.
.
''മുത്തശ്ശീ ഒരു കഥ പറയൂ ..'' ശ്രുതിമോൾ ചിണുങ്ങി.
'ശരി. പറയാം'' മുത്തശ്ശി കഥ പറയാൻ തുടങ്ങി
''തെക്കേപ്രത്തെ മണ്ടപ്ലാവിലെ മാടപ്രാവമ്മ
മൂന്നു മൊട്ടീട്ടു
ഒന്നൊടഞ്ഞു പോയ് ഒന്ന് ഞെരിഞ്ഞു പോയ്
ഒന്ന് കിണറ്റിലു വീണു താണു പോയ്
അത് എടുത്തു തരാത്ത ആശാരിമോൻ്റെ
മുഴക്കോലു കരളാത്ത എലി
എലിയെ പിടിക്കാത്ത പൂച്ച
പൂച്ചെ പിടിക്കാത്ത പട്ടി
പട്ടിയെ തല്ലാത്ത എഴുത്തു പിള്ളേർ
എഴുത്തു പിള്ളേരെ തല്ലാമോ ആശാനേന്നു പ്രാവമ്മ ചോദിച്ചു''
അൽപ്പം കൊഞ്ചലിന്റെ അകമ്പടിയോടെ കഥയുടെ ബാക്കി ശ്രുതിമോൾ പൂരിപ്പിച്ചു
''ആശാൻ അപ്പൊ എഴുത്തു പിള്ളേരെ തല്ലി
എഴുത്തു പിള്ളേര് പട്ടിയെ തല്ലി
പട്ടി ചെന്ന് പൂച്ചെ പിടിച്ചു
പൂച്ച ചെന്ന് എല്യെ പിടിച്ചു
എലി പോയി ആശാരിമോന്റെ മുഴക്കോലു കരണ്ടു
ആശാരി മോൻ അപ്പൊ കെൺറ്റിലെറങ്ങി മുട്ടയെടുത്ത് കൊടുത്തു.
മാടപ്രാവമ്മയ്ക്ക് സന്തോഷമായി.
ഈ കഥ എന്നോട് എത്ര വട്ടം പറഞ്ഞിരിക്കുന്നു മുത്തശ്ശീ.... ഇനി വേറെ കഥ പറയൂ'' ശ്രുതിമോൾടെ ചിണുക്കത്തിന് ആക്കം കൂടി.
മുത്തശ്ശിക്ക് ആയിരം കഥകളറിയാം. പക്ഷെ എപ്പോഴൊക്കെ ശ്രുതിമോൾ കഥ പറയാൻ ആവശ്യപ്പെട്ടാലും മുത്തശ്ശി ആദ്യം പറയുന്ന കഥ പ്രാവമ്മയുടേതാണ്. മാത്രമല്ല പണികൾക്കിടയിലായാലും വെറുതെയിരിക്കുമ്പോഴായാലും മന്ത്രം ചൊല്ലും പോലെ മുത്തശ്ശിയുടെ ചുണ്ടുകൾ ആ കഥപ്പാട്ട് ഉരുവിട്ടുകൊണ്ടിരിക്കുന്നുമുണ്ടാകും. സത്യത്തിൽ ശ്രുതിമോളോട് ഏതൊക്കെ കഥകൾ പറഞ്ഞു കഴിഞ്ഞു എന്ന് മുത്തശ്ശി മറന്നു പോകുന്നതാണ് പ്രശ്നം. അത്തരം ചെറിയ ഒരു ഓർമ്മക്കുറവുണ്ടെങ്കിലും പഴയ ഈ കഥകളൊന്നും തന്നെ മുത്തശ്ശി മറക്കാറില്ല. ശ്രുതിമോൾക്കാണെങ്കിലോ കഥകൾ എന്ന് പറഞ്ഞാൽ ജീവനാണ്.
കഥകളോടുള്ള ശ്രുതിമോൾടെ ഈ ഇഷ്ടം ശ്രുതിമോൾടെ അമ്മയ്ക്ക് എപ്പോഴും ഉപകാരപ്രദമാകാറുമുണ്ട്. വലിയ പണിത്തിരക്കുകൾക്കിടയിൽ വികൃതിയായ ശ്രുതിമോളെ നിയന്ത്രിക്കാൻ പാടുപെടുമ്പോൾ 'അമ്മ അവളെ അയൽവക്കത്തെ മുത്തശ്ശിയുടെ അടുത്താക്കും. മുത്തശ്ശിയുടെ അടുത്താണെങ്കിലോ ശ്രുതിമോൾക്ക് അടങ്ങിയിരുന്നു കഥകൾ കേൾക്കാനാണിഷ്ടം. മുത്തശ്ശിക്കെന്തെങ്കിലും പണികളുണ്ടെങ്കിൽ പോലും അതിനിടയിലും മുത്തശ്ശി കഥകൾ പറയും. മുത്തശ്ശിയുടെ പുറകിൽ നിന്ന് മാറാതെ നടന്ന് ശ്രുതിമോൾ കഥകൾ കേൾക്കുകയും ചെയ്യും. അമ്മയ്ക്കാണെങ്കിൽ ഒരു കഥ പോലുമറിയില്ല. ചോദിച്ചാലോ അമ്മയ്ക്കൊന്നിനും സമയവുമില്ല. എപ്പോഴും ജോലിത്തിരക്കു തന്നെ.
മുത്തശ്ശിക്ക് അമ്മയേ പോലെ ഒരുപാട് ജോലികളൊന്നുമില്ല. 'അമ്മ വീട്ടിൽ ബ്രെയ്ക് ഫാസ്റ്റിനു എന്നും വ്യത്യസ്തവിഭവങ്ങളുണ്ടാക്കും. പുട്ട്, ദോശ, ഇഡ്ഡ്ലി, നൂൽ പുട്ട്, നൂഡിൽസ് അങ്ങനെ എന്തൊക്കെ. ഉച്ചക്ക് ഊണിന് ഒത്തിരി തരം കറികൾ. വൈകിട്ട് പലഹാരങ്ങൾ. രാത്രി ചപ്പാത്തിയുടെ കൂടെയും കാണും കുറേ കറികൾ. അതൊക്കെ ഉണ്ടാക്കുന്നത് അമ്മയ്ക്കിഷ്ടമാണ്. വിശേഷവിഭവങ്ങൾ എന്തുണ്ടാക്കിയാലും അതിലൊരു പങ്ക് 'അമ്മ മറക്കാതെ മുത്തശ്ശിക്ക് എത്തിക്കാറുമുണ്ട്. പക്ഷെ മുത്തശ്ശിക്ക് എന്നും രാവിലെ പഴംകഞ്ഞി കഴിക്കാനാണിഷ്ടം. അതിനൊപ്പം തലേന്ന് എടുത്തു വച്ച ഒരു കറിയുമുണ്ടാകും. രാവിലെ തന്നെ മുത്തശ്ശി വീണ്ടും ചോറും ഒരു കറിയുമുണ്ടാക്കും. ഒരു കറിയിൽ കൂടുതൽ ഒരിക്കലും മുത്തശ്ശിയുണ്ടാക്കാറില്ല. ഒറ്റക്ക് കഴിയുന്ന തനിക്കൊരാൾക്കു കഴിക്കാൻ അത് ധാരാളമാണെന്നാണ് മുത്തശ്ശി പറയുന്നത്. മുത്തശ്ശിയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഭക്ഷണസമയത്തിനു മുൻപേ 'അമ്മ ശ്രുതിയെ വീട്ടിലേക്കു തിരിച്ചു കൊണ്ട് പോകാറുണ്ടെങ്കിലും ഇടയ്ക്കു ചിലപ്പോൾ മുത്തശ്ശിയുടെ ചോറും കറിയും ശ്രുതി കഴിക്കാറുണ്ട്. മുത്തശ്ശിയുടെ കറിയേക്കുറിച്ചോർത്താൽ പോലും ശ്രുതിമോൾക്ക് നാവിൽ വെള്ളമൂറും. അത്രയ്ക്ക് രുചിയാണ്. ഉള്ളിയും കാന്താരിമുളകും പൊട്ടിച്ചിട്ട മുത്തശ്ശിയുടെ ആ പഴംകഞ്ഞിയും കഴിക്കണമെന്ന് ശ്രുതിമോൾക്ക് ആഗ്രഹമുണ്ട്. പക്ഷെ ‘വയറിനു പിടിച്ചില്ലെങ്കിലോ‘ എന്ന് പറഞ്ഞ് മുത്തശ്ശി അത് ശ്രുതിമോൾക്കു കൊടുക്കാറില്ല.
’എങ്കിൽ പിന്നെ മുത്തശ്ശിയെന്തിനാ അത് കഴിക്കുന്നത്? രാവിലെ എന്നും പുതിയ ചോറും കറിയുമുണ്ടാക്കുന്നുണ്ടല്ലോ. അത് കഴിക്കാമല്ലോ’. എന്ന് ശ്രുതിമോൾ ചോദിക്കും.
ആ ചോദ്യത്തിന് ഉത്തരം മുത്തശ്ശിയുടെ ഒരു പുഞ്ചിരി മാത്രമായിരിക്കും.
സമയം സന്ധ്യയാകാറായിട്ടുണ്ട്. വൃത്തിയായി കഴുകിയുണക്കിയ വെള്ളത്തുണി ചെറിയ കഷണങ്ങളാക്കിയെടുത്ത് അത് കാൽമുട്ടിന് കീഴെ വച്ച് തിരിയാക്കി തെറുത്തെടുത്തു കൊണ്ട് കിഴക്കേ ഉമ്മറക്കോലായിലിരിക്കുകയായിരുന്നു മുത്തശ്ശി.
’കഥ പറ മുത്തശ്ശീ’ ശ്രുതിമോൾ വാശി പിടിച്ചു.
''എങ്കിൽ കൊല്ലത്തു പൊൻമകൻ്റെ കഥ പറയാം.''
''അതും പറഞ്ഞതാണ് മുത്തശ്ശി.....''
''തച്ചോളി ഒതേനക്കുറുപ്പിൻ്റെ ?''
''അതും പറഞ്ഞു '' ശ്രുതിയുടെ ക്ഷമ കെട്ടു. മുത്തശ്ശിയ്ക്ക് കഥയ്ക്ക് ക്ഷാമം അനുഭവപ്പെട്ടു. അറിയാവുന്ന കഥകൾ എല്ലാം മുത്തശ്ശിയിൽ നിന്നും ശ്രുതി കേട്ടു കഴിഞ്ഞിരിക്കുന്നു.
അൽപ്പം ഒന്നാലോചിച്ചിരുന്നിട്ട് മുത്തശ്ശി വേറൊരു കഥ പറഞ്ഞു തുടങ്ങി. ശ്രുതിമോൾക്ക് ഉൽസാഹമായി
'' പണ്ട് പണ്ട് കടൽ വാഴ്കര എന്നൊരു ദേശത്ത് ഒരച്ഛനും അമ്മയും മൂന്നു മക്കളും താമസിച്ചിരുന്നു. അച്ഛന് കടലിൽ പോയി മീൻ പിടിക്കുന്ന ജോലിയായിരുന്നു. ചെറുവഞ്ചിയിൽ വലയുമായി അച്ഛൻ എന്നും പണിക്കു പോകും. കിട്ടുന്ന മീൻ വിറ്റ് കാശുമായി വൈകുന്നേരം വീട്ടിലെത്തും. 'അമ്മ ആ കാശു സൂക്ഷിച്ചു ചിലവാക്കിയും പിന്നെ അച്ഛൻ കൊണ്ടു വരുന്ന ബാക്കി മീൻ ഉണക്കി വിറ്റും കാശു ചേർത്തു വച്ചു. തട്ടിയും മുട്ടിയും സന്തോഷമായി അവർ ജീവിച്ചു വരികയായിരുന്നു. ഇളയ രണ്ടു പേർ ആണ്മക്കളായിരുന്നു. രണ്ടാമത്തെ മകൻ പഠിക്കാൻ അൽപ്പം മടിയനായിരുന്നു. അതിനു അച്ഛൻ വഴക്കു പറഞ്ഞ വിഷമത്തിൽ അവൻ ഒരു ദിവസം ഒരു എഴുത്തുമെഴുതി വച്ച്.......’ മുത്തശ്ശി ഒന്നു നിറുത്തി
എഴുത്തുമെഴുതി വച്ച്?’ ശ്രുതിമോൾക്ക് ആകാംക്ഷയായി.
ഒന്നാലോചിച്ചിട്ട് മുത്തശ്ശി പറഞ്ഞു. ’ദൈവത്തോട് പരാതി പറയാൻ പോയി. പിന്നെ തിരിച്ചു വന്നതേയില്ല.''
അത് പറഞ്ഞപ്പോൾ മുത്തശ്ശിയുടെ സ്വരം അൽപ്പമൊന്നിടറിയതു പോലെ ശ്രുതിക്ക് തോന്നി. എഴുത്തിലെന്തായിരുന്നു എന്നറിയാനായിരുന്നു ശ്രുതിക്ക് തിടുക്കം.
' എഴുത്തിലെന്തായിരുന്നു മുത്തശ്ശീ?''
മുത്തശ്ശി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു '' അതു പറഞ്ഞാൽ ശ്രുതിമോൾക്ക് മനസ്സിലാവില്ല''
'' എനിക്ക് മനസ്സിലാവും. മുത്തശ്ശി പറയൂ'' ശ്രുതിക്ക് ബാക്കി കഥ കേൾക്കാൻ തിടുക്കമായി
വളരേ സാവധാനത്തിലും ഇടയ്ക്കിടയ്ക്ക് നിറുത്തിയുമാണ് മുത്തശ്ശി ബാക്കി കഥ പറഞ്ഞത്. പറയുന്നതിനിടയിൽ പതിവില്ലാതെ ചിന്തയിൽ ആണ്ടു പോകുന്ന മുത്തശ്ശിയെ കുലുക്കി വിളിച്ച് ശ്രുതിമോൾ കഥയിലേക്ക് തിരികേ കൊണ്ടു വരും.
'
' പറയൂമുത്തശ്ശീ , എഴുത്തിലെന്തായിരുന്നു ?''
''എഴുത്തിലവൻ എഴുതിയിരുന്നത് അവൻ്റെയടുത്തെത്താനുള്ള വഴിയായിരുന്നു ''
''അതെങ്ങനെ ആയിരുന്നു?''
''അതേ......
-നക്ഷത്രക്കുരുകുത്തി വള്ളിയോടി
വള്ളിപ്പുറത്തേറി
പറക്കാപ്പക്ഷി മുട്ടയിട്ടു കുഞ്ഞുണ്ടായി
കുഞ്ഞിൻ പുറത്തേറി-
വന്നാൽ എന്നെക്കാണാം''
എന്നാണവൻ കത്തിൽ എഴുതിയിരുന്നത്.
അവൻ പോയി ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവനെ കാണാത്ത വിഷമത്തിൽ അവൻ്റെ അച്ഛനും പറക്കാപ്പക്ഷിക്കുഞ്ഞിൻ്റെ പുറത്തേറി അവനെ കാണാൻ പോയി. അച്ഛനും പിന്നെ തിരിച്ചു വന്നില്ല. അമ്മയും രണ്ട് മക്കളും തനിച്ചായി. 'അമ്മ കൂലിപ്പണി ചെയ്ത് പഠിക്കാൻ മിടുക്കനായ ഇളയ മകനെ പഠിപ്പിച്ചു. ഉള്ളതെല്ലാം കൂട്ടിച്ചേർത്തു വച്ച് മകളെ കല്യാണം കഴിച്ചയച്ചു. കല്യാണം കഴിഞ്ഞു രണ്ട് മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ മകളും പറക്കാപ്പക്ഷിക്കുഞ്ഞിൻ്റെ പുറത്തേറി അച്ഛനേയും അനിയനേയും കാണാൻ പോയി. കൂടെ 'അമ്മ ഉണ്ടാക്കിക്കൊടുത്ത ഇത്തിരിപ്പൊന്നും കാണാതായി’
ഇത്രയുമായപ്പോൾ മുത്തശ്ശി കരയുന്നുണ്ടോ എന്ന് ശ്രുതിമോൾക്ക് സംശയമായി. അവൾ മുത്തശ്ശിയുടെ താടിയിൽ സ്നേഹത്തോടെ പിടിച്ചു കൊണ്ട് ചോദിച്ചു
'' മുത്തശ്ശി കരയുവാണോ?''
''ഇല്ല ശ്രുതിമോളെ. മുത്തശ്ശിയുടെ കണ്ണിലൊരു പ്രാണി പോയതാ''
കണ്ണ് തുടച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു.
''ബാക്കി കഥ പറയൂ മുത്തശ്ശീ ''. ശ്രുതിക്ക് ബാക്കി കഥ കേൾക്കാൻ തിടുക്കമായി.
മകളെ കല്യാണം കഴിപ്പിച്ചയക്കാൻ 'അമ്മ കുറേ പണം കടം വാങ്ങിയിരുന്നു. അതു വീട്ടാൻ കഷ്ടപ്പെടുന്ന അമ്മയെ സഹായിക്കാൻ ഇളയ മകൻ പഠിപ്പു നിറുത്തി മീൻ പിടിക്കാൻ പോയി. അച്ഛനേപ്പോലെ ചെറുവഞ്ചിയിലല്ല. വലിയ വള്ളത്തിൽ കടലിൽ വലിയ മീനിനെ പിടിക്കാൻ പോയി
കാറ്റും മഴയുമുള്ള ഒരു നാൾ മീൻ പിടിക്കാൻ പോയ അവനും പിന്നെ തിരിച്ചു വന്നില്ല''
അതു പറഞ്ഞപ്പോൾ മുത്തശ്ശിയുടെ സ്വരം വല്ലാതെ താഴ്ന്നു പോയിരുന്നതിനാൽ ശ്രുതിമോൾക്ക് അവസാനവാക്കുകൾ ചെവി കൂർപ്പിച്ചു പിടിച്ചു കേൾക്കേണ്ടി വന്നു.
''അവനേയും പറക്കാപ്പക്ഷിക്കുഞ്ഞ് കൊണ്ട് പോയോ? ''
''ഇല്ല അവനെ കൊണ്ട് പോയിട്ടില്ല. അവൻ ഒരു ദിവസം വരും....... അമ്മയെ കാണാൻ..''
മറഞ്ഞു തുടങ്ങുന്ന അന്തിവെട്ടം മുത്തശ്ശിയുടെ കവിളിലെ നനവിൽ വീണു തിളങ്ങി. പ്രാണികളെ ഒന്നും കണ്ടില്ലയെങ്കിലും ശ്രുതിമോൾ അടുത്ത് കിടന്ന വീശുപാളയെടുത്ത് തലങ്ങും വിലങ്ങും വീശി മുത്തശ്ശിയെ സഹായിച്ചു.
'' വിളക്കു വയ്ക്കാറായില്ലേ, മുത്തശ്ശി ഒന്ന് മുഖം കഴുകി വരട്ടേ'' എന്ന് പറഞ്ഞു മുത്തശ്ശി എഴുന്നേറ്റു പോയി മുഖം കഴുകി വന്നു.
''ബാക്കി കഥ പറ'' ശ്രുതിമോൾ കഥയിൽ നിന്നും പിടി വിട്ടിട്ടില്ല
''ബാക്കി....''
അപ്പോഴേക്കും '' ഇവൾ മുത്തശ്ശിയെ വിഷമിപ്പിച്ചോ'' എന്ന് ചോദിച്ച് അമ്മയെത്തി. മുത്തശ്ശി നിറഞ്ഞു ചിരിച്ചു.
''ദാ അച്ഛൻ വന്നു '' എന്ന് അമ്മ പറഞ്ഞപ്പോഴാണു ഇന്ന് അച്ഛനോട് ബ്ലാക് ഫോറസ്ററ് കേക്ക് കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ശ്രുതിമോൾ ഓർത്തത്. ചാടിയെഴുന്നേറ്റു ഓടാൻ തുടങ്ങിയ ശ്രുതിമോളെ 'അമ്മ പുറകിൽ നിന്ന് വിളിച്ചു. ''അയ്യോ മറന്നു' എന്ന് താടിയ്ക്കു കൈ കൊടുത്ത് വളരെ ഓമനത്തം തോന്നിപ്പിക്കുന്ന ഒരു ഭാവത്തോടെ അവൾ തിരികെ വന്ന് മുത്തശ്ശിയെ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഉമ്മ കൊടുത്തു.
'‘മുത്തശ്ശിക്ക് കേക്ക് കൊണ്ടുത്തരാട്ടോ'' എന്നും പറഞ്ഞ് മുത്തശ്ശിക്ക് റ്റാറ്റായും ഗുഡ് നൈറ്റും കൊടുത്ത് അമ്മയുടെ കൈ പിടിച്ച് ഇറങ്ങി.
ശ്രുതിമോൾ പോയിക്കഴിഞ്ഞപ്പോൾ മുത്തശ്ശി കിഴക്കേ വരാന്തയിൽ ഒരു ഒറ്റത്തിരി വിളക്കു കത്തിച്ചു വച്ചു. പിന്നെ അകത്തു പോയി ചോറ് വച്ച മൺകലത്തിൽ നിന്നും ഒരു പാത്രം നിറയേ ചോറും കറിക്കലത്തിൽ നിന്ന് ഒരു പിഞ്ഞാണം നിറയേ കറിയുമെടുത്ത് ഭദ്രമായി അടച്ചു വച്ചു. ബാക്കി ചോറുള്ള മൺകലം ചെറുചൂടുള്ള അടുപ്പത്തെടുത്തു വച്ചു . എന്നിട്ട് ഉമ്മറവാതിൽക്കൽ ചെന്ന് അനന്തതയിലേക്ക് കണ്ണും നട്ടിരുന്നു ചൊല്ലി ’തെക്കേപ്രത്തെ മണ്ടപ്ലാവിലെ മാടപ്രാവമ്മ മൂന്നു മൊട്ടീട്ടു...’
അങ്ങിങ്ങു സിമൻ്റിൻ്റെ അടരുകൾ പൊഴിഞ്ഞു വീണ ചുവരിൽ ഉറപ്പിച്ചിട്ടുള്ള മരത്തിൻ്റെ നിറം മങ്ങിയ സ്റ്റാൻ്റിൽ കത്തി നിൽക്കുന്ന മെഴുകുതിരി വെട്ടത്തിൽ, പരിശുദ്ധമാതാവിൻ്റെ ചിത്രത്തിൽ പ്രതിബിംബിച്ചു കണ്ട, തൻ്റെ കണ്ണീരണിഞ്ഞ മുഖം നോക്കിക്കൊണ്ടു നിന്നപ്പോൾ മരിയയുടെ മനസ്സിലേക്കോടിയെത്തിയത് തെരേസാസിസ്റ്ററുടെ വാക്കുകളാണ്. തൻ്റെ മുഖം പരിശുദ്ധകന്യാമാതാവിൻ്റേതു പോലെ മനോഹരമാണത്രെ. മരിയയെ വേദപാഠം പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ ഒരാളാണ് തെരേസാസിസ്റ്റർ. അങ്ങേയറ്റം ദൈവഭയമുള്ളവളും പഠനത്തിൽ മിടുക്കിയുമായ മരിയയുടെ പഠനകാര്യങ്ങളിലും മറ്റും മഠത്തിൻ്റെ സഹായം എപ്പോഴുമുണ്ടായിരുന്നു. നന്നായി പാടുമായിരുന്ന മരിയയെ പള്ളിയിലെ ക്വയർ ഗ്രൂപ്പിലും ഉൾപ്പെടുത്തിയത് തെരേസാസിസ്റ്ററുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ്. മരിയയെ ദൈവത്തിന്റെ മണവാട്ടിയാക്കണമെന്നാണ് എല്ലാവരുടെയും താൽപ്പര്യം. മരിയയ്ക്കും മറിച്ചൊരു ചിന്ത ഉണ്ടായിട്ടില്ല. പക്ഷെ.....
ഉമ്മറത്ത് തല കൈകൊണ്ടു താങ്ങി എല്ലാം തകർന്നവനെപ്പോലെയിരിക്കുന്ന അപ്പൻ്റെയരികിൽ ചെന്ന് ആ കാൽക്കൽ വീണ്, എന്നോട് പൊറുക്കണമപ്പാ എന്ന് കരഞ്ഞു പറയണമെന്ന് മരിയയ്ക്ക് ആഗ്രഹമുണ്ട്. അപ്പൻ അടിച്ചതിൻ്റെ ദേഹമാസകലമുള്ള വേദനയോ അപ്പൻ ചൊരിഞ്ഞ ശാപവാക്കുകളോ ഒന്നുമല്ല മരിയയെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. അത് '' നിൻ്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിൻ്റെ തന്തയാര്'' എന്ന അപ്പൻ്റെ ചോദ്യമാണ്. തനിക്ക് ഉത്തരമില്ല. അഥവാ താൻ ഉത്തരം പറയാൻ പാടില്ല. അമ്മച്ചി വന്നു നടുക്ക് വീണ് ''അവളെ തല്ലിക്കൊല്ലല്ലേ' എന്ന് പറഞ്ഞ് മരിയയ്ക്കു കിട്ടേണ്ട അടിയുടെ ഒരു പങ്ക് സ്വയം വാങ്ങുന്നത് വരെ അപ്പൻ അവളെ അടിച്ചു. കുരുന്നു ജീവനെ മുളയിലേ നുള്ളിക്കളഞ്ഞേക്കുക എന്ന, ദൈവഹിതത്തിനെതിരെയുള്ള മഹാപരാധത്തെ കുറിച്ച് അപ്പന് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. ഇതിനു കാരണക്കാരനായവൻ്റെ പേര് പറഞ്ഞാൽ അവരെ കൂട്ടിച്ചേർക്കാനുള്ള ഒരു ശ്രമം നടത്താം എന്നായിരുന്നു അപ്പൻ ചിന്തിച്ചത്. പക്ഷെ മരിയ ഒന്നുമുരിയാടാതെ, ഒന്ന് ഉറക്കെ കരയുക പോലും ചെയ്യാതെ, ഒരപരാധിയെ പോലെ അപ്പൻ നൽകിയ ശിക്ഷയെല്ലാം ഏറ്റു വാങ്ങി. അവസാനം എല്ലാം തകർന്നവനെപ്പോലെ ഒരു കൂട്ട ആത്മഹത്യ എന്ന ദൈവാപരാധത്തിനു പോലും തയ്യാറായിരിക്കുന്ന അപ്പനെ കണ്ടപ്പോഴും 'അത്യുന്നതങ്ങളിലുള്ളോനേ' എന്ന് മാത്രം മരിയ ഉള്ളിൽ കരഞ്ഞു
ദൈവം കനിഞ്ഞു. ദൂരത്തൊരു ജോലി എന്ന വ്യാജേന ആരുമറിയാതെയുള്ള ഒരു പറിച്ചു മാറ്റലിൽ ഉരിയാടപ്പെടാത്ത ഒരു പേരിനൊപ്പം തൻ്റെ മാതാപിതാക്കളുടെ മാത്രമല്ല തന്നെപ്പോലെ കൗമാരം വിട്ട് യൗവനത്തിലേക്കെത്തിയ കൊച്ചനിയത്തിയുടേയും ബാലകനായ കൊച്ചനിയൻ്റേയും ജീവനും ജീവിതങ്ങളും അപകടങ്ങളൊന്നുമില്ലാതെ സുരക്ഷിതമായിരിക്കുന്നല്ലോ എന്ന് അവൾ ഉള്ളിൽ ആശ്വസിച്ചു. അഭയകേന്ദ്രത്തിലെ താമസത്തിൻ്റെ നാളുകളിൽ പ്രിയപ്പെട്ടവർക്ക് അന്യയായ് തീർന്നതിൻ്റെ ഖിന്നതയേക്കാളും ആദ്യഗർഭത്തിൻ്റെ അസ്ക്യതകളേക്കാളും മരിയയെ ദുഖിപ്പിച്ചത്, തന്റെ കുഞ്ഞ് പെണ്ണായിരിക്കുമോ എന്ന ആശങ്കയായിരുന്നു. ചേലത്തുമ്പിൽ പിടുത്തമിടുന്ന കൈകളെ ചെറുക്കാനാവാത്ത മറ്റൊരു അബലയെക്കൂടി തന്നിലൂടെ ഭൂമിക്ക് സമ്മാനിക്കപ്പെടരുത് എന്ന് അവൾ ആഗ്രഹിച്ചു. ആഗ്രഹം പോലെ തന്നെ മരിയയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നു. ദൈവമറിയാതെ ഒരു പക്ഷിത്തൂവൽ പോലും ചലിക്കുന്നില്ല എന്ന് വിശ്വസിക്കുന്ന മരിയ അവനു ഇമ്മാനുവൽ എന്ന് പേരിട്ടു.
പിന്നെയും അകലങ്ങളിലേക്കുള്ള പ്രയാണങ്ങളിലൂടെ മരിയയിൽ വീണ്ടും ദൈവം കൃപ ചൊരിഞ്ഞു. ചെന്നെത്തിയ ആ ദേശവും മരിയയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. ഒരു കന്യാസ്ത്രീമഠത്തിൽ കുശിനിവേല. അവിടെത്തന്നെ താമസവും. ആൺകുട്ടിയായതിനാൽ മകനെ അധികനാൾ മഠത്തിൽ താമസിപ്പിക്കാനാവില്ലെന്ന് മരിയയ്ക്കറിയാമായിരുന്നു. ആ ചെറിയ ജീവിതകാലയളവിനുള്ളിൽ തന്നെ താൻ താണ്ടിയ കനൽപ്പാതകൾ അവൾക്കുള്ളിൽ അതിജീവനത്തിൻ്റെ ഒരു പോരാളിയെ ഇതിനകം ഉരുവപ്പെടുത്തിയെടുത്തിരുന്നു. മാതാവ് അവളിലൂടെ പ്രവർത്തിക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു. '-ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിൻ്റേയും സുബോധത്തിൻ്റേയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു'- എന്ന ദൈവവചനം അവൾക്ക് ശക്തിയേകി.
അതുവരെ അൽപ്പാൽപ്പമായി സ്വരുക്കൂട്ടി വച്ചതും, ബാങ്ക് വായ്പ്പയും, പിന്നെ മഠത്തിൻ്റെ സഹായവുമെല്ലാം ചേർത്ത് ഒരു മൂന്ന് സെൻ്റ് പുരയിടവും അതിലൊരു കൊച്ചു വീടും മരിയ സ്വന്തമാക്കി, മകനേയും കൊണ്ട് അങ്ങോട്ടു മാറി. മകനെ മഠത്തിൻ്റെ തന്നെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. ഇടക്ക് വല്ലപ്പോഴും രഹസ്യമായി അമ്മച്ചി അയക്കുന്ന എഴുത്തുകളിൽ നിന്നും അനിയത്തിയുടെ വിവാഹം കഴിഞ്ഞു എന്നും, തൻ്റെ അസാന്നിധ്യം നാട്ടിൽ ചില കഥകൾ പ്രചരിക്കുന്നതിനു ഹേതുവാകുന്നുണ്ട് എന്നതൊഴിച്ചാൽ അപ്പച്ചനും മറ്റും മറ്റു വൈഷമ്യങ്ങളൊന്നുമില്ല എന്നും മരിയ അറിയുന്നുണ്ടായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ വട്ടം എത്തുന്ന ആ എഴുത്തുകളല്ലാതെ മരിയയേയോ മകനേയോ തേടിയെത്താൻ ഈ ഭൂമിയിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. ആ പരീക്ഷണ വേളയിലും അകലങ്ങളിലെങ്ങോ തന്നെ കാത്തിരിക്കുന്ന രക്ഷയിലേക്കുള്ള ഒരു കുഞ്ഞു കച്ചിത്തുരുമ്പായിത്തീർന്നിരുന്നു, മരിയയ്ക്ക് ഇമ്മാനുവൽ. മരിയയുടെ മുഴുവൻ സ്നേഹവും പ്രതീക്ഷകളും ഇമ്മാനുവൽ എന്ന ഒരേയൊരു ബിന്ദുവിൽ കേന്ദ്രീകൃതമായി
മരിയ ആഗ്രഹിച്ച പോലെ തന്നെ ഇമ്മാനുവൽ മിടുക്കനായി പഠിച്ചു. വിശേഷിച്ചും ദൈവീകകാര്യങ്ങൾ. വളരുന്നതോടൊപ്പം അവനിൽ സംശയങ്ങളും അങ്കുരിച്ചു. എല്ലാ കുട്ടികൾക്കും അപ്പനുണ്ട്. തൻ്റെ അപ്പനെവിടെ?! ബൈബിൾ സംബന്ധമായ അവൻ്റെ സംശയങ്ങളെല്ലാം ദൂരീകരിക്കുന്നത് അമ്മയാണ്. അമ്മയാണ് എല്ലാറ്റിനും അവൻ്റെ അവസാന ആശ്രയവും ഉത്തരവും. 'അമ്മ തന്നെയായിരുന്നു അവൻ്റെ ഏറ്റവും വലിയ സത്യവും. അപ്പൻ മരിച്ചു പോയി എന്നാണു മരിയ അവനോട് പറഞ്ഞിരിക്കുന്നത്. അവനോട് മാത്രമല്ല, ഈ ചോദ്യം ചോദിച്ച എല്ലാവരോടും മരിയ ആ ഒരു കള്ളമാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ ഒരു സത്യവും ഏറെ നാൾ മറഞ്ഞിരിക്കില്ലല്ലോ.
മഠത്തിൽ നിന്നും മകനുമായി മാറിത്താമസിച്ചു തുടങ്ങിയ അന്ന് മുതലേ വായ്ത്തല തേച്ച് മിനുക്കിയ വെട്ടുകത്തി തരുന്ന ബലം തലയിണക്കീഴിൽ സുരക്ഷിതമാക്കി വച്ച് അതിനു മുകളിൽ തല വച്ച് കിടന്നുള്ള ഉറക്കത്തിലും കരുതലിൻ്റെ ഒരു ഇമ, ചിമ്മാതെ സൂക്ഷിച്ചിരുന്നു മരിയ . ഈയിടെ ആ വെട്ടുകത്തി കൂടെക്കൂടെ പുറത്തെടുക്കേണ്ട അവസ്ഥയും മരിയയ്ക്കുണ്ടാകുന്നുണ്ട്. ആ വായ്ത്തലത്തിളക്കത്തിൽ പിന്തിരിഞ്ഞോടിയവരിൽ, മരിയയുടെ പൂർവ്വകഥയറിഞ്ഞ ചിലരും ഉൾപ്പെടുന്നു. അവരാണ് മരിയ കേൾക്കാതെ അവളെ 'മഗ്ദലനമറിയം' എന്ന് പേരിട്ടു വിളിച്ചും അവളെക്കുറിച്ച് പലതരം കഥകൾ മെനഞ്ഞുണ്ടാക്കിയും സ്വന്തം ഇച്ഛാഭംഗത്തിനു അയവു വരുത്തിയത്. അത് കുഞ്ഞുവായ്കളിലൂടെ കൈമാറി അവസാനം ഇമ്മാനുവലിലുമെത്തി. വേദപാഠങ്ങൾ പൊരുളറിയാതെ പഠിച്ച കൊച്ചു ഇമ്മാനുവലിന് ആദ്യമൊക്കെ ആ വിളിപ്പേര് ദൈവീകമായിത്തന്നെയാണ് തോന്നിയത്. എന്നാൽ ഇടയ്ക്കെപ്പോഴോ അവനിൽ സംശയങ്ങൾ മുളപൊട്ടി. പഴയ ചോദ്യം അൽപ്പവ്യത്യാസത്തോടെ അവനമ്മയോട് വീണ്ടും ആവർത്തിച്ചു.
'എന്റെ അപ്പനെവിടെ' എന്നതിന് പകരം 'എന്റെ അപ്പനാര്' എന്ന മകൻ്റെ ചോദ്യത്തിന് മുന്നിൽ മരിയ അടിപതറി. 'മരിച്ചു പോയി എന്നെന്നോട് കള്ളം പറയരുത് ' എന്നവൻ പറയുമ്പോൾ അവൻ്റെ കണ്ണുകളിൽ എരിഞ്ഞു കണ്ട അഗ്നി, മരിയയെ നിശ്ശബ്ദയാക്കി. കാലം പോകേ ആ നിശബ്ദത അമ്മയേയും മകനേയും പൂർണ്ണമായും വിഴുങ്ങി. ഇമ്മാനുവലിന് സ്‌കൂളിൽ പോകാൻ താല്പര്യമില്ലാതായി. കളിക്കൂട്ടുകാരിൽ നിന്നകന്ന് ഒറ്റയാനായി അവൻ പകൽ മുഴുവൻ എവിടെയൊക്കെയോ അലഞ്ഞു നടന്നു. മഗ്ദലനമറിയത്തിൻ്റെ മകൻ എന്ന വിളിപ്പേരിൽ നിന്ന് ഒളിച്ചോടി. എങ്കിലും 'സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറക്കുന്നു' എന്ന വചനമോ അതുപോലുള്ള മറ്റെന്തോ അവനെ എന്നും തിരികെ നടത്തിച്ചു. രാത്രിയുടെ മറവിൽ മറ്റുള്ളവരുടെ കണ്ണുകളിൽ നിന്നകന്ന് വീട്ടിൽ വന്നു കയറി. പാതിയുറക്കത്തിൽ ഓരോ ഇലയനക്കങ്ങളിലും ഞെട്ടിയുണർന്ന് അമ്മയുടെ ജാരന്മാരേ തിരഞ്ഞു.
മകനിലെ ഈ മാറ്റങ്ങൾ മരിയ തിരിച്ചറിയുന്നുണ്ടായിരുന്നു. പണ്ട്, മകൻ്റെ കുഞ്ഞുമേനിയെ പുണർന്ന് വിഹ്വലതയോടെ ഉറങ്ങിയിരുന്ന രാത്രികാലങ്ങളിലെല്ലാം, അവൻ വളർന്ന് തനിക്കു തുണയാകുന്ന നാളുകളിൽ ഒന്ന് ബോധം വിട്ടുറങ്ങാമല്ലോ എന്ന് മരിയ സ്വപ്നം കണ്ടിരുന്നു. എന്നാൽ ഈ കൗമാരപ്രായത്തിലേ തന്നെ, അവൻ പാതിയുറക്കത്തിലും അമ്മയ്ക്ക് കാവലാളായപ്പോൾ മരിയ വല്ലാതെ തളർന്നു പോയി. മകനെ ചേർത്ത് നിറുത്തി അവൻ്റെ നെറുകയിൽ ചുംബിച്ച്, ഈ കഥകളൊന്നും സത്യമല്ല എന്ന് പറയണമെന്ന് മരിയയ്ക്കാഗ്രഹമുണ്ട്. പക്ഷെ അവൻ്റെ കണ്ണുകളിൽ പ്രതിഫലിച്ചു കണ്ട വെറുപ്പിൻ്റെ തീവ്രതയും അവൻ ചോദിക്കാൻ സാധ്യതയുള്ള, എന്നാൽ മരിയയ്ക്ക് ഉത്തരമേകാനാവാത്ത 'എൻ്റെ അപ്പനാര് ' എന്ന ആ ചോദ്യവും അവളെ അതിൽ നിന്ന് എന്നും പിന്തിരിപ്പിച്ചു. ഒരേ മേൽക്കൂരക്കീഴിലെങ്കിലും അമ്മയ്ക്കും മകനുമിടയിൽ ധ്രുവങ്ങളുടെ അകലം പിറന്നു. മൗനം ഖനമുള്ളൊരു മഞ്ഞുദുർഗ്ഗം കണക്കേ വളർന്നു. പക്ഷെ, ഉപരിപ്ലവമായി കണ്ട ആ മൗനത്തിനു കീഴിലൊളിപ്പിച്ചു വച്ച വെറുപ്പിൻ്റെ അഗാധതലങ്ങൾ മരിയ തൊട്ടറിഞ്ഞത് പിന്നെയും കുറച്ചു നാളുകൾക്ക് ശേഷമാണ്
മദ്യം, മയക്കു മരുന്ന് തുടങ്ങിയവ മനസ്സിൻ്റെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ഇമ്മാനുവലിനെ പഠിപ്പിച്ചത്, ആയിടെ അവൻ കണ്ടെത്തിയ പുതിയ ചില കൂട്ടുകാരാണ്. അവരിലൂടെയാണ് അവൻ ഒരു ക്വട്ടേഷൻ സംഘത്തിൽ ചെന്നെത്തുന്നതും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അതിൻ്റെ നേതാവിൻ്റെ വിശ്വസ്തനാകുന്നതും. പിന്നീട് രാത്രി വളരേ വൈകി കാൽ നിലത്തുറയ്ക്കാതെയുള്ള ഇമ്മാനുവലിൻ്റെ വരവ് മരിയയ്ക്ക് ഒരു നിത്യക്കാഴ്ചയായി. അതോടൊപ്പം, എന്നും മാതാവിൻ്റെ മുന്നിൽ മെഴുകുതിരി കത്തിച്ച് മുട്ടിൽ നിന്ന് കണ്ണീരോടെ മകന് വേണ്ടി പ്രാർത്ഥിക്കുന്ന മരിയ നാട്ടുകാർക്കും ഒരു പതിവ് കാഴ്ചയായി. -‘അഴിഞ്ഞു പോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനേക്കാൾ നിങ്ങളുടെ വിശ്വാസത്തിൻ്റെ പരിശോധന വിലയേറിയതു‘- മരിയ വിശ്വസിച്ചു പ്രാർഥിച്ചു, പ്രതീക്ഷകളോടെ...
ചില ദിവസങ്ങളിൽ ഇമ്മാനുവൽ വീട്ടിൽ വരാതെയായി. -''പാപം ചെയ്യുന്നവൻ എല്ലാം പാപത്തിൻ്റെ ദാസൻ ആകുന്നു. ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല. പുത്രനോ, വസിക്കുന്നു'' - ആത്മസംഘർഷങ്ങളുടെ ഒരു നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുമ്പോഴും വീടുമായി ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് ഇമ്മാനുവലിൽ അപ്പോഴും ബാക്കി നിന്നിരുന്നു. ഇടയ്ക്കെപ്പൊഴെങ്കിലും വീട്ടിലെത്തുന്ന മകന് വേണ്ടി എന്നും മരിയ ഭക്ഷണമുണ്ടാക്കി വിളമ്പി വച്ച് കാത്തിരുന്നു. ഒരു നേരവും തെറ്റാതെ മകനു വേണ്ടി മാതാവിനോട് ഉള്ളൂരുകി പ്രാർഥിച്ചു.
അങ്ങിനെയിരിക്കേ രണ്ടുമൂന്നു നാൾ അടുപ്പിച്ച് ഇമ്മാനുവൽ വീട്ടിൽ വരാതിരുന്നപ്പോൾ മരിയ വല്ലാതെ ഭയന്നു. അവൻ്റെ ചീത്ത കൂട്ടുകെട്ടുകൾ മരിയ അറിയുന്നുണ്ടായിരുന്നു. ആ സമയത്താണ് ഇമ്മാനുവലും ക്വട്ടേഷൻ സംഘത്തിലെ ചിലരും പോലീസ് പിടിയിലായെന്ന വാർത്ത ഒരശനിപാതം കണക്കേ മരിയയെ തേടിയെത്തിയത്. ആരോട് സഹായം ചോദിക്കേണ്ടൂ എന്നറിയാതെ വിഷമിച്ചു നീക്കിയ നാലഞ്ചു നാളുകൾക്കൊടുവിൽ ഒരു രാത്രിയിൽ, മുഖത്തും ദേഹത്തു പലയിടത്തും കരുവാളിച്ച പാടുകളും മുറിഞ്ഞ ചുണ്ടുമായി ഇമ്മാനുവൽ ഞൊണ്ടുന്ന കാലുകളോടെ വീടണഞ്ഞു. മരിയയുടെ ഹൃദയം തകർന്നു. എല്ലാം മറന്ന് അവൾ ഓടിച്ചെന്ന് മകനെ താങ്ങാൻ ശ്രമിച്ചു. തൊട്ടടുത്ത നിമിഷം അവൾ മുറിയുടെ മൂലയ്ക്കലേക്ക് തെറിച്ചു വീണു. ഊരിപ്പിടിച്ച കത്തി മരിയയ്ക്കു നേരെ ആഞ്ഞോങ്ങിയതാണ് ഇമ്മാനുവൽ. എന്നാൽ ഭയന്നു വിറച്ച മരിയയുടെ മുഖം കണ്ടിട്ടോ എന്തോ അവനതു മുറിയുടെ മറ്റേ മൂലയ്ക്കലേക്കു ശക്തിയോടെ എറിഞ്ഞിട്ട് അവൾക്കു നേരെ വിരൽ ചൂണ്ടി പറഞ്ഞു '' തൊടരുതെന്നെ. അറപ്പാണ് എനിക്ക് നിങ്ങളെ ...'' അതു പറയുമ്പോൾ അവൻ്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട ചുളിവുകളുടെ എണ്ണം, അവൻ മരിയയെ എത്രയധികം വെറുക്കുന്നു എന്ന് വിളിച്ചോതുന്നുണ്ടായിരുന്നു. പിന്നെ ഞൊണ്ടിക്കൊണ്ട് സ്വന്തം മുറിയിലേക്ക് പോകുന്നതിനിടയിൽ, 'പിഴകളാണ് ..എല്ലാം പിഴകളാണ്.. ' എന്നവൻ പിറുപിറുക്കുന്നത് മരിയ വ്യക്തമായി കേട്ടു.ഈ ലോകത്തെ സകല സ്ത്രീകളോടുമുള്ള അവൻ്റെ വെറുപ്പ് ആ വാക്കുകളിൽ ധ്വനിച്ചത് മരിയ വേദനയോടെ മനസ്സിലാക്കി.
നാളുകൾ പോകേ മകൻ്റെ ദുർന്നടപ്പിൻ്റെ കൂടുതൽ കഥകൾ മരിയയെ തേടിയെത്തി. അസാന്മാർഗ്ഗികളായ സ്ത്രീകളെ അവൻ സ്ഥിരമായി സന്ദർശിക്കുന്നു എന്നത് മാത്രമല്ല, അവരിലൊരാളെ രാത്രിയിൽ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക കൂടി ചെയ്തപ്പോൾ തൻ്റെ പതനം പൂർണ്ണമായി എന്ന് മരിയ തിരിച്ചറിഞ്ഞു. ആ നിമിഷം അവിടെ നിന്നിറങ്ങിയ മരിയ പള്ളിയിൽ അൾത്താരയ്ക്കു മുന്നിൽ വീണു പ്രാർഥിച്ചത് '' ഈ പാനപാത്രം തിരിച്ചെടുക്കേണമേ '' എന്നായിരുന്നു. സ്വജീവൻ ഒരു മെഴുകുതിരിനാളം ഊതിക്കെടുത്തും പോലെ അണച്ച് കളയാൻ തോന്നിയ പല സന്ദർഭങ്ങളും ഇതിനു മുൻപ് മരിയയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, പ്രിയപ്പെട്ടവരുടെ മുഖങ്ങളോ അവരുടെ സുരക്ഷിതഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളോ അവളെ അധീരയാക്കി ആ ചിന്തകളിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. മാത്രമല്ല, ദൈവമേകിയ ജീവനെ എടുക്കാൻ മനുഷ്യന് അധികാരമില്ല എന്നും അവൾ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏറെ നാളുകളായി താനണിഞ്ഞു നടക്കുന്ന തൻ്റെ ജീവൻ്റെ മുൾക്കിരീടം എടുത്തു ദൂരെയെറിയാൻ അവൾ അതിയായി ആഗ്രഹിച്ചു. രാത്രി പള്ളിയിലും മഠത്തിലുമായി കഴിച്ചുകൂട്ടിയ മരിയ ഉറച്ച കാൽവയ്പുകളോടെയാണ് പിറ്റേന്ന് വൈകിട്ട് വീട്ടിലെത്തിയത്.
അന്തിമയങ്ങിയ നേരത്ത് വീടിനു പിന്നിലെ മാവിനു ചുവട്ടിൽ കസേര കൊണ്ടിട്ട് അതിനു മുകളിൽ കയറി നിന്ന്, മാവിൻ്റെ താഴത്തേ കൊമ്പിൽ, ബലത്തിൽ ഒരു കുരുക്കിട്ട് കൊണ്ട് നിൽക്കുമ്പോഴാണ്, വീടിൻ്റെ മുൻവശത്തു നിന്ന് ആരോ ''അമ്മച്ചീ...'' എന്ന് വിളിക്കുന്നത് മരിയ കേട്ടത്.തൻ്റെ ഉദ്യമം വന്നയാൾ കാണരുതെന്നോർത്ത് തിടുക്കത്തിൽ താഴെയിറങ്ങി മുൻവശത്തു ചെല്ലുമ്പോൾ മുറ്റത്ത്, കരഞ്ഞു വീർത്ത കണ്ണുകളുമായി, പള്ളിയിൽ നിന്ന് നേരെ വരികയാണെന്ന് തോന്നുന്ന രൂപത്തിൽ ഒരു പെൺകുട്ടി. അൽപ്പം നരച്ച ഷാൾ തലയിലൂടെയിട്ട് കഴുത്തിൽ ചുറ്റിയിട്ടുണ്ട്. അതിൻ്റെ മധ്യത്തിൽ കണ്ട, കരഞ്ഞു കലങ്ങിച്ചുവന്ന മുഖത്തിന് കന്യാമാതാവിൻ്റെ ഛായ. മരിയയ്ക്ക് ആളെ മനസ്സിലായി. സീന. നിരാലംബയും നിർധനയുമായ ഒരു വിധവയുടെ മകൾ. കണ്ടയുടൻ അവൾ മരിയയുടെ കാൽക്കൽ മുട്ടുകുത്തി കൈകൾ മരിയയുടെ പാദങ്ങളിൽ ചേർത്ത് അപേക്ഷിച്ചു ''കൈവിടരുതമ്മച്ചീ...മരണമല്ലാതെ ഞങ്ങൾക്ക് മുന്നിൽ മറ്റു വഴികളില്ല '' പിന്നെ സ്വന്തം അടിവയറ്റിൽ കയ്യമർത്തി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു '' അമ്മയുടെ മകൻ എന്നെ...'' അവളെ മരിയ ഇരു തോളിലും പിടിച്ച് എഴുന്നേൽപ്പിച്ചു ''എന്നെയും എൻ്റെ അമ്മച്ചിയേയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നെ....'' മുഴുമിക്കാനാകാതെ കരഞ്ഞ അവളെ മരിയ മാറോട് ചേർത്തു. അവൾ അപ്പോൾ അനുഭവിക്കുന്ന മാനസികസംഘർഷം മനസ്സിലാക്കാൻ മരിയക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല.
സീന പോയതിനു ശേഷം മരിയ വീണ്ടും വീടിനു പുറകു വശത്തേക്ക് ചെന്നു. മാവിൻചുവട്ടിലിട്ടിരുന്ന കസേരയിൽ കയറി നിന്ന് മാങ്കൊമ്പിൽ കെട്ടിയിട്ടിരുന്ന കയർ അഴിച്ച് ദൂരെയെറിഞ്ഞു. പിന്നെ അതേ കസേരയെടുത്ത് വീടിനകത്തേ മുറിയിലിട്ട് അതിലിരുന്നു; ഒരു പ്രതിമ കണക്കേ..
അൽപ്പം ഇരുട്ടിയതിനു ശേഷമാണ് ഇമ്മാനുവൽ ഒരു സ്ത്രീയുടെ തോളിൽ തൂങ്ങി ഇടറുന്ന കാൽവയ്പുകളോടെ വീട്ടിലെത്തിയത്. അകത്തേ മുറിയിലിരിക്കുന്ന മരിയയെ ഒന്ന് നോക്കുക പോലും ചെയ്യാതെ സ്വന്തം മുറിയിലേക്ക് തിരിഞ്ഞ അവനെ പെട്ടെന്നാണ് മരിയ പുറകിലൊളിപ്പിച്ചു പിടിച്ചിരുന്ന സാമാന്യം മുഴുത്ത ഒരു മരത്തടി കൊണ്ട് പൊതിരെ തല്ലിയത്. ചില അടികൾ ലക്‌ഷ്യം പിഴച്ച് കൂടെ വന്ന സ്ത്രീയുടെ മേലും കൊണ്ടു. അവർ ആ നിമിഷം ഇരുട്ടത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. ഇമ്മാനുവൽ വീണു പോയി. കലിബാധിതയെ പോലെ തലങ്ങും വിലങ്ങും അടിച്ചു കൊണ്ടിരുന്ന മരിയയെ അദ്യമൊക്കെ ഇമ്മാനുവൽ ചെറുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും ഇടയ്ക്കവൾ അലറി പറഞ്ഞ '' നീയെൻ്റെ ആലയം അശുദ്ധമാക്കരുത് '' എന്ന വാക്കുകളിൽ അവൻ പിന്നെ കണ്ടത് മരിയയെ അല്ല, ചാട്ടവാറു വീശി നിൽക്കുന്ന നല്ലിടയനെ തന്നെയാണ്. പിന്നെ അവൻ മരിയയെ ചെറുക്കുകയുണ്ടായില്ല. മറിച്ച് മരിയയുടെ വാക്കുകളിലെ പുതിയ മാനങ്ങൾ തേടുകയായിരുന്നു. അടിച്ചു കൈ തളർന്ന മരിയ പിന്നീട് അടുക്കളയിൽ ചെന്ന് വെട്ടു കത്തിയുമെടുത്ത് ഇരുട്ടിലേക്കിറങ്ങിപ്പോയപ്പോഴും മറ നീക്കാൻ പാടുപെടുന്ന ചിന്തകളുടെ ഒരു പുകപടലം അവനു ചുറ്റും ബാക്കിയുണ്ടായിരുന്നു. എന്നാൽ അല്പസമയത്തിനുള്ളിൽ സീനയുടെ കൈ പിടിച്ച് മരിയ അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, പെട്ടെന്ന് കണ്ണിലേക്കു ശക്തമായൊരു പ്രകാശമടിച്ച പോലെ അവൻ്റെ കണ്ണ് മഞ്ഞളിച്ചു. മരിയ പറഞ്ഞു. ''ഇവളും ഇവളുടെ വയറ്റിൽ കിടക്കുന്ന നിൻ്റെ കുഞ്ഞും ഈ വീടിനവകാശപ്പെട്ടതാണ്. നീയിവളെ വേണ്ടായെന്നു വച്ചാലും ഞാനിവളെ ഉപേക്ഷിക്കുകയില്ല.’ മരിയയുടെ ആ വാക്കുകൾക്ക് കാരിരുമ്പിൻ്റെ ഉറപ്പും തണുപ്പുമുണ്ടായിരുന്നു. എന്നാൽ പിന്നീടവളുടെ ശബ്ദം ഇടറി. ഒരു വിതുമ്പലോടെ താഴെയിരുന്ന് ഇരു കൈകൾ കൊണ്ടും മുഖം പൊത്തി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു ’ എൻ്റെ മകൻ കാരണം മറ്റൊരു മഗ്ദലനമറിയം ഈ ഭൂമിയിൽ ഉണ്ടാകരുത്.'' തകർന്നിരിക്കുന്ന അവളെ കെട്ടിപ്പിടിച്ച് സീനയും കരഞ്ഞു.
സമാനനിയതികളുടെ ഇരകളായ രണ്ടു സ്ത്രീകൾ പരസ്പരാലിംഗനം ചെയ്തു കരഞ്ഞു കൊണ്ടിരുന്ന ആ സമയത്ത്, ഏറെ നാളുകളായി മനസ്സിനെ ഞെരുക്കിയിരുന്ന കടുംകെട്ടുകൾ അയഞ്ഞയഞ്ഞ് ശാന്തമാകുന്നതിൻ്റെ സുഖം അറിയുകയായിരുന്നു ഇമ്മാനുവൽ. ദേഹമാസകലം വേദനിക്കുമ്പോഴും വീണു കിടക്കുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ പാടുപെട്ട്, മരിയയ്ക്കു നേരേ കൈ നീട്ടി, വർഷങ്ങൾക്കു ശേഷം അവൻ വിളിച്ചു ''അമ്മച്ചീ...
ചുട്ടുപൊള്ളിക്കുന്ന വേനലിൽ മനസ്സിലേക്ക് വന്നു വീണ ഒരു മഴത്തുള്ളി പോലെ മകൻ്റെ ആ വിളി മരിയ കേട്ടു. ഒരു നിമിഷം മതിയായിരുന്നു, അതിനൊരു പേമാരിയായി വളരാൻ. ആത്മഹർഷത്തിൻ്റെ ആ പെരും മഴയിൽ പൊടുന്നനെ പെട്ടു പോയ മരിയ അവിശ്വസനീയതയോടെ തലയുയർത്തി മകനെ നോക്കി. അപ്പോൾ മാത്രമാണ് താൻ എത്ര ക്രൂരമായാണ് തൻ്റെ മകനെ ആക്രമിച്ചത് എന്ന് അവൾ തിരിച്ചറിഞ്ഞത്. ആ മാതൃഹൃദയം വല്ലാതെ പിടഞ്ഞു പോയി. ഓടിച്ചെന്ന് അവൾ അവനരികിലിരുന്ന് ആ മുഖം കൈകളിൽ എടുത്ത് ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. അമ്മയുടെ കണ്ണീരിനാൽ സ്നാനമേറ്റ് ഇമ്മാനുവൽ പുതുജീവനേത്തേടി. അമ്മയുടെ കണ്ണീരുപ്പു നാവിലറിഞ്ഞപ്പോൾ ഇമ്മാനുവലിനു സ്വർഗ്ഗം തുറക്കുന്നതായും ദൈവാത്മാവ് ഒരു പ്രാവെന്ന പോൽ തൻ്റെ മേൽ വരുന്നതായും അനുഭവപ്പെട്ടു. പിന്നെ അമ്മയുടെ വലം കൈ നെഞ്ചിൽ ചേർത്തു കൊണ്ട്, വീണ്ടും അമ്മയുടെ ഗർഭപാത്രത്തിൻ്റെ സുരക്ഷയിലേക്കെത്തിച്ചേർന്ന ഒരു കുഞ്ഞിൻ്റെ നൈർമല്യത്തോടെ അവൻ മരിയയുടെ മടിയിൽ കിടന്നു മയങ്ങി.