Wednesday 10 February 2021

ഒരു സായന്തനക്കാഴ്ച

ഏകദേശം വൈകുന്നേരത്തോടടുത്തുള്ള ആ ഒന്നൊന്നര മണിക്കൂർ നേരത്തെ ഉറക്കത്തിൽ അവൾ സ്വപ്നങ്ങൾക്കൊപ്പമായിരുന്നു. ആ സ്വപ്നങ്ങളിൽ അവളും അയാളും കൈകൾ കോർത്തു പിടിച്ച്, അവർക്കായി മാത്രം പുഷ്പങ്ങൾ വിരിയിച്ച് നിൽക്കുന്ന ഏതോ യൂറോപ്പ്യൻ രാജ്യത്തെ ഉദ്യാനങ്ങളിൽ ഒരു തണുപ്പുള്ള സായന്തനത്തിൽ അലസം നടക്കുകയായിരുന്നു. തണുത്ത കാറ്റ് വീശുമ്പോൾ ചൂട് പകരാനെന്ന പോലെ ഇടയ്ക്കയാൾ അവളെ തന്നിലേക്ക് ചേർത്തു പിടിക്കും. പ്രേമാർദ്രമായി തലോടും. ആർദ്രമായി അയാളെ നോക്കുന്ന അവളുടെ കണ്ണുകളിലേക്ക് ഇടക്ക് ഉറ്റുനോക്കും. അത്തരമൊരു നിമിഷത്തിൽ, ഒരു ചിത്രശലഭം പോലെ പതിയെ പാറി വന്ന് അയാളുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളിലേക്കമരുമെന്ന് തോന്നിയ ആ നിമിഷത്തിൽ, അവൾ അയാളോട് ഒന്ന് കൂടി ചേർന്നു നിന്ന്, കണ്ണുകൾ പാതി കൂമ്പി, മുഖം മുകളിലേക്കുയർത്തി, കാൽവിരലുകളിൽ ഉയർന്നു പൊങ്ങിയ ആ നിമിഷത്തിലാണ് അവളുടെ കാലുകളിൽ ആഞ്ഞാഞ്ഞുള്ള ആ തട്ടലുകൾ വന്നു വീണതും അവൾ പിടഞ്ഞഴുന്നേറ്റു അയാളുടെ തറച്ചുള്ള നോട്ടത്തിലേക്ക് കൺ തുറന്നതും. പെട്ടെന്നുള്ള ഉണർച്ചയിൽ, സ്വപ്നയാഥാർഥ്യങ്ങൾ വേർതിരിക്കാൻ കഴിയാതിരുന്ന ആ നിമിഷത്തിൽ, ആ മനോഹരസ്വപ്നത്തിന്റെ പ്രതിഫലനമായി അവളുടെ കണ്ണുകളിൽ അവശേഷിച്ചിരുന്ന ആ ആർദ്രമായ നോട്ടത്തെ അവഗണിച്ച്, ''അലാം അടിച്ചതൊന്നും നീ കേട്ടില്ലേ?'' എന്ന് അൽപ്പം ഈർഷ്യയോടെ ചോദിച്ച് അയാൾ നടന്നു പോയപ്പോൾ അവൾ പെട്ടെന്ന് സ്ഥലകാലബോധം കൈവരിച്ചു. താൻ ഇംഗ്ലണ്ടിലെ തന്റെ സ്വന്തം വീട്ടിൽ തന്നെ. അവൾ മൊബൈൽ ഫോണിൽ സെറ്റു ചെയ്തു വച്ചിരുന്ന അലാമിലേക്ക് നോക്കി. അതടിച്ചു കഴിഞ്ഞിരിക്കുന്നു. എങ്ങിനെ അറിയാനാണ്. തുടർച്ചയായുള്ള ആറു നൈറ്റ് ഷിഫ്റ്റുകൾ അവളെ വല്ലാതെ തളർത്തിയിരിക്കുന്നു. സ്ഥിര ജോലിയും, അതിനു പുറമേ സ്ഥിരജോലിയിൽ നിന്ന് കിട്ടുന്നതിനേക്കാൾ നാലിരട്ടിയോളം പേമെന്റ് ഓരോ മണിക്കൂറിലും തരുന്ന ചില ഏജൻസികൾ വഴി, മറ്റു പല ഹോസ്പിറ്റലുകളിലും അവൾ ജോലി ചെയ്യുന്നു. ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാസമയവും, വീട്ടുജോലിക്കുള്ള സമയവും കഴിഞ്ഞ് മൂന്നു മണിക്കൂറോളമാണ് എന്നുമവൾ ഉറങ്ങുന്നത്. ഭർത്താവിനാണെങ്കിൽ അന്നന്ന് പാചകം ചെയ്ത ഭക്ഷണം ചൂടോടെ കിട്ടണമെന്ന് നിർബന്ധവുമാണ്. ഇന്നാണെങ്കിൽ ഞായറാഴ്ചയായതു കൊണ്ടും ഭർത്താവ് കൂടി വീട്ടിൽ ഉള്ളത് കൊണ്ടും അവധിയെടുക്കാമെന്ന് വച്ച് അവൾ പതിവിൽ കൂടുതൽ പണികൾ ചെയ്തു. ആ സമയത്തെല്ലാം അയാൾ കംപ്യുട്ടറിൽ, നാട്ടിൽ വാങ്ങാനിരിക്കുന്ന നാലാമത്തെ പ്ലോട്ടിന്റെ വിശദാംശങ്ങൾ നോക്കുകയും മറ്റുമായിരുന്നു. ഏകദേശം നാല് മണിയോടടുത്തതാണ്, ദൂരെയൊരു ഹോസ്പിറ്റലിൽ ഇന്ന് നൈറ്റ് കവറിന് ആളെ വേണമെന്ന് ഒരു ഏജൻസി വഴി അയാൾ അറിയുന്നതും അവളെ അതറിയിക്കുന്നതും. ആ ഹോസ്പിറ്റൽ ആണെങ്കിൽ അവൾക്ക് പുതിയതും. അവൾക്കിനിയും സ്വയം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത ആ വിധേയത്ത്വഭാവത്തോടെ, നേട്ടങ്ങളുടെ സിംഹഭാഗത്തിനും വഴി വയ്ക്കുന്ന അവളുടെ അദ്ധ്വാനഫലം അയാളുടെ ചുണ്ടുകളിൽ വല്ലപ്പോഴും വിരിയിക്കുന്ന ഒരു ചെറുപുഞ്ചിരിയിൽ അവൾ കണ്ടെത്തുന്ന സായൂജ്യം നഷ്ടപ്പെടുത്താൻ മനസ്സ് വരാഞ്ഞ്, പിന്നെയുള്ള ഒന്നര മണിക്കൂർ അവൾ അലാം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു. എന്നാൽ ക്ഷീണാധിക്യത്താൽ അലാം അടിച്ചത് അവൾ അറിഞ്ഞില്ല. അതിനാലാണ് അയാൾക്ക് അവളെ തട്ടിയുണർത്തേണ്ടി വന്നത്. അവൾ വേച്ചെഴുന്നേറ്റ് ഡ്യുട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായി. മുഖം കഴുകി റ്റവ്വൽ കൊണ്ട് തുടച്ച് അവൾ കണ്ണാടിയിലേക്ക് പാളി നോക്കി. കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണുന്നത് അവൾക്ക് പൊതുവേ ഇഷ്ടമല്ല. അൽപ്പാൽപ്പം ചുളിവു വീണ മുഖവും, ഒട്ടും ചുളിവു വീഴാത്ത ഉദരവും, കണ്ണാടിയിൽ അവജ്ഞയുടെയും അവഗണനയുടെയും സമവാക്യങ്ങളായി പ്രതിബിംബിക്കുന്നു എന്നവൾ വിശ്വസിക്കുന്നു. ധൃതിയിൽ വസ്ത്രം മാറുന്ന നേരത്താണ്, അയാൾ ബാങ്ക് കാർഡ് എടുക്കാനോ മറ്റോ മുറിയിലേക്ക് കയറി വന്നത്. അവളുടെ പാതി നഗ്നമായ ശരീരത്തിലേക്ക് പെട്ടെന്നയാളുടെ നോട്ടം വന്നു വീണു. അയാളുടെ കണ്ണുകൾ അറപ്പിനാൽ ചുരുങ്ങുന്നതു പോലെ തോന്നിയപ്പോൾ അവൾ പെട്ടെന്ന് അരികത്ത് കിടന്ന റ്റവ്വൽ എടുത്ത് നിവർത്തി സങ്കോചത്തോടെ ദേഹത്തോട് ചേർത്തു. അവളെ ഒരിക്കൽ കൂടി നോക്കാതെ അയാൾ തിരിഞ്ഞു. അതവൾക്ക് ഒരു പുതിയ അനുഭവമായിരുന്നില്ല. വിവാഹത്തിന്റെ ആദ്യനാളുകളിൽ തന്നെ അയാൾക്ക് അവളോടുള്ള സമീപനത്തിലെ യാന്ത്രീകത അവൾ തിരിച്ചറിഞ്ഞിരുന്നു. ആദ്യമൊക്കെ അതവളെ വേദനിപ്പിക്കുകയും അവളത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അവളുടെ എതിർപ്പുകളോട് സ്ഥിരമായി അയാൾ സ്വീകരിച്ചിരുന്ന അവഗണനാമനോഭാവത്തോട് പിന്നീടവൾ പൊരുത്തപ്പെട്ടു. ബാങ്ക് കാർഡ് എടുത്ത് തിരിച്ചു നടന്ന അയാൾ, ഡ്രസിങ് ടേബിളിനു മുകളിലിരുന്ന വില കൂടിയ പെർഫ്‌യൂം ബോട്ടിലിനടുത്തേക്ക് നീങ്ങി. അതെടുത്തൊന്നു മണത്തു. പിന്നെ അവിടെ തന്നെ വച്ച് കടന്നു പോയി. വില കൂടിയ മെൻസ് പെർഫ്‌യൂം. ഈയിടെ അയാൾക്കെപ്പോഴും വില കൂടിയ പല തരം പെർഫ്‌യൂമുകളുടെ മണമാണ്. അയാളുടെ വസ്ത്രങ്ങളിലും അയാൾ കിടക്കുന്ന കിടക്ക വിരിപ്പിലും അയാൾക്ക് ചുറ്റുമുള്ള വായുവിൽ പോലും അതിന്റെ ഗന്ധമാണ്. ഇന്നത്തെ ആ ചെറിയ മയക്കത്തിൽ കണ്ട സ്വപ്നത്തിലെ ഉദ്യാനത്തിൽ പോലും അത്തരം സുഗന്ധങ്ങൾ നിറഞ്ഞു നിന്നിരുന്നല്ലോ എന്നവൾ ഓർത്തു. അത് അവളെ വീണ്ടും ആ മാസ്മരീകസ്വപ്നത്തിന്റെ ഓർമ്മകളിൽ കൊണ്ടെത്തിച്ചു. ഒരു നിമിഷം അവൾ അതിൽ ആമഗ്നയായി. പിന്നെ പെട്ടെന്ന് സമയത്തെ കുറിച്ച് ബോധവതിയായി. മുടി ഒതുക്കി കെട്ടി. വാഷിങ് പൗഡർ മാത്രം മണക്കുന്ന അവളുടെ വസ്ത്രങ്ങൾ മാറി യൂണിഫോ൦ ധൃതിയിൽ ധരിച്ചിട്ട്, രാവിലെ സ്വീകരണമുറിയുടെ മൂലയിലുള്ള റ്റേബിളിൽ കൊണ്ടുവച്ചിരുന്ന ബാഗ് എടുക്കാനോടി. മുറിയുടെ മറ്റൊരു മൂലയിലുള്ള കമ്പ്യൂട്ടറിൽ അയാൾ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു. ഹാളിന്റെ ചുവരുകളിൽ ആയാളും അവളും ഒരുമിച്ചുള്ള ചിത്രങ്ങൾ വിലകൂടിയ ഫ്രയിമുകൾക്കുള്ളിൽ തൂങ്ങുന്നു. സങ്കൽപ്പത്തിലെ ദാമ്പത്യം സ്വീകരണമുറിയുടെ ചുവരുകളിൽ തൂങ്ങിയാടി അവളെ നോക്കി പല്ലിളിക്കുന്നതു കാണാതെ, രാത്രിഭക്ഷണം എടുത്തു വച്ചിരുന്ന റ്റിഫിൻബോക്സ് മറന്ന്, കാറിലെ നാവിഗേറ്ററിൽ ഇന്ന് പോകേണ്ട അപരിചിതമായ ഹോസ്പിറ്റലിന്റെ പോസ്റ്റ് കോഡ് ഫീഡ് ചെയ്ത്, അതിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് ചെവിയോർത്ത്, കൃത്യസമയത്തു ഡ്യൂട്ടിക്കെത്തിച്ചേരാനാകുമോ എന്ന വേവലാതിയിൽ അവളും; അവൾ പോയതിനു പുറകേ, വില കൂടിയ വസ്ത്രങ്ങളും തനിക്കു പ്രിയപ്പെട്ട വില കൂടിയ പെർഫ്‌യൂമുമണിഞ്ഞ്, നാവിഗേറ്ററിന്റെ സഹായമില്ലാതെ, ചിരപരിചിത വഴികളിലൂടെ, കൃത്യമായ സമയധാരണയോടെ, ഇനിയും അറിയേണ്ടുന്ന ഏതൊക്കെയോ സുഗന്ധങ്ങളുടെ വില്പനശാലകളിലേക്ക് അയാളും കാറോടിച്ചു പോയി.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല അവലോകനങ്ങൾ ...
ഇതുപോലെ എല്ലാ ചിന്തകളും
ഇതുപോലെ കുറിച്ചുവെക്കണം കേട്ടോ ലച്ചു ...

Jayasree Lakshmy Kumar said...

തീര്ച്ചയായും. അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഒരുപാട് നന്ദി