Saturday 7 June 2008

suicide or murder???

ചൂട്ടുകറ്റ വീശി, തീ കെടാതെ സൂക്ഷിച്ചു നടന്നു കണാരന്‍. ഗ്രാമമിപ്പോഴും ഉറക്കത്തിലാണ്. വൃശ്ചികത്തിലെ ആ തണുത്ത വെളുപ്പാന്‍‌കാലത്ത് ആകെ ഒരാട്ടവും അനക്കവും കണ്ടത് മാരാത്തു മാത്രമാണ്. മാരാര്‍ അമ്പലത്തില്‍ പോകാനുള്ള തയ്യാറടുപ്പിലാവും. നാലുമണിയുടെ ട്രെയിന്‍ ദൂരെ പുഴക്കു മുകളിലുള്ള പാളത്തിലൂടെ കടന്നു പോയി. അങ്ങിങ്ങുള്ള ചീവീടുകളുടെ ശബ്ദമൊഴിച്ചാല്‍ ഗ്രാമം വീണ്ടും നിശ്ശബ്ദതയിലായി.

ചെമ്പകത്തറ വീടിന്റെ പിന്നാമ്പുറത്തെ വേലിക്കരികിലെത്തിയപ്പോള്‍ കണാരന്‍ കയ്യിലിരുന്ന ചൂട്ടുകറ്റ കുത്തിക്കെടുത്തി. ബീഡി ദൂരെ വലിച്ചെറിഞ്ഞു. ദൂരെ നിന്നുള്ള ചെറിയ ബീഡിമണം പോലും പിടിച്ചെടുക്കാന്‍ കഴിവുള്ള ആളാണ് ചെമ്പകത്തറ കാരണവര്‍. ചിലപ്പോള്‍ ഈ ബീഡിമണം മതിയാകും അങ്ങേരുണരാന്‍.

തൊടിയിലൂടെ മാര്‍ജ്ജാരപാദനായി നടന്നു. വീടിന്റെ പിന്നാമ്പുറത്ത് വെട്ടമുണ്ട്. പെട്ടെന്ന് കാല്‍ എന്തിലോ തട്ടി. ഒഴിഞ്ഞ ഒരു പാട്ട വലിയ ശബ്ദമുണ്ടാക്കി ദൂരെ തെറിച്ചു വീണു. കണാരനൊന്നു നിന്നു. ശബ്ദം കേട്ട് കാരണവരുണര്‍ന്നാല്‍ ആകെ ജഗപൊക. കുറച്ചു നേരം നിന്ന്, വീടിനകത്തു നിന്നും അനക്കമൊന്നുമില്ലെന്നുറപ്പു വരുത്തിയിട്ട് പതുക്കെ നടന്നു. നോട്ടം വീടിന്റെ പിന്‍‌വാതിലിലുറപ്പിച്ച് വീടിനു പുറകിലെ തൊഴുത്തിന്റെ നിഴല്‍ പറ്റി നീങ്ങിയ കണാരന്‍ പെട്ടെന്ന് സഡന്‍ ബ്രെയ്ക്ക് ഇട്ട പോലെ നിന്നു. ഒരു വലിയ ആര്‍ത്തനാദം കണാരനറിയാതെ തൊണ്ടയില്‍ നിന്നു പുറപ്പെട്ടു. വീടുണര്‍ന്നു

ആദ്യം പിന്‍‌വാതില്‍ തുറന്ന് പുറത്തു ചാടിയത് കാരണവരുടെ ഭാര്യ ഭാര്‍ഗ്ഗവിയമ്മ. കൂടെ വേലക്കാരി കൊച്ചമ്മിണിയും. വാ തുറന്ന് കണ്ണും തുറിപ്പിച്ച് നില്‍ക്കുന്ന കണാരനെ കണ്ട് അവര്‍ ഞെട്ടി. കണാരന്റെ നോട്ടം തറച്ച ദിക്കിലേക്കു നോക്കിയപ്പോള്‍, മുന്‍പേ കണാരനില്‍ നിന്നും കേട്ടതിനു സമാനമായ ആര്‍ത്തനാദം അവരില്‍ നിന്നും പുറപ്പെട്ടു. കാരണവരുണര്‍ന്നു, നാടുണര്‍ന്നു. നങ്ങേലിയുടെ, കണ്ണു തുറിച്ച് നാവു പുറത്തേക്കു നീട്ടിയ മട്ടില്‍ തൂങ്ങി നില്‍ക്കുന്ന ജഡത്തിനു ചുറ്റും നാട്ടുകാര്‍ കൂടി. ഇത് ആത്മഹത്യയോ കൊലപാതകമോ?!!

ഈയിടെ പ്രിയതമനെ പിരിയേണ്ടി വന്നു നങ്ങേലിക്ക്. നങ്ങേലിയേയും ആറു മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനേയുമോര്‍ക്കാതെ നീലാണ്ടനെ മരണത്തിന്റെ കയ്യിലേല്‍പ്പിച്ഛു കൊടുത്തതിനു പിന്നില്‍ കാരണവരുടെ കറുത്ത കൈകളാണെന്ന് എല്ലാവരെയും പോലെ നങ്ങേലിക്കുമറിയാം. സ്വന്തം കൈകൊണ്ട് കൊന്നില്ലെങ്കിലെന്താ. കൊല്ലിച്ചില്ലേ? എന്നും ചെമ്പകത്തറവീടിനു വേണ്ടി അടിമപ്പണി ചെയ്തിട്ടും, അവസാ‍നം കണ്ണില്‍ ചോരയില്ലാതെ ആ കാരണവര്‍..നീലാണ്ടനെ പിരിഞ്ഞതിനു ശേഷം അമര്‍ഷത്തിന്റേതോ സങ്കടത്തിന്റേതോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാവം നങ്ങേലിയുടെ കണ്ണുകളില്‍ എന്നും നിഴലിച്ചിരുന്നു. നങ്ങേലിയുടേയും നീലാണ്ടന്റേയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തു പേര്‍ വിളിച്ച ‘നാനി’ എന്നു പേരുള്ള മകളെ നോക്കി നെടുവീര്‍പ്പിട്ടിരുന്നു. പക്ഷെ എന്തു ചെയ്യാം, ചെമ്പകശ്ശേരിത്തറയിലെ കെട്ടുപാടുകളില്‍ നിന്ന് ഒരിക്കലും വിടുതലുണ്ടായിരുന്നില്ലല്ലൊ നങ്ങേലിക്ക്. എന്നാലും നങ്ങേലി ആത്മഹത്യ ചെയ്യില്ലാ എന്ന് കൂടിയവരെല്ലാം തറപ്പിച്ചു പറയുന്നു. പിന്നെ സംഭവിച്ചതെന്ത്? കൊലപാതകമോ? അത് തെളിച്ചു ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല

സ്ഥലത്തെ പ്രധാന പണക്കാരിലൊരാളും സ്ഥാനിയുമായിരുന്നു ചെമ്പകത്തറ കാരണവര്‍. എല്ലാവരോടും വളരെ സൌഹാര്‍ദ്ദപരമായ സമീപനം. ജാതിമതഭേദങ്ങളോ പണത്തിന്റെ ഏറ്റക്കുറച്ചിലോ നോക്കാതെ എല്ലാവരോടും സഹകരിക്കും. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തിനാ, നാട്ടിലുള്ളവര്‍ക്കെല്ലാം കാരണവരെ കാണുന്നതേ പേടിയാണ്. കഴിവതും കാരണവരെ ഒഴിഞ്ഞു നടക്കും എല്ലാവരും. ഇനി അബദ്ധത്തില്‍ മുന്‍പിലെങ്ങാന്‍ ചെന്നു പെട്ടു പോയാല്‍ തന്നെ ഒന്നു ചിരിച്ചു കാട്ടി വലിയ വര്‍ത്തമാനത്തിനൊന്നും ഇടകൊടുക്കാതെ എങ്ങിനെയെങ്കിലും രക്ഷപ്പെടും. ‘അട്ടറക്കണ്ണന്‍’ എന്നും ‘കരിങ്കണ്ണന്‍’ എന്നുമുള്ള അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന കാരണവര്‍, നല്ലതു പറഞ്ഞാലും ചീത്ത പറഞ്ഞാലും അതു ദോഷത്തിലേ ഭവിക്കൂ എന്നതാണതിനു കാരണം.ഫലം വരാന്‍ അധികം താമസവും ഉണ്ടാകാറില്ല.

നാണിയുടെ, കൊത്തിച്ചിറക്കിയ കോഴിക്കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുമായി കാരണവരുടെ കണ്ണില്‍ വന്നു പെട്ട അന്ന് ‘ഇത് കുറെ ഉണ്ടല്ലൊ നാണ്യേ’ എന്നൊരൊറ്റ വാചകമേ കാരണവര്‍ പറഞ്ഞുള്ളു. അന്നു വൈകുന്നേരത്തിനുള്ളില്‍ പതിനെട്ടു കോഴിക്കുഞ്ഞുങ്ങളും കാക്ക, പരുന്ത് തുടങ്ങിയവയ്ക്ക് ആഹാരമായി എന്നു മാത്രമല്ല, വെറുതെ നടന്ന തള്ളക്കോഴിയും വൈകുന്നേരമായപ്പോഴേക്കും കഴുത്തു പിരിഞ്ഞ് ചത്തു വീണു.

മത്തായി മാപ്ലേടെ, നിറയെ കായ്ച്ചു നിന്നിരുന്ന അടക്കാമരം, നല്ല വേനല്‍ക്കാലത്ത് പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും നിലം പൊത്തിയത്, അതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അതിലെ കടന്നു പോയ കാരണവര്‍ ‘ഹ! ഈ കവുങ്ങങ്ങു ശെമട്ടനായി നില്‍പ്പുണ്ടല്ലൊ’ എന്നു പറഞ്ഞതിനു ശേഷമാണത്രേ.

മൃഗങ്ങളുടേയും മരങ്ങളുടേയും കാര്യം പോകട്ടെ, മനുഷ്യരുടെ കാര്യമോ!!മറിയാമ്മച്ചേടത്തിയുടെ ഇളയ മോന്‍ പീറ്റര്‍ ബൈക്ക് വാങ്ങിയതിനു ശേഷമുള്ള ആദ്യസവാരിക്കിടെ തന്നെ കാരണവരുടെ മുന്നില്‍ ചെന്നു പെട്ടു. ബൈക്കിനെ തൊട്ടു തലോടി ‘ഇവനാളൊരു സുന്ദരക്കുട്ടപ്പനാണല്ലോടാ, ഇവന്റെ പുറത്തിരുന്നു നീയിങ്ങിനെ പോകുന്നതു കാണാനൊരു ചേലുണ്ട്’ എന്നു പറഞ്ഞതിനു ശേഷം അവിടെ നിന്നും ഓടിച്ചു പോയ പീറ്ററിന്റെ ബൈക്ക് വഴിയരികിലെ മരത്തിലിടിച്ച് ഛിന്നഭിന്നമായി പോയതുംകൈകാല്‍ ഒടിവുകളോടെ പീറ്റര്‍ ആറു മാസത്തോളം ആസ്പത്രിയില്‍ കിടന്നതും വേറേ കഥ. ‘ഇത്രയും നാള്‍ ഈ വഴിയില്‍ കൂടി നടന്നിട്ടും ഇങ്ങിനെയൊരു മരം ഇവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’ എന്ന് പറവൂര്‍ ഭരതന്‍ ശൈലിയില്‍ പീറ്ററും ‘കാര്‍ന്നോര്‍ കണ്ണു വച്ചിട്ടും ജീവന്‍ തിരിച്ചു കിട്ടിയതു തന്നെ അത്ഭുതം’ എന്ന് മറിയാമ്മച്ചേടത്തിയും ആത്മഗതം ചെയ്തു.

ഇത്തരം പേടികള്‍ നാട്ടിലെല്ലാവരുടേയും ഉള്ളിലുണ്ടെന്നതില്‍ കാരണവര്‍ ഉള്ളാലെ സന്തോഷിക്കുകയും ആ പേടി ആസ്വദിക്കുകയും ചെയ്തിരുന്നു, പുറമേ അതു കാണിച്ചില്ലെങ്കിലും. എന്തിനേറേ പറയുന്നു, വീട്ടുകാരത്തി ഭാര്‍ഗ്ഗവിയമ്മക്കു വരെ കാരണവരുടെ കരിങ്കണ്ണ് പേടിയാണ്. ഏക്കറുകണക്കിനുള്ള നെല്‍പ്പാടങ്ങളിലെ കാര്യങ്ങളൊന്നും കാരണവരെ കൊണ്ട് നോക്കി നടത്തിക്കാറേ ഇല്ല ഭാര്‍ഗ്ഗവിയമ്മ. തൊടിയിലെ പച്ചക്കറികൃഷിയോ, തടിച്ചു കൊഴുത്തു നില്‍ക്കുന്ന കന്നുകാലികളേയോ എന്തിനധികം പറയുന്നു, നട്ടു നനച്ചു വളര്‍ത്തുന്ന പൂച്ചെടികളെ പോലുമോ കാരണവരൊന്നു നോക്കിയാല്‍ ഭാര്‍ഗ്ഗവിയമ്മക്കു പേടിയാണ്. നങ്ങേലിയുടെ കാര്യത്തിലാണെങ്കില്‍ ഭാര്‍ഗ്ഗവിയമ്മക്കു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നതുമാണ്. എന്നും പത്തു ലിറ്റര്‍ പാല്‍ തരുന്ന നങ്ങേലിയെങ്ങാന്‍ കാരണവരുടെ കണ്ണില്‍ പെട്ടാല്‍..പ്രത്യേകിച്ചും പ്രസവാനന്തരമുള്ള ശുശ്രൂഷകളാല്‍ നങ്ങേലിയങ്ങു തടിച്ചു കൊഴുത്തിരിക്കുന്ന സമയത്ത്.

ഭാര്‍ഗ്ഗവിയമ്മ എത്രയൊക്കെ കരുതലെടുത്തിട്ടും അവസാനം നങ്ങേലി കാരണവരുടെ കണ്ണില്‍ വന്നു പെടുകയും വേണമെന്നു വച്ചിട്ടല്ലെങ്കിലും ‘ഇവളങ്ങു തടിച്ചു കൊഴുത്തല്ലോ’ എന്ന് കാരണവര്‍ പറയുകയും അതു കേട്ട് ഭാര്‍ഗ്ഗവിയമ്മ ഞെട്ടുകയും ആ ഞെട്ടല്‍ കാരണവര്‍ ഉള്ളാലെ ആസ്വദിക്കുകയും ചെയ്തു.

അതിന്റെ പിറ്റേ ദിവസം അതിരാവിലെയാണ് നങ്ങേലി തൊഴുത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കറവക്കാരന്‍ കണാരന്‍ കണ്ട് ഞെട്ടിയത്