Friday 12 February 2021

നിറങ്ങൾ

''ഞാവൽപ്പഴത്തിനു മുടിയുടെ കറുപ്പല്ല. കടുംനീല കലർന്ന കറുപ്പ്. അത് തിന്നു കഴിഞ്ഞാൽ നാവും ചുണ്ടുമൊക്കെ അതേ നിറമാകും.  ഇന്റെർവെല്ലിനു ഞങ്ങൾ സ്‌കൂൾ കോമ്പൗണ്ടിലേക്കു ചാഞ്ഞു നിൽക്കുന്ന നിറയേ പഴങ്ങളുള്ള ഞാവൽമരത്തിൽ നിന്നും പഴം പറിച്ച് കഴിക്കും. നാവെല്ലാം കറുത്തു വരും.''


ഒരേ നിറത്തിൻ്റെ തന്നെ ഈ  പലവിധ വൈവിധ്യങ്ങൾ ഇന്ദുവേച്ചിയിൽ കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ടെന്ന് അച്ചൂട്ടനു അറിയാമെങ്കിലും അതവന്റെ സംസാരത്തിലെ ആവേശത്തെ ഒട്ടും കുറക്കുന്നുണ്ടായിരുന്നില്ല.  ഈയിടെ അവന്റെ സംസാരത്തിൽ മുഴുവൻ പുതിയ സ്‌കൂളിന്റെ വിശേഷങ്ങളാണ്. അതിനോടൊപ്പം ഇന്നവന് പറയാനുള്ളത്, പുതുതായി അവൻ പരിചയപ്പെട്ട, തിന്നു കഴിഞ്ഞാൽ നാവിനേയും  ചുണ്ടുകളേയും കറുപ്പിക്കുന്ന ആ പഴത്തിന്റെ കാര്യമാണ്. - ഞാവൽപ്പഴം. പക്ഷെ അതിന്റെ നിറം മാത്രം എങ്ങിനെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണമെന്ന് അവനറിയില്ലായിരുന്നു. ആ നിറം മാത്രമല്ല, ഒരു നിറവും ചേച്ചിക്ക് മനസ്സിലാക്കിക്കൊടുക്കാനാവില്ല എന്നവനറിയാം. ആ ഒരൊറ്റകാര്യത്തിലാണ് അവൻ അമ്പേ പരാജയപ്പെട്ടു പോകുന്നത്. എങ്കിലും അവൻ ഇന്ദുവേച്ചിയോട് എല്ലാ നിറങ്ങളെക്കുറിച്ചും അവൻ കാണുന്ന എല്ലാ കാഴ്ചകളെ  കുറിച്ചും വിവരിച്ചു പറയും. 


അവനെ ഏറ്റവുമധികം കേൾക്കുന്നത് ഇന്ദുവേച്ചിയാണ്. മുത്തശ്ശിയും അവന്റെ നല്ലൊരു കേൾവിക്കാരിയാണ്' എങ്കിലും മുത്തശ്ശി പലപ്പോഴും കിടക്കുകയോ ഉറങ്ങുകയോ ഒക്കെയാവും. ഇന്ദുവേച്ചിയെയാണെങ്കിലോ അധികം സമയമൊന്നും  കൂടെ കിട്ടാറുമില്ല. വൈകിട്ട് അച്ചുവിന്റെ സ്‌കൂൾ ബസ് വീടിനു മുന്നിലെ റോഡിലെത്തുമ്പോൾ ചേച്ചിയമ്മ -അങ്ങിനെയാണവൻ ഇന്ദുവെച്ചീടെ അമ്മയെ വിളിക്കുന്നത്- അവനെ കൂട്ടാൻ ഗെയ്റ്റിലുണ്ടാകും. ഇന്ദുവേച്ചിയപ്പോൾ അടുക്കള വരാന്തയിൽ അവൻ ഓടി വരുന്ന പദശബ്ദം കാതോർത്തിരിക്കുകയാവും. വന്നു കഴിഞ്ഞാൽ അന്നത്തെ സ്‌കൂൾ വിശേഷം മുഴുവൻ ഇന്ദുവേച്ചിയോടു പറഞ്ഞാലേ അവനു സമാധാനമുള്ളു. അതെല്ലാം കേൾക്കുമ്പോൾ ചേച്ചിയുടെ മുഖത്തു വിരിയുന്ന അത്ഭുതഭാവം കാണാനാണ് അവനിഷ്ടം. പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ എന്നുമുണ്ടാകുമെങ്കിലും പപ്പയും മമ്മിയും ജോലി കഴിഞ്ഞു വീടെത്തും വരെ മാത്രമേ അവനു വിശേഷങ്ങൾ പറയാൻ പറ്റാറുള്ളൂ. കാർശബ്ദം ഗെയ്റ്റിലെത്തിയാലുടൻ അച്ചൂട്ടൻ ഓടി കുളിക്കാൻ കയറും. അല്ലെങ്കിൽ മമ്മിക്ക് കലി കയറും. കുളി കഴിഞ്ഞാലോ, ഭക്ഷണമെന്താണെന്നു വച്ചാൽ കഴിക്കുക, പിന്നെ പഠിക്കുക. ഇതാണ് അച്ചൂട്ടന്റെ ദിനചര്യ. 


പപ്പയും മമ്മിയുമെത്തിക്കഴിഞ്ഞാൽ ചേച്ചിയമ്മ ഇന്ദുവേച്ചിയുടെ കയ്യും പിടിച്ച് തൊട്ടപ്പുറത്തെ അവരുടെ കൊച്ചു വീട്ടിലേക്ക് പോകും.  ''പോകുമ്പോൾ ഗെയ്റ്റ് പൂട്ടിയേക്കണേ'' എന്ന് മമ്മി എന്നും ചേച്ചിയമ്മയെ ഓർമിപ്പിക്കും. അച്ചുവിന് ഗെയ്റ്റിന് പുറത്തു പോകാൻ അനുവാദമില്ല. ഗെയ്റ്റിന് വെളിയിൽ പുഴകളും തോടുകളും വയലുകളും പച്ചപ്പുൽമേടുകളും കാട്ടുചെടികളുമൊക്കെയുള്ള ഒരു വലിയ ലോകമുണ്ടെന്നും അവിടെ പൂമ്പാറ്റകൾക്കൊപ്പം പാറി നടക്കുന്ന അനേകം കുട്ടികളുമുണ്ടെന്നും അച്ചുവിനറിയാം. എന്നാൽ അവരോടു കൂട്ടുകൂടാനോ ഒപ്പം കളിക്കാനോ അച്ചുവിനനുവാദമില്ല. പല പുരോഗമനപരമായ മാറ്റങ്ങൾ വന്നു ചേർന്നിട്ടും ഗ്രാമീണത ഇപ്പോഴും ബാക്കി നിൽക്കുന്ന ഒരു പ്രദേശമാണതെങ്കിലും അച്ചുവിന്റെ ലോകം മിക്കവാറും കോൺക്രീറ്റ് മതിലുകൾക്കുള്ളിലാണ്. എന്നിരുന്നാലും മുത്തശ്ശിയുടെ രഹസ്യാനുവാദത്തോടെ ചിലപ്പോഴൊക്കെ ഇന്ദുവേച്ചിയുടെ കൈ പിടിച്ച് അവൻ ആ പരിസരത്തെല്ലാം ഒന്ന് ചുറ്റാറുണ്ട്. അത് സ്‌കൂൾ ഇല്ലാത്ത, എന്നാൽ പപ്പയ്ക്കും  മമ്മിയ്ക്കും ജോലിയുമുള്ള ദിവസങ്ങളിലാവും. ‘ഒരുപാട് ദൂരത്തേക്കൊന്നും പോകല്ലേ മക്കളേ‘എന്ന് ചേച്ചിയമ്മ ഓർമിപ്പിക്കും. എന്ന് മാത്രമല്ല, ഇടയ്ക്കിടെ വന്നു നോക്കുകയും ചെയ്യും. എങ്കിലും ഇന്ദുവേച്ചി അച്ചുവിന്റെ കൂടെയായിരിക്കുന്നത് ചേച്ചിയമ്മയ്ക്ക് ആശ്വാസമാണ്. അച്ചൂട്ടൻ കൂടെയുണ്ടങ്കിൽ ഇന്ദുവേച്ചി സുരക്ഷിതയായിരിക്കുമെന്നാണ് ചേച്ചിയമ്മയുടെ വിശ്വാസം. അതിനൊരു കാരണവുമുണ്ട്. ഒരിക്കൽ ഇന്ദുവേച്ചിയെ കൂട്ടി, ചേച്ചിയുടെ വീടിനപ്പുറത്തുള്ള, ഇരുവശവും നിറയെ കൈത വളർന്നു നിൽക്കുന്ന തോടിന്റെ ഒരു വശത്തുള്ള ഇത്തിരി വിടവിലൂടിറങ്ങി വെള്ളത്തിൽ കാൽ നനച്ചു നിന്ന് കൊണ്ട്, പച്ചപ്പായലിനിടയിൽ തല അൽപ്പം മാത്രം വെള്ളത്തിന് മുകളിൽ കാട്ടിക്കിടക്കുന്ന പച്ചത്തവളയ്ക്കു നേരെ ഒരു കുഞ്ഞു കല്ലെടുത്തെറിഞ്ഞ്, അത് വെള്ളത്തിൽ മുങ്ങി വീണ്ടും പൊങ്ങി വരുന്നത് നോക്കി രസിച്ച്, അതിനെ കുറിച്ച് ചേച്ചിക്ക് തത്സമയവിശദീകരണം കൊടുത്തു കൊണ്ടേയിരിക്കുകയായിരുന്നു അച്ചു. വെള്ളത്തിലേക്കിറങ്ങാതെ തോടിന്റെ ചരിവിൽ  തന്നെ നിന്ന്, നേരത്തേ  അച്ചൂട്ടൻ എത്തിപ്പറിച്ചു കൊടുത്ത ഒരു കൈതപ്പൂ വാസനിച്ചു കൊണ്ട് നിൽക്കുകയായിരുന്നു ചേച്ചി. ഒരു നിമിഷം ചേച്ചി നിശബ്ദയായി. അതുവരെ എങ്ങുമുറയ്ക്കാതെ ചലിച്ചു കൊണ്ടിരുന്ന മിഴികൾ ഏതോ ബിന്ദുവിലുറച്ചു. കയ്യിലിരുന്ന കൈതപ്പൂ താഴെ വീണു. അടുത്ത നിമിഷം ചേച്ചിയുടെ കൈകാലുകൾ ഒരു പ്രത്യേകതാളത്തിൽ വിറച്ച് ചേച്ചിയും താഴെ വീണു. വായിൽ നിന്ന് രക്തം കലർന്ന നുരയും പതയും വന്നു. ഒരുവശം ചരിഞ്ഞു വീണ് വിറച്ചുവിറച്ച് വെള്ളത്തിലേക്ക് നിരങ്ങിപ്പോകുന്ന ചേച്ചിയുടെ ഒരരികിൽ വെള്ളത്തോട് ചേർന്ന്, അച്ചൂട്ടൻ മുട്ടുകുത്തിയിരുന്നു. അച്ചൂട്ടന്റെ ദേഹത്തോട് ചേർന്ന് കിടന്ന് ചേച്ചി ഒരേ താളത്തിൽ കൈകാലിട്ടടിച്ചു കൊണ്ടിരുന്നു. അച്ചൂട്ടന്റെ ഉറക്കേയുള്ള നിലവിളി കേട്ട് ചേച്ചിയമ്മയും മറ്റു കുറേപ്പേരും ഓടിക്കൂടി. ഇന്ദുവേച്ചിക്ക് ചുഴലിദീനം ഇളകിയതാണത്രേ. \


വിവരമറിഞ്ഞ് മമ്മി അന്ന് ഒരുപാട് വഴക്കു പറഞ്ഞു. ''ആ കുട്ടിക്ക് എന്തെങ്കിലും പറ്റിപ്പോയിരുന്നെങ്കിലോ '' എന്ന് ചോദിച്ചാണ്  മമ്മിയുടെ വഴക്ക് .അല്ലെങ്കിലേ അച്ചൂട്ടൻ പറമ്പിലെ തോട്ടിലും അഴുക്കിലുമെല്ലാം ഇറങ്ങിക്കളിക്കുന്നത് മമ്മിയ്ക്കിഷ്ടമല്ല. അപ്പോൾ പിന്നെ 'കണ്ണു കാണാത്ത, ഫിറ്റ്‌സ് വരുന്ന' കുട്ടിയേയും കൂട്ടി പോയിയെന്നായാലോ! 


പക്ഷെ ചേച്ചിയമ്മയ്ക്ക് അതിലൊന്നും ഒരു പരാതിയുമില്ല; എന്ന് മാത്രവുമല്ല, സന്തോഷവുമാണ്. അച്ചൂട്ടാനല്ലാതെ ഇന്ദുവേച്ചിക്കു മറ്റാരും കൂട്ടില്ല. 'ദീനക്കാരി കണ്ണുപൊട്ടിക്കുട്ടി'യോട് മറ്റു കുട്ടികളാരും കൂട്ട് കൂടാറുമില്ല. ജനിച്ച സമയത്തു ചേച്ചിയുടെ തലച്ചോറിനേറ്റ പരിക്ക് കൊണ്ടാണത്രേ ചേച്ചിക്ക് കാഴ്ച നഷ്ടപ്പെട്ടതും ഇടയ്ക്കു ചുഴലിദീനം വരുന്നതും. ഒരുപാട് ചികിത്സ ചെയ്തു എന്നും അവസാനം ഇന്ദുവേച്ചിയുടെ അച്ഛൻ അവരെ ഉപേക്ഷിച്ച് എങ്ങോ പൊയ്ക്കളഞ്ഞു എന്നും ചേച്ചിയമ്മ ഇടയ്ക്ക് കണ്ണീരോടെ മുത്തശ്ശിയോട് പറയുന്ന വിശേഷങ്ങളിൽ നിന്നും അച്ചു മനസ്സിലാക്കിയെടുത്തിട്ടുണ്ട്. 


ചേച്ചി തോടിന്റെ കരയിൽ വീണ അന്നാണ് ചുഴലിദീനം എന്നാൽ എന്താണെന്ന് അച്ചു ആദ്യമായി കാണുന്നത്. അന്ന് അച്ചൂട്ടൻ ചെയ്തത് ഒരു എട്ടു വയസ്സുകാരൻ കുട്ടിയുടെ അത്ഭുതപ്രവർത്തിയായാണ് ചേച്ചിയമ്മ കണ്ടത്. 'അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ ആ കുട്ടി വെള്ളത്തിൽ വീണ് മരിച്ചു പോകുമായിരുന്നു' എന്ന് മുത്തശ്ശിയും പറഞ്ഞു. 'മരണം' എന്നാലെന്താണെന്ന് അച്ചൂട്ടനു വലിയ നിഴ്ചയമില്ല. അതുവരെ അങ്ങിനെ ഒന്ന് അച്ചൂട്ടൻ കണ്ടിട്ടില്ല. മുത്തശ്ശൻ മരിച്ചു പോയി എന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണത്രെ മുത്തശ്ശനെ കാണാൻ കഴിയാത്തത്. പക്ഷെ ഇന്ദുവേച്ചിയെ അച്ചൂട്ടന് എപ്പോഴും കാണണം. അത് കൊണ്ട് ഇന്ദുവേച്ചി മരിക്കാൻ പാടില്ല. 


മരണം എന്ന വാക്കു പോലെ തന്നെ അവനു മനസ്സിലാക്കാൻ പ്രയാസമുള്ള മറ്റൊന്നാണ്, മുത്തശ്ശിയും ചേച്ചിയമ്മയുമൊക്കെ ഇടയ്ക്കു പറയാറുള്ള 'അകക്കണ്ണ്' എന്ന വാക്കും. ചേച്ചി അകക്കണ്ണുകൾ കൊണ്ടാണത്രേ കാണുന്നത്. പുറത്തെ കണ്ണുകളെ കുറിച്ച് അവനറിയാം. അകത്തെ കണ്ണുകൾ എവിടെയായിരിക്കും എന്നവൻ മുത്തശ്ശിയോട് ചോദിച്ചിട്ടുണ്ട്. അത് മനസ്സിലാണത്രെ. അപ്പോൾ മനസ്സ് എവിടെയായിരിക്കും ഇരിക്കുന്നത്. എവിടെയായാലും ശരി, ചേച്ചി അകക്കണ്ണുകളിലൂടെ കാണുന്ന കാഴ്ചകൾക്കെല്ലാം അച്ചൂട്ടന്റെ വിവരണങ്ങളാണ് കാരണം എന്നാണു ചേച്ചി പറയുന്നത്. 

പഴങ്ങളുടേയും പൂക്കളുടേയും നിറങ്ങൾ ഏതൊക്കെ എന്ന് അച്ചൂട്ടൻ ഇന്ദുവേച്ചിയെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. പിന്നെ പലതും ചേച്ചി തൊട്ടറിയും. ചേച്ചിയുടെ വീട്ടിലെ പൂച്ചക്കുട്ടിയുടേയും ആട്ടിൻകുട്ടിയുടേയും രൂപം പോലും തൊട്ടറിഞ്ഞ് ചേച്ചി മണ്ണിൽ കമ്പ് കൊണ്ട് കോറി വരയ്ക്കും. പുറത്ത് കണ്ണുകളുള്ള, അതിൽ കാഴ്ചയുമുള്ള അച്ചൂട്ടൻ ഒരു നേർവര പോലും ശരിക്കു വരയ്ക്കില്ല. എങ്കിലും ചേച്ചിയുടെ ഇത്തരം കൊച്ചു കഴിവുകളെല്ലാം അച്ചൂട്ടന്റെ നേട്ടങ്ങളായിട്ടാണ് അവൻ കണക്കാക്കുന്നത്. മാത്രമല്ല, അവരുടെ ഇടയ്ക്ക് അവർ ഒരുപാട്ആസ്വദിക്കുന്ന അത്തരം ചില കളികളുമുണ്ട്. അത്തരത്തിൽ ഒന്നാണ്, പൂക്കളുടെയും പഴങ്ങളുടേയുമൊക്കെ പേര് അച്ചൂട്ടൻ പറയുമ്പോൾ ചേച്ചി അവയുടെ നിറം പറയുകയും പിന്നെ അവയുടെ രൂപം കോറിയിടുകയും ചെയ്യുന്ന കളി. അച്ചൂട്ടൻ അപ്പോൾ ചേച്ചിയുടെ ടീച്ചർ ആയി ഓരോ ചോദ്യത്തിനും മാർക്കിടും. മിക്കവാറും ചേച്ചിക്ക് ഫുൾ മാർക്കാണ്. ഓരോന്നിന്റെയും മാർക്ക് കേൾക്കുമ്പോൾ ചേച്ചിയുടെ കാഴ്ചയില്ലാത്ത കണ്ണുകൾ  സന്തോഷസൂചകമായി താളത്തിൽ വേഗം വേഗം ചലിക്കുന്നുണ്ടാകും. പക്ഷെ അവസാനം ആ ചലനങ്ങൾ പതുക്കെയാവുകയും മുഖത്തെ ചിരി മായുകയും ചെയ്യുമ്പോൾ അവനറിയാം, ചേച്ചിക്ക് സങ്കടം വരുന്നുണ്ടെന്ന്. കാരണം, ഈ നിറങ്ങളോ രൂപങ്ങളോ ഒന്നും ചേച്ചിക്ക് നേരിട്ട് കാണാൻ  കഴിയുന്നില്ലല്ലോ. 


കാഴ്ചയുണ്ടായിരുന്നെങ്കിൽ ചേച്ചി സ്‌കൂളിൽ പോയി പഠിക്കുമായിരുന്നു എന്ന് ചേച്ചിയമ്മ ഇടയ്ക്ക് നെടുവീർപ്പിടും.  അങ്ങിനെയെങ്കിൽ ചേച്ചിയിപ്പോൾ ഹൈസ്‌കൂളിൽ എത്തുമായിരുന്നു പോലും. എങ്കിൽ ഇന്ദുവേച്ചി തന്റെ സ്‌കൂളിലായിരിക്കുമോ പഠിക്കുന്നുണ്ടാകുക എന്ന് അച്ചൂട്ടനോർത്തു. അവന്റെ ക്ലാസ്സിലെ ചില കുട്ടികളുടെ ചേച്ചിമാർ അതേ സ്‌കൂളിൽ തന്നെ പഠിക്കുന്നുണ്ട്. സ്‌കൂൾ കഴിഞ്ഞ് അവർ ചേച്ചിമാരുടെ കൈ പിടിച്ച് പോകുന്നത് കാണുമ്പോൾ അവൻ ഇന്ദുവേച്ചിയെക്കുറിച്ചോർക്കാറുമുണ്ട്. പക്ഷെ അവനറിയാം, അസുഖമൊന്നുമില്ലെങ്കിലും ഇന്ദുവേച്ചിക്കു അവന്റെ സ്‌കൂളിൽ പഠിക്കാനാവില്ലെന്ന്. അതിനെല്ലാം കുറെയേറെ കാശു വേണമത്രേ. ചേച്ചിയമ്മയുടെ കയ്യിൽ വേണ്ടത്ര പണമില്ല. മിനിഞ്ഞാന്നും ചേച്ചിയമ്മ, അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് പിടിച്ചോ എന്ന് പറഞ്ഞ് മമ്മിയുടെ അടുത്തു നിന്ന് കാശു കടം വാങ്ങിയിരുന്നു. അച്ചുവിൻ്റെ പഠനത്തിനു നല്ലൊരു തുക ചിലവാകുന്നുണ്ട് എന്ന് അച്ചു മനസ്സിലാക്കിയിട്ടുണ്ട്. അത്രയും തുക എന്തായാലും ചേച്ചിയമ്മയ്ക്ക് കൊടുക്കാനാവില്ല. 


രണ്ടു ദിവസമായിട്ട് അച്ചൂട്ടനു ഇന്ദുവേച്ചിയെ കാണാനൊത്തിട്ടില്ല. ഇന്നലെ അവൻ കുറേ ഞാവൽപ്പഴങ്ങൾ പറിച്ച് കൊണ്ടുവന്ന് ആരും കാണാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മുത്തശ്ശിക്ക് മാത്രമറിയാം അക്കാര്യം.  ഇന്ദുവേച്ചിയെ പുതിയ മണവും രുചിയും പഠിപ്പിച്ചു കൊടുക്കാനാണെന്നു പറഞ്ഞപ്പോൾ മുത്തശ്ശി പറഞ്ഞു, 'അവളെങ്ങിനെ അറിയാനാണ്. അവളുടെ കണ്ണുകളിൽ ഇരുട്ട് മാത്രമല്ലേയുള്ളു ' എന്ന്. 


'ഇരുട്ട്'.   ഇരുട്ടിനു കറുപ്പാണല്ലോ!! കറുപ്പ് നിറം - ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ നിറം. അച്ചൂട്ടനു പെട്ടെന്നെന്തൊ  കണ്ടെത്തിയ പോലൊരു സന്തോഷം. അതോടെ ചേച്ചിയെ കാണാൻ വല്ലാത്തൊരു തിടുക്കവും.  ഇന്ന് ശനിയാഴ്ച. ചേച്ചിയമ്മ ജോലിക്കു വന്നെങ്കിലും ചേച്ചിയെ കൊണ്ട് വന്നിട്ടില്ല.പപ്പയും മമ്മിയും പോയിട്ട് വേണം, ചേച്ചിയുടെ അടുത്തേക്ക് പോകാൻ. ഒരു പുതിയ രുചി കൂടി നാവിലാറിയുമ്പോൾ ചേച്ചിയുടെ മുഖത്തു വിരിയുന്ന അത്ഭുതഭാവം കാണാൻ. ഞാവൽപ്പഴം തിന്നു നാവു കറുത്ത് കഴിയുമ്പോൾ ചേച്ചിയോട് പറയണം നാവു നീട്ടിക്കാണിക്കാൻ. എന്നിട്ടു പറയണം, ഇപ്പോൾ ചേച്ചിയുടെ നാവിനു ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ നിറമാണെന്ന് - കറുപ്പ് 


ഒരു നിറമെങ്കിലും ചേച്ചിക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള ഉദ്വേഗത്തിൽ , അച്ഛനുമമ്മയും പുറപ്പെട്ട ഉടനെ, മുത്തശ്ശിയുടെ മൗനാനുവാദത്തോടെ, ഇനി കുറേ നേരം  ഇന്ദുവേച്ചിക്കു കൂട്ടായി അച്ചൂട്ടനുണ്ടാകുമല്ലോ എന്നോർത്തുള്ള ചേച്ചിയമ്മയുടെ ആശ്വാസത്തോടെയുള്ള ചിരി കണ്ടു കൊണ്ട്, ഒറ്റയോട്ടത്തിനാണ് അച്ചൂട്ടൻ ഇന്ദുവേച്ചിയുടെ അടുത്തെത്തിയത്. ചെന്നപ്പോൾ ചേച്ചി കഴുത്തോളം മൂടിപ്പുതച്ചുറങ്ങുന്നു. കുലുക്കി വിളിച്ചു നോക്കി. ഇല്ല, നല്ലയുറക്കം. പെട്ടെന്ന് ഒരു രക്ഷിതാവിന്റെ ഭാവത്തിൽ, ഗൗരവത്തിൽ, അച്ചൂട്ടനു സുഖമില്ലാതാകുമ്പോൾ പപ്പയും മമ്മിയും മുത്തശ്ശിയുമൊക്കെ ചെയ്യാറുള്ള പോലെ, അച്ചൂട്ടൻ ചേച്ചിയുടെ നെറ്റിയിൽ കൈ വച്ച് നോക്കി. പനിയുണ്ടോ? ഇല്ലല്ലോ. നെറ്റിക്കു തണുപ്പാണല്ലോ!


 അപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. ചേച്ചിയുടെ ചുണ്ടിലെല്ലാം ഞാവൽപ്പഴക്കറ. ആരാണ് തന്നേക്കാൾ മുൻപ് ചേച്ചിക്ക് ഞാവല്പഴം കൊണ്ടുക്കൊടുത്തത്?! ചേച്ചിയമ്മ ആയിരിക്കുമോ? രണ്ട് ദിവസമായിട്ട് ചേച്ചിക്ക് വയ്യാതായിരിക്കുന്നു എന്നു മിനിഞ്ഞാന്ന് ചേച്ചിയമ്മ അമ്മയുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയപ്പോൾ പറഞ്ഞിരുന്നു. അതിനാൽ രണ്ട് ദിവസമായിട്ട് ചേച്ചിയമ്മ പണിക്കും വന്നിരുന്നില്ല. ഇന്നു പണിക്ക് വന്നെങ്കിലും ഇടക്കിടെ വീട്ടിൽ പോയി ഇന്ദുവേച്ചിയെ നോക്കുന്നുമുണ്ടായിരുന്നു. അപ്പോൾ അച്ചൂട്ടനറിയാതെ ചേച്ചിയമ്മ ഞാവൽപ്പഴം കൊണ്ടു കൊടുത്തിട്ടുണ്ടാകുമോ?് അച്ചൂട്ടൻ കയ്യിലെ കടലാസു പൊതി തുറന്ന് ഞാവൽപ്പഴങ്ങൾ എണ്ണി നോക്കി. കൃത്യം താൻ കൊണ്ട് വന്ന അത്രയും തന്നെ ഉണ്ടല്ലോ!!! അച്ചുവിന് അൽപ്പം നിരാശ തോന്നി. ചേച്ചിയുടെ മുഖത്തു വിരിഞ്ഞു കാണേണ്ട അത്ഭുതഭാവങ്ങളിൽ ഒന്നിന്റെ രസച്ചരട് മുറിഞ്ഞു. സാരമില്ല. പിന്നൊന്നും കൂടിയുണ്ടല്ലോ അച്ചുവിന് മനസ്സിലാക്കിക്കൊടുക്കാൻ - കറുപ്പ് നിറം, ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ ഇരുട്ടിന്റെ നിറം. പക്ഷെ ചേച്ചിയിതെന്തൊരു ഉറക്കമാണു!!  അച്ചു ഒന്നു കൂടി കുലുക്കി വിളിച്ചു നോക്കി. പിന്നെ ചേച്ചിക്കുള്ള ഞാവൽപ്പഴങ്ങൾ  ഉടയാതെ കയ്യിൽ സൂക്ഷിച്ചു പിടിച്ച്, ചേച്ചിയുടെ കറുത്ത് നീലിച്ച ചുണ്ടുകളെ അൽപ്പം നിരാശയോടെ നോക്കി, ചേച്ചി ഉണരുന്നതിനായി അച്ചു കാത്തിരുന്നു. 


2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നിറങ്ങളിലൂടെ വിരിയുന്ന പഴംസ്മരണകൾ ..

Jayasree Lakshmy Kumar said...

വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് നന്ദി