Friday 14 November 2008

സാക്ഷ്യം

ഇത് മണിക്കുട്ടിയെ കുറിച്ചുള്ള എന്റെ സാക്ഷ്യം. ഒരു ചിത്രശലഭത്തെ പോലെ പാറി നടന്നിരുന്ന പഴയ മണിക്കുട്ടിയിൽ നിന്നും, പൊട്ടിപ്പൊളിഞ്ഞ ഒരു ചിത്രം പോലെ വികൃതരൂപമായി ഞാനിപ്പോൾ കാണുന്ന ഈ മണിക്കുട്ടിയിലേക്കുള്ള പ്രയാണപാതയിലെ കാഴ്ചകളുടെ സാക്ഷ്യം.


ഏതാനും വർഷങ്ങൾക്ക് മുൻപ്, വാർദ്ധക്യത്തിന്റേയും അതോടൊപ്പം തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിൽ നിന്നുണ്ടായ അനാഥത്ത്വത്തിന്റേയും നിസ്സഹായതയിൽ, ഒരിക്കൽ കഴിഞ്ഞിരുന്ന മണിമേടയുടെ ഓർമ്മകൾ പോലും വേർതിരിച്ചെടുക്കാനാവാതെ, മഞ്ഞിലും മഴയിലും പൊള്ളുന്ന വെയിലിലും ചേക്കേറാനൊരു ഇടമില്ലാതെ തെരുവോരത്ത് കഴിയുന്ന നാളുകളിലാണ് ഞാൻ ആദ്യമായി മണിക്കുട്ടിയെ കാണുന്നത്. അന്നവൾക്ക് എട്ടോ ഒമ്പതോ വയസ്സു കാണുമായിരിക്കും. കരിവാളിച്ച എന്റെ മുഖം തൊട്ടു തലോടിയ ആ കൈകളുടെ സഹായത്തോടെ, വഴി ഉണ്ടോ എന്നു പോലും തിരിച്ചറിയാൻ പ്രയാസമുള്ള തരത്തിൽ അടുത്തടുത്തായി നിൽക്കുന്ന കുറേ കുടിലുകൾക്കിടയിലൂടെ മണിക്കുട്ടിയുടെ ചെറ്റക്കുടിലണഞ്ഞപ്പോൾ ഒരു മുറുമുറുപ്പും കാണിക്കതെ അവളുടെ മാതാപിതാക്കളും എന്നെ സ്വീകരിച്ചു


അക്ഷരാർത്ഥത്തിൽ ഒരു കിലുക്കാം പെട്ടിയായിരുന്നു മണിക്കുട്ടി. അമ്മയുടേയും അച്ഛന്റേയും ഏകമകൾ. നല്ല ഗോതമ്പിന്റെ നിറവും വിടർന്ന കണ്ണുകളും മുട്ടോളം മുടിയും. എന്നെ വലിയ കാര്യമായിരുന്നു. പുതിയതെന്തു കിട്ടിയാലും, അതൊരു പൊട്ടോ, കുപ്പിവളയോ, ഉടുപ്പോ എന്തായാലും, അവൾ അതുമായി എന്റെ മുൻപിൽ വരും. എന്നെ അതണിഞ്ഞു കാണിക്കും. ഒരു മുതുമുത്തശ്ശിയുടെ കൌതുകത്തോടെ ഞാനതെല്ലാം കണ്ടുകൊണ്ടിരിക്കും. കുസൃതി പെണ്ണ്, ഇടക്ക് എനിക്കും തൊട്ടുതരും ഒരു പൊട്ട്. ഈ വയസ്സുകാലത്ത് എനിക്കത് എങ്ങിനെ ചേരാനാണ്! എങ്കിലും ഉള്ളിൽ ചിരിച്ച് അവളുടെ കുസൃതികൾക്കായി ഞാൻ ഇരുന്ന് കൊടുക്കും. പിന്നെ അവൾ തന്നെ ആ പൊട്ടെടുത്ത് സ്വന്തം നെറ്റിയിൽ ചാർത്തി എന്നെ ഒന്നു ചിരിച്ചു കാണിച്ചിട്ട് തിരിച്ചു പോകും. അടുത്തുള്ള അവളുടെ സമപ്രായക്കാരോടൊപ്പം എപ്പോഴും കളിയാണെങ്കിലും കൂടെക്കൂടെ അവൾ എന്നെ വന്നു നോക്കും. എന്റെ അടുത്ത് കുറച്ചു നേരമെങ്കിലും ഇരിക്കും.


ആ വീടിന്റെ വിളക്കായിരുന്നു മണിക്കുട്ടി. ദാരിദ്ര്യത്തിലും അവളുടെ മാതാപിതാക്കൾ അവളെ ഏതാനും ക്ലാസ്സുകൾ പഠിപ്പിച്ചിരുന്നു. പിന്നീട് അവർക്കത് തുടരാനായില്ലയെങ്കിലും ആ ചാളയിലെ മറ്റുകുട്ടികളെ പോലെ അവളെ കൂലിപ്പണിക്കു വിടാൻ അവർ തയ്യാറായില്ല.അവർ കഞ്ഞിവെള്ളം കുടിച്ചിട്ടാണെങ്കിലും അവൾക്ക് ചോറുകൊടുത്തു. അവളുടെ അമ്മ. താൻ പണിക്കു പോകുന്ന വീടുകളിൽ നിന്ന് ഇരന്നു വാങ്ങിയ, പഴയതെങ്കിലും തിളങ്ങുന്ന ഉടുപ്പുകൾ അവൾക്ക് കൊണ്ടുവന്നു കൊടുത്തു. അവയണിയുമ്പോൾ പുതുപുത്തൻ ഉടുപ്പിടുന്ന സന്തോഷമായീരുന്നു, എപ്പോഴും മണിക്കുട്ടിക്ക്


പെൺകുട്ടികളുടെ വളർച്ച എത്ര പെട്ടെന്നാണ്!! കൂടുതൽ മങ്ങിത്തുടങ്ങിയ എന്റെ കണ്ണുകളിലൂടെ മണിക്കുട്ടിയിൽ യൌവ്വനം തളിരുകളും മുകുളങ്ങളും പൂക്കളുമണിയുന്നത് ഞാൻ കണ്ടു. മൂന്നറിയിപ്പില്ലാതെത്തിയ ഒരു വിരുന്നുകാരനെ പോലെ നൊടിയിടയിലാണ് താരുണ്യം മണിക്കുട്ടിയിൽ വസന്തം വിടർത്തിയത്. അവളിലെ കിലുക്കാം‌പെട്ടികുട്ടി എങ്ങോ പോയ്മറഞ്ഞു. തിരിച്ചറിയാനാവാത്ത ഏതൊക്കെയോ സങ്കോചങ്ങൾ അവളെ വീട്ടിനുള്ളിൽ തളച്ചിട്ടു. വീട്ടിലെ കാര്യങ്ങൾ നോക്കാൻ മിടുക്കിയായിരുന്നു മണിക്കുട്ടി. അതെല്ലാം കഴിഞ്ഞുള്ള മിക്കവാറും സമയങ്ങളിൽ അവൾ എന്റെ കൂടെ തന്നെയായി. സ്വപ്നം വിരിയുന്ന മിഴികളിൽ കരിമഷിയെഴുതി, അമ്പിളിക്കല നെറ്റിയിൽ പൊട്ടു തൊട്ട്, മുട്ടോളമെത്തുന്ന മുടി കോതിക്കോതി അവൾ എന്റെ അരികിലിരിക്കും. ആയിടെ അടുത്തുള്ള കാവിലെ ഉത്സവത്തിന് അവളുടെ അച്ഛൻ അവൾക്കൊരു ചിത്രപ്പെട്ടി കൊണ്ടുവന്നു കൊടുത്തു. മണ്ണിലുണ്ടാക്കിയതെങ്കിലും പല വർണ്ണത്തിൽ ചിത്രപ്പണികൾ ചെയ്ത, സാമാന്യം വിസ്താരമുള്ള ഒരു പെട്ടിയായിരുന്നു അത്. അന്നു മുതൽ മണിക്കുട്ടി അവളുടെ ചാന്ത്, കണ്മഷി, കുപ്പിവളകൾ, മുത്തുമാലകൾ തുടങ്ങിയവ അതിൽ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങി. ഒഴിവുസമയങ്ങളിൽ അതിൽ നിന്ന് ഒരോന്നായെടുത്തണിയലും തിരിച്ച് ഭദ്രമായി ആ‍ പെട്ടിയിൽ അടച്ചു വയ്ക്കലുമൊക്കെ തന്നെയായി അവളുടെ നേരം പോക്ക്.അതൊന്നുമില്ലെങ്കിലും ആ പൊന്നിൻ‌കുടം പത്തരമാറ്റായിരുന്നു എന്നു പറഞ്ഞ എന്റെ കണ്ണൂകൾ അവളിൽ ദോഷമായി പതിച്ചുവോ എന്തോ!


ആയിടെയാണ് മണിക്കുട്ടിയെ കാണാൻ തെക്കുതെക്കേതോ ദിക്കിൽ നിന്ന് ഒരാൾ വന്നത്. നല്ല എണ്ണക്കറുമ്പനെങ്കിലും ആരോഗ്യവാൻ. പാറപൊട്ടിക്കുന്ന പണിയാണത്രേ. പേരു ചന്ദ്രൻ. പതിനേഴു വയസ്സിന്റെ പൂമുറ്റത്തു നിൽക്കുന്ന മണിക്കുട്ടിയുടെ മനസ്സിൽ അപ്പോഴേ കുരവയുയർന്നത് അവളുടെ മിഴികളിൽ ഞാൻ കണ്ടു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അവൾ എന്നെ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചതാണ്. പാടവീണ കാഴ്ചയിലൂടെ ഞാൻ ചന്ദ്രന്റെ മുഖത്തു കണ്ട പുച്ഛമോ അവഗണനയോ കലർന്ന ഭാവം എനിക്കു തോന്നിയതാകാം എന്നു ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു


മണിക്കുട്ടിയുടെ കൂടെ പോകാൻ സന്തോഷമായിരുന്നു എനിക്ക്. കാഴ്ചയിൽ അവളുടെ വീടിൽ നിന്നും വലിയ വ്യത്യാസമൊന്നും തോന്നാത്ത അവളുടെ ഭർത്തൃവീടിന്റെ ഒരു വശം അവൾ എനിക്കായി മാറ്റിവച്ചു. കൂടെ കൊണ്ടുവന്ന സാധനങ്ങളിൽ, അച്ഛൻ അവൾക്ക് സമ്മാനിച്ച അവളുടെ പ്രിയപ്പെട്ട ചിത്രപ്പെട്ടിയുമുണ്ടായിരുന്നു


ശാന്തസുന്ദരാമായാണ് അവർ പുതുജീവിതം തുടങ്ങിയത്. ചന്ദ്രൻ പണിക്ക് പോയിക്കഴിഞ്ഞാൽ പതിവുജോലികളെല്ലാം തീർത്ത് അവൾ എന്റെ അരികിൽ വരും. എന്നെ ഉറ്റുനൊക്കിയിരിക്കുമ്പോഴും അവളുടെ മനസ്സ് ഏതോ കിനാപ്പൂമൊട്ടുകളിൽ മുത്തമിടുന്നത് കണ്ട് എനിക്കു ചിരി വരും. ആ കിനാവുകൾക്ക് പൂത്തുവിടരാൻ നാഴികകളുടെ ദൂരമേ ഉള്ളു എന്ന് അവളുടെ കണ്ണുകളിലെ പ്രതീക്ഷയുടെ പൂത്തിരികൾ എന്നോട് പറയും. ചന്ദ്രൻ എത്തിയതിനു ശേഷമുള്ള കളിതമാശകളും, അത്താഴശേഷം ഊതിയണച്ച വിളക്കിനപ്പുറം നിലാവിന്റെ നേർത്ത തലോടലിൽ ഇതൾ വിടർത്തുന്ന പാരിജാതപ്പൂക്കൾ പോലുള്ള അവളുടെ ചിരിയൊളികളും അവൾ സന്തോഷവതിയാണെന്ന് എന്നെ വിളിച്ചറിയിച്ചു


പക്ഷെ ആ കാഴ്ചകൾ അധികനാൾ നീണ്ടുപോയില്ല. ചന്ദ്രന്റെ, പണികഴിഞ്ഞുള്ള വീട്ടിലേക്കുള്ള വരവ് പതുക്കെ താമസിക്കാനും ചുവടുവയ്പ്പുകൾ ഉറയ്ക്കാതാകാനും തുടങ്ങി. അധികം വൈകാതെ തന്നെ, മണിക്കുട്ടിയുടെ മാതാപിതാക്കൾ അവൾക്കായി പണികഴിപ്പിച്ചു കൊടുത്ത നാമമാത്രമായ പൊന്നുരുപ്പടികൾ ഓരോന്നായി അപ്രത്യക്ഷമായി. പിന്നീട്, ശോഷിച്ചും വിളർത്തും വരുന്ന അവളുടെ ശരീരത്തോടും വീർത്തു വരുന്ന ഉദരത്തോടുമൊപ്പം, ശരീരത്തിൽ പലയിടത്തുമുള്ള, അടിയുടെ കരിവാളിച്ച പാടുകൾ കൂടി കാണേണ്ടി വന്നപ്പോൾ ഇങ്ങോട്ട് വരാനിടയായ എന്റെ അവസ്ഥയെ ഞാൻ ശപിച്ചു. മങ്ങിയതെങ്കിലും എന്റെ കാഴ്ചകൾ എനിക്കു നൽകുന്ന മണിക്കുട്ടിയുടെ ഈ രൂപത്തേക്കാൾ അന്ധതയാണ് നല്ലതെന്ന് ഞാൻ ആഗ്രഹിച്ചു പോയി.


കുറച്ചു നാളുകൾക്കുള്ളിൽ മണിക്കുട്ടിയുടെ മാതാപിതാക്കൾ അവളെ കൂട്ടിക്കൊണ്ടു പോയി. മൂന്നുനാലുമാസങ്ങൾക്കു ശേഷം അവൾ തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ, അവളെ മുറിച്ച മുറിപോലൊരു പൊന്നോമനക്കുഞ്ഞുമുണ്ടായിരുന്നു. അവളുടെ ക്ഷീണം അൽ‌പ്പമൊന്നു മാറിയിരുന്നു. കുഞ്ഞുണ്ടായ സന്തോഷവും, ഒരു പക്ഷെ അവന്റെ ജനനത്തോടെ എല്ലാം നേരെയാകുമെന്ന പ്രതീക്ഷയുമൊക്കെ അവളുടെ മുഖത്തുണ്ടായിരുന്നെങ്കിലും അവളെന്റെ പഴയ മണിക്കുട്ടിയേ ആയിരുന്നില്ല. ദിവസത്തിലെപ്പോഴെങ്കിലും എന്നെ വന്നൊന്നു കണ്ടെങ്കിലായി. പലപ്പോഴും എന്റെ സാന്നിധ്യം പോലും അവൾ മറന്നു. പക്ഷെ എനിക്കവളോട് ഒരൽ‌പ്പം പോലും പരിഭവം തോന്നിയില്ല


കുഞ്ഞിന്റെ ജനനം ചന്ദ്രനിൽ ഒരു വ്യത്യാസവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല അയാൾ ഒരു മുഴുക്കുടിയനായി തീർന്നിരുന്നു. പണിക്കൊന്നും പോയില്ലെങ്കിലും എവിടന്നൊക്കെയോ കാശുണ്ടാക്കി അയാൾ കുടിക്കുന്നു. മണിക്കുട്ടി ഇതിനിടെ കുഞ്ഞിനെ അടുത്ത വീട്ടിലേൽ‌പ്പിച്ച് എന്തൊക്കെയോ പണിക്ക് പോയിത്തുടങ്ങി. പക്ഷെ അവളുടെ ആ അൽ‌പ്പ സമ്പാദ്യം കൂടി, അവളുടെ എതിർപ്പിനെ അവഗണിച്ചും ശാരീരികപീഢനങ്ങളേൽ‌പ്പിച്ചും അയാൾ പിടിച്ചു വാങ്ങിക്കൊണ്ടുപോയി കുടിച്ചിരുന്നു. ഒരാശ്വാസത്തിനായി അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഏങ്ങിയേങ്ങിക്കരയുന്നത് ഒരു സ്ഥിരം കാഴ്ചയായി.


ഈയിടെ ചന്ദ്രൻ സുഹൃത്തുക്കളെ വീട്ടിൽ വിളിച്ചു വരുത്തി വീട്ടിലിരുന്നും കുടി തുടങ്ങിയതിനെ മണിക്കുട്ടി ശക്തിയായി എതിർത്തു. അവരിൽ തന്നെ, ഇഷ്ടികക്കളത്തിൽ പണിയെടുക്കുന്ന, ചോരക്കണ്ണുകളും മുഖത്ത് മുറിവുണങ്ങിയ പാടുകളുമൊക്കെയായി കാഴ്ചയിൽ തന്നെ ഭീകരത തോന്നുന്ന ഒരുവന്റെ കൊത്തിവലിക്കുന്ന നോട്ടങ്ങൾ അവളിൽ പേടിയും അറപ്പും വെറുപ്പുമുളവാക്കി. പണികഴിഞ്ഞാൽ അയാൾ നേരേ ചന്ദ്രനോടൊപ്പം വീട്ടിലേക്ക് വരികയായി. ഒന്നും ശബ്ദിക്കാതെ മണിക്കുട്ടിയപ്പോൾ സ്വന്തം മുറിയിൽ കുഞ്ഞുമായി ഒതുങ്ങും. കുടിയെല്ലാം കഴിഞ്ഞ് സുഹൃത്തിനെ പറഞ്ഞു വിട്ട് മുറിയിലേക്കു വരുന്ന ചന്ദ്രനുമായി വാക്കുതർക്കവും തുടർന്നുള്ള അടിയുമൊക്കെയാവും പിന്നെ.


അന്ന് രാത്രി അടഞ്ഞ വാതിലിനപ്പുറം തട്ടിമറിഞ്ഞ വിളക്ക് ബാക്കിയാക്കിയ ഇരുട്ടിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കു വ്യക്തമായില്ല. പക്ഷെ പിറ്റേദിവസം രാവിലെ പതിവിനു വീപരീതമായി മണിക്കുട്ടി കുറേ നേരം എന്റെ മുന്നിൽ വന്നിരുന്നു, എന്നെ തുറിച്ചു നോക്കിക്കൊണ്ട്. അഴിഞ്ഞുലഞ്ഞ മുടിയും കീറിപ്പറിഞ്ഞ ഉടയാടകളും ശരീരത്തിൽ അവിടിവിടെ പുരണ്ട മൺചെളിപ്പാടുകളുമായി എന്റെ മുന്നിലിരുന്ന അവളുടെ മുഖം നിർവികാരമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ പോലും കുറേ നേരത്തേക്ക് ഒരു വ്യത്യാസവും വരുത്താതിരുന്ന ആ മുഖം പിന്നീടെപ്പോഴോ പതുക്കെ ഭാവം കൊണ്ടു. ചുണ്ടുകൾ വിറച്ചു. കണ്ണുകൾ നീരണിഞ്ഞു. നിലത്ത് കുന്തിച്ചിരുന്ന് അവൾ കുറേ നേരം മുഖം പൊത്തിക്കരഞ്ഞു. പിന്നെ ഏതോ ഒരു നിമിഷത്തിൽ ഭൂതാവേശിതയെ പോലെ അവൾ അവളുടെ ചിത്രപ്പെട്ടി എന്റെ നേർക്ക് ആഞ്ഞെറിഞ്ഞു. ആ പെട്ടിക്കും അതിലെ മുത്തുമാലകൾക്കും വളകൾക്കുമൊപ്പം എന്റെ കാഴ്ചയും ചിതറിപ്പോയി. പുകപടലം പോലെ എന്നെ മൂടിയ മങ്ങിയ കാഴ്ചനുറുങ്ങുകളിലൂടെ പിന്നെ ഞാൻ കണ്ടത് അവൾ പതിനായിരങ്ങളായി ഉയർത്തെഴുന്നേൽക്കുന്നതാണ്. വ്യക്തതയുടെ ബാക്കിയായ ഏതോ തലം കൊണ്ട് ഞാൻ ബിംബങ്ങൾക്കായി പരതുമ്പോൾ അതു കടന്നെടുത്ത അവൾ പെട്ടെന്നതുമായി എങ്ങോട്ടാണോടിയതെന്നും പിന്നെ എവിടെയാണത് ആഞ്ഞുറപ്പിച്ചു നിറുത്തിയതെന്നും എനിക്കു വ്യവച്ഛേദിച്ചെടുക്കാനായില്ല. നൊടിയിടയിൽ മാറിമറിഞ്ഞ ചിത്രങ്ങളുടെ നൂലാമാലകൾ നേരേയാക്കാൻ ഞാൻ ശ്രമിക്കുമ്പോഴേക്കും ഒരു പ്രവാഹം എന്നെ വന്നു മൂടിയിരുന്നു. തകർന്ന എന്റെ കണ്ണിലെ ബാക്കിയായ അൽ‌പ്പക്കാഴ്ചയെ ആ പ്രവാഹം ഒന്നു കൂ‍ടി കലക്കിച്ചുവപ്പിച്ചെങ്കിലും അതിനിടയിൽ അവ്യക്തമായി ഞാൻ കണ്ട തുറിച്ചുന്തിയ ആ കണ്ണുകൾ ചന്ദ്രന്റേതായിരുന്നു എന്നെനിക്കുറപ്പാണ്