Friday, 12 February 2021

ഞാവൽപ്പഴങ്ങൾ

''ഞാവൽപ്പഴത്തിനു മുടീടെ കറുപ്പല്ല. നല്ല കടുംനീലേം കറുപ്പും കൂടിയൊള്ള കറുപ്പ്''

 ഈ വാചകത്തിലെ കടും എന്ന വാക്കിലെ 'ടും' ഉച്ചരിച്ചതിനൊപ്പം അച്ചൂട്ടൻ്റെ വായിൽ നിന്നും വായു ചീറ്റപ്പെടുകയും ടുമ്മിനു കൊടുത്ത ശക്തിയാൽ കണ്ണുകൾ ഇറുകിപ്പോവുകയും ചെയ്തു.   

''അത് തിന്നുകഴിഞ്ഞാലൊണ്ടല്ലൊ, നാവും ചുണ്ട്വൊക്കെ അതേ നിറാകും.  ഇന്റെർവെല്ലിനു ഞങ്ങൾ സ്‌കൂൾ കോമ്പൗണ്ടിലേക്കു ചാഞ്ഞു നിക്കണ നിറയേ... പഴോള്ള ഞാവൽമരത്തീന്ന് പഴം പറിച്ച് കഴിക്കും. നാവെല്ലാം കറു..ത്തു വരും.'' കടും എന്ന വാക്കിലെ ടുമ്മിൻ്റെ അവസ്ഥ, കറുത്തു എന്ന വാക്കിലെ 'റുത്തു'വും  അനുഭവിച്ചു. 


മുടിക്കറുപ്പ്, ഞാവൽപ്പഴത്തിൻ്റെ കറുപ്പ്, തുടങ്ങി ഒരേ നിറത്തിൻ്റെ തന്നെ ഈ  വൈവിധ്യങ്ങൾ ഇന്ദുവേച്ചിയിൽ കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ടെന്ന് അച്ചൂട്ടന് അറിയാമെങ്കിലും അതവന്റെ സംസാരത്തിലെ ആവേശത്തെ ഒട്ടും കുറക്കുന്നുണ്ടായിരുന്നില്ല.  ഈയിടെ അവന്റെ സംസാരത്തിൽ മുഴുവൻ പുതിയ സ്‌കൂളിന്റെ വിശേഷങ്ങളാണ്. അതിനോടൊപ്പം ഇന്നവന് പറയാനുണ്ടായിരുന്നത്, അവൻ്റെ അറിവിനും രുചികൾക്കും പുതുവിരുന്നൊരുക്കിയ, വിരുന്നൂട്ടിൻ്റെ അടയാളങ്ങൾ നാവിലും ചുണ്ടുകളിലും കറുപ്പായവശേഷിപ്പിച്ച ആ പഴത്തിന്റെ കാര്യമാണ്. - ഞാവൽപ്പഴം. പക്ഷെ അതിന്റെ നിറം മാത്രം എങ്ങിനെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണമെന്ന് അവനറിയില്ലായിരുന്നു. ആ നിറം മാത്രമല്ല, ഒരു നിറവും ചേച്ചിക്ക് മനസ്സിലാക്കിക്കൊടുക്കാനാവില്ല എന്നവനറിയാം. ആ ഒരൊറ്റകാര്യത്തിലാണ് അവൻ അമ്പേ പരാജയപ്പെട്ടു പോകുന്നത്. എങ്കിലും അവൻ ഇന്ദുവേച്ചിയോട് എല്ലാ നിറങ്ങളെക്കുറിച്ചും അവൻ കാണുന്ന എല്ലാ കാഴ്ചകളെക്കുറിച്ചും വിവരിച്ചു പറയും. 

രണ്ടു ജോഡി കാതുകളെയാണ് അച്ചൂട്ടൻ്റെ ദൈനംദിനവിശേഷങ്ങൾ എന്നും വിരുന്നൂട്ടുന്നത്. അതിൽ ഒരു ജോഡി മുത്തശ്ശിയുടേതും പിന്നൊന്ന് ഇന്ദുവേച്ചിയുടേതുമാണ്. എന്നാൽ അച്ചൂട്ടനെ പ്രോൽസാഹിപ്പിക്കുന്ന മൂളലുകളേയും വാൽസല്യമൂറുന്ന നോട്ടങ്ങളേയും അപഹരിച്ച് ഉറക്കം താഴ്ന്നസ്ഥായിയിലുള്ള കൂർക്കം വലിയുടെ അകമ്പടിയോടെ മുത്തശ്ശിയുടെ കണ്ണുകളെ കൂടെക്കൂടെ മയക്കിക്കളയുമെന്നതിനാൽ കഥകളൊക്കെ ഇന്ദുവേച്ചിയോട് പറയാനാണ് അച്ചുവിന് കൂടുതലിഷ്ടം. അക്കാര്യത്തിലുമുണ്ട് ഒരു സാങ്കേതീകപ്രശ്നം. അത്, ഇന്ദുവേച്ചിയെ അച്ചുവിന് അധികസമയമൊന്നും കൂടെ കിട്ടാറില്ല എന്നതാണ്.  വൈകിട്ട് അച്ചുവിന്റെ സ്‌കൂൾബസ് വീടിനു മുന്നിലെ റോഡിലെത്തുമ്പോൾ ചേച്ചിയമ്മ -അങ്ങിനെയാണവൻ ഇന്ദുവെച്ചീടെ അമ്മയെ വിളിക്കുന്നത്- അവനെ കൂട്ടാൻ ഗെയ്റ്റിലുണ്ടാകും. ഇന്ദുവേച്ചിയപ്പോൾ അടുക്കളവരാന്തയിൽ അവൻ ഓടിവരുന്ന പദശബ്ദം കാതോർത്തിരിക്കുകയാവും. വന്നു കഴിഞ്ഞാൽ അന്നത്തെ സ്‌കൂൾ വിശേഷം മുഴുവൻ ഇന്ദുവേച്ചിയോടു പറഞ്ഞാലേ അവനു സമാധാനമാവുകയുള്ളൂ. കേൾക്കുന്തോറും ഇന്ദുവേച്ചിയുടെ മുഖത്ത്  വിരിഞ്ഞുവിരിഞ്ഞുവരുന്ന അത്ഭുതഭാവങ്ങൾ കാണാൻ അവനേറെ ഇഷ്ടമാണ്. എത്ര കുടഞ്ഞിട്ടാലും തീരാത്തത്ര വിശേഷങ്ങളുടെ മാറാപ്പുമായാണ് അച്ചു എന്നും ഇന്ദുവേച്ചിയുടെ അടുത്ത് എത്തുന്നതെങ്കിലും  പപ്പയും മമ്മിയും ജോലി കഴിഞ്ഞ് വീടെത്തും വരെ മാത്രമേ അവനിലെ കിലുക്കാമ്പെട്ടി കിലുകിലാരവം ഉതിർക്കുകയുള്ളു. പപ്പയേയും മമ്മിയേയും വഹിച്ചുവരുന്ന കാർശബ്ദത്തെ കയറ്റിവിട്ട്, ഗെയ്റ്റ് തുറന്നടയുമ്പോൾ അച്ചൂട്ടൻ ഓടി കുളിക്കാൻ കയറും. അല്ലെങ്കിൽ മമ്മിക്ക് കലി കയറും. കുളി കഴിഞ്ഞാലോ, ഭക്ഷണമെന്താണെന്നു വച്ചാൽ കഴിക്കുക, പിന്നെ പഠിക്കുക. ഇതാണ് അച്ചൂട്ടന്റെ ദിനചര്യ. 


പപ്പയും മമ്മിയുമെത്തിക്കഴിഞ്ഞാൽ, അവൻ്റെ വിശേഷങ്ങൾ നിറച്ച ഇന്ദുവേച്ചിയുടെ കാതുകൾ, ചേച്ചിയമ്മയുടെ സ്വരത്തെ പിൻപറ്റി തൊട്ടപ്പുറത്തെ അവരുടെ കൊച്ചുവീട്ടിലേക്ക് പോകും.  ''പോകുമ്പോൾ ഗെയ്റ്റ് പൂട്ടിയേക്കണേ'' എന്ന മമ്മിയുടെ ശബ്ദം പതിവുപോലെ ചേച്ചിയമ്മയ്ക്ക് അകമ്പടിയായി ഗെയ്റ്റുവരെ എത്തും. ആ ശബ്ദത്തിൻ്റെ ആജ്ഞാശക്തി അച്ചുവിൻ്റെ ലോകത്തേയും   ഗെയ്റ്റിനുള്ളിൽത്തന്നെ  ഓടാമ്പലിട്ട് പൂട്ടും. 

 നഗരചിത്രത്തെ നാലുമതിലുകളുടെ ഫ്രെയിമിടുവിച്ച്, ഗ്രാമത്തിൻ്റെ പച്ച ചുവരുകളിൽ തൂക്കിയിട്ടതുപോലെയായിരുന്നു അച്ചുവിൻ്റെ വീട്.  ആ ഇത്തിരിലോകത്തിനപ്പുറം പുഴകളും തോടുകളും കൈകോർത്ത് തമ്മിൽ കഥകൾ പറഞ്ഞൊഴുകി. പച്ചപ്പട്ടുടുത്ത നെൽവയലുകൾ വജ്രവെയിൽക്കല്ലുപിടിപ്പിച്ച ജലത്തിൻ്റെ അരഞ്ഞാണങ്ങളും കണ്ഠഹാരങ്ങളുമണിഞ്ഞ് ചിരിച്ചു. പുൽമേടുകളും കാട്ടുചെടികളും ലോകവിശാലതയുടെ വിശേഷങ്ങളുമായെത്തുന്ന കാറ്റിൻ്റെ കഥകൾ കേട്ട് തലയാട്ടി രസിച്ചു.  

ഒഴിഞ്ഞ തീപ്പെട്ടിക്കൂടിനകത്ത് പിടിച്ചിട്ടടയ്ക്കാറുള്ള വണ്ടിൻ്റെ കാഴ്ചസീമകൾ പോലെ തൻ്റെ കാഴ്ചയുടെ പരിധികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പരമാധികാരം എത്രയെന്ന് അച്ചുവിനറിയാം. അതിനുള്ളിൽപ്പോലും അരുതുകളുടെ ചങ്ങലക്കൊളുത്തുകൾ വലിച്ചുനിരക്കിവേണം അവനു ചലിക്കാൻ. ആ ചങ്ങലദൂരങ്ങൾക്കപ്പുറം പൂമ്പാറ്റകളും, വിലകുറഞ്ഞ ഉടുപ്പുകളിൽ കാണാച്ചിറകുകൾ  തുന്നിപ്പിടിപ്പിച്ച ,  കുട്ടികളുമുണ്ടെന്ന് അവനറിയാം. എന്നാൽ അവരോടു കൂട്ടുകൂടാനോ ഒപ്പം പറക്കാനോ അച്ചുവിനനുവാദമില്ല. 

എന്നിരുന്നാലും മുത്തശ്ശിയുടെ രഹസ്യാനുമതി അച്ചുവിൻ്റെ കാൽപ്പൂട്ടുകളെ ചിലപ്പോഴൊക്കെ അഴിച്ചുകളയാറുണ്ട്.  അപ്പോഴൊക്കെ ഇന്ദുവേച്ചിയുടെ കൈപിടിച്ച് അവൻ ആ പരിസരത്തെല്ലാം ഒന്ന് ചുറ്റാറുമുണ്ട്. അത് സ്‌കൂൾ ഇല്ലാത്ത, എന്നാൽ പപ്പയ്ക്കും  മമ്മിയ്ക്കും ജോലിയുമുള്ള ദിവസങ്ങളിലാവും. ‘ഒരുപാട് ദൂരത്തേക്കൊന്നും പോകല്ലേ മക്കളേ‘എന്ന് ചേച്ചിയമ്മയുടെ ഓർമ്മപ്പെടുത്തൽ അപ്പോഴൊക്കെ കാണാത്തൊരു കയ്യായി അവരെ പിടിച്ചിട്ടുണ്ടാകും. മാത്രമല്ല, ഇടയ്ക്കിടെ ആകാംക്ഷയോടെ അവരെ വന്നു നോക്കുന്ന ചേച്ചിയമ്മയുടെ കണ്ണുകൾ, അവരിൽ നിന്നുവാങ്ങിയ ചിരിചൂടി തിരിച്ചുപോകുകയും ചെയ്യും. 

ഇന്ദുവേച്ചി അച്ചുവിന്റെ കൂടെയായിരിക്കുന്നത് ചേച്ചിയമ്മയ്ക്ക് ആശ്വാസമാണ്. അച്ചൂട്ടൻ കൂടെയുണ്ടങ്കിൽ ഇന്ദുവേച്ചി സുരക്ഷിതയായിരിക്കുമെന്നാണ് ചേച്ചിയമ്മയുടെ വിശ്വാസം. അതിനൊരു കാരണവുമുണ്ട്. ഒരിക്കൽ ഇന്ദുവേച്ചിയെ കൂടെ കൂട്ടി, ചേച്ചിയുടെ വീടിനപ്പുറത്തുള്ള, കൈതകളാൽ ഇരുകരകളിലും പച്ചമതിലുകൾ തീർത്ത തോടിന്റെ ഒരു വശത്തുള്ള കുഞ്ഞൻവിടവിലൂടെ ഇറങ്ങി, ഇടതുകാൽപ്പാദത്തെ തണുത്തവെള്ളത്തിൻ്റെ കുളിരിലേക്കിറക്കിവച്ച്,  പായലിനു കണ്ണുകൾ മുളച്ചപോലെ തോന്നിപ്പിക്കുന്ന പച്ചത്തവളയുടെ തലയ്ക്കുനേരെ ഒരു കുഞ്ഞു കല്ലെടുത്തെറിഞ്ഞ്, മുങ്ങാംകുഴിയിട്ട് പൊങ്ങിവരുന്ന അതിനെ നോക്കി രസിച്ച്, ഒരു ഫുട്ബോൾ കമൻട്രി പറയുംപോലെ ചേച്ചിക്ക് തത്സമയവിശദീകരണം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു അച്ചു. ചേച്ചിയപ്പോൾ തോടിന്റെ ചരിവിൽത്തന്നെ നിന്ന്, നേരത്തേ  അച്ചൂട്ടൻ എത്തിപ്പറിച്ചു കൊടുത്ത  കൈതപ്പൂവാസനയിൽ അവൻ്റെ വാക്കുകളെ മുക്കിയെടുത്ത് അവളുടെ അകക്കണ്ണിൻ്റെ കാൻവാസിൽ ചിത്രങ്ങളായി വരച്ചിടുകയായിരുന്നു. ഒരു വ്യാഴവട്ടക്കാലത്തെ തപോസുഗന്ധത്തെയപ്പാടെ കൂടയിലേന്തി നിൽക്കുന്ന കൈതയുടെ പൂവാസന, അച്ചുവിനെപ്പോലെ ചേച്ചിക്കും പുതിയതാണ്. അച്ചുവിൻ്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കെ, ഒരു നിമിഷം ചേച്ചി നിശബ്ദയായി. അതുവരെ എങ്ങുമുറയ്ക്കാതെ ചലിച്ചു കൊണ്ടിരുന്ന മിഴികൾ ഏതോ ബിന്ദുവിലുറച്ചു. ചിരി മാഞ്ഞ് ചുണ്ടുകൾ ഒരു വശത്തേക്ക് കോടി. കയ്യിലിരുന്ന കൈതപ്പൂ താഴെ വീണു. അടുത്ത നിമിഷം ചേച്ചിയുടെ കൈകാലുകൾ ഒരു പ്രത്യേകതാളത്തിൽ വിറച്ച് ചേച്ചിയും താഴെ വീണു. വായിൽ നിന്ന് രക്തം കലർന്ന നുരയും പതയുമൊലിച്ചു. ഒരുവശം ചരിഞ്ഞു വീണ് വിറച്ചുവിറച്ച് വെള്ളത്തിലേക്ക് നിരങ്ങിപ്പോകുന്ന ചേച്ചിയുടെ ഗതിയെ തടഞ്ഞ് വെള്ളത്തോട് ചേർന്നു മുട്ടുകുത്തിയിരുന്ന്, അച്ചുവിൻ്റെ കാലുകൾ ചേച്ചിക്ക് തടതീർത്തു. അച്ചൂട്ടന്റെ കാൽത്തുടകൾക്കിരുവശത്തേക്കും വില്ലുപോലെ ശരീരം വളച്ച്  ചേച്ചി ഒരേ താളത്തിൽ കൈകാലിട്ടടിച്ചു കൊണ്ടിരുന്നു. അവൻ്റെ നിലവിളിയിലെ പേടിയുടെ തീവ്രത,  ചേച്ചിയമ്മയുൾപ്പെടെയുള്ള ധാരാളം പേരെ അടുത്ത നിമിഷം തോട്ടിൻകരയിലെത്തിച്ചു. ഇന്ദുവേച്ചിക്ക് ചുഴലിദീനം ഇളകിയതാണത്രേ. കൈതപ്പൂവിൻ്റെ ശക്തമായ വാസനയാകാം കാരണമത്രെ. അത്തരം വാസനകൾ മാത്രമല്ല,  പേടിയോ വ്യസനമോ ഒക്കെ ചേച്ചിക്ക് ചുഴലിദീനമിളകാൻ കാരണമാകാമത്രെ!!


വിവരമറിഞ്ഞ് മമ്മി അന്ന് ഒരുപാട് വഴക്കു പറഞ്ഞു. ''ആ കുട്ടിക്ക് എന്തെങ്കിലും പറ്റിപ്പോയിരുന്നെങ്കിലോ '' എന്ന് ചോദിച്ചാണ്  മമ്മിയുടെ വഴക്ക്.  അല്ലെങ്കിൽത്തന്നെ അച്ചൂട്ടൻ പറമ്പിലെ തോട്ടിലും അഴുക്കിലുമെല്ലാം ഇറങ്ങിക്കളിക്കുന്നത് മമ്മിയ്ക്കിഷ്ടമല്ല. അപ്പോൾ പിന്നെ 'കണ്ണു കാണാത്ത, ഫിറ്റ്‌സ് വരുന്ന' കുട്ടിയേയുംകൂട്ടി പോയിയെന്നായാലോ! 


പക്ഷെ ചേച്ചിയമ്മയ്ക്ക് അതിലൊന്നും ഒരു പരാതിയുമില്ല; എന്ന് മാത്രവുമല്ല, സന്തോഷവുമാണ്. അച്ചൂട്ടാനല്ലാതെ ഇന്ദുവേച്ചിക്ക് മറ്റാരും കൂട്ടില്ല. 'ദീനക്കാരി കണ്ണുപൊട്ടിക്കുട്ടി'യോട് മറ്റു കുട്ടികളാരും കൂട്ട് കൂടാറുമില്ല.  ചേച്ചിയെ പ്രസവിക്കുന്ന സമയത്ത്,  തലച്ചോറിനേറ്റ എന്തോ പരിക്ക് കൊണ്ടാണത്രേ  കാഴ്ച നഷ്ടപ്പെട്ടതും ഇടയ്ക്കു ചുഴലിദീനം വരുന്നതും. ഒരുപാട് ചികിത്സ ചെയ്തെന്നും അവസാനം ഇന്ദുവേച്ചിയുടെ അച്ഛൻ അവരെ ഉപേക്ഷിച്ച് എങ്ങോ പൊയ്ക്കളഞ്ഞെന്നും ചേച്ചിയമ്മ ഇടയ്ക്ക് കണ്ണീരോടെ മുത്തശ്ശിയോട് പറയുന്ന വിശേഷങ്ങളിൽ നിന്നും അച്ചു മനസ്സിലാക്കിയെടുത്തിട്ടുണ്ട്. 


ചേച്ചി തോടിന്റെ കരയിൽ വീണ അന്ന്, അച്ചുവിൻ്റെ അറിവിൻ്റെ ശുഭ്രതയുള്ള താളുകളിലേക്ക് 'ചുഴലിദീനം' എന്നൊരു വാക്ക് കറുപ്പിനാൽ എഴുതപ്പെട്ടു. അച്ചുവിൻ്റെ ഓർമ്മയിൽ, അക്ഷരങ്ങൾക്ക് പകർന്നുകൊടുക്കാവുന്നതിലും ഏറെ വ്യക്തതയുള്ള ഒരു ചലനചിത്രമായി, ചുഴലിദീനം അന്നുമുതൽ ചേച്ചിയുടെ രൂപം പൂണ്ട് കൈകാലുകളിട്ടടിച്ചു. ചേച്ചിയമ്മയുടെ പിന്നീടുള്ള വാക്കുകൾ,  എട്ടുവയസ്സുകാരൻ അച്ചൂട്ടൻ്റെ അന്നത്തെ പ്രവർത്തികളെ അത്ഭുതപ്രവർത്തനങ്ങളായിക്കണ്ട് ദിനേന വാഴ്ത്തി. 'അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ ആ കുട്ടി വെള്ളത്തിൽ വീണ് മരിച്ചു പോകുമായിരുന്നു' എന്ന് മുത്തശ്ശിയും പറഞ്ഞു. 'മരണം' എന്ന വാക്ക് അച്ചുവിൻ്റെ കാതുകളോട് കുറച്ചേറെ നാളുകളായി കൂട്ടുചേർന്നിട്ടുണ്ടെങ്കിലും അതവൻ്റെ കണ്ണുകൾക്കുമുന്നിലേക്ക് ദൃശ്യമായി കടന്നുവന്നുനിന്നിട്ടില്ല. മുത്തശ്ശൻ മരിച്ചു പോയി എന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. മരിച്ചുപോകുക എന്നത്, ഒരക്ഷരത്തെ കടലാസിൽ നിന്ന് ഇറേയ്സർ കൊണ്ട് മാച്ചുകളയുമ്പോലെ എന്തോ ഒന്നാണെന്ന് അവൻ മനസ്സിലാക്കിയിട്ടുണ്ട്. വ്യത്യാസമെന്താണെന്നുവച്ചാൽ, മായ്ച്ച അക്ഷരം വീണ്ടുമെഴുതാം. മരിച്ച ആൾ പക്ഷെ തിരിച്ചുവരികയില്ല. അവരെ നമ്മൾ വീണ്ടും കാണുകയുമില്ല. അതുകൊണ്ടാണ് മുത്തശ്ശനെ കാണാനാവാത്തത്.  പക്ഷെ ഇന്ദുവേച്ചിയെ അച്ചൂട്ടന് എപ്പോഴും കാണണം. അത് കൊണ്ട് ഇന്ദുവേച്ചി മരിക്കാൻ പാടില്ല. 


മരണം എന്ന വാക്കുപോലെ തന്നെ, അകക്കണ്ണ് എന്ന വാക്കും മുത്തശ്ശിയുടേയും ചേച്ചിയമ്മയുടേയും വാക്തൂലികകൾ അവൻ്റെ മനസ്സിലേക്കെഴുതിച്ചേർത്ത മറ്റൊന്നാണെങ്കിലും അത് എപ്രകാരം എന്ന് മനസ്സിലാക്കാൻ അവൻ നന്നേ പ്രയാസപ്പെട്ടിട്ടുണ്ട്. കാരണം അതിനെ പുറമേ നിന്ന് കാണാൻ കഴിയില്ലപോലും. ആ കണ്ണുകൾ കൊണ്ടാണുപോലും ചേച്ചി കാണുന്നത്. പുറത്തെ കണ്ണുകളെക്കുറിച്ച് അവനറിയാം. അകത്തെ കണ്ണുകൾ മനസ്സിലാണിരിക്കുന്നത് എന്നാണ് മുത്തശ്ശിയുടെ ഭാഷ്യം. അപ്പോൾ മനസ്സ് എവിടെയായിരിക്കും ഇരിക്കുന്നത്. എവിടെയായാലും ശരി, ചേച്ചി അകക്കണ്ണുകളിലൂടെ കാണുന്ന കാഴ്ചകൾക്കെല്ലാം അച്ചൂട്ടന്റെ വിവരണങ്ങളാണ് കാരണം എന്നാണു ചേച്ചി പറയുന്നത്. 

പഴങ്ങളുടേയും പൂക്കളുടേയും നിറങ്ങൾ ഏതൊക്കെ എന്ന് അച്ചൂട്ടൻ ഇന്ദുവേച്ചിയെ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. പിന്നെ പലതും ചേച്ചി തൊട്ടറിയും. ചേച്ചിയുടെ വീട്ടിലെ കിങ്ങിണിപ്പൂച്ച, സഫിയുമ്മേടെ ആട്ടിൻകുട്ടി, തുടങ്ങി ചേച്ചിയുടെ വിരലുകളിൽ നിന്ന്  ഒരു ഉണക്കക്കമ്പിലൂടെ മണ്ണിലേക്കോ  പെൻസിൽത്തുമ്പിലൂടെ മമ്മി സമ്മാനിച്ച ഡ്രോയിങ്ങ് പാഡിലേക്കോ  ഊർന്നിറങ്ങി ചലനമറ്റ ജീവൻ കൈവരിച്ച് നിന്നു. പുറത്ത് കണ്ണുകളുള്ള, അതിൽ കാഴ്ചയുമുള്ള അച്ചൂട്ടനു ഒരു നേർവര പോലും ശരിക്കു വരയ്ക്കാനറിയില്ല. എങ്കിലും ചേച്ചിയുടെ ഇത്തരം കൊച്ചു കഴിവുകളെല്ലാം അച്ചൂട്ടന്റെ നേട്ടങ്ങളായിട്ടാണ് അവൻ കണക്കാക്കുന്നത്. മാത്രമല്ല, അവരുടെ ഇരുവരുടേയും ഇടയ്ക്ക് അവർ ഒരുപാട്ആസ്വദിക്കുന്ന അത്തരം ചില കളികളുമുണ്ട്. അത്തരത്തിൽ ഒന്നാണ്, പൂക്കളുടെയും പഴങ്ങളുടേയുമൊക്കെ പേര് അച്ചൂട്ടൻ പറയുമ്പോൾ ചേച്ചി അവയുടെ നിറം പറയുകയും പിന്നെ അവയുടെ രൂപം കോറിയിടുകയും ചെയ്യുന്ന കളി. അച്ചൂട്ടൻ അപ്പോൾ ചേച്ചിയുടെ ടീച്ചർ ആയി ഓരോ ചോദ്യത്തിനും മാർക്കിടും. മിക്കവാറും ചേച്ചിക്ക് ഫുൾ മാർക്കാണ്. ഓരോന്നിന്റെയും മാർക്ക് കേൾക്കുമ്പോൾ ചേച്ചിയുടെ കാഴ്ചയില്ലാത്ത കണ്ണുകൾ  സന്തോഷസൂചകമായി താളത്തിൽ നൃത്തം ചെയ്യും. പക്ഷെ അവസാനം ആ ചലനങ്ങൾ പതുക്കെയാവുകയും മുഖത്തെ ചിരി മായുകയും ചെയ്യുമ്പോൾ അവനറിയാം, ചേച്ചിക്ക് സങ്കടം വരുന്നുണ്ടെന്ന്. കാരണം, ഈ നിറങ്ങളോ രൂപങ്ങളോ ഒന്നും ചേച്ചിക്ക് നേരിട്ട് കാണാൻ  കഴിയുന്നില്ലല്ലോ. 


കാഴ്ചയുണ്ടായിരുന്നെങ്കിൽ ചേച്ചി സ്‌കൂളിൽ പോയി പഠിക്കുമായിരുന്നു എന്ന  നെടുവീർപ്പുകൾ കൂടെക്കൂടെ  ചേച്ചിയമ്മയുടെ കണ്ഠത്തിലെ ഏതോ ലോലപ്രതലങ്ങളിൽ തെന്നി ശബ്ദത്തോടൊപ്പം മുറിഞ്ഞുവീഴും.  അങ്ങിനെയെങ്കിൽ ചേച്ചിയിപ്പോൾ ഹൈസ്‌കൂളിൽ എത്തുമായിരുന്നുപോലും. എങ്കിൽ ഇന്ദുവേച്ചി തന്റെ സ്‌കൂളിലായിരിക്കുമോ പഠിക്കുന്നുണ്ടാകുക എന്ന് അച്ചൂട്ടനോർത്തു. അവന്റെ ക്ലാസ്സിലെ ചില കുട്ടികളുടെ ചേച്ചിമാർ അതേ സ്‌കൂളിൽത്തന്നെ പഠിക്കുന്നുണ്ട്. സ്‌കൂൾ കഴിഞ്ഞ് അവർ ചേച്ചിമാരുടെ കൈ പിടിച്ച് പോകുന്നത് കാണുമ്പോൾ അവൻ ഇന്ദുവേച്ചിയെക്കുറിച്ച് ഓർക്കാറുമുണ്ട്. പക്ഷെ അവനറിയാം, അസുഖമൊന്നുമില്ലെങ്കിൽപ്പോലും ഇന്ദുവേച്ചിക്കു അവൻ പഠിക്കുന്ന സ്‌കൂളിൽ പഠിക്കാനാവില്ലെന്ന്. അതിനെല്ലാം കുറെയേറെ കാശു വേണമത്രേ. ചേച്ചിയമ്മയുടെ കയ്യിൽ വേണ്ടത്ര പണമില്ല. മിനിഞ്ഞാന്നും ചേച്ചിയമ്മ, അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് പിടിച്ചോ എന്ന് പറഞ്ഞ് മമ്മിയുടെ കയ്യിൽ നിന്ന് കാശു കടം വാങ്ങിയിരുന്നു. അച്ചുവിൻ്റെ പഠനത്തിനു നല്ലൊരു തുക ചിലവാകുന്നുണ്ട് എന്ന് അച്ചു മനസ്സിലാക്കിയിട്ടുണ്ട്. അത്രയും തുക എന്തായാലും ചേച്ചിയമ്മയ്ക്ക് കൊടുക്കാനാവില്ല. 


രണ്ടു ദിവസമായിട്ട് അച്ചൂട്ടന് ഇന്ദുവേച്ചിയെ കാണാനൊത്തിട്ടില്ല. ഇന്നലെ അവൻ കുറെ ഞാവൽപ്പഴങ്ങൾ പറിച്ചുകൊണ്ടുവന്ന് ആരും കാണാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മുത്തശ്ശിക്ക് മാത്രമറിയാം അക്കാര്യം.  ഇന്ദുവേച്ചിയെ പുതിയ നിറവും മണവും രുചിയും പഠിപ്പിച്ചു കൊടുക്കാനാണെന്നു പറഞ്ഞപ്പോൾ മുത്തശ്ശി പറഞ്ഞു, 'നിറം അവളെങ്ങിനെ അറിയാനാണ്. അവളുടെ കണ്ണുകളിൽ ഇരുട്ട് മാത്രമല്ലേയുള്ളു ' എന്ന്. 


'ഇരുട്ട്'.   ഇരുട്ടിനു കറുപ്പാണല്ലോ!! കറുപ്പ് നിറം - ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ നിറം. അച്ചൂട്ടന് പെട്ടെന്നെന്തൊ  കണ്ടെത്തിയ പോലൊരു സന്തോഷം തോന്നി. അതോടെ ചേച്ചിയെ കാണാൻ വല്ലാത്തൊരു തിടുക്കവും.  ഇന്ന് ശനിയാഴ്ച. ചേച്ചിയമ്മ ജോലിക്ക് വന്നെങ്കിലും ചേച്ചിയെ കൊണ്ടുവന്നിട്ടില്ല. വയ്യാതെ കിടക്കുകയാണത്രെ. പപ്പയും മമ്മിയും പോയിട്ടുവേണം, ചേച്ചിയുടെ അടുത്തേക്ക് പോകാൻ. ഒരു പുതിയ രുചി കൂടി നാവിലറിയുമ്പോൾ ചേച്ചിയുടെ മുഖത്തു വിരിയുന്ന അത്ഭുതഭാവം കാണാൻ. ഞാവൽപ്പഴം തിന്നു നാവ് കറുത്തുകഴിയുമ്പോൾ ചേച്ചിയോട് പറയണം നാവ് നീട്ടിക്കാണിക്കാൻ. എന്നിട്ടു പറയണം, ഇപ്പോൾ ചേച്ചിയുടെ നാവിനു ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ നിറമാണെന്ന് - കറുപ്പ്.


ഒരു നിറത്തിൻ്റെ പേരിനെയെങ്കിലും ചേച്ചിയുടെ ഇരുൾക്കാഴ്ചത്തുമ്പിൽ കെട്ടിയിടാനായി, അച്ഛനുമമ്മയും പുറപ്പെട്ട ഉടനെ, മുത്തശ്ശിയുടെ മൗനാനുവാദത്തോടെ, ഇനി കുറേ നേരം  ഇന്ദുവേച്ചിക്കു കൂട്ടായി അച്ചൂട്ടനുണ്ടാകുമല്ലോ എന്നോർത്തുള്ള ചേച്ചിയമ്മയുടെ ആശ്വാസത്തോടെയുള്ള ചിരി കണ്ടുകൊണ്ട്, 'ഡ്രും.....' എന്ന ശബ്ദവണ്ടിയോടിച്ച് ഒറ്റയോട്ടത്തിനാണ് അച്ചൂട്ടൻ ഇന്ദുവേച്ചിയുടെ വീടിൻ്റെ മുന്നിലെ ഇടവഴിയിലെത്തിയത്. ഇടവഴിക്കരികിലെ പുൽക്കാട്ടിൽ കിടക്കുന്ന ഒറ്റച്ചെരുപ്പ് കണ്ട് അവൻ്റെ വണ്ടിക്ക് സഡൻബ്രെയ്ക്ക് വീണു. പിന്നെ ആ ചെരുപ്പെടുത്ത് തൻ്റെ വലതുപാദം ചെരുപ്പുൾപ്പെടെ അതിനുള്ളിലേക്ക് കയറ്റി. ഇടതുകാലിലെ ചെരുപ്പിനായി അവിടെല്ലാം പരതി. രണ്ടുദിവസം മുൻപ് ആ ചെരുപ്പ് ചെടിപ്പടർപ്പുകൾക്കിടയിലുണ്ടായിരുന്നു. അവനത് ഇടതുകാലിൽ കടത്തി കളിച്ചിരുന്നു. അന്ന് ഈ ചെരുപ്പവൻ്റെ കണ്ണിൽ പെട്ടില്ല. ഇത്തരം കളിയും അവനിഷ്ടമാണ്. പപ്പയുടെ ചെരുപ്പോ അവൻ്റെ കണ്ണിൽപ്പെടുന്ന എല്ലാ മുതിർന്ന ആൺചെരുപ്പുകളും ഇങ്ങിനെ കാലിൽ കടത്തി അവൻ കളിക്കാറുണ്ട്. 

ഇണച്ചെരുപ്പില്ലാഞ്ഞ് അവൻ്റെ വണ്ടി സ്പീഡ് കുറച്ചാണ് ചേച്ചിയുടെ വീട്ടുപടിക്കലെ ബസ്സ്റ്റേഷനിൽ ചെന്നുചേർന്നത്.  അകത്തുചെന്നപ്പോൾ ചേച്ചി കഴുത്തോളം മൂടിപ്പുതച്ചുറങ്ങുന്നു. കുലുക്കി വിളിച്ചു നോക്കി. ഇല്ല, നല്ലയുറക്കം. പെട്ടെന്ന് ഒരു രക്ഷിതാവിന്റെ ഭാവത്തിൽ, ഗൗരവത്തിൽ, അച്ചൂട്ടനു സുഖമില്ലാതാകുമ്പോൾ പപ്പയും മമ്മിയും മുത്തശ്ശിയുമൊക്കെ ചെയ്യാറുള്ള പോലെ, അച്ചൂട്ടൻ ചേച്ചിയുടെ നെറ്റിയിൽ കൈ വച്ച് നോക്കി. പനിയുണ്ടോ? ഇല്ലല്ലോ. നെറ്റിക്കു നല്ല തണുപ്പാണല്ലോ!


 അപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. ചേച്ചിയുടെ ചുണ്ടിലെല്ലാം ഞാവൽപ്പഴക്കറ. ആരാണ് തന്നേക്കാൾ മുൻപ് ചേച്ചിക്ക് ഞാവല്പഴം കൊണ്ടുവന്നുകൊടുത്തത്?! ചേച്ചിയമ്മ ആയിരിക്കുമോ? രണ്ട് ദിവസമായിട്ട്  ദീനമിളകി ചേച്ചിക്ക് വയ്യാതായിരിക്കുന്നു എന്ന്, മിനിഞ്ഞാന്ന് ചേച്ചിയമ്മ അമ്മയുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയപ്പോൾ പറഞ്ഞിരുന്നു. അതിനാൽ ആ ദിവസങ്ങളിൽ ചേച്ചിയമ്മ  വീട്ടുപണിക്കും വന്നിരുന്നില്ല. ഇന്ന് പണിക്ക് വന്നെങ്കിലും ഇടക്കിടെ വീട്ടിൽ പോയി ഇന്ദുവേച്ചിയെ നോക്കുന്നുമുണ്ടായിരുന്നു. അപ്പോൾ അച്ചൂട്ടനറിയാതെ ചേച്ചിയമ്മ ഞാവൽപ്പഴം കൊണ്ടുവന്നുകൊടുത്തിട്ടുണ്ടാകുമോ?് അച്ചൂട്ടൻ പോക്കറ്റിലെ കടലാസുപൊതി തുറന്ന് ഞാവൽപ്പഴങ്ങൾ എണ്ണി നോക്കി. കൃത്യം താൻ കൊണ്ടുവന്ന അത്രയും തന്നെ ഉണ്ടല്ലോ!!! അച്ചുവിന് അൽപ്പം നിരാശ തോന്നി. ചേച്ചിയുടെ മുഖത്തു വിരിഞ്ഞുകാണേണ്ട അത്ഭുതഭാവങ്ങളിൽ ഒന്ന് വിരിയും മുൻപേ തണ്ടൊടിഞ്ഞുവീണു. സാരമില്ല. പിന്നൊന്നും കൂടിയുണ്ടല്ലോ അച്ചുവിന് മനസ്സിലാക്കിക്കൊടുക്കാൻ - കറുപ്പ് നിറം, ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ ഇരുട്ടിന്റെ നിറം. പക്ഷെ ചേച്ചിയിതെന്തൊരു ഉറക്കമാണ്!!  അച്ചു ഒന്നു കൂടി കുലുക്കി വിളിച്ചു നോക്കി. പിന്നെ, ഒന്നുമുറുകെപ്പിടിച്ചാൽ ഞെരിഞ്ഞുടഞ്ഞുപോകാവുന്ന ഞാവൽപ്പഴങ്ങൾ  ശ്രദ്ധയോടെ കയ്യിൽ സൂക്ഷിച്ചുപിടിച്ച്, ചേച്ചിയുടെ കറുത്തുനീലിച്ച ചുണ്ടുകളെ അൽപ്പം നിരാശയോടെ നോക്കി, ചേച്ചി ഉണരുന്നതിനായി അച്ചു കാത്തിരുന്നു. പുതപ്പിനടിയിലായി ചേച്ചിയുടെ കയ്യറ്റത്ത് കിടന്നിരുന്ന ഡ്രോയിങ്ങ് പാഡ് അപ്പോഴാണവൻ്റെ കണ്ണിൽപ്പെട്ടത്. അവനത് തുറന്നു. പിന്നെ ചിരിയോടെ ഓരോ പേജും മറിച്ചു. ഒരുപാടുവട്ടം കണ്ടിട്ടുണ്ടെങ്കിലും, ഓരോ പേജിലും എന്താണെന്ന് കൃത്യമായിട്ടറിയാമെങ്കിലും ആദ്യമായി കാണുന്ന ആകാംക്ഷയോടെയാണ് അവനാ ബുക്ക് ഓരോ പ്രാവശ്യവും തുറക്കുക. ആദ്യപേജിൽ ചേച്ചിയുടെ കിങ്ങിണിപ്പൂച്ചയുടെ പടമായിരുന്നു. അടുത്ത പേജിൽ അപ്പുറത്തെ വീട്ടിലെ അഭിജിത്തിൻ്റെ പോമറേനിയൻ നായ്ക്കുട്ടി. പിന്നെ പല തരം പൂക്കൾ, സഫിയുമ്മേടെ ആട്, ദേവുമ്മേടെ വീട്ടിൽ നിന്ന് ഇടയ്ക്ക് കയറഴിഞ്ഞ് ഓടിവരാറുള്ള പശുക്കുട്ടി, അങ്ങിനങ്ങിനെ ചിത്രങ്ങൾ മറിഞ്ഞ് അവസാനപേജിൽ എത്തിയപ്പോൾ അച്ചുവിൻ്റെ ചുണ്ടത്തെ ചിരി മാഞ്ഞ് മുഖത്ത് ഉദ്വേഗം നിറഞ്ഞു.  അവസാനപേജിൽ ചേച്ചി വരച്ചുവച്ചിരുന്ന അപൂർണ്ണമായ ചിത്രം അവൻ ആദ്യമായി കാണുകയായിരുന്നു. ആ ചിത്രത്തിലെ,  പരുക്കൻ താടിയും പരിചിതമായ മീശയും കഷണ്ടി വിസ്തൃതമാക്കിയ നെറ്റിയും ആരുടേതെന്ന് ചേച്ചി ഉണരുന്നതിനുമുൻപ് സ്വയം കണ്ടുപിടിച്ചെടുക്കണമെന്ന് ചിന്തിച്ച് അവൻ ഓർമ്മത്താളുകൾ വേഗത്തിൽ മറിക്കുമ്പോഴും ആ ചിത്രത്തിനുമുകളിൽ ചേച്ചിയെന്തിനാ തലങ്ങും വിലങ്ങും കുത്തിവരച്ചത് എന്ന് ഓർക്കുകയായിരുന്നു, അവൻ.


Thursday, 11 February 2021

ആകാശയൂഞ്ഞാലിലായത്തിലാടി..............

നാളെ വിഷുവാണ്. ചിന്നുവിന്റെ ഒമ്പതാം പിറന്നാളും നാളെയാണ്. വിഷുവും ആണ്ടുപിറന്നാളും  ഒരേ ദിവസം വരുന്നതുകൊണ്ട് അത് കാര്യമായിത്തന്നെ ആഘോഷിക്കണമെന്നാണ് ചിന്നുവിന്റെ അച്ഛൻ പറഞ്ഞിട്ടുള്ളത്. അതിനായി നേരത്തേ കൂട്ടിത്തന്നെ അച്ഛൻ ചിന്നൂന് മഞ്ഞയും പച്ചയും കളം കളമുള്ള പട്ടുപാവാടയും പച്ച ബ്ലൗസും തയ്പ്പിച്ചു കൊടുത്തിട്ടുണ്ട്. കൂടാതെ അച്ഛൻ കുറെ നാളായി ചേർത്ത് വച്ച പണം കൊണ്ട് വാങ്ങിയ ഒരു കുഞ്ഞു സ്വർണ്ണമാലയും. എല്ലാം അകത്തെ പഴയ ഇരുമ്പലമാരയിലുണ്ട്. നാളെ അതെല്ലാം ചിന്നൂനെ അണിയിക്കുമത്രേ. വലിയ വയറും വച്ച് അമ്മയും കാര്യമായ ഒരുക്കത്തിലാണ്. വിഷുസംക്രാന്തിക്ക് വീടും പരിസരവുമെല്ലാം വൃത്തിയാക്കുക, പിറ്റേന്നത്തെ സദ്യയ്ക്കായുള്ള പച്ചക്കറി ഒരുക്കി വയ്ക്കുക, പിന്നെ വിഷുക്കണിക്കുള്ള ഒരുക്കങ്ങളും എല്ലാം കൊണ്ട് 'അമ്മ നല്ല തിരക്കിലാണ്. അച്ഛനിതുവരെ എത്തിയിട്ടില്ല. പടക്കപ്പണിയുടെ അവസാനദിവസങ്ങളാണ് വിഷുവിനു മുൻപുള്ള നാളുകൾ. വിഷുത്തലേന്ന് കച്ചവടം പൊടിപൊടിക്കുകയാവും. കച്ചവടം വേറേ സ്ഥലങ്ങളിലാണ്. അവിടേക്ക് അച്ഛന് പോകണ്ടതില്ല. വിഷുത്തലേന്ന് ബാക്കിയാവുന്ന സാധനസാമഗ്രികൾ എടുത്തു വച്ച്, ഷെഡും പൂട്ടിക്കഴിഞ്ഞാൽ അച്ഛന് പോരാം. പിന്നെ കുറച്ചു നാളത്തേക്ക് പണിയില്ല. അപ്പോൾ അച്ഛൻ ചിന്നൂൻ്റെ കൂടെത്തന്നെയുണ്ടാകും. 

അടുത്ത വീടുകളിലൊക്കെ ആളുകൾ സന്ധ്യയ്ക്കു മുൻപേ തന്നെ പടക്കങ്ങൾ പൊട്ടിക്കാനും പൂത്തിരി കത്തിക്കാനുമൊക്കെ തുടങ്ങിയിരിക്കുന്നു. അച്ഛൻ വരുമ്പോൾ തനിക്കും കൊണ്ടുവരും പടക്കവും പൂത്തിരിയും മത്താപ്പുമെല്ലാം. അടുത്ത വീടുകളിൽ വലിയ പടക്കങ്ങൾ പൊട്ടിക്കുന്ന സ്വരം കേട്ട് അമ്മയുടെ വയറ്റിനകത്തു കിടന്ന് കുഞ്ഞുവാവ ഞെട്ടുന്നുണ്ടെന്ന് 'അമ്മ പറയുന്നുണ്ട്. അച്ഛൻ വന്ന് ഇവിടെ പടക്കം പൊട്ടിക്കുമ്പോൾ എന്താകുമെന്നാണ് അമ്മയ്ക്ക് വേവലാതി. അമ്മയെന്തിനാ പേടിക്കുന്നെ? കുഞ്ഞുവാവയ്ക്കും ചിന്നൂനെപ്പോലെ ധൈര്യമുണ്ടാവട്ടെ. ആദ്യമൊക്കെ ചിന്നൂനും പടക്കം പൊട്ടുന്ന സ്വരം കേൾക്കുമ്പോൾ പേടിയായിരുന്നു. മുൻപൊക്കെ അച്ഛൻ പടക്കം പൊട്ടിക്കുമ്പോൾ ചിന്നു അമ്മയെ കെട്ടിപ്പിടിച്ചു അമ്മയുടെ സാരിക്കുള്ളിൽ മുഖം പൂഴ്ത്തി നിൽക്കും. പിന്നീട് അച്ഛനാണ് ആ പേടി മാറ്റിയെടുത്തത്. കത്തിച്ച കമ്പിത്തിരിയും മറ്റും ആദ്യമൊക്കെ ചിന്നുവിൻ്റെ കയ്യിൽ അച്ഛൻ ബലമായി പിടിപ്പിക്കുമ്പോൾ ചിന്നു പേടിച്ചു കരയുമായിരുന്നു. പിന്നെ അതെല്ലാം മാറി. അച്ഛന്റെ ചിന്നൂട്ടി നല്ല ധൈര്യമുള്ള കുട്ടിയായിരിക്കണമെന്നാണ് അച്ഛൻ പറയുക. ചിന്നു നല്ല ധൈര്യമുള്ള കുട്ടിയാണ്. എത്ര വലിയ പടക്കമായാലും അതിന്റെ ശബ്ദമൊന്നും ഇപ്പോൾ ചിന്നൂനെ ഭയപ്പെടുത്തുകയേയില്ല. പടക്കത്തെ മാത്രമല്ല, വെള്ളത്തെയും പേടിക്കാതിരിക്കാൻ അച്ഛനാണ് പഠിപ്പിച്ചത്. ഒഴിവുള്ള സമയങ്ങളിൽ അച്ഛൻ ചിന്നൂനെ തോണിയിലിരുത്തി പുഴയിലൂടെ തുഴയും. അത് പോലെ തന്നെ അമ്പലക്കുളത്തിൽ അച്ഛനിടയ്ക്ക് നീന്താൻ പോകുമ്പോൾ ചിന്നൂനേയും  കൊണ്ട് പോകും. എന്നിട്ടു കൈത്തണ്ടയിൽ കിടത്തി നീന്താൻ പഠിപ്പിക്കും. ആദ്യമൊക്കെ പുഴയും കുളവുമെല്ലാം ചിന്നൂന് വലിയ പേടിയായിരുന്നു. പിന്നെപ്പിന്നെ അച്ഛന്റെ കൂടെ ചെറുതോണിയിലിങ്ങനെ പോകുന്നത് ചിന്നു ആസ്വദിച്ചു തുടങ്ങി. അച്ഛൻ ചൂണ്ടയിട്ട് പിടിക്കുന്ന മീനുകൾ തോണിയിലുള്ള പ്ലാസ്റ്റിക് ബക്കറ്റിൽ നീന്തുന്നത് കണ്ട്, പിന്നെ കരയോട് ചേർന്നുള്ള കണ്ടൽക്കാടുകളിൽ കുഞ്ഞു ഞണ്ടുകൾ ഓടി മറയുന്നതു നോക്കി, ഓളങ്ങളിൽ താളത്തിൽ ചെറുതായുലയുന്ന തോണിയിലിങ്ങനെ പോകാൻ അതീവരസമാണ്. അതിനിടയിൽ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നിട്ട് ഊളിയിട്ടു മറയുന്ന കുഞ്ഞുമീനുകൾ. ഇത് പോലെയാണ് അച്ഛനും അമ്പലക്കുളത്തിൽ നീന്തുന്നത് . ചിന്നൂനോട് എണ്ണാൻ പറഞ്ഞിട്ട് വെള്ളത്തിനടിയിലേക്ക് അച്ഛൻ ഊളിയിട്ടു പോകും. പിന്നെ പൊങ്ങി വന്ന്, വായിലെ വെള്ളം മുകളിലേക്ക് ചീറ്റിത്തെറിപ്പിച്ച്  ചിന്നുവിനെ നോക്കി കൈ വീശിക്കാണിക്കും. പിന്നെയും മുങ്ങാംകുഴിയിടും . നനഞ്ഞ പെറ്റിക്കോട്ട് ശരീരത്തിലൊട്ടിപ്പിടിച്ച് തണുത്ത കാറ്റടിച്ച് ചിന്നു നിന്ന് വിറയ്ക്കുമ്പോൾ അച്ഛൻ ചിന്നൂനെ  പിന്നെയും വെള്ളത്തിലിറക്കും. 


ഇങ്ങിനെ കൊച്ചു പെറ്റിക്കോട്ടും ഇടുവിച്ച് വെള്ളത്തിൽ ചിന്നൂനെ നീന്തിക്കുന്നതു അമ്മയ്ക്കിഷ്ടമല്ല. നീർവീഴ്ച വരുമെന്നത് മാത്രമല്ല അമ്മയുടെ പരാതി, ചിന്നൂന് പ്രായത്തേക്കാൾ വളർച്ചയുണ്ടത്രേ . അത് പോലെ തന്നെയാണ് വഞ്ചിയിൽ കയറ്റി തുഴഞ്ഞു പോകുന്നതിലുമുള്ള പരിഭവവും. പെണ്ണ് വെയിലും ഉപ്പുകാറ്റുമേറ്റ് കരുവാളിക്കുമെന്നത് മാത്രമല്ല, പെണ്ണ് വലുതായി, അവളെയും കൂട്ടി വഞ്ചിയിലുള്ള ഈ കറക്കം നിറുത്തിക്കൊ എന്നാണു 'അമ്മ പറയുന്നത്. സന്ധ്യയ്ക്ക് അച്ഛൻ ജോലി കഴിഞ്ഞു വന്നിട്ട് കുളിയെല്ലാം കഴിഞ്ഞു ചിന്നൂനെ തെക്കേ മുറ്റത്തുള്ള കവുങ്ങുകൾക്കു നടുവിൽ കെട്ടിയ ഊഞ്ഞാലിലിരുത്തി ഒരാട്ടമുണ്ട്. കൂനാക്കുത്ത് കുതിച്ചാട്ടാൻ അച്ഛന് മാത്രമേ പറ്റൂ. അങ്ങിനെയാടുമ്പോൾ ആകാശത്തുദിച്ചു നിൽക്കുന്ന അമ്പിളിമാമന്റെ തൊട്ടടുത്തെത്തിയെന്നു തോന്നും.  താഴേ നിന്ന് അച്ഛൻ അതോടൊപ്പം  ഒരു നാടൻ പാട്ടിന്റെ വരികളും പാടുന്നുണ്ടാകും.

''ആകാശയൂഞ്ഞാലിലായത്തിലാടി....

അമ്പിളിമാമനു മുത്തം കൊടുത്തു വാ 

താനാതന്തിന തിന്താരോ.....'


നിറഞ്ഞ നിലാവിൽ അച്ഛന്റെ പാട്ടിനൊപ്പിച്ച് ഇങ്ങിനെയാടിക്കൊണ്ടിരിക്കുമ്പോൾ ഈ  ലോകത്ത്  അച്ഛനും  താനും പിന്നെ മാനത്തുദിച്ച താരകളും അമ്പിളിയമ്മാവനും മാത്രമേ ഉള്ളൂ എന്നു തോന്നും. ഈ ഊഞ്ഞാലാട്ടം അമ്മയുടെ  വഴക്കു കേൾക്കും വരെ നീണ്ടു പോകും. അപ്പോൾ അമ്മയുടെ പരാതി ചിന്നു ഇരുന്ന് പഠിക്കുന്നില്ല  എന്നതാകും. അത് മാത്രമല്ല, ഇപ്പോഴും അച്ഛൻ ചിന്നൂനെ എടുത്തു കൊണ്ട് നടക്കുന്നതും, കൂടെ തന്നെ കിടത്തിയുറക്കുന്നതും പെണ്ണിനെ കൊഞ്ചിച്ച് വഷളാക്കാനാണത്രെ. വേറൊരുവൻ്റെ വീട്ടിൽ ചെന്നുകയറേണ്ട പെണ്ണാണത്രെ. ചിന്നു ഒരു വീട്ടിലും പോകാൻപോണില്ല. അച്ഛനെ കെട്ടിപ്പിടിച്ചല്ലാതെ ഉറങ്ങാനും പോണില്ല. അച്ഛന്റെ മണത്തിൽ അച്ഛന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ എന്ത് സുഖമാണെന്നോ. അച്ഛന് മിക്കപ്പോഴും വെടിമരുന്നിന്റെ മണമാണ്. പണി കഴിഞ്ഞു വരുന്ന അച്ഛന്റെ ദേഹത്ത് വെടിമരുന്ന് പൊതിഞ്ഞിരിപ്പുണ്ടാകും. കുളികഴിഞ്ഞുവരുന്ന അച്ഛന്  വാസനസോപ്പിന്റെയും വെടിമരുന്നിന്റെയും കൂടിക്കലർന്ന മണമാണ്  ചിന്നുവിനത് അച്ഛന്റെ മണം തന്നെയാണ്. കുളി കഴിഞ്ഞ് അച്ഛൻ കഴിക്കാനിരിക്കുമ്പോൾ ചിന്നുവിന് അച്ഛന്റെ മടിയിൽ തന്നെയിരിക്കണം. അച്ഛൻ ഉരുള ഉരുട്ടിക്കൊടുക്കണം. ഇത് കാണുമ്പോൾ 'അമ്മ ഒച്ചയിടും. ''നിന്റെ ഒച്ച കേട്ടൊന്നും  എന്റെ കൊച്ചു പേടിക്കില്ല. അവളേ... വെടിക്കെട്ടുപണിക്കാരന്റെ മോളാ. ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ..'' എന്ന് അച്ഛൻ അമ്മയെ കളിയാക്കും.  താൻ എത്ര  ധൈര്യമുള്ള കുട്ടിയാണെന്ന്  ഈ അമ്മയ്ക്ക് ഒരു പിടിയുമില്ലല്ലോ എന്നോർത്ത് ചിന്നുവും അമ്മയെ കളിയാക്കി ചിരിക്കും


പക്ഷെ കഴിഞ്ഞ വിഷുസംക്രാന്തിക്ക് ചിന്നൂന് വലിയ നാണക്കേടുണ്ടായി. അന്നും അച്ഛൻ വരാൻ വരാന്തയിൽ കാത്തിരിക്കുകയായിരുന്നു ചിന്നു. അതോടൊപ്പം അച്ഛൻ വാങ്ങിക്കൊടുത്ത ക്യൂബുകൾ കൊണ്ട് കൊട്ടാരമുണ്ടാക്കി കളിക്കുകയും. കുറേ നേരമായിട്ട് മൂത്രമൊഴിക്കാൻ തോന്നിയിട്ടും അത് കൂട്ടാക്കാതെയിരുന്നു കളിച്ചതാണ് പ്രശ്നമുണ്ടാക്കിയത് .  അച്ഛൻ പുറകിൽ വന്നു നിന്നതും പിന്നെ ഒരു വലിയ അമിട്ട് വച്ച്  കത്തിച്ചതും ഒന്നും ചിന്നു അറിഞ്ഞില്ല. ആകാശത്തേക്കുയർന്നു പൊങ്ങിയ അമിട്ടിന്റെ കാതു പൊട്ടിക്കുന്ന ശബ്ദം കേട്ട് ചിന്നു ഞെട്ടിയെഴുന്നേറ്റ് ചെവി പൊത്തി മുകളിലേക്ക് നോക്കുമ്പോൾ ആകാശത്തതാ പലവർണ്ണങ്ങളിലുള്ള  നക്ഷത്രങ്ങളുടെ ആകാശത്തോളം വലിയ ഒരു കുട നിവർന്നു വരുന്നു. പിന്നെ അത് വർണ്ണമഴയായ് ഭൂമിയിലേക്ക് പെയ്തിറങ്ങുന്നു. ആ നക്ഷത്രവെളിച്ചത്തിൽ അച്ഛന്റെ ചിരിക്കുന്ന മുഖം!! ചിന്നൂനെ അതിശയിപ്പിക്കാൻ ചെയ്തതാണത്രേ. ശബ്ദം കേട്ട് വരാന്തയിലേക്കോടി വന്ന അമ്മ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു. ആ പൊട്ടിച്ചിരി  അച്ഛനിലേക്കും പകർന്നു. ഉടുപ്പ് മുഴുവൻ മൂത്രത്തിൽ നനഞ്ഞു നിന്ന ചിന്നു നാണിച്ചു കരഞ്ഞപ്പോഴാണ് അവർ ചിരി നിറുത്തിയത്. എങ്കിലും പിന്നീട് കുറച്ചു നാൾ അച്ഛൻ ചിന്നൂനെ ''പേടിച്ചു മുള്ളീ...'' എന്ന് വിളിച്ചു കളിയാക്കുമായിരുന്നു. അത് കേട്ട് ചിന്നു  ''അച്ഛാ ...'' എന്ന് വിളിച്ചു ചിണുങ്ങും. ഇടയ്ക്ക് അച്ഛനെ വീട്ടിനകത്തെല്ലാമിട്ട് ഓടിക്കും. അവസാനം അച്ഛൻ ചിന്നൂനെ  കോരിയെടുത്ത് നിറയെ ഉമ്മ വയ്ക്കും . അച്ഛനും ചിന്നുവും കൂടിയുള്ള ഈ ഓടിപ്പിടുത്തം കണ്ട്‌ 'അമ്മ പറയും '' നിറുത്താറായില്ലേ അച്ഛൻ്റേം മോൾടേം ഈ കുട്ടിക്കളി? ഒരു രണ്ടു മൂന്നു വര്ഷം കൂടി കഴിഞ്ഞാൽ പെണ്ണ് പെണ്ണാകും'' എന്ന്. 


ഇപ്രാവശ്യം വിഷുവും ആണ്ടുപിറന്നാളും ഒരുമിച്ചു വരുന്നതിനാൽ ചിന്നുവിനെ അതിശയിപ്പിക്കാൻ അച്ഛൻ എന്ത് സൂത്രമാവും ഒപ്പിക്കുക എന്ന് ചിന്നു തല പുകഞ്ഞാലോചിച്ചു. എന്തായാലും കഴിഞ്ഞ തവണത്തേതു പോലെ നാണക്കേടുണ്ടാവരുത്. കരുതിയിരിക്കണം എന്ന് ചിന്നു തീരുമാനിച്ചു. 


അത്രയേറെ കരുതിയിരുന്നിട്ടും അപ്രാവശ്യവും അച്ഛൻ ചിന്നുവിനെ ഞെട്ടിക്കുക തന്നെ ചെയ്തു. നിലത്തു വിരിച്ച തഴപ്പായിൽ കാൽ നീട്ടിയിരുന്ന് പിറ്റേന്നത്തെ വിഷുക്കണിക്കുള്ള ഒരുക്കങ്ങൾ നടത്തുന്ന അമ്മയുടെ അരികത്തിരിക്കുകയായിരുന്നു, ചിന്നു. അന്ന് വരെ കേട്ടിട്ടുള്ള അമിട്ടുകളേക്കാൾ ഒരുപാട് മടങ്ങ് തീവ്രതയുള്ള ആ ശബ്ദം കേട്ട്, ചിന്നു മാത്രമല്ല, അമ്മയും അമ്മയുടെ വയറ്റിലുള്ള കുഞ്ഞുവാവയും വല്ലാതെ ഞെട്ടിയെന്ന് വയറ്റിൽ കയ്യമർത്തിയുള്ള അമ്മയുടെ പുറകോട്ടുള്ള മലച്ചിലിൽ നിന്ന് ചിന്നൂന് മനസ്സിലായി. അച്ഛൻ എന്തത്ഭുതമാണൊരുക്കിയതെന്നറിയാൻ ഒരു നിമിഷം കൊണ്ട് ഓടി വരാന്തയിലെത്തി ആകാശത്തേക്ക് നോക്കുമ്പോൾ, നിറഞ്ഞ നിലാവിന് മുഴുവൻ ചെന്തീ നിറം. അടുത്തുള്ള വെടിക്കെട്ട് പണിശാലയ്ക്കു മുകളിൽ ഉയർന്നു നിൽക്കുന്ന പൂർണ്ണചന്ദ്രൻ ചുവന്നു തുടുത്തു ചിന്നുവിനെ നോക്കി ചിരിക്കുന്നു. 


അന്ന് മുതൽ  സ്വപ്നങ്ങളിലെന്നും ചിന്നൂട്ടിക്ക് വിഷുസംക്രാന്തിയിരുന്നു. എത്രയധികം ധൈര്യം സംഭരിച്ചിട്ടും ചിന്നൂട്ടിയെ ഞെട്ടിച്ചു കൊണ്ട്  എന്നും ആകാശത്ത് പലവർണ്ണക്കുട വിരിഞ്ഞിരുന്നു. അതിനു നടുവിൽ പൂർണ്ണതിങ്കളെപ്പോലെ ചിരിച്ചും പിന്നെ മേഘത്തിരകൾക്കുള്ളിലേക്ക് മുങ്ങാംകുഴിയിട്ട് മറഞ്ഞ്, വീണ്ടും തെളിഞ്ഞ് തനിക്കുനേരേ കൈ വീശിക്കാണിക്കുന്ന അച്ഛന്റെ മുഖത്ത് ആകാശയൂഞ്ഞാലിലാടിയാടിച്ചെന്നു  മുത്തമിടാൻ ചിന്നു എന്നും  വെറുതെ ശ്രമിച്ചുകൊണ്ടുമിരുന്നു. 

ഈ കൊച്ചു ലോകം



എത്ര പെട്ടെന്നാണല്ലേ ചിലരുടെ തലവരകൾ മാറ്റിയെഴുതപ്പെടുന്നത്. ഇന്ന് ഈ ബംഗ്ലാവിന്റെ മുറ്റത്ത്, ശാന്തസുന്ദരമായ ഈ ഉദ്യാനത്തിൽ കുളിർക്കാറ്റേറ്റ് സ്വച്ഛതയോടെ നിൽക്കുന്ന ഞാൻ എത്ര ഭാഗ്യവതിയാണ്  എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? എന്നാൽ എന്നെ തഴുകുന്ന ഈ കുളിർത്തെന്നലിനോ  ഒരു നനുത്ത മഴത്തുള്ളി പോലെ എന്നിലേക്ക് പൊട്ടിവീണ ഈ പ്രൗഢജീവിതത്തിനോ ഒന്നും  എന്റെ ഹൃദയത്തിനേറ്റ മുറിവുകളെ ഉണക്കാനാവില്ല.  

തിരിച്ചറിവുകൾ എന്നുമെനിക്ക് വേദനകൾക്കുള്ള നിദാനങ്ങളായിരുന്നു. ഉൾക്കാഴ്ചകൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാനും എൻ്റെ അഴകളവുകളെക്കുറിച്ചും, അവ നേടിത്തന്ന സൗഭാഗ്യങ്ങളെക്കുറിച്ചും മാത്രം ചിന്തിച്ചേക്കുമായിരുന്നു. അഹങ്കരിക്കുമായിരുന്നു. നിമിഷാർദ്ധം കൊണ്ട് ഈ സൗഭാഗ്യങ്ങളുടെ തിരുമുറ്റത്ത് എന്നെ എത്തിച്ച, അതിധനവാനായ ആ മനുഷ്യൻ്റെ അഭിമാനഭാജനമാവാൻ കഴിഞ്ഞതിൻ്റെ പുണ്യമോർത്ത് നിർവൃതിയടയുമായിരുന്നു. എന്നാൽ എൻ്റെ ശരീരത്തിനും ഹൃദയത്തിനുമേറ്റ മുറിവുകൾക്കുനേരെ എൻ്റെ ബോധ്യങ്ങൾ കാണാവിരൽ ചൂണ്ടുമ്പോൾ അത് കണ്ടില്ലെന്നു നടിക്കാൻ എനിക്കാവില്ലല്ലോ!

കടലിൽ ഇടകലർന്നൊഴുകുന്ന ജലത്തിൻ്റെ സ്വത്വമില്ലായ്മ പോലെ, അതിരുകളില്ലാതെ വീശുന്ന കാറ്റിൻ്റെ വിശാലലോകം പോലെ അത്രമേൽ സ്വാതന്ത്ര്യമനുവദിച്ചുതന്നിരുന്ന നിഷ്കളങ്കബാല്യം ഇപ്പോൾ ഓർമ്മകളിൽ മാത്രം. അത്യോദാരയും നന്മകളാൽ നിറഞ്ഞവളുമെങ്കിലും ഒരു നിസ്വയെപ്പോലെ വിനയാന്വിതയായ അമ്മയും ഒരു വിദൂര ഓർമ്മ. ആ തായ്  വേരുകളുടെ പിൻബലം പകർന്നേകിയ വിശാലലോകം എൻ്റെ ഓരോ വളർച്ചാഘട്ടങ്ങളിലും കാത്തുസൂക്ഷിക്കുമെന്ന് അപക്വതയുടെ ചെറുബാല്യത്തിൽപ്പോലും ഞാൻ ശപഥം ചെയ്തിരുന്നു. 

എന്നാൽ ഏതോ അഭിശപ്തനിമിഷത്തിൽ അമ്മ പോലുമറിയാതെ ചില കരാളഹസ്തങ്ങൾ എന്നെ അമ്മയിൽ നിന്നും തട്ടിയെടുത്തു. പേരറിയാത്ത ഏതോ നാട്ടിലേക്ക് അവരെന്നെ കടത്തിക്കൊണ്ടുപോയി. അതിരുകളില്ലാത്ത എൻ്റെ ലോകത്തുനിന്നും, കൈകൾ ഒന്ന് നീട്ടി നിവർത്താൻ പോലും സ്വാതന്ത്ര്യമനുവദിക്കാത്തത്ര ഇടുങ്ങിയ ഒരു പാർപ്പിടത്തിലേക്കാണ് ഞാൻ എത്തിപ്പെട്ടത്. കിളിമൊഴികൾക്ക് ചൂളംവിളിയാൽ യഥേഷ്ടം മറുമൊഴിയേകിയിരുന്ന, കാറ്റിൻ ചിലങ്കകളണിഞ്ഞ് അലസം നൃത്തമാടിയിരുന്ന പഴയ ആ നല്ല നാളുകൾ എന്നെന്നേക്കുമായി അവസാനിച്ചു. എനിക്കുമേൽ നിയന്ത്രണങ്ങൾ വന്നു. 

അന്നുമുതൽ എന്നെ അംഗപ്രത്യംഗം മനോഹരിയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവരുടെ പ്രവൃത്തികൾക്ക് പിന്നിലുള്ള ലക്ഷ്യം, പൊതുവിപണിക്ക് ഹിതകരമായ വിധത്തിൽ എന്നെ ഒരുക്കിയെടുക്കുക എന്നതാണെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി. അതിൻപ്രകാരം എൻ്റെ ഓരോ അംഗങ്ങൾക്കും അവർ നിശ്ചയിച്ച അഴകളവുകൾ ഉണ്ടായിരുന്നു.  വളർച്ചയുടെ ആ ഘട്ടത്തിൽ എനിക്കൊരുപാട് വിശന്നു, ദാഹിച്ചു. അതിലുമേറെയായിരുന്നു സ്വാതന്ത്ര്യത്തിനായുള്ള തീവ്രാഭിലാഷം. എന്നാൽ ലാവണ്യമാത്രകൾക്ക് അൽപ്പവും വ്യത്യാസമുണ്ടാകാതിരിക്കാൻ അവർ നിശ്ചയിച്ചേകിയ ഭക്ഷണത്തിൽ എനിക്ക് തൃപ്തിപ്പെടേണ്ടിവന്നു. 
എന്നെപ്പോലെ അനേകകുഞ്ഞുങ്ങളും അവരുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്ത മുതിർന്നവരും ഇവിടെയുണ്ടെന്ന് വൈകാതെ ഞാൻ തിരിച്ചറിഞ്ഞു. എന്നാൽ എന്നിൽനിന്ന് വ്യത്യസ്തമായി അവരിൽ പലരും ഇതൊരു കാരാഗൃഹവാസമാണെന്ന് തിരിച്ചറിയുന്നതായിപ്പോലും എനിക്ക് തോന്നിയില്ല. അനുവദിച്ചേകുന്നവ അമൃത് പോലെ അവർ സ്വീകരിച്ചു. മുൻനിശ്ചയിക്കപ്പെട്ട ചിട്ടനിഷ്ഠകൾക്കനുസരിച്ച് രൂപപ്പെട്ടുവരുന്നതിൽ അഭിമാനിച്ചു. തങ്ങൾ ഏറ്റവും പ്രൗഢർ എന്ന് അഹങ്കരിച്ചു. 

എത്രയൊക്കെ ഒതുക്കപ്പെട്ടാലും സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ഛ പരിമിതികൾ ലംഘിക്കാൻ എനിക്ക് ഉൾപ്രേരണ നൽകി.  അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം.  കൽപ്പിച്ചുവച്ച അതിരുകളെ ഭേദിക്കാനുള്ള എൻ്റെ ശ്രമങ്ങളെ അവർ മുളയിലേ നുള്ളി. എൻ്റെ രഹസ്യപ്രയാണോദ്ദേശങ്ങളെ  അവർ അതിവിദഗ്ധമായി തിരിച്ചറിഞ്ഞ് പ്രാരംഭത്തിൽത്തന്നെ തടയിട്ടു. എന്നെ സ്നേഹിച്ച് പരിപാലിക്കുന്നു എന്ന ഭാവേന, അവർ കൽപ്പിച്ച കാഴ്ചസീമകളിലേക്കും, ചട്ടക്കൂടുകൾ നിശ്ചയിച്ച അറിവുകളിലേക്കും മാത്രമായി വീണ്ടും വീണ്ടും ഒതുക്കി. എന്റെ വേദനകൾ ആരോടും  പറയാനാകാതെ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു. ആ ഇത്തിരി വട്ടത്തിലൊതുങ്ങുന്ന ജീവിതവും, ചുറ്റും എന്റെ ഓരോ ചലനങ്ങളേയും രഹസ്യമായി നിരീക്ഷിച്ചു കൊണ്ട് നില കൊള്ളുന്നവരും!  ഞാൻ തികച്ചും നിസ്സഹായയായിപ്പോയി.  

പ്രകൃതി അസാമാന്യ കരവിരുതുള്ള ഒരു കലാകാരനാണ് . തന്റെ തൂലികയ്ക്ക്  അനുയോജ്യമായ പ്രതലം തേടി അവൻ ഇങ്ങിനെ  ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും . അവന്റെ മിഴികൾക്ക് വിഷയീഭവിക്കാതെ എന്തൊക്കെ തന്നെ  മാറ്റി നിർത്തപ്പെട്ടിട്ടുള്ളൂ !!! ഏതു ഊഷരപ്രതലവും അവൻ പൂങ്കാവനമാക്കും. ഏതു ചാരക്കൂമ്പാരത്തിൽ നിന്ന് പോലും അവൻ പുതുനാമ്പുകൾ സൃഷ്ടിക്കും.  അവന്റെ തൂലിക എന്നിലും അതിമനോഹര ചിത്രങ്ങൾ രചിക്കാൻ കഠിനപരിശ്രമം നടത്തിക്കൊണ്ടിരുന്നു. ഞാൻ യുവതിയായി. പോഷകാഹാരക്കുറവ് വളരെ പ്രകടമായിരുന്നെങ്കിലും  എന്നിലെ ആ വസന്തകാലത്തിൽ ഞാൻ ഒന്നുകൂടി മനോഹാരിയായെന്ന് എനിക്ക് ചുറ്റുമുള്ളവരുടെ അഭിനന്ദനം സ്ഫുരിക്കുന്ന നോട്ടങ്ങൾ എന്നോട് പറയുന്നുണ്ടായിരുന്നു. 

 അതിനിടയ്ക്കാണ് അവർ എന്നെ വേറൊരു വിശാലമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. എന്നെപ്പോലുള്ള അനേകരെ പ്രദർശിപ്പിച്ചിരിക്കുന്ന അവിടം ഒരു കച്ചവടകേന്ദ്രമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.  എനിക്കവിടെ ഒരുപാട് കാഴ്ചക്കാരുണ്ടായി. മൂല്യം വർദ്ധിക്കനുതകുന്ന വിധം നല്ലൊരു കച്ചവടച്ചരക്കാക്കി എന്നെ ഒരുക്കിയെടുത്തതിൽ എൻ്റെ ഉടമകൾ എന്നവകാശപ്പെടുന്നവർ അഭിമാനം കൊള്ളുന്നത് ഞാൻ കണ്ടു. ചുറ്റും ആരാധനയുടെയും അംഗീകാരത്തിന്റെയും നോട്ടങ്ങൾ. എന്റെ അംഗോപാംഗങ്ങളെ തഴുകിത്തലോടുന്ന കണ്ണുകളിൽ എന്നെ സ്വന്തമാക്കണമെന്ന ആഗ്രഹം എനിക്ക് വായിച്ചെടുക്കാം , അവർ എനിക്കായി  വില പേശുന്നു. വില താങ്ങാനാവാത്തവരുടെ കണ്ണുകളിലെ അദമ്യമായ ഇഷ്ടം, ആരാധന എന്നീ വികാരങ്ങളുടെ വേലിയേറ്റം ഒക്കെ അവസാനം തിരിഞ്ഞു നടക്കേ നിരാശക്കു വഴി മാറുന്നു . 

ഇതൊരു വലിയ വിപണിയാണ്. എന്നെപ്പോലെ ഇവിടെ എത്തപ്പെട്ട അനേകം പേരെ എനിക്ക് കാണാം. അവരിൽ ഏറ്റവും അഴകളവുകൾ ഒത്തവരിൽ ഒരുവൾ എന്ന നിലയിൽ ഏറ്റവും ഉയർന്ന മൂല്യം കൽപ്പിക്കപ്പെട്ടവരിൽ ഞാനും പെടും എന്ന് പറയുമ്പോൾ എനിക്ക് തോന്നിയ വികാരമെന്തായിരിക്കും എന്ന് നിങ്ങൾക്കൂഹിക്കാമോ? അഭിമാനം? ആഹ്ളാദം? ഗർവ് ? അല്ല, ഇതൊന്നുമല്ല. ആത്മാവിനേറ്റ അപമാനത്തിന്റെ എത്ര വാൾമുനപ്പാടുകളെയാണ് ഈ സൗന്ദര്യം മറച്ചിരിക്കുന്നതെന്നറിയാമോ!. ഈ രൂപഭംഗി എൻ്റെ അഭിമാനമല്ല, മറിച്ച്  ചങ്ങലയിൽ ബന്ധിതമായ എന്റെ സ്വത്വത്തിന്റെ അലങ്കരിച്ച പുറംകാഴ്ച മാത്രം. വിപണിക്ക് അനുയോജ്യമായി ഒരുക്കിയെടുത്തവരുടെ ഇച്ഛകൾക്കൊപ്പിച്ചാണ് ഇപ്പോൾ എൻ്റെ ചലനങ്ങൾ പോലും. സ്വന്തം ഇച്ഛാശക്തിയുടെ സ്വാഭാവിക വളർച്ച എന്റെ ബാല്യത്തിലേ എനിക്കന്യമായി. ഇപ്പോൾ എന്റെ വിധാതാക്കൾ എനിക്കായി നിഴ്ചയിച്ചിട്ടുള്ള കാഴ്ചയുടെ പരിധിക്കപ്പുറമൊരു കാഴ്ച എനിക്കില്ല. അഥവാ അങ്ങനൊരു കാഴ്ചയുടെ ലോകം തുറക്കാനുള്ള എന്റെ പാരമ്പര്യപ്രേരകശക്തിയെ എന്നേ ഇവർ മുണ്ഡനം ചെയ്‌ത്‌ അവരുടെ ഇംഗിതങ്ങൾക്കധീനമാക്കി.  


കുറച്ചു നാളുകൾക്ക് ശേഷമാണ് കണ്ടാൽ മാന്യനായ ആ ധനികൻ അവിടെ വന്നെത്തുന്നത്. അയാൾക്ക് എന്നെ നന്നേ ബോധിച്ചു. പറഞ്ഞ വില കൊടുത്ത്  ആ നിമിഷം അയാൾ എന്നെ സ്വന്തമാക്കി. ഈ ബംഗ്ളാവിൽ എത്തിപ്പെട്ടപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം മനസ്സിലായത്. ഇവിടെ ഇത് പോലെ ഒരുപാട് പേരെ പാർപ്പിച്ചിട്ടുണ്ട്.  എനിക്കുചുറ്റും അത്തരം ഒരുപാട് പേർ.  ഞാൻ എന്ത് പേരിലാണ് എന്നെ അവർക്ക് പരിചയപ്പെടുത്തേണ്ടത് ?!! ഞങ്ങൾക്കെല്ലാം ഒരേ പേരല്ലേ ?  ഞങ്ങളുടെ അമ്മമാരുടെ പേരിൽ പരിചയപ്പെടുന്നതായിരിക്കും മനസ്സിലാക്കാൻ എളുപ്പം. എന്റെ അമ്മയുടെ പേര് പേരാൽ , അപ്പുറത്ത് സപ്പോട്ട, ഇലഞ്ഞി, മാവ് എന്നിവരുടെ മക്കൾ . അതിനുമപ്പുറമുള്ളവർ ഈ നാട്ടുകാരല്ല. പിന്നേയുമുണ്ട് ഒരുപാട് പേർ. എല്ലാവരേയും വഴിയേ പരിചയപ്പെടണം. പക്ഷെ എനിക്കുറപ്പാണ്. അവർക്കും ഞങ്ങൾക്കുമൊക്കെ ഒരു പൊതുവായ പേരുണ്ട്. അത് ബോൺസായ് എന്നാണ് .

ഈ വലിയ ബംഗ്ളാവിലെ മനോഹരമായ ഈ ബോൺസായ്ത്തോട്ടം എത്ര പേരെയാണ് ആകര്ഷിക്കുന്നതെന്നോ.!! ഇന്നലെ ഇവിടത്തെ മുതലാളിയുടെ സുഹൃത്തുക്കളിൽ രണ്ടു പേർ കുടുംബവുമായി വന്നു. അതിൽ രണ്ടു കുടുംബങ്ങളിലേയും ചെറുമക്കളുമുണ്ടായിരുന്നു. കുട്ടികൾക്കൊക്കെ പേരുണ്ട് കേട്ടോ. അഖിലും നവ്യയും. ഒരു ഒമ്പതോ പത്തോ വയസ്സ് കാണുമായിരിക്കും അവർക്ക്. രണ്ടു പേരും ഒരേ സ്‌കൂളിൽ പഠിക്കുന്ന കൂട്ടുകാർ. എത്ര കൗതുകത്തോടെയാണ് അവർ ഞങ്ങളെ കാണാൻ ഓടി വന്നത്. ഞങ്ങളെ തൊട്ടു തലോടിയ ശേഷം പൂന്തോട്ടത്തിൽ അവർ ഓടിച്ചാടി  കളിക്കുന്നത് ഞാൻ നോക്കികൊണ്ടിരുന്നു.  പെട്ടെന്നാണ് നവ്യയുടെ 'അമ്മ ഓടിവന്ന് നവ്യയുടെ ചെവിക്കുപിടിച്ച് ഒരു തിരുമ്മുകൊടുത്തിട് അവളെ കൂട്ടിക്കൊണ്ടു പോയത്. 
''ആന്റി ഞങ്ങൾ കളിക്കുവാ'' എന്ന് അഖിൽ നിരാശയോടെ പറയുമ്പോൾ ''അപ്പുറത്ത് ഇവളുടെ ഏട്ടനുണ്ട്, അവനെ കൂട്ടിക്കൊണ്ടുപോയി കളിക്ക്. '' എന്ന് പറഞ്ഞ് തിരിഞ്ഞു നവ്യയോട് ''പെൺകുട്ടികളായാൽ അടങ്ങി ഒതുങ്ങി ഇരിക്കണം''  എന്ന് ദേഷ്യപ്പെടുമ്പോൾ,  ചെയ്ത അപരാധമെന്തെന്നു മനസ്സിലാകാത്ത രണ്ടു കുഞ്ഞുങ്ങളുടെ മനസ്സിലേക്കാഞ്ഞുപതിച്ച മഴുമുനകൾ ഞാൻ കണ്ടു.

ഇത്തരം ഒന്നായിരുന്നു പ്രദർശനനഗരിയിലായിരുന്നപ്പോൾ ഞാൻ കണ്ട മറ്റൊരു കാഴ്ച. അവർ രണ്ട് ആൺകുട്ടികളായിരുന്നു. സ്കൂളിൽ കൂട്ടുകാരായിരിക്കണം. എനിക്കരികിൽ വച്ചാണ്, പരസ്പരം കണ്ട സന്തോഷത്തിൽ അവർ തമ്മിൽ കെട്ടിപ്പിടിച്ചതും ഒരാൾ മറ്റൊരാൾക്ക് കയ്യിലിരുന്ന മിഠായി നീട്ടുന്നതും. ആ നിമിഷം രണ്ടാമൻ്റെ അമ്മ അത് വാങ്ങാനനുവദിക്കാതെ അവനെ പിടിച്ചുവലിച്ച് കൊണ്ടുപോയി. മാതാപിതാക്കളുടെ അടുത്തേക്ക് ഓടിപ്പോയ ഒന്നാമനെ നോക്കി 'അവരൊക്കെ കുറഞ്ഞവരാ. അവരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങിക്കഴിക്കരുത്. പണ്ടായിരുന്നെങ്കിൽ തീണ്ടാപ്പാടകലെ നിർത്തേണ്ടവരാ. അറിയുവോ നിനക്ക്' എന്ന് പറയുമ്പോൾ ചെതുക്കലിൻ്റെ മുറിവുകളേൽപ്പിച്ച് അവൻ്റെ മനസ്സ് രാകി ചെറുതാക്കപ്പെടുകന്നത് ഞാൻ കണ്ടു. 

അതിശയിപ്പിച്ചത് അതല്ല , ഈ അമ്മമാരുടെ മേലും ആൺപെൺഭേദമെന്യേ മറ്റ് പലരുടെ മേലും അവർക്ക് കാണാൻ കഴിയാത്ത, എത്രയധികം മുറിപ്പാടുകളാണ്!! സ്വാഭാവിക വളർച്ചയുടെ ശിഖരങ്ങൾ ഓരോന്നായി അരിഞ്ഞു വീഴ്ത്തി സമൂഹത്തിന്റെ  കൽപ്പിതചതുരവടിവുകളിൽ ഒതുക്കാവുന്ന രൂപഘടനയിൽ നിർമ്മിച്ചെടുത്തതിന്റെ ഉണങ്ങിയ മുറിപ്പാടുകൾ.  അതിശയത്തോടെയാണ് ഞങ്ങൾ അവരെ ചലിക്കുന്ന ബോൺസായികൾ  എന്ന് പേർ വിളിച്ചത്. പിറവിയെടുത്ത അന്നുമുതൽ സമൂഹം കൽപ്പിച്ചുണ്ടാക്കിയ അളവുകൾക്കനുസൃതമായി അളന്നുമുറിച്ച്  ചെതുക്കിയൊതുക്കുന്നതിനിടയിൽ നേർക്കാഴ്ചയുടെ കണ്ണുകൾ ബാല്യത്തിൽ തന്നെ കുത്തിയുടക്കപ്പെട്ടുപോയവർ!! 

മനുഷ്യോൽപ്പത്തിയുടെ ആരംഭം മുതൽ മുന്നോട്ടുള്ള അവൻ്റെ ഓരോ ചുവടുവയ്പ്പുകൾക്കും സാക്ഷികളായ്ത്തീർന്ന ഞങ്ങളുടെ പ്രപിതാമഹന്മാരിലൂടെ, കഥകൾ പോലെ കൈമറിഞ്ഞുകിട്ടിയ ചില ചരിത്രസത്യങ്ങളുണ്ട്. മനുഷ്യൻ എന്ന ഒറ്റപ്പദത്തിൽ അറിയപ്പെട്ടിരുന്നവർ പിന്നീട് അവർക്കിടയിൽ കുലങ്ങളാലും ദേശാതിർത്തികളാലും ഒക്കെ സ്വയം വേർതിരിവുകളുടെ കളങ്ങൾ കൽപ്പിച്ചുണ്ടാക്കുകയും ഓരോ കളങ്ങൾക്കുമകത്തുള്ളവർ ആ കളങ്ങൾക്കുള്ളിൽ പാലിക്കേണ്ടതായ നിയമങ്ങളുണ്ടാക്കുകയും ആ നിയമങ്ങൾ പാലിച്ച് പോകുന്നവർക്ക് കളങ്ങൾക്കകത്ത് ഉയർന്ന മൂല്യം നൽകപ്പെടുകയും ചെയ്യുന്നു എന്നതാണ്, വിവേചനശക്തിയുള്ളവൻ എന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യൻ ചെയ്തുകൂട്ടുന്ന കാര്യങ്ങളിലെ ഒരു തമാശ. ഒരു കളത്തിനകത്ത് ശരിയെന്ന് കൽപ്പിക്കപ്പെട്ട കാര്യം മറ്റൊരു കളത്തിനുള്ളിൽ തെറ്റായിത്തീരുന്നുവത്രെ. ഭാവനാസമ്പന്നരായവർ സൃഷ്ടിച്ചെടുത്ത ചില കഥാപാത്രങ്ങൾ പിന്നീട് ചില കുലങ്ങളുടെ ആരാധ്യാബിംബങ്ങളാവുകയും ഓരോ ബിംബങ്ങളുടെ പേരിലും ഈ ആരാധകവൃന്ദങ്ങൾ പരസ്പരം തമ്മിലടിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു തമാശ. തങ്ങൾ സ്വയം ഒരുക്കിയ കാരാഗൃഹങ്ങൾക്കകത്താണെന്നും അവ ഭേദിച്ചാൽ പരിമിതികളില്ലാത്ത ജ്ഞാനത്തിൻ്റെ അനന്തസാധ്യതകളിലേക്ക് പറന്നുയരാമെന്നും ഇക്കൂട്ടർ തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ അതിശയകരം. 

കാലാകാലങ്ങളായി നിലനിൽക്കുന്ന ഈ തരംതിരിവുകൾക്ക് ഈ ആധുനീകയുഗത്തിലും ഒരു മാറ്റവും വന്നിട്ടില്ല എന്നതിന് ഞാനും സാക്ഷിയാണ്.  വില്പനച്ചരക്കായി പ്രദർശനവിപണിയിൽ കഴിച്ചുകൂട്ടിയ ഒന്നരമാസക്കാലത്തിനിടെ  ഞാൻ കണ്ട എല്ലാവരിലും ഇത്തരം ഓരോ കളങ്ങൾ കൽപ്പിച്ചുണ്ടാക്കിയ ചെതുക്കലുകളുടെ മുറിപ്പാടുകൾ കാണാമായിരുന്നു. അവരെ സമൂഹം എത്ര ഇഷ്ടത്തോടെയാണ് യോഗ്യരായി കണക്കാക്കുന്നത്.   ഇടയ്ക്ക് കാണാം, സമയയന്ത്രമേറി പുറകോട്ട് യാത്രപോയ അപൂർവ്വം ചില ഒറ്റയാന്മാരെ. പിൻപ്രയാണങ്ങളിൽ അവർ ജാതി, മത,വർഗ്ഗ, ദേശ, അതിർത്തികൾ വരയ്ക്കപ്പെടുന്നതിനും മുൻപേ സ്വതന്ത്രരായ പക്ഷികളെപ്പോലെ വിശാലലോകത്ത് യഥേഷ്ടം വിഹരിച്ചിരുന്ന നഗ്നമനുഷ്യരെ കണ്ടെത്തിയിരിക്കുന്നു. പിന്നീട് ആകാശത്തോളം  ഉയർത്തിപ്പിടിച്ച  ശിരസ്സിനുമേൽ, ആ സ്വതന്ത്രവിഹായസ്സിൽ പറക്കാനുതകുന്ന ചിറകുകൾ തുന്നാനുള്ള തൂവലുകളുമേന്തി, വിരിച്ചു പിടിച്ചാൽ ലോകത്തെ മുഴുവൻ ഉള്ളിലൊതുക്കാവുന്ന അതിവിശാലമായ ബാഹുക്കളുമായി, അവർ കാലികലോകത്ത് തിരിച്ചെത്തുന്നു. സ്വയം തീർത്ത തടങ്കൽപ്പാളയങ്ങളിലെ പാരതന്ത്ര്യം തിരിച്ചറിയാത്ത ചെറിയ മനുഷ്യർക്ക് വേപഥുവോടെ ആ തൂവലുകളാൽ ചിറകുകൾ തുന്നാനൊരുങ്ങുന്നു. എന്നാൽ തിരിച്ചറിവിൻ്റെ ഔന്നത്യങ്ങളെക്കുറിച്ച് ചിന്തകളിൽ പോലും ബീജാവാപം നടക്കാത്തവിധം ബോധം ഷണ്ഡീകരിക്കപ്പെട്ട ജനത  ഈ ഉന്നതശീർഷരെ   ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാറില്ല.  അവരുടെ ഉത്ബോധനങ്ങൾ  അവരെ ഒറ്റപ്പെടുത്തുകയോ ഈ ലോകത്തിൽ നിന്നുതന്നെ നിഷ്കാസിതരാക്കുകയോ ചെയ്യുന്ന കാഴ്ചകാളാണ് കൂടുതലും കാണാനാവുക.

പുതുതലമുറയിലുമുണ്ട് കേട്ടോ വലിയ മുറിപ്പാടുകളേൽക്കാത്ത വിരളം ചിലർ. അത്തരം ഒരു ജോഡിയായിരുന്നു, വിപണിയുൾപ്പെടുന്ന ആ പാർക്കിൽ ഇടയ്ക്കിടെ വന്നു കാണാറുള്ള അൻവറും പാർവതിയും പക്ഷെ ഈ ബംഗ്ളാവിലേക്ക് പോരുന്നതിന്റെ തലേന്നാൾ ഞാനറിഞ്ഞു, പാറു മരിച്ചു എന്ന്. അല്ല, ആത്മഹത്യ ചെയ്‌തു. വീട്ടു തടങ്കലിലായിരുന്നത്രെ. പ്രകൃത്യാൽ ഇഴപിരിഞ്ഞു വളരാൻ കൊതിച്ച, അകാശത്തിൻ്റെ അപാരതയിലേക്ക് പടർന്ന് വടവൃക്ഷങ്ങളാകാൻ ശ്രമിച്ച രണ്ട് ജീവനുകളുടെ ശിഖരങ്ങളരിഞ്ഞുവീഴ്ത്താൻ ശ്രമിച്ചതിൻ്റെ പരിണതഫലം!! 
 ഇത് ബോൺസായിയുഗമാണെന്ന്  ആ കുഞ്ഞുങ്ങൾ മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. 
—————————————————————————





 നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ. എൻ്റെ ജനനവും അത്തരം നന്മ നിറഞ്ഞ ഒരു നാട്ടിൻപുറത്തായിരുന്നു.  എൻ്റെ അമ്മയെപ്പോലെയായിത്തീരണമെന്നായിരുന്നു ചെറുപ്പം മുതൽക്കേ എൻ്റെ ആഗ്രഹം. നിങ്ങൾക്കറിയുമോ എത്ര നന്മയുള്ളവളായിരുന്നു എന്റെ അമ്മയെന്ന്? അത്യോദാരമനസ്കയായ അവർ എത്രയോ പേരുടെ താങ്ങും തണലുമായിരുന്നെന്നോ! എന്നിട്ടും  അതൊന്നും ഭാവിക്കാതെ നിസ്വയെപ്പോലെ വിനയാന്വിതയായുള്ള ആ നിൽപ്പ് മങ്ങിയ ഒരു ഓർമ്മയായി എന്നിൽ ഇപ്പോഴും അവശേഷിക്കുന്നു . ആ അമ്മയുടെ മകളായതിൽ ഞാൻ സന്തോഷിച്ചിരുന്നു . അമ്മയുടെ പാതകൾ പിൻതുടരാൻ ആഗ്രഹിച്ചിരുന്നു . എന്നാൽ ഏതോ അഭിശപ്തനിമിഷത്തിൽ അമ്മ പോലുമറിയാതെ ചില കരാളഹസ്തങ്ങൾ എന്നെ അമ്മയിൽ നിന്നും തട്ടിയെടുത്തു. പേരറിയാത്ത ഏതോ നാട്ടിലേക്ക് അവരെന്നെ കടത്തിക്കൊണ്ടുപോയി. കുളിർപ്പച്ചയുടുത്ത, നനുനനുപ്പും കിളിമൊഴികളും മാത്രം നിറഞ്ഞ ഗ്രാമത്തിൽ നിന്നും കൈകൾ ഒന്ന് നീട്ടി നിവർത്താൻ പോലും സ്വാതന്ത്ര്യമനുവദിക്കാത്തത്ര ഇടുങ്ങിയ ഒരു പാർപ്പിടത്തിലേക്കാണ് ഞാൻ എത്തിപ്പെട്ടത്.  അന്നുമുതൽ എൻ്റെ വിശാലലോകം എനിക്കന്യമായി. കിളിമൊഴികൾക്ക് ചൂളം വിളിയാൽ യഥേഷ്ടം മറുമൊഴിയേകിയിരുന്ന, കാറ്റിൻ ചിലങ്കകളണിഞ്ഞ് അലസം നൃത്തമാടിയിരുന്ന ആ നല്ല നാളുകൾ എന്നെന്നേക്കുമായി അവസാനിച്ചു. എനിക്കുമേൽ നിയന്ത്രണങ്ങൾ വന്നു. ഞാൻ  ഭുജിക്കേണ്ടത് എന്തൊക്കെ എന്നുപോലും ആരെല്ലാമോ തീരുമാനിക്കുന്നു. സംരക്ഷിക്കുന്നു എന്ന ഭാവേന അവരെനിക്ക് ഏകിയത് ഒരു കാരാഗൃഹവാസമാണ്. ഞാൻ മാത്രമല്ല, എന്നെപ്പോലെ അനേക കുഞ്ഞുങ്ങൾ ഇവിടെയുണ്ട്. ഞങ്ങളെ ഇവിടെ കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നതിൻ്റേയും ചിട്ടനിഷ്ഠകൾ പാലിച്ച് വളർത്തുന്നതിൻ്റേയും പൊരുൾ ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല . അവരുടെ സൗന്ദര്യസങ്കൽപ്പങ്ങൾക്ക് അവർ കൽപ്പിച്ചുവച്ചിട്ടുള്ള അളവുകോലുകൾ ഉണ്ടായിരുന്നു. ആ അളവുകോലുകൾക്കനുസരിച്ചുള്ള നിയന്ത്രിതമായ ഭക്ഷണം, അതിൽ പരിമിതമാക്കപ്പെട്ട കാഴ്ചകൾ, അവ മാത്രമാണ് ഞങ്ങൾക്ക് അനുവദിക്കപ്പെട്ടിരുന്നത്. എനിക്ക് വിശന്നു. ദാഹിച്ചു. അതിലുമേറെയായിരുന്നു സ്വാതന്ത്ര്യത്തിനായുള്ള തീവ്രാഭിലാഷം. എന്തൊക്കെ പരിമിതികൾ കൽപ്പിച്ചാലും എന്നിൽ കുടിയിരിക്കുന്ന എൻ്റെ അമ്മയുടെ ചേതനാഗുണം ഞാൻ പ്രകടമായിത്തന്നെ വെളിവാക്കി . 'വിത്തുഗുണം പത്തുഗുണം' എന്നല്ലേ? അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നെ സ്നേഹിച്ച് പരിപാലിക്കുന്നു എന്ന്  ഭാവിക്കുന്നവർ തന്നെ എന്നെ ശിക്ഷിക്കാനും ആരംഭിച്ചു . കൽപ്പിച്ചുവച്ച അതിരുകളെ ലംഘിക്കാനുള്ള എൻ്റെ ശ്രമങ്ങളെ അവർ മുളയിലേ നുള്ളി. എൻ്റെ രഹസ്യപ്രയാണങ്ങളെ  അവർ അതിവിദഗ്ധമായി തിരിച്ചറിഞ്ഞ് പ്രാരംഭത്തിൽത്തന്നെ തടയിട്ടു . എന്റെ വേദനകൾ ആരോടും  പറയാനാകാതെ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു. ആ ഇത്തിരി വട്ടത്തിലൊതുങ്ങുന്ന ജീവിതവും, ചുറ്റും എന്റെ ഓരോ ചലനങ്ങളേയും രഹസ്യമായി നിരീക്ഷിച്ചു കൊണ്ട് നില കൊള്ളുന്നവരും!  ഞാൻ തികച്ചും നിസ്സഹായയായിപ്പോയി.  എന്റെ ജീവിതത്തെ തന്ത്രപൂർവ്വം ഇവിടെ കുരുക്കിയിട്ടിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. എന്നിട്ടും അവർ എത്ര ചാതുര്യത്തോടെയാണ് എന്റെ അവയവങ്ങളെ അവരുടെ ഇച്ഛകൾക്കനുസൃണമായി മനോഹരമാക്കാൻ പരിശ്രമിക്കുന്നത്. ഇതിനു പുറകിൽ കച്ചവടബുദ്ധി മാത്രമാണെന്നും വിലപിടിപ്പുള്ള ഒരു വില്പനച്ചരക്കാക്കി എന്നെ മാറ്റിയെടുക്കുക മാത്രമാണ് അവരുടെ ഉദ്ധേശമെന്നും എത്ര വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്!! എങ്കിലും ഈ പാരതന്ത്ര്യത്തിൽ നിന്ന് രക്ഷപ്പെട്ട്, പ്രിയപ്പെട്ടവരിലേക്കും അവർ വാഴുന്ന ആ വിശാലലോകത്തേക്കും ചെന്നെത്തുവാനും അതിൽ അലിഞ്ഞുചേരുവാനും ഞാൻ എന്നും ആഗ്രഹിച്ചു. 

പ്രകൃതി അസാമാന്യ കരവിരുതുള്ള ഒരു കലാകാരനാണ് . തന്റെ തൂലികയ്ക്ക്  അനുയോജ്യമായ പ്രതലം തേടി അവൻ ഇങ്ങിനെ  ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും . അവന്റെ മിഴികൾക്ക് വിഷയീഭവിക്കാതെ എന്തൊക്കെ തന്നെ  മാറ്റി നിർത്തപ്പെട്ടിട്ടുള്ളൂ !!! ഏതു ഊഷരപ്രതലവും അവൻ പൂങ്കാവനമാക്കും. ഏതു ചാരക്കൂമ്പാരത്തിൽ നിന്ന് പോലും അവൻ പുതുനാമ്പുകൾ സൃഷ്ടിക്കും.  അവന്റെ തൂലിക എന്നിലും അതിമനോഹര ചിത്രങ്ങൾ രചിക്കാൻ കഠിനപരിശ്രമം നടത്തിക്കൊണ്ടിരുന്നു. ഞാൻ യുവതിയായി. പോഷകാഹാരക്കുറവ് വളരെ പ്രകടമായിരുന്നെങ്കിലും  എന്നിലെ ആ വസന്തകാലത്തിൽ ഞാൻ ഒന്നുകൂടി മനോഹാരിയായെന്ന് എനിക്ക് ചുറ്റുമുള്ളവരുടെ അഭിനന്ദനം സ്ഫുരിക്കുന്ന നോട്ടങ്ങൾ എന്നോട് പറയുന്നുണ്ടായിരുന്നു. 

 അതിനിടയ്ക്കാണ് അവർ എന്നെ വേറൊരു വിശാലമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. അതൊരു  കച്ചവടകേന്ദ്രമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.  എനിക്കവിടെ ഒരുപാട് കാഴ്ചക്കാരുണ്ടായി. മൂല്യം വർദ്ധിക്കും വിധം നല്ലൊരു കച്ചവടച്ചരക്കാക്കി എന്നെ ഒരുക്കിയെടുത്തതിൽ എൻ്റെ ഉടമകൾ എന്നവകാശപ്പെടുന്നവർ അഭിമാനം കൊള്ളുന്നത് ഞാൻ കണ്ടു. ചുറ്റും ആരാധനയുടെയും അംഗീകാരത്തിന്റെയും കൊത്തി  വലിക്കുന്ന നോട്ടങ്ങൾ. എന്റെ അംഗോപാംഗങ്ങളെ തഴുകിത്തലോടുന്ന കണ്ണുകളിൽ എന്നെ സ്വന്തമാക്കണമെന്ന ആഗ്രഹം എനിക്ക് വായിച്ചെടുക്കാം , അവർ എനിക്കായി  വില പേശുന്നു. വില താങ്ങാനാവാത്തവർക്ക് എന്നെ ഒന്ന് തൊട്ടെങ്കിലും പോകണമെന്നുണ്ട് . പക്ഷെ അത് അനുവദനീയമല്ല. വില സ്വീകാര്യമായവർക്ക് മാത്രം എന്നെ അടുത്തു വന്നു കാണാം. അല്ലാത്തവർക്ക് അൽപ്പം ദൂരെ മാറി നിന്നുള്ള ദർശനസുഖം മാത്രം. പലരുടെയും കണ്ണുകളിലെ അദമ്യമായ ഇഷ്ടം, ആരാധന എന്നീ വികാരങ്ങളുടെ വേലിയേറ്റം ഒക്കെ അവസാനം തിരിഞ്ഞു നടക്കേ നിരാശക്കു വഴി മാറുന്നു . 

ഇതൊരു വലിയ വിപണിയാണ്. എന്നെപ്പോലെ ഇവിടെ എത്തപ്പെട്ട അനേകം പേരെ എനിക്ക് കാണാം. അവരിൽ ഏറ്റവും അഴകളവുകൾ ഒത്തവൾ എന്ന നിലയിൽ ഏറ്റവും ഉയർന്ന മൂല്യമാണ് എനിക്ക് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയുമ്പോൾ എനിക്ക് തോന്നിയ വികാരമെന്തായിരിക്കും എന്ന് നിങ്ങൾക്കൂഹിക്കാമോ? അഭിമാനം? ആഹ്ളാദം? ഗർവ് ? അല്ല, ഇതൊന്നുമല്ല. ആത്മാവിനേറ്റ അപമാനത്തിന്റെ എത്ര വാൾമുനപ്പാടുകളെയാണ് ഈ സൗന്ദര്യം മറച്ചിരിക്കുന്നതെന്നറിയാമോ!. ഈ രൂപഭംഗി എൻ്റെ അഭിമാനമല്ല, മറിച്ച്  ചങ്ങലയിൽ ബന്ധിതമായ എന്റെ സ്വത്വത്തിന്റെ അലങ്കരിച്ച പുറംകാഴ്ച മാത്രം.

എന്നെ  അഴകളവുകളിൽ രൂപപ്പെടുത്തി വിപണിക്ക് അനുയോജ്യമായി ഒരുക്കിയെടുത്തവരുടെ ഇച്ഛകൾക്കൊപ്പിച്ചാണ് ഇപ്പോൾ എൻ്റെ ചലനങ്ങൾ പോലും. സ്വന്തം ഇച്ഛാശക്തിയുടെ സ്വാഭാവിക വളർച്ച എന്റെ ബാല്യത്തിലേ എനിക്കന്യമായി. ഇപ്പോൾ എന്റെ വിധാതാക്കൾ എനിക്കായി നിഴ്ചയിച്ചിട്ടുള്ള കാഴ്ചയുടെ പരിധിക്കപ്പുറമൊരു കാഴ്ച എനിക്കില്ല. അഥവാ അങ്ങനൊരു കാഴ്ചയുടെ ലോകം തുറക്കാനുള്ള എന്റെ പാരമ്പര്യപ്രേരകശക്തിയെ എന്നേ ഇവർ മുണ്ഡനം ചെയ്‌ത്‌ അവരുടെ ഇംഗിതങ്ങൾക്കധീനമാക്കി.  

വിലപേശലുകളുടെ കുറച്ചു നാളുകൾക്ക് ശേഷമാണ് കണ്ടാൽ മാന്യനായ ആ ധനികൻ അവിടെ വന്നെത്തുന്നത്. അയാൾക്ക് എന്നെ നന്നേ ബോധിച്ചു. പറഞ്ഞ വില കൊടുത്ത്  ആ നിമിഷം അയാൾ എന്നെ സ്വന്തമാക്കി. ഈ ബംഗ്ളാവിൽ എത്തിപ്പെട്ടപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം മനസ്സിലായത്. ഇവിടെ ഇത് പോലെ ഒരുപാട് പേരെ പാർപ്പിച്ചിട്ടുണ്ട്.  എനിക്ക് ചുറ്റും അത്തരം ഒരുപാട് പേർ.  ഞാൻ എന്ത് പേരിലാണ് എന്നെ അവർക്ക് പരിചയപ്പെടുത്തേണ്ടത് ?!! ഞങ്ങൾക്കെല്ലാം ഒരേ പേരല്ലേ ?  ഞങ്ങളുടെ അമ്മമാരുടെ പേരിൽ പരിചയപ്പെടുന്നതായിരിക്കും മനസ്സിലാക്കാൻ എളുപ്പം. എന്റെ അമ്മയുടെ പേര് പേരാൽ , അപ്പുറത്ത് സപ്പോട്ട, ഇലഞ്ഞി, മാവ് എന്നിവരുടെ മക്കൾ . അതിനുമപ്പുറമുള്ളവർ ഈ നാട്ടുകാരല്ല. പിന്നേയുമുണ്ട് ഒരുപാട് പേർ. എല്ലാവരേയും വഴിയേ പരിചയപ്പെടണം. പക്ഷെ എനിക്കുറപ്പാണ്. അവർക്കും ഞങ്ങൾക്കുമൊക്കെ ഒരു പൊതുവായ പേരുണ്ട്. അത് ബോൺസായ് എന്നാണ് .

 ഈ വലിയ ബംഗ്ളാവിലെ മനോഹരമായ ഈ ബോൺസായ്ത്തോട്ടം എത്ര പേരെയാണ് ആകര്ഷിക്കുന്നതെന്നോ.!! ഇന്നലെ ഇവിടത്തെ മുതലാളിയുടെ സുഹൃത്തുക്കൾ രണ്ടു പേർ കുടുംബവുമായി വന്നു. അതിൽ രണ്ടു കുടുംബങ്ങളിലേയും ചെറുമക്കളുമുണ്ടായിരുന്നു. കുട്ടികൾക്കൊക്കെ പേരുണ്ട് കേട്ടോ. അഖിലും നവ്യയും. ഒരു ഒമ്പതോ പത്തോ വയസ്സ് കാണുമായിരിക്കും അവർക്ക്. രണ്ടു പേരും ഒരേ സ്‌കൂളിൽ പഠിക്കുന്ന കൂട്ടുകാർ. എത്ര കൗതുകത്തോടെയാണ് അവർ ഞങ്ങളെ കാണാൻ ഓടി വന്നത്. ഞങ്ങളെ തൊട്ടു തലോടിയ ശേഷം പൂന്തോട്ടത്തിൽ അവർ ഓടിച്ചാടി  കളിക്കുന്നത് ഞാൻ നോക്കികൊണ്ടിരുന്നു.  പെട്ടെന്നാണ് നവ്യയുടെ 'അമ്മ ഓടി വന്നു നവ്യയുടെ ചെവിക്കു പിടിച്ചു ഒരു തിരുമ്മു കൊടുത്തിട്ടു അവളെ കൂട്ടിക്കൊണ്ടു പോയത്. 
''ആന്റി ഞങ്ങൾ കളിക്കുവാ'' എന്ന് അഖിൽ നിരാശയോടെ പറയുമ്പോൾ ''അപ്പുറത്ത് ഇവളുടെ ഏട്ടനുണ്ട്, അവനെ കൂട്ടിക്കൊണ്ട് പോയി കളിക്ക്. '' എന്ന് പറഞ്ഞ് തിരിഞ്ഞു നവ്യയോട് ''പെൺകുട്ടികളായാൽ അടങ്ങി ഒതുങ്ങി ഇരിക്കണം''  എന്ന് ദേഷ്യപ്പെടുമ്പോൾ,  ചെയ്ത അപരാധമെന്തെന്നു മനസ്സിലാകാത്ത രണ്ടു കുഞ്ഞുങ്ങളുടെ മനസ്സിലേക്കാഞ്ഞു പതിച്ച മഴുമുനകൾ ഞാൻ കണ്ടു. അതിശയിപ്പിച്ചത് അതല്ല , നവ്യയുടെ അമ്മയുടെ മേലും അവർക്ക് കാണാൻ കഴിയാത്ത, എത്രയധികം ആഴത്തിലുള്ള  മുറിപ്പാടുകളാണ്!! സ്വാഭാവിക വളർച്ചയുടെ ശിഖരങ്ങൾ ഓരോന്നായി അരിഞ്ഞു വീഴ്ത്തി സമൂഹത്തിന്റെ  കൽപ്പിത ചതുരവടിവുകളിൽ ഒതുക്കാവുന്ന രൂപഘടനയിൽ നിർമ്മിച്ചെടുത്തതിന്റെ ഉണങ്ങിയ മുറിപ്പാടുകൾ.  അതിശയത്തോടെയാണ് ഞങ്ങൾ അവരെ ചലിക്കുന്ന ബോൺസായികൾ  എന്ന് പേർ വിളിച്ചത്. പിറവിയെടുത്ത അന്നുമുതൽ സമൂഹം കൽപ്പിച്ചുണ്ടാക്കിയ അളവുകൾക്കനുസൃതമായി അളന്നുമുറിച്ച് സമൂഹത്തിൻ്റെ ആഡ്യവിപണിക്ക് അനുയോജ്യമാം വിധം ചെതുക്കിയൊതുക്കുന്നതിനിടയിൽ നേർക്കാഴ്ചയുടെ കണ്ണുകൾ ബാല്യത്തിൽ തന്നെ കുത്തിയുടക്കപ്പെട്ടുപോയവർ!! തമാശയതല്ല, ഈ സമൂഹം അവർക്കിടയിൽ കുലങ്ങളാലും ദേശാതിർത്തികളാലും ഒക്കെ സ്വയം വേർതിരിവുകളുടെ കളങ്ങൾ കൽപ്പിച്ചുണ്ടാക്കുകയും ഓരോ കളങ്ങൾക്കുമകത്തുള്ളവർ ആ കളങ്ങൾക്കുള്ളിൽ പാലിക്കേണ്ടതായ നിയമങ്ങളുണ്ടാക്കുകയും ആ നിയമങ്ങൾ പാലിച്ച് പോകുന്നവർക്ക് കളങ്ങൾക്കകത്ത് ഉയർന്ന മൂല്യം നൽകപ്പെടുകയും ചെയ്യുന്നു. ഒരു കളത്തിനകത്ത് ശരിയെന്ന് കൽപ്പിക്കപ്പെട്ട കാര്യം മറ്റൊരു കളത്തിനുള്ളിൽ തെറ്റായിത്തീരുന്നു. ഭാവനാസമ്പന്നരായവർ സൃഷ്ടിച്ചെടുത്ത ചില കഥാപാത്രങ്ങൾ പിന്നീട് ചില കുലങ്ങളുടെ ആരാധ്യാബിംബങ്ങളാവുകയും ഓരോ ബിംബങ്ങളുടെ പേരിലും ഈ ആരാധകവൃന്ദങ്ങൾ പരസ്പരം തമ്മിലടിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു തമാശ. തങ്ങൾ സ്വയം ഒരുക്കിയ കാരാഗൃഹങ്ങൾക്കകത്താണെന്നും അവ ഭേദിച്ചാൽ പരിമിതികളില്ലാത്ത ജ്ഞാനത്തിൻ്റെ അനന്തസാധ്യതകളിലേക്ക് പറന്നുയരാമെന്നും ഇക്കൂട്ടർ തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ അതിശയകരം. 



ഈ  അതിശയം എനിക്ക് പുതിയതല്ല.  വില്പനച്ചരക്കായി പ്രദർശനവിപണിയിൽ കഴിച്ചുകൂട്ടിയ ഒന്നരമാസക്കാലത്തിനിടെ  ഞാൻ കണ്ട എല്ലാവരിലും ഇത്തരം ഓരോ കളങ്ങൾ കൽപ്പിച്ചുണ്ടാക്കിയ ചെതുക്കലുകളുടെ മുറിപ്പാടുകൾ കാണാമായിരുന്നു. അവരെ സമൂഹം എത്ര ഇഷ്ടത്തോടെയാണ് യോഗ്യരായി കണക്കാക്കുന്നത്.   ഇടയ്ക്കു കാണാം, സമയയന്ത്രമേറി പുറകോട്ട് യാത്രപോയ അപൂർവ്വം ചില ഒറ്റയാന്മാരെ. പിൻപ്രയാണങ്ങളിൽ അവർ ജാതി, മത,വർഗ്ഗ, ദേശ അതിർത്തികൾ വരയ്ക്കപ്പെടുന്നതിനും മുൻപേ സ്വതന്ത്രരായ പക്ഷികളെപ്പോലെ വിശാലലോകത്ത് യഥേഷ്ടം വിഹരിച്ചിരുന്ന നഗ്നമനുഷ്യരെ കണ്ടെത്തിയിരിക്കുന്നു. പിന്നീട് ആകാശത്തോളം  ഉയർത്തിപ്പിടിച്ച  ശിരസ്സിൽ, ആ സ്വതന്ത്രവിഹായസ്സിൽ പറക്കാനുതകുന്ന ചിറകുകൾ തുന്നാനുള്ള തൂവലുകളുമേന്തി, വിരിച്ചു പിടിച്ചാൽ ലോകത്തെ മുഴുവൻ ഉള്ളിലൊതുക്കാവുന്ന അതിവിശാലമായ ബാഹുക്കളുമായി, അവർ കാലികലോകത്ത് തിരിച്ചെത്തുന്നു. സ്വയം തീർത്ത തടങ്കൽപ്പാളയങ്ങളിലെ പാരതന്ത്ര്യം തിരിച്ചറിയാത്ത ചെറിയ മനുഷ്യർക്ക് വേപഥുവോടെ ആ തൂവലുകളാൽ ചിറകുകൾ തുന്നാനൊരുങ്ങുന്നു. എന്നാൽ തിരിച്ചറിവിൻ്റെ ഔന്നിത്യങ്ങളെക്കുറിച്ച് ചിന്തകളിൽ പോലും ബീജവാപം നടക്കാത്ത വിധം ബോധം ഷണ്ഡീകരിക്കപ്പെട്ട ജനത  ഈ ഉന്നതശീർഷരെ   ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാറില്ല.  അവരുടെ ഉത്ബോധനങ്ങൾ  അവരെ ഒറ്റപ്പെടുത്തുകയോ ഈ ലോകത്തിൽ നിന്നുതന്നെ നിഷ്കാസിതരാക്കുകയോ ചെയ്യുന്ന കാഴ്ചകാളാണ് കൂടുതലും കാണാനാവുക.


 പുതു തലമുറയിലുമുണ്ട് കേട്ടോ വലിയ മുറിപ്പാടുകളേൽക്കാത്ത വിരളം ചിലർ . അത്തരം ഒരു ജോഡിയായിരുന്നു, വിപണിയുൾപ്പെടുന്ന ആ പാർക്കിൽ ഇടയ്ക്കിടെ വന്നു കാണാറുള്ള അൻവറും പാർവതിയും പക്ഷെ ഈ ബംഗ്ളാവിലേക്ക് പോരുന്നതിന്റെ തലേന്നാൾ ഞാനറിഞ്ഞു, പാറു മരിച്ചു എന്ന്. അല്ല, ആത്മഹത്യ ചെയ്‌തു. വീട്ടു തടങ്കലിലായിരുന്നത്രെ. ഇത് ബോൺസായിയുഗമാണെന്ന്  ആ കുഞ്ഞുങ്ങൾ മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. 

Wednesday, 10 February 2021

തായ്‌വേര്

 


''ഐ ഹാവ് സിക്സ് ചിൽഡ്രൻ, ഫോർട്ടീൻ ഗ്രാൻഡ് ചിൽഡ്രൻ ആൻഡ് ട്വൻറിഫോർ ഗ്രെയ്റ്റ് ഗ്രാൻഡ് ചിൽഡ്രൻ''
''വൗ! ദാറ്റ്സ് വണ്ടർഫുൾ! യു ആർ സോ ലക്കി''
''ഐ റിയലി ആം. മൈ ഫസ്റ്റ് വൺ വാസ് ബോൺ ഇൻ നയന്റീൻ സിക്സ്റ്റി; ദി സെക്കൻഡ് വൺ ഇൻ നയന്റീൻ സിക്സ്റ്റി വൺ; ദി തേഡ് വൺ ഇൻ നയന്റീൻ സിക്സ്റ്റി റ്റൂ ആൻഡ് ....''
മുഴുവനാക്കാതെ അവർ ചിരിച്ചു. ആ ചിരി, അവർ പറയാതിരുന്ന ബാക്കി വർഷങ്ങളെക്കൂടി കൂട്ടിച്ചേർക്കുന്നുണ്ടായിരുന്നു.
''സൗണ്ട്സ് ലൈക്ക് ദോസ് വേർ സം ബിസി റ്റൈംസ് ഫോർ യു'' അവരുടെ ചിരിയിൽ പങ്കു ചേർന്ന് കൊണ്ട്, ഓടുന്ന ആംബുലൻസിൽ അവരുടെ ദേഹത്തോട് ഘടിപ്പിച്ചിട്ടുള്ള കാർഡിയാക് മോണിറ്ററിൽ ശ്രദ്ധയൂന്നി രാഖി പറഞ്ഞു.
''ബട്ട് ഐ എഞ്ചോയ്ഡ് എവ്രി സിംഗിൾ മോമെൻ്റ് ഓഫ് ഇറ്റ്''
'ദാറ്റ്സ് ലവ്ലി. യുവർ ഫാമിലി മസ്റ്റ് ബ്രിങ്ങ് യു സോ മച്ച് ജോയ്'
'യെസ് ദേ ഡു. ഐ ഫീൽ വെരി വെരി ബ്ലെസ്സ്ഡ്' അവസാനവാക്കുകളിൽ സ്വരം ധ്യാനഭാവമണിഞ്ഞതറിഞ്ഞ് രാഖി പെട്ടെന്ന് മുഖം തിരിച്ച് അവരെ ശ്രദ്ധിച്ചു. ആ മുഖത്തപ്പോൾ ഒരു റിട്ടയേഡ് പ്രൊഫെസ്സറുടെ ഗാംഭീര്യമോ നാല് തലമുറകളുടെ കാരണവസ്ഥാനി എന്ന പ്രൗഢിയോ അല്ല കണ്ടത്. മറിച്ച്, സ്നേഹവും വാത്സല്യവും നിറഞ്ഞൊഴുകുന്ന ഒരു അമ്മയുടെ, അമ്മൂമ്മയുടെ, മുതുമുത്തശ്ശിയുടെ, ചാരിതാർഥ്യം! വിളറിയും, ചുളിവ് വീണും നിര്ജ്ജലീകരണത്താൽ വരണ്ടും കാണപ്പെട്ട ആ മുഖത്ത്, പക്ഷെ മനോഹരമായൊരു പുഞ്ചിരി തങ്ങി നിൽക്കുന്നു. നിറയെ നരച്ച തലമുടി ആ മുഖത്തിനു ചുറ്റും ഒരു പ്രഭാവലയം തീർക്കുന്നതായി അപ്പോൾ രാഖിക്ക് തോന്നി. ദൂരത്തെവിടെയോ അലക്ഷ്യമായി നോക്കുന്ന കണ്ണുകൾ സുന്ദരമായ ഏതോ ഭൂതകാലസ്മരണകളെ പുണർന്നുനിൽക്കുകയാവണം. അതിന്റെ പ്രതിഫലനമാകണം, അവരുടെ ചുണ്ടുകളിൽ മായാതെ കാണപ്പെടുന്ന മനോഹരമായ ആ പുഞ്ചിരി.

ഓർമ്മകൾ! ഭൂതകാലത്തിന്റെ ഏതോ അതാര്യതലങ്ങൾക്കപ്പുറം തങ്ങിപ്പോയ ഓർമ്മകൾ!! അതിനിപ്പുറത്തേക്ക് ശരീരമേ പ്രയാണം ചെയ്തുള്ളു. ഓർമ്മകൾ അവ്യക്തമായും കൂടിക്കുഴഞ്ഞും പിന്നെ ഇല്ലാതെയും, മുന്നോട്ട് വരാൻ മടിച്ച് ആ തലങ്ങൾക്കപ്പുറം ഒതുങ്ങി നിൽക്കുന്നു. 'ഷോർട്ട് ടേം മെമ്മറി ലോസ്'' നല്ലത്! രാഖി മനസ്സിലോർത്തു. ചിലർക്കെങ്കിലും സമീപകാല ഓർമ്മകൾ നഷ്ടപ്പെടുന്നത് ഒരു അനുഗ്രഹമാണ്.

ഇടയ്ക്ക് ആംബുലൻസിൻ്റെ ഒരു ചെറുകിലുക്കം രോഗിയുടെ മുഖത്ത് ഞരക്കത്തിൻ്റെ അകമ്പടിയോടെ ആഴത്തിലുള്ള ചുളിവുകളെ കുടഞ്ഞിട്ടു. ഹിപ് ഫ്രാക്ച്ചർ ഉണ്ടോ എന്ന സംശയത്തിൽ ബോഡി അധികം ഇളകാത്ത വിധം സ്ട്രെറ്ച്ചറിൽ സ്റ്റെബിലൈസ് ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ റോഡുകളിൽ എത്ര ശ്രദ്ധിച്ചോടിച്ചാലും അൽപ്പം കുലുക്കം പ്രതീക്ഷിക്കാതെ വയ്യ. വേദനാസംഹാരികളെന്തെങ്കിലും വീണ്ടും കൊടുക്കേണ്ടതുണ്ടോ എന്ന് രാഖി ശ്രദ്ധിച്ചു. ഇല്ല. ചുഴികളും മലരികളുമൊഴിഞ്ഞ് മുഖം വീണ്ടും ഒരു തെളിഞ്ഞ ജലാശയം പോലെ സ്വസ്ഥമാകുന്നു. അതിൽ ഒരു തോണി കണക്കേ ആ പുഞ്ചിരി വീണ്ടും നിലയുറപ്പിക്കുന്നു. വിദൂരത്തിലെവിടെയോ ഊന്നിയ കണ്ണുകളിലൂടെ മനസ്സ് ഭൂതകാലത്തിലെ ഏതോ തിരശ്ശീലയ്ക്കപ്പുറമുള്ള കാഴ്ചകളിൽ അഭിരമിക്കുമ്പോൾ, ആ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഒരു സ്വകാര്യ ആസ്പത്രിയുടെ എല്ലാ അത്യന്താധുനീക സൗകര്യങ്ങളുമുള്ള ആംബുലൻസ് തന്നെയും വഹിച്ച് ആ ആസ്പത്രിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് അവർ അറിയുന്നില്ല. മുൻപ് കൊടുത്ത വേദനസംഹാരികൾ അവരിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. കൺപോളകളിൽ അവ മയക്കത്തിൻ്റെ കട്ടിക്കമ്പളം പുതപ്പിക്കാനൊരുങ്ങുന്നുണ്ടെങ്കിലും അവരപ്പോഴും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

അവരുടെ മനസ്സിനൊപ്പം സഞ്ചരിച്ച് രാഖിയും, അവർ മുൻപ് ചെറിയ വാക്കുകളിലൂടെ വരച്ചിട്ട ആ വലിയ ലോകത്തിലേക്ക് ഒരു നിമിഷം എത്തപ്പെട്ടു. ഇരുവരും സ്വയം നഷ്ടപ്പെട്ടു പോയ ആ നിമിഷത്തിൽ രാഖി പെട്ടെന്ന് ഉണ്ണിക്കുട്ടനെ കുറിച്ചോർത്തു. ഇന്ന് ഒരുപാട് വൈകിയിരിക്കുന്നു. അവൻ വല്ലാതെ വാശി പിടിച്ച് കരയുന്നുണ്ടാകണം. കാർഡിയാക് മോണിറ്ററിലെ സൂചകങ്ങളെല്ലാം തൃപ്തികരമാണെന്ന് ഉറപ്പു വരുത്തിയിട്ട് രാഖി മൊബൈൽ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു. ഊഹിച്ചതു പോലെ തന്നെ. അങ്ങേത്തലക്കൽ അപ്പുവേട്ടന്റെ സ്വരത്തിനു മേൽ ഉണ്ണിക്കുട്ടന്റെ അലറിക്കരച്ചിൽ രാഖിക്ക് കേൾക്കാം. തനിക്ക് തിരക്കാണെന്നു മനസ്സിലാക്കി അപ്പുവേട്ടൻ തന്നെ ഇതുവരെ ഫോൺ ചെയ്യാതിരുന്നതാകണം. പക്ഷെ ഉണ്ണിക്കുട്ടനെ നിയന്ത്രിക്കാൻ നന്നേ പാടുപെടുന്നുണ്ട്. താൻ എത്താൻ വൈകിയതിലുള്ള വാശിയാണ് ഉണ്ണിക്കുട്ടന്. അവനങ്ങിനെയാണ്. താനുള്ളപ്പോൾ എല്ലാത്തിനും താൻ തന്നെ വേണം. താൻ എത്ര വൈകി ഉറങ്ങിയാലും അത്രയും നേരം തന്റെ പുറകെ തന്നെയുണ്ടാകും. അവനു മൂന്നു വയസ്സാകും വരെ ജോലിക്കൊന്നും പോകാതെ അവന്റെ കൂടെ തന്നെയുണ്ടായിരുന്നതല്ലേ. പിന്നെ അപ്പുവേട്ടന്റെ നിർബന്ധപ്രകാരം മനസ്സില്ലാമനസ്സോടെ ഡ്യൂട്ടിക്ക് പോയിത്തുടങ്ങിയ നാളുകളിൽ, അവനെ അപ്പുവേട്ടന്റെ അമ്മയെ ഏൽപ്പിച്ചു പോരുമ്പോഴെല്ലാം താനും അവനും കരച്ചിലായിരുന്നു. പിന്നീടവൻ ഡ്യൂട്ടിക്ക് പോകുമ്പോഴുള്ള തന്റെ അസാന്നിധ്യവുമായി പൊരുത്തപ്പെട്ടു. ഇപ്പോൾ അവനു നാല് വയസ്സ്. താൻ എത്തുന്ന സമയം അവനറിയാം. ആ സമയമാകുമ്പോഴേക്കും വഴിക്കണ്ണുമായി നഖവും കടിച്ച് വരാന്തയിലിരിപ്പുണ്ടാകും. പിന്നെ അപ്പുവേട്ടനോ അപ്പുവേട്ടന്റെ അമ്മയോ വിളിച്ചാൽ ഇരുന്നിടത്തു നിന്ന് അനങ്ങില്ല. ഭക്ഷണം കഴിക്കില്ല. പതുക്കെ പതുക്കെ ആ കാത്തിരിപ്പ് കരച്ചിലിന് വഴി മാറും. വല്ലാതെ വൈകിയാൽ വാശി കൂടും. അത്തരത്തിൽ അവന്റെ ഉച്ചസ്ഥായിയിലുള്ള കരച്ചിലാണ് താനിപ്പോൾ കേൾക്കുന്നത്.
''അപ്പുവേട്ടാ, ഞാനിപ്പോഴും ആംബുലൻസിലാണ്. കാര്യങ്ങൾ വിചാരിച്ചതിലും വൈകി. ഹോസ്പിറ്റലിലെത്തി പേഷ്യന്റിനെ ഹാൻഡോവർ ചെയ്തുകഴിഞ്ഞേ എനിക്കിറങ്ങാൻ പറ്റൂ. അപ്പുവേട്ടൻ അവനെ എങ്ങിനെയെങ്കിലുമൊന്ന് സമാധാനിപ്പിക്ക്''.
അപ്പുവേട്ടൻ ഫോൺ ഉണ്ണിക്കുട്ടന് കൊടുത്തു.
''അമ്മയെന്താ വരാത്തത്?'' അവൻ തേങ്ങിക്കരഞ്ഞു കൊണ്ട് ചോദിക്കുന്നു. രാഖിയുടെ നെഞ്ച് പിടഞ്ഞു.
''അമ്മയുടെ ജോലി തീർന്നില്ല കുട്ടാ. അമ്മ ഓടി വരാട്ടോ. മോൻ മിടുക്കനായിട്ട് പാപ്പമെല്ലാമുണ്ട് നല്ല കുട്ടിയായിട്ടിരിക്കണം ട്ടോ''
''അമ്മ വന്നാലേ മോൻ പാപ്പം ഉണ്ണൂ''
''നല്ല കുട്ടിയായിട്ടു പാപ്പം കഴിച്ചാൽ അമ്മ മോനു ചോക്ലേറ്റു കൊണ്ടു വരുമല്ലോ''
ഒരു വിധം അവനെ സമാധാനിപ്പിച്ചു ഫോൺ കട്ട് ചെയ്തു. പിന്നെ ശ്രദ്ധ രോഗിയിലേക്കെത്തി. അവരപ്പോഴേക്കും മയങ്ങിത്തുടങ്ങിയിരുന്നു. ചുണ്ടിലപ്പോഴും മായാതെ നിൽക്കുന്നു, ആ പുഞ്ചിരി! ഉണർച്ചയിലും ഉറക്കത്തിലും അവരെ ചുറ്റി പ്രിയപ്പെട്ടവരുടെ മുഖങ്ങൾ മാത്രമാകണം. അവരെ നോക്കിക്കൊണ്ടിരിക്കേ രാഖിയുടെ കണ്ണുകൾ സജലങ്ങളായി. കണ്ണീർ സ്വയമറിയാതെ താഴേക്കൊഴുകി. സ്നേഹനദിയും താഴേക്കു മാത്രമാണല്ലോ ഒഴുകുന്നതെന്ന് രാഖി ഓർത്തു. അമ്മയിൽ നിന്നും കുഞ്ഞിലേക്ക്. ആ കുഞ്ഞിൽ നിന്നും അതിന്റെ കുഞ്ഞിലേക്ക്. പ്രകൃത്യാൽ അത് താഴേക്ക് മാത്രമൊഴുകുന്നു. ഏതു തടസ്സങ്ങളെയും തകർക്കാൻ പോന്ന ശക്തിയോടെ . നദികൾ മുകളിലേക്കൊഴുകില്ലല്ലോ. അഥവാ ഒഴുകാൻ ശ്രമിച്ചാലും അതിന് എത്ര ശക്തിയുണ്ടാകും?! രാഖി പതുക്കെ അവരുടെ വലതു കൈ തന്റെ കൈകളിലൊതുക്കി. കാത്തിരുന്ന ഏതോ പ്രിയസ്പർശം അനുഭവിച്ചറിഞ്ഞ പോലെ അവരുടെ കണ്ണുകൾ ഒന്ന് പിടഞ്ഞ് അൽപ്പം തുറന്നു. പിന്നെ വീണ്ടും നിദ്രയിലേക്ക് മടങ്ങി. അവരുടെ കയ്യിലേക്കടർന്നുവീണ രാഖിയുടെ ചുടുകണ്ണീർ അവരെ ഉണർത്തിയില്ല.

ഹോസ്പിറ്റലിൽ എത്തുമ്പോൾ സമയം ഒരുപാട് വൈകി. രാഖിയുടെ സ്ഥലത്തേക്ക് പോകാനുള്ള അടുത്ത ബസ് എത്താൻ അധികം സമയമില്ല. അത് കിട്ടിയില്ലെങ്കിൽ അത് കഴിഞ്ഞുള്ള ബസ് വരാൻ പിന്നെയും ഒരുപാട് വൈകും. അത്യാഹിതവിഭാഗത്തിലെത്തിച്ച രോഗിയെ ഡോക്ടേഴ്സ് ഉൾപ്പെടെയുള്ള സ്റ്റാഫിന് വേഗം ഹാൻഡോവർ ചെയ്തു.

'പേര് നിർമ്മല. എൺപത്തേഴ് വയസ്സ്. വിഡോ. റിട്ടയേഡ് പ്രൊഫെസ്സർ. മക്കളെല്ലാം വിദേശരാജ്യങ്ങളിൽ. മകൾ വിദേശത്തു നിന്ന് ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ താമസിക്കുന്ന ഫ്‌ളാറ്റ് കോംപ്ലക്‌സിലെ സെക്യൂരിറ്റി സ്റ്റാഫിനെ വിളിച്ചറിയിച്ചു. അവർ പോലീസ് സഹായത്താൽ ഫ്‌ളാറ്റ് തുറന്നു നോക്കിയപ്പോൾ സ്റ്റെയർ കെയ്സിന് താഴെ വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു രോഗി. ദേഹത്ത് ഉരഞ്ഞും ഏറെ നേരം തറയിൽ കിടന്നും ഉണ്ടായ മുറിവുകളും വിസർജ്ജ്യങ്ങളും. വീണതെന്നാണെന്നറിയില്ല. രണ്ടാഴ്ച മുൻപാണ് മക്കളിലൊരാൾ അവസാനം വിളിച്ചത്. അതിനു ശേഷം പിന്നെ ഇന്നാണ് അടുത്ത ഫോൺ കോൾ. സഹായത്തിനു വരുന്ന ഒരു സ്ത്രീ, മൂന്നു ദിവസം മുൻപ് വന്ന്‌ കുറേ നേരം കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ നിർമ്മലാമ്മയുടെ അനിയത്തി വന്ന്‌ കൂട്ടിക്കൊണ്ടു പോയിട്ടുണ്ടാകും എന്ന ധാരണയിൽ തിരിച്ചു പോയി. ഇടക്കങ്ങിനെ ഒരു പോക്ക് പതിവുള്ളതാണ്. ചെറിയ ഓർമ്മക്കുറവ് കുറച്ചു കാലമായുണ്ട്. ഷോർട്ട് ടേം മെമ്മറി ലോസ്. പഴയ കാര്യങ്ങളെല്ലാം മെമ്മറിയിലുണ്ട്. പക്ഷെ വീഴ്ചയെക്കുറിച്ച് ഓർമ്മയില്ല. നിർജ്ജലീകരണം അവരുടെ ഓർമ്മയെ കൂടുതൽ മോശമാക്കിയിരിക്കുന്നു'
ഇത്രയും കാര്യങ്ങളും പിന്നെ അത്യാവശ്യം വേണ്ട മറ്റു പ്രധാന കാര്യങ്ങളുമെല്ലാം തിടുക്കത്തിൽ ഹാൻഡോവർ ചെയ്ത് ഇറങ്ങാൻ തുടങ്ങും മുൻപ് രാഖി ഒരിക്കൽക്കൂടി അവരുടെ അടുക്കലെത്തി. മയക്കത്തിലാണ്. അവരെ നോക്കിക്കൊണ്ട് നിന്നപ്പോൾ രാഖി സ്‌കൂൾക്കാലത്ത് ടീച്ചേഴ്സ് വരപ്പിച്ചിരുന്ന ഫാമിലി ട്രീയെകുറിച്ചോർത്തു. ഓരോ കുട്ടിക്കും ഏഴും എട്ടും ചിത്രങ്ങൾ ഓരോ ട്രീയിലും വരച്ചു ചേർക്കാനുണ്ടായിരുന്നു അന്ന്. അങ്ങിനെ നോക്കുമ്പോൾ നിറയെ ഫലങ്ങൾ തൂങ്ങുന്ന ഒരു വലിയ കുടുംബവൃക്ഷത്തിന്റെ തായ്‌വേരല്ലേ ഈ അമ്മ. മാറിമറിഞ്ഞു വരുന്ന ഋതുക്കളെ നേരിട്ടും വരവേറ്റും ശാഖോപശാഖകളെ ചുറ്റും വിടർത്തി തലയുയർത്തി നിൽക്കുമ്പോഴും വൃക്ഷത്തിനെ ഭൂമിയുടെ ആഴങ്ങളിലേക്കുറപ്പിച്ചു നിറുത്തുന്ന, എന്നാൽ വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞു കിടക്കുന്ന തായ്‌വേര് - നിർമലാമ്മ എന്ന റിട്ടയേഡ് പ്രൊഫെസ്സർ നിർമ്മല- കൂടെയൊരാൾ പോലുമില്ലാതെ അനാഥയെപ്പോലെ ദാ ഇവിടെ.... അപ്പോഴും അവരുടെ മനസ്സ് മന്ത്രിക്കുന്നു - 'ഐ ഫീൽ വെരി ബ്ലെസ്സ്ഡ്'
രാഖി ഒരിക്കൽ കൂടി അവരുടെ കൈകളിൽ എത്തിപ്പിടിച്ചു. പിന്നെ വേഗത്തിൽ തിരികെ നടന്നു.

ബസ് സ്റ്റോപ്പിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിലും രാഖി ഫോൺ എടുത്ത് നമ്പർ പ്രെസ് ചെയ്തു. '' ഹലോ അമ്മേ.....'' ദിവസങ്ങൾക്കു ശേഷം മകളുടെ സ്വരം കാതിൽ വന്ന്‌ വീഴുമ്പോൾ വിടരുന്ന ആ മുഖം രാഖി അടുത്തു കണ്ടു. 'നിന്നെ വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ മോളെ..' എന്ന അടുത്ത ചോദ്യത്തിന് ഉത്തരമായി പതിവായി പറയാറുള്ള തിരക്കുകളുടെ പട്ടിക രാഖി അപ്പോൾ പറഞ്ഞില്ല. പകരം, തൊണ്ടയിൽ എത്തിനിൽക്കുന്ന ഗദ്‌ഗദം വാക്കുകളിൽ ധ്വനിക്കാതിരിക്കാൻ രാഖി പരിശ്രമിക്കുകയായിരുന്നു.

ഒരു സായന്തനക്കാഴ്ച

ഏകദേശം വൈകുന്നേരത്തോടടുത്തുള്ള ആ ഒന്നൊന്നര മണിക്കൂർ നേരത്തെ ഉറക്കത്തിൽ അവൾ സ്വപ്നങ്ങൾക്കൊപ്പമായിരുന്നു. ആ സ്വപ്നങ്ങളിൽ അവളും അയാളും കൈകൾ കോർത്തു പിടിച്ച്, അവർക്കായി മാത്രം പുഷ്പങ്ങൾ വിരിയിച്ച് നിൽക്കുന്ന ഏതോ യൂറോപ്പ്യൻ രാജ്യത്തെ ഉദ്യാനങ്ങളിൽ ഒരു തണുപ്പുള്ള സായന്തനത്തിൽ അലസം നടക്കുകയായിരുന്നു. തണുത്ത കാറ്റ് വീശുമ്പോൾ ചൂട് പകരാനെന്ന പോലെ ഇടയ്ക്കയാൾ അവളെ തന്നിലേക്ക് ചേർത്തു പിടിക്കും. പ്രേമലോലം തലോടും. ആർദ്രമായി അയാളെ നോക്കുന്ന അവളുടെ കണ്ണുകളിലേക്ക് ഇടക്ക് ഉറ്റുനോക്കും. അത്തരമൊരു നിമിഷത്തിൽ, ഒരു ചിത്രശലഭം പോലെ പതിയെ പാറി വന്ന് അയാളുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളിലേക്കമരുമെന്ന് തോന്നിയ ആ നിമിഷത്തിൽ, അവൾ അയാളോട് ഒന്ന് കൂടി ചേർന്നു നിന്ന്, കണ്ണുകൾ പാതി കൂമ്പി, മുഖം മുകളിലേക്കുയർത്തി, കാൽവിരലുകളിൽ ഉയർന്നു പൊങ്ങിയ ആ നിമിഷത്തിലാണ് അവളുടെ കാലുകളിൽ ആഞ്ഞാഞ്ഞുള്ള ആ തട്ടലുകൾ വന്നു വീണതും അവൾ പിടഞ്ഞഴുന്നേറ്റു അയാളുടെ തറച്ചുള്ള നോട്ടത്തിലേക്ക് കൺ തുറന്നതും. പെട്ടെന്നുള്ള ഉണർച്ചയിൽ, സ്വപ്നയാഥാർഥ്യങ്ങൾ വേർതിരിക്കാൻ കഴിയാതിരുന്ന ആ നിമിഷത്തിൽ, താൻ കണ്ട മനോഹരസ്വപ്നത്തിന്റെ പ്രതിഫലനമായി അവളുടെ കണ്ണുകളിൽ അവശേഷിച്ചിരുന്ന ആ ആർദ്രമായ നോട്ടത്തെ അവഗണിച്ച്, ''അലാം അടിച്ചതൊന്നും നീ കേട്ടില്ലേ?'' എന്ന് അൽപ്പം ഈർഷ്യയോടെ ചോദിച്ച് അയാൾ നടന്നു പോയപ്പോൾ അവൾ പെട്ടെന്ന് സ്ഥലകാലബോധം കൈവരിച്ചു.  ഇംഗ്ലണ്ടിൻ്റെ പഴയകാലപ്രതാപത്തിൽ തലയുയർത്തി നിൽക്കുന്ന മണിസൗധങ്ങളിൽ നിന്നും പോക്കുവെയിൽ നീണ്ട തോൾവസ്ത്രം പോലെ ജനലിലൂടെ അവളുടെ കിടക്കവിരിപ്പിൽ വീണുകിടന്നു.  അവൾ മൊബൈൽ ഫോണിൽ സെറ്റു ചെയ്തു വച്ചിരുന്ന അലാമിലേക്ക് നോക്കി. അതടിച്ചു കഴിഞ്ഞിരിക്കുന്നു. എങ്ങിനെ അറിയാനാണ്. തുടർച്ചയായുള്ള ആറു നൈറ്റ് ഷിഫ്റ്റുകൾ അവളെ വല്ലാതെ തളർത്തിയിരിക്കുന്നു. സ്ഥിര ജോലിയും, അതിനു പുറമേ സ്ഥിരജോലിയിൽ നിന്ന് കിട്ടുന്നതിനേക്കാൾ നാലിരട്ടിയോളം പേമെന്റ് ഓരോ മണിക്കൂറിനും തരുന്ന ചില ഏജൻസികൾ വഴി, മറ്റു പല ഹോസ്പിറ്റലുകളിലും അവൾ ജോലി ചെയ്യുന്നു. ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാസമയവും, വീട്ടുജോലിക്കുള്ള സമയവും കഴിഞ്ഞ് മൂന്നോ നാലോ മണിക്കൂറുകൾ മാത്രമാണ് എന്നുമവൾ ഉറങ്ങുന്നത്. ഭർത്താവിനാണെങ്കിൽ അന്നന്ന് പാചകം ചെയ്ത ഭക്ഷണം ചൂടോടെ കിട്ടണമെന്ന് നിർബന്ധവുമാണ്. ഇന്നാണെങ്കിൽ ഞായറാഴ്ചയായതു കൊണ്ടും ഭർത്താവ് കൂടി വീട്ടിൽ ഉള്ളത് കൊണ്ടും അവധിയെടുക്കാമെന്ന് വച്ച് അവൾ പതിവിൽ കൂടുതൽ പണികൾ ചെയ്തു. ആ സമയത്തെല്ലാം അയാൾ കമ്പ്യൂട്ടറിൽ, നാട്ടിൽ വാങ്ങാനിരിക്കുന്ന നാലാമത്തെ പ്ലോട്ടിന്റെ വിശദാംശങ്ങൾ നോക്കുകയും മറ്റുമായിരുന്നു. ഏകദേശം നാല് മണിയോടടുത്തതാണ്, ദൂരെയൊരു ഹോസ്പിറ്റലിൽ ഇന്ന് നൈറ്റ് കവറിന് ആളെ വേണമെന്ന് ഒരു ഏജൻസി വഴി അയാൾ അറിയുന്നതും അവളെ അതറിയിക്കുന്നതും. ആ ഹോസ്പിറ്റൽ ആണെങ്കിൽ അവൾക്ക് പുതിയതും. അവൾക്കിനിയും സ്വയം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത ആ വിധേയത്വഭാവത്തോടെ, നേട്ടങ്ങളുടെ സിംഹഭാഗത്തിനും വഴി വയ്ക്കുന്ന അവളുടെ അദ്ധ്വാനത്തിനു മേൽ അടയിരുന്ന് അയാളുടെ ചുണ്ടുകൾ വല്ലപ്പോഴും വിരിയിച്ചെടുക്കുന്ന ഒരു ചെറുപുഞ്ചിരിയിൽ അവൾ കണ്ടെത്തുന്ന സായൂജ്യം നഷ്ടപ്പെടുത്താൻ മനസ്സ് വരാഞ്ഞ്, പിന്നെയുള്ള ഒന്നര മണിക്കൂർ അവൾ അലാം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു. എന്നാൽ ക്ഷീണാധിക്യത്താൽ അലാം അടിച്ചത് അവൾ അറിഞ്ഞില്ല. അതിനാലാണ് അയാൾക്ക് അവളെ തട്ടിയുണർത്തേണ്ടി വന്നത്. 
 
അവൾ വേച്ചെഴുന്നേറ്റ് ഡ്യുട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായി. മുഖം കഴുകി റ്റവ്വൽ കൊണ്ട് തുടച്ച് കണ്ണാടിയിലേക്ക് പാളി നോക്കി. കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണുന്നത് അവൾക്ക് പൊതുവേ ഇഷ്ടമല്ല. അൽപ്പാൽപ്പം ചുളിവു വീണ മുഖവും, ഒട്ടും ചുളിവു വീഴാത്ത ഉദരവും, കണ്ണാടിയിൽ അവജ്ഞയുടെയും അവഗണനയുടെയും സമവാക്യങ്ങളായി പ്രതിബിംബിക്കുന്നു എന്നവൾ വിശ്വസിക്കുന്നു. ധൃതിയിൽ വസ്ത്രം മാറുന്ന നേരത്താണ്, അയാൾ ബാങ്ക് കാർഡ് എടുക്കാനോ മറ്റോ മുറിയിലേക്ക് കയറി വന്നത്. അവളുടെ പാതി നഗ്നമായ ശരീരത്തിലേക്ക് പെട്ടെന്നയാളുടെ നോട്ടം വന്നു വീണു. അയാളുടെ കണ്ണുകൾ അറപ്പിനാൽ ചുരുങ്ങുന്നതു പോലെ തോന്നിയപ്പോൾ അവൾ പെട്ടെന്ന് അരികത്ത് കിടന്ന റ്റവ്വൽ എടുത്ത് നിവർത്തി സങ്കോചത്തോടെ ദേഹത്തോട് ചേർത്തു. അവളെ ഒരിക്കൽക്കൂടി നോക്കാതെ അയാൾ തിരിഞ്ഞു. അതവൾക്ക് ഒരു പുതിയ അനുഭവമായിരുന്നില്ല. വിവാഹത്തിന്റെ ആദ്യനാളുകളിൽത്തന്നെ അയാൾക്ക് അവളോടുള്ള സമീപനത്തിലെ യാന്ത്രീകത അവൾ തിരിച്ചറിഞ്ഞിരുന്നു. ആദ്യമൊക്കെ അതവളെ വേദനിപ്പിക്കുകയും അവളത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അവളുടെ എതിർപ്പുകളോട് സ്ഥിരമായി അയാൾ സ്വീകരിച്ചിരുന്ന അവഗണനാമനോഭാവത്തോട് പിന്നീടവൾ പൊരുത്തപ്പെട്ടു. ബാങ്ക് കാർഡ് എടുത്ത് തിരിച്ചു നടന്ന അയാൾ, ഡ്രസിങ് ടേബിളിനു മുകളിലിരുന്ന വില കൂടിയ പെർഫ്‌യൂം ബോട്ടിലിനടുത്തേക്ക് നീങ്ങി. അതെടുത്തൊന്നു മണത്തു. പിന്നെ അവിടെത്തന്നെ വച്ച് കടന്നു പോയി. വില കൂടിയ മെൻസ് പെർഫ്‌യൂം. ഈയിടെ അയാൾക്കെപ്പോഴും വില കൂടിയ പലതരം പെർഫ്‌യൂമുകളുടെ മണമാണ്. അയാളുടെ വസ്ത്രങ്ങളിലും അയാൾ കിടക്കുന്ന കിടക്ക വിരിപ്പിലും അയാൾക്ക് ചുറ്റുമുള്ള വായുവിൽ പോലും അതിന്റെ ഗന്ധമാണ്. ഇന്നത്തെ ആ ചെറിയ മയക്കത്തിൽ കണ്ട സ്വപ്നത്തിലെ ഉദ്യാനത്തിൽ പോലും അത്തരം സുഗന്ധങ്ങൾ നിറഞ്ഞു നിന്നിരുന്നല്ലോ എന്നവൾ ഓർത്തു. അത് അവളെ വീണ്ടും ആ മാസ്മരീകസ്വപ്നത്തിന്റെ ഓർമ്മകളിൽ കൊണ്ടെത്തിച്ചു. ഒരു നിമിഷം അവൾ അതിൽ ആമഗ്നയായി. പിന്നെ പെട്ടെന്ന് സമയത്തെക്കുറിച്ച് ബോധവതിയായി. മുടി ഒതുക്കിക്കെട്ടി. വാഷിങ് പൗഡർ മാത്രം മണക്കുന്ന അവളുടെ വസ്ത്രങ്ങൾ മാറി യൂണിഫോ൦ ധൃതിയിൽ ധരിച്ചിട്ട്, രാവിലെ സ്വീകരണമുറിയുടെ മൂലയിലുള്ള റ്റേബിളിൽ കൊണ്ടുവച്ചിരുന്ന ബാഗ് എടുക്കാനോടി. മുറിയുടെ മറ്റൊരു മൂലയിലുള്ള കമ്പ്യൂട്ടറിൽ അയാൾ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു. ഹാളിന്റെ ചുവരുകളിൽ ആയാളും അവളും ഒരുമിച്ചുള്ള ചിത്രങ്ങൾ വിലകൂടിയ ഫ്രയിമുകൾക്കുള്ളിൽ തൂങ്ങുന്നു. സങ്കൽപ്പത്തിലെ ദാമ്പത്യം സ്വീകരണമുറിയുടെ ചുവരുകളിൽ തൂങ്ങിയാടി അവളെ നോക്കി പല്ലിളിക്കുന്നതു കാണാതെ, രാത്രിഭക്ഷണം എടുത്തു വച്ചിരുന്ന റ്റിഫിൻബോക്സ് മറന്ന്, കാറിലെ നാവിഗേറ്ററിൽ ഇന്ന് പോകേണ്ട അപരിചിതമായ ഹോസ്പിറ്റലിന്റെ പോസ്റ്റ് കോഡ് ഫീഡ് ചെയ്ത്, അതിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് ചെവിയോർത്ത്, കൃത്യസമയത്തു ഡ്യൂട്ടിക്കെത്തിച്ചേരാനാകുമോ എന്ന വേവലാതിയിൽ അവളും, അവൾ പോയതിനു പുറകേ, വില കൂടിയ വസ്ത്രങ്ങളും തനിക്കു പ്രിയപ്പെട്ട വില കൂടിയ പെർഫ്‌യൂമുമണിഞ്ഞ്, നാവിഗേറ്ററിന്റെ സഹായമില്ലാതെ, ചിരപരിചിത വഴികളിലൂടെ, കൃത്യമായ സമയധാരണയോടെ, ഇനിയും അറിയേണ്ടുന്ന ഏതൊക്കെയോ സുഗന്ധങ്ങളുടെ വില്പനശാലകളിലേക്ക് അയാളും കാറോടിച്ചു പോയി.

Sunday, 5 July 2009

സീമന്തം

“ഓം ശ്രീമാതാ ശ്രീ മഹാരാജ്ഞീ ശ്രീമത്‌സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭൂതാ ദേവകാര്യ സമുദ്യതാ
ഉദ്യദ്ഭാനു സഹസ്രാഭാ ചതുർബാഹുസമന്വിതാ
രാഗസ്വരൂപപാശാഢ്യാ ക്രോധാകാരാങ്കുശോജ്ജ്വലാ..”

മണിമുഴക്കങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കും ദീപാരാധന തൊഴുന്ന ഭക്തരുടെ നാമജപങ്ങൾക്കുമിടയിലും മുത്തശ്ശിയുടെ വിറയാർന്ന ശബ്ദം ജപിക്കുന്ന ലളിതാസഹസ്രനാമം അവ്യക്തമായി ശ്രീദേവിയുടെ കാതുകളിൽ വന്നു വീഴുന്നുണ്ടായിരുന്നു. മനമുരുകി മുത്തശ്ശിയിപ്പോൾ പ്രാർത്ഥിക്കുന്നതെന്തെന്ന് ശ്രീദേവിക്കൂഹിക്കാം. ഒരു ഉണ്ണിക്കാൽ. തലമുറ അന്യം നിന്നു പോകാതിരിക്കാൻ, പൌത്രവധുവായ തന്നിലൂടെ, പാരമ്പര്യങ്ങളുടെ കാവൽപ്പുരുഷനായി ഒരു ആൺ‌തരി. അതിനു വേണ്ടി, കുടുംബം വക ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു മുൻപുള്ള നാളുകളിലെ പ്രത്യേക പ്രാർത്ഥനകളും പൂജകളും കഠിനമായ വ്രതാനുഷ്ഠാനങ്ങളും. ഇന്ന് ഉത്സവനാൾ. വ്രതാനുഷ്ഠാനങ്ങളുടെ അവസാന നാൾ. ദേവീക്ഷേത്രത്തിൽ കൊടി കയറിയ അന്നു മുതൽ ഇന്നേക്ക് നാൽ‌പ്പത്തൊന്ന് തികയുന്ന മുഴുവൻ ദിവസങ്ങളിലും, പറ്റുമ്പോഴെല്ലാം തന്നെയും കൂടെ കൂട്ടി, ദിവസേനയുള്ള അഞ്ചു പൂജകളിൽ ഒന്നു പോലും മുടങ്ങാതെ മുത്തശ്ശി തൊഴുന്നത് ഈ അനപത്യതാദു:ഖം ഒന്നു കൊണ്ടു മാത്രം. എങ്കിലും, ഒരു കുഞ്ഞിനെ നൽകാൻ കഴിയാത്തവൾ എന്ന ഭാവമോ ഈർഷ്യയോ, കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഒരിക്കൽ പോലും തന്റെ നേരെ മുത്തശ്ശി കാണിച്ചിട്ടില്ല.

തറവാട്ടു കാരണവസ്ഥാനമാണു മുത്തശ്ശിക്ക്. വാല്യക്കാർ ആ മുന്നിൽ ഭയാ‍ദരങ്ങളോടെ നിൽക്കുമ്പോഴും തനിക്കരികിൽ തുളുമ്പുന്ന സ്നേഹവും വാത്സല്യവുമാണവർ. തൊണ്ണൂറൂ ദിവസത്തെ കഠിനവ്രതചര്യകളിൽ കടുകിട വീഴ്ച വരാതിരിക്കാൻ വാർദ്ധക്യത്തിന്റെ അസ്ക്യതകൾ വക വയ്ക്കാതെ പാവം മുത്തശ്ശി തന്റെ കൂടെത്തന്നെ നിന്നു. തൊണ്ണൂറു ദിവസം ഭർത്താവിനോടൊപ്പം തനിക്കും വ്രതം. പരസ്പരം സ്പർശം നിഷിദ്ധം. മുത്തശ്ശിയുടെ അറയിലായിരുന്നു ഉറക്കം. ഏഴര നാഴിക വെളുപ്പുള്ളപ്പോൾ ശ്രീദേവിയെ വിളിച്ചുണർത്തുന്നു മുത്തശ്ശി. തണുപ്പു വകവയ്ക്കാതെ ക്ഷേത്രക്കുളത്തിൽ ഒപ്പം മുങ്ങി നിവരുന്നു. ഈറനോടെ ക്ഷേത്രത്തിന്റെ തെക്കുകിഴക്കു മൂലയിൽ നിൽക്കുന്ന അരയാലിനെ ഏഴുവട്ടം പ്രദക്ഷിണം വയ്പ്പിച്ച് ഇഷ്ടപുത്രലബ്ധിക്കായി തന്നെക്കൊണ്ട് സന്താനഗോപാലമന്ത്രവും ചൊല്ലിക്കുമ്പോഴും മുത്തശ്ശി കൂടെത്തന്നെ. ഈറനോടെ തന്നെ ക്ഷേത്രത്തിലെ ഉഷപൂജ തൊഴുത് ഇല്ലത്തേക്കു മടങ്ങിയാൽ ആദ്യം വെറും വയറ്റിൽ തനിക്കു, പ്രത്യേകം പൂജിച്ച നെയ്സേവ. പിന്നെ അന്നേ ദിവസം ക്ഷേത്രത്തിലെ നിത്യപൂജകളോടൊപ്പം തങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പൂജകൾക്കൊക്കെ തന്നെയും കൂട്ടി സന്നിഹിത.

കൊടി കയറിയ അന്നു മുതൽ ക്ഷേത്രത്തിൽ മൂന്നു പൂജകൾക്കു പകരം അഞ്ചു പൂജകളാണ്. ആചാരമനുസരിച്ച് ക്ഷേത്രത്തിലെ പ്രധാനപൂജാരിയായിരിക്കേണ്ടത് ഇല്ലത്തെ പ്രതിനിധിയാണ്. മുത്തശ്ശിയുടെ ഏകമകൻ അകാലത്തിൽ മരിക്കും വരെ അദ്ദേഹമായിരുന്നു ആ സ്ഥാനം വഹിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിനു ശേഷം ആ സ്ഥാനം വഹിക്കേണ്ടിയിരുന്ന പൌത്രന് ഇത്തരം പാരമ്പര്യാനുഷ്ഠാനങ്ങളിൽ തളക്കപ്പെട്ടു കിടക്കുന്നതിന് അശേഷം താൽ‌പ്പര്യമില്ലായിരുന്നു. എഞ്ചിനീയറായ അദ്ദേഹം മുത്തശ്ശിയുടെ തൃപ്തിക്കു വേണ്ടി മാത്രം ഉത്സവത്തോടനുബന്ധിച്ച് ദീക്ഷയെടുക്കുന്നു

തൊണ്ണൂറു നാൾ ഒരു നേരം മാത്രം അന്നം. അതും ക്ഷേത്രത്തിൽ നിന്നുള്ള പടച്ചോറ്. ശേഷം പാലും പഴങ്ങളും മാത്രം. ഇഷ്ടപുത്രലാഭത്തിനായുള്ള പ്രത്യേക പൂജകളോടനുബന്ധിച്ച് തന്ത്രി ഇപ്രകാരം നിർദ്ദേശിച്ചത് പൌത്രനും പൌത്രഭാര്യയായ തനിക്കും വേണ്ടിയാണെങ്കിലും പ്രായമായ മുത്തശ്ശിയും, എതിർപ്പുകളെ വക വയ്ക്കാതെ അവയെല്ലാം നോൽക്കുന്നത് ആ സ്നേഹവും കരുതലും കൊണ്ടു മാത്രം. തൊണ്ണൂറു നാളത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് ഇന്നവസാനം. ശ്രീബലിക്കും തൃപ്പുകക്കും ശേഷം ക്ഷേത്രനടയടച്ചുകഴിഞ്ഞാൽ നോമ്പു മുറിക്കാം. ഉത്സവാഘോഷങ്ങൾ അവസാനിക്കുന്ന ഈ നാളിൽ, ദേവിക്കു മുന്നിൽ നിന്ന് ദീപാരാധന തൊഴുന്ന മുത്തശ്ശി അകം കലങ്ങി ദേവിയെ വിളിക്കുന്നുണ്ടാകും “ ദേവീ, തലമുറകളുടെ കണ്ണികൾ മുറിഞ്ഞു പോകാതെ കാക്കണേ” എന്ന്.

തൊട്ടു മുന്നിൽ നിന്നു തൊഴുന്ന മുത്തശ്ശിയുടെ മുഴുവൻ വെള്ളി കെട്ടിയ മുടിയിഴകളുടെ അതിർ വരമ്പിലൂടെ, ശ്രീകോവിലിനുള്ളിൽ മുഴുക്കാപ്പണിഞ്ഞ്, ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ദേവീവിഗ്രഹത്തിൽ മിഴിയർപ്പിച്ചു നിൽക്കുമ്പോൾ ശ്രീദേവിയുടെ മനസ്സിൽ മൂന്ന് വർഷങ്ങൾക്കപ്പുറത്തെ വിവാഹനാളായിരുന്നു. അന്ന് നിറദീപവുമേന്തി ഗൃഹപ്രവേശം നടത്തുമ്പോൾ മുത്തശ്ശിയുടെ ആത്മഗതം കേട്ടു “മുഴുക്കാപ്പണിഞ്ഞ ദേവീവിഗ്രഹം തന്നെ. നല്ല ഐശ്വര്യോള്ള കുട്ടി.“ ഇന്നു വരെ ആ സ്നേഹത്തിന് ഒരു ഭംഗവും വന്നിട്ടില്ല. ഭർത്താവിന്റെ മുത്തശ്ശിയായിരുന്നിട്ടും അവർക്ക് താൻ സ്വന്തം പൌത്രി തന്നെയായിരുന്നു. ദരിദ്രരായിരുന്നു ശ്രീദേവിയുടെ മാതാപിതാക്കൾ. അമ്മയുടെ മാതുലന്റെ കാരുണ്യത്തിൽ ഒരു വലിയ കൂട്ടുകുടുംബത്തിൽ ആശ്രിതരായാണ്, ഇളയ രണ്ടു സഹോദരിമാരോടും മാതാപിതാക്കളൊടുമൊപ്പം ശ്രീദേവി കഴിഞ്ഞിരുന്നത്. വിവാഹാനന്തരം ഒരു ആശ്രിതത്വത്തിൽ നിന്ന് മറ്റൊന്നിലേക്ക്, എന്നേ ശ്രീദേവി കരുതിയിരുന്നുള്ളു. എന്നാൽ ഇവിടെ ശ്രീദേവിയെ എതിരേറ്റത് സ്നേഹത്തിന്റെ നിറകുടമായ മുത്തശ്ശിയാണ്. അനുഭവിച്ചത് അതുവരെ അറിയാത്ത സ്വാതന്ത്ര്യവും.

പഴമയുടെ ആഢ്യത്വം നിറഞ്ഞു നിന്നിരുന്ന ആ നാലുകെട്ടിനകത്ത് പക്ഷെ, സ്വന്തം ഇല്ലത്തു നിന്ന് വ്യത്യസ്തമായി വല്ലാത്തൊരേകാന്തതയായിരുന്നു ശ്രീദേവിക്ക്. അതിൽ നിന്നു രക്ഷപ്പെടാൻ എന്തെങ്കിലുമൊക്കെ അകജോലികളോ തോട്ടമുണ്ടാക്കലോ ഒക്കെ ചെയ്യാൻ ശ്രീദേവിക്കിഷ്ടമായിരുന്നെങ്കിലും മുത്തശ്ശി അതിനൊന്നും സമ്മതിച്ചിരുന്നില്ല. എന്തിനും ഏതിനും വാല്യക്കാർ. ഉച്ച വരെ മുത്തശ്ശി വാല്യക്കാർക്കും പുറം പണിക്കാർക്കുമുള്ള പല തരം നിർദ്ദേങ്ങളുമായി തിരക്കിലായിരിക്കും. ഉച്ച ഭക്ഷണം കഴിഞ്ഞ്, മുത്തശ്ശിയുടെ പതിവുറക്കവും കഴിഞ്ഞാൽ ശ്രീദേവിക്ക് മുത്തശ്ശിയെ അടുത്തു കിട്ടും. നാലും കൂട്ടി മുറുക്കാൻ ഇടിച്ചു കൊടുക്കുമ്പോൾ മുത്തശ്ശി പറയാറുള്ള പഴം കഥകളാണ് ഈ വിരസതയിൽ നിന്നുള്ള ഒരു മോചനമാർഗ്ഗം. അല്ലാത്തപ്പോൾ വായനാമുറിയിൽ ധാരാളമായിരിക്കുന്ന പഴയതും പുതിയതുമായ പുസ്തകശേഖരങ്ങളും.





അങ്ങിനെയുള്ള ഒരു ദിവസം വല്ലാതെ മടുപ്പ് തോന്നിയപ്പോഴാണ്, വെയിൽ താഴാൻ തുടങ്ങിയ ഒരു നേരത്ത്, മുത്തശ്ശി ഉറക്കമുണരുന്നതിനു മുമ്പ് തിരിച്ചെത്താമെന്നു കരുതി ശ്രീദേവി, തൊടിയിലൂടെ ഒന്നു നടക്കാനിറങ്ങിയത്. വിവാഹം കഴിഞ്ഞ് ഒരുമാസമായെങ്കിലും തൊടിയിലേക്കൊന്നും ശ്രീദേവി ഇറങ്ങിയിട്ടേ ഇല്ലായിരുന്നു. അതു കൊണ്ടാകണം, പതിവില്ലാതെ പുറത്തേക്കിറങ്ങിയ ശ്രീദേവിയെ വാല്യക്കാരി തുറിച്ചു നോക്കി നിന്നത്. ഇല്ലത്തിന് ചുറ്റും ഏക്കറുകണക്കിന് സ്ഥലം ഇല്ലത്തിന്റേതായുണ്ട്. തെക്കും കിഴക്കും ഭാഗങ്ങളിൽ തെങ്ങുകളുടേയും കവുങ്ങുകളുടേയും തോട്ടങ്ങൾ. പടിഞ്ഞാറുമാറി കൊണ്ടൽക്കൃഷികളും മറ്റും. വടക്കോട്ടൽ‌പ്പം നടന്നാൽ കവുങ്ങുതോട്ടത്തിനപ്പുറം വിശാലമായ നെൽ‌പ്പാടങ്ങൾ. കുളിർകാറ്റേറ്റ് തൊടിയിൽ നിൽക്കുമ്പോൾ, എത്ര ശാലീനസുന്ദരമാണ് ഈ പ്രദേശം, എന്നു ചിന്തിക്കുകയായിരുന്നു ശ്രീദേവി. എങ്ങോട്ടു തിരിയണമെന്നോർത്ത് നിൽക്കുമ്പോൾ കവുങ്ങുതോട്ടത്തിനിടയിലൂടെ ദൂരെ കാണായ പച്ച വയലേലകൾ തന്നെ മാടി വിളിക്കുന്നു. വല്ലാത്തൊരാകർഷണീയതയിൽ വയലരികിലെത്തി, അതിന്റെ വിശാലതക്കപ്പുറത്തേക്ക് കണ്ണോടിക്കുമ്പോൾ കണ്ടു, വയലുകൾക്കപ്പുറത്തും തലയുയർത്തി നിൽക്കുന്ന പലതരം മരങ്ങൾ. മറ്റു മരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വയലരികിലായി പടർന്നു പന്തലിച്ചു നിന്ന വലിയൊരു വൃക്ഷവും അതിനു താഴെ
കെട്ടിയുണ്ടാക്കിയിരിക്കുന്ന കൽമണ്ഡപവും അൽ‌പ്പം കൌതുകത്തോടെ നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് പിന്നിൽ നിന്ന് മുത്തശ്ശിയുടെ പകച്ചുള്ള വിളി കേട്ടത്. വടിയൂന്നിയൂന്നി മുത്തശ്ശിയും കൂടെ ഒരു വാല്യക്കാരിയും ഓടിയും നടന്നും വെപ്രാളത്തോടെ വരികയാണ്. “എന്തിനാ കുട്ട്യേ ആരോടും മിണ്ടാതെ ഇങ്ങോട്ടിറങ്ങിപ്പോന്നത്. ഇവിടെ നിന്നു ചുറ്റിക്കറങ്ങാതെ, വരിക” എന്നു പറഞ്ഞ് തിരിഞ്ഞു നടന്ന മുത്തശ്ശിയുടെ വാക്കുകളിലെ പകപ്പും കോപവും തിരിച്ചറിഞ്ഞ്, മിണ്ടാതെ പുറകേ നടന്ന് പോരുമ്പോൾ മുത്തശ്ശി വിറയാർന്ന ശബ്ദത്തിൽ ജപിക്കുന്നുണ്ടായിരുന്നതെന്തെന്ന് വ്യക്തമായില്ല ശ്രീദേവിക്ക്.

വിലക്കുകൾ ജീവിതത്തിൽ ഇതാദ്യമല്ലെങ്കിലും ഭർത്തൃഗൃഹത്തിൽ വന്ന ശേഷം മുത്തശ്ശിയുടെ മുഖത്ത് ആദ്യമായി കണ്ട ഈർഷ്യ, അൽപ്പം മുൻപ് അപ്പൂപ്പൻതാടി പോലെ പൊങ്ങിപ്പറന്ന മനസ്സിനെ നനഞ്ഞ പഞ്ഞിത്തുണ്ടാക്കി. നടുമുറ്റത്തെ ഒരു മൂലയിൽ വളർന്നു നിൽക്കുന്ന മുല്ലച്ചെടിയെ നോക്കി അരഭിത്തിയിലിരിക്കുമ്പോൾ മുടിയിൽ അരുമയാർന്നൊരു തലോടൽ. മുത്തശ്ശിയാണ്, “സങ്കടായോ എന്റൂട്ടിക്ക്” എന്നു ചോദിച്ച്. “ഒന്നൂല്ല്യ മുത്തശ്ശി” എന്നു പറഞ്ഞെങ്കിലും ശബ്ദത്തിലെ സങ്കടം മുത്തശ്ശി തിരിച്ചറിഞ്ഞിട്ടുണ്ടാകും. അന്ന് മുത്തശ്ശിക്ക് വെറ്റിലയടക്ക ഇടിച്ചു കൊടുക്കാനിരുന്നപ്പോഴാണ് “കുട്ട്യേ പേടിപ്പിക്കണ്ടാന്നോർത്ത് പറയാതിരുന്നതാണ്” എന്ന മുഖവുരയോടെ മുത്തശ്ശി ആ പഴംകഥകൾ പറയാൻ തുടങ്ങിയത്. ആ ഇല്ലം, പിൻ‌തലമുറക്കായുസ്സുണ്ടാവില്ല എന്നൊരു ശാപത്താൽ ഗ്രസ്തമാണത്രേ. ശ്രീദേവിക്കറിയില്ല എന്നോർത്താണ് മുത്തശ്ശിയത് പറഞ്ഞതെങ്കിലും, വേളിക്കു മുമ്പു തന്നെ ആ ഇല്ലത്തെ കുറിച്ച് അപ്രകാരം ഒരു ചൊല്ല് ശ്രീദേവിയും കേട്ടിരിക്കുന്നു. അങ്ങിനെയൊരു ഇല്ലമായതിനാലാണല്ലോ, ഒരു ദരിദ്രനമ്പൂതിരിയുടെ മൂത്ത മകളായ തന്നെ, ഇവിടത്തെ വിദ്യാസമ്പന്നനായ ഏക ആൺ തരിക്ക് വേളിയാക്കേണ്ടി വന്നത്. ഭർത്തൃഗൃഹത്തിൽ വന്ന ശേഷം, ശാപഗ്രസ്തമായ ഇല്ലം എന്ന ആ നാട്ടുസംസാരം ഒരിക്കൽപ്പോലും ശ്രീദേവി ഓർത്തിട്ടില്ല. എന്നാലിപ്പോൾ മുന്നിലിരുന്ന് കഥ പറയുമ്പോൾ, പൂർണ്ണേന്ദുവിനെ വന്നുമൂടാൻ ശ്രമിക്കുന്ന കാർമേഘപടലം പോലെ മുത്തശ്ശിയുടെ മുഖത്ത് നിഴൽ വീഴ്ത്തുന്ന ഭയം, മുത്തശ്ശി മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രീദേവിക്കത് വ്യക്തമാണ്

മുത്തശ്ശി കഥ പറയുകയാണ്, മുത്തശ്ശിക്കു മുമ്പ് ഒരു മൂന്ന് തലമുറക്കപ്പുറത്തെ, യൗവനത്തിൽ തന്നെ തറവാട്ടു കാരണവസ്ഥാനത്തെത്തിയ ഭവത്രാതൻ നമ്പൂതിരിയുടെ കഥ. മുത്തശ്ശിയുടെ മങ്ങിയ കണ്ണുകളിൽ വിളറി പ്രതിബിംബിക്കുന്ന ഭയത്തിൽ ശ്രീദേവി കണ്ടു; കുടുമ വച്ച്, പൂണൂൽ ധരിച്ച്, തടിച്ച കൂട്ടുപുരികങ്ങളോടും ആജ്ഞാശക്തിയുള്ള കണ്ണുകളോടും കൂടിയ ആജാനുബാഹുവായ ആ മുൻ‌കാരണവരെ. വേദമന്ത്രോപാസകൻ. ഉഗ്രക്രിയകൾ സ്വായത്തമാക്കിയവൻ. നാടും നാട്ടാരും ഭയഭക്തിബഹുമാനങ്ങളർപ്പിച്ചു കാണുന്നവൻ. കഠിനബ്രഹ്മചാരി. തറവാട്ടു ദേവീക്ഷേത്രത്തിലെ മുഖ്യകാർമികൻ. അതോടൊപ്പം അന്യനാടുകളിൽ നിന്നു പോലും പൂജകൾക്കും ഉച്ചാടനങ്ങൾക്കുമായി ആളുകൾ വിശ്വാസത്തോടെ സമീപിക്കുന്നവൻ

സൽ‌പൂജകൾ വിട്ട് ക്ഷുദ്രപ്രയോഗങ്ങളിലേക്കും ആഭിചാരക്രിയകളിലേക്കും ഭവത്രാതൻ നമ്പൂതിരി തിരിഞ്ഞത് തൊട്ടടുത്ത ദേശത്തെ ഒരു യക്ഷിയുപദ്രവം ഒഴിപ്പിച്ചതോടെയാണത്രേ. രക്തദാഹിയായ യക്ഷി അതിസുന്ദരീരൂപം പൂണ്ട്, രാത്രി സഞ്ചാരികളെ വശീകരിച്ച് സുരതദാഹശമനശേഷം അലറിവിളിക്കുന്ന വടയക്ഷീരൂപം പൂണ്ട് അവരുടെ രക്തം ഊറ്റിക്കുടിക്കുന്നു. പിറ്റെ ദിവസം യക്ഷി കുടിയിരിക്കുന്ന കരിമ്പനച്ചുവട്ടിലോ അല്ലെങ്കിൽ വനതുല്യമായ ആ സ്ഥലത്തെ മറ്റെവിടെയെങ്കിലുമോ നാട്ടാർക്കു കാണാം, വയറു കീറിപ്പിളർന്നോ തല തകർന്നോ ഒക്കെ ജഢങ്ങൾ. രാത്രികാലങ്ങളിൽ, മദയാനയുടെ ചിന്നം വിളിക്കു സമമായുള്ള, യക്ഷിയുടെ സുരതശമനശേഷമുള്ള അലർച്ച കേട്ടാൽ, പിറ്റെ ദിവസം ഒരു യുവാവിന്റെ കീറിപ്പിളർന്ന മൃതശരീരം നാട്ടുകാർ പ്രതീക്ഷിക്കുകയായി. ഭയാനകത നിറഞ്ഞു നിന്ന ആ പ്രദേശം ആളുകൾ കഴിവതും ഒഴിവാക്കിത്തുടങ്ങിയപ്പോഴാണ്, ഗ്രാമമുഖ്യൻ ഭവത്രാതൻ നമ്പൂതിരിക്ക് ആളെ വിടുന്നത്. ഉഗ്രക്രിയകളാൽ യക്ഷിയെ ആവാഹിച്ചടിമയാക്കി, കൂടെത്തന്നെ കൊണ്ടു പോന്നു നമ്പൂതിരി. എന്നിട്ട് ഇല്ലത്തിന് വടക്കുമാറിയുള്ള പാലമരത്തിൽ കുടിയിരുത്തിച്ചു. സത്കർമ്മചാരിയായിരുന്ന നമ്പൂതിരിയുടെ മാർഗ്ഗവിഭ്രംശം അവിടം മുതലാകണം

യക്ഷിയെ ബലിമന്ത്രസുരതങ്ങളാൽ പ്രീണിപ്പിച്ച് അഗോചരങ്ങളായ നിധികൾ നേടുക എന്നതായിരുന്നു നമ്പൂതിരിയുടെ ആദ്യകാല ഉദ്ദേശമെങ്കിലും, പിന്നീട് തനിക്കെതിരെ നിൽക്കുന്നവരെ ഹനിക്കുന്നതിനും സുന്ദരികളായ യുവതികളെ വശീകരിച്ചുപയോഗിക്കുന്നതിനും യക്ഷിയെ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഗ്രാമം നമ്പൂതിരിയിലെ പൈശാചികത കണ്ടു. ആളുകൾ നമ്പൂതിരിയെ വല്ലാതെ ഭയപ്പെട്ടു. ആ പ്രദേശത്തെ ചൂഴ്ന്നു നിന്ന ഭയത്തിന്റെ ഉള്ളറകളിലേക്കൊതുങ്ങി, രാപ്പകൽ ഭേദമെന്യേ ഗ്രാമം നിശ്ശബ്ദമായി.

കാലാന്തരത്തിൽ കുടുംബക്ഷേത്രത്തെ പാടെ അവഗണിച്ച നമ്പൂതിരി, യക്ഷിയുടെ മുഴു ഉപാസകനായി മാറി. ദേവീചൈതന്യം നഷ്ടപ്പെട്ട് ക്ഷേത്രം പാഴടഞ്ഞു. പാലച്ചുവട്ടിലെ ദീപ,ധൂപ,രുധിര പൂജകളിലും ഉപാസകസംഗമങ്ങളിലും യക്ഷി തിമിർത്തു. നമ്പൂതിരിയെ എതിർക്കാൻ ശക്തിയുള്ളവർ ആ പ്രദേശത്താരുമുണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തെ അജയ്യനാക്കി. പൈശാചീകതയുടെ മുഴുരൂപത്തിലേക്കെത്തി നിന്ന നമ്പൂതിരിയുടെ മനസ്സിലെ ഉറങ്ങിക്കിടന്ന ഏതു തരളഭാവമാണെന്നറിയില്ല, താൻ വശീകരിച്ചുപയോഗിച്ച അനേകം യുവതികളിലൊരാളായ താത്രിക്കുട്ടിയിൽ അദ്ദേഹത്തെ അനുരക്തനാക്കിത്തീർത്തത്. ഒരിക്കൽ തന്റെ ആവശ്യം കഴിഞ്ഞാൽ പിന്നെ അതേ പെണ്ണിനെ പിന്നൊരിക്കലും വശീകരിച്ച് വശത്താക്കണമെന്ന് നമ്പൂതിരിക്കു തോന്നിയിട്ടില്ല. പക്ഷെ താത്രിക്കുട്ടിയിൽ നമ്പൂതിരി വല്ലാതെ ആകൃഷ്ടനായി. അത് പ്രണയത്തിലേക്ക് വഴി മാറുന്നതിന് അധികം താമസമുണ്ടായില്ല. കഠിനചര്യകളാൽ നിലനിറുത്തിപ്പോന്നിരുന്ന മന്ത്രവിദ്യകൾക്ക് കാലക്രമേണ മുടക്കം വന്നു. ശ്രദ്ധ താത്രിക്കുട്ടി എന്ന കേന്ദ്രബിന്ദുവിലേക്കൊതുങ്ങിയപ്പോൾ യക്ഷീയുപാസനകൾക്കും മുടക്കം നേരിട്ടു. തന്നെ ബന്ധിച്ചിരുന്ന മന്ത്രപാശങ്ങൾക്ക് ശക്തിക്ഷയം വന്നതോടെ യക്ഷി സ്വതന്ത്രയായി. ഒരുകാലത്ത് അടുത്ത ഗ്രാമത്തെ നടുക്കിയിരുന്ന മത്തഗജസമാനമായ അലർച്ച, ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒരു പാതിരാവിനെ വിറപ്പിച്ചു. പിറ്റേന്നാൾ താത്രിക്കുട്ടിയുടെ ഇല്ലത്തേക്കുള്ള മാർഗ്ഗത്തിലെ ഒരു വനത്തിനു സമീപപ്രദേശത്ത് വയറു കീറിപ്പിളർന്ന്, തലതകർന്ന്, ഭവത്രാതൻ നമ്പൂതിരിയുടെ മൃതശരീരം കിടന്നു.

അന്നു മുതൽ ആ ഗ്രാമത്തിൽ വടയക്ഷിയുടെ തേർവാഴ്ച തുടങ്ങി. ഗ്രാമം പൂർവ്വാധികം ഭയത്തിന്റെ പിടിയിലായി. അസ്വാഭാവീകമരണങ്ങൾ നിത്യസംഭവങ്ങളായി. ഏറെ നാളുകൾക്ക് ശേഷം ഭവത്രാതൻ നമ്പൂതിരിയുടെ നേർ പെങ്ങളാണ്, ദൂരെ ദൂരെ ദിക്കിലുള്ള പേരു കേട്ടൊരു താന്ത്രികനെ വരുത്തി, അദ്ദേഹത്തെക്കൊണ്ട് തൊണ്ണൂറു നാളത്തെ ഉഗ്രപൂജകൾക്ക് ശേഷം യക്ഷിയെ, കാഞ്ഞിരമരത്തിൽ കൊത്തിയുണ്ടാക്കിയ സ്ത്രീ രൂപത്തിലേക്കാവാഹിച്ച്, യക്ഷിക്ക് ഇനിയൊന്നനങ്ങാനാവാത്ത വിധം പ്രതിമയുടെ തലയിൽ മന്ത്രമുദ്രിതമായ ആണിയടിച്ച് ബന്ധിച്ച്, ഭവത്രാതൻ നമ്പൂതിരി യക്ഷിയെ ആവാഹിച്ചിരുത്തിയ അതേ പാലച്ചുവട്ടിൽ കുടിയിരുത്തിയത്. ചൈതന്യം നഷ്ടപ്പെട്ട് പാഴടഞ്ഞ തറവാട്ട് ദേവീക്ഷേത്രം പുനരുദ്ധരിച്ച്, അതിനകം പൂജാവിധികൾ അഭ്യസിച്ച ഭവത്രാതൻ നമ്പൂതിരിയുടെ സഹോദരീപുത്രനെ മുഖ്യകാർമ്മികത്വമേൽ‌പ്പിക്കുമ്പോൾ, നാടിനെ ചൂഴ്ന്നുനിന്ന ഒരു ദുഷ്കാലത്തിന് അങ്ങിനെ അറുതിയായെങ്കിലും, താന്ത്രികൻ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിച്ചു. എല്ലാ മുപ്പട്ട് വെള്ളിയാഴ്ചകളിലും യക്ഷിക്ക് വിളക്കും പൂജയും നടത്തുക. തറവാട്ടു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് യക്ഷിക്കും പ്രത്യേക പൂജകൾ നടത്തുക. എങ്കിൽപ്പോലും ബന്ധിതയായപ്പോൾ ഭവത്രാതൻ നമ്പൂതിരിയുടെ കുടുംബത്തിന് നേരെ ചൊരിഞ്ഞ യക്ഷീശാപം മറികടക്കാൻ പ്രയാസമാണത്രേ.

യക്ഷീശാപം! ഭവത്രാതൻ നമ്പൂതിരിയുടെ ഇല്ലത്തെ പിൻ‌തലമുറ ആയുസ്സെത്തില്ല എന്ന ശാപം! അത് വേളി കഴിഞ്ഞ് തറവാട്ടിലെത്തുന്നവർക്കും ബാധകമാണ് എന്നതാണ് വേളിയുടെ അന്നു തന്നെ മുത്തശ്ശി തന്റെയരയിൽ കെട്ടി തന്ന ഏലസ്സ് തന്നോട് പറയുന്നത്. യക്ഷിയെ ബന്ധിതയാക്കിയ അന്നു മുതൽ ഇല്ലത്തെ ഓരോ അംഗങ്ങൾക്കും പ്രത്യേകം ജപിച്ച ഏലസ്സുകളുടേയും അവ കോർത്ത മന്ത്രച്ചരടുകളുടേയും സംരക്ഷണം. എന്നിട്ടും ഭവത്രാതൻ നമ്പൂതിരിയുടെ സഹോദരീപുത്രൻ അകാലത്തിൽ മരണമടഞ്ഞു. അദ്ദേഹത്തിന്റെ സഹോദരിയുടെ, പതിനാറു വയസ്സ് മാത്രമെത്തിയ മകന് ക്ഷേത്രച്ചുമതലയായി. വസൂരി വന്ന് പിന്നീട് അദ്ദേഹവും മരണമടഞ്ഞു. ആ ശ്രേണിയിൽ മുത്തശ്ശി കേട്ടതും കണ്ടതുമായ അകാലമരണങ്ങളിൽ ഒടുക്കത്തേത് എകപുത്രന്റേതും പുത്രഭാര്യയുടേതുമാണ്; ഒരു കാർ ആക്സിഡന്റിൽ. അന്നു പൌത്രൻ കൌമാരപ്രായമെത്തുന്നതേയുള്ളു. പിന്നീട് ക്ഷേത്രച്ചുമതലകൾ മറ്റൊരു പൂജാരിയെ ഏൽ‌പ്പിച്ച് പ്രത്യേകാവസരങ്ങളിൽ പൌത്രനെക്കൊണ്ട് ദീക്ഷയെടുപ്പിക്കുമായിരുന്നു മുത്തശ്ശി. ഇതാ ഇപ്പോൾ തറവാട്ടിലെ ഏക ആൺ‌തരിയായ പൌത്രന്റെ ഭാര്യയിൽ യക്ഷിയുടെ ശാപദൃഷ്ടികൾ പതിഞ്ഞിട്ടുണ്ടോ എന്ന് മുത്തശ്ശി ഭയപ്പെടുന്നു. യക്ഷിയുടെ ദൃഷ്ടികളിൽ നിന്നും, ഇല്ലത്തിന്റെ നാലതിരുകൾക്കകത്തെ, പൂജകളാൽ പ്രത്യേകം സംരക്ഷിതമായ അറകൾക്കുള്ളിൽ പാവം മുത്തശ്ശി തന്നെ ഒളിപ്പിച്ച് നിറുത്തിയിരിക്കയായിരുന്നു എന്ന് അന്നാണ് ശ്രീദേവിക്കു മനസ്സിലായത്. മുപ്പട്ടു വെള്ളിയാഴ്ചകളിൽ യക്ഷിക്ക് വിളക്ക് വയ്ക്കുവാൻ വാല്യക്കാരോടൊപ്പം മുത്തശ്ശി തന്നെയാണ് പോകാറ്. ഇല്ലത്തെ വേറൊരാളും യക്ഷീദൃഷ്ടിയിൽ പെടാതിരിക്കാൻ. പക്ഷെ അന്ന് താനത് ഭേദിച്ച് പുറത്ത് പോയതോർത്ത് ആ വൃദ്ധഹൃദയം ഭയത്താൽ തേങ്ങുന്നത്, അന്ന്, ആ മടിയിൽ തല ചായ്ച്ച് കിടന്ന ശ്രീദേവി അറിയുന്നുണ്ടായിരുന്നു.

മുത്തശ്ശിയുടെ ആ ഭയത്തിന് പൂർണ്ണത കൈവന്ന പോലെ പിന്നീടുള്ള മൂന്നു വർഷങ്ങൾ. ഒരു ഉണ്ണിക്കാൽ കണ്ടിട്ട് മരിക്കാൻ കഴിയണേയെന്ന മുത്തശ്ശിയുടെ അദമ്യമായ ആഗ്രഹത്തിന്റെ പരിണതിയാണ് തൊണ്ണൂറു നാൾ നീണ്ടു നിന്ന പൂജകൾ, പ്രാർത്ഥനകൾ, അനുഷ്ഠാനങ്ങൾ....ഇന്നേക്ക് അത്താഴപൂജക്കു ശേഷം, ക്ഷേത്രനട അടച്ച ഈ മുഹൂർത്തത്തിൽ അതിനവസാനം. തൊണ്ണൂറു നാളുകൾ നീണ്ട മുത്തശ്ശിയുടെ കൂടെയുള്ള അന്തിയുറക്കത്തിനും. അന്ന് സ്വന്തം കിടപ്പറയിലേക്ക് പോകുന്നതിന് മുമ്പേ ശ്രീദേവിയുടെ നിറുകയിൽ തലോടി മുത്തശ്ശി പറഞ്ഞു “ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക ദേവിയോട്, ദീർഘായുഷ്മാനായ ഒരു പുത്രനെ തരണേ എന്ന്”

നീണ്ട വ്രതാനുഷ്ഠാനങ്ങൾക്കും ക്ഷേത്രത്തിലെ ഉത്സവനാളത്തെ ചടങ്ങുകൾക്കും ശേഷം വളരേ ക്ഷീണിതയായിരുന്നു ശ്രീദേവി. തളർച്ചയോടെ വന്ന് കിടക്കുമ്പോൾ അതിലേറെ തളർച്ചയോടെ അദ്ദേഹം അരികിലുറങ്ങുന്നു. ശ്രീദേവിക്ക് പക്ഷെ ഉറക്കം വന്നില്ല. ആചരിച്ച വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചോർത്ത അവളുടെ മനസ്സിലേക്ക് അവസാനം മുത്തശ്ശിയുടെ മുഖം ഒരു നിറദീപം പോലെ തെളിഞ്ഞു വന്നു. ഒരു കുഞ്ഞിനെ തറവാടിനു നൽകാൻ കഴിയാത്ത തന്നെ എന്തു കൊണ്ട് അവർ നിഷേധിക്കുന്നില്ല, അല്ലെങ്കിൽ നിഷേധിച്ചു കൂടാ?! നിറഞ്ഞു വന്ന കണ്ണുകൾ ശ്രീദേവി അമർത്തിത്തുടച്ചു. ഉറക്കത്തിലൊന്നനങ്ങിക്കിടന്ന ഭർത്തവിന്റെ വലത് കൈപ്പത്തി തളർന്ന ഒരു ചീരത്തണ്ടിനു സമാനം, ഭർത്താവിനെതിരെ വശം തിരിഞ്ഞ് കിടന്നിരുന്ന ശ്രീദേവിയുടെ ദേഹത്തു വന്നുവീണു. അവൾ സാവധാനം അതിൽ നിന്നും ഊർന്ന് മാറിക്കിടന്നു. മുടിയുലഞ്ഞ്, സീമന്തരേഖയിലണിഞ്ഞിരുന്ന ചന്ദനവും സിന്ദൂരവും കലർന്ന കുറി, പൊടിഞ്ഞ് കണ്ണിൽ വീണത് കണ്ണിൽ അസ്വസ്ഥതയുണ്ടാക്കിയെങ്കിലും നിറഞ്ഞു വന്ന കണ്ണീരിനൊപ്പം അത് ഒഴുകിപ്പോയി. മുത്തശ്ശി ചാർത്തിത്തന്നതാണ്, നിവേദ്യത്തോടൊപ്പം ഇലച്ചീന്തിൽ കിട്ടിയ ചന്ദനവും കുങ്കുമവും കലർന്ന മിശ്രിതം. സീമന്തരേഖയിൽ ചാർത്തിയതിനൊപ്പം താലിയിലും തൊട്ടു തന്നു അൽ‌പ്പം.

സീമന്ത രേഖയിലെ സിന്ദൂരം- സുമംഗലികൾ അണിയുന്നത്. തന്റെ കന്യകാത്വം ഒരു പുരുഷനാൽ ഭേദിക്കപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്നുവത്രേ സീമന്തരേഖയിലെ സിന്ദൂരം. എന്നാൽ അത് ആദ്യമായണിഞ്ഞതോ, വിവാഹത്തിന്റെയന്ന്, വിവാഹത്തിന് സന്നിഹിതരായ അനേകം ആളുകളുടെ മുന്നിൽ വച്ച്. അതിലെ തമാശയോർത്തു ശ്രീദേവി.

താലിയിലെ സിന്ദൂരം പതുക്കെ അടർത്തിക്കളഞ്ഞു. പിന്നെ കൈ സീമന്തരേഖയിലേക്കു നീണ്ടു. അവിടെ പൊടിഞ്ഞു താഴെ വീഴാതെ ബാക്കി നിന്ന സിന്ദൂരവും കണ്ണിൽ വീഴാതെ തൂത്ത് കളഞ്ഞു. പിന്നെ തലയാകെ പരതിയന്വേഷിച്ചു; തനിക്കഗോചരമായ, വിവാഹനാൾ മുതൽ താനന്വേഷിക്കുന്ന, തനിക്കപ്രാപ്യമായ ആ ആണി തലയിലെവിടെയാണ് തറഞ്ഞിരിക്കുന്നതെന്ന്. എന്നിട്ട് പ്രാർത്ഥിച്ചു, ഇഷ്ടപുത്രലാഭത്തിനല്ല, ഒരു നിമിഷത്തേക്കെങ്കിലും ആ ആണിയൊന്ന് പറിച്ചൂരിയെറിയാൻ... എന്നിട്ട് ആർത്തട്ടഹസിച്ച് ചിരിച്ച്, മനസ്സിലെ അടക്കിപ്പിടിച്ച കാമനകൾക്ക് ഉഗ്രരൂപമേകാൻ..

Friday, 16 January 2009

‘ഒന്നു വച്ചാൽ രണ്ട്...രണ്ടു വച്ചാൽ നാല്....

...........ആർക്കും വയ്ക്കാം..വരിക..വരിക..’

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ വഴിവാണിഭം കൂടി കൊഴുക്കുന്ന ആ തെരുവിൽ മറ്റെല്ലാ ശബ്ദങ്ങൾക്കും മേലെ ഉയർന്നുകേൾക്കുന്നത്, ഒരു പ്രത്യേക ഈണത്തിൽ ‘അയാൾ’ വിളിച്ചു പറയുന്ന മേൽ‌പ്പറഞ്ഞ വാചകങ്ങളാണ്. വഴിവാണിഭക്കാരുടെ അധികം തിരക്കില്ലാത്ത, എന്നാൽ തെരുവിന്റെ മുഴുവൻ കാഴ്ചയും കിട്ടുന്ന തരത്തിലുള്ള ഒരരികിൽ, നിലത്ത് ദീർഘചതുരത്തിലുള്ള ഹാർഡ്ബോഡ് വിരിച്ച് അതിന്റെ ഒരറ്റത്തിരുന്ന്, തോൾസഞ്ചി അരികിൽ വച്ച്, കയ്യിലിട്ടു കശക്കിയ ചീട്ടുകൾ മുന്നിൽ നിരത്തി അയാൾ കളി തുടങ്ങും

കാഴ്ചയിൽ അയാൾക്കൊരു നാൽ‌പ്പതിനും അമ്പതിനുമിടയ്ക്ക് പ്രായം തോന്നും. വെട്ടിയൊതുക്കാത്ത താടിമീശയും മുടിയും, സ്ഥിരമായി ധരിക്കുന്ന നിറം മങ്ങിയ കള്ളിമുണ്ടും, തെറുത്തുകയറ്റിയ കൈകളോട് കൂടിയ പഴയ ഷർട്ടും, തലയിൽ വട്ടം കെട്ടിയ തോർത്തും, കർക്കശമായ മുഖഭാവവും ഒക്കെകൂടി ക്രൂരമായൊരു രൂപം കാഴ്ചക്കാർക്ക് അയാളിൽ തൊന്നിയിരുന്നെങ്കിലും മുച്ചീട്ട് കളിയുടെ സമയത്ത് അയാൾ വളരെ ഉല്ലാസവാനായി, പുകവലി കറുപ്പിച്ച ചുണ്ടുകളകത്തി, മുറുക്കാൻ കറ പിടിച്ച പല്ലുകൾ മുഴുക്കെ വെളിയിൽ കാട്ടി ചിരിച്ചിരുന്നു. വല്ലപ്പോഴും മാത്രം അയാളുടെ പൊക്കറ്റിൽ നിന്ന് വൈബ്രേഷൻ ഉയരുകയും അപ്പോൾ പുറത്തെടുക്കുന്ന പഴയ മൊബൈൽ ഫോൺ അയാളെ ആധുനീകയുഗത്തിലേക്ക് ഒരു നൂലിഴയാലെന്ന പോലെ ബന്ധിപ്പിച്ചുനിറുത്തുകയും ചെയ്തിരുന്നു. വളരേ താഴ്ന്ന സ്ഥായിയിൽ വളരേ ദൈർഘ്യം കുറഞ്ഞ സംഭാഷണങ്ങൾക്ക് ശേഷം ഫോൺ പോക്കറ്റിലൊളിക്കുമ്പോൾ അയാൾ വീണ്ടും പുരാതനയുഗത്തിൽ നിന്നും വഴിതെറ്റി എത്തിയവനെപ്പോലെ തോന്നിപ്പിച്ചിരുന്നു. 

രണ്ടോ മൂന്നോ മാസങ്ങളേ ആയുള്ളു, ആ തെരുവ് അയാളെ കണ്ടുതുടങ്ങിയിട്ട്. അയാളുടെ പേരെന്താണെന്നോ നാടെവിടെയാണെന്നോ ആർക്കും അറിയില്ലായിരുന്നു. സ്ഥലത്തെ പ്രധാന ടൌണിൽ നിന്നും അധികം ദൂരെയല്ലാത്ത ആ തെരുവിൽ പലചരക്കുകടകൾ മുതൽ ഇലക്ട്രോണിക്സ് ഉൽ‌പ്പന്നങ്ങളുടെ കടകൾ വരെ ഉണ്ടായിരുന്നു. തട്ടുകടകളും ചെറിയ ഹോട്ടലുകളും തുടങ്ങി മുന്തിയ തരം റെസ്റ്റോറന്റുകളുമുണ്ടായിരുന്നു. ഇവയ്ക്ക് പുറമേയാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വഴിവാണിഭക്കാരും വന്നെത്തുന്നത്. എന്തും വാങ്ങാൻ കിട്ടുന്ന സ്ഥലമെന്ന നിലയിൽ അവിടം ധാരാളം ആളുകളെ ആകർഷിച്ചിരുന്നു എന്നതിനാൽ ഈ മൂന്ന് ദിവസങ്ങളിൽ കച്ചവടക്കാർക്ക് അവിടം കുശാലാണ്. പ്രത്യേകിച്ചും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ. സമീപത്തുള്ള സ്കൂളിൽ നിന്നും പിന്നെ ടൌണിലെ കോളേജിൽ നിന്നുമുള്ള അധ്യാപകർ, സ്കൂളിൽ നിന്നും കുട്ടികളെ കൂട്ടാൻ വരുന്ന മാതാപിതാക്കൾ, ഓഫീസ് ജീവനക്കാർ എന്നുമുതൽ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള മിക്കവാറും ആളുകളും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ആ തെരുവിൽ വന്ന് അവശ്യസാധനങ്ങൾ വാങ്ങി പോകാറുണ്ട്.

മുച്ചീട്ട് കളിക്കാരനും വെള്ളിയാഴ്ച ഇഷ്ടദിവസമാണ്. അന്നയാൾക്ക് ചുറ്റും സാധാരണ കൂടാറുള്ള ചെറുപ്പക്കാർക്ക് പുറമേ കുറേ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമുണ്ടാകും. അവരും ചെറിയ സംഖ്യകൾ വച്ച് കളിക്കാൻ കൂടും. മുച്ചീട്ട് കളിയിൽ വിദഗ്‌ദ്ധനായിരുന്നു അയാൾ. വച്ചവർക്കൊക്കെ കാശ് നഷ്ടം വരികയാണ് പതിവ്. കാഴ്ചക്കാരുടെ മുഖത്ത് പ്രതീക്ഷ മങ്ങിത്തുടങ്ങുന്ന ചില വേളകളിൽ ഇടക്ക് ചിലർ ജയിച്ച്, വച്ചതിന്റെ ഇരട്ടി പോക്കറ്റിലാക്കുമ്പോൾ, അയാൾക്ക് ചുറ്റും വീണ്ടും ഉന്മേഷത്തിന്റെ മുഖങ്ങളുണരും. വീറോടും വാശിയോടും കൂടി പിന്നേയും ആളുകൾ കാശിറക്കും.

നാലരക്കും ആറിനുമിടക്കാണ് അയാൾക്ക് ചുറ്റും ഏറ്റവുമധികം ആളുകൾ കൂടുന്നത്. ആറുമണിക്കു ശേഷം സ്കൂൾ കുട്ടികളൊക്കെ അപ്രത്യക്ഷമാകും. ഒരു ഏഴു മണി വരെ കുറെ ചെറുപ്പക്കാർ കൂടി കളിക്കാനുണ്ടാകും. അവരും പൊയ്ക്കഴിഞ്ഞാൽ അയാൾ കിട്ടിയ പണമെല്ലാം മടിക്കുത്തിൽ നിന്ന് തോൾസഞ്ചിയിലെ മറ്റൊരു കൊച്ചു പണസഞ്ചിയിലേക്ക് എണ്ണിമാറ്റി, ഹാർഡ്‌ബോഡ് മടക്കിയെടുത്ത് തോൾസഞ്ചിയിലാക്കി, തൊട്ടടുത്ത ഹോട്ടലിലേക്ക് നടക്കും. അവിടെ നിന്ന് അത്താഴവും കഴിച്ച് എങ്ങോട്ടോ പോകും.

ആദ്യമെല്ലാം അയാൾ തെരുവിലുള്ള സ്ഥിരം കച്ചവടക്കാർക്ക് കൌതുകമോ, അൽ‌പ്പം ഭീതിയോ നൽകുന്നൊരു കാഴ്ചയായിരുന്നു. ആരോടും ചങ്ങാത്തം കൂടുകയോ, ഒരു ചിരി പോലും സമ്മാനിക്കുകയോ ചെയ്യാത്ത അയാളുടെ പേരെങ്കിലും ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ച ഏക ആൾ ഹോട്ടൽകാരൻ അച്ചുതേട്ടനായിരുന്നു. ദോശ മുറിച്ച്, ചമ്മന്തിയിൽ മുക്കി കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരുന്നതിനാലാവും അയാൾ തന്റെ ചോദ്യം കേൾക്കാഞ്ഞത് എന്നോർത്ത് അച്ചുതേട്ടൻ ചോദ്യം ആവർത്തിച്ചു. അയാളൊന്ന് പാളി നോക്കുക മാത്രം ചെയ്തു. ‘വീട് ഇവിടടുത്തെങ്ങാനുമാണോ’ എന്ന് അച്ചുതേട്ടൻ തുടർന്ന് ചോദിച്ചത് ജാള്യത മറയ്ക്കാനാണ്. ‘കുറച്ചു ദൂരെയാ..’ എന്നു തലപൊക്കാതാണയാൾ ഉത്തരം പറഞ്ഞത്. പിന്നീട് അച്ചുതേട്ടൻ അയാളോട് ഒരു കുശലവും ചോദിച്ചിട്ടില്ല. ആരും ഒന്നും ചോദിച്ചിട്ടില്ല. പോകെപ്പോകെ അയാൾ തെരുവിലെ ഒരു സുപരിചിതക്കാഴ്ചയാവുമ്പോഴും ‘മുച്ചീട്ടു കളിക്കാരൻ’ എന്നതിലപ്പുറം അയാളുടെ പേരെന്താണെന്ന് പോലും ആർക്കും അറിയില്ലായിരുന്നു. ഒരു പോലീസ് വാഹനത്തിന്റെ നിഴലെങ്ങാൻ ദൂരെ കണ്ടാൽ തന്റെ സാധനങ്ങളുമെടുത്തുകൊണ്ട് ഞൊടിയിടയിൽ എവിടെയാണയാൾ അപ്രത്യക്ഷനാകുന്നതെന്നും, തിരക്കിന്റെ ഒരു നൂറു കാഴ്ചച്ചീട്ടുകൾ നിമിഷങ്ങൾക്കുള്ളിൽ കശക്കിയെറിയുന്ന ആ നഗരപ്രാന്തത്തിന് അറിയില്ലായിരുന്നു

അന്നൊരു വെള്ളിയാഴ്ച പതിവിനു വിപരീതമായി അയാൾ അൽ‌പ്പം നേരത്തേ എത്തി. മൂന്നുമണിയായിട്ടും വെയിലിന്റെ ചൂട് ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു. വഴിക്കച്ചവടക്കാർ പലരും സ്ഥലത്തെത്തിയിരുന്നെങ്കിലും വാങ്ങാൻ വരുന്ന ആളുകളുടെ എണ്ണം അധികം ഉണ്ടായിരുന്നില്ല. പതിവില്ലാതെ അന്നയാൾ തെരുവിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ രണ്ടുമൂന്നാവർത്തി നടന്നു. പിന്നെ പതിവു തെറ്റിച്ച്, കച്ചവടക്കാർ കൂടുതലായി ഇരിക്കാറുള്ള സ്ഥലത്തിരുന്നു. അച്ചുതേട്ടന്റെ കടയിൽ നിന്നും കളി തുടങ്ങുന്നതിനു മുൻപ് കുടിക്കാറുള്ള കാലിച്ചായ അന്നയാൾ കുടിച്ചില്ല. തന്റെ സാധനങ്ങളെല്ലാം നിരത്തി വച്ച്, തെരുവ് അയാളിൽ നിന്നും കേൾക്കാറുള്ള ഏകപല്ലവിയായ ‘ഒന്നു വച്ചാൽ രണ്ട്...’ എന്നത് പതിവിലും ഉച്ചത്തിൽ അയാൾ വിളിച്ചു പറയാൻ തുടങ്ങി. കുറച്ചു പേർ അയാൾക്ക് ചുറ്റും കൂടി. എന്തുകൊണ്ടോ അസ്വസ്ഥനായി കാണപ്പെട്ട അയാൾ അന്ന് തോറ്റുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ അയാളുടെ ഷർട്ടിൻ്റെ പോക്കറ്റിൽ ഫോൺ വൈബ്രേറ്റ് ചെയ്യുകയും അതെടുത്ത് പതിവിനു വിപരീതമായി ചില ഖനപ്പെട്ട മൂളലുകളിലൂടെ മാത്രം അയാൾ ഉത്തരമേകുകയും ചെയ്തിരുന്നു. കറപിടിച്ച പല്ലുകൾ കാട്ടിയുള്ള പതിവു ചിരി അന്നയാളിലുണ്ടായിരുന്നില്ല.  പകരം, തനിക്കു ചുറ്റുമുള്ള ആളുകളേയും തെരുവിനെ അപ്പാടേയും ഇടക്കിടെ പകപ്പോടെ നോക്കുന്നതും, തോൾസഞ്ചിയിൽ കയ്യിട്ട് പണസഞ്ചിയെടുത്തുയർത്തിനോക്കി, പിന്നീട് ഒരു മോഷണമുതലൊളിപ്പിക്കും പോലെ തിരികെ വയ്ക്കുന്നതും, ‘ഇല്ല, ഇനിയുമാളുകൾ വരാനുണ്ട്’ എന്ന് പിറുപിറുത്തതുമൊന്നും കളി ജയിക്കുന്ന ലഹരിയിൽ ഉന്മത്തരായിത്തീർന്ന ചുറ്റിനുമുള്ളവർ ശ്രദ്ധിച്ചില്ല. 

പെട്ടെന്നാണ് തെരുവിന്റെ മറ്റേ അറ്റത്ത് ഒരു വലിയ ശബ്ദവും അതിനോടൊപ്പം അനേകം നിലവിളികളുമുയർന്നത്. ഒരു നിമിഷം കൊണ്ട് തനിക്കുചുറ്റും ശൂന്യമായത് അയാളിൽ ഒട്ടൊരു നിരാശ നിറച്ചെങ്കിലും, അതിനകം തിരക്കായിത്തുടങ്ങിയ തെരുവിലുണ്ടായിരുന്ന വലിയ ജനക്കൂട്ടത്തിൽ ഏതാണ്ട് മുഴുവൻ പേരും ഓടിക്കൂടിയ ആ തെരുവറ്റത്തേക്ക്, പെട്ടെന്നുണ്ടായ ഒരുൾപ്രേരണയാലെന്ന പോലെ തന്റെ തോൾസഞ്ചിയുമെടുത്ത് അയാളും ഓടി.

ഒരമ്മയേയും കുഞ്ഞുമകളേയും പാഞ്ഞു വന്ന ഒരു ജീപ്പ് ഇടിച്ച് തെറിപ്പിച്ചിരിക്കുന്നു. രക്തത്തിൽ നനഞ്ഞ പുസ്തകങ്ങൾക്കും ബാഗിനുമൊപ്പം രക്തപങ്കിലമായ രണ്ട് ശരീരങ്ങളും തെറിച്ചു വീണുകിടന്നിരുന്നു. അമ്മ അപ്പോൾ തന്നെ മരിച്ചിരിക്കണം. തിരിഞ്ഞ് കുഞ്ഞിനെ നോക്കിയ അയാൾ, രക്തത്തിൽ പൊതിഞ്ഞുപിടയുന്ന ഒരു പിഞ്ചുമേനി കണ്ടു. വർഷങ്ങൾക്കപ്പുറത്തുനിന്നും ഒരു സ്ഫോടനമാറ്റൊലി അന്നത്തെ അതേ തീവ്രതയിൽ അയാളുടെ ചങ്കിൽ വന്നിടിച്ചു. അന്ന് തന്റെ കൈകളിൽ കിടന്നു പിടഞ്ഞുമരിച്ച തന്റെ കുഞ്ഞുമകളുടെ ദേഹവും തൊട്ടപ്പുറം ചോരയിൽ കുളിച്ച് നിശ്ചേതനയായി കിടന്ന ഭാര്യയുടെ ചിത്രവും അയാൾ ഒരിക്കൽക്കൂടി കണ്ടു. ഒരു പകപ്പോടെ അയാൾ വീണ്ടും ചുറ്റും നോക്കി. പേടിച്ചരണ്ട് മാതാപിതാക്കളേയോ പരസ്പരമോ കെട്ടിപ്പിടിച്ചുനിന്ന് വാവിട്ട് കരയുന്ന കുഞ്ഞുങ്ങളിലോരോരുത്തരുടേയും കണ്ണിൽ നിന്നൊഴുകുന്നത് ചോരയാണെന്ന് അയാൾക്ക് തോന്നി. അവരെ ഓരോരുത്തരേയും ചേർത്തണയ്ക്കാൻ അയാൾ വെമ്പി.

ആരോ മൊബൈൽ ഫോണിൽ പോലീസിനെ വിവരമറിയിക്കുന്നു

ഒരു നിമിഷം, അയാൾ പെട്ടെന്ന് തിരിഞ്ഞ് നടന്നു. വേഗത്തിലുള്ള നടപ്പ്, പിന്നെ സാമാന്യം വേഗത്തിലുള്ള ഓട്ടമായി പരിണമിച്ചു. ‘ദൂരേയ്ക്ക്....ദൂരേയ്ക്ക്....’ എന്നയാളുടെ മനസ്സ് പറയുമ്പോഴും ‘ഒന്നു വച്ചാൽ രണ്ട്..രണ്ടു വച്ചാൽ നാല്..’ എന്ന് ഒരു മന്ത്രം പോലെ അയാളുടെ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു. തെരുവിൽ നിന്നും വളരെ വളരെ അകലെ വിജനമായൊരു വെളിയിടത്തിലെത്തിയിട്ടേ, അണപ്പു പോലും വകവയ്ക്കാതുള്ള അയാളുടെ ഓട്ടം അവസാനിച്ചുള്ളു. പിന്നെ ആ വെളിമ്പ്രദേശത്തിന്റെ ഒത്ത നടുക്കലേക്ക് അയാൾ സാവകാശം നടന്നു, പിറുപിറുന്നനേ എന്തോ പറഞ്ഞു കൊണ്ട്

പിന്നീടവിടെ നടന്ന പൊട്ടിത്തെറിയുടെ ശബ്ദം, വളരേ ദൂരെയായിരുന്നിട്ടും ആ തെരുവിനെ വല്ലാതെ പ്രകമ്പനം കൊള്ളിച്ചു. പക്ഷെ അതിൽ നുറുങ്ങുകളായി ചിതറിത്തെറിച്ച ഏകമനുഷ്യന്റെ പേരെന്തായിരുന്നെന്ന് അപ്പോഴും ആർക്കും അറിയില്ലായിരുന്നു.