Sunday 5 July 2009

സീമന്തം [കഥ]

“ഓം ശ്രീമാതാ ശ്രീ മഹാരാജ്ഞീ ശ്രീമത്‌സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭൂതാ ദേവകാര്യ സമുദ്യതാ
ഉദ്യദ്ഭാനു സഹസ്രാഭാ ചതുർബാഹുസമന്വിതാ
രാഗസ്വരൂപപാശാഢ്യാ ക്രോധാകാരാങ്കുശോജ്ജ്വലാ..”

മണിമുഴക്കങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കും ദീപാരാധന തൊഴുന്ന ഭക്തരുടെ നാമജപങ്ങൾക്കുമിടയിലും മുത്തശ്ശിയുടെ വിറയാർന്ന ശബ്ദം ജപിക്കുന്ന ലളിതാസഹസ്രനാമം അവ്യക്തമായി ശ്രീദേവിയുടെ കാതുകളിൽ വന്നു വീഴുന്നുണ്ടായിരുന്നു. മനമുരുകി മുത്തശ്ശിയിപ്പോൾ പ്രാർത്ഥിക്കുന്നതെന്തെന്ന് ശ്രീദേവിക്കൂഹിക്കാം. ഒരു ഉണ്ണിക്കാൽ. തലമുറ അന്യം നിന്നു പോകാതിരിക്കാൻ, പൌത്രവധുവായ തന്നിലൂടെ, പാരമ്പര്യങ്ങളുടെ കാവൽ പുരുഷനായി ഒരു ആൺ‌തരി. അതിനു വേണ്ടി, കുടുംബം വക ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു മുൻപുള്ള തൊണ്ണൂറു നാളുകളിലെ പ്രത്യേക പ്രാർത്ഥനകളും പൂജകളും കഠിനമായ വ്രതാനുഷ്ഠാനങ്ങളും. ഇന്ന് ഉത്സവനാൾ. വ്രതാനുഷ്ഠാനങ്ങളുടെ അവസാന നാൾ. ദേവീക്ഷേത്രത്തിൽ കൊടി കയറിയ അന്നു മുതൽ ഇന്നേക്ക് നാൽ‌പ്പത്തൊന്ന് തികയുന്ന മുഴുവൻ ദിവസങ്ങളിലും, പറ്റുമ്പോഴെല്ലാം തന്നേയും കൂടെ കൂട്ടി, ദിവസേനയുള്ള അഞ്ചു പൂജകളിൽ ഒന്നു പോലും മുടങ്ങാതെ മുത്തശ്ശി തൊഴുന്നത് ഈ അനപത്യതാദു:ഖം ഒന്നു കൊണ്ടു മാത്രം. എങ്കിലും, ഒരു കുഞ്ഞിനെ നൽകാൻ കഴിയാത്തവൾ എന്ന ഭാവമോ ഈർഷ്യയോ, കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഒരിക്കൽ പോലും തന്റെ നേരെ മുത്തശ്ശി കാണിച്ചിട്ടില്ല.

തറവാട്ടു കാരണവസ്ഥാനമാണു മുത്തശ്ശിക്ക്. വാല്യക്കാർ ആ മുന്നിൽ ഭയാ‍ദരങ്ങളോടെ നിൽക്കുമ്പോഴും തനിക്കരികിൽ തുളുമ്പുന്ന സ്നേഹവും വാത്സല്യവുമാണവർ. തൊണ്ണൂറൂ ദിവസത്തെ കഠിനവ്രതചര്യകളിൽ കടുകിട വീഴ്ച വരാതിരിക്കാൻ വാർദ്ധക്യത്തിന്റെ അസ്ക്യതകൾ വക വയ്ക്കാതെ പാവം മുത്തശ്ശി തന്റെ കൂടെ തന്നെ നിന്നു. തൊണ്ണൂറു ദിവസം ഭർത്താവിനോടൊപ്പം തനിക്കും വ്രതം. പരസ്പരം സ്പർശം നിഷിദ്ധം. മുത്തശ്ശിയുടെ അറയിലായിരുന്നു ഉറക്കം. ഏഴര നാഴിക വെളുപ്പുള്ളപ്പോൾ ശ്രീദേവിയെ വിളിച്ചുണർത്തുന്നു മുത്തശ്ശി. തണുപ്പു വകവയ്ക്കാതെ ക്ഷേത്രക്കുളത്തിൽ ഒപ്പം മുങ്ങി നിവരുന്നു. ഈറനോടെ ക്ഷേത്രത്തിന്റെ തെക്കുകിഴക്കു മൂലയിൽ നിൽക്കുന്ന അരയാലിനെ ഏഴുവട്ടം പ്രദക്ഷിണം വയ്പ്പിച്ച് ഇഷ്ടപുത്രലബ്ധിക്കായി തന്നെക്കൊണ്ട് സന്താനഗോപാലമന്ത്രവും ചൊല്ലിക്കുമ്പോൾ മുത്തശ്ശി കൂടെ തന്നെ. ഈറനോടെ തന്നെ ക്ഷേത്രത്തിലെ ഉഷപൂജ തൊഴുതു ഇല്ലത്തേക്കു മടങ്ങിയാൽ ആദ്യം വെറും വയറ്റിൽ തനിക്കു, പ്രത്യേകം പൂജിച്ച നെയ്സേവ. പിന്നെ അന്നേ ദിവസം ക്ഷേത്രത്തിലെ നിത്യപൂജകളോടൊപ്പം തങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പൂജകൾക്കൊക്കെ തന്നെയും കൂട്ടി സന്നിഹിത.

കൊടി കയറിയ അന്നു മുതൽ ക്ഷേത്രത്തിൽ മൂന്നു പൂജകൾക്കു പകരം അഞ്ചു പൂജകളാണ്. ആചാരമനുസരിച്ച് ക്ഷേത്രത്തിലെ പ്രധാനപൂജാരിയായിരിക്കേണ്ടത് ഇല്ലത്തെ പ്രതിനിധിയാണ്. മുത്തശ്ശിയുടെ ഏകമകൻ അകാലത്തിൽ മരിക്കും വരെ അദ്ദേഹമായിരുന്നു ആ സ്ഥാനം വഹിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിനു ശേഷം ആ സ്ഥാനം വഹിക്കേണ്ടിയിരുന്ന പൌത്രന് ഇത്തരം പാരമ്പര്യാനുഷ്ഠാനങ്ങളിൽ തളക്കപ്പെട്ടു കിടക്കുന്നതിന് അശേഷം താൽ‌പ്പര്യമില്ലായിരുന്നു. എഞ്ചിനീയറായ അദ്ദേഹം മുത്തശ്ശിയുടെ തൃപ്തിക്കു വേണ്ടി മാത്രം ഉത്സവത്തോടനുബന്ധിച്ച് ദീക്ഷയെടുക്കുന്നു

തൊണ്ണൂറു നാൾ ഒരു നേരം മാത്രം അന്നം. അതും ക്ഷേത്രത്തിൽ നിന്നുള്ള പടച്ചോറ്. ശേഷം പാലും പഴങ്ങളും മാത്രം. ഇഷ്ടപുത്രലാഭത്തിനായുള്ള പ്രത്യേക പൂജകളോടനുബന്ധിച്ച് തന്ത്രി ഇപ്രകാരം നിർദ്ദേശിച്ചത് പൌത്രനും പൌത്രഭാര്യയായ തനിക്കും വേണ്ടിയാണെങ്കിലും പ്രായമായ മുത്തശ്ശിയും, എതിർപ്പുകളെ വക വയ്ക്കാതെ അവയെല്ലാം നോക്കുന്നത് ആ സ്നേഹവും കരുതലും കൊണ്ടു മാത്രം. തൊണ്ണൂറൂ നാളത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് ഇന്നവസാനം. ശ്രീബലിക്കും തൃപ്പുകക്കും ശേഷം ക്ഷേത്രനടയടച്ചു കഴിഞ്ഞാൽ നോമ്പു മുറിക്കാം. ഉത്സവാഘോഷങ്ങൾ അവസാനിക്കുന്ന ഈ നാളിൽ, ദേവിക്കു മുന്നിൽ നിന്ന് ദീപാരാധന തൊഴുന്ന മുത്തശ്ശി അകം കലങ്ങി ദേവിയെ വിളിക്കുന്നുണ്ടാകും “ ദേവീ, തലമുറകളുടെ കണ്ണികൾ മുറിഞ്ഞു പോകാതെ കാക്കണേ” എന്ന്.

തൊട്ടു മുന്നിൽ നിന്നു തൊഴുന്ന മുത്തശ്ശിയുടെ മുഴുവൻ വെള്ളി കെട്ടിയ മുടിയിഴകളുടെ അതിർ വരമ്പിലൂടെ, ശ്രീകോവിലിനുള്ളിൽ മുഴുക്കാപ്പണിഞ്ഞ്, ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ദേവീവിഗ്രഹത്തിൽ മിഴിയർപ്പിച്ചു നിൽക്കുമ്പോൾ ശ്രീദേവിയുടെ മനസ്സിൽ, മൂന്നു വർഷങ്ങൾക്കപ്പുറത്തെ വിവാനാളായിരുന്നു. അന്ന് നിറദീപവുമേന്തി ഗൃഹപ്രവേശം നടത്തുമ്പോൾ മുത്തശ്ശിയുടെ ആത്മഗതം കേട്ടു “മുഴുക്കാപ്പണിഞ്ഞ ദേവീവിഗ്രഹം തന്നെ. നല്ല ഐശ്വര്യോള്ള കുട്ടി.“ ഇന്നു വരെ ആ സ്നേഹത്തിന് ഒരു ഭംഗവും വന്നിട്ടില്ല. ഭർത്താവിന്റെ മുത്തശ്ശിയായിരുന്നിട്ടും അവർക്ക് താൻ സ്വന്തം പൌത്രി തന്നെയായിരുന്നു. ദരിദ്രരായിരുന്നു ശ്രീദേവിയുടെ മാതാപിതാക്കൾ. അമ്മയുടെ മാതുലന്റെ കാരുണ്യത്തിൽ ഒരു വലിയ കൂട്ടുകുടുംബത്തിൽ ആശ്രിതരായാണു, ഇളയ രണ്ടു സഹോദരിമാരോടും മാതാപിതാക്കളൊടുമൊപ്പം ശ്രീദേവി കഴിഞ്ഞിരുന്നത്. വിവാഹാനന്തരം ഒരു ആശ്രിതത്വത്തിൽ നിന്ന് മറ്റൊന്നിലേക്ക്, എന്നേ ശ്രീദേവി കരുതിയിരുന്നുള്ളു. എന്നാൽ ഇവിടെ ശ്രീദേവിയെ എതിരേറ്റത് സ്നേഹത്തിന്റെ നിറകുടമായ മുത്തശ്ശിയാണ്. അനുഭവിച്ചത് അതുവരെ അറിയാത്ത സ്വാതന്ത്ര്യവും.

പഴമയുടെ ആഢ്യത്വം നിറഞ്ഞു നിന്നിരുന്ന ആ നാലുകെട്ടിനകത്ത് പക്ഷെ, സ്വന്തം ഇല്ലത്തു നിന്ന് വ്യത്യസ്തമായി വല്ലാത്തൊരേകാന്തതയായിരുന്നു ശ്രീദേവിക്ക്. അതിൽ നിന്നു രക്ഷപ്പെടാൻ എന്തെങ്കിലുമൊക്കെ അകജോലികളോ തോട്ടമുണ്ടാക്കലോ ഒക്കെ ചെയ്യാൻ ശ്രീദേവിക്കിഷ്ടമായിരുന്നെങ്കിലും മുത്തശ്ശി അതിനൊന്നും സമ്മതിച്ചിരുന്നില്ല. എന്തിനും ഏതിനും വാല്യക്കാർ. ഉച്ച വരെ മുത്തശ്ശി വാല്യക്കാർക്കും പുറം പണിക്കാർക്കുമുള്ള പല തരം നിർദ്ദേങ്ങളുമായി തിരക്കിലായിരിക്കും. ഉച്ച ഭക്ഷണം കഴിഞ്ഞ്, മുത്തശ്ശിയുടെ പതിവുറക്കവും കഴിഞ്ഞാൽ ശ്രീദേവിക്ക് മുത്തശ്ശിയെ അടുത്തു കിട്ടും. നാലും കൂട്ടി മുറുക്കാൻ ഇടിച്ചു കൊടുക്കുമ്പോൾ മുത്തശ്ശി പറയാറുള്ള പഴം കഥകളാണ് ഈ വിരസതയിൽ നിന്നുള്ള ഒരു മോചനമാർഗ്ഗം. അല്ലാത്തപ്പോൾ വായനാമുറിയിൽ ധാരാളമായിരിക്കുന്ന പഴയതും പുതിയതുമായ പുസ്തകശേഖരങ്ങളും.

അങ്ങിനെയുള്ള ഒരു ദിവസം വല്ലാതെ മടുപ്പു തോന്നിയപ്പോഴാണ്, വെയിൽ താഴാൻ തുടങ്ങിയ ഒരു നേരത്ത്, മുത്തശ്ശി ഉറക്കമുണരുന്നതിനു മുമ്പ് തിരിച്ചെത്താമെന്നു കരുതി ശ്രീദേവി, തൊടിയിലൂടെ ഒന്നു നടക്കാനിറങ്ങിയത്. വിവാഹം കഴിഞ്ഞ് ഒരുമാസമായെങ്കിലും തൊടിയിലേക്കൊന്നും ശ്രീദേവി ഇറങ്ങിയിട്ടേ ഇല്ലായിരുന്നു. അതു കൊണ്ടാകണം, പതിവില്ലാതെ പുറത്തേക്കിറങ്ങിയ ശ്രീദേവിയെ വാല്യക്കാരി തുറിച്ചു നോക്കി നിന്നത്. ഇല്ലത്തിനു ചുറ്റും ഏക്കറുകണക്കിന് സ്ഥലം ഇല്ലത്തിന്റേതായുണ്ട്. തെക്കും കിഴക്കും ഭാഗങ്ങളിൽ തെങ്ങുകളുടേയും കവുങ്ങുകളുടേയും തോട്ടങ്ങൾ. പടിഞ്ഞാറുമാറി കൊണ്ടൽ കൃഷികളും മറ്റും. വടക്കോട്ടൽ‌പ്പം നടന്നാൽ കവുങ്ങു തോട്ടത്തിനപ്പുറം വിശാലമായ നെൽ‌പ്പാടങ്ങൾ. കുളിർകാറ്റേറ്റു തൊടിയിൽ നിൽക്കുമ്പോൾ, എത്ര ശാലീനസുന്ദരമാണ് ഈ പ്രദേശം, എന്നു ചിന്തിക്കുകയായിരുന്നു ശ്രീദേവി. എങ്ങോട്ടു തിരിയണമെന്നോർത്തു നിൽക്കുമ്പോൾ കവുങ്ങു തോട്ടത്തിനിടയിലൂടെ ദൂരെ കാണായ പച്ച വയലേലകൾ തന്നെ മാടി വിളിക്കുന്നു. വല്ലാത്തൊരാകർഷണീയതയിൽ വയലരികിലെത്തി, അതിന്റെ വിശാലതക്കപ്പുറത്തേക്ക് കണ്ണോടിക്കുമ്പോൾ കണ്ടു, വയലുകൾക്കപ്പുറത്തും തലയുയർത്തി നിൽക്കുന്ന പലതരം മരങ്ങൾ. മറ്റു മരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വയലരികിലായി പടർന്നു പന്തലിച്ചു നിന്ന വലിയൊരു വൃക്ഷവും അതിനു താഴെ
കെട്ടിയുണ്ടാക്കിയിരിക്കുന്ന കൽമണ്ഡപവും അൽ‌പ്പം കൌതുകത്തോടെ നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് പിന്നിൽ നിന്ന് മുത്തശ്ശിയുടെ പകച്ചുള്ള വിളി കേട്ടത്. വടിയൂന്നിയൂന്നി മുത്തശ്ശിയും കൂടെ ഒരു വാല്യക്കാരിയും ഓടിയും നടന്നും വെപ്രാളത്തോടെ വരികയാണ്. “എന്തിനാ കുട്ട്യേ ആരോടും മിണ്ടാതെ ഇങ്ങോട്ടിറങ്ങിപ്പോന്നത്. ഇവിടെ നിന്നു ചുറ്റിക്കറങ്ങാതെ, വരിക” എന്നു പറഞ്ഞ് തിരിഞ്ഞു നടന്ന മുത്തശ്ശിയുടെ വാക്കുകളിലെ പകപ്പും കോപവും തിരിച്ചറിഞ്ഞ്, മിണ്ടാതെ പുറകേ നടന്നു പോരുമ്പോൾ മുത്തശ്ശി വിറയാർന്ന ശബ്ദത്തിൽ ജപിക്കുന്നുണ്ടായിരുന്നതെന്തെന്ന് വ്യക്തമായില്ല ശ്രീദേവിക്ക്.

വിലക്കുകൾ ജീവിതത്തിൽ ഇതാദ്യമല്ലെങ്കിലും ഭർത്തൃഗൃഹത്തിൽ വന്ന ശേഷം മുത്തശ്ശിയുടെ മുഖത്ത് ആദ്യമായി കണ്ട ഈർഷ്യയിൽ മനസ്സിലുണർന്ന ഉന്മേഷം പെട്ടെന്ന് കെട്ടടങ്ങി. നടുമുറ്റത്തെ ഒരു മൂലയിൽ വളർന്നു നിൽക്കുന്ന മുല്ലച്ചെടിയെ നോക്കി അരഭിത്തിയിലിരിക്കുമ്പോൾ മുടിയിൽ അരുമയാർന്നൊരു തലോടൽ. മുത്തശ്ശിയാണ്, “സങ്കടായോ എന്റൂട്ടിക്ക്” എന്നു ചോദിച്ച്. “ഒന്നൂല്ല്യ മുത്തശ്ശി” എന്നു പറഞ്ഞെങ്കിലും ശബ്ദത്തിലെ സങ്കടം മുത്തശ്ശി തിരിച്ചറിഞ്ഞിട്ടുണ്ടാകും. അന്നു മുത്തശ്ശിക്ക് വെറ്റിലയടക്ക ഇടിച്ചു കൊടുക്കാനിരുന്നപ്പോഴാണ് “കുട്ട്യേ പേടിപ്പിക്കണ്ടാന്നോർത്ത് പറയാതിരുന്നതാണ്” എന്ന മുഖവുരയോടെ മുത്തശ്ശി ആ പഴം കഥകൾ പറയാൻ തുടങ്ങിയത്. ആ ഇല്ലം, പിൻ‌തലമുറക്കായുസ്സുണ്ടാവില്ല എന്നൊരു ശാപത്താൽ ഗ്രസ്തമാണത്രേ. ശ്രീദേവിക്കറിയില്ല എന്നോർത്താണ് മുത്തശ്ശിയതു പറഞ്ഞതെങ്കിലും, വേളിക്കു മുമ്പു തന്നെ ആ ഇല്ലത്തെ കുറിച്ച് അപ്രകാരം ഒരു ചൊല്ല് ശ്രീദേവിയും കേട്ടിരിക്കുന്നു. അങ്ങിനെയൊരു ഇല്ലമായതിനാലാണല്ലോ, ഒരു ദരിദ്രനമ്പൂതിരിയുടെ മൂത്ത മകളായ തന്നെ, ഇവിടത്തെ വിദ്യാസമ്പന്നനായ ഏക ആൺ തരിക്ക് വേളിയാക്കേണ്ടി വന്നത്. ഭർത്തൃഗൃഹത്തിൽ വന്ന ശേഷം, ശാപഗ്രസ്തമായ ഇല്ലം എന്ന ആ നാട്ടു സംസാരം, ഒരിക്കൽ പോലും ശ്രീദേവി ഓർത്തിട്ടില്ല. എന്നാലിപ്പോൾ മുന്നിലിരുന്നു കഥ പറയുന്ന മുത്തശ്ശിയുടെ കണ്ണുകളിൽ നിഴലിടുന്ന ഭയം, മുത്തശ്ശി മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രീദേവിക്ക് വ്യക്തമാണ്

മുത്തശ്ശി കഥ പറയുകയാണ്, മുത്തശ്ശിക്കു മുമ്പ് ഒരു മൂന്നു തലമുറക്കപ്പുറത്തെ, യൌവ്വനത്തിൽ തന്നെ തറവാട്ടു കാരണവസ്ഥാനത്തെത്തിയ ഭവത്രാതൻ നമ്പൂതിരിയുടെ കഥ. മുത്തശ്ശിയുടെ മങ്ങിയ കണ്ണുകളിൽ വിളറി പ്രതിബിംബിക്കുന്ന ഭയത്തിൽ ശ്രീദേവി കണ്ടു; കുടുമ വച്ച്, പൂണൂൽ ധരിച്ച്, തടിച്ച കൂട്ടുപുരികങ്ങളോടും ആജ്ഞാശക്തിയുള്ള കണ്ണുകളോടും കൂടിയ ആജാനുബാഹുവായ ആ മുൻ‌കാരണവരെ. വേദമന്ത്രോപാസകൻ. ഉഗ്രക്രിയകൾ സ്വായത്തമാക്കിയവൻ. നാടും നാട്ടാരും ഭയഭക്തിബഹുമാനങ്ങളർപ്പിച്ചു കാണുന്നവൻ. കഠിനബ്രഹ്മചാരി. തറവാട്ടു ദേവീക്ഷേത്രത്തിലെ മുഖ്യകാർമികൻ. അതോടൊപ്പം അന്യനാടുകളിൽ നിന്നു പോലും പൂജകൾക്കും ഉച്ചാടനങ്ങൾക്കുമായി ആളുകൾ വിശ്വാസത്തോടെ സമീപിക്കുന്നവൻ

സൽ‌പൂജകൾ വിട്ട് ക്ഷുദ്രപ്രയോഗങ്ങളിലേക്കും ആഭിചാരക്രിയകളിലേക്കും ഭവത്രാതൻ നമ്പൂതിരി തിരിഞ്ഞത് തൊട്ടടുത്ത ദേശത്തെ ഒരു യക്ഷിയുപദ്രവം ഒഴിപ്പിച്ചതോടെയാണത്രേ. രക്തദാഹിയായ യക്ഷി അതിസുന്ദരീരൂപം പൂണ്ട്, രാത്രി സഞ്ചാരികളെ വശീകരിച്ച് സുരതദാഹശമനശേഷം അലറിവിളിക്കുന്ന വടയക്ഷീരൂപം പൂണ്ട് അവരുടെ രക്തം ഊറ്റിക്കുടിക്കുന്നു. പിറ്റേ ദിവസം യക്ഷി കുടിയിരിക്കുന്ന കരിമ്പനച്ചുവട്ടിലോ അല്ലെങ്കിൽ വനതുല്യമായ ആ സ്ഥലത്തെ മറ്റെവിടെയെങ്കിലുമോ നാട്ടാർക്കു കാണാം, വയറു കീളിപ്പിളർന്നോ തല തകർന്നോ ഒക്കെ ജഢങ്ങൾ. രാത്രികാലങ്ങളിൽ, മദയാനയുടെ ചിന്നം വിളിക്കു സമമായുള്ള, യക്ഷിയുടെ സുരതശമനശേഷമുള്ള അലർച്ച കേട്ടാൽ, പിറ്റേ ദിവസം ഒരു യുവാവിന്റെ കീറിപ്പിളർന്ന മൃതശരീരം നാട്ടുകാർ പ്രതീക്ഷിക്കുകയായി. ഭയാനകത നിറഞ്ഞു നിന്ന ആ പ്രദേശം ആളുകൾ കഴിവതും ഒഴിവാക്കി തുടങ്ങിയപ്പോഴാണു, ഗ്രാമമുഖ്യൻ ഭവത്രാതൻ നമ്പൂതിരിക്കു ആളു വിടുന്നത്. ഉഗ്രക്രിയകളാൽ യക്ഷിയെ ആവാഹിച്ചടിമയാക്കി, കൂടെ തന്നെ കൊണ്ടു പോന്നൂ നമ്പൂതിരി. എന്നിട്ട് ഇല്ലത്തിനു വടക്കു മാറിയുള്ള പാലമരത്തിൽ കുടിയിരുത്തിച്ചു. സത്കർമ്മചാരിയായിരുന്ന നമ്പൂതിരിയുടെ മാർഗ്ഗവിഭ്രംശം അവിടം മുതലാകണം

യക്ഷിയെ ബലിമന്ത്രസുരതങ്ങളാൽ പ്രീണിപ്പിച്ച് അഗോചരങ്ങളായ നിധികൾ നേടുക എന്നതായിരുന്നു നമ്പൂതിരിയുടെ ആദ്യകാല ഉദ്ദേശമെങ്കിലും, പിന്നീട് തനിക്കെതിരെ നിൽക്കുന്നവരെ ഹനിക്കുന്നതിനും സുന്ദരികളായ യുവതികളെ വശീകരിച്ചുപയോഗിക്കുന്നതിനും യക്ഷിയെ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഗ്രാമം നമ്പൂതിരിയിലെ പൈശാചികത കണ്ടു. ആളുകൾ നമ്പൂതിരിയെ വല്ലാതെ ഭയപ്പെട്ടു. ആ പ്രദേശത്തെ ചൂഴ്ന്നു നിന്ന ഭയത്തിന്റെ ഉള്ളറകളിലേക്കൊതുങ്ങി, രാപ്പകൽ ഭേദമെന്യേ ഗ്രാമം നിശ്ശബ്ദമായി.

കാലാന്തരത്തിൽ കുടുംബക്ഷേത്രത്തെ പാടെ അവഗണിച്ച നമ്പൂതിരി, യക്ഷിയുടെ മുഴു ഉപാസകനായി മാറി. ദേവീചൈതന്യം നഷ്ടപ്പെട്ട് ക്ഷേത്രം പാഴടഞ്ഞു. പാലച്ചുവട്ടിലെ ദീപ,ധൂപ,രുധിര പൂജകളിലും ഉപാസകസംഗമങ്ങളിലും യക്ഷി തിമിർത്തു. നമ്പൂതിരിയെ എതിർക്കാൻ ശക്തിയുള്ളവർ ആ പ്രദേശത്താരുമുണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തെ അജയ്യനാക്കി. പൈശാചീകതയുടെ മുഴുരൂപത്തിലേക്കെത്തി നിന്ന നമ്പൂതിരിയുടെ മനസ്സിലെ ഉറങ്ങിക്കിടന്ന ഏതു തരളഭാവമാണെന്നറിയില്ല, താൻ വശീകരിച്ചുപയോഗിച്ച അനേകം യുവതികളിലൊരാളായ താത്രിക്കുട്ടിയിൽ അദ്ദേഹത്തെ അനുരക്തനാക്കിത്തീർത്തത്. ഒരിക്കൽ തന്റെ ആവശ്യം കഴിഞ്ഞാൽ പിന്നെ അതേ പെണ്ണിനെ പിന്നൊരിക്കലും വശീകരിച്ച് വശത്താക്കണമെന്ന് നമ്പൂതിരിക്കു തോന്നിയിട്ടില്ല. പക്ഷെ താത്രിക്കുട്ടിയിൽ നമ്പൂതിരി വല്ലാതെ ആകൃഷ്ടനായി. അത് പ്രണയത്തിലേക്ക് വഴി മാറുന്നതിന് അധികം താമസമുണ്ടായില്ല. കഠിനചര്യകളാൽ നിലനിറുത്തിപ്പോന്നിരുന്ന മന്ത്രവിദ്യകൾക്ക് കാലക്രമേണ മുടക്കം വന്നു. ശ്രദ്ധ താത്രിക്കുട്ടി എന്ന കേന്ദ്രബിന്ദുവിലേക്കൊതുങ്ങിയപ്പോൾ യക്ഷീയുപാസനകൾക്കും മുടക്കം നേരിട്ടു. തന്നെ ബന്ധിച്ചിരുന്ന മന്ത്രപാശങ്ങൾക്ക് ശക്തിക്ഷയം വന്നതോടെ യക്ഷി സ്വതന്ത്രയായി. ഒരുകാലത്ത് അടുത്ത ഗ്രാമത്തെ നടുക്കിയിരുന്ന മത്തഗജസമാനമായ അലർച്ച, ഏറെ നാളുകൾക്കു ശേഷം വീണ്ടും ഒരു പാതിരാവിനെ വിറപ്പിച്ചു. പിറ്റേന്നാൾ താത്രിക്കുട്ടിയുടെ ഇല്ലത്തേക്കുള്ള മാർഗ്ഗത്തിലെ ഒരു വനത്തിനു സമീപപ്രദേശത്ത് വയറു കീറിപ്പിളർന്ന്, തലതകർന്ന് ഭവത്രാതൻ നമ്പൂതിരിയുടെ മൃതശരീരം കിടന്നു.

അന്നു മുതൽ ആ ഗ്രാമത്തിൽ വടയക്ഷിയുടെ തേർവാഴ്ച തുടങ്ങി. ഗ്രാമം പൂർവ്വാധികം ഭയത്തിന്റെ പിടിയിലായി. അസ്വാഭാവീകമരണങ്ങൾ നിത്യസംഭവങ്ങളായി. ഏറെ നാളുകൾക്കു ശേഷം ഭവത്രാതൻ നമ്പൂതിരിയുടെ നേർ പെങ്ങളാണ്, ദൂരെ ദൂരെ ദിക്കിലുള്ള പേരു കേട്ടൊരു താന്ത്രികനെ വരുത്തി, അദ്ദേഹത്തെ കൊണ്ട് തൊണ്ണൂറു നാളത്തെ ഉഗ്രപൂജകൾക്കു ശേഷം യക്ഷിയെ, കാഞ്ഞിരമരത്തിൽ കൊത്തിയുണ്ടാക്കിയ സ്ത്രീ രൂപത്തിലേക്കാവാഹിച്ച്, യക്ഷിക്ക് ഇനിയൊന്നനങ്ങാനാവാത്ത വിധം പ്രതിമയുടെ തലയിൽ മന്ത്രമുദ്രിതമായ ആണിയടിച്ചു ബന്ധിച്ച്, ഭവത്രാതൻ നമ്പൂതിരി യക്ഷിയെ ആവാഹിച്ചിരുത്തിയ അതേ പാലച്ചുവട്ടിൽ കുടിയിരുത്തിയത്. ചൈതന്യം നഷ്ടപ്പെട്ടു പാഴടഞ്ഞ തറവാട്ടു ദേവീക്ഷേത്രം പുനരുദ്ധരിച്ച്, അതിനകം പൂജാവിധികൾ അഭ്യസിച്ച, ഭവത്രാതൻ നമ്പൂതിരിയുടെ സഹോദരീപുത്രനെ മുഖ്യകാർമ്മികത്വമേൽ‌പ്പിക്കുമ്പോൾ, നാടിനെ ചൂഴ്ന്നു നിന്ന ഒരു ദുഷ്കാലത്തിന് അങ്ങിനെ അറുതിയായെങ്കിലും, താന്ത്രികൻ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിച്ചു. എല്ലാ മുപ്പട്ടു വെള്ളിയാഴ്ചകളിലും യക്ഷിക്കു വിളക്കും പൂജയും നടത്തുക. തറവാട്ടു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് യക്ഷിക്കും പ്രത്യേക പൂജകൾ നടത്തുക. എങ്കിൽ പോലും ബന്ധിതയായപ്പോൾ ഭവത്രാതൻ നമ്പൂതിരിയുടെ കുടുംബത്തിനു നേരേ ചൊരിഞ്ഞ യക്ഷീശാപം മറികടക്കാൻ പ്രയാസമാണത്രേ.

യക്ഷീശാപം! ഭവത്രാതൻ നമ്പൂതിരിയുടെ ഇല്ലത്തെ പിൻ‌തലമുറ ആയുസ്സെത്തില്ല എന്ന ശാപം! അത് വേളി കഴിഞ്ഞ് തറവാട്ടിലെത്തുന്നവർക്കും ബാധകമാണ് എന്നതാണ് വേളിയുടെ അന്നു തന്നെ മുത്തശ്ശി തന്റെയരയിൽ കെട്ടി തന്ന ഏലസ്സു തന്നോട് പറയുന്നത്. യക്ഷിയെ ബന്ധിതയാക്കിയ അന്നു മുതൽ ഇല്ലത്തെ ഓരോ അംഗങ്ങൾക്കും പ്രത്യേകം ജപിച്ച ഏലസ്സുകളുടേയും അവ കോർത്ത മന്ത്രച്ചരടുകളുടേയും സംരക്ഷണം. എന്നിട്ടും ഭവത്രാതൻ നമ്പൂതിരിയുടെ സഹോദരീപുത്രൻ അകാലത്തിൽ മരണമടഞ്ഞു. അദ്ദേഹത്തിന്റെ സഹോദരിയുടെ, പതിനാറു വയസ്സു മാത്രമെത്തിയ മകന് ക്ഷേത്രച്ചുമതലയായി. വസൂരി വന്ന് പിന്നീട് അദ്ദേഹവും മരണമടഞ്ഞു. ആ ശ്രേണിയിൽ മുത്തശ്ശി കേട്ടതും കണ്ടതുമായ അകാലമരണങ്ങളിൽ ഒടുക്കത്തേത് എകപുത്രന്റേതും പുത്രഭാര്യയുടേതുമാണ്; ഒരു കാർ ആക്സിഡന്റിൽ. അന്നു പൌത്രൻ കൌമാരപ്രായമെത്തുന്നതേയുള്ളു. പിന്നീട് ക്ഷേത്രച്ചുമതലകൾ മറ്റൊരു പൂജാരിയെ ഏൽ‌പ്പിച്ച് പ്രത്യേകാവസരങ്ങളിൽ പൌത്രനെക്കൊണ്ട് ദീക്ഷയെടുപ്പിക്കുമായിരുന്നു മുത്തശ്ശി. ഇതാ ഇപ്പോൾ തറവാട്ടിലെ ഏക ആൺ‌തരിയായ പൌത്രന്റെ ഭാര്യയിൽ യക്ഷിയുടെ ശാപദൃഷ്ടികൾ പതിഞ്ഞിട്ടുണ്ടോ എന്ന് മുത്തശ്ശി ഭയപ്പെടുന്നു. യക്ഷിയുടെ ദൃഷ്ടികളിൽ നിന്നും, ഇല്ലത്തിന്റെ നാലതിരുകൾക്കകത്തെ, പൂജകളാൽ പ്രത്യേകം സംരക്ഷിതമായ അറകൾക്കുള്ളിൽ പാവം മുത്തശ്ശി തന്നെ ഒളിപ്പിച്ചു നിറുത്തിയിരിക്കയായിരുന്നു എന്ന് അന്നാണ് ശ്രീദേവിക്കു മനസ്സിലായത്. മുപ്പട്ടു വെള്ളിയാഴ്ചകളിൽ യക്ഷിക്കു വിളക്കു വയ്ക്കുവാൻ വാല്യക്കാരോടൊപ്പം മുത്തശ്ശി തന്നെയാണ് പോകാറ്. ഇല്ലത്തെ വേറൊരാളും യക്ഷീദൃഷ്ടിയിൽ പെടാതിരിക്കാൻ. പക്ഷെ അന്നു താനതു ഭേദിച്ചു പുറത്തു പോയതോർത്ത് ആ വൃദ്ധഹൃദയം ഭയത്താൽ തേങ്ങുന്നത്, അന്ന്, ആ മടിയിൽ തല ചായ്ച്ചു കിടന്ന ശ്രീദേവി അറിയുന്നുണ്ടായിരുന്നു.

മുത്തശ്ശിയുടെ ആ ഭയത്തിന് പൂർണ്ണത കൈ വന്ന പോലെ പിന്നീടുള്ള മൂന്നു വർഷങ്ങൾ. ഒരു ഉണ്ണിക്കാൽ കണ്ടിട്ടു മരിക്കാൻ കഴിയണേയെന്ന മുത്തശ്ശിയുടെ അദമ്യമായ ആഗ്രഹത്തിന്റെ പരിണതിയാണ് തൊണ്ണൂറു നാൾ നീണ്ടു നിന്ന പൂജകൾ, പ്രാർത്ഥനകൾ, അനുഷ്ഠാനങ്ങൾ....ഇന്നേക്ക് അത്താഴപൂജക്കു ശേഷം, ക്ഷേത്രനട അടച്ച ഈ മുഹൂർത്തത്തിൽ അതിനവസാനം. തൊണ്ണൂറു നാളുകൾ നീണ്ട മുത്തശ്ശിയുടെ കൂടെയുള്ള അന്തിയുറക്കത്തിനും. അന്ന് സ്വന്തം കിടപ്പറയിലേക്കു പോകുന്നതിനു മുമ്പേ ശ്രീദേവിയുടെ നിറുകയിൽ തലോടി മുത്തശ്ശി പറഞ്ഞു “ മനസ്സറിഞ്ഞു പ്രാർത്ഥിക്കുക ദേവിയോട്, ദീർഘായുഷ്മാനായ ഒരു പുത്രനെ തരണേ എന്ന്”

നീണ്ട വ്രതാനുഷ്ഠാനങ്ങൾക്കും ക്ഷേത്രത്തിലെ ഉത്സവനാളത്തെ ചടങ്ങുകൾക്കും ശേഷം വളരേ ക്ഷീണിതയായിരുന്നു ശ്രീദേവി. തളർച്ചയോടെ വന്നു കിടക്കുമ്പോൾ അതിലേറെ തളർച്ചയോടെ അദ്ദേഹം അരികിലുറങ്ങുന്നു. ശ്രീദേവിക്ക് പക്ഷെ ഉറക്കം വന്നില്ല. ആചരിച്ച വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചോർത്ത അവളുടെ മനസ്സിലേക്ക് അവസാനം മുത്തശ്ശിയുടെ മുഖം ഒരു നിറദീപം പോലെ തെളിഞ്ഞു വന്നു. ഒരു കുഞ്ഞിനെ തറവാടിനു നൽകാൻ കഴിയാത്ത തന്നെ എന്തു കൊണ്ട് അവർ നിഷേധിക്കുന്നില്ല, അല്ലെങ്കിൽ നിഷേധിച്ചു കൂടാ! നിറഞ്ഞു വന്ന കണ്ണുകൾ ശ്രീദേവി അമർത്തിത്തുടച്ചു. ഉറക്കത്തിലൊന്നനങ്ങിക്കിടന്ന ഭർത്തവിന്റെ വലതു കൈപ്പത്തി തളർന്ന ഒരു ചീരത്തണ്ടിനു സമാനം, ഭർത്താവിനെതിരെ വശം തിരിഞ്ഞു കിടന്നിരുന്നു ശ്രീദേവിയുടെ ദേഹത്തു വന്നു വീണു. അവൾ സാവധാനം അതിൽ നിന്നും ഊർന്ന് മാറിക്കിടന്നു. മുടിയുലഞ്ഞ്, സീമന്തരേഖയിലണിഞ്ഞിരുന്ന ചന്ദനവും സിന്ദൂരവും കലർന്ന കുറി, പൊടിഞ്ഞ് കണ്ണിൽ വീണത് കണ്ണിൽ അസ്വസ്ഥതയുണ്ടാക്കിയെങ്കിലും നിറഞ്ഞു വന്ന കണ്ണീരിനൊപ്പം അത് ഒഴുകിപ്പോയി. മുത്തശ്ശി ചാർത്തിത്തന്നതാണ്, നിവേദ്യത്തോടൊപ്പം ഇലച്ചീന്തിൽ കിട്ടിയ ചന്ദനവും കുങ്കുമവും കലർന്ന മിശ്രിതം. സീമന്തരേഖയിൽ ചാർത്തിയതിനൊപ്പം താലിയിലും തൊട്ടു തന്നു അൽ‌പ്പം.

സീമന്ത രേഖയിലെ സിന്ദൂരം. ഒരു ഹൈന്ദവാചാരം. സുമംഗലികൾ അണിയുന്നത്. തന്റെ കന്യകാത്വം ഒരു പുരുഷനാൽ ഭേദിക്കപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്നുവത്രേ സീമന്തരേഖയിലെ സിന്ദൂരം. എന്നാൽ അത് ആദ്യമായണിഞ്ഞതോ, വിവാഹത്തിന്റെയന്ന്, വിവാഹത്തിനു സന്നിഹിതരായ അനേകം ആളുകളുടെ മുന്നിൽ വച്ച്. അതിലെ തമാശയോർത്തു ശ്രീദേവി.

താലിയിലെ സിന്ദൂരം പതുക്കെ അടർത്തിക്കളഞ്ഞു. പിന്നെ കൈ സീമന്തരേഖയിലേക്കു നീണ്ടു. അവിടെ പൊടിഞ്ഞു താഴെ വീഴാതെ ബാക്കി നിന്ന സിന്ദൂരവും കണ്ണിൽ വീഴാതെ തൂത്തു കളഞ്ഞു. പിന്നെ തലയാകെ പരതിയന്വേഷിച്ചു; തനിക്കഗോചരമായ, വിവാഹനാൾ മുതൽ താനന്വേഷിക്കുന്ന, തനിക്കപ്രാപ്യമായ ആ ആണി തലയിലെവിടെയാണു തറഞ്ഞിരിക്കുന്നതെന്ന്. എന്നിട്ട് പ്രാർത്ഥിച്ചു, ഇഷ്ടപുത്രലാഭത്തിനല്ല, ഒരു നിമിഷത്തേക്കെങ്കിലും ആ ആണിയൊന്നു പറിച്ചൂരിയെറിയാൻ... എന്നിട്ട് ആർത്തട്ടഹസിച്ച് ചിരിച്ച്, മനസ്സിലെ അടക്കിപ്പിടിച്ച കാമനകൾക്ക് ഉഗ്രരൂപമേകാൻ..

Friday 16 January 2009

‘ഒന്നു വച്ചാൽ രണ്ട്...രണ്ടു വച്ചാൽ നാല്....

...........ആർക്കും വയ്ക്കാം..വരിക..വരിക..’

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ വഴിവാണിഭം കൂടി കൊഴുക്കുന്ന ആ തെരുവിൽ മറ്റെല്ലാ ശബ്ദങ്ങൾക്കും മേലേ ഉയർന്നു കേൾക്കുന്നത്, ഒരു പ്രത്യേക ഈണത്തിൽ ‘അയാൾ’ വിളിച്ചു പറയുന്ന മേൽ‌പ്പറഞ്ഞ വാചകങ്ങളാണ്. വഴിവാണിഭക്കാരുടെ അധികം തിരക്കില്ലാത്ത, എന്നാൽ തെരുവിന്റെ മുഴുവൻ കാഴ്ചയും കിട്ടുന്ന തരത്തിലുള്ള ഒരരികിൽ, നിലത്ത് ദീർഘചതുരത്തിലുള്ള ഹാർഡ്ബോഡ് വിരിച്ച് അതിന്റെ ഒരറ്റത്തിരുന്ന്, തോൾസഞ്ചി അരികിൽ വച്ച്, കയ്യിലിട്ടു കശക്കിയ ചീട്ടുകൾ മുന്നിൽ നിരത്തി അയാൾ കളി തുടങ്ങും

കാഴ്ചയിൽ അയാൾക്കൊരു നാൽ‌പ്പതിനും അമ്പതിനുമിടയ്ക്ക് പ്രായം തോന്നും. വെട്ടിയൊതുക്കാത്ത താടിമീശയും മുടിയും, സ്ഥിരമായി ധരിക്കുന്ന നിറം മങ്ങിയ കള്ളിമുണ്ടും, തെറുത്തുകയറ്റിയ കൈകളോട് കൂടിയ പഴയ ഷർട്ടും, തലയിൽ വട്ടം കെട്ടിയ തോർത്തും, കർക്കശമായ മുഖഭാവവും ഒക്കെകൂടി ക്രൂരമായൊരു രൂപം കാഴ്ചക്കാർക്ക് അയാളിൽ തൊന്നിയിരുന്നെങ്കിലും മുച്ചീട്ട് കളിയുടെ സമയത്ത് അയാൾ വളരേ ഉല്ലാസവാനായി, പുകവലി കറുപ്പിച്ച ചുണ്ടുകളകത്തി, മുറുക്കാൻ കറ പിടിച്ച പല്ലുകൾ മുഴുക്കെ വെളിയിൽ കാട്ടി ചിരിച്ചിരുന്നു.

രണ്ടോ മൂന്നോ മാസങ്ങളേ ആയുള്ളൂ അയാളെ ആ തെരുവിൽ കണ്ടു തുടങ്ങിയിട്ട്. അയാളുടെ പേരെന്താണെന്നോ നാടെവിടെയാണെന്നോ ആർക്കും അറിയില്ലായിരുന്നു. സ്ഥലത്തെ പ്രധാന ടൌണിൽ നിന്നും അധികം ദൂരെയല്ലാത്ത ആ തെരുവിൽ പലചരക്കു കടകൾ മുതൽ ഇലക്ട്രോണിക്സ് ഉൽ‌പ്പന്നങ്ങളുടെ കടകൾ വരെ ഉണ്ടായിരുന്നു. തട്ടുകടകളും ചെറിയ ഹോട്ടലുകളും തുടങ്ങി മുന്തിയ തരം റെസ്റ്റോറന്റുകളുമുണ്ടായിരുന്നു. ഇവയ്ക്ക് പുറമേയാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വഴിവാണിഭക്കാരും വന്നെത്തുന്നത്. എന്തും വാങ്ങാൻ കിട്ടുന്ന സ്ഥലമെന്ന നിലയിൽ അവിടം ധാരാളം പേരേ ആകർഷിച്ചിരുന്നു എന്നതിനാൽ ഈ മൂന്ന് ദിവസങ്ങളിൽ കച്ചവടക്കാർക്ക് അവിടം കുശാലാണ്. പ്രത്യേകിച്ചും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ. സമീപത്തുള്ള സ്കൂളിൽ നിന്നും പിന്നെ ടൌണിലെ കോളേജിൽ നിന്നുമുള്ള അധ്യാപകർ, സ്കൂളിൽ നിന്നും കുട്ടികളെ കൂട്ടാൻ വരുന്ന മാതാപിതാക്കൾ, ഓഫീസ് ജീവനക്കാർ എന്നു മുതൽ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള മിക്കവാറും ആൾക്കാരും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ആ തെരുവിൽ വന്ന് അവശ്യസാധനങ്ങൾ വാങ്ങി പോകാറുണ്ട്.

മുച്ചീട്ട് കളിക്കാരനും വെള്ളിയാഴ്ച ഇഷ്ടദിവസമാണ്. അന്നയാൾക്ക് ചുറ്റും സാധാരണ കൂടാറുള്ള ചെറുപ്പക്കാർക്കു പുറമേ കുറേ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമുണ്ടാകും. അവരും ചെറിയ സംഖ്യകൾ വച്ച് കളിക്കാൻ കൂടും. മുച്ചീട്ട് കളിയിൽ വിദഗ്‌ദ്ധനായിരുന്നു അയാൾ. വച്ചവർക്കൊക്കെ കാശ് പോകാറാണ് പതിവ്. കാഴ്ചക്കാരുടെ മുഖത്ത് പ്രതീക്ഷ മങ്ങിത്തുടങ്ങുന്ന ചില വേളകളിൽ ഇടക്ക് ചിലർ ജയിച്ച്, വച്ചതിന്റെ ഇരട്ടി പോക്കറ്റിലാക്കുമ്പോൾ, അയാൾക്കു ചുറ്റും വീണ്ടും ഉന്മേഷത്തിന്റെ മുഖങ്ങളുണരും. വീറോടും വാശിയോടും കൂടി പിന്നേയും ആളുകൾ കാശിറക്കും.

നാലരക്കും ആറിനുമിടക്കാണ് അയാൾക്ക് ചുറ്റും ഏറ്റവുമധികം ആളുകൾ കൂടുന്നത്. ആറുമണിക്കു ശേഷം സ്കൂൾ കുട്ടികളൊക്കെ അപ്രത്യക്ഷമാകും. ഒരു ഏഴു മണി വരെ കുറേ ചെറുപ്പക്കാർ കൂടി കളിക്കാനുണ്ടാകും. അവരും കൂടി പൊയ്ക്കഴിഞ്ഞാൽ അയാൾ കിട്ടിയ പണമെല്ലാം മടിക്കുത്തിൽ നിന്ന് തോൾസഞ്ചിയിലെ മറ്റൊരു കൊച്ചു പണസഞ്ചിയിലേക്ക് എണ്ണിമാറ്റി, ഹാർഡ്‌ബോഡ് മടക്കിയെടുത്ത് തോൾസഞ്ചിയിലാക്കി, തൊട്ടടുത്ത ഹോട്ടലിലേക്ക് നടക്കും. അവിടെ നിന്ന് അത്താഴവും കഴിച്ച് എങ്ങോട്ടോ പോകും.

ആദ്യമെല്ലാം അയാൾ തെരുവിലുള്ള സ്ഥിരം കച്ചവടക്കാർക്ക് കൌതുകമോ, അൽ‌പ്പം ഭീതിയോ നൽകുന്നൊരു കാഴ്ചയായിരുന്നു. ആരോടും ചങ്ങാത്തം കൂടുകയോ, ഒരു ചിരി പോലും സമ്മാനിക്കുകയോ ചെയ്യാത്ത അയാളുടെ പേരെങ്കിലും ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ച ഏക ആൾ ഹോട്ടൽകാരൻ അച്ചുതേട്ടനായിരുന്നു. ദോശ മുറിച്ച്, ചമ്മന്തിയിൽ മുക്കി കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരുന്നതിനാലാവും അയാൾ തന്റെ ചോദ്യം കേൾക്കാഞ്ഞത് എന്നോർത്ത് അച്ചുതേട്ടൻ ചോദ്യം ആവർത്തിച്ചു. അയാളൊന്ന് പാളി നോക്കുക മാത്രം ചെയ്തു. ‘വീട് ഇവിടടുത്തെങ്ങാനുമാണോ’ എന്നച്ചുതേട്ടൻ ചോദിച്ചത് ജാള്യത മറയ്ക്കാനാണ്. ‘കുറച്ചു ദൂരെയാ..’ എന്നു തലപൊക്കാതാണയാൾ ഉത്തരം പറഞ്ഞത്. പിന്നീട് അച്ചുതേട്ടൻ അയാളോട് ഒരു കുശലവും ചോദിച്ചിട്ടില്ല. ആരും ഒന്നും ചോദിച്ചിട്ടില്ല. പോകെപ്പോകെ അയാൾ തെരുവിലെ ഒരു സുപരിചിത കാഴ്ചയാവുമ്പോഴും ‘മുച്ചീട്ടു കളിക്കാരൻ’ എന്നതിലപ്പുറം അയാളുടെ പേരെന്താണെന്നു പോലും ആർക്കും അറിയില്ലായിരുന്നു. ഒരു പോലീസ് വാഹനത്തിന്റെ നിഴലെങ്ങാൻ ദൂരെ കണ്ടാൽ തന്റെ സാധനങ്ങളെടുത്തു കൊണ്ട് ഞൊടിയിടയിൽ എവിടെയാണയാൾ അപ്രത്യക്ഷനാകുന്നതെന്നും, തിരക്കിന്റെ ഒരു നൂറു കാഴ്ചകൾ നിമിഷങ്ങളിൽ മാറിമറിയുന്ന ആ നഗരപ്രാന്തത്തിന് അറിയില്ലായിരുന്നു

അന്നൊരു വെള്ളിയാഴ്ച പതിവിനു വിപരീതമായി അയാൾ അൽ‌പ്പം നേരത്തേ എത്തി. മൂന്നുമണിയായിട്ടും വെയിലിന്റെ ചൂട് ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു. വഴിക്കച്ചവടക്കാർ പലരും സ്ഥലത്തെത്തിയിരുന്നെങ്കിലും വാങ്ങാൻ വരുന്ന ആളുകളുടെ എണ്ണം അധികം ഉണ്ടായിരുന്നില്ല. പതിവില്ലാതെ അന്നയാൾ തെരുവിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ രണ്ടുമൂന്നാവർത്തി നടന്നു. പിന്നെ പതിവു തെറ്റിച്ച്, കച്ചവടക്കാർ കൂടുതലായി ഇരിക്കാറുള്ള സ്ഥലത്തിരുന്നു. അച്ചുതേട്ടന്റെ കടയിൽ നിന്നും കളി തുടങ്ങുന്നതിനു മുൻപ് കുടിക്കാറുള്ള കാലിച്ചായ അന്നയാൾ കുടിച്ചില്ല. തന്റെ സാധനങ്ങളെല്ലാം നിരത്തി വച്ച്, തെരുവ് അയാളിൽ നിന്നും കേൾക്കാറുള്ള ഏകപല്ലവിയായ ‘ഒന്നു വച്ചാൽ രണ്ട്...’ എന്നത് പതിവിലും ഉച്ചത്തിൽ അയാൾ വിളിച്ചു പറയാൻ തുടങ്ങി. കുറച്ചു പേർ അയാൾക്ക് ചുറ്റും കൂടി. എന്തുകൊണ്ടോ അസ്വസ്ഥനായി കാണപ്പെട്ട അയാൾ അന്നു തോറ്റുകൊണ്ടേയിരുന്നു. കറപിടിച്ച പല്ലുകൾ കാട്ടിയുള്ള പതിവു ചിരി അന്നയാളിലുണ്ടായിരുന്നില്ല. പകരം, തനിക്കു ചുറ്റുമുള്ള ആളുകളേയും തെരുവിലെമ്പാടും ഇടക്കിടെ പകപ്പോടെ നോക്കുന്നതും, തോൾസഞ്ചിയിൽ കയ്യിട്ട് പണസഞ്ചി ഇടക്കിടെ പരതി നോക്കുന്നതും, ‘സമയമായിട്ടില്ല, ഇനിയുമാളുകൾ വരാനുണ്ട്’ എന്നു പിറുപിറുത്തതുമൊന്നും കളി ജയിക്കുന്ന ലഹരിയിൽ ഉന്മത്തരായി തീർന്ന ചുറ്റിനുമുള്ളവർ ശ്രദ്ധിച്ചില്ല

പെട്ടെന്നാണ് തെരുവിന്റെ മറ്റേ അറ്റത്ത് ഒരു വലിയ ശബ്ദവും അതിനോടൊപ്പം അനേകം നിലവിളികളുമുയർന്നത്. ഒരു നിമിഷം കൊണ്ട് തനിക്കു ചുറ്റും ശൂന്യമായത് അയാളിൽ ഒട്ടൊരു നിരാശ നിറച്ചെങ്കിലും, അതിനകം തിരക്കായി തുടങ്ങിയ തെരുവിലുണ്ടായിരുന്ന വലിയ ജനക്കൂട്ടത്തിൽ ഏതാണ്ട് മുഴുവൻ പേരും ഓടിക്കൂടിയ ആ തെരുവറ്റത്തേക്ക്, പെട്ടെന്നുണ്ടായ ഒരുൾപ്രേരണയാലെന്ന പോലെ തന്റെ തോൾസഞ്ചിയുമെടുത്ത് അയാളും ഓടി.

ഒരമ്മയേയും കുഞ്ഞുമകളേയും പാഞ്ഞു വന്ന ഒരു ജീപ്പ് ഇടിച്ചു തെറിപ്പിച്ചിരിക്കുന്നു. രക്തത്തിൽ നനഞ്ഞ പുസ്തകങ്ങൾക്കും ബാഗിനുമൊപ്പം രക്തപങ്കിലമായ രണ്ട് ശരീരങ്ങളും തെറിച്ചു വീണു കിടന്നിരുന്നു. അമ്മ അപ്പോൾ തന്നെ മരിച്ചിരിക്കണം. തിരിഞ്ഞു കുഞ്ഞിനെ നോക്കിയ അയാൾ, രക്തത്തിൽ പൊതിഞ്ഞു പിടയുന്ന ഒരു പിഞ്ചു മേനി കണ്ടു. അയാൾക്കുള്ളിൽ എന്തോ ഒന്ന് പൊട്ടിത്തകർന്നു. വർഷങ്ങൾക്കു മുൻപ് തന്റെ കൈകളിൽ കിടന്നു പിടഞ്ഞു മരിച്ച തന്റെ കുഞ്ഞു മകളുടെ ദേഹവും തൊട്ടപ്പുറം ചോരയിൽ കുളിച്ച് നിശ്ചേതനയായി കിടന്ന ഭാര്യയുടെ ചിത്രവും അയാൾ ഒരിക്കൽ കൂടി കണ്ടു. ഒരു പകപ്പോടെ അയാൾ വീണ്ടും ചുറ്റും നോക്കി. കൂടി നിന്ന് വാവിട്ടു കരയുന്ന കുഞ്ഞുങ്ങളിലോരോരുത്തരുടേയും കണ്ണിൽ നിന്നൊഴുകുന്നത് ചോരയാണെന്ന് അയാൾക്ക് തോന്നി. അവരെ ഓരോരുത്തരേയും ചേർത്തണയ്ക്കാൻ അയാൾ വെമ്പി.

ആരോ മൊബൈൽ ഫോണിൽ പോലീസിനെ വിവരമറിയിക്കുന്നു

ഒരു നിമിഷം, അയാൾ പെട്ടെന്ന് തിരിഞ്ഞു നടന്നു. വേഗത്തിലുള്ള നടപ്പ്, പിന്നെ സാമാന്യം വേഗത്തിലുള്ള ഓട്ടമായി പരിണമിച്ചു. ‘ദൂരേയ്ക്ക്....ദൂരേയ്ക്ക്....’ എന്നയാളുടെ മനസ്സ് പറയുമ്പോഴും ‘ഒന്നു വച്ചാൽ രണ്ട്..രണ്ടു വച്ചാൽ നാല്..’ എന്ന് ഒരു മന്ത്രം പോലെ അയാളുടെ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു. തെരുവിൽ നിന്നും വളരെ വളരെ അകലേ വിജനമായൊരു വെളിയിടത്തിലെത്തിയിട്ടേ, അണപ്പു പോലും വകവയ്ക്കാതുള്ള അയാളുടെ ഓട്ടം അവസാനിച്ചുള്ളു. പിന്നെ ആ വെളിമ്പ്രദേശത്തിന്റെ ഒത്ത നടുക്കലേക്ക് അയാൾ സാവകാശം നടന്നു, പിറുപിറുന്നനേ എന്തോ പറഞ്ഞു കൊണ്ട്

പിന്നീടവിടെ നടന്ന പൊട്ടിത്തെറിയുടെ ശബ്ദം, വളരേ ദൂരെയായിരുന്നിട്ടും ആ തെരുവിനെ വല്ലാതെ പ്രകമ്പനം കൊള്ളിച്ചു. പക്ഷെ അതിൽ നുറുങ്ങുകളായി ചിതറിത്തെറിച്ച ഏകമനുഷ്യന്റെ പേരെന്തായിരുന്നെന്ന് അപ്പോഴും ആർക്കും അറിയില്ലായൈരുന്നു