Thursday 11 February 2021

ഈ കൊച്ചു ലോകം

എത്ര പെട്ടെന്നാണല്ലേ ചിലരുടെ തലവരകൾ മാറ്റിയെഴുതപ്പെടുന്നത്. ഇന്ന് ഈ ബംഗ്ലാവിന്റെ മുറ്റത്ത്, ശാന്തസുന്ദരമായ ഈ ഉദ്യാനത്തിൽ കുളിർകാറ്റേറ്റ് നിൽക്കുമ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണ് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? എന്നാൽ ഈ കുളിർകാറ്റിനോ  പെട്ടെന്ന്  കൈവന്ന ഈ ആഡംബരജീവിതത്തിനോ ഒന്നും  എന്റെ ഹൃദയത്തിനേറ്റ മുറിവുകളെ ഉണക്കാനാവില്ല.  എനിക്കറിയാം, ഇതെല്ലാം എനിക്ക് സ്വായത്തമാക്കി തന്ന ആൾ, ധനവാനായ അദ്ദേഹം  എന്റെ  അതിയായ സൗന്ദര്യം കണ്ടു തന്നെയാണ് ഒരുപാട് പണം കൊടുത്ത് എന്നെ സ്വന്തമാക്കിയത് എങ്കിൽ പോലും അദ്ദേഹം എന്നെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട്  . അദ്ദേഹത്തിന്റെ ഭാര്യ പണ്ടേ മരിച്ചു പോയിരുന്നു. മക്കൾ ലോകത്തിൻ്റെ  പല ഭാഗങ്ങളിൽ ജോലിയും കുടുംബവുമായി തിരക്കിൽ . ഒറ്റപ്പെട്ട ജീവിതത്തിൽ അദ്ദേഹത്തിന് എന്നാലാവും വിധം അൽപ്പം സന്തോഷം പകരാൻ കഴിയുന്നത് ഒരു പുണ്യം തന്നെയാണ്. പക്ഷെ  എത്രയൊക്കെ ശ്രമിച്ചാലും 
 എന്റെ ശരീരത്തിനും  ഹൃദയത്തിനുമേറ്റ മുറിവുകളെ എനിക്ക് മറക്കാനോ ഒളിക്കാനോ കഴിയില്ലല്ലോ. 


നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ. എൻ്റെ ജനനവും അത്തരം നന്മ നിറഞ്ഞ ഒരു നാട്ടിൻപുറത്തായിരുന്നു.  എൻ്റെ അമ്മയെ പോലെയായിത്തീരണമെന്നായിരുന്നു ചെറുപ്പം മുതൽക്കേ എൻ്റെ ആഗ്രഹം. നിങ്ങൾക്കറിയുമോ എത്ര നന്മയുള്ളവളായിരുന്നു എന്റെ അമ്മയെന്ന് . ഒരുപാട് പേർക്ക് താങ്ങും തണലുമായി, ഒരുപാട് പേർക്ക് ഭക്ഷണവും  പാർപ്പിടവും സൗജന്യമായി നൽകി, അത്യോദാരമനസ്കയെങ്കിലും  അതൊന്നും ഭാവിക്കാതെ തല ഉയർത്തിപ്പിടിച്ചുള്ള  ആ നിൽപ്പ് എത്ര അഭിമാനത്തോടെയാണ് ഞാൻ നോക്കിക്കണ്ടിരുന്നത് . ആ അമ്മയുടെ മകളായതിൽ ഞാൻ സന്തോഷിച്ചു . അമ്മയുടെ പാതകൾ പിൻതുടരാൻ ആഗ്രഹിച്ചു . എന്നാൽ പുതുശൈലിയിലുള്ള ജീവിതമെന്ന പേരിൽ ചെറുപ്പത്തിലേ തന്നെ എന്നെ അമ്മയുടെ സംരക്ഷണത്തിൽ നിന്നും അടർത്തി മാറ്റിയപ്പോൾ ഒന്നും ചെയ്യാനാകാതെ ഒരു നാട്ടിൻപുറത്തുകാരിയുടെ നിസ്സഹായതയോടെ എൻ്റെ 'അമ്മ അതു നോക്കി നിന്നു.  അമ്മയുടെ നാട് പോലെയുള്ള അതി വിശാലമായ ഒരു ഗ്രാമത്തിൽ നിന്നും വളരെ ഇടുങ്ങിയ ഒരു പാർപ്പിടത്തിലേക്കാണ് ഞാൻ എത്തിപ്പെട്ടത്.  എങ്കിൽ പോലും വിശപ്പോ ദാഹമോ അമ്മയുടെ  വേർപാടിൻ്റെ വേദനയോ അറിയിക്കാതെ   പ്രത്യേക പരിഗണന തന്ന് രാജകുമാരിയെ പോലെ എന്നെ പരിപാലിച്ച്    വളർത്തിയതിൻ്റെ പൊരുൾ ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല . എന്തൊക്കെയായാലും എത്ര ദൂരത്തിൽ മാറ്റി നിറുത്തിയാലും  അമ്മയുടെ കുഞ്ഞല്ലേ ഞാൻ. ആ ഗുണങ്ങൾ കാണിക്കാതിരിക്കുമോ ''വിത്ത് ഗുണം പത്ത് '' അമ്മയെ പോലെ സ്വതന്ത്രയായി ജീവിക്കാൻ ഞാനും ശ്രമിച്ചു  . അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നെ സ്നേഹിച്ചു പരിപാലിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നവർ തന്നെ എന്നെ ശിക്ഷിക്കാനും ആരംഭിച്ചു . മുന്നോട്ടുള്ള ഓരോ കാൽവയ്പ്പുകളേയും അവർ നിരുത്സാഹപ്പെടുത്തി. രഹസ്യമാക്കി വയ്ക്കാൻ ശ്രമിച്ചിട്ടും എന്റെ പ്രയാണങ്ങളെ  അവർ അതിവിദഗ്ധമായി തിരിച്ചറിഞ്ഞ് അവയുടെ തുടക്കത്തിൽ തന്നെ തടയിട്ടു . എന്റെ വേദനകൾ ആരോടും  പറയാനാകാതെ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു. ആ ഇത്തിരി വട്ടത്തിലൊതുങ്ങുന്ന എന്റെ ജീവിതവും ചുറ്റും എന്റെ ഓരോ ചലനങ്ങളേയും രഹസ്യമായി നിരീക്ഷിച്ചു കൊണ്ട് എന്റെ നന്മയ്ക്കായെന്ന  ഭാവേന നില കൊള്ളുന്നവരും!  ഞാൻ തികച്ചും നിസ്സഹായയായിപ്പോയി.  എന്റെ ജീവിതത്തെ തന്ത്രപൂർവ്വം ഇവിടെ കുരുക്കിയിട്ടിരിക്കുന്നു എന്ന് അൽപ്പം വൈകി മാത്രമാണ് ഞാൻ തിരിച്ചറിഞ്ഞത്. എന്നിട്ടും അവർ എത്ര ചാതുര്യത്തോടെയാണ് എന്റെ അവയവങ്ങളെ മനോഹരമാക്കാൻ പരിശ്രമിക്കുന്നത് . അതൊരു കച്ചവടബുദ്ധി മാത്രമാണെന്നും വിലപിടിപ്പുള്ള ഒരു വില്പനച്ചരക്കാക്കി എന്നെ മാറ്റിയെടുക്കുക മാത്രമാണ് അവരുടെ ഉദ്ധേശമെന്നും എത്ര വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്!! എങ്കിലും ഞാനും ഒരു പെണ്ണല്ലേ.   പ്രിയപ്പെട്ടവർക്ക് കൂട്ടായി, അവരെ ഊട്ടി, അവരോടൊപ്പം ഉണർന്നും ഉറങ്ങിയും അതിവിശാലമായ ഈ ലോകത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഞാനും ആഗ്രഹിച്ചു. 

പ്രകൃതി അസാമാന്യ കരവിരുതുള്ള ഒരു കലാകാരനാണ് . തന്റെ തൂലികയ്ക്ക്  അനുയോജ്യമായ പ്രതലം തേടി അവൻ ഇങ്ങിനെ  ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും . അവന്റെ കണ്ണുകളിൽ നിന്ന് എന്തൊക്കെ തന്നെ  മാറ്റി നിർത്തപ്പെട്ടിട്ടുള്ളൂ !!! ഏതു ഊഷരപ്രതലവും അവൻ പൂങ്കാവനമാക്കും. ഏതു ചാരക്കൂമ്പാരത്തിൽ നിന്ന് പോലും അവൻ പുതുനാമ്പുകൾ സൃഷ്ടിക്കും.  അവന്റെ തൂലിക എന്നിലും അതിമനോഹര ചിത്രങ്ങൾ രചിച്ചു. ഞാൻ യുവതിയായി.  പ്രകൃതി പിന്നെയും എനിക്കായി ദിവ്യാത്ഭുതങ്ങൾ ഒരുക്കിയിരുന്നു .   അതിരഹസ്യമായി എനിക്കും ഒരു മകൾ  പിറന്നത് അവർ അറിയില്ലെന്നാണ് ഞാൻ നിനച്ചത്, പക്ഷെ  അവരത് അറിയുന്നുണ്ടായിരുന്നു. അവർ എന്റെ കുഞ്ഞിനെ എന്നിൽ നിന്നകറ്റും എന്ന് ഞാൻ ഭയപ്പെട്ടു.  എന്നാൽ അതുണ്ടായില്ല.  എന്നിട്ടും  എന്ത് പ്രയോജനം.  കുഞ്ഞിനെ  എടുത്തുയർത്താൻ പോലും എന്റെ കരങ്ങൾ നന്നേ പണിപ്പെട്ടു.  അത്രമേൽ അവ നേർത്തു പോയിരുന്നു. എങ്കിലും  എന്നിലെ ആ വസന്തകാലത്തിൽ ഞാൻ ഒന്ന് കൂടി മനോഹാരിയായെന്ന് എനിക്ക് ചുറ്റുമുള്ളവരുടെ ആർത്തിയേറിയ നോട്ടങ്ങൾ എന്നോട് പറയുന്നുണ്ടായിരുന്നു. 

 അതിനിടയ്ക്കാണ് അവർ എന്നെയും കുഞ്ഞിനേയും മറ്റൊരു വിശാലമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. അതൊരു  കച്ചവടകേന്ദ്രമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.  എനിക്കവിടെ ഒരുപാട് കാഴ്ചക്കാരുണ്ടായി. എന്റെ സൗന്ദര്യം എത്രയധികമെന്ന് എനിക്കു തന്നെ തിരിച്ചറിവുണ്ടായത് അപ്പോഴാണ്. ചുറ്റും ആരാധനയുടെയും അംഗീകാരത്തിന്റെയും കൊത്തി  വലിക്കുന്ന നോട്ടങ്ങൾ . എന്റെ അങ്കോപാംഗങ്ങളെ തഴുകിത്തലോടുന്ന കണ്ണുകളിൽ എന്നെ സ്വന്തമാക്കണമെന്ന ആഗ്രഹം എനിക്ക് വായിച്ചെടുക്കാം , അവർ എനിക്കായി  വില പേശുന്നു. വില താങ്ങാനാവാത്തവർക്ക് എന്നെ ഒന്ന് തൊട്ടെങ്കിലും പോകണമെന്നുണ്ട് . പക്ഷെ അത് അനുവദനീയമല്ല. വില സ്വീകാര്യമായവർക്ക് മാത്രം എന്നെ അടുത്തു വന്നു കാണാം. അല്ലാത്തവർക്ക് അൽപ്പം ദൂരെ മാറി നിന്നുള്ള ദർശനസുഖം മാത്രം. പലരുടെയും കണ്ണുകളിലെ അദമ്യമായ ഇഷ്ടം, ആരാധന എന്നീ വികാരങ്ങളുടെ വേലിയേറ്റം ഒക്കെ അവസാനം തിരിഞ്ഞു നടക്കേ നിരാശക്കു വഴി മാറുന്നു . 

ഇതൊരു വലിയ വിപണിയാണ്. എന്നെ പോലെ ഇവിടെ എത്തപ്പെട്ട അനേകം പേരെ എനിക്ക് കാണാം. അവരിൽ ഏറ്റവും സുന്ദരി എന്ന നിലയ്ക്ക് ഏറ്റവും ഉയർന്ന വിലയാണ് എനിക്ക് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയുമ്പോൾ എനിക്ക് തോന്നിയ വികാരമെന്തായിരിക്കും എന്ന് നിങ്ങൾക്കൂഹിക്കാമോ? അഭിമാനം? ആഹ്ളാദം? ഗർവ് ? അല്ല, ഇതൊന്നുമല്ല. ആത്മാവിനേറ്റ അപമാനത്തിന്റെ എത്ര വാൾമുനപ്പാടുകളേയാണു ഈ സൗന്ദര്യം മറച്ചിരിക്കുന്നതെന്നറിയാമോ!. ഇത് എനിക്ക് അഭിമാനമല്ല, മറിച്ച്  ചങ്ങലയ്ക്കിടപ്പെട്ട എന്റെ സ്വത്വത്തിന്റെ അലങ്കരിച്ച പുറംകാഴ്ച. 

എന്നെ  അഴകളവുകളിൽ രൂപപ്പെടുത്തി വിപണിക്ക് അനുയോജ്യമായി ഒരുക്കിയെടുത്തവരുടെ ഇച്ഛകൾക്കൊപ്പിച്ചാണ് ഇപ്പൊൾ എൻ്റെ ചലങ്ങൾ പോലും. സ്വന്തം ഇച്ഛാശക്തിയുടെ സ്വാഭാവിക വളർച്ച എന്റെ ബാല്യത്തിലേ എനിക്കന്യമായി. ഇപ്പോൾ എന്റെ വിധാതാക്കൾ എനിക്കായി നിഴ്ചയിച്ചിട്ടുള്ള കാഴ്ചയുടെ പരിധിക്കപ്പുറമൊരു കാഴ്ച എനിക്കില്ല. അഥവാ അങ്ങനൊരു കാഴ്ചയുടെ ലോകം തുറക്കാനുള്ള എന്റെ പാരമ്പര്യപ്രേരകശക്തിയെ എന്നേ ഇവർ തല മുണ്ഡനം ചെയ്‌ത്‌ അവരുടെ ഇംഗിതങ്ങൾക്കധീനമാക്കി.  

വിലപേശലുകളുടെ കുറച്ചു നാളുകൾക്ക് ശേഷമാണ് കണ്ടാൽ മാന്യനായ ആ ധനികൻ അവിടെ വന്നെത്തുന്നത്. അയാൾക്ക് എന്നെ നന്നേ ബോധിച്ചു. പറഞ്ഞ വില കൊടുത്ത്  ആ നിമിഷം അയാൾ എന്നെ സ്വന്തമാക്കി. ഈ ബംഗ്ളാവിൽ എത്തിപ്പെട്ടപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം മനസ്സിലായത്. ഇവിടെ ഇത് പോലെ ഒരുപാട് പേരെ പാർപ്പിച്ചിട്ടുണ്ട്.  എനിക്ക് ചുറ്റും അത്തരം ഒരുപാട് പേർ.  ഞാൻ എന്ത് പേരിലാണ് എന്നെ അവർക്ക് പരിചയപ്പെടുത്തേണ്ടത് ?!! ഞങ്ങൾക്കെല്ലാം ഒരേ പേരല്ലേ ?  ഞങ്ങളുടെ അമ്മമാരുടെ പേരിൽ പരിചയപ്പെടുന്നതായിരിക്കും മനസ്സിലാക്കാൻ എളുപ്പം. എന്റെ അമ്മയുടെ പേര് മാവ് , അപ്പുറത്ത് സപ്പോട്ട, ഇലഞ്ഞി, പേരാൽ എന്നിവരുടെ മക്കൾ . അതിനുമപ്പുറമുള്ളവർ ഈ നാട്ടുകാരല്ല. പിന്നേയുമൊരുപാടു പേർ. എല്ലാവരേയും വഴിയേ പരിചയപ്പെടണം. പക്ഷെ എനിക്കുറപ്പാണ്. അവർക്കും ഞങ്ങൾക്കുമൊക്കെ ഒരു പൊതുവായ പേരുണ്ട്. അത് ബോൺസായ് എന്നാണ് .

 ഈ വലിയ ബംഗ്ളാവിലെ മനോഹരമായ ഈ ബോൺസായ് തോട്ടം എത്ര പേരെയാണ് ആകര്ഷിക്കുന്നതെന്നോ.!! ഇന്നലെ ഇവിടത്തെ മുതലാളിയുടെ സുഹൃത്തുക്കൾ രണ്ടു പേർ കുടുംബവുമായി ഇവിടെ വന്നു. അതിൽ രണ്ടു കുടുംബങ്ങളിലേയും ചെറുമക്കളുമുണ്ടായിരുന്നു. കുട്ടികൾക്കൊക്കെ പേരുണ്ട് കേട്ടോ. അഖിലും നവ്യയും. ഒരു പന്ത്രണ്ടോ പതിമൂന്നോ വയസ്സ് കാണുമായിരിക്കും അവർക്ക്. രണ്ടു പേരും ഒരേ സ്‌കൂളിൽ പഠിക്കുന്ന കൂട്ടുകാർ. എത്ര കൗതുകത്തോടെയാണ് അവർ ഞങ്ങളെ കാണാൻ ഓടി വന്നത്. ഞങ്ങളെ തൊട്ടു തലോടിയ ശേഷം പൂന്തോട്ടത്തിൽ അവർ ഓടിച്ചാടി  കളിക്കുന്നത് ഞാൻ നോക്കികൊണ്ടിരുന്നു.  പെട്ടെന്നാണ് നവ്യയുടെ 'അമ്മ ഓടി വന്നു നവ്യയുടെ ചെവിക്കു പിടിച്ചു ഒരു തിരുമ്മു കൊടുത്തിട്ടു അവളെ കൂട്ടിക്കൊണ്ടു പോയത്. 
''ആന്റി ഞങ്ങൾ കളിക്കുവാ'' എന്ന് അഖിൽ നിരാശയോടെ പറയുമ്പോൾ ''അപ്പുറത്ത് ഇവളുടെ ഏട്ടനുണ്ട്, അവനെ കൂട്ടി കൊണ്ട് പോയി കളിക്ക്. '' എന്ന് പറഞ്ഞ് തിരിഞ്ഞു നവ്യയോട് ''പെണ്കുട്ടികളായാൽ അടങ്ങി ഒതുങ്ങി ഇരിക്കണം''  എന്ന് ദേഷ്യപ്പെടുമ്പോൾ,  ചെയ്ത അപരാധമെന്തെന്നു മനസ്സിലാകാത്ത രണ്ടു കുഞ്ഞുങ്ങളുടെ മനസ്സിലേക്കാഞ്ഞു പതിച്ച മഴുമുനകൾ ഞാൻ കണ്ടു. അതിശയിപ്പിച്ചത് അതല്ല , നവ്യയുടെ അമ്മയുടെ മേലും അവർക്ക് കാണാൻ കഴിയാത്ത, എത്രയധികം ആഴത്തിലുള്ള  മുറിപ്പാടുകളാണ്!! സ്വാഭാവിക വളർച്ചയുടെ ശിഖരങ്ങൾ ഓരോന്നായി അരിഞ്ഞു വീഴ്ത്തി സമൂഹത്തിന്റെ  കൽപ്പിത ചതുരവടിവുകളിൽ ഒതുക്കാവുന്ന രൂപഘടനയിൽ നിർമ്മിച്ചെടുത്തതിന്റെ ഉണങ്ങിയ മുറിപ്പാടുകൾ.  അതിശയത്തോടെയാണ് ഞങ്ങൾ അവരെ ചലിക്കുന്ന ബോൺസായികൾ  എന്ന് പേർ വിളിച്ചത്. 


ഈ  അതിശയം എനിക്ക് പുതിയതല്ല.  വില്പനച്ചരക്കായി പുഷ്പപ്രദര്ശനവിപണിയിൽ കഴിഞ്ഞ ഒന്നരമാസക്കാലത്തിനിടെ  ഞാൻ കണ്ട എല്ലാവരിലും ഇത്തരം മുറിപ്പാടുകൾ ഉണ്ടായിരുന്നു. അവരെ സമൂഹം എത്ര ഇഷ്ടത്തോടെയാണ് കാണുന്നത്.   ഇടയ്ക്കു അപൂർവ്വം ചില ഒറ്റയാന്മാർ ആകാശത്തോളം  ഉയർത്തിപ്പിടിച്ച  ശിരസ്സുമായി, വിരിച്ചു പിടിച്ചാൽ ലോകത്തെ മുഴുവൻ ഉള്ളിലൊതുക്കാവുന്ന അതിവിശാലമായ ബാഹുക്കളുമായി അവർക്കു താഴെയായ് നിറഞ്ഞു നീങ്ങുന്ന  കൊച്ചു മനുഷ്യരെ ദുഖത്തോടെ നോക്കി കടന്നു പോകും. അത്രയുയരത്തിലേക്കു നോക്കാൻ പ്രയാസമായതിനാലാവും  ഈ ഉന്നതശീർഷരെ   സധാരണക്കാരായ ജനങ്ങൾ ശ്രദ്ധിക്കുക പോലും ചെയ്യാത്തത്. ശ്രദ്ധിക്കപ്പെട്ടവർ അൽപ്പായുസ്സുകളായും തീർന്നു. അല്ലെങ്കിൽ തീർത്തു.


 പുതു തലമുറയിലുമുണ്ട് കേട്ടോ വലിയ മുറിപ്പാടുകളേൽക്കാത്ത വിരളം ചിലർ . അത്തരം ഒരു ജോഡിയായിരുന്നു, വിപണിയുൾപ്പെടുന്ന ആ പാർക്കിൽ ഇടയ്ക്കിടെ വന്നു കാണാറുള്ള അൻവറും പാർവതിയും പക്ഷെ ഈ ബംഗ്ളാവിലേക്ക് പോരുന്നതിന്റെ തലേന്നാൾ ഞാനറിഞ്ഞു, പാറു മരിച്ചു എന്ന്. അല്ല, ആത്മഹത്യ ചെയ്‌തു. വീട്ടു തടങ്കലിലായിരുന്നത്രെ. ഇത് ബോൺസായികൾക്കായി നിർമ്മിക്കപ്പെട്ട ലോകമാണെന്ന്  കുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. 

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രകൃതി അസാമാന്യ കരവിരുതുള്ള ഒരു കലാകാരനാണ് . തന്റെ തൂലികയ്ക്ക് അനുയോജ്യമായ പ്രതലം തേടി അവൻ ഇങ്ങിനെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും .
അതുപോലെ തന്നെയാണ് കലാകാരികളും കേട്ടോ

Jayasree Lakshmy Kumar said...

ഹ ഹ . നന്ദി മുരളിച്ചേട്ടാ