Thursday 11 February 2021

ആകാശയൂഞ്ഞാലിലായത്തിലാടി..............

നാളെ വിഷുവാണ്. ചിന്നുവിന്റെ ഒമ്പതാം പിറന്നാളും. വിഷുവും ആണ്ടുപിറന്നാളും  ഒരേ ദിവസം വരുന്നത് കൊണ്ട് അത് കാര്യമായി തന്നെ ആഘോഷിക്കണമെന്നാണ് ചിന്നുവിന്റെ അച്ഛൻ പറഞ്ഞിട്ടുള്ളത്. അതിനായി നേരത്തേ കൂട്ടി തന്നെ അച്ഛൻ ചിന്നൂന് മഞ്ഞയും പച്ചയും കളം കളമുള്ള പട്ടുപാവാടയും പച്ച ബ്ലൗസും തയ്പ്പിച്ചു കൊടുത്തിട്ടുണ്ട്. കൂടാതെ അച്ഛൻ കുറെ നാളായി ചേർത്ത് വച്ച പണം കൊണ്ട് വാങ്ങിയ ഒരു കുഞ്ഞു സ്വർണ്ണമാലയും. എല്ലാം അകത്തെ പഴയ ഇരുമ്പലമാരയിലുണ്ട്. നാളെ അതെല്ലാം ചിന്നൂനെ അണിയിക്കുമത്രേ. വലിയ വയറും വച്ച് അമ്മയും കാര്യമായ ഒരുക്കത്തിലാണ്. വിഷുസംക്രാന്തിക്ക് വീടും പരിസരവുമെല്ലാം വൃത്തിയാക്കുക, പിറ്റേന്നത്തെ സദ്യയ്ക്കായുള്ള പച്ചക്കറി ഒരുക്കി വയ്ക്കുക, പിന്നെ വിഷുക്കണിക്കുള്ള ഒരുക്കങ്ങളും എല്ലാം കൊണ്ട് 'അമ്മ നല്ല തിരക്കിലാണ്. അച്ഛനിതുവരെ എത്തിയിട്ടില്ല. പടക്കപ്പണിയുടെ അവസാനദിവസങ്ങളാണ് വിഷുവിനു മുൻപുള്ള നാളുകൾ. വിഷുത്തലേന്ന് കച്ചവടം പൊടിപൊടിക്കുകയാവും. കച്ചവടം വേറേ സ്ഥലങ്ങളിലാണ്. അവിടേക്ക് അച്ഛന് പോകണ്ട. വിഷുത്തലേന്ന് ബാക്കിയാവുന്ന സാധനസാമഗ്രികൾ എടുത്തു വച്ച്, ഷെഡും പൂട്ടിക്കഴിഞ്ഞാൽ അച്ഛന് പോരാം. പിന്നെ കുറച്ചു നാളത്തേക്ക് പണിയില്ല. അപ്പോൾ അച്ഛൻ ചിന്നൂൻ്റെ കൂടെത്തന്നെയുണ്ടാകും. അടുത്ത വീടുകളിലൊക്കെ ആളുകൾ സന്ധ്യയ്ക്കു മുൻപേ തന്നെ പടക്കങ്ങൾ പൊട്ടിക്കാനും പൂത്തിരി കത്തിക്കാനുമൊക്കെ തുടങ്ങിയിരിക്കുന്നു. അച്ഛൻ വരുമ്പോൾ തനിക്കും കൊണ്ടുവരും പടക്കവും പൂത്തിരിയും മത്താപ്പുമെല്ലാം. അടുത്ത വീടുകളിൽ വലിയ പടക്കങ്ങൾ പൊട്ടിക്കുന്ന സ്വരം കേട്ട് അമ്മയുടെ വയറ്റിനകത്തു കിടന്ന് കുഞ്ഞുവാവ ഞെട്ടുന്നുണ്ടെന്ന് 'അമ്മ പറയുന്നുണ്ട്. അച്ഛൻ വന്ന് ഇവിടെ പടക്കം പൊട്ടിക്കുമ്പോൾ എന്താകുമെന്നാണ് അമ്മയ്ക്ക് വേവലാതി. അമ്മയെന്തിനാ പേടിക്കുന്നെ? കുഞ്ഞുവാവയ്ക്കും ചിന്നൂനെപ്പോലെ ധൈര്യമുണ്ടാവട്ടെ. ആദ്യമൊക്കെ ചിന്നൂനും പടക്കം പൊട്ടുന്ന സ്വരം കേൾക്കുമ്പോൾ പേടിയായിരുന്നു. പണ്ടൊക്കെ അച്ഛൻ പടക്കം പൊട്ടിക്കുമ്പോൾ ചിന്നു അമ്മയെ കെട്ടിപ്പിടിച്ചു അമ്മയുടെ സാരിക്കുള്ളിൽ മുഖം പൂഴ്ത്തി നിൽക്കും. പിന്നീട് അച്ഛനാണ് ആ പേടി മാറ്റിയെടുത്തത്. കത്തിച്ച കമ്പിത്തിരിയും മറ്റും ആദ്യമൊക്കെ ചിന്നുവിൻ്റെ കയ്യിൽ അച്ഛൻ ബലമായി പിടിപ്പിക്കുമ്പോൾ ചിന്നു പേടിച്ചു കരയുമായിരുന്നു. പിന്നെ അതെല്ലാം മാറി. അച്ഛന്റെ ചിന്നൂട്ടി നല്ല ധൈര്യമുള്ള കുട്ടിയായിരിക്കണമെന്നാണ് അച്ഛൻ പറയുക. ചിന്നു നല്ല ധൈര്യമുള്ള കുട്ടിയാണ്. എത്ര വലിയ പടക്കമായാലും അതിന്റെ ശബ്ദമൊന്നും ഇപ്പോൾ ചിന്നൂനെ ഭയപ്പെടുത്തുകയേയില്ല. പടക്കത്തെ മാത്രമല്ല, വെള്ളത്തെയും പേടിക്കാതിരിക്കാൻ അച്ഛനാണ് പഠിപ്പിച്ചത്. ഒഴിവുള്ള സമയങ്ങളിൽ അച്ഛൻ ചിന്നൂനെ തോണിയിലിരുത്തി പുഴയിലൂടെ തുഴയും. അത് പോലെ തന്നെ അമ്പലക്കുളത്തിൽ അച്ഛനിടയ്ക്ക് നീന്താൻ പോകുമ്പോൾ ചിന്നൂനേയും  കൊണ്ട് പോകും. എന്നിട്ടു കൈത്തണ്ടയിൽ കിടത്തി നീന്താൻ പഠിപ്പിക്കും. ആദ്യമൊക്കെ പുഴയും കുളവുമെല്ലാം ചിന്നൂന് വലിയ പേടിയായിരുന്നു. പിന്നെപ്പിന്നെ അച്ഛന്റെ കൂടെ ചെറുതോണിയിലിങ്ങനെ പോകുന്നത് ചിന്നു ആസ്വദിച്ചു തുടങ്ങി. അച്ഛൻ ചൂണ്ടയിട്ട് പിടിക്കുന്ന മീനുകൾ തോണിയിലുള്ള പ്ലാസ്റ്റിക് ബക്കറ്റിൽ നീന്തുന്നത് കണ്ട്, പിന്നെ കരയോട് ചേർന്നുള്ള കണ്ടൽക്കാടുകളിൽ കുഞ്ഞു ഞണ്ടുകൾ ഓടി മറയുന്നതു നോക്കി, ഓളങ്ങളിൽ താളത്തിൽ ചെറുതായുലയുന്ന തോണിയിലിങ്ങനെ പോകാൻ അതീവരസമാണ്. അതിനിടയിൽ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നിട്ട് ഊളിയിട്ടു മറയുന്ന കുഞ്ഞുമീനുകൾ. ഇത് പോലെയാണ് അച്ഛനും അമ്പലക്കുളത്തിൽ നീന്തുന്നത് . ചിന്നൂനോട് എണ്ണാൻ പറഞ്ഞിട്ട് വെള്ളത്തിനടിയിലേക്ക് അച്ഛൻ ഊളിയിട്ടു പോകും. പിന്നെ പൊങ്ങി വന്ന്, വായിലെ വെള്ളം മുകളിലേക്ക് ചീറ്റിത്തെറിപ്പിച്ച്  ചിന്നുവിനെ നോക്കി കൈ വീശിക്കാണിക്കും. പിന്നെയും മുങ്ങാംകുഴിയിടും . നനഞ്ഞ പെറ്റിക്കോട്ട് ശരീരത്തിലൊട്ടിപ്പിടിച്ച് തണുത്ത കാറ്റടിച്ച് ചിന്നു നിന്ന് വിറയ്ക്കുമ്പോൾ അച്ഛൻ ചിന്നൂനെ  പിന്നെയും വെള്ളത്തിലിറക്കും. 


ഇങ്ങിനെ കൊച്ചു പെറ്റിക്കോട്ടും ഇടുവിച്ച് വെള്ളത്തിൽ ചിന്നൂനെ നീന്തിക്കുന്നതു അമ്മയ്ക്കിഷ്ടമല്ല. നീർവീഴ്ച വരുമെന്നത് മാത്രമല്ല അമ്മയുടെ പരാതി, ചിന്നൂന് പ്രായത്തേക്കാൾ വളർച്ചയുണ്ടത്രേ . അത് പോലെ തന്നെയാണ് വഞ്ചിയിൽ കയറ്റി തുഴഞ്ഞു പോകുന്നതിലുമുള്ള പരിഭവവും. പെണ്ണ് വെയിലും ഉപ്പുകാറ്റുമേറ്റ് കരുവാളിക്കുമെന്നത് മാത്രമല്ല, പെണ്ണ് വലുതായി, അവളെയും കൂട്ടി വഞ്ചിയിലുള്ള ഈ കറക്കം നിറുത്തിക്കൊ എന്നാണു 'അമ്മ പറയുന്നത്. സന്ധ്യയ്ക്ക് അച്ഛൻ ജോലി കഴിഞ്ഞു വന്നിട്ട് കുളിയെല്ലാം കഴിഞ്ഞു ചിന്നൂനെ തെക്കേ മുറ്റത്തുള്ള കവുങ്ങുകൾക്കു നടുവിൽ കെട്ടിയ ഊഞ്ഞാലിലിരുത്തി ഒരാട്ടമുണ്ട്. കൂനാകുത്തു കുതിച്ചാട്ടാൻ അച്ഛന് മാത്രമേ പറ്റൂ. അങ്ങിനെയാടുമ്പോൾ ആകാശത്തുദിച്ചു നിൽക്കുന്ന അമ്പിളിമാമന്റെ തൊട്ടടുത്തെത്തിയെന്നു തോന്നും.  താഴേ നിന്ന് അച്ഛൻ അതോടൊപ്പം  ഒരു നാടൻ പാട്ടിന്റെ വരികളും പാടുന്നുണ്ടാകും.

''ആകാശയൂഞ്ഞാലിലായത്തിലാടി....

അമ്പിളിമാമനു മുത്തം കൊടുത്തു വാ 

താനാതന്തിന തിന്താരോ.....'


നിറഞ്ഞ നിലാവിൽ അച്ഛന്റെ പാട്ടിനൊപ്പിച്ച് ഇങ്ങിനെയാടിക്കൊണ്ടിരിക്കുമ്പോൾ ഈ  ലോകത്ത്  അച്ഛനും  താനും പിന്നെ മാനത്തുദിച്ച താരകളും അമ്പിളിയമ്മാവനും മാത്രമേ ഉള്ളൂ എന്നു തോന്നും. ഈ ഊഞ്ഞാലാട്ടം അമ്മയുടെ  വഴക്കു കേൾക്കും വരെ നീണ്ടു പോകും. അപ്പോൾ അമ്മയുടെ പരാതി ചിന്നു ഇരുന്നു പഠിക്കുന്നില്ല  എന്നതാകും. അത് മാത്രമല്ല, ഇപ്പോഴും അച്ഛൻ ചിന്നൂനെ എടുത്തു കൊണ്ട് നടക്കുന്നതും, കൂടെ തന്നെ കിടത്തിയുറക്കുന്നതും ഒന്നും അമ്മയ്ക്ക് പിടിക്കുന്നില്ല. ചിന്നൂനാണേൽ  അച്ഛനെ കെട്ടിപ്പിടിച്ചു കിടന്നാലേ ഉറക്കം വരൂ. അച്ഛന്റെ മണത്തിൽ അച്ഛന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ എന്ത് സുഖമാണ്. പൊതുവെ അച്ഛന് വെടിമരുന്നിന്റെ മണമാണ്. പണി കഴിഞ്ഞു വരുന്ന അച്ഛന്റെ ദേഹത്ത് വെടിമരുന്ന് പൊതിഞ്ഞിരിപ്പുണ്ടാകും. കുളി കഴിഞ്ഞു  വരുന്ന അച്ഛനു  വാസനസോപ്പിന്റെയും വെടിമരുന്നിന്റെയും കൂടിക്കലർന്ന മണമാണ്  ചിന്നുവിനതു അച്ഛന്റെ മണം തന്നെയാണ്. കുളി കഴിഞ്ഞു അച്ഛൻ കഴിക്കാനിരിക്കുമ്പോൾ ചിന്നുവിന് അച്ഛന്റെ മടിയിൽ തന്നെയിരിക്കണം. അച്ഛൻ ഉരുള ഉരുട്ടിക്കൊടുക്കണം. ഇത് കാണുമ്പോൾ 'അമ്മ ഒച്ചയിടും. ''നിന്റെ ഒച്ച കേട്ടൊന്നും  എന്റെ കൊച്ചു പേടിക്കില്ല. അവളേ... വെടിക്കെട്ടുപണിക്കാരന്റെ മോളാ'' എന്ന് അച്ഛൻ അമ്മയെ കളിയാക്കും.  താൻ എത്ര  ധൈര്യമുള്ള കുട്ടിയാണെന്ന്  ഈ അമ്മയ്ക്ക് ഒരു പിടിയുമില്ലല്ലോ എന്നോർത്ത് ചിന്നുവും അമ്മയെ കളിയാക്കി ചിരിക്കും


പക്ഷെ കഴിഞ്ഞ വിഷുസംക്രാന്തിക്ക് ചിന്നൂന് വലിയ നാണക്കേടുണ്ടായി. അന്നും അച്ഛൻ വരാൻ വരാന്തയിൽ കാത്തിരിക്കുകയായിരുന്നു ചിന്നു. അതോടൊപ്പം അച്ഛൻ വാങ്ങിക്കൊടുത്ത ക്യൂബുകൾ കൊണ്ട് കൊട്ടാരമുണ്ടാക്കി കളിക്കുകയും. കുറേ നേരമായിട്ട് ബാത്റൂമിൽ പോകാൻ തോന്നിയിട്ടും അത് കൂട്ടാക്കാതെയിരുന്നു കളിച്ചതാണ് പ്രശ്നമുണ്ടാക്കിയത് .  അച്ഛൻ പുറകിൽ വന്നു നിന്നതും പിന്നെ ഒരു വലിയ അമിട്ട് വച്ച്  കത്തിച്ചതും ഒന്നും ചിന്നു അറിഞ്ഞില്ല. ആകാശത്തേക്കുയർന്നു പൊങ്ങിയ അമിട്ടിന്റെ കാതു പൊട്ടിക്കുന്ന ശബ്ദം കേട്ട് ചിന്നു ഞെട്ടിയെഴുന്നേറ്റ് ചെവി പൊത്തി മുകളിലേക്ക് നോക്കുമ്പോൾ ആകാശത്തതാ പലവർണ്ണങ്ങളിലുള്ള  നക്ഷത്രങ്ങളുടെ ആകാശത്തോളം വലിയ ഒരു കുട നിവർന്നു വരുന്നു. പിന്നെ അത് വർണ്ണമഴയായ് ഭൂമിയിലേക്ക് പെയ്തിറങ്ങുന്നു. ആ നക്ഷത്രവെളിച്ചത്തിൽ അച്ഛന്റെ ചിരിക്കുന്ന മുഖം!! ചിന്നൂനെ അതിശയിപ്പിക്കാൻ ചെയ്തതാണത്രേ. ശബ്ദം കേട്ട് വരാന്തയിലേക്കോടി വന്ന 'അമ്മ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു. ആ പൊട്ടിച്ചിരി  അച്ഛനിലേക്കും പകർന്നു. ഉടുപ്പ് മുഴുവൻ മൂത്രത്തിൽ നനഞ്ഞു നിന്ന ചിന്നു നാണിച്ചു കരഞ്ഞപ്പോഴാണ് അവർ ചിരി നിറുത്തിയത്. എങ്കിലും പിന്നീട് കുറച്ചു നാൾ അച്ഛൻ ചിന്നൂനെ ''പേടിച്ചു മുള്ളീ...'' എന്ന് വിളിച്ചു കളിയാക്കുമായിരുന്നു. അത് കേട്ട് ചിന്നു  ''അച്ഛാ ...'' എന്ന് വിളിച്ചു ചിണുങ്ങും. ഇടയ്ക്ക് അച്ഛനെ വീട്ടിനകത്തെല്ലാമിട്ട് ഓടിക്കും. അവസാനം അച്ഛൻ ചിന്നൂനെ  കോരിയെടുത്ത് നിറയെ ഉമ്മ വയ്ക്കും . അച്ഛനും ചിന്നുവും കൂടിയുള്ള ഈ ഓടിപ്പിടുത്തം കണ്ട്‌ 'അമ്മ പറയും '' നിറുത്താറായില്ലേ അച്ഛന്റേം മോൾടേം ഈ കുട്ടിക്കളി? ഒരു രണ്ടു മൂന്നു വര്ഷം കൂടി കഴിഞ്ഞാൽ പെണ്ണ് പെണ്ണാകും'' എന്ന്. 


ഇപ്രാവശ്യം വിഷുവും ആണ്ടുപിറന്നാളും ഒരുമിച്ചു വരുന്നതിനാൽ ചിന്നുവിനെ അതിശയിപ്പിക്കാൻ അച്ഛൻ എന്ത് സൂത്രമാവും ഒപ്പിക്കുക എന്ന് ചിന്നു തല പുകഞ്ഞാലോചിച്ചു. എന്തായാലും കഴിഞ്ഞ തവണത്തേതു പോലെ നാണക്കേടുണ്ടാവരുത്. കരുതിയിരിക്കണം എന്ന് ചിന്നു തീരുമാനിച്ചു. 


അത്രയേറെ കരുതിയിരുന്നിട്ടും അപ്രാവശ്യവും അച്ഛൻ ചിന്നുവിനെ ഞെട്ടിക്കുക തന്നെ ചെയ്തു. നിലത്തു വിരിച്ച തഴപ്പായിൽ കാൽ നീട്ടിയിരുന്ന് പിറ്റേന്നത്തെ വിഷുക്കണിക്കുള്ള ഒരുക്കങ്ങൾ നടത്തുന്ന അമ്മയുടെ അരികത്തിരിക്കുകയായിരുന്നു, ചിന്നു. അന്ന് വരെ കേട്ടിട്ടുള്ള അമിട്ടുകളേക്കാൾ ഒരുപാട് മടങ്ങ് തീവ്രതയുള്ള ആ ശബ്ദം കേട്ട്, ചിന്നു മാത്രമല്ല, അമ്മയും അമ്മയുടെ വയറ്റിലുള്ള കുഞ്ഞുവാവയും വല്ലാതെ ഞെട്ടിയെന്ന് വയറ്റിൽ കയ്യമർത്തിയുള്ള അമ്മയുടെ പുറകോട്ടുള്ള മലച്ചിലിൽ നിന്ന് ചിന്നൂന് മനസ്സിലായി. അച്ഛൻ എന്തത്ഭുതമാണൊരുക്കിയതെന്നറിയാൻ ഒരു നിമിഷം കൊണ്ട് ഓടി വരാന്തയിലെത്തി ആകാശത്തേക്ക് നോക്കുമ്പോൾ, നിറഞ്ഞ നിലാവിന് മുഴുവൻ ചെന്തീ നിറം. അടുത്തുള്ള വെടിക്കെട്ട് പണിശാലയ്ക്കു മുകളിൽ ഉയർന്നു നിൽക്കുന്ന പൂർണ്ണചന്ദ്രൻ ചുവന്നു തുടുത്തു ചിന്നുവിനെ നോക്കി ചിരിക്കുന്നു. 


അന്ന് മുതൽ  സ്വപ്നങ്ങളിലെന്നും ചിന്നൂട്ടിക്ക് വിഷുസംക്രാന്തിയിരുന്നു. എത്രയധികം ധൈര്യം സംഭരിച്ചിട്ടും ചിന്നൂട്ടിയെ ഞെട്ടിച്ചു കൊണ്ട്  എന്നും ആകാശത്ത് പലവർണ്ണക്കുട വിരിഞ്ഞിരുന്നു. അതിനു നടുവിൽ പൂർണ്ണതിങ്കളേപ്പോലെ ചിരിക്കുന്ന അച്ഛന്റെ മുഖത്ത് ആകാശയൂഞ്ഞാലിലാടിയാടിച്ചെന്നു  മുത്തമിടാൻ ചിന്നു എന്നും  വെറുതെ ശ്രമിച്ചുകൊണ്ടുമിരുന്നു 

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ചിന്നൂട്ടിയുടെ വിഷുസംക്രാന്തിയായി മാറുന്ന കിനാവുകൾ...

Jayasree Lakshmy Kumar said...

വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് നന്ദി