Wednesday, 18 December 2024

എന്നാലുമെൻ്റെ കണ്ണടയെവിടെപ്പോയി?

'ത്രേസ്യാക്കൊച്ചേ...' 

നേരം വെളുത്തിട്ടെത്ര നേരമായി. ഇവളിതെവിടെപ്പോയി?

കാലത്തേ, പതിവുള്ള ഒരു ഗ്ലാസ് കട്ടൻകാപ്പി  കിട്ടിയില്ലെങ്കിൽ ഒന്നുമങ്ങോട്ട് ശരിയാവത്തില്ല. കട്ടനും കുടിച്ച് ഒരു ബീഡിയും വലിച്ചാലേ രാവിലെ വയറ്റീന്ന് പോകത്തൊള്ളു. എൺപത്താറ് വയസ്സിൻ്റെ അസ്ക്യതകൾ. കൊറച്ച് മധുരമിട്ടു താടി കൊച്ചേ എന്നെത്ര കെഞ്ചിയാലും ത്രേസ്യാക്കൊച്ച് മധുരമിടില്ല. 

'ഷുഗർ എത്രയിൽ നിൽക്കുവാന്നാ അപ്പൻ്റെ വിചാരം? വല്ലതും വരുത്തിവച്ചാൽ ദുബായിക്കാരൻ മോൻ വരുമ്പൊ ചീത്ത കേൾക്കുന്നത് ഞാനാവും'

ഇതാണവളുടെ പതിവുപല്ലവി. കാര്യം മരുമോളൊക്കെയാണെങ്കിലും സ്നേഹോള്ളോളാ. ഇഷ്ടത്തോടെ കഴിച്ചിരുന്ന മധുരപലഹാരങ്ങളൊന്നും കഴിക്കാൻ അനുവദിക്കില്ലെങ്കിലും കഴിക്കാൻ പറ്റുന്നതൊക്കെ ആവുന്നത്ര രുചികരമായി അവൾ പാകം ചെയ്തുതരുന്നുണ്ട്. എന്നെയും മേരിയേയും പൊന്നുപോലെ നോക്കുന്നുമുണ്ട്. പാവം. എപ്പോഴും പണിത്തിരക്കാ അവൾക്ക്. നിറവയറുമായി നിൽക്കുന്ന ജൂലിമോൾടെ കാര്യങ്ങൾ ശ്രദ്ധിക്കണം, ആഴ്ചയവസാനം ഹോസ്റ്റലിൽ നിന്ന് വീട്ടിൽ വരുന്ന ജെയിംസ് മോൻ്റെ ഒരു കുന്ന് തുണിയലക്കണം. അവനാണെങ്കിലോ, ഇപ്പോഴും ഇള്ളക്കുഞ്ഞാണെന്നാ വിചാരം. എല്ലാറ്റിനും അമ്മ വേണം. വയ്യാതിരിക്കുന്ന വല്ല്യപ്പച്ചനേം വല്ല്യമ്മച്ചിയേം ശുശ്രൂഷിക്കുന്നതുതന്നെ പിടിപ്പത് പണിയാണെന്ന് ചെക്കനു മനസ്സിലാവുന്നില്ല. 


എന്നാലുമിവളിതെവിടെപ്പോയി?

'ത്രേസ്യാക്കൊച്ചേ...'

ആരുടേയും ഒരനക്കവുമില്ലല്ലൊ. ഇനിയിപ്പൊ എഴുന്നേറ്റുചെന്ന് നോക്കാം. എൻ്റെ വാക്കിങ്ങ് സ്റ്റിക്ക് എവിടെപ്പോയി? ഇതാ കത്രീനയുടെ പണി തന്നെയാകും. അടുക്കിയൊതുക്കിവയ്ക്കുന്നു എന്ന പേരിൽ സാധനങ്ങളൊക്കെ ഓരോരോ സ്ഥലത്തുകൊണ്ടുപോയി വയ്ക്കും. ഒതുക്കിവയ്പ്പാണത്രെ. എനിക്കു കയ്യെത്താവുന്നിടത്തു വേണ്ടേ വയ്ക്കാൻ. എത്ര പറഞ്ഞാലും വീണ്ടും അതുതന്നെ ആവർത്തിക്കും. വേലക്കാരിപ്പെണ്ണിൻ്റെ ഒരഹങ്കാരം!

ത്രേസ്യാക്കൊച്ച് തിരക്കിലാണെങ്കിൽ ആ കത്രീനക്കെങ്കിലും ഒരു ഗ്ലാസ് കാപ്പി കൊണ്ടുത്തരരുതോ. അവളുടേയും അനക്കമൊന്നുമില്ലല്ലോ. ഇതെവിടെപ്പോയി എല്ലാവരും!

കട്ടിൽക്കാലിൽ പിടിച്ച് പതുക്കെ എഴുന്നേൽക്കാം. വാക്കിങ്ങ് സ്റ്റിക്കിനു പകരമിപ്പോൾ മേശയിലും കസേരയിലുമൊക്കെ പിടിച്ചുനടക്കുക തന്നെ. . ആഹ! പതുക്കെയാണെങ്കിൽ ഒന്നിലും പിടിക്കാതെയും നടക്കാനാവുന്നുണ്ടല്ലൊ. ചെറിയൊരു ബാലൻസ് പ്രശ്നമുണ്ട്. പക്ഷെ കുഴപ്പമില്ല. വാക്കിങ്ങ് സ്റ്റിക്ക് ഇല്ലാതെയും നടക്കാം. വെറുതെയല്ല ത്രേസ്യക്കൊച്ച് പറയുന്നത്, അപ്പന് ആത്മവിശ്വാസത്തിൻ്റെ കുറവാണെന്ന്. 

തൊണ്ട വരളുന്നല്ലൊ. അടുക്കള വരെ ചെന്നുനോക്കാം. ദാ വലിയൊരു ചെരുവം നിറയെ കാപ്പിയിരിക്കുന്നു. അഞ്ചുപേർക്ക് കുടിക്കാൻ ഇത്രയധികം കാപ്പിയെന്തിനാ?! ഇവരെന്താ കാപ്പിയിലാണോ കുളിക്കുന്നത്? ആ കത്രീനപ്പെണ്ണിൻ്റെ പണിയാവും. ത്രേസ്യാക്കൊച്ച് അനാവശ്യമായി ഭക്ഷണസാധനങ്ങളൊന്നും പാഴാക്കില്ല. 

ഈ കാപ്പിയെന്താ ഇങ്ങിനെ തണുത്തിരിക്കുന്നെ? ഇതൊന്നു ചൂടാക്കിത്തരാൻ ഇവിടാരുമില്ലെ? തന്നെ ചൂടാക്കാമെന്നു വച്ചാൽ ഈ ഗ്യാസടുപ്പെങ്ങിനെയാ കത്തിക്കുന്നെ? കുറെ കാലമായി അടുക്കളയിൽ കേറാത്തതിൻ്റെ പരിചയമില്ലായ്മ. സാരമില്ല. തൽക്കാലം തണുത്ത കാപ്പിയും കുടിച്ച് ഒരു ബീഡിയും വലിക്കാം. അപ്പോൾ താനെ ശോധന വന്നോളും. കാലത്തേതന്നെ ആ പണിയങ്ങു തീർത്താൽ പിന്നെ ആശ്വാസമുണ്ട്. അല്ലെങ്കിൽ പിന്നെ ഒന്നും കഴിക്കാൻ തോന്നത്തില്ല. വയറു വന്നങ്ങു വീർത്തുനിൽക്കുന്ന പോലെയാ. പോരാത്തതിന് അർശ്ശസ്സിൻ്റെ അസ്ക്യതയും. ദിവസേന പോയില്ലെങ്കിൽ ശരിയാവത്തില്ല. 

തണുത്ത കാപ്പി കുടിച്ചിട്ട് അങ്ങേറ്റില്ല. ഒരു ബീഡി വലിച്ചുനോക്കാമെന്നു വച്ചാൽ തീപ്പെട്ടിയും കാണുന്നില്ല, ബീഡിയും കാണുന്നില്ല. ത്രേസ്യാക്കൊച്ചിന് ബീഡിമണം പിടിക്കത്തില്ല. അവളതെടുത്ത് ഒളിപ്പിച്ചിട്ടുണ്ടാകും. വാശിപിടിച്ചാൽ മുറുമുറുപ്പോടെ ഒരു ബീഡി തന്നെന്നിരിക്കും. പക്ഷെ അവളെവിടെ? എല്ലാവരും കൂടി പള്ളിയിൽ പോയോ? അതിനിന്നു ഞായറാഴ്ചയല്ലല്ലോ. ഞായറാഴ്ച മാത്രമല്ലേ എല്ലാവരും ഒരുമിച്ചുള്ള പള്ളിയിൽ പോക്ക്. പിന്നെവിടായിരിക്കും പോയിരിക്കുന്നെ? അയ്യോ ഇനി ജൂലിക്കൊച്ചിനെന്തെങ്കിലും വയ്യായ്കയോ മറ്റോ? എവിടെപ്പോയാലും ഒരുവാക്കൊന്നു പറഞ്ഞിട്ടുപോകാമായിരുന്നല്ലോ. വരട്ടെ. വരുമ്പോൾ രണ്ടുവർത്തമാനം പറയുന്നുണ്ട് ഞാൻ. 

ഇന്നത്തെ പത്രമെന്തുപറയുന്നു എന്ന് നോക്കാം. അപ്പോഴേക്കും ആരെങ്കിലുമൊക്കെ തിരിച്ചെത്തുമായിരിക്കും. വായിക്കണമെങ്കിൽ കണ്ണട വേണമല്ലോ. എൻ്റെ കണ്ണടയും കാണുന്നില്ലല്ലോ. ഇതെവിടെപ്പോയി!

ആഹ! വരാന്തയിൽ നിന്നിറങ്ങുന്ന പടിയിൽത്തന്നെ ഇരിപ്പുണ്ടല്ലൊ കത്രീന. 

'ഏടി കത്രീനക്കൊച്ചേ...' 

അല്ലല്ല, ഇവളാരെയാ ഈ റോട്ടിലേക്കും നോക്കിയിരിക്കുന്നെ? പെണ്ണിന് ഈയിടെ ഇച്ചിരെ ഇളക്കം കൂടുതലാ. ഞാനൊന്നും കാണുന്നില്ലെന്നാ വിചാരം

'എടി കത്രീനേ...'

ഇടി വെട്ടുമ്പോലെയാ വിളിച്ചത്. ആഹ. പിടഞ്ഞെഴുന്നേറ്റല്ലൊ. അപ്പോൾ ദേഷ്യത്തിൽ വിളിച്ചാൽ കേൾക്കുമല്ലെ. 

എന്നിട്ടും ഇവളെന്താ റോഡിൽ നിന്ന് കണ്ണെടുക്കാത്തെ. 

ഓ ഗേറ്റുകടന്നൊരു കാർ വരുന്നുണ്ടല്ലോ. അതു കണ്ടാണല്ലെ അവൾ എഴുന്നേറ്റത്. അല്ലാതെ എന്നെ പേടിച്ചിട്ടല്ല.  ആയകാലത്ത് വിരൽത്തുമ്പിൻ്റെ ആംഗ്യത്തിൽ വേലക്കാർ റാൻ മൂളി നിൽക്കുമായിരുന്നു.  കാര്യശേഷിയില്ലാത്ത പ്രായമായപ്പോൾ വേലക്കാരും വില വയ്ക്കാതായി. 

ഇതെന്താ ആദ്യം വന്ന കാറിന് പുറകെ വേറെയും കാറുകൾ? ജൂലിക്കൊച്ചിനെന്തേലും പറ്റിയോ കർത്താവേ ? അതാ ജൂലിയുടെ ഭർത്താവ് റോയ് കാറിൽ നിന്നിറങ്ങുന്നു. അപ്രത്തെ ഡോർ തുറന്ന് ജെയിംസ് മോനും ഇറങ്ങുന്നു. അയ്യോ എൻ്റെ ജൂലിക്കൊച്ചിനെന്നാ പറ്റിയെ? അല്ല! അവർ രണ്ടുപേരും കൂടി പിടിച്ചിറക്കുന്നത് ജൂലിയെ അല്ലേ? അവൾ പ്രസവിച്ചില്ലേ? വയർ അതുപോലെതന്നെ ഉണ്ടല്ലൊ. 

അവൾ കരയുന്നുണ്ടല്ലൊ. എൻ്റെ കൊച്ചിനെന്തോ പിണഞ്ഞിട്ടുണ്ട്.

പുറകിലെ കാറിൽ നിന്ന് ജോണിയല്ലെ ഇറങ്ങുന്നെ? ഓ! ഇവനെ കൊണ്ടുവരാൻ എല്ലാവരും കൂടി എയർപ്പോർട്ടിൽ പോയതാണല്ലേ. അവൻ വരുന്ന വിവരം ആരുമെന്നോടെന്താ പറയാഞ്ഞത്!വയ്യാത്ത മേരിപ്പെണ്ണിനേയും കെട്ടിയെഴുന്നള്ളിച്ചിട്ടുണ്ടല്ലൊ. എനിക്ക് കൂട്ടായിട്ട് അവളെയെങ്കിലും ഇവിടെ ഇരുത്തിയിട്ടു പോകാമായിരുന്നില്ലെ. ഇവളെന്താ കരയുന്നെ? ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് വിഷമിപ്പിച്ചോ അവളെ? ആയ കാലത്തും, വയ്യായയിൽ പോലും ഒരു വാക്കു പറഞ്ഞ് ഞാനെൻ്റെ മേരിക്കൊച്ചിനെ വിഷമിപ്പിച്ചിട്ടില്ല. ഇപ്പൊ ആരാ അവളെ കരയിപ്പിച്ചെ?

ജോണിമോൻ മേരിക്കൊച്ചിനെ താങ്ങിക്കൊണ്ടുവരുന്നുണ്ട്. പുറകെ വരുന്നത് മേരിക്കൊച്ചിൻ്റെ ആങ്ങള ഔസേപ്പല്ലെ? അങ്ങിനെ വരട്ടെ. അവനീയിടെ മുട്ടുകാലിനെന്തോ കുഴപ്പമുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. അവൻ കൊണ്ടുപോയതാണല്ലേ എൻ്റെ വാക്കിങ്ങ് സ്റ്റിക്ക്.  അവനത് കുത്തിനടക്കേണ്ടതെങ്ങിനെയെന്നുകൂടി അറിയില്ല. പൂച്ചക്കുഞ്ഞിനെ പിടിക്കുന്ന പോലെ, ഇടത്തെ കയ്യിൽ തൂക്കിപ്പിടിച്ചു നടക്കുന്നു!!

ഔസേപ്പിതിനിടയ്ക്ക് പതുക്കെ എന്തൊക്കെയോ മേരിക്കൊച്ചിനോട് പറയുന്നുണ്ടല്ലോ. അത് കേട്ടിട്ടാകണം വന്നപാടെ മേരിക്കൊച്ച് എൻ്റെ കിടക്കയിൽ വീണുകരയുന്നെ. കേൾവി ഇത്തിരി പതുക്കെയാ എനിക്ക്. ഒന്നു ചെവിവാട്ടം പിടിക്കട്ടെ.

അയ്യോ ഇവനെന്തൊക്കെയാ പറഞ്ഞുകൊടുക്കുന്നെ! നരകിച്ചുള്ള കിടപ്പിൽ നിന്ന് അളിയന് രക്ഷയായി എന്നോ? ഞാനല്ലാതെ ഇവന് വേറെ ഏതളിയൻ?! മേരിക്കൊച്ചിന് അളിയൻ്റെ ഓർമ്മയ്ക്കായി സൂക്ഷിക്കാനാണത്രെ വാക്കിങ്ങ് സ്റ്റിക്ക് ശവപ്പെട്ടിക്കുള്ളിൽ വയ്ക്കാതെ തിരികെ കൊണ്ടുപോന്നത്. എൻ്റെ ഓർമ്മയ്ക്കോ. ഇവനെന്തൊക്കെ പോഴത്തരങ്ങളാ ഈ പറയുന്നെ?!! മേരിക്കൊച്ചിനെ വിഷമിപ്പിച്ചാൽ അളിയനാണെന്നൊന്നും നോക്കില്ല. ഒരൊറ്റ ചവിട്ട് വച്ചുതരും. അങ്ങുചെന്ന് അവൻ്റെ മുഖത്ത് നോക്കി നാലുവർത്തമാനം പറയട്ടെ. എന്നാലുമെൻ്റെ കണ്ണടയിതെവിടെപ്പോയി?!!!!

No comments: