ കുടുംബവൃക്ഷത്തിന്റെ തായ്‌വേരല്ലേ ഈ അമ്മ. മാറിമറിഞ്ഞു വരുന്ന ഋതുക്കളെ നേരിട്ടും വരവേറ്റും ശാഖോപശാഖകളെ ചുറ്റും വിടർത്തി തലയുയർത്തി നിൽക്കുമ്പോഴും വൃക്ഷത്തിനെ ഭൂമിയുടെ ആഴങ്ങളിലേക്കുറപ്പിച്ചു നിറുത്തുന്ന, എന്നാൽ വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞു കിടക്കുന്ന തായ്‌വേര് - നിർമലാമ്മ എന്ന റിട്ടയേഡ് പ്രൊഫെസ്സർ നിർമ്മല- കൂടെയൊരാൾ പോലുമില്ലാതെ അനാഥയെപ്പോലെ ദാ ഇവിടെ....
രാഖി ഒരിക്കൽ കൂടി അവരുടെ കൈകളിൽ എത്തിപ്പിടിച്ചു. പിന്നെ വേഗത്തിൽ തിരികേ നടന്നു.

ബസ് സ്റ്റോപ്പിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിലും രാഖി ഫോൺ എടുത്ത് നമ്പർ പ്രെസ് ചെയ്തു. '' ഹാലോ അമ്മേ.....'' ദിവസങ്ങൾക്കു ശേഷം മകളുടെ സ്വരം കാതിൽ വന്ന്‌ വീഴുമ്പോൾ വിടരുന്ന ആ മുഖം രാഖി അടുത്തു കണ്ടു. 'നിന്നെ വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ മോളെ..' എന്ന അടുത്ത ചോദ്യത്തിന് പതിവായി പറയാറുള്ള തിരക്കുകളുടെ പട്ടിക രാഖി അപ്പോൾ പറഞ്ഞില്ല. പകരം, തൊണ്ടയിൽ എത്തിനിൽക്കുന്ന ഗദ്‌ഗദം വാക്കുകളിൽ ധ്വനിക്കാതിരിക്കാൻ രാഖി പരിശ്രമിക്കുകയായിരുന്നു.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഭൂതകാലത്തിന്റെ ഏതോ അതാര്യതലങ്ങൾക്കപ്പുറം
തങ്ങിപ്പോയതും അല്ലാത്തതുമായ ഓർമ്മകളുടെ കയങ്ങളിൽ
കൂടിയുള്ള സഞ്ചാരങ്ങളും അനുഭവങ്ങളും ....

Jayasree Lakshmy Kumar said...

വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് നന്ദി മുരളിച്ചേട്ടാ