Monday 22 December 2008

സമയം തെറ്റി ഓടുന്ന വണ്ടികൾ

പതിവിനു വിപരീതമായി അന്നത്തെ അവളുടെ ദിവസം താളാത്മകമായാണ് തുടങ്ങിയത്. എന്നും ചെയ്തു കൊണ്ടിരുന്ന ജോലികളൊക്കെ തന്നെ അന്നുമവൾക്ക് ചെയ്യാനുണ്ടായിരുന്നു. പക്ഷെ അന്നെന്തു കൊണ്ടൊ ഒന്നിനുമവൾ ഒരു തിടുക്കവും കാണിച്ചില്ല. വെളുപ്പിന് അഞ്ചു മണിക്കെഴുന്നേറ്റ്, കുട്ടികളും വൃദ്ധന്മാരുമുൾപ്പെടെയുള്ള പതിന്നാലംഗകുടുംബത്തിന് ബെഡ്‌കോഫിയുണ്ടാക്കുന്നതു മുതൽ, ഒറ്റക്കു ചെയ്തു തീർക്കേണ്ടതായിട്ടുള്ള പാത്രം തേച്ചു മോറൽ, മുറ്റമടിക്കൽ, പ്രാതൽ ഒരുക്കൽ എന്നു വേണ്ട അവളുടെ ഓരോ പ്രവർത്തികളേയും അന്ന് ഏതോ ഒരജ്ഞാതസംഗീതത്തിന്റെ താളം സന്നിവേശിച്ചിരുന്നു. തന്റെ രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലു കുട്ടികളെ സ്കൂളിൽ വിടേണ്ടതാണെന്നും, ഭർത്താവിനും ഭർത്താവിന്റെ ജേഷ്ഠനും ഭാര്യക്കും ജോലിസ്ഥലങ്ങളിലേക്ക് പോകെണ്ടതാനെന്നുമുള്ള ചിന്തകളൊന്നും അന്നവളെ അലട്ടിയില്ല. പതിവില്ലാതെ ഒരു ഗാനം മൂളിയിരുന്നു അവൾ.

തലേ രാത്രിയിൽ ഏതാണ്ട് ഒരു മണി വരെ അവളുടെ പത്തു വർഷത്തെ ദാമ്പത്യ,കുടുംബജീവിതത്തിന്റെ ചക്രം ഏതാണ്ടൊരു പോലെയാണ് ഓടിയിരുന്നത്. അടുക്കളയിലെ പലതരം ഗാർഹീകോപകരണങ്ങളിൽ ഒന്നു പോലെ, സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമായി തീർന്നിരുന്നു അവളും. രാത്രികളിൽ പണികളൊതുക്കി വളരേ വൈകി മാത്രം കിടക്കയിലെത്തുന്ന അവൾ, തളർച്ചയാൽ വളരേ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴുമായിരുന്നു. വല്ലപ്പോഴും മാത്രം, അൽ‌പ്പം മാറിയുള്ള റെയിൽ‌പാളത്തിലൂടെ ചൂളം വിളിച്ച്, പാളം കുലുക്കി കടന്നു പോകുന്ന, സമയം തെറ്റി ഓടുന്ന ഒരു ട്രെയിൻ അവളുടെ ഉറക്കത്തെ പതുക്കെ ഒന്ന് അലോസരപ്പെടുത്തുമായിരുന്നു എന്നതൊഴിച്ചാൽ, അകലെ പോയ് മറയുന്ന ട്രെയിനിനൊപ്പം, മറയുന്ന അതിന്റെ ചൂളം വിളികൾക്കും കിതപ്പുകൾക്കൊപ്പം, അവൾ വീണ്ടും ഗാഢനിദ്രയിലേക്ക് വീഴുമായിരുന്നു. അരികിൽ കിടന്നുറങ്ങുന്ന ഭർത്താവിന്റെ ഉറക്കേയുള്ള കൂർക്കം വലികൾ പോലും, കിടക്കയിലേക്ക് ചെന്നു വീഴുന്ന സമയത്തല്ലാതെ, ഉറക്കത്തിലൊന്നും അവൾ അറിയാറേ ഇല്ല.

തലേ ദിവസത്തിനും മറ്റു ദിവസങ്ങളേക്കാൾ പ്രത്യേകതകളൊന്നുമില്ലായിരുന്നു. അഥവാ എന്തെങ്കിലും പ്രത്യേകത ഉണ്ടായി എന്നു പറയാവുന്നത് അവൾക്കല്ല, ഭർത്താവിനാണ്. അത്, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ അയാൾക്ക് വളരേ ലാഭകരമായ ഒരു കച്ചവടം അന്നു നടന്നു എന്നതാണ്. കയ്യിൽ കുറേ കാശു വന്നു ചേർന്നതും, പിറ്റേ ദിവസം തന്നെ അത് ബാങ്കിലിടണമെന്നു പറഞ്ഞ് ലോക്കറിൽ വച്ചു പൂട്ടിയതും, നല്ലൊരു ലാഭം കിട്ടിയ സന്തോഷത്തിൽ അയാൾ അന്ന് അൽ‌പ്പം കൂടുതൽ മദ്യം സേവിച്ച് ആഘോഷിച്ചതുമൊന്നും പക്ഷെ അവളിൽ ഒരു വ്യത്യാസവുമുണ്ടാക്കിയില്ല. ഇടക്കിടെ ആവർത്തിക്കാറുള്ള ഇത്തരം സംഭവങ്ങളൊന്നും അവൾ ശ്രദ്ധിക്കാറു പോലുമില്ല എന്നു പറയുന്നതാവും ശരി. കാരണം, അത്തരം സന്തോഷങ്ങളെല്ലാം അയാൾ അയാളിലേക്ക് മാത്രം ഒതുക്കി നിർ‌ത്തിയിരുന്നു.

അന്നും അവൾ കിടക്കയിലെത്തുമ്പോൾ അയാൾ കൂർക്കം വലിച്ചുറക്കമായിരുന്നു. കിടക്കയിൽ വീണതേ അവളും ഉറങ്ങിപ്പോയിരുന്നു. പക്ഷെ അന്നു വെളുപ്പിന് ഏതാണ്ട് ഒരു മണിയോടടുത്ത് അവളെ ഉണർത്തിയത് ഏതെങ്കിലും തീവണ്ടിയുടെ ചൂളം വിളിയോ കുലുക്കമോ അല്ല. മറിച്ച് ഏതോ തംബുരുവിൽ ശ്രുതി തേടുന്ന ചില മാന്ത്രീകവിരലുകളാണ്. സ്നേഹവും, വാത്സല്യവും, കാരുണ്യവും വിരലുകളിലൊളിപ്പിച്ച്, തന്ത്രികളിൽ വളരേ മൃദുവായി വിരലുകൾ ചലിപ്പിച്ച്, ശ്രുതി മീട്ടി പാടാനൊരുങ്ങുന്ന ഏതോ ഗന്ധർവ്വവിരലുകൾ. നിറയുന്ന പാലപ്പൂമണത്തിലേക്ക് മിഴികൾ തുറക്കുമ്പോൾ താൻ സ്വയം ഒരു തംബുരുവായിത്തീരുന്നത് അവൾ തിരിച്ചറിഞ്ഞിരുന്നു. ലയതാളങ്ങളോടെ ഉയർന്നു പൊങ്ങുന്ന വശ്യമധുരമായ ആ ഗന്ധർവ്വസംഗീതധാരയിൽ അവളുടെ മനോതന്ത്രികൾ സ്വയം ശ്രുതി ചേർന്ന്, സ്വപ്നമോ യാദാർഥ്യമോ എന്നു തിരിച്ചറിയാനാവാത്ത മറ്റേതോ ലോകത്തേക്ക് ഒഴുകിയിരുന്നു. ഇതു വരേയുള്ള തന്റെ ദാമ്പത്യത്തിനിടയിൽ, മുപ്പത്തഞ്ചു വർഷത്തെ തന്റെ മുഴുവൻ ജീവിതത്തിനിടയിൽ, ഒരിക്കൽ പോലും ഇത്ര ശ്രുതിമധുരമായ ഒരു സംഗീതം അവളെ ഉണർത്തിയിട്ടില്ല. ആരോഹണാവരോഹണങ്ങളിലൂടെ പതുക്കെ ഒഴുകിമറഞ്ഞ ആ സംഗീതത്തിന്റെ അലയടികൾ, പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും, വെളുപ്പിന് അഞ്ചു മണിക്ക് അലാറം വിളിച്ചെഴുന്നേൽ‌പ്പിക്കുമ്പോഴും അവളുടെ ചുണ്ടുകളിൽ തത്തിക്കളിച്ചിരുന്നു. പൂത്തുലഞ്ഞ ഒരു പാലമരം പോലെയാണ് അന്നവൾ ഉണർന്നെഴുന്നേറ്റത്. തന്നെ ചൂഴ്ന്നു നിന്ന ആ പൂമണത്തിലലിഞ്ഞ് സ്വയമറിയാതെ ചലിക്കുകയായിരുന്നു അവൾ

അവളുടെ ഭർത്താവിലും കാണാമായിരുന്നു അന്നു ചില വ്യത്യാസങ്ങൾ. സാധാരണ പ്രഭാതകർമ്മങ്ങൾക്കു ശേഷം പ്രാതലും കഴിച്ച്, പലപ്പോഴും അവളോടൊന്ന് യാത്ര പറയുക കൂടി ചെയ്യാതെ പുറപ്പെടാറുള്ള അയാൾ, അന്ന് പതിവിനു വിപരീതമായി പ്രഭാതകൃത്യങ്ങൾ പോലും ചെയ്യാൻ മറന്ന് വീടാകെ ഉഴുതു മറിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടില്ല. മേശവലിപ്പുകളും ബെഡ്‌ഷീറ്റുമെല്ലാം കുടഞ്ഞു പരിശോധിച്ച അയാൾ, തലയിണക്കവറുകൾ ഊരിക്കുടഞ്ഞ്, കിടക്ക വലിച്ച് താഴെയിട്ട്, തലേ ദിവസം ഇട്ടിരുന്ന ഷർട്ടിന്റേയും പാന്റിന്റേയും പോക്കറ്റുകളെല്ലാം പരിശോധിച്ച്, അവസാനം അവളോട് വന്നു ചോദിച്ചു ‘എടീ, നീ ലോക്കറിന്റെ കീ കണ്ടോ, ഞാൻ തലയിണക്കീഴിൽ വച്ചിരുന്നതാണല്ലോ’

മറ്റേതെങ്കിലും സമയത്താണ് അയാൾ അത് ചോദിച്ചിരുന്നതെങ്കിൽ ‘കാശ് ഷോക്കേസിൽ വയ്ക്കാമായിരുന്നില്ലേ’ എന്ന് മനസ്സിലെങ്കിലും അവൾ മുറുമുറുത്തേനേ. പക്ഷെ, ദോശച്ചട്ടിയിലേക്ക് മാവു കോരിയൊഴിച്ച് സാവകാശത്തിൽ വൃത്തരൂപത്തിൽ അത് പരത്തിക്കൊണ്ടിരുന്ന അവൾ അപ്പോൾ പാതി കൂമ്പിയ മിഴികളുയർത്തി അയാളെ നോക്കുകയും പിന്നെ താളാത്മകമായി തല മന്ദം ഇരുവശത്തേക്കും ചലിപ്പിച്ച് ‘ഇല്ല’ എന്ന് സംജ്ഞ നൽകുകയുമാണ് ചെയ്തത്. അവൾ അത് മുഴുവനാക്കുന്നതിനു മുൻപേ അയാൾ വീണ്ടും ബെഡ്‌റൂമിലേക്ക് പാഞ്ഞിരുന്നു. അലമാരയ്ക്കു പുറകിലെവിടേയോ വീണു കിടന്നിരുന്ന താക്കോൽ അവസാനം അയാൾ കണ്ടു പിടിച്ചതും അതുപയോഗിച്ച് ലോക്കർ തുറന്ന അയാൾ ഞെട്ടി അലറി വിളിച്ചതും പിന്നെ പോലീസ്‌സ്റ്റേഷനിലേക്ക് ഫോൺ ചെയ്തതുമൊന്നും അവൾ അറിഞ്ഞില്ല. ഇടയ്ക്കെപ്പോഴോ ഒരു ദിവാസ്വപ്നത്തിലേക്ക് പൂർണ്ണമായി അലിഞ്ഞിറങ്ങിയ അവൾ ദോശ കരിഞ്ഞുയർന്ന മണം പോലുമറിഞ്ഞില്ല. അപ്പോൾ അവളെ ചൂഴ്ന്നു നിന്നിരുന്നത് നിറഞ്ഞ പാലപ്പൂമണവും മനോമോഹനമായ ഒരു ഗന്ധർവ്വഗീതവും മാത്രം