മുക്കാൽ ഭാഗത്തിൽ കൂടുതൽ നിറച്ച ചില്ലുഗ്ലാസിലേക്ക് സാവിത്രിറ്റീച്ചർ രണ്ട് സ്പൂൺ പഞ്ചസാരയിട്ടു. പിന്നെ ഏതാനും നിമിഷങ്ങൾ നീണ്ട, മധുരകരമെന്ന് മുഖത്ത് ചെറുപുഞ്ചിരിയാൽ അടയാളം വച്ച, ഒരാലോചനയുടെ ഒടുക്കം അവർ അരസ്പൂൺ പഞ്ചസാര കൂടുതൽ ചേർത്തു. കട്ടൻകാപ്പിയുടെ ഇരുണ്ട നിറത്തിലേക്ക് വെളുത്ത പഞ്ചസാരത്തരികൾ സാവകാശം താഴ്ന്നിറങ്ങി. മകൻ്റെ ജീവിതത്തിൻ്റെ ഇരുണ്ട വനസ്ഥലികളിൽ ഏതോ വൻമരങ്ങൾ ചില്ലകൾ കുടയുന്നതായും, വെളിച്ചത്തരികൾ ചിതറി വീഴുന്നതായും അവർ അതിനെ സങ്കൽപ്പിച്ചു. എന്തോ പറയാൻ അക്ഷമയോടെ വായ് തുറന്ന രൂപത്തിലുള്ള ഒരു എൻവലപ്പ് പിന്നെയവർ കയ്യിലെടുത്തു. തലേന്നാൾ വൈകുന്നേരം കയ്പ്പറ്റിയ ആ കവറിനുള്ളിൽ, ഏറെ മധുരത്തോടെ വിളമ്പേണ്ടുന്ന ഒരു വാർത്ത പുറത്തുചാടാൻ കാത്തിരിപ്പുണ്ട്. എല്ലാ ദിവസത്തേയും പോലെ തലേന്നാളും ഒരുപാട് വൈകി, മകനെ കാത്ത് സോഫയിലിരുന്ന സാവിത്രിറ്റീച്ചർ, ആ വാർത്ത നൽകിയ ആശ്വാസത്തിലാകണം, പതിവില്ലാത്ത വിധം മയങ്ങിപ്പോയത്. ദിവസം, അതിൻ്റെ അവസാനമണിക്കൂറിൻ്റെ തളർച്ചയിൽ പൂർണ്ണവിരാമബിന്ദുവിലേക്ക് വേച്ചുനീങ്ങുന്ന സമയത്ത്, തൻ്റെ രണ്ടാം ഉടമസ്ഥനെ വഹിച്ചു വന്ന ബൈക്കിൻ്റെ ശബ്ദത്തെ, തുരുമ്പുരയുന്ന അഭിവാദ്യത്തോടെ ഗെയ്റ്റ് അകത്തേക്ക് കയറ്റി വിട്ടത്, റ്റീച്ചറുടെ ചെവികളെ അറിയിക്കാത്തവിധമായിരുന്നു. തളർന്നുറങ്ങുന്ന അമ്മയെ വിളിച്ചുണർത്താതെ, വിളമ്പിമൂടിവച്ച ഭക്ഷണം കഴിച്ച്, അമ്മയ്ക്ക് ഒരു തലയിണയും വച്ചുകൊടുത്ത്, പുതപ്പെടുത്ത് പുതപ്പിച്ച് മകൻ റൂമിൽ പോയിക്കിടന്നുറങ്ങിയതുപോലും അറിയിപ്പിക്കാത്ത വിധം, ആശ്വാസം ഒരു ഗാഢനിദ്രയുടെ രൂപത്തിൽ അവരെ ആശ്ലേഷം ചെയ്തുപിടിച്ചിരുന്നു. ദിനസരികൾ ക്രമപ്പെടുത്തിയ ശരീരത്തിലെ അലാറം, കൃത്യസമയത്ത് അവരെ വിളിച്ചുണർത്തും വരെ അവർ മനോഹരസ്വപ്നങ്ങളുടെ, സമയനിബന്ധനകളില്ലാത്ത തീരങ്ങളിലായിരുന്നു. ആ സ്വപ്നത്തിൻ്റെ തുടർച്ചയെന്നോണമാണ് അവർ, ഉണർന്നയുടനെ കടുംകാപ്പിയുണ്ടാക്കിയത്. ഇന്ന് കാപ്പിക്ക് അൽപ്പം കൂടുതൽ പഞ്ചസാരയാകാം എന്നവർ തീരുമാനിച്ചതും, ഈ അധികമധുരത്താൽ നിറയട്ടെ ഇനിയുള്ള അവൻ്റെ ജീവിതം എന്ന് മനസ്സാ അനുഗ്രഹിച്ചുകൊണ്ടാണ്.
ഇനിയുള്ള ജീവിതം എന്നു പറയുമ്പോൾ, അവന് ഇതുവരെ ഉണ്ടായിരുന്നത് ഒരു ജീവിതമായിരുന്നോ എന്നുവരെ സാവിത്രിറ്റീച്ചർക്ക് ചിലപ്പോൾ സന്ദേഹം തോന്നാറുണ്ട്. ഭാഗ്യനിർഭാഗ്യങ്ങളുടെ ചതുരംഗക്കളിയിൽ നിർഭാഗ്യങ്ങളുടെ കറുത്ത കരുക്കൾക്കായിരുന്നു, എപ്പോഴും മുന്നേറ്റം. നാമമാത്രശമ്പളത്തിൽ ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ താൽക്കാലികജോലിയെന്നത് പ്രതീക്ഷ നൽകാനുതകിയ ചെറിയൊരു നീക്കമായിരുന്നെങ്കിലും, വിജയത്തിലേക്കുള്ള പാത കാണാതെ, ഉന്നതവിദ്യാഭ്യാസകിരീടമണിഞ്ഞൊരു രാജാവ്, കറുപ്പിൻ്റേയും വെളുപ്പിൻ്റേയും ചതുരങ്ങൾക്കിടയിൽ പകച്ചുനിന്നിരുന്നു. അതിനിടയിൽ തലങ്ങും വിലങ്ങും വെട്ടി, കളത്തിനു പുറത്തേക്കെറിയപ്പെട്ട പല പ്രിയങ്ങളിൽ വായന, കൂട്ടുകാരുമായുള്ള ഒത്തുകൂടൽ അങ്ങിനെ പലതും ഉൾപ്പെടും. രാവിലെ ഏഴുമണി മുതൽ അശ്രാന്തം അനുനിമിഷം പ്രവർത്തിച്ച്, അർദ്ധരാത്രിയോടെ വിശ്രമത്തിനായി അവശതയോടെ ശയ്യ പൂകുന്ന ഒരു യന്ത്രമായി മാറിയിരുന്നു അവൻ. അതിനും എത്രയോ മുൻപു മുതൽ, കൃത്യമായിപ്പറഞ്ഞാൽ വൈവാഹികജീവിതത്തിൻ്റെ ആദ്യപടികൾ ഒരുമിച്ചു കയറിയ ശേഷം, മൂന്ന് വൽസരങ്ങൾ മാത്രം ഭൂമിയെ തൊട്ടറിഞ്ഞ രണ്ടിളം കൈകളെ, ഇരുപത്തൊന്നു വർഷം കൂടി അധികം ചേർക്കാവുന്ന തൻ്റെ കൈകളിലേക്ക് ഭദ്രമായി വച്ചുതന്ന്, ആരുടെ പാദങ്ങളെയാണോ അഗ്നിസാക്ഷിയായി കൈപിടിച്ച നിമിഷം മുതൽ അന്നുവരെ പിൻതുടർന്നത്, അതേ പാദങ്ങൾ കാലയവനികയ്ക്കപ്പുറം പെട്ടെന്ന് മറഞ്ഞ അന്ന്, ജീവിതം കണ്മുന്നിൽ ചെങ്കുത്തായ മലമടക്കുകളെ കുടഞ്ഞിട്ട ആ നിമിഷം മുതൽ താനും ഒരു യന്ത്രമായിത്തീർന്നിരുന്നു. വീണും പിടഞ്ഞെഴുന്നേറ്റും പിന്നീടുള്ള ഒട്ടും എളുതല്ലാത്ത കയറ്റത്തിൽ, രണ്ടിളം കൈകൾ തന്ന പ്രതീക്ഷയുടെ കരുത്ത് ചെറുതല്ലായിരുന്നു. കയറ്റത്തിൻ്റെ കാഠിന്യമോർത്താൽ നഷ്ടങ്ങളുടെ ചെങ്കുത്തായ താഴ്വരകളിലേക്ക് നോക്കിപ്പോകുമെന്നും ഒരു പക്ഷിയെപ്പോൽ അതിലേക്ക് പറന്നിറങ്ങാൻ തൂവൽ മുളച്ചേക്കുമെന്നുമുള്ള ഭയത്താൽ, താഴേക്ക് നോക്കില്ല എന്ന് സാവിത്രിറ്റീച്ചർ കഠിനശപഥം ചെയ്തിരുന്നെങ്കിലും ഈയിടെ അധൈര്യം, വിഴുക്കുന്ന പാറകളായി അവരുടെ ചുവടുകളെ അസ്ഥൈര്യപ്പെടുത്തുന്നുണ്ട്. ഒന്നു വഴുതിയാൽ, അഗാധതകളിലേക്ക് വീണ് താനും മറഞ്ഞുപോകും എന്നതല്ല അവരെ ഭയപ്പെടുത്തുന്നത്. അങ്ങിനെ സംഭവിച്ചാൽ, പിന്നീടുള്ള ഉയരങ്ങൾ താണ്ടാൻ തൻ്റെ മകൻ നടത്തേണ്ടുന്ന ഒറ്റയാൾപ്രയാണമോർത്താണ് ആയമ്മ ചകിതയാകുന്നത്. തൻ്റെ കണ്ണുകളിൽ പതിയേണ്ട അവസാന ദൃശ്യം, മകൻ അവൻ്റെ മനസ്സിനിണങ്ങിയ ഒരു വധുവോടൊത്ത് നിൽക്കുന്നതാവണമെന്നാണ് അവരുടെ പ്രാർത്ഥന. എന്നാൽ മകൻ്റെ നിസ്സാരശമ്പളത്തിന് ഒരു കുടുംബത്തേരിൻ്റെ കടിഞ്ഞാൺ ഏറ്റെടുക്കാനുള്ള കരുത്ത് പോരാ എന്ന കാരണത്താൽ അവൻ മടിച്ചുനിൽക്കുന്നു. എഴുതിയ പല ടെസ്റ്റുകളിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട, ഗസറ്റഡ് ഓഫീസർ പദവിയുള്ള ഒരു ഉദ്യോഗത്തിൻ്റെ അഡ്വൈസ് മെമ്മോയാണ് ഇന്ന് തൻ്റെ മകനെ വിളിച്ചുണർത്താൻ കാത്തുനിൽക്കുന്നത് എന്നത്, സാവിത്രിറ്റീച്ചർക്ക് അനൽപ്പാഹ്ളാദം പ്രദാനം ചെയ്തിരുന്നു. ജോലിക്ക് ജോയിൻ ചെയ്താലുടൻ, എവിടെയോ മറഞ്ഞിരിക്കുന്ന അവൻ്റെ വാരിയെല്ലിനെ തിരഞ്ഞുപിടിക്കണമെന്നും അവനിലേക്ക് ചേർത്തുവയ്ക്കണമെന്നുപോലും റ്റീച്ചർ ഇതിനകം, പെട്ടെന്ന് ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റിൽ എഴുതിച്ചേർത്തിരുന്നു. ആ തിടുക്കം, ആ പ്രഭാതത്തിലെ അവരുടെ ഓരോ ചലനത്തിലും പ്രതിഫലിച്ചിച്ചിരുന്നു.
അവർ കാപ്പിയുമായി മകൻ്റെ മുറിയിലെത്തി. അവൻ്റെ അരികിലിരുന്നു. തലയിൽ നിന്ന് പുതപ്പ് മാറ്റി, അരുമയായി അവൻ്റെ മുടിയിഴകളിൽ വിരലോടിച്ചു. പിച്ചവച്ചുനടക്കുന്നതിനിടയിൽ ചുവടുതെറ്റി വീഴുമ്പോൾ ഓടിച്ചെന്നെടുത്ത് വാരിപ്പുണർന്ന് അവൻ്റെ മുഖമാകെ ഉമ്മകൾ കൊണ്ടുമൂടുമ്പോളുണർന്നിരുന്ന അതേ വികാരം അവരിൽ നുരയിട്ടു. ചരിഞ്ഞുകിടന്നുറങ്ങിയിരുന്ന അവൻ്റെ ബലിഷ്ഠമായ തോളിൽ അവർ മൃദുവായിത്തട്ടി. നല്ല ഉറക്കത്തിലാണ്. വീണ്ടും തട്ടിവിളിച്ചു. അവനുണരുന്നില്ല. അവർ അവനെ കുലുക്കിവിളിച്ചു. ഒരു അനക്കം പോലുമില്ലാതെ അവൻ കണ്ണുകളടച്ച് ചരിഞ്ഞുതന്നെ കിടക്കുന്നു. ആ നിമിഷം, അവരുടെ കൈകളിലേക്ക് മൃതദേഹത്തിൽ നിന്നെന്നപോലെ തണുപ്പ് പടർന്നു. ഇടത്തെ കയ്യിൽ നിന്ന് അഡ്വൈസ് മെമ്മോ താഴെ വീണു. അവർ അവൻ്റെ പേര് ഉറക്കെ വിളിക്കാൻ ശ്രമിച്ചു. നിർഗ്ഗമനമാർഗ്ഗങ്ങൾ കാണാത്ത അഗ്നിപർവ്വതത്തിൻ്റെ ഉള്ളുരുക്കം പോലെ, പുറത്തുവരാത്ത ശബ്ദം അവരുടെ തൊണ്ട പൊള്ളിച്ചു. അടുത്ത മാത്രയിൽ അവർ മരവിച്ച ഒരു നിശ്ചലചിത്രമായിത്തീർന്നു.
''സ്വപ്നങ്ങളുടെ കൈപിടിച്ച് അഗാധനിദ്രയുടെ ഉൾവനങ്ങളിൽ നിന്ന്, അദമ്യവും അപ്രാപ്യവുമായ ആഗ്രഹങ്ങളെ, ഖനികളിൽ നിന്ന് അപൂർവ്വരത്നങ്ങളെയെന്നപോലെ വീണ്ടെടുത്ത്, മടക്കവഴി കാണാതെ നിത്യമായ ഉറക്കത്തിൻ്റെ ഇരുൾവനസ്ഥലികളിൽ അലഞ്ഞുതിരിയുന്നവർ പിന്നെ ഉണരാതെ പോകുന്നു.''
തോളിൽ ഒരു സാന്ത്വനസ്പർശമറിഞ്ഞാണ് വിവേക് കണ്ണുകൾ തുറന്നത്. കഴിഞ്ഞ ഇരുപത്തെട്ടു വർഷങ്ങളായി അവനെന്ന വ്യക്തിയെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന, ഏതു ഗാഢനിദ്രയിലും തിരിച്ചറിയാവുന്ന ആ പൊക്കിൾക്കൊടിസ്പർശം അമ്മയുടേതാണെന്ന് അവന് വ്യക്തമായും അറിയാം. ഉണർന്നപ്പോൾ പക്ഷെ അമ്മയില്ല. തനിക്ക് തോന്നിയതാണോ? എന്നും കടുംകാപ്പിയുമായി വിളിച്ചുണർത്താറുള്ളതാണ്. കാപ്പിക്കപ്പുമായി അമ്മ ഒളിച്ചുനിൽക്കുന്നുണ്ടോ? മുറിയിലെ ഉറക്കച്ചടവോടെ നിൽക്കുന്ന ശൂന്യതയിൽ അവൻ അമ്മയെ തിരഞ്ഞു. പിന്നെ നിദ്രയുടെ ശൽക്കപടം മുഴുവനായും പൊഴിച്ച് ഉണർച്ചയിലേക്ക് സാവകാശം ഇഴഞ്ഞു. ഉറക്കം പലപ്പോഴും ഒരു ഭ്രൂണാവസ്ഥയാണ്. ഗർഭാശയഭിത്തിയാൽ പൊതിയപ്പെട്ട് മറ്റെല്ലാ വിഷമവൃത്തങ്ങളേയും തന്നിൽ നിന്ന് കോട്ടകെട്ടി മാറ്റിനിറുത്തുന്ന, ഒരു പൊക്കിൾക്കൊടിയാൽ അമ്മയെന്ന ഏകത്തിലേക്ക് മാത്രം ബന്ധിക്കപ്പെട്ട ഭ്രൂണസുഷുപ്തി പോലെയാണ് ഉറക്കം. ഉണർച്ചയിലേക്കെത്തുന്നതാകട്ടെ, പലപ്പോഴും ഒരു നവജാതശിശുവിൻ്റെ നിദ്രാതുടർച്ച പോലെയും.സ്വപ്നത്തിൻ്റെ പൊക്കിൾത്തിരി പാതിയിൽ മുറിയുമ്പോൾ, ആദ്യശ്വാസമെടുക്കാൻ വൈകുന്ന കുഞ്ഞിനെപ്പോലെ ഗർഭപാത്രത്തിനും പച്ചയാഥാർഥ്യങ്ങളുടെ ലോകത്തിനുമിടയിലുള്ള ഒരു നിമിഷം സ്ഥലകാലഭ്രമമുണ്ടാക്കുന്നു. അതിനു തുടർച്ചയായി, അമ്മയെന്ന ബ്രഹ്മാണ്ഡത്തിൻ്റെ കേന്ദ്രബിന്ദുവിൽ നിന്നും പുറത്താക്കപ്പെട്ടതിൻ്റെ പ്രതിഷേധം, ആദ്യകരച്ചിൽരൂപേണ ലോകത്തെ അറിയിക്കുന്ന കുഞ്ഞിനു സമാനം, തികട്ടിവന്ന ഒരു കരച്ചിൽ വിവേക് തൊണ്ടയിലേക്കമർത്തിയൊതുക്കി. പിന്നെ, തെളിഞ്ഞുവരാത്ത കാഴ്ചയിലും അമ്മിഞ്ഞപ്പാൽ തേടുന്ന നവജാതനെ പോലെ അമ്മയെ ഉൾക്കാഴ്ചയിൽ തേടി.
ഉറക്കത്തിനും ഉണർച്ചയ്ക്കുമിടയിലെ നൂൽപ്പാലത്തിൽ ഒരു നിമിഷം നഷ്ടപ്പെട്ടുപോയ സമചിത്തത വീണ്ടെടുത്ത് വിവേക് പെട്ടെന്ന് മൊബൈൽ ഫോൺ എടുത്തുനോക്കി. സമയം എട്ടുമണി. തലേന്നാൾ അമ്മയുടെ അടുത്തുനിന്ന് എത്തിയപ്പോൾ തന്നെ ഒരുപാട് വൈകിയിരുന്നു. അവശ്യം ചെയ്തുതീർക്കേണ്ട കാര്യങ്ങൾ ചെയ്ത് അമ്മയ്ക്കു വേണ്ട തുണികൾ എടുത്തുവച്ചു കിടന്നപ്പോൾ വെളുപ്പിന് രണ്ടുമണി. ഉറക്കം വരാൻ പിന്നെയും ഏറെ സമയമെടുത്തിരുന്നു. രാവിലെ ഉണർന്ന് അത്യാവശ്യം വീട്ടുകാര്യങ്ങൾ ചെയ്തുതീർത്ത് അമ്മയുടെ അടുത്തേക്കു പോകാനിരുന്നതാണ്. ആറുമണിക്ക് സെറ്റ് ചെയ്ത അലാറം പലവട്ടം തന്നെ വിളിച്ചുണർത്താൻ ശ്രമിച്ചിട്ടുണ്ടാകാമെന്ന് വിവേക് കുറ്റബോധത്തോടെ ഓർത്തു. തന്നെ വിളിച്ചുണർത്തിയ ആ സ്വപ്നവും വിവേകിൽ ഒരു അസ്വസ്ഥത ജനിപ്പിച്ചിരുന്നു. കുളിച്ചൊരുങ്ങൽ ഒക്കെ പെട്ടെന്ന് തീർത്ത് അയാൾ ബൈക്കിൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. കാൻസർ വാർഡിൻ്റെ പ്രധാനവാതിലിൽ നിന്നുതന്നെ, പതിവില്ലാത്ത വിധം വിവേക് വിസിറ്റേഴ്സ് റൂമിലേക്കാനയിക്കപ്പെട്ടു. പ്രധാനഡോക്റ്ററും നേഴ്സ് ഇൻ ചാർജ്ജും മറ്റു രണ്ടു സിസ്റ്റേഴ്സും ഉൾപ്പെട്ട ഒരു വലയത്തിനുള്ളിൽ അവരുടെ താപാർദ്രനോട്ടങ്ങളുടെ കേന്ദ്രബിന്ദുവായിത്തീർന്ന വിവേകിന്, പെട്ടെന്ന് വല്ലാത്തൊരു ഉഷ്ണമനുഭവപ്പെട്ടു. പ്രധാനഡോക്റ്റർ സംസാരിച്ചു.
'നോക്കൂ വിവേക്, വി ആർ വെരി സോറി. നമ്മൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പെട്ടെന്നാണത് സംഭവിച്ചത്. അമ്മ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു'
സൗരത്തിരമാല കണക്കേ അയാളിൽ നിന്ന് ഒരു തീച്ചൂട് പുറപ്പെട്ടു, അത് അവരേയും പൊള്ളിച്ചു.
ഡോക്റ്റർ അയാളുടെ തോളിൽ ആശ്വസിപ്പിക്കാനെന്നോണം തട്ടിയിട്ട് പറഞ്ഞു.
'നിങ്ങളുടെ ഈ നഷ്ടത്തിൽ ഞങ്ങൾക്ക് അതിയായ ദു:ഖമുണ്ട്. എന്നിരുന്നാലും അമ്മ വേദനകളൊന്നുമില്ലാതെയാണ് പോയത് എന്ന് ഞങ്ങൾക്ക് ഉറപ്പ് പറയാനാകും. അവസാനനിമിഷം വരെ സ്റ്റാഫ് കൂടെത്തന്നെയുണ്ടായിരുന്നു'
'നമ്മൾ പ്രതീക്ഷിച്ച മരണം!! '
മെഡിക്കൽ സ്റ്റാഫിന് ഈ മരണം അപ്രതീക്ഷിതമല്ലായിരിക്കാം. എൻ്റ് സ്റ്റേജ് ലങ്ങ് ക്യാൻസർ എന്ന മഹാവ്യാധിയുടെ വേദനയോട് മല്ലിടാൻ, ജീവിതത്തോടു പടവെട്ടി മുന്നേറിയ സമരവീര്യം ഒന്നും പോരാതെ അമ്മ തളർന്നുപോകുന്നത് കണ്ടുനിൽക്കാനാകുന്നതായിരുന്നില്ല. രോഗനിർണ്ണയം നടത്തിയപ്പോൾത്തന്നെ കാൻസർ അമ്മയിൽ അതിൻ്റെ നാലാംഘട്ടം ഓട്ടം തുടങ്ങിയിരുന്നു. കീമോതെറാപ്പി കൊണ്ടൊന്നും കാര്യമില്ല എന്ന അവസ്ഥയിൽ പാലിയേറ്റീവ് ട്രീറ്റ്മെൻ്റ് ആയിരുന്നു മെഡിക്കൽ അഡ്വൈസ്. മിറക്കിളിൻ്റെ ഒരു കച്ചിത്തുരുമ്പിനെ പ്രാർത്ഥനയുമായി ഇഴപിരിച്ച് നീക്കിയ ദിവസങ്ങളും നാഴികവിനാഴികകളും പക്ഷെ, ഈ മകനു മാത്രം സ്വന്തം. ആധുനീകശാസ്ത്രത്തിൻ്റെ പരിമിതികൾക്കും അതീതമായ മഹാത്ഭുതത്തിൻ്റെ ഒരു കെടാത്തിരി, ഇരുണ്ടുമൂടിപ്പോയ മനസ്സിൽ അതുവരെ ഒരു മിന്നാമിന്നിവെട്ടം പകർന്നിരുന്നു എന്ന് ആ നിമിഷം വിവേക് തിരിച്ചറിഞ്ഞത്, അമ്മയുടെ മരണവാർത്തയോടൊപ്പം ഇരുട്ടിൻ്റെ ഒരു മഹാപ്രളയം തന്നെ വന്നുമൂടിയപ്പോഴാണ്. മാനേജരുടെ കാലുപിടിച്ച്, ശമ്പളമില്ലാത്ത അവധി ഒപ്പിച്ചെടുത്ത് തലേന്നാൾ വരെ അമ്മയുടെ അടുക്കൽത്തന്നെ ഉണ്ടായിരുന്നതായിരുന്നു. ഒന്നു കണ്ണടച്ചുപോയാൽ, മുറിഞ്ഞുമുറിഞ്ഞുവീഴുന്ന ജീവനാരുകളിൽ അവസാനത്തേതും അമ്മ പൊട്ടിച്ചെറിയുമോ എന്നുപേടിച്ച് കണ്ണുകൾ ചിമ്മാതെ കാവലിരുന്നതായിരുന്നു. ഇന്നലെ അൽപ്പമൊരു ഭേദം കണ്ടതിനാൽ മാത്രം നന്നായൊന്നു കുളിച്ച് അത്യാവശ്യം മാറ്റേണ്ട വസ്ത്രങ്ങളെല്ലാമെടുത്തുവരാനായി പോയതാണ്. നന്നായൊന്ന് ഉറങ്ങിയിട്ട് വരൂ എന്ന സിസ്റ്റർമാരുടെ നിർബന്ധം കൂടി അതിനുപിന്നിൽ ഉണ്ടായിരുന്നു. ആ സമയം അമ്മ തന്നെ കബളിപ്പിച്ച് കടന്നുകളഞ്ഞിരിക്കുന്നു. തന്നെ പൊതിഞ്ഞുസംരക്ഷിച്ചിരുന്ന ഗർഭസ്തരം പെട്ടെന്ന് തന്നെ തള്ളി പുറത്തേക്കെറിഞ്ഞത് വിവേക് അറിഞ്ഞു. നഷ്ടത്തിൻ്റേതോ പ്രതിഷേധത്തിൻ്റേതോ എന്ന് തിരിച്ചറിയാനാകാത്ത ഒരു നിലവിളി അയാളുടെ തൊണ്ടക്കുഴിയിൽ നിന്ന് പുറത്തുചാടി. അയാൾക്കുള്ളിലെ, അപ്പോഴും ഉണങ്ങിയടർന്നുവീഴാത്ത പൊക്കിൾക്കൊടിത്തുമ്പിൽ നിന്നും നിലയ്ക്കാതെ രക്തമൊഴുകി.
രണ്ടു നേഴ്സുമാരുടെ അകമ്പടിയോടു കൂടിയാണ് വിവേക് അമ്മയെ കിടത്തിയിരുന്ന ബെഡിനരികിലെത്തിയത്. തീഷ്ണമായ വെളിച്ചത്തെ ആദ്യമായി കാണുന്ന ചോരക്കുഞ്ഞിനെപ്പോലെ, വിവേക് കണ്ണുകൾ ചിമ്മി അമ്മയെ നോക്കി. ഡോക്റ്റർ പറഞ്ഞത് ശരിയാണ്. വേദനയില്ലാതെയാവണം അമ്മ പോയത്. മരണത്തിൻ്റെ വിളറിയ നിറത്തെ മായ്ച്ചുകളയുന്ന ഒരു പുഞ്ചിരി, അതുവരെ അനുഭവിച്ച വേദനകളോട് പടവെട്ടി ജയിച്ചിട്ടെന്നോണം അമ്മ മുഖത്തണിഞ്ഞിരിക്കുന്നു!!
ഫോർമലിറ്റീസ് എല്ലാം കഴിഞ്ഞ്, കുറച്ചുദിവസങ്ങൾക്ക് ശേഷമാണ്, ഡെത്ത് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്നത്. ഇനി അത് രെജിസ്റ്റർ ചെയ്യണം. അമ്മ ഇനി രേഖകളിൽ മാത്രം. അച്ഛനെ കണ്ട ഓർമ്മയില്ല. 'അച്ഛൻ്റെ ഓർമ്മകൾ നമ്മിൽ അവശേഷിക്കുവോളം അച്ഛൻ ജീവിച്ചിരിക്കും' എന്ന, അമ്മയുടെ വാക്കുകൾ വിവേക് ഓർത്തു. പഴയകാലത്തിനു മേൽ പല അടരുകളിൽ വീണ കരിയിലകൾക്കുള്ളിൽ കളഞ്ഞുപോയ ഒരു തരി പൊട്ട് തിരയും പോലെ അച്ഛൻ്റെ ഓർമ്മകളെ ചികഞ്ഞെടുക്കാൻ താനന്നെല്ലാം ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. എന്നാൽ അമ്മയിൽ അച്ഛൻ എന്നും ജീവിച്ചിരുന്നു എന്നു തോന്നിയ ഒരുപാട് സന്ദർഭങ്ങൾ വിവേകിനോർത്തെടുക്കാനാവും. ഇതാ ഇപ്പോൾ അച്ഛൻ മരണപ്പെട്ടിരിക്കുന്നു. രേഖകളിൽ അമ്മയും മരണപ്പെട്ടിരിക്കുന്നു. രേഖകളിൽ മാത്രം. ഓർമ്മകളേക്കാൾ മിഴിവുള്ള ജീവപത്രം വേറെന്തുണ്ട്. തന്നെയോ തൻ്റെ ഓർമ്മകളെയോ, കാലം ആദ്യമെന്ത് കീറിക്കളയുന്നോ അതുവരെ അമ്മ ജീവിച്ചിരിക്കും.
ഡെത്ത് സർട്ടിഫിക്കറ്റിലൂടെ വെറുതെ കണ്ണോടിച്ച വിവേക്, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ഡെയ്റ്റും സമയവും ശ്രദ്ധിച്ചു. 22/11/2024 അറ്റ് 07:59 എ.എം. തിരമാലയിൽ പെട്ട പോലെ ഒരു ഞെട്ടലിൽ പെട്ടെന്ന് അയാളുടെ ശരീരം ആകെയൊന്ന് ആടിയുലഞ്ഞു. അന്ന് എട്ടുമണിക്ക് തൊട്ടുമുൻപല്ലേ അമ്മ തന്നെ തട്ടിയുണർത്തിയതായി തോന്നിയത്. ആ നിമിഷം അമ്മ മരിച്ചിരിക്കുന്നു. ഒരു പുഞ്ചിരിയോടെ. അതേ മാത്രയിൽ അമ്മയുടെ ആത്മാവ് തന്നെ കൈനീട്ടി തൊട്ടിരിക്കുന്നു. എന്തോ പറയാൻ ശ്രമിച്ചിരിക്കുന്നു. തന്നോട് പറയാനാഗ്രഹിച്ച, ആ പുഞ്ചിരിക്കു നിദാനമായ സന്തോഷവർത്തമാനം എന്തായിരുന്നിരിക്കാം?!! ഒരു പ്രശ്നോത്തരിയുടെ ഉത്തരം തേടിയിട്ടെന്നപോലെ അയാളുടെ കണ്ണുകൾ ഡെത്ത് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ സമയാക്കങ്ങളിൽ തറച്ചുനിന്നു.