Tuesday, 17 December 2024

ലാവെൻ്റർ

ഇരവിഴുങ്ങിനിറഞ്ഞ വൻസ്രാവിൻ്റെ അലസചലനത്തെ ഓർമ്മിപ്പിക്കുന്ന വിധം, നിറയെ യാത്രക്കാരുമായി എയർ ഇന്ത്യയുടെ വിമാനം ഹീത്രൂ എയർപ്പോർട്ടിൻ്റെ റൺവേയിലൂടെ പതുക്കെ നീങ്ങി. പിന്നെ വേഗം കൈവരിച്ച്, ശ്വാസമെടുക്കാൻ മുകൾപ്പരപ്പിലേക്ക് മൂക്കുയർത്തിക്കുതിക്കുന്ന  മത്സ്യത്തെപ്പോലെ, ആകാശത്തേക്കുയർന്നു.  അടുത്ത നിമിഷം അസ്തമയസൂര്യൻ്റെ ചെങ്കിരണങ്ങൾ ചിറകിലണിഞ്ഞുപറക്കുന്ന ഭീമൻ പക്ഷിയായത് കാണപ്പെട്ടു. 

വിൻ്റോ സീറ്റുകളിലൊന്നിൽ പ്രായത്തെ തോൽപ്പിക്കുന്ന അവശതയും പേറി,  ശിലപോലെ,  ആ വൃദ്ധൻ ഇരുന്നിരുന്നു. ചില്ലുജാലകത്തിലൂടെ പുറത്തെ ഏതോ ബിന്ദുവിൽ അചഞ്ചലമായി നട്ടുവച്ച മിഴികളിലൂടെ പക്ഷെ അയാൾ ഒരു മുഖം മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു. സൂര്യകിരണങ്ങൾ ചെഞ്ചായം കലക്കിയ  കൺതടാകങ്ങൾ നിറഞ്ഞ്കവിയുന്നത്, ഒരു നിലവിളിയുടെ ഉള്ളുരക്കത്തിൽ സ്വയം മറന്നിരുന്ന അയാൾ അറിയുന്നുണ്ടായിരുന്നില്ല. ഘനമേഘങ്ങൾ, സാമീപ്യം കൊണ്ട് പുകമഞ്ഞായി രൂപപ്പെട്ടതും അവയെ കീറിമുറിച്ച് വിമാനം ഉയരങ്ങളിലേക്കെത്തിയതും, പിന്നീട് താഴെ ഒരു വെണ്മേഘക്കടൽ രൂപപ്പെട്ടതും ഒന്നും അയാളറിഞ്ഞില്ല.  'എൻ്റെ കുഞ്ഞേ' എന്ന, പുറത്തുവരാത്തൊരു നിലവിളി, അയാളുടെ ജീവനാരുകളെ അപ്പോൾ പറിച്ചെടുക്കുകയായിരുന്നു. പെയ്തിട്ടും പെയ്തിട്ടും തോരാതെ അയാളുടെ മനസ്സ് പുതിയ കാർമേഘങ്ങളെ അണിഞ്ഞുകൊണ്ടിരുന്നു.  ഹൃദയംകളഞ്ഞുപോയ ആംഗലഭൂമികൾ കാഴ്ചയിൽ നിന്നു മായ്ച്ച്, വിമാനം ഉയരങ്ങളെ തൊട്ട ഏതോ നിമിഷത്തിലാണ്,  കലങ്ങിമറിഞ്ഞ വെള്ളത്തിൽ ശ്വാസമെടുക്കാൻ പോലും മറന്ന് ആഴങ്ങളിൽ മയങ്ങിവീണ മത്സ്യത്തെ ജീവവായുവിൻ്റെ ഒരു നീർപ്പോള വന്നു തഴുകുംപോലെ, അതിമൃദുവായൊരു സ്പർശം അയാളുടെ ഇടത്തെ തോളിനെ തൊട്ടത്. 

ഒരു സ്പർശനത്തിലൂടെ സംവദിക്കപ്പെടാവുന്ന അഭൗമവും അലൗകികവുമായ വികാരങ്ങളുടെ അപാരസാധ്യതകൾക്ക് വിധേയനാവുകയായിരുന്നു ആ നിമിഷം അയാൾ. തകർന്ന് ഛിന്നഭിന്നമായ ഒരു സ്ഫടികശിൽപ്പം, ഒരൊറ്റ കരസ്പർശത്താൽ പൂർവാധികം മനോഹാരിതയും മൂർത്തതയും കൈവരിക്കുന്നതും, ഒരു ഉയിർപ്പിലെന്ന അതിൻ്റെ മേനിത്തിളക്കത്തിൽ സ്വന്തരൂപം പ്രതിഫലിക്കുന്നതും അനുഭവിച്ചറിയുകയായിരുന്നു, അത്രമേൽ പരിചിതമായ ആ സ്പർശനത്തിലൂടെ അയാളപ്പോൾ.

ആദ്യമായല്ല ഈ കരസ്പർശം അയാൾ അനുഭവിക്കുന്നത്. എന്നാൽ ആ സ്പർശനം സന്നിവേശിപ്പിച്ച സ്വർഗീയാനുഭൂതികളുടെ തീവ്രത അയാളിൽ അത്ര ശക്തമായ തരംഗങ്ങളുണർത്തുന്നത് ഇതാദ്യമാണ്. ഒരു ചുഴലിക്കാറ്റിലകപ്പെട്ടാലെന്ന പോലെ പെട്ടെന്നു വീശിയടിച്ച ഒരുകൂട്ടം പ്രിയകരചിന്തകളിൽ അയാൾ ഉലഞ്ഞു. അതിനൊപ്പം, തനിക്കു ചുറ്റും വന്നുനിറയുന്ന ലാവെൻ്ററിൻ്റെ സൗരഭ്യം സാവകാശം ഉള്ളിലേക്കെടുത്ത്, അയാൾ ആ സ്പർശനം വന്ന ദിശയിലേക്ക് നോക്കി. കണ്ണുനീർ നിറഞ്ഞ് അതാര്യമായ കാഴ്ചയിൽ, പശ്ചിമാംബരത്തിലെ വെൺമേഘങ്ങൾക്കിടയിലൂടെ വിൻ്റോയെ തുളച്ചെത്തുന്ന അസ്തമയസൂര്യൻ്റെ സ്വർണ്ണപ്രഭയിൽ പൊതിഞ്ഞ് കാണപ്പെട്ട രൂപം എയർ ഹോസ്റ്റസിൻ്റേതാകാം എന്നയാൾ ചിന്തിച്ചു. എന്നാൽ ഹൃദയത്തെ  മുറിചേർത്ത് തിരികെയെത്തിച്ച ആ സ്പർശം?! നിറഞ്ഞ കണ്ണുകളെ  നാപ്കിനിലേക്കൊപ്പി, ഒന്നുകൂടി നോക്കിയ നിമിഷം  അയാൾ ഞെട്ടിപ്പോയി. അത് അവളായിരുന്നു.!!!

സമാനമായ ഒരു ഞെട്ടൽ ഉളവാക്കിയാണ് , മൂന്നു മാസങ്ങൾക്കുമുൻപുള്ള ആ വെള്ളിയാഴ്ചയും, അവൾ അയാൾക്കു മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്നും അയാളുടെ കൺകോണുകൾ നനഞ്ഞിരിക്കുകയും മനസ്സ് ദുഖഭാരത്താൽ കനപ്പെട്ടിരിക്കുകയും ചെയ്തിരുന്ന ഒരു സായാഹ്നമായിരുന്നു. ലണ്ടൻ്റെ വടക്കൻപ്രാന്തപ്രദേശങ്ങളിലെ  കുന്നിൻമുകളിലുള്ള  ഒരുപള്ളിയോടു ചേർന്ന്, പൗരാണികത വിമൂകം തലകുനിച്ചുനിൽക്കുന്ന  സ്മശാനത്തിൻ്റെ ഒരരികിലെ ചാരുബെഞ്ചിലിരിക്കുകയായിരുന്നു, അയാളപ്പോൾ. പകലുകളുടെ  ദൈർഘ്യത്തെ പിന്നിലാക്കി, ശിശിരം മുന്നിലേക്കോടിയെത്തിക്കൊണ്ടിരുന്ന ആ വൈകുന്നേരം, അയാൾക്കുപുറകിൽ സൂര്യൻ അന്തിച്ചക്രവാളത്തിൽ ചെഞ്ചായമേലങ്കിയണിഞ്ഞുനിന്നിരുന്നു. പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ ഒരു സ്വപ്നാടനത്തിലെന്നപോലെയാണ് അയാൾ, സ്മശാനമാണെന്നറിയാതെ അങ്ങോട്ട് ചെന്നെത്തിയത്. യു.കെയിൽ വന്നയുടനെയുള്ള ആസ്പത്രിവാസത്തിനു ശേഷം, ഡോക്റ്റർ നിർദ്ദേശിച്ച ദിനചര്യയുടെ ഭാഗമായുള്ള നടപ്പിനിടയിൽ അന്നയാൾ പതിവില്ലാതെ ഒന്നു വഴിമാറി സഞ്ചരിച്ചതാണ്.ചാവി  കൊടുത്തുവിടുമ്പോൾ നിശ്ചിതപാതയിലൂടെ ഓടുന്ന കളിവണ്ടി പോലെ, മകൻ കാണിച്ചുകൊടുത്തിട്ടുള്ള ചില മാർഗങ്ങളിലൂടെ മാത്രം നടന്ന്, ഒരു മണിക്കൂർ കൊണ്ട് തിരികെ വീട്ടിലെത്തുകയായിരുന്നു അതുവരെയുള്ള പതിവ്. തുടക്കത്തിലൊക്കെ മകൻ കൂട്ടിന് വന്നിരുന്നു. വഴി മനസ്സിലായിക്കഴിഞ്ഞതോടെ ആരും കൂടെ വരാതായി. മകനും മരുമകൾക്കും ജോലിത്തിരക്ക്. കൊച്ചുമക്കൾക്ക് പഠനത്തിരക്ക്. എങ്കിലും അയാൾ മുടങ്ങാതെ നടക്കാൻ പോകുന്നുണ്ടെന്ന് മകൻ ഉറപ്പുവരുത്തിയിരുന്നു. ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ, അയാളുടെ ആസ്പത്രിവാസം മകൻ്റെ പോക്കൻ്റിൻ്റെ നല്ലൊരു ഭാഗം കവർന്നിരുന്നു. ഇനിയുമൊരു ആസ്പത്രിവാസം ഒഴിവാക്കാനായി, ഡോക്റ്ററുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് മകൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അയാളുടെ മനസ്സിനെ പകർന്നാടും വിധം, ഏകാന്തത ഘനീഭവിച്ചുനിന്നിരുന്ന ആ സ്മശാനത്തിലെ ചാരുബെഞ്ചിലിരുന്ന്, ഓരോ കല്ലറയും നിശ്ശബ്ദം നെഞ്ചേറ്റിയ പേരുകളെ, അറിയാവുന്ന ഇത്തിരി ഇംഗ്ലീഷ് അക്ഷരജ്ഞാനം ഉപയോഗിച്ച് അയാൾ വായിക്കാൻ ശ്രമിച്ചു. പിന്നെ ആ ഉദ്യമം ഉപേക്ഷിച്ചു.  പിറപ്പിലൂടെ സ്വായത്തമാക്കുകയും, ജീവിതം മുഴുവൻ കൂടെക്കൂട്ടുകയും ചെയ്ത നാമങ്ങൾ, ശിലാഫലകങ്ങൾക്ക് ദാനം ചെയ്ത്,  മരണവാതിൽക്കൽ ദേഹമുപേക്ഷിച്ച്, ദേഹികൾ മുന്നോട്ട് ഗമിച്ചിരിക്കുന്നു. അതിനപ്പുറമുള്ള ലോകത്ത് പേരിനോ ഭാഷയ്ക്കോ എന്തു പ്രസക്തി.  ഉറക്കത്തിലാണ്ടുപോയവരുടെ ഭാഷ - മൗനം. ഇംഗ്ലണ്ടിലെത്തിയതിനു ശേഷം അയാൾക്കും ആ ഭാഷയാണ് കൂടുതൽ പരിചിതം. 

കല്ലറകളിലുറങ്ങുന്നവരോട് അയാൾ മൗനമായി സംസാരിച്ചു. നിറത്തിൻ്റെയും ദേശത്തിൻ്റെയും അതിരുകളെ ഭേദിച്ച്, ആ ആത്മീയാശ്രമത്തിലെ അന്തേവാസികൾ അയാളുടെ വേദനകളെ തൊട്ടറിഞ്ഞു. അകലെ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ, നിത്യമായ ഉറക്കത്തിലേക്കാണ്ടുപോയ ഭാര്യയ്ക്ക്, അയാളുടെ ദു:ഖസന്ദേശങ്ങളയച്ചു. ഭാര്യയുടെ ആശ്വാസസന്ദേശങ്ങൾ മറുപടിയായി തിരികെ എത്തിച്ചു. അവ സ്വീകരിച്ച്, കൈകളിൽ തല താങ്ങിയിരുന്ന്, ഒറ്റപ്പെടലിൻ്റെ ദു:ഖത്തിൽ അയാൾ വിതുമ്പി. എല്ലാറ്റിനും മൂകസാക്ഷികളായ്, പറന്നുയരുന്നതിനിടെ ശിലായായുറഞ്ഞുപോയ  ആത്മാക്കളെപ്പോലെ, അവിടിവിടെയായി, ചിറകുകൾ പാതിവിരിച്ചുനിൽക്കുന്ന ചില  മാലാഖാരൂപങ്ങളും. 

മാർബിൾക്കൽത്തണുപ്പിനെ ചുംബിച്ചുവന്നൊരു കാറ്റ് അയാൾക്കു നേരെ വീശി. ജാക്കറ്റിനേയും തുളച്ച് ഒരു കുളിര്, അയാളെ വന്നുതൊട്ടു. കാറ്റു കൊണ്ടുവന്ന ലാവെൻ്ററിൻ്റെ പരിമളം അവിടെല്ലാം നിറഞ്ഞു. ആ സമയത്താണ്, തൻ്റെ ഇടത്തെ തോളിൽ അയാൾ അന്നുവരെ അനുഭവിച്ചറിഞ്ഞിട്ടുള്ളതിലേക്കും മൃദുവായ ആ സ്പർശമറിഞ്ഞത്. ഒരു മിന്നൽപ്പിണരിൻ്റെ വേഗത്തിൽ അത്  പകർന്ന വികാരം സ്നേഹമാണോ, കനിവാണോ, ആശ്വാസമാണോ, സൗഹൃദമാണോ, അതോ ഈ നിർവചനങ്ങൾക്കെല്ലാമപ്പുറമുള്ള, ഇനിയും പേർ ചൊല്ലി വിളിച്ചിട്ടില്ലാത്ത ഏതെങ്കിലും വികാരമാണോ എന്ന് വ്യവച്ഛേദിച്ചറിയാൻ അയാൾക്കു കഴിഞ്ഞില്ല. 

തിരിഞ്ഞുനോക്കിയ അയാൾ, അടിമുടി വിറച്ചുപോയി. അസ്തമയസൂര്യൻ്റെ  സുവർണ്ണപ്രഭയാൽ വലയം ചെയ്യപ്പെട്ട്, വശങ്ങളിലേക്കു വിടർത്തിയ വെൺതൂവൽച്ചിറകുകളോടെ, കാറ്റിൽ പറക്കുന്ന സ്വർണ്ണകുന്തളത്തോടെ, കൈകളിൽ പനിനീർപ്പൂക്കളുമായി, വായുവിലുയർന്നുനിൽക്കുന്ന രൂപത്തിൽ തനിക്കു പിന്നിൽ ഒരു മാലാഖ. ഞെട്ടിയെഴുന്നേറ്റ് പുറകോട്ടു വേച്ചുപോയി, അയാൾ. അയാളുടെ അമ്പരപ്പു കണ്ട് പകച്ചുപോയ മാലാഖ, പതുക്കെ മുന്നിലേക്കു വന്ന്  അസ്തമയസൂര്യനഭിമുഖമായി നിന്നു. അവളിൽ നിന്ന് പുറപ്പെട്ട ലാവെൻ്റർസുഗന്ധം അയാളെ വന്നുപുണർന്നു. 

അവളുടെ വെളുത്ത ഉടുപ്പിൻ്റെ വിടർന്ന സ്ലീവുകളെ പറപ്പിച്ചിരുന്ന കാറ്റ് നിലച്ചു. താനൊരുക്കിയ ജാലവിദ്യയിൽ അൽപ്പനേരമെങ്കിലും അകപ്പെട്ടുപോയ അയാളെ നോക്കി അസ്തമയസൂര്യൻ കണ്ണിറുക്കിച്ചിരിച്ചു. എന്നാൽ ആ ഇന്ദ്രജാലത്തിൽ നിന്നും അപ്പോഴും പൂർണ്ണമായും മോചനം നേടാനാവാതെ അയാൾ, തൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട കൊച്ചുമാലാഖയുടെ വെള്ളാരംകണ്ണുകളിലേക്കുതന്നെ നോക്കിനിൽക്കുകയായിരുന്നു. അവളുടെ കാലുകൾ ഭൂമിയിൽ തൊടുന്നുണ്ടെന്ന് മനസ്സിലായ നിമിഷം അയാളുടെ ചിന്തകളും ഭൂമിതൊട്ടു. 

അൽപ്പനേരത്തെ ആ സമ്മോഹനാവസ്ഥയിൽ നിന്നും മോചിതനായ  അയാളിൽ പതിവുപോലെ, ഇംഗ്ലീഷുകാരുടെ മുന്നിലകപ്പെടുമ്പോഴുണ്ടാകാറുള്ള, ഭാഷാജ്ഞാനമില്ലായ്മ മൂലമുള്ള സങ്കോചം ആവിർഭവിച്ചു. സാധാരണ ഗതിയിൽ അയാൾ അപ്പോൾത്തന്നെ തിരിഞ്ഞുനടക്കേണ്ടതാണ്. എന്നാൽ അൽപ്പം മുൻപ്, ഒരു മൃദുസ്പർശത്തിലൂടെ അയാൾക്ക് പകർന്നുകിട്ടിയ ആ അവാച്യമായ വികാരം, ഒരു അദൃശ്യചങ്ങലയാൽ അയാളെ, തൻ്റെ കൊച്ചുമക്കളുടെ മാത്രം പ്രായം തോന്നിക്കുന്ന ആ കൗമാരക്കാരിയിലേക്ക് ബന്ധിപ്പിച്ചുനിറുത്തി. 

അനുവാദമില്ലാതെ അയാളുടെ തോളിൽ തൊട്ടത് തെറ്റായോ എന്നൊരാശങ്ക മുഖത്തണിഞ്ഞ് അവളും അയാളെ ഏതാനും നിമിഷങ്ങൾ നോക്കി നിന്നു. പിന്നെ മൃദുവായി ചിരിച്ചു. അതിൻ്റെ അനുരണനങ്ങൾ അയാളുടെ മുഖവും പകർന്നെടുത്തു. ജപം പോലെ ഉരുവിട്ടുപഠിച്ചിരുന്ന ഉപചാരവാക്കുകൾ അയാൾ ഒന്നുകൂടി മനസ്സിലിട്ടുമിനുക്കി തയ്യാറാക്കിനിറുത്തി. അവളോ, നൃത്തമുദ്രകൾ വിരലുകളിൽ വിടർത്തി, ആംഗ്യഭാഷയിൽ സംസാരമാരംഭിച്ചു. തനിക്കു ഭാഷയറിയില്ലെന്ന് അവൾ മനസ്സിലാക്കി എന്ന സങ്കോചത്താൽ, തട്ടുകൊണ്ട പഴയൊരു തകരപ്പാട്ട പൊലെ  അയാളൊന്നു ചൂളിച്ചുളുങ്ങി.  അയാളുടെ പരിഭ്രമം കണ്ട്, അവൾ സ്വന്തം നാവിൽ തൊട്ട്, വലതുകൈപ്പത്തി ഇടംവലം ആട്ടി 'ഇല്ല' എന്ന് ആംഗ്യത്താൽ പറഞ്ഞു. പിന്നെ,  മന്ദഗതിയിലായ കരചലനത്തോടെ, വായ് പൂർണ്ണമായും അടയ്ക്കാൻ മറന്ന് അയാളെ ദയനീയമായി നോക്കി. ആ ഇളംനാവിൻ്റെ ശബ്ദശൂന്യതയിലേക്ക് അയാളും പകപ്പോടെ നോക്കി.  അടുത്ത നിമിഷം, ആംഗ്യഭാഷ എന്നൊരു പൊതുഭാഷ തങ്ങൾക്കുണ്ട്  എന്ന സന്തോഷബിന്ദുവിനും,  ഈ ലോകത്തിലെ ശബ്ദങ്ങളൊന്നും അവളുടെ ലോകത്തേയ്ക്കെത്തുന്നില്ലല്ലോ എന്ന ദു:ഖബിന്ദുവിനുമിടയിൽ ഒരു പെൻ്റുലം കണക്കെ തൻ്റെ മനസ്സ് ആലോലമാടുന്നത് അയാൾ അറിഞ്ഞു. 

'എന്തിനു കരയുന്നു?' അയാളുടെ ദു:ഖത്തെയപ്പാടെ, ഭാവം കൊണ്ട് സ്വന്തം മുഖത്തേക്കൊപ്പിയെടുത്ത്, അവൾ ആംഗ്യത്താൽ ചോദിച്ചു.

അപ്പോൾ മാത്രം കണ്ട ഒരാൾ എന്നതിനപ്പുറമുള്ള ഒരു ആത്മബന്ധം അയാൾക്കവളോട് അതിനകം ഉടലെടുത്തിരുന്നു. ഊഷ്മളതയുടെ ചെംപരവതാനി വിരിച്ച് അയാൾ അവൾക്കുമുന്നിൽ ഹൃദയവാതിൽ തുറന്നിട്ടു. അവളെ ആദ്യം കണ്ടപ്പോഴുണ്ടായ അമ്പരപ്പ്, കണ്ണുനീരിനെ തടഞ്ഞുതീർത്ത തൽക്കാലതടയണ  ആ നിമിഷം പൊട്ടിത്തകരാതിരിക്കാൻ അയാൾ ആവുന്നതു ശ്രമിച്ചെങ്കിലും, അത് അയാളെ തോൽപ്പിച്ച് അവളുടെ ഹൃദയത്താഴ്വാരങ്ങളിലേക്കൊഴുകി. അതിൽ അയാളുടെ കഥയെഴുതി. 

ഇക്കാലമത്രയും നിറുത്താതെ ഓടുകയായിരുന്നു. ഓടിത്തളർന്നപ്പോഴാണ് മനസ്സിലായത്, ഓടിയതുമുഴുവൻ കുടുംബമെന്ന ഇത്തിരിവട്ടത്തിനുള്ളിലായിരുന്നു എന്ന്. അപ്പോഴേക്കും മകൾ വൃത്തം ഭേദിച്ച് പുറത്തുകടന്നിരുന്നു. അതിനുമെത്രയോ മുൻപെ ഭാര്യയും മരണമടഞ്ഞിരുന്നു. മകൻ ഇംഗ്ലണ്ടിലേക്ക് കുടിയേറുക കൂടി ചെയ്തപ്പോൾ, കുടുംബസാമ്രാജ്യാതിർത്തി കാക്കുന്ന കാവൽക്കാരൻ്റെ കീറി തുന്നലഴിഞ്ഞ കുപ്പായം ഊരി നെഞ്ചോടുചേർത്ത്, അയാൾ ഏകനായി മാഞ്ഞുമറഞ്ഞ ഭൂവിസ്തൃതികളെ വെറുതെ ഓർമ്മത്താളുകളിൽ വരച്ചുകൊണ്ടിരുന്നു. ആ സമയത്താണ് ആറുമാസത്തെ വിസിറ്റിങ്ങ് വിസ എന്ന നൂലേണിയിലൂടെ അയാൾ, മകൻ്റെ ഇംഗ്ലണ്ടിലെ വീട്ടിലെത്തിയത്. അൽപ്പമാത്രമലയാളം സംസാരിക്കുന്ന ചെറുമക്കൾക്കും, മലയാളം നന്നായി അറിയാമായിരുന്നിട്ടും ദൈനംദിനത്തിരക്കുകൾ മൂലം പരിമിതസംസാരങ്ങളിലേക്ക് ചുരുങ്ങുന്ന മകനും മരുമകൾക്കുമിടയിൽ അയാൾക്കുമാത്രമായി ഒരു കൊച്ചുവൃത്തം  രൂപപ്പെട്ടുവന്നിരുന്നു.  അതിനുള്ളിലെ നിശ്ശബ്ദതയിൽ അയാൾ സ്വഭാഷ പോലും മറന്നുപോയിരുന്നു. എന്നാൽ ബധിരയും മൂകയുമായ ഈ കുട്ടിയോട്, ലോകത്തിൽ  നിലവിലുള്ള എല്ലാ ഭാഷകളേക്കാൾ മനോഹരമായും ഒഴുക്കോടെയും അന്നയാൾ സംസാരിച്ചു. അവൾ തിരിച്ചും. 

അവളുടെ പേര് ഐവ റൊബേട്സ്. അവൾ റോസാപ്പൂക്കളർപ്പിച്ച ഓരോ കല്ലറയിലേയും പേരുകൾ, അൽപ്പം ബുദ്ധിമുട്ടി അയാൾ വായിച്ചെടുത്തു. ക്രിസ്റ്റഫർ റോബേട്സ്, ആൻ മേരി റോബേട്സ്, ഒളിവർ റോബേട്സ്. ഒരു കാറിൽ  ഒരുമിച്ചു യാത്ര ചെയ്ത്, സമയത്തിന്റെ നാലാം മാനത്തേയും കടന്നുപോയവർ. അവൾ മൗനമായി അവരോട് സംസാരിക്കുന്നത് അയാൾ നോക്കി നിന്നു. അവളുടെ കണ്ണീരണിഞ്ഞ മിഴികൾ, അയാളെ  'ഗ്രാൻപാ' എന്നു വിളിക്കുന്നത് അയാൾ കേട്ടു. എന്തോ ഉൾപ്രേരണയാൽ അയാൾ അവളുടെ വലതുവശം ചേർന്നുനിന്ന് പുറകിലൂടെ  ഇടത്തെ തോളിൽ കൈചേർത്തു. അവൾ അയാളുടെ  തോളിലേക്കു മെല്ലെ ചാഞ്ഞു. ചക്രവാളസീമയിൽ പാതിമുഖം മറച്ച് സൂര്യൻ,  ആ മനോഹരനിമിഷത്തെ സുവർണ്ണചട്ടക്കൂടിട്ട നിശ്ചലചിത്രമാക്കി.

അപ്പൂപ്പനും അമ്മൂമ്മയും തൻ്റെ വരവുനോക്കിയിരിക്കുന്നുണ്ടാവുമെന്നവൾ പറഞ്ഞു. അവർ ഒരുമിച്ചുനടന്നു. പിന്നെ, ഇരുവഴി തിരിയുന്നിടത്ത് നിന്നു. നാളെയും കാണാമെന്ന് ആംഗ്യഭാഷയിൽ വിടചൊല്ലി. 

അന്നയാൾ പതിവിലും വൈകിയാണ് വീടണഞ്ഞത്. യാന്ത്രികതയുടെ പല  തുരുത്തുകൾക്കിടയിൽ, ചലിക്കുന്ന മറ്റൊരു ഒറ്റത്തുരുത്തായി മാറിക്കഴിഞ്ഞിരുന്ന അയാൾക്ക്, അന്ന് പക്ഷെ പതിവുള്ള വീർപ്പുമുട്ടൽ അനുഭവപ്പെട്ടില്ല. ആ തുരുത്ത് അന്നൊരു മനോഹരവാടിയായി രുപാന്തരപ്പെട്ടിരുന്നു. അതിൽ നിറയെ ലാവെൻ്റർപ്പൂക്കൾ വിടർന്നുനിന്നിരുന്നു. അവയ്ക്കിടയിൽ വെള്ളാരം കണ്ണുകളും സ്വർണ്ണത്തലമുടിയുമുള്ള ഒരു മാലാഖ, വെൺചിറകുവിരിച്ച് പാറിപ്പറന്നുനടന്നിരുന്നു. 

പിന്നീടുള്ള ദിവസങ്ങൾ, വൈകുന്നേരങ്ങളിലേക്കണയാൻ ഏറെ സമയമെടുക്കുന്നതെന്തേ എന്നയാൾ അത്ഭുതപ്പെട്ടു. ഓരോ ദിവസവും ഈവനിങ്ങ് വാക്കിനുള്ള സമയത്തിലേക്കെത്താൻ അയാൾ അക്ഷമയോടെ കാത്തു. പതിവിലും ഊർജ്ജം അയാളുടെ ഓരോ ചലനങ്ങളിലും പ്രതിഫലിച്ചു.

പല മധുരപലഹാരങ്ങളും പതിവിനു വിപരീതമായി പെട്ടെന്ന് തീർന്നു പോകുന്നത് മരുമകളാണ് ആദ്യം ശ്രദ്ധിച്ചത്. ഡയബെറ്റിക് രോഗിയായ അമ്മായിയപ്പനാണ് ഇതെല്ലാം തീർക്കുന്നതെന്ന് വൈകിയാണ് മരുമകൾ മനസ്സിലാക്കിയത്. അപ്പൻ പിന്നെയും അസുഖങ്ങളെന്തെങ്കിലും ഉണ്ടാക്കിവയ്ക്കുമോ എന്ന്  മകൻ ഭയന്നു.  അപ്പൻ്റെ ബ്ലഡ്ഷുഗർ  നിയന്ത്രണത്തിലാണെന്നത് മകന് ആശ്വാസം നൽകിയെങ്കിലും  ഭക്ഷണം ശ്രദ്ധിക്കണമെന്ന് അപ്പനെ മകൻ ഓർമ്മപ്പെടുത്താതിരുന്നില്ല. ഗൂഢമായൊരു പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട്, ആസ്വദിച്ചുകഴിച്ച സ്നാക്കുകൾക്ക് പകരമായി കൊച്ചുമാലാഖ തൻ്റെ കവിളിലേകിയ, സ്നാക്സിനേക്കാൾ മധുരമുള്ള മുത്തങ്ങളെക്കുറിച്ചും, പകരമായി അവളുടെ നെറ്റിയിൽ അർപ്പിച്ച വാൽസല്യചുംബനങ്ങളെക്കുറിച്ചും അയാളോർത്തു. ആ വൈകുന്നേരങ്ങൾക്കായി അയാളുടെ ദിനങ്ങൾ, പ്രാരംഭം മുതൽ ഊർജ്ജസ്വലമായി. 

എന്നാൽ ഒരു വൈകുന്നേരം പതിവുസമയത്ത് അവൾ എത്തിയില്ല. ഏറെനേരം കാത്തിരുന്ന്, ഒടുവിൽ സൂര്യനും മറഞ്ഞതിന് ശേഷമാണ് അയാൾ മനസ്സില്ലാമനസ്സോടെ തിരിച്ചു നടന്നത്. അവളുടെ വീട് എവിടെയാണെന്ന് താനിതുവരെ ചോദിച്ചില്ലല്ലോ എന്ന് അപ്പോഴാണയാൾ ഓർത്തത്. അവർ ഗുഡ് നൈറ്റ് പറഞ്ഞുപിരിയുന്ന കവലയിൽ, അവൾ പോകാറുള്ള ഇടവഴിയിലേക്കുനോക്കി അയാൾ കുറച്ചുനേരം നിന്നു. സമയം അഞ്ചരയാകുന്നതേ ഉള്ളുവെങ്കിലും, മഞ്ഞുകാലദിനങ്ങൾ നേരത്തെ വിടപറയുന്നതിനാൽ, അതിനകം ഇരുട്ടുവീണിരുന്നു. സ്ടീറ്റ് ലൈറ്റുകൾ കൃത്യമായ ഇടവേളകളിൽ, ഇരുണ്ടപാതയിൽ വെളിച്ചത്തിൻ്റെ വൃത്തങ്ങൾ വരച്ചിരുന്നു. അൽപ്പം വൈകി പിരിഞ്ഞ തലേദിവസവും, സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ അവൾ ഇടക്കിടെ പ്രത്യക്ഷയാകുന്നതും  തുടർന്നുവരുന്ന മങ്ങിയ ഇരുട്ടിൽ  നിഴൽരൂപമായ് നീങ്ങുന്നതും  അയാളിതുപോലെ നോക്കിനിന്നതായിരുന്നു. തലേന്നാൾ അവളെ മായ്ച്ചുകളഞ്ഞ, പാതയറ്റത്തെ ഇരുണ്ട വിജനതയിലേക്ക് അയാൾ കുറച്ചുനേരം തുറിച്ചുനോക്കി നിന്നു. പിന്നെ വീട്ടിലേക്ക് നടന്നു. 

അൽപ്പവും ഉൽസാഹമില്ലാതെയാണ് പിറ്റെ ദിവസം അയാൾ ഉണർന്നത്. മരുമകൾ ഉണ്ടാക്കിക്കൊടുത്ത ഒരു കപ്പുചായയുമായി കട്ടിലിൽത്തന്നെ വിഷണ്ണനായിരിക്കുമ്പോൾ താഴെ ഡോർ ബെൽ ശബ്ദിക്കുന്നതും, മകൻ വാതിൽ തുറന്ന് ആരോടോ സംസാരിക്കുന്നതും ഒന്നും, ചിന്തകളിൽ സ്വയം നഷ്ടപ്പെട്ടിരുന്ന അയാളുടെ ബോധമണ്ഡലത്തിലേക്കെത്തിയില്ല. അയാളുടെ മനസ്സ്, ഐവ നടന്നുമാഞ്ഞ വഴിയറ്റത്തെ ഇരുട്ടിൽ എതോ അശുഭചിന്തകളിൽ കുരുങ്ങിക്കിടന്നു, മകൻ തിടുക്കത്തിൽ മുകളിലേക്കു കയറിവന്ന് 'അപ്പാ ഒന്നു താഴേക്കു വരൂ' എന്നു പറയുന്നതുവരെ. 

താഴെ ഹാളിൽ മൂന്ന് പോലീസ് യൂണിഫോംധാരികളുടേയും  പകച്ച മുഖഭാവത്തോടെ നിന്ന മരുമകളുടേയും കൊച്ചുമക്കളുടേയും മധ്യത്തിലേക്കാണയാൾ മകനോടൊപ്പം ഇറങ്ങിച്ചെന്നത്. പോലീസ് വാഹനത്തിൻ്റെ  ബീക്കണിൽ നിന്നുള്ള ലൈറ്റ്, കൃത്യമായ ഇടവേളകളിൽ ഹാളിൻ്റെ കണ്ണാടിജനാലയെ നീലവെളിച്ചത്തിൻ്റെ തിരശ്ശീലയണിയിച്ചുകൊണ്ടിരുന്നു. 

'ആസ്ക് ഹിം ഇഫ് ഹി നോസ് ദിസ് ഗേൾ' എന്നുപറഞ്ഞ് അവർ ഒരു ചിത്രം മകൻ്റെ കയ്യിലേൽപ്പിച്ചു.

'ദേർ ഇസ് നോ ചാൻസ്' ആ വാക്കുകൾ പ്രതിഫലിപ്പിക്കുന്ന ഉറപ്പുള്ള മുഖഭാവവുമായാണ് മകൻ അപ്പനുനേരേ  ചിത്രം നീട്ടിയത്. എന്നാൽ ചിത്രത്തിലേക്കു നോക്കിയ അപ്പൻ്റെ കൈ വിറയ്ക്കുന്നതും കണ്ണുകളിൽ പകപ്പ് നിറയുന്നതും കണ്ട് മകൻ അമ്പരന്നു. 

'അയ്യോ, ഐവയ്ക്കെന്തു പറ്റി?' തൻ്റെ കുഞ്ഞുമാലാഖയുടെ ചിത്രം വിറയാർന്ന കൈകളാൽ വാങ്ങിക്കൊണ്ട് അടച്ച സ്വരത്തിൽ  പകുതി മകനോടും പകുതി പോലീസ് ഓഫ്ഫീസേഴ്സിനോടുമെന്ന പോലെ അയാൾ ചോദിച്ചു.

'അപ്പന് ഈ കുട്ടിയെ അറിയുമോ?'  മറുചോദ്യം ചോദിച്ച മകൻ്റെ അമ്പരന്ന സ്വരം, അവിശ്വസനീയതയാൽ താഴ്ന്നുപോയിരുന്നു. 

'വി നീഡ് റ്റു റ്റെയ്ക്ക് ഹിം റ്റു ദി സ്റ്റേഷൻ' കാര്യങ്ങൾ ഏതാണ്ട് മനസ്സിലാക്കിയ മട്ടിൽ പോലീസുകാർ പറഞ്ഞു. 

അവർ അയാളെ കൊണ്ടുപോയി ട്രാൻസ്ലേറ്ററുടെ സഹായത്തോടെ ചോദ്യം ചെയ്തു. തന്നെ കണ്ടുപിരിഞ്ഞ അന്ന് വൈകുന്നേരം മുതൽ ഐവയെ കാണാതായിരിക്കുന്നു എന്നുമനസ്സിലാക്കിയ മാത്രയിൽ അയാളുടെയുള്ളിൽ, ഒരു പളുങ്കുമാലാഖാരൂപം വീണു പല കഷ്ണങ്ങളായി ഉടഞ്ഞുചിതറി. ഓരോ സ്ഫടികച്ചീളും ഹൃദയത്തിൽ തറച്ച് രക്തം വാർത്തു. തൊണ്ടയിൽ തടഞ്ഞ ചില്ലുചീൾ പുറത്തേക്കു തികട്ടിയെടുക്കും പോലെ മുറിഞ്ഞ വാക്കുകളാൽ അയാൾക്കറിയാവുന്നതെല്ലാം അയാൾ അവരെ ബോധിപ്പിച്ചു. വൈകുന്നേരം പോലീസ് വാഹനം അയാളെ വീട്ടിലെത്തിച്ചു. ഒരു യന്ത്രപ്പാവക്കു സമം അയാൾ മുകളിലേക്കുപോയി ബെഡിൽ വീണു. താഴെ മകനും ഭാര്യയും തമ്മിലുള്ള  കയർത്തുസംസാരത്തിൽ അയാൾ വിഷയമാകുന്നതോ, നിരന്തരം വരുന്ന, മലയാളികളിൽ നിന്നുള്ള ഫോൺകോളുകൾക്ക്  മകൻ ഉത്തരം പറഞ്ഞുമടുക്കുന്നതോ ഒന്നും അയാൾ അറിഞ്ഞില്ല. അയാൾക്ക് വിശന്നില്ല. ദാഹിച്ചില്ല. അയാളെ ആരും ഭക്ഷണം കഴിക്കാൻ വിളിച്ചില്ല. അന്നവിടെ ആരുംതന്നെ ഭക്ഷണം കഴിച്ചതുമില്ല. 

പിറ്റെ ദിവസം ഐവയുടെ മൃതദേഹം വിജനമായ ഒരു കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയതായും പലയിടങ്ങളിൽ നിന്നുള്ള സി.സി.റ്റി.വി ഫുട്ടേജുകളുടെ സഹായത്താൽ കുറ്റവാളികളെ പോലീസ് വളരെ വേഗത്തിൽ തന്നെ പിടികൂടിയതായുമുള്ള വാർത്ത അപ്പാടെ അപ്പനെ അറിയിക്കണ്ട എന്ന് മകൻ തീരുമാനിച്ചു. ഐവ മരിച്ചു എന്നുമാത്രം മകൻ അയാളെ അറിയിച്ചു. വികൃതമാക്കപ്പെട്ട ആ മൃതദേഹം അപ്പനെ കാണിക്കാനാവില്ല എന്നതിനാൽത്തന്നെ, അപ്പൻ ഐവയെ കാണാൻ പോകണമെന്ന് ആവശ്യപ്പെട്ടേക്കുമോ എന്നയാൾ ആശങ്കപ്പെട്ടു. അയാൾ അതാവശ്യപ്പെട്ടില്ല. അന്നു കണ്ടുപിരിയുമ്പോൾ സ്ടീറ്റ്ലൈറ്റിൽ അകലെ ഇരുളിലേക്ക് നടന്നുമറയുന്ന ഐവയായിരുന്നു അയാളുടെ കണ്ണുകളിലപ്പോഴും. 'അയാളുടെ നിശ്ശബ്ദനിലവിളി, അവളെ പിൻവിളി വിളിച്ചുകൊണ്ടേയിരുന്നു. 

ഐവയുടെ മരണത്തിൽ അയാൾക്ക് യാതൊരു പങ്കുമില്ല എന്ന് പോലീസിന് ആദ്യഘട്ടത്തിൽ തന്നെ മനസ്സിലായിരുന്നെങ്കിലും ആ അഭിശപ്തസംഭവങ്ങൾ കുടുംബാഗങ്ങളിൽ ഏൽപ്പിച്ച അപമാനഭാരം ഏറെയായിരുന്നു. അപ്പനെ വേഗം നാട്ടിലേക്ക് പറഞ്ഞുവിടാൻ അതിനാൽത്തന്നെ തീരുമാനമായി. തൻ്റെ മാലാഖയില്ലാത്ത ആ സ്ഥലത്ത് നിൽക്കാൻ അയാളും അൽപ്പവും ആഗ്രഹിച്ചില്ല. ഐവയ്ക്കൊപ്പം അയാളുടെ ഹൃദയത്തേയും, അവൾ നടന്നുമറഞ്ഞ ഇരുട്ട് വിഴുങ്ങിയിരുന്നു. എന്നിട്ടും ആ യന്ത്രപ്പാവ നിറുത്താതെ കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ആ സമയത്താണ് ഏറെ ആഗ്രഹിച്ച ഒരു സാന്ത്വം, പൂത്തുമ്പിയായി ചിറകുകൾ വിടർത്തി അയാളുടെ തോളിൽ വീണ്ടും പറന്നുവന്നിരുന്നത്. 

അവൾ- ഐവ!! ചിരിച്ചുകൊണ്ട് അയാളെ നോക്കിനിൽക്കുന്നു.  അവളുടെ  വെൺചിറകുകൾ ഇരുവശത്തേക്കും വിരിഞ്ഞുനിൽക്കുന്നതും  കാലുകൾ നിലംതൊടാതുയർന്നുനിൽക്കുന്നതും അയാളപ്പോൾ വ്യക്തമായും കണ്ടു. അവിടമാകെ ലാവെൻ്റർപരിമളം നിറഞ്ഞുനിന്നു. ചിറകുകളൊതുക്കി സാവകാശം അവൾ അയാൾക്കരികിലിരുന്നു. പിന്നെ സംസാരിച്ചു. യാത്രയിലുടനീളം ലിപികളില്ലാത്ത, ശബ്ദമില്ലാത്ത ഭാഷയിൽ അവർ സംസാരിച്ചുകൊണ്ടിരുന്നു. ഫ്ലൈറ്റ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിട്ടും, മകൻ ഏർപ്പാടാക്കിയിരുന്ന റ്റാക്സിയിൽ വീടണഞ്ഞിട്ടും അവരുടെ സംസാരം നിലച്ചില്ല. കണ്ണീർമഴയോടെയാണ് വീട് അവരെ വരവേറ്റത്.  മഴത്തുള്ളികളുടെ സ്നേഹാലിംഗനത്തിൽ പൊതിഞ്ഞ് കുറച്ചുനേരം നിന്ന ശേഷം അയാൾ ക്ഷമാപണത്തോടെ ബാഗിൻ്റെ പോക്കറ്റിൽ നിന്ന് വീട് തുറക്കാനായി താക്കോലെടുത്തു. എന്നാൽ താക്കോൽപ്പഴുതിൽ താക്കോൽ തൊട്ട നിമിഷംതന്നെ വാതിൽ മലർക്കേ തുറന്നു. 'എത്ര നേരമായി കാത്തുനിൽക്കുന്നു' എന്ന, ഭാര്യയുടെ പരിഭവവും കുസൃതിയും കലർന്ന ചിരി വന്ന്, അവരുടെ കൈപിടിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. കാർമേഘങ്ങളെ മുഖത്തുനിന്ന് തുടച്ചുമാറ്റി ഒരു നിമിഷം സൂര്യനും നിറകണ്ണുകളൊപ്പി ആ സംഗമത്തിന് സാക്ഷ്യം വഹിച്ചു. അവർക്കൊപ്പം അകമ്പടിയായി രണ്ട് ചുവടുകൾ വച്ച മഴ പക്ഷെ, ഒരു വീണ്ടുവിചാരത്താലെന്നപോലെ, അകത്തേക്ക് ക്രമദൂരത്തിൽ  ഒരു ജോഡി പാദചിത്രങ്ങളേയും ഏതാനും നീർത്തുള്ളികളേയും മാത്രം  നീട്ടിയെറിഞ്ഞ് വാതിൽക്കൽ സഹർഷം ആ മനോഹരക്കാഴ്ച കണ്ടുനിന്നു.

No comments: