Friday 16 January 2009

‘ഒന്നു വച്ചാൽ രണ്ട്...രണ്ടു വച്ചാൽ നാല്....

...........ആർക്കും വയ്ക്കാം..വരിക..വരിക..’

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ വഴിവാണിഭം കൂടി കൊഴുക്കുന്ന ആ തെരുവിൽ മറ്റെല്ലാ ശബ്ദങ്ങൾക്കും മേലേ ഉയർന്നു കേൾക്കുന്നത്, ഒരു പ്രത്യേക ഈണത്തിൽ ‘അയാൾ’ വിളിച്ചു പറയുന്ന മേൽ‌പ്പറഞ്ഞ വാചകങ്ങളാണ്. വഴിവാണിഭക്കാരുടെ അധികം തിരക്കില്ലാത്ത, എന്നാൽ തെരുവിന്റെ മുഴുവൻ കാഴ്ചയും കിട്ടുന്ന തരത്തിലുള്ള ഒരരികിൽ, നിലത്ത് ദീർഘചതുരത്തിലുള്ള ഹാർഡ്ബോഡ് വിരിച്ച് അതിന്റെ ഒരറ്റത്തിരുന്ന്, തോൾസഞ്ചി അരികിൽ വച്ച്, കയ്യിലിട്ടു കശക്കിയ ചീട്ടുകൾ മുന്നിൽ നിരത്തി അയാൾ കളി തുടങ്ങും

കാഴ്ചയിൽ അയാൾക്കൊരു നാൽ‌പ്പതിനും അമ്പതിനുമിടയ്ക്ക് പ്രായം തോന്നും. വെട്ടിയൊതുക്കാത്ത താടിമീശയും മുടിയും, സ്ഥിരമായി ധരിക്കുന്ന നിറം മങ്ങിയ കള്ളിമുണ്ടും, തെറുത്തുകയറ്റിയ കൈകളോട് കൂടിയ പഴയ ഷർട്ടും, തലയിൽ വട്ടം കെട്ടിയ തോർത്തും, കർക്കശമായ മുഖഭാവവും ഒക്കെകൂടി ക്രൂരമായൊരു രൂപം കാഴ്ചക്കാർക്ക് അയാളിൽ തൊന്നിയിരുന്നെങ്കിലും മുച്ചീട്ട് കളിയുടെ സമയത്ത് അയാൾ വളരേ ഉല്ലാസവാനായി, പുകവലി കറുപ്പിച്ച ചുണ്ടുകളകത്തി, മുറുക്കാൻ കറ പിടിച്ച പല്ലുകൾ മുഴുക്കെ വെളിയിൽ കാട്ടി ചിരിച്ചിരുന്നു.

രണ്ടോ മൂന്നോ മാസങ്ങളേ ആയുള്ളൂ അയാളെ ആ തെരുവിൽ കണ്ടു തുടങ്ങിയിട്ട്. അയാളുടെ പേരെന്താണെന്നോ നാടെവിടെയാണെന്നോ ആർക്കും അറിയില്ലായിരുന്നു. സ്ഥലത്തെ പ്രധാന ടൌണിൽ നിന്നും അധികം ദൂരെയല്ലാത്ത ആ തെരുവിൽ പലചരക്കു കടകൾ മുതൽ ഇലക്ട്രോണിക്സ് ഉൽ‌പ്പന്നങ്ങളുടെ കടകൾ വരെ ഉണ്ടായിരുന്നു. തട്ടുകടകളും ചെറിയ ഹോട്ടലുകളും തുടങ്ങി മുന്തിയ തരം റെസ്റ്റോറന്റുകളുമുണ്ടായിരുന്നു. ഇവയ്ക്ക് പുറമേയാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വഴിവാണിഭക്കാരും വന്നെത്തുന്നത്. എന്തും വാങ്ങാൻ കിട്ടുന്ന സ്ഥലമെന്ന നിലയിൽ അവിടം ധാരാളം പേരേ ആകർഷിച്ചിരുന്നു എന്നതിനാൽ ഈ മൂന്ന് ദിവസങ്ങളിൽ കച്ചവടക്കാർക്ക് അവിടം കുശാലാണ്. പ്രത്യേകിച്ചും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ. സമീപത്തുള്ള സ്കൂളിൽ നിന്നും പിന്നെ ടൌണിലെ കോളേജിൽ നിന്നുമുള്ള അധ്യാപകർ, സ്കൂളിൽ നിന്നും കുട്ടികളെ കൂട്ടാൻ വരുന്ന മാതാപിതാക്കൾ, ഓഫീസ് ജീവനക്കാർ എന്നു മുതൽ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള മിക്കവാറും ആൾക്കാരും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ആ തെരുവിൽ വന്ന് അവശ്യസാധനങ്ങൾ വാങ്ങി പോകാറുണ്ട്.

മുച്ചീട്ട് കളിക്കാരനും വെള്ളിയാഴ്ച ഇഷ്ടദിവസമാണ്. അന്നയാൾക്ക് ചുറ്റും സാധാരണ കൂടാറുള്ള ചെറുപ്പക്കാർക്കു പുറമേ കുറേ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമുണ്ടാകും. അവരും ചെറിയ സംഖ്യകൾ വച്ച് കളിക്കാൻ കൂടും. മുച്ചീട്ട് കളിയിൽ വിദഗ്‌ദ്ധനായിരുന്നു അയാൾ. വച്ചവർക്കൊക്കെ കാശ് പോകാറാണ് പതിവ്. കാഴ്ചക്കാരുടെ മുഖത്ത് പ്രതീക്ഷ മങ്ങിത്തുടങ്ങുന്ന ചില വേളകളിൽ ഇടക്ക് ചിലർ ജയിച്ച്, വച്ചതിന്റെ ഇരട്ടി പോക്കറ്റിലാക്കുമ്പോൾ, അയാൾക്കു ചുറ്റും വീണ്ടും ഉന്മേഷത്തിന്റെ മുഖങ്ങളുണരും. വീറോടും വാശിയോടും കൂടി പിന്നേയും ആളുകൾ കാശിറക്കും.

നാലരക്കും ആറിനുമിടക്കാണ് അയാൾക്ക് ചുറ്റും ഏറ്റവുമധികം ആളുകൾ കൂടുന്നത്. ആറുമണിക്കു ശേഷം സ്കൂൾ കുട്ടികളൊക്കെ അപ്രത്യക്ഷമാകും. ഒരു ഏഴു മണി വരെ കുറേ ചെറുപ്പക്കാർ കൂടി കളിക്കാനുണ്ടാകും. അവരും കൂടി പൊയ്ക്കഴിഞ്ഞാൽ അയാൾ കിട്ടിയ പണമെല്ലാം മടിക്കുത്തിൽ നിന്ന് തോൾസഞ്ചിയിലെ മറ്റൊരു കൊച്ചു പണസഞ്ചിയിലേക്ക് എണ്ണിമാറ്റി, ഹാർഡ്‌ബോഡ് മടക്കിയെടുത്ത് തോൾസഞ്ചിയിലാക്കി, തൊട്ടടുത്ത ഹോട്ടലിലേക്ക് നടക്കും. അവിടെ നിന്ന് അത്താഴവും കഴിച്ച് എങ്ങോട്ടോ പോകും.

ആദ്യമെല്ലാം അയാൾ തെരുവിലുള്ള സ്ഥിരം കച്ചവടക്കാർക്ക് കൌതുകമോ, അൽ‌പ്പം ഭീതിയോ നൽകുന്നൊരു കാഴ്ചയായിരുന്നു. ആരോടും ചങ്ങാത്തം കൂടുകയോ, ഒരു ചിരി പോലും സമ്മാനിക്കുകയോ ചെയ്യാത്ത അയാളുടെ പേരെങ്കിലും ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ച ഏക ആൾ ഹോട്ടൽകാരൻ അച്ചുതേട്ടനായിരുന്നു. ദോശ മുറിച്ച്, ചമ്മന്തിയിൽ മുക്കി കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരുന്നതിനാലാവും അയാൾ തന്റെ ചോദ്യം കേൾക്കാഞ്ഞത് എന്നോർത്ത് അച്ചുതേട്ടൻ ചോദ്യം ആവർത്തിച്ചു. അയാളൊന്ന് പാളി നോക്കുക മാത്രം ചെയ്തു. ‘വീട് ഇവിടടുത്തെങ്ങാനുമാണോ’ എന്നച്ചുതേട്ടൻ ചോദിച്ചത് ജാള്യത മറയ്ക്കാനാണ്. ‘കുറച്ചു ദൂരെയാ..’ എന്നു തലപൊക്കാതാണയാൾ ഉത്തരം പറഞ്ഞത്. പിന്നീട് അച്ചുതേട്ടൻ അയാളോട് ഒരു കുശലവും ചോദിച്ചിട്ടില്ല. ആരും ഒന്നും ചോദിച്ചിട്ടില്ല. പോകെപ്പോകെ അയാൾ തെരുവിലെ ഒരു സുപരിചിത കാഴ്ചയാവുമ്പോഴും ‘മുച്ചീട്ടു കളിക്കാരൻ’ എന്നതിലപ്പുറം അയാളുടെ പേരെന്താണെന്നു പോലും ആർക്കും അറിയില്ലായിരുന്നു. ഒരു പോലീസ് വാഹനത്തിന്റെ നിഴലെങ്ങാൻ ദൂരെ കണ്ടാൽ തന്റെ സാധനങ്ങളെടുത്തു കൊണ്ട് ഞൊടിയിടയിൽ എവിടെയാണയാൾ അപ്രത്യക്ഷനാകുന്നതെന്നും, തിരക്കിന്റെ ഒരു നൂറു കാഴ്ചകൾ നിമിഷങ്ങളിൽ മാറിമറിയുന്ന ആ നഗരപ്രാന്തത്തിന് അറിയില്ലായിരുന്നു

അന്നൊരു വെള്ളിയാഴ്ച പതിവിനു വിപരീതമായി അയാൾ അൽ‌പ്പം നേരത്തേ എത്തി. മൂന്നുമണിയായിട്ടും വെയിലിന്റെ ചൂട് ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു. വഴിക്കച്ചവടക്കാർ പലരും സ്ഥലത്തെത്തിയിരുന്നെങ്കിലും വാങ്ങാൻ വരുന്ന ആളുകളുടെ എണ്ണം അധികം ഉണ്ടായിരുന്നില്ല. പതിവില്ലാതെ അന്നയാൾ തെരുവിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ രണ്ടുമൂന്നാവർത്തി നടന്നു. പിന്നെ പതിവു തെറ്റിച്ച്, കച്ചവടക്കാർ കൂടുതലായി ഇരിക്കാറുള്ള സ്ഥലത്തിരുന്നു. അച്ചുതേട്ടന്റെ കടയിൽ നിന്നും കളി തുടങ്ങുന്നതിനു മുൻപ് കുടിക്കാറുള്ള കാലിച്ചായ അന്നയാൾ കുടിച്ചില്ല. തന്റെ സാധനങ്ങളെല്ലാം നിരത്തി വച്ച്, തെരുവ് അയാളിൽ നിന്നും കേൾക്കാറുള്ള ഏകപല്ലവിയായ ‘ഒന്നു വച്ചാൽ രണ്ട്...’ എന്നത് പതിവിലും ഉച്ചത്തിൽ അയാൾ വിളിച്ചു പറയാൻ തുടങ്ങി. കുറച്ചു പേർ അയാൾക്ക് ചുറ്റും കൂടി. എന്തുകൊണ്ടോ അസ്വസ്ഥനായി കാണപ്പെട്ട അയാൾ അന്നു തോറ്റുകൊണ്ടേയിരുന്നു. കറപിടിച്ച പല്ലുകൾ കാട്ടിയുള്ള പതിവു ചിരി അന്നയാളിലുണ്ടായിരുന്നില്ല. പകരം, തനിക്കു ചുറ്റുമുള്ള ആളുകളേയും തെരുവിലെമ്പാടും ഇടക്കിടെ പകപ്പോടെ നോക്കുന്നതും, തോൾസഞ്ചിയിൽ കയ്യിട്ട് പണസഞ്ചി ഇടക്കിടെ പരതി നോക്കുന്നതും, ‘സമയമായിട്ടില്ല, ഇനിയുമാളുകൾ വരാനുണ്ട്’ എന്നു പിറുപിറുത്തതുമൊന്നും കളി ജയിക്കുന്ന ലഹരിയിൽ ഉന്മത്തരായി തീർന്ന ചുറ്റിനുമുള്ളവർ ശ്രദ്ധിച്ചില്ല

പെട്ടെന്നാണ് തെരുവിന്റെ മറ്റേ അറ്റത്ത് ഒരു വലിയ ശബ്ദവും അതിനോടൊപ്പം അനേകം നിലവിളികളുമുയർന്നത്. ഒരു നിമിഷം കൊണ്ട് തനിക്കു ചുറ്റും ശൂന്യമായത് അയാളിൽ ഒട്ടൊരു നിരാശ നിറച്ചെങ്കിലും, അതിനകം തിരക്കായി തുടങ്ങിയ തെരുവിലുണ്ടായിരുന്ന വലിയ ജനക്കൂട്ടത്തിൽ ഏതാണ്ട് മുഴുവൻ പേരും ഓടിക്കൂടിയ ആ തെരുവറ്റത്തേക്ക്, പെട്ടെന്നുണ്ടായ ഒരുൾപ്രേരണയാലെന്ന പോലെ തന്റെ തോൾസഞ്ചിയുമെടുത്ത് അയാളും ഓടി.

ഒരമ്മയേയും കുഞ്ഞുമകളേയും പാഞ്ഞു വന്ന ഒരു ജീപ്പ് ഇടിച്ചു തെറിപ്പിച്ചിരിക്കുന്നു. രക്തത്തിൽ നനഞ്ഞ പുസ്തകങ്ങൾക്കും ബാഗിനുമൊപ്പം രക്തപങ്കിലമായ രണ്ട് ശരീരങ്ങളും തെറിച്ചു വീണു കിടന്നിരുന്നു. അമ്മ അപ്പോൾ തന്നെ മരിച്ചിരിക്കണം. തിരിഞ്ഞു കുഞ്ഞിനെ നോക്കിയ അയാൾ, രക്തത്തിൽ പൊതിഞ്ഞു പിടയുന്ന ഒരു പിഞ്ചു മേനി കണ്ടു. അയാൾക്കുള്ളിൽ എന്തോ ഒന്ന് പൊട്ടിത്തകർന്നു. വർഷങ്ങൾക്കു മുൻപ് തന്റെ കൈകളിൽ കിടന്നു പിടഞ്ഞു മരിച്ച തന്റെ കുഞ്ഞു മകളുടെ ദേഹവും തൊട്ടപ്പുറം ചോരയിൽ കുളിച്ച് നിശ്ചേതനയായി കിടന്ന ഭാര്യയുടെ ചിത്രവും അയാൾ ഒരിക്കൽ കൂടി കണ്ടു. ഒരു പകപ്പോടെ അയാൾ വീണ്ടും ചുറ്റും നോക്കി. കൂടി നിന്ന് വാവിട്ടു കരയുന്ന കുഞ്ഞുങ്ങളിലോരോരുത്തരുടേയും കണ്ണിൽ നിന്നൊഴുകുന്നത് ചോരയാണെന്ന് അയാൾക്ക് തോന്നി. അവരെ ഓരോരുത്തരേയും ചേർത്തണയ്ക്കാൻ അയാൾ വെമ്പി.

ആരോ മൊബൈൽ ഫോണിൽ പോലീസിനെ വിവരമറിയിക്കുന്നു

ഒരു നിമിഷം, അയാൾ പെട്ടെന്ന് തിരിഞ്ഞു നടന്നു. വേഗത്തിലുള്ള നടപ്പ്, പിന്നെ സാമാന്യം വേഗത്തിലുള്ള ഓട്ടമായി പരിണമിച്ചു. ‘ദൂരേയ്ക്ക്....ദൂരേയ്ക്ക്....’ എന്നയാളുടെ മനസ്സ് പറയുമ്പോഴും ‘ഒന്നു വച്ചാൽ രണ്ട്..രണ്ടു വച്ചാൽ നാല്..’ എന്ന് ഒരു മന്ത്രം പോലെ അയാളുടെ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു. തെരുവിൽ നിന്നും വളരെ വളരെ അകലേ വിജനമായൊരു വെളിയിടത്തിലെത്തിയിട്ടേ, അണപ്പു പോലും വകവയ്ക്കാതുള്ള അയാളുടെ ഓട്ടം അവസാനിച്ചുള്ളു. പിന്നെ ആ വെളിമ്പ്രദേശത്തിന്റെ ഒത്ത നടുക്കലേക്ക് അയാൾ സാവകാശം നടന്നു, പിറുപിറുന്നനേ എന്തോ പറഞ്ഞു കൊണ്ട്

പിന്നീടവിടെ നടന്ന പൊട്ടിത്തെറിയുടെ ശബ്ദം, വളരേ ദൂരെയായിരുന്നിട്ടും ആ തെരുവിനെ വല്ലാതെ പ്രകമ്പനം കൊള്ളിച്ചു. പക്ഷെ അതിൽ നുറുങ്ങുകളായി ചിതറിത്തെറിച്ച ഏകമനുഷ്യന്റെ പേരെന്തായിരുന്നെന്ന് അപ്പോഴും ആർക്കും അറിയില്ലായൈരുന്നു