ഒരു മണിക്കൂറിലേറെ നീണ്ട യാത്രയ്ക്കുള്ളിൽ പാതിമയങ്ങിപ്പോയ പങ്കിയമ്മയുടെ മിഴികളെ, പടിപ്പുരവാതിൽ കടക്കുന്ന വാഹനത്തിൻ്റെ ചെറുകുലുക്കം തട്ടിയുണർത്തി. ചുളുവ് നിവരാതുണർന്ന വൃദ്ധനയനങ്ങളിലേക്ക്, നീണ്ട തൊടിയെ പിൻതുടർന്ന് മേഘക്കിരീടമണിഞ്ഞ ഇലഞ്ഞിക്കൽ തറവാട് ഒഴുകിവന്ന് തലയുയർത്തി നിന്നു. ഒരു നൂറ്റാണ്ടിലേറെ പഴകിയ ഉഗ്രപ്രതാപത്തിൻ്റെ തിരുമുറ്റത്ത്, നവയുഗവക്താവായെത്തിയ ആഡംബരക്കാറിനെ, പോർച്ചിൻ്റെ തണുപ്പ് ഗാഢാലിംഗനം ചെയ്തു. ഡ്രൈവിങ്ങ് സീറ്റിൽ നിന്നും, ആധുനികവേഷവിധാനങ്ങളോടെ ഇറങ്ങിയ ദിവ്യക്കു പുറകിൽ ഉപചാരപൂർവ്വം ശബ്ദമില്ലാതെ കാർഡോർ അടഞ്ഞു. നിറംമങ്ങിയ പ്ലാസ്റ്റിക് ബാഗും തുണിസഞ്ചിയുമേന്തി, വൃത്തിയുള്ളതെങ്കിലും ഉടുത്തുപഴകിയ നേര്യേതും ചുറ്റിയ പങ്കിയമ്മ എന്ന പങ്കജാക്ഷിയമ്മയെ, അൽപ്പനിമിഷങ്ങളുടെ വൈക്ലബ്യത്തിനുശേഷം കാർ, ബാക്ഡോറിലൂടെ വമിപ്പിച്ചു. വ്യത്യസ്തയുഗപ്രതാപങ്ങൾ കരംകോർത്തുനിൽക്കുന്ന സന്ധിയിലേക്ക് അന്യഗ്രഹത്തിൽ നിന്നും വഴുതിവീണുപോയവളെപ്പോലെ പങ്കിയമ്മ, ഇടറിയ കാലുകളെ പാടുപെട്ടുറപ്പിച്ചുനിറുത്തി. അവരെ എതിരേറ്റ ആ പ്രൗഢജാലം അവരുടെ പാദങ്ങളെ കുറച്ചുനിമിഷങ്ങളിലേക്ക് നിശ്ചലമാക്കിക്കളഞ്ഞു. അതേ സമയം, അവരുടെ കണ്ണുകൾ കൂടുതുറന്നുവിട്ട ബാലാജങ്ങൾക്ക് സമാനം, തറവാടിൻ്റെ മുഖപ്രസാദത്തിലും തൊടിയുടെ വിശാലതയിലും അനുസരണയില്ലാതെ തുള്ളിയോടിനടന്നു.
നവീനതയുടെ തൊട്ടുതലോടലുകൾ പലയിടങ്ങളിലും പ്രകടമാണെങ്കിലും, പഴമ പ്രൗഢിയോടെ തിടമ്പേറ്റി നിൽക്കുന്ന അത്തരമൊരു തറവാട്, നടാടെയാണ് പങ്കിയമ്മ കാണുന്നത്. നാട്ടിലെ പല പഴയ തറവാടുകളിലും പങ്കിയമ്മ പോയിട്ടുണ്ട്. പക്ഷെ അതിനൊന്നും ഇത്ര വലിപ്പമില്ല. മാത്രവുമല്ല, പല വീടുകളിലും കാലരഥത്തിൻ്റെ ചക്രമുരുൾക്ഷതങ്ങളും പൊടിയഴുക്കുകളും കളങ്കങ്ങളായി കാണപ്പെടുമ്പൊഴും ഈ തറവാട് അവയോടു പടപൊരുതി വെന്നിക്കൊടി പാറിക്കുന്നതായി ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാവും. അനേകവർഷങ്ങൾക്കുമുൻപ്, കയ്യിരുത്തം വന്ന തച്ചന്മാരുടെ ഉളിമുനകൾക്ക് വഴങ്ങിക്കൊടുത്ത തേക്കിൻ്റെയും ഈട്ടിയുടേയും തടികൾ പിറവിയേകിയ ജനവാതിലുകളും, ചുവരുകളും,ശിൽപ്പരൂപങ്ങൾ കൊത്തിയ മറ്റ് ഉരുപ്പടികളും പോളിഷിൻ്റെ പുത്തനുടുപ്പിട്ടുതിളങ്ങുന്നു. തറവാടിനെ മുഴുപ്പ്രദക്ഷിണം വയ്ക്കുന്ന ചുറ്റുവരാന്തയുടെ പുറത്തെ അതിരുകളിൽ കൃത്യമായ ഇടയളവുകൾ പാലിച്ചുനിൽക്കുന്ന മരത്തൂണുകൾ, തച്ചജാലത്താൽ നിശ്ചലാരായിപ്പോയ പൂക്കൾക്കും കിളികൾക്കും വല്ലിപ്പടർപ്പുകൾക്കും അഭയമേകുന്നു. പൂമുഖത്തെ തറത്തിളക്കത്തിൽ സദാ വീണുമയങ്ങുന്നു, മേൽക്കൂരയുടെ മുഖബിംബം. ആഢ്യത കൊമ്പെഴുന്നുനിൽക്കുന്ന, ചുവരുകളിലെ വിവിധ മൃഗത്തലകൾക്കും ഗുണനചിഹ്നരൂപമിടുന്ന പടവാൾത്തിളക്കങ്ങൾക്കുനടുവിൽ ജാകരൂകഭാവേന നിലകൊള്ളുന്ന പരിചകൾക്കും ഇടകളിലായി, കാലിന്മേൽ കാൽകയറ്റി വച്ച് അധികാരഭാവത്തിൽ ഇരിക്കുന്ന കാരണവന്മാർ, കൊത്തുപണികൾ ചെയ്ത ചതുരച്ചട്ടങ്ങൾക്കുള്ളിൽ ചിത്രങ്ങളായി തൂങ്ങുന്നു. ഒരിടത്തും അൽപ്പം പോലും അഴുക്കോ പൊടിയോ ഇല്ല.
നവീനപോർസലിൻടൈലുകൾ തിളങ്ങുന്ന മുറ്റം. മുറ്റത്ത് തണൽ വിരിക്കുന്ന കുടമുല്ലപ്പന്തൽ പൊഴിച്ചിട്ട പൂക്കൾ, ടൈലുകളിലും അവയ്ക്കിടയിൽ കൃത്യതയോടെ വെട്ടിയൊരുക്കിയിരിക്കുന്ന പച്ചപ്പുല്ലിനു മുകളിലും പുഷ്പാലങ്കാരം നടത്തിയിരിക്കുന്നു. അരികുകളിൽ നാടനും അല്ലാത്തവയുമായ ചെടികൾ തീർത്ത മനോഹരമായ പൂന്തോട്ടം. തലേരാത്രിയിലെ മുല്ലപ്പൂമണത്തെ തോളേറ്റിയ ഇളംകാറ്റ് ഒരു ചെറുതാരാട്ട് മൂളിക്കൊണ്ട് അപ്പോഴും മുറ്റത്തുലാത്തുന്നുണ്ട്. പൂന്തോട്ടത്തിനുമപ്പുറം, പഴയകാലവനഭംഗിയുടെ ഓർമ്മച്ചിത്രം പോലെ, വളർന്നു നിൽക്കുന്ന മരങ്ങൾ. കാറിനുള്ളിലെ എസിയുടെ സുഖദമായ കുളിർ ആ മുറ്റത്തെങ്ങും വ്യാപിച്ചുനിൽക്കുന്നതായി പങ്കിയമ്മയ്ക്കനുഭവപ്പെട്ടു. കണ്ടതെല്ലാം കൃത്യതയോടെ ഗ്രഹിക്കാൻ പറ്റാത്ത വിധം, മൂവന്തിവെളിച്ചത്തിൽ പറന്നു നടക്കുന്ന നരിച്ചീറിനു സമാനം, തട്ടിയും തടഞ്ഞും പരതുന്ന മിഴികളെ 'പങ്കിയമ്മ വരൂ' എന്ന ദിവ്യയുടെ വിളി പിടിച്ചുനിറുത്തി. അവരുടെ നഗ്നപാദങ്ങൾ ദിവ്യയുടെ മടമ്പുയർന്ന ഷൂസിനെ പിൻതുടർന്ന് തറവാടിൻ്റെ പടികൾ കയറി, വിശാലമായ പൂമുഖവും കടന്ന്, മണിച്ചിത്രപ്പൂട്ട് പിടിപ്പിച്ച പ്രധാനവാതിലിനു മുന്നിലെത്തിനിന്നു.
കോളിങ്ങ്ബെല്ലിൽ നിന്നൊരു കിളി അകത്തളങ്ങളിലെവിടെയ്ക്കോ ചിലച്ചുപറന്നു. വാതിൽ തുറക്കപ്പെട്ടു. പുറത്തെന്നതുപോലെ അകത്തളഗരിമയും പങ്കിയമ്മയുടെ കണ്ണുകൾക്ക് കുടമാറ്റം പോലെ മറ്റൊരു ഉൽസവക്കാഴ്ചയായി.
സ്വീകരണമുറിയായി ഉപയോഗിക്കപ്പെടുന്ന കിഴക്കിനിയിലേക്ക് കാൽകുത്തുമ്പോൾത്തന്നെ കണ്ണുകൾക്ക് വിഷയീഭവിച്ചത്, വിസ്താരമേറിയ ഒരു ചത്വരത്തിലേക്ക് സൂര്യപ്രകാശത്തെ മുറിച്ചെടുത്തുവച്ചതുപോലുള്ള അങ്കണവും അതിനൊത്ത നടുക്ക് ഉരുളിയുടെ രൂപത്തിൽ പണികഴിപ്പിച്ചിട്ടുള്ള താമരക്കുളവുമാണ്. നടുത്തളത്തിൻ്റെ ഒരു കോണിലുമുണ്ട് മുകളിലേക്ക് പടർന്നു കയറിയിട്ടുള്ള, വർഷങ്ങളുടെ കാണ്ഡഘനപ്പെരുക്കമുള്ള, ഒരു മുല്ലച്ചെടി. മുകളിൽ ഉറപ്പിച്ചിരിക്കുന്ന കമ്പിവലയിൽ, നടുമുറ്റത്തെ ചരിഞ്ഞുനോക്കുന്ന മേൽക്കൂരയോട് ചേർന്ന്, അതിനെ ചതുരാകൃതിയിൽ കൃത്യതയോടെ പടർത്തിയിരിക്കുന്നു. അവിടെയും കാണാം കൊഴിഞ്ഞ മുല്ലപ്പൂക്കൾ.
തെക്കിനിയുടെ പടിഞ്ഞാറെ ഓരത്തെ മരഗോവണിയിലൂടെ പങ്കിയമ്മ, മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലേക്കാനയിക്കപ്പെട്ടു. അവിടെയാണ് സരസ്വതിത്തങ്കച്ചിയെ കിടത്തിയിരിക്കുന്നത്. കിടപ്പുരോഗിയെ പരിപാലിക്കുന്ന മുറിയും പിന്നീട്, കാഴ്ചയിലും ഗന്ധത്തിലും രോഗാരുത പ്രകടിപ്പിക്കുമെന്നത് പങ്കിയമ്മയുടെ അനുഭവമാണ്. എന്നാൽ അവിടെ അവരെ വരവേറ്റത്, ധാരാളം വായുവും വെളിച്ചവും സുഖദമായ ഗന്ധവും നിറഞ്ഞ ഒരു മുറിയാണ്. ഹോം നേഴ്സ് സരിതയുടെ ആതുരശുശ്രൂഷാമികവ് വെളിവാക്കുംവിധം നല്ല വൃത്തിയോടും വസ്ത്രധാരണത്തോടും കൂടി, വാട്ടർബെഡിൽ കണ്ണടച്ചുകിടക്കുന്ന തങ്കച്ചിയുടെ വലതുപാതിയും ശബ്ദവും നിലച്ചുപോയിരിക്കുന്നു എന്ന് വിശ്വസിക്കാൻ പങ്കിയമ്മയ്ക്ക് പ്രയാസം തോന്നി. നേർത്തുചുരുങ്ങിയ തുമ്പിക്കൈ പോലെ മൂക്കിൽ നിന്നിറങ്ങുന്ന, ഭക്ഷണവും മരുന്നും നൽകുന്ന റ്റ്യൂബും കട്ടിലിൻ്റെ ഒരു വശത്ത് സ്റ്റാൻ്റിൽ തൂങ്ങുന്ന ബാഗിൽ, മറ്റൊരു റ്റ്യൂബിലൂടെ വന്നുചേരുന്ന മൂത്രവും മാത്രമാണ് അവർ ഒരു കിടപ്പുരോഗിയാണ് എന്നുതോന്നിപ്പിക്കുന്ന അടയാളങ്ങൾ. അറുപത്തഞ്ചിലെത്തിനിൽക്കുന്ന തൻ്റെ വാർദ്ധക്യത്തിന് അവിടെ ഇനി എന്താണ് ചെയ്യാനുള്ളത് എന്ന് പങ്കിയമ്മ ആശ്ചര്യപ്പെട്ടു. ആളെ കുളിപ്പിക്കുന്നതിനും മറ്റും സരിതയ്ക്ക് ഒരു കൈസഹായം എന്നതാണ് ദിവ്യയുടെ ആവശ്യം. മരുമകൾക്ക് അമ്മായിയമ്മയോടുള്ള ആ കരുതലിൽ പങ്കിയമ്മയ്ക്ക് സന്തോഷം തോന്നി.
ചുരുങ്ങിയ സമയത്തിനുള്ളിൽ പങ്കിയമ്മ ശ്രദ്ധിച്ച മറ്റൊരു കാര്യം, തറവാട് മനോഹരമായി സൂക്ഷിക്കുന്നതിലുള്ള ദിവ്യയുടെ അതീവ ശ്രദ്ധയാണ്. ഭർത്താവ് ബാലചന്ദ്രൻ്റെ വലംകയ്യായി, ബിസിനസ്സിലും ദിവ്യ അതേ ശ്രദ്ധ നൽകുന്നു എന്നതും പിന്നീടുള്ള ദിവസങ്ങളിൽ പങ്കിയമ്മ മനസ്സിലാക്കിയെടുത്തു. അമേരിക്കയിൽ നിന്നും ക്യാനഡയിൽ നിന്നുമായി രണ്ടു പെണ്മക്കളുടേയും ദിവസേനയുള്ള വിഡിയോ കോളുകളിൽ, അമ്മയെക്കുറിച്ചുള്ള വേവലാതികളും ലീവിനായുള്ള അവരുടെ ശ്രമങ്ങളും പങ്കിയമ്മ കണ്ടും കേട്ടും അറിഞ്ഞു. അമ്മയ്ക്ക് ഒരു കുറവും വരാതിരിക്കാനുള്ള കൂട്ടായ ശ്രമത്തിൻ്റെ ഭാഗമായാണ് താനും ഇവിടെ എത്തിപ്പെട്ടിട്ടുള്ളതെന്ന് അവർ മനസ്സിലാക്കി. നല്ലൊരു സംഖ്യ പ്രതിമാസം തനിക്ക് നൽകാമെന്നേറ്റിട്ടുണ്ടെങ്കിലും അതേസംഖ്യ കൊടുത്താൽ യുവതിയായൊരു ഹോം നേഴ്‌സിനെത്തന്നെ വയ്ക്കാമെന്നിരിക്കെ, ദിവ്യ തന്നെത്തേടിയെത്തിയതിൽ പങ്കിയമ്മക്ക് തെല്ലൊരതിശയം തോന്നാതിരുന്നില്ല.
പ്രായം ഏറിവരുന്നതിൻ്റെ അനാരോഗ്യം മൂലം കഴിഞ്ഞ നാലഞ്ചു വർഷക്കാലം കിടപ്പുരോഗീപരിചരണജോലികളിൽ നിന്ന് പങ്കിയമ്മ വിട്ടുനിൽക്കുകയായിരുന്നു. കുറച്ചുകാര്യങ്ങളെങ്കിലും സ്വയം ചെയ്യാൻ കഴിയുന്ന പ്രായമായ രോഗികൾക്ക് കൂട്ടായോ, പ്രസവാനന്തരമുള്ള ശുശ്രൂഷകൾക്കോ മാത്രമാണ് ആ കാലയളവിനുള്ളിൽ മൂന്നോ നാലോ തവണകൾ മാത്രം, അവർ പോയിട്ടുള്ളത്. പ്രത്യേകപരിശീലനം ലഭിച്ച ഹോം നഴ്സുമാരുടെ ലഭ്യതയും അവരുടെ തൊഴിൽസാധ്യത കുറച്ചിരിക്കുന്നു. വിധവാപെൻഷൻ രൂപത്തിൽ ലഭിക്കുന്ന അൽപ്പവരുമാനമാണ് അനപത്യ കൂടിയായ അവർക്ക് ഈ വേളകളിൽ റേഷനരിക്കഞ്ഞിയ്ക്കുള്ള ആധാരമായിരുന്നത്. അതിനാൽത്തന്നെ, പരിചയക്കാരി വഴി ഈ ജോലിയെക്കുറിച്ചറിഞ്ഞപ്പോൾ അൽപ്പം ആശങ്കയോടെയാണെങ്കിലും മറ്റൊരു ഒരു ഹോം നേഴ്സ് കൂടി ഉണ്ടെന്ന ഉറപ്പിൽ പുറപ്പെട്ടതാണ്. സരിതയുടെ മിടുക്ക് കണ്ടറിഞ്ഞപ്പോൾ, ഒരുപാട് ഭാരപ്പെട്ട ജോലിയൊന്നുമാവില്ല തനിക്കു ചെയ്യാനുള്ളത് എന്നവർ ആശ്വസിച്ചു.
സരസ്വതിത്തങ്കച്ചിയെക്കുറിച്ച് ചെറിയൊരു വിവരണം ദിവ്യയിൽ നിന്ന് പങ്കിയമ്മയ്ക്ക് ലഭിച്ചിരുന്നു. തലമുറകളായി കൈമാറിക്കിട്ടിയ ആ തറവാടിൻ്റെ ഇപ്പോഴത്തെ ഏക അവകാശിയായ തങ്കച്ചി, എൺപത് വർഷത്തിലധികം നീണ്ട ജീവിതകാലയളവിൻ്റെ അന്ത്യത്തിൽ പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ചില ജീവിതശൈലീരോഗങ്ങളുടെ കൂടി കൂട്ടുകാരിയായി. അതിനിടയ്ക്കാണ്, പക്ഷാഘാതം അവരെ അടിച്ചുവീഴ്ത്തി, ഓർമ്മശക്തിയെക്കൂടി കവർന്നെടുത്ത്, ഭീമാകാരരൂപത്തിലുള്ള ആ തറവാടിൻ്റെ ഒരു മുറിയിൽ, സപ്രമഞ്ചക്കട്ടിലിനെ കയ്യടക്കിയ വാട്ടർ ബെഡിൻ്റെ നിത്യതടങ്കലിലാക്കിയത്.
തങ്കച്ചിയുടെ മുറിയുടെ തൊട്ടടുത്ത മുറിയാണ് സരിതയ്ക്കും, ഇപ്പോൾ പങ്കിയമ്മയ്ക്കുമായി നീക്കിവച്ചിരിക്കുന്നതെങ്കിലും എപ്പോഴും ശ്രദ്ധ ആവശ്യമുള്ളതിനാൽ, തങ്കച്ചിയുടെ മുറിയുടെ ഒരരികിലിട്ടിരിക്കുന്ന ചെറിയൊരു ദിവാൻ കോട്ടിലാണ് മിക്കവാറും സരിതയുടെ ഉറക്കം. പങ്കിയമ്മ കൂടി വന്നിരിക്കുന്നതിനാൽ രാത്രിയിൽ രണ്ട് പേർക്കും മാറിമാറി തങ്കച്ചിക്ക് കൂട്ടിരിക്കാമല്ലോ എന്നൊരു ആശ്വാസം ഇപ്പോൾ സരിതയ്ക്കുണ്ട്. അതറിഞ്ഞു തന്നെ പങ്കിയമ്മ സഹായിക്കാൻ ശ്രമിക്കുന്നുമുണ്ട്.
‘വന്ന ദിവസം തന്നെ ഉറക്കമൊഴിക്കണ്ടാ, റസ്റ്റ് എടുത്തോളൂ' എന്ന് സരിത പറഞ്ഞെങ്കിലും ‘കുറച്ചു നേരമിരിക്കാം, അത് വരെ ഉറങ്ങിക്കോളൂ' എന്നുപറഞ്ഞ് സരിതയെ അടുത്ത മുറിയിലേക്ക് വിട്ട് പങ്കിയമ്മ ദിവാൻ കോട്ടിൽ ഒന്ന് നടു നിവർത്തി. വീട്ടിൽ മറ്റെല്ലാവരും ഉറക്കം പിടിച്ചിരുന്നു. അത്യാവശ്യം വീടിനു മുന്നിലും പുറകിലുമുള്ള ഒന്നോ രണ്ടോ ലൈറ്റുകൾ ഒഴികെ ബാക്കിയെല്ലാം അണഞ്ഞു. രാത്രിയുടെ നിശ്ശബ്ദതയേയും സുഖകരമായ തണുപ്പിനേയും കൂട്ടുപിടിച്ചെത്തിയ ഉറക്കം, കൺപോളകളെ തഴുകിയടക്കാതിരിക്കാൻ ശ്രമപ്പെട്ട്, തങ്കച്ചിക്ക് കാവലിരിക്കുമ്പോൾ പുതുതായി വിരിയുന്ന കുടമുല്ലപ്പൂക്കളുടെ സുഗന്ധം പതുക്കെ അവിടെങ്ങും ഒഴുകിപ്പരക്കുന്നത് ഉറക്കച്ചടവിലും പങ്കിയമ്മ അറിയുന്നുണ്ടായിരുന്നു.
കൺപോളകളിൽ ഊഞ്ഞാലാടിത്തുടങ്ങിയ ഉറക്കത്തെ കുടഞ്ഞുകളയാൻ, പതുക്കെ എഴുന്നേറ്റുനടന്ന പങ്കിയമ്മ, മുകളിൽ നിന്നുള്ള പടികളിറങ്ങി, തെക്കിനിയുടെ തറയിൽ കാൽ കുത്തിയതും, നിറനിലാവു ചുരന്നുനിറഞ്ഞ വലിയൊരു കിണ്ണം കണക്കെ തിളങ്ങിയ നടുമുറ്റത്തിൻ്റെ പ്രകാശം, അവരിലെ പാതിനിദ്രയുടെ ഊഞ്ഞാൽക്കയറിനെ അപ്പാടെ പൊട്ടിച്ചെറിഞ്ഞുകളഞ്ഞു. മുകളിൽ പടർന്നു കയറിയിട്ടുള്ള കുടമുല്ല, പാൽക്കിണ്ണത്തിനരികുകളിൽ നിഴൽച്ചിത്രവേല ചെയ്യുന്നതും, അങ്കണമധ്യത്തിലെ താമരക്കുളത്തിൽ ചന്ദ്രൻ, തൊട്ടിലിൽ മയങ്ങുന്ന ഒരുണ്ണിയുടെ മുഖത്തിനു സമാനം പ്രതിബിംബിക്കുന്നതും ചെറുകാറ്റ് നീർത്തളത്തിൽ സൃഷ്ടിക്കുന്ന ആന്ദോളനങ്ങളുടെ തൊട്ടിലാട്ടത്തിൽ, വിരലുണ്ട ഉണ്ണിയായുറങ്ങുന്നതുമെല്ലാം കൂടിച്ചേർന്ന സ്വപ്നസമാനമായ ആ അന്തരീക്ഷം പങ്കിയമ്മയുടെ ക്ഷീണത്തെയെല്ലാം പറത്തിക്കളഞ്ഞുകൊണ്ട്, പഴയ നാലരക്ക്ലാസ് പഠനത്തിനിടയ്ക്ക് മനപ്പാഠമാക്കിയ ഏതൊക്കെയോ കവിതകളെ അവരുടെ മനസ്സിലേക്ക് തിരികെയെത്തിച്ചു. ഇടക്കിടെ തങ്കച്ചിയെ പോയി നോക്കിയതൊഴിച്ചാൽ സരിത തിരിച്ചെത്തുന്ന സമയംവരെ പങ്കിയമ്മ ആ കാഴ്ചയിൽ സ്വയം ലയിച്ചുനിൽക്കുകയായിരുന്നു.
പിറ്റേ ദിവസം ഒരു ഒമ്പതു മണിയോടെ പുറത്തേക്കു പോകാൻ തയ്യാറായി ദിവ്യ തങ്കച്ചിയുടെ മുറിയിലേക്ക് വന്നു. പങ്കിയമ്മയും സരിതയും കൂടി അപ്പോഴേക്കും തങ്കച്ചിയെ കുളിപ്പിച്ച് വസ്ത്രമൊക്കെ മാറ്റിയുടുപ്പിച്ചിരുന്നു. സരിത ഫീഡിങ് റ്റ്യൂബിൽ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന സമയത്ത് ദിവ്യ പങ്കിയമ്മയെ മാറ്റി നിർത്തി സ്വകാര്യമായി ചോദിച്ചു ''എന്തെങ്കിലും പ്രത്യേക മണം കിട്ടുന്നുണ്ടോ?''
സരിത റൂമിലാകമാനം അടിച്ച റൂം സ്പ്രേയുടെ മണത്തേയും ഭേദിച്ചുകൊണ്ട്, രാത്രിയിൽ വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധം അപ്പോഴും അവിടെല്ലാം തങ്ങി നിൽക്കുന്നുണ്ടായിരുന്നു.
''ഇപ്പോഴുമുണ്ട് രാത്രിയിൽ വിരിഞ്ഞ കുടമുല്ലപ്പൂക്കളുടെ മണം''. പങ്കിയമ്മ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
''അതല്ല, മരണത്തിൻ്റെ മണം'' ഒരു ഞെട്ടലിൽ പങ്കിയമ്മ ദിവ്യയെ തുറിച്ചു നോക്കി. തനിക്ക് മരണത്തിൻ്റെ മണം തിരിച്ചറിയാൻ കഴിയുമെന്ന് ദിവ്യയ്ക്കെങ്ങിനെ അറിയാം?! എല്ലാ മണങ്ങളിൽ നിന്നും വ്യത്യസ്തമായ മരണത്തിൻ്റെ മണം പിടിച്ചെടുക്കാൻ കഴിവുള്ള ഒരു ആറാമിന്ദ്രിയം തന്നിലുണ്ടെന്നത് ദിവ്യ എങ്ങിനെ അറിഞ്ഞു?
വർഷങ്ങൾ കൊണ്ടാണ് ഇത്തരമൊരു ഇന്ദ്രിയം തന്നിലുണ്ടെന്ന് പങ്കിയമ്മ പോലും മനസ്സിലാക്കിയത്. ഒന്നിനു പുറകേ ഒന്നായി, തുടർച്ചയായി കിടപ്പു രോഗികളെ മാത്രം അവധാനത്തോടെ ശുശ്രൂഷിച്ചിരുന്ന കാലത്ത്, മറ്റുള്ളവരിലേക്കെത്താത്ത ഒരു മണം തന്നെമാത്രം തേടിയെത്തുന്നത് ആദ്യമൊന്നും അവരത്ര പ്രാധാന്യത്തോടെ കണ്ടില്ല. എന്നാൽ പിന്നീട് ഇതേ മണം രോഗിയുടെ ആസന്നമരണത്തിൻ്റെ സൂചനയാണെന്ന് അവരുടെ അനുഭവങ്ങൾ അവരോട് പറഞ്ഞു. മരണത്തിനു ഒരാഴ്ചയോളം മുൻപുമുതൽ ആ ഗന്ധം രോഗിയുടെ ശരീരത്തെ തൊട്ടുതലോടുന്നത് അവർ ശ്രദ്ധിക്കാൻ തുടങ്ങി. രോഗി മരണത്തോടടുക്കുന്ന നാളുകളിൽ ഈ ഗന്ധം രോഗിയുടെ ശരീരത്തെ അതിഗാഢം പുണരുന്നതും, ചില സമയത്ത് അത് തന്നേയും ശ്വാസം മുട്ടിക്കുന്നതും അവർക്ക് അനുഭവപ്പെട്ടിട്ടുണ്ട്. മറ്റാർക്കും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഈ ഗന്ധത്തെക്കുറിച്ച്, അതിനാൽത്തന്നെ ആരോടെങ്കിലും പറയാൻ ആദ്യകാലങ്ങളിൽ അവർ ധൈര്യപ്പെട്ടില്ല. പിന്നീട് ചിലരോടെല്ലാം അതിൻ്റെ സൂചനകൾ നൽകി. സൂചനകൾ പ്രവചനങ്ങൾ പോലെ സത്യമായിത്തീർന്നപ്പോൾ ആളുകൾ പങ്കിയമ്മയിലെ ആ കഴിവിനെ വിശ്വസിച്ചുതുടങ്ങി. ഉൾപ്പിടപ്പോടെ കേൾക്കുന്ന ആ വാർത്ത, രോഗിയുടെ പ്രിയപ്പെട്ടവരെ അതീവദു:ഖത്തിലാഴ്ത്തുമെന്നതിനാൽ പലപ്പോഴും അവർക്ക് ഈ വിവരം ബന്ധുക്കളെ അറിയിക്കാൻ വിഷമമായിരുന്നു. എന്നാൽ ദിവ്യ ഈ ചോദ്യത്തിനൊപ്പം കണ്ണുകളിൽ ഒളിപ്പിച്ച തിളക്കം പങ്കിയമ്മ കണ്ടുപിടിച്ചു.
വന്നപ്പോൾ മുതൽ എല്ലാ കാര്യത്തിലും ദിവ്യയ്ക്കുള്ള ഒരു തിടുക്കവും വെപ്രാളവും പങ്കിയമ്മ അറിയാതെ ഓർത്തുപോയി. ബിസിനസ്സിൻ്റെ തിരക്കുകൾ കൊണ്ടാവാം എന്നാണ് അവർ കരുതിയത്. പക്ഷെ അതേ തിടുക്കം 'എന്തെങ്കിലും പ്രത്യേക മണം കിട്ടുന്നുണ്ടോ‘ എന്ന ദിവ്യയുടെ ചോദ്യത്തിലും നിഴലിച്ചപ്പോൾ, തന്നെ ഇവിടെ കൊണ്ടു വന്നതിലെ ശരിക്കുള്ള ഉദ്ദേശം അവർക്ക് മനസ്സിലായി. ചോദ്യത്തിനുത്തരമായി നിഷേധാർത്ഥത്തിൽ തലയാട്ടുമ്പോൾ ദിവ്യയുടെ കണ്ണുകളിൽ പെട്ടെന്ന് പ്രതിഫലിച്ച നിരാശയും അവർ ശ്രദ്ധിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ, തുടർച്ചയായി പങ്കിയമ്മ ദിവ്യയുടെ രഹസ്യമായുള്ള ആ ചോദ്യത്തെ അഭിമുഖീകരിക്കുകയും ദിവ്യയെ നിരാശപ്പെടുത്തിക്കൊണ്ട് 'തനിക്കത്തരം മണം ഒന്നും കിട്ടുന്നില്ല' എന്നുത്തരം നൽകുകയും ചെയ്തു. കുറേ നാളുകളായി പങ്കിയമ്മ ഈ ജോലി ചെയ്യാറില്ലായിരുന്നു എന്നതിനാൽ, സത്യത്തിൽ തനിക്ക് ആ കഴിവ് ഇപ്പോഴുമുണ്ടോ എന്ന് അവർക്ക് സംശയമുണ്ടെങ്കിലും അവരത് പുറമേ ഭാവിച്ചില്ല. പറഞ്ഞാൽ ഈ ജോലി നഷ്ടപ്പെട്ടു പോയെങ്കിലോ എന്നവർ ആശങ്കപ്പെട്ടു.
എന്തിനായിരിക്കും സരസ്വതിത്തങ്കച്ചിയുടെ ആസന്നമരണം കാലേക്കൂട്ടി അറിയാൻ ദിവ്യ തിടുക്കം കാണിക്കുന്നത് എന്നതായിരുന്നു പങ്കിയമ്മയിൽ ആകാംക്ഷയുണ്ടാക്കിയ മറ്റൊരു ചോദ്യം. ഇടക്കിടെ തൻ്റെ മുന്നിൽ വീണുകിട്ടുന്ന ചില സൂചനകളേയും, ചുവരുകൾക്കുപോലും ചെവികളും കണ്ണുകളുമുള്ള ആ നാലുകെട്ടിൽ നിന്നും കിട്ടിയ പൊട്ടുപൊടികളേയും കൂട്ടി സരിതയ്ക്കുമുന്നിൽ നിരത്തിയപ്പോൾ, സരിതയുടെ ഭാഷ അവയെ ഇപ്രകാരം കൂട്ടിയോജിപ്പിച്ചു.
ട്യൂറിസം മേഖലയിൽ വളരെ പ്രശസ്തമായ, ഇൻഡ്യയിലങ്ങോളമിങ്ങോളം ശാഖകളുള്ള ‘ഗ്ളോബൽ ട്യൂർസ്‘ എന്ന ഒരു ബിസിനസ്സ് ഗ്രൂപ്പ്, ബാലചന്ദ്രൻ്റെ ബിസിനസ്സിന് ആകാശക്കുതിപ്പ് നൽകാവുന്ന ഒരു കൂട്ടുകച്ചവടതാൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷെ അവർ അതിനു മുന്നോട്ടു വച്ചിരിക്കുന്ന ഒരു നിബന്ധന, ബാലചന്ദ്രൻ്റെ ഈ പഴയ തറവാട് ഹോം സ്റ്റേ ആക്കണം എന്നതു കൂടിയാണ്. അവരുടെ പരിഗണനയിലുള്ള മറ്റുപല തറവാടുകളേയും പുറകിലാക്കി, വലിപ്പം കൊണ്ടും പരിപാലനരീതി കൊണ്ടും ഇലഞ്ഞിക്കൽ തറവാട് മുൻഗണനാപട്ടികയിൽത്തന്നെ ഒന്നാമതാണ്. അപ്രകാരം ഒരു ഗ്രൂപ്പുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്, ആർക്കിറ്റെക്ച്വൽ എൻജിനീയറിങ്ങിനും ബിസിനെസ്സ് മനേജ്മെൻ്റിനും പഠിക്കുന്ന മകൻ്റേയും മകളുടേയും ഉജ്ജ്വലമായ ഭാവിക്ക് വളരെ ഉപകാരപ്രദമാകും എന്നതും അതിൽ നിന്ന് ലഭിക്കാവുന്ന മറ്റൊരു ലാഭവിഹിതമാണെന്ന് ദിവ്യയ്ക്കറിയാം. വിൽപ്പത്രപ്രകാരം അമ്മയുടെ കാലശേഷം തറവാട് ബാലചന്ദ്രനുള്ളതുമാണ്. എന്നാൽ ജനിച്ചു വീണതും കളിച്ചു വളർന്നതുമായ ഈ തറവാടിനോട് അമ്മയ്ക്കുള്ള ആത്മബന്ധം അറിയാവുന്ന ബാലചന്ദ്രൻ, ആ നിർദ്ദേശം നിരാകരിക്കുകയാണുചെയ്തത്. അമ്മയുള്ളിടത്തോളം കാലം അതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട എന്നയാൾ തീർത്തു പറഞ്ഞു.
പുനർചിന്തയ്ക്കായി ഗ്ളോബൽ ട്യൂർസ് ഒരു വർഷത്തെ കാലാവധി കൊടുത്തതിനു ശേഷം ഏതാണ്ട് ഏഴെട്ടു മാസങ്ങൾക്കുള്ളിലാണ് തങ്കച്ചി വീഴ്ചയിലായത്. കാലാവധി തീരാൻ ഇനി ഏതാനും ആഴ്ചകളേ ഉള്ളൂ. അൽപ്പംകൂടി സമയം ദിവ്യ രഹസ്യമായി ചോദിച്ചിരുന്നെങ്കിലും ,അതിന് ഒരു അനുകൂല മറുപടിയല്ല അവരിൽ നിന്ന് ലഭിച്ചത്. മാത്രമല്ല, ആ ബിസിനെസ്സ് ഗ്രൂപ്പ്, അത്ര ദൂരെയല്ലാത്ത മറ്റു ചില നാലുകെട്ടുകൾ എറ്റെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടെന്ന് ദിവ്യ അറിഞ്ഞിരിക്കുന്നു. അത്രയും പ്രശസ്തമായ ഒരു ഗ്രൂപ്പുമായി ചേർന്നുള്ള ബിസിനസ്സ് എന്ന സങ്കൽപ്പത്തിനുമേൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ നഷ്ടപ്പെടുത്തുന്ന കാര്യം ദിവ്യയ്ക്ക് ചിന്തിക്കാൻ പോലുമാകുന്നില്ല. അത് അവരിൽ എന്തിനൊക്കെയോ ഉള്ള തിടുക്കമായും വെപ്രാളമായും പ്രതിഫലിക്കുന്നു. വീണ്ടും ഗ്ളോബൽ ട്യൂർസുമായി എന്തൊക്കെയോ എഴുത്തുകുത്തുകൾക്കുള്ള തയ്യാറടുപ്പിലാണ് ദിവ്യ.
സരിത പറഞ്ഞതിൽപ്പാതിയും മനസ്സിലായില്ലെങ്കിലും ഇവിടത്തെ തൻ്റെ പ്രധാനജോലി, തൻ്റെ ആറാമിന്ദ്രിയത്തെ ഉണർത്തി പ്രവർത്തിപ്പിക്കുകയും അത് പകർന്നുതരുന്ന സന്ദേശങ്ങൾ ദിവ്യയെ ബോധ്യപ്പെടുത്തുകയുമാണെന്ന് പങ്കിയമ്മയ്ക്ക് വ്യക്തമായും മനസ്സിലായതോടെ ഈ ജോലി ഏറ്റെടുക്കേണ്ടിയിരുന്നില്ല എന്ന് അവർക്ക് തോന്നിത്തുടങ്ങി. ഇതിനു മുൻപുള്ള അവസരങ്ങളിലെല്ലാം രോഗീശുശ്രൂഷയെന്ന പ്രധാനകർമ്മത്തിനിടയിൽ തൻ്റെ ഘ്രാണേന്ദ്രിയത്തിൻ്റെ അപൂർവ്വകഴിവുകൊണ്ടു മാത്രം മനസ്സിലാക്കിയിരുന്ന ‘മരണത്തിൻ്റെ ഗന്ധം‘ എന്ന കാര്യം, പറയാനും പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പങ്കിയമ്മയ്ക്കുണ്ടായിരുന്നു. എന്നാൽ ഇവിടെ അതു തൻ്റെ പ്രധാനജോലിതന്നെ ആയിത്തീർന്നിരിക്കുന്നു. ദിവ്യയുടെ വെപ്രാളം നിറഞ്ഞ മനസ്സ് അവളെക്കൊണ്ട് ഈ ചോദ്യം അടിക്കടി ചോദിപ്പിക്കുന്നു. പലപ്പോഴും അത് പങ്കിയമ്മയിൽ തലവേദന സൃഷ്ടിക്കുന്നു. വന്ന ദിവസം അവർക്ക് ദിവ്യയോട് തോന്നിയ ഇഷ്ടം ഇപ്പോൾ വേരോടെ പിഴുതുപോയിരിക്കുന്നു. പകരം മുളപൊട്ടിയ അനിഷ്ടം ദിവ്യയിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കാൻ അവരെ പ്രേരിപ്പിച്ചു.
ദിവസങ്ങൾക്ക് ശേഷമുള്ള ഒരു വൈകുന്നേരക്കാറ്റ് പങ്കിയമ്മയെ തേടിയെത്തിയത് അവരെ ഏറെ അസ്വസ്ഥയാക്കാറുള്ള മരണഗന്ധത്തിൻ്റെ സന്ദേശവാഹകരെ കൂട്ടുപിടിച്ചുകൊണ്ടാണ്. അവർ നടുക്കത്തോടെ സരസ്വതി തങ്കച്ചിയെ ശ്രദ്ധിച്ചെങ്കിലും അവരിൽ പ്രത്യേകിച്ച് ഒരു വ്യത്യാസവും തോന്നിയില്ല. പക്ഷേ പിറ്റേ ദിവസം രാവിലെ തങ്കച്ചിയിൽ ചില മാറ്റങ്ങൾ പ്രകടമായി. അവരുടെ നെഞ്ചിൽ ചെറുപ്രാവുകൾ കൂടുകൂട്ടിയിരിക്കുന്നതായും അവയുടെ കുറുകലിന് അനുസൃതമായി അവരുടെ ശ്വാസതാളവേഗം ചെറുതായി കൂടിയിരിക്കുന്നതായും എല്ലാവരും ശ്രദ്ധിച്ചു. അന്നു വൈകുന്നേരം ദിവ്യയുടെ പതിവു ചോദ്യത്തോടൊപ്പം കണ്ണുകളിൽ ഇരയെ കണ്ട പ്രാപ്പിടിയൻ്റെ പ്രതീക്ഷ കൂർത്തത് പങ്കിയമ്മ കണ്ടു. പക്ഷെ എന്തു കൊണ്ടോ, തനിക്കു മണമൊന്നും കിട്ടുന്നില്ല എന്നു പറയാനാണ് അവർക്കപ്പോൾ തോന്നിയത്. സമയം കഴിയുംതോറും തങ്കച്ചിയുടെ നെഞ്ചിലെ പ്രാവുകളുടെ എണ്ണം കൂടിക്കൂടിവന്നു. അതോടൊപ്പം ശക്തമായിക്കൊണ്ടിരിക്കുന്ന ആ ഗന്ധവും പങ്കിയമ്മയെ കൂടുതൽ അസ്വസ്ഥയാക്കി.
പിറ്റേ ദിവസം സരസ്വതിത്തങ്കച്ചിയെ പരിശോധിച്ചതിനുശേഷം കുടുംബഡോക്ടറായ ഡോക്റ്റർ തോമസ് മാത്യു, ബാലചന്ദ്രനേയും ദിവ്യയേയും മുറിയിൽ നിന്ന് പുറത്തേക്ക് മാറ്റിനിറുത്തി സംസാരിച്ചു.
"സീ, ഞാൻ അന്നേ പറഞ്ഞിരുന്നു അമ്മയ്ക്ക് സംഭവിച്ചത് ഒരു മേജർ ഡിസബിലിറ്റി സ്റ്റ്രോക്ക് ആണെന്നും ഒരു തിരിച്ചു വരവ് അസാധ്യമാണെന്നും. ഇപ്പോൾ അതിൻ്റെ ഒരു കോമ്പ്ലിക്കേഷൻ ആയി അമ്മയ്ക്ക് ന്യുമോണിയ ബാധിച്ചിരിക്കയാണ്. എനിക്ക് വേണമെങ്കിൽ അവരെ ഹോസ്പിറ്റലിലേക്ക് മാറ്റി അവിടെ ചികൽസിക്കാൻ നിർദ്ദേശിക്കാം. പക്ഷെ അത് പ്രത്യേകിച്ച് എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്നു തോന്നുന്നില്ല. പകരം ഒരു പരീക്ഷണമെന്ന നിലയ്ക്ക് റ്റ്യൂബിൽ കൂടി കൊടുക്കാവുന്ന ആൻ്റിബയോട്ടിക്കുകൾ ഞാനെഴുതാം. അങ്ങിനെയാണെങ്കിൽ വീട്ടിൽത്തന്നെ കിടത്തി ചികൽസിക്കുകയുമാവും. ദി ചൊയ്സ് ഇസ് യുവെഴ്സ്".
"അമ്മയെ അധികം ദുരിതപ്പെടുത്തരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം".
ദിവ്യയിൽ നിന്ന് പെട്ടെന്ന് ഉത്തരമുണ്ടായി. അതു തന്നെയാണോ ബാലചന്ദ്രനുമുള്ള അഭിപ്രായം എന്നറിയാൻ ഡോക്ടർ ബാലചന്ദ്രനെ നോക്കി. വേദനിക്കുന്ന മുഖത്തോടെ അയാളും അത് ശരി വച്ചു. പിന്നെ ഡോക്ടർ സരിതയേയും പങ്കിയമ്മയേയും വിളിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിർദ്ദേശിച്ചു. അതുവരെ താൻ ശുശ്രൂഷിച്ചിരുന്ന പല രോഗികളുടെ കാര്യത്തിലും ഇത്തരം സാഹചര്യങ്ങൾ പരിചിതമായിരുന്നെങ്കിലും അന്നെന്തോ പങ്കിയമ്മയ്ക്ക് വല്ലാത്തൊരു വ്യസനം അനുഭവപ്പെട്ടു. ഡോക്ടർ പോയതിനു ശേഷം അവരിൽ ഒരു മൂകത വന്നുനിറഞ്ഞു. വിവശതയോടെ അവർ സരസ്വതിത്തങ്കച്ചിയുടെ മുറിയിലുള്ള ദിവാനിൽ ഇരുന്നു.
ആൻ്റിബയോട്ടിക് മരുന്നുകൾ മുറ തെറ്റാതെ റ്റ്യൂബ് മുഖേന എത്തിയിട്ടും തങ്കച്ചിയുടെ നെഞ്ചിലെ പ്രാവുകൾ കുറുകിക്കൊണ്ടേയിരുന്നു. ഡോക്റ്ററുടെ നിർദ്ദേശപ്രകാരം കൊടുത്ത നെബുലൈസേഷനും അവയെ അകറ്റാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ദിവ്യയിലെ വെപ്രാളം വർദ്ധിപ്പിച്ചുകൊണ്ട്, ഗ്ളോബൽ ട്യൂർസിൽ നിന്നുള്ള ചില സന്ദേശങ്ങൾ എത്തുകയും അത് പങ്കിയമ്മയോടുള്ള ചോദ്യങ്ങളുടെ ആവർത്തി പതിന്മടങ്ങാക്കുകയും ചെയ്തു. ആ ചോദ്യം കേൾക്കുന്നതു പോലും വെറുപ്പായിത്തുടങ്ങിയിരുന്ന പങ്കിയമ്മ, തനിക്ക് മണമൊന്നും കിട്ടുന്നില്ല എന്ന ഉത്തരം മാത്രം നൽകി.
ദിവസങ്ങൾ കഴിയുംതോറും താൻ ഭയപ്പെടുന്ന ആ ഗന്ധം ശക്തമായിക്കൊണ്ടിരിക്കുന്നത് പങ്കിയമ്മ തിരിച്ചറിഞ്ഞു. ഇടയ്ക്ക് അതിൽ നിന്നു രക്ഷ നേടാൻ അവർ കുടമുല്ലപ്പൂക്കൾ വിരിയുന്ന രാത്രികാലങ്ങളിൽ തളത്തിൽ ഇറങ്ങിനിന്ന് മൂക്കു വിടർത്തിപ്പിടിച്ചു. പക്ഷെ മുല്ലപ്പൂവിൻ്റെ വാസനയേക്കാൾ ഇപ്പോൾ അവിടാകമാനം മരണത്തിൻ്റെ മണം പ്രബലമാകുന്നത് അവർക്കു മനസ്സിലാകുന്നു. ദിവ്യയുടെ ചോദ്യങ്ങൾക്കൊപ്പം അത് അവരെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. മുൻപ് തന്നെ ആകർഷിച്ച, നിശയുടെ അതേ യാമങ്ങളിലെ സൗന്ദര്യം ഈയിടെയായി അൽപ്പം പോലും തൻ്റെ മനസ്സിനെ സ്പർശിക്കാത്തതെന്തേ എന്നവർ കുണ്ഠിതപ്പെട്ടു. പതിവിനു വിപരീതമായി രോഗിയിൽ നിന്നു മാത്രമല്ല ആ ചുറ്റുപാടുകളിൽ നിന്നുപോലും ഏറ്റവും വേഗത്തിൽ പുറത്തു കടക്കാൻ അവർ ആഗ്രഹിച്ചു.
അന്ന് രാത്രി സരസ്വതിത്തങ്കച്ചിയുടെ നെഞ്ചിലെ പ്രാവുകൾ കൂടുതകർത്ത് യഥേഷ്ടം പുറത്തേക്കും അകത്തേക്കും പറന്നുകളിച്ചു. രാത്രി അവർക്ക് കാവലായി പങ്കിയമ്മ ഉണർന്നിരുന്ന നേരത്തായിരുന്നു അത്. അവർ സരിതയെ വിളിച്ചുണർത്തി. സരിത അവർക്ക് വീണ്ടും നെബുലൈസേഷൻ കൊടുത്തു. അൽപ്പം ഒരു ആശ്വാസം കണാറായപ്പോൾ ‘ഇനി പോയിക്കിടന്നുറങ്ങിക്കോളൂ‘ എന്നു പറഞ്ഞ് സരിത പങ്കിയമ്മയെ ഉറങ്ങാൻ വിട്ടു. നാളെ താൻ ഈ ജോലി നിറുത്തുകയാണെന്ന് ദിവ്യയോട് പറയണം എന്നൊരു തീരുമാനമെടുത്താണ്, അപ്പോഴും തന്നെ പിന്തുടരുന്ന ആ മണത്തെ അകറ്റാൻ ഒരു കുടമുല്ലപ്പൂ വാസനിച്ചു കൊണ്ട് പങ്കിയമ്മ ഉറങ്ങാൻ കിടന്നത്.
പക്ഷെ പങ്കിയമ്മയ്ക്ക് ദിവ്യയോട് ഒന്നും പറയേണ്ടി വന്നില്ല. തന്നെ പിൻതുടർന്നുവന്ന മരണഗന്ധവാഹകനായ കാറ്റിൽ, തൻ്റെ എല്ലാ ഇന്ദ്രിയധൂളികളേയും കുടഞ്ഞെറിഞ്ഞുകളഞ്ഞ്, പിറ്റേ ദിവസം പങ്കിയമ്മയുടെ ആത്മാവ് കാറ്റിനെതിരെ പറന്നുപറന്നുപോയി. ആ വൈകുന്നേരം വൈദ്യുതസ്മശാനത്തിൽ അനാഥമായിക്കിടന്നഒരുപിടി ചാരത്തെ ഏറ്റുവാങ്ങാൻ ഒരു മുല്ലപ്പൂമണം അങ്ങോട്ടണയുന്നുണ്ടായിരുന്നു.
No comments:
Post a Comment