Monday, 22 December 2008

സമയം തെറ്റി ഓടുന്ന വണ്ടികൾ

പതിവിനു വിപരീതമായി അന്നത്തെ അവളുടെ ദിവസം താളാത്മകമായാണ് തുടങ്ങിയത്. എന്നും ചെയ്തു കൊണ്ടിരുന്ന ജോലികളൊക്കെ തന്നെ അന്നുമവൾക്ക് ചെയ്യാനുണ്ടായിരുന്നു. പക്ഷെ അന്നെന്തു കൊണ്ടൊ ഒന്നിനുമവൾ ഒരു തിടുക്കവും കാണിച്ചില്ല. വെളുപ്പിന് അഞ്ചു മണിക്കെഴുന്നേറ്റ്, കുട്ടികളും വൃദ്ധന്മാരുമുൾപ്പെടെയുള്ള പതിന്നാലംഗകുടുംബത്തിന് ബെഡ്‌കോഫിയുണ്ടാക്കുന്നതു മുതൽ, ഒറ്റക്കു ചെയ്തു തീർക്കേണ്ടതായിട്ടുള്ള പാത്രം തേച്ചു മോറൽ, മുറ്റമടിക്കൽ, പ്രാതൽ ഒരുക്കൽ എന്നു വേണ്ട അവളുടെ ഓരോ പ്രവർത്തികളേയും അന്ന് ഏതോ ഒരജ്ഞാതസംഗീതത്തിന്റെ താളം സന്നിവേശിച്ചിരുന്നു. തന്റെ രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലു കുട്ടികളെ സ്കൂളിൽ വിടേണ്ടതാണെന്നും, ഭർത്താവിനും ഭർത്താവിന്റെ ജേഷ്ഠനും ഭാര്യക്കും ജോലിസ്ഥലങ്ങളിലേക്ക് പോകെണ്ടതാനെന്നുമുള്ള ചിന്തകളൊന്നും അന്നവളെ അലട്ടിയില്ല. പതിവില്ലാതെ ഒരു ഗാനം മൂളിയിരുന്നു അവൾ.

തലേ രാത്രിയിൽ ഏതാണ്ട് ഒരു മണി വരെ അവളുടെ പത്തു വർഷത്തെ ദാമ്പത്യ,കുടുംബജീവിതത്തിന്റെ ചക്രം ഏതാണ്ടൊരു പോലെയാണ് ഓടിയിരുന്നത്. അടുക്കളയിലെ പലതരം ഗാർഹീകോപകരണങ്ങളിൽ ഒന്നു പോലെ, സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമായി തീർന്നിരുന്നു അവളും. രാത്രികളിൽ പണികളൊതുക്കി വളരേ വൈകി മാത്രം കിടക്കയിലെത്തുന്ന അവൾ, തളർച്ചയാൽ വളരേ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴുമായിരുന്നു. വല്ലപ്പോഴും മാത്രം, അൽ‌പ്പം മാറിയുള്ള റെയിൽ‌പാളത്തിലൂടെ ചൂളം വിളിച്ച്, പാളം കുലുക്കി കടന്നു പോകുന്ന, സമയം തെറ്റി ഓടുന്ന ഒരു ട്രെയിൻ അവളുടെ ഉറക്കത്തെ പതുക്കെ ഒന്ന് അലോസരപ്പെടുത്തുമായിരുന്നു എന്നതൊഴിച്ചാൽ, അകലെ പോയ് മറയുന്ന ട്രെയിനിനൊപ്പം, മറയുന്ന അതിന്റെ ചൂളം വിളികൾക്കും കിതപ്പുകൾക്കൊപ്പം, അവൾ വീണ്ടും ഗാഢനിദ്രയിലേക്ക് വീഴുമായിരുന്നു. അരികിൽ കിടന്നുറങ്ങുന്ന ഭർത്താവിന്റെ ഉറക്കേയുള്ള കൂർക്കം വലികൾ പോലും, കിടക്കയിലേക്ക് ചെന്നു വീഴുന്ന സമയത്തല്ലാതെ, ഉറക്കത്തിലൊന്നും അവൾ അറിയാറേ ഇല്ല.

തലേ ദിവസത്തിനും മറ്റു ദിവസങ്ങളേക്കാൾ പ്രത്യേകതകളൊന്നുമില്ലായിരുന്നു. അഥവാ എന്തെങ്കിലും പ്രത്യേകത ഉണ്ടായി എന്നു പറയാവുന്നത് അവൾക്കല്ല, ഭർത്താവിനാണ്. അത്, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ അയാൾക്ക് വളരേ ലാഭകരമായ ഒരു കച്ചവടം അന്നു നടന്നു എന്നതാണ്. കയ്യിൽ കുറേ കാശു വന്നു ചേർന്നതും, പിറ്റേ ദിവസം തന്നെ അത് ബാങ്കിലിടണമെന്നു പറഞ്ഞ് ലോക്കറിൽ വച്ചു പൂട്ടിയതും, നല്ലൊരു ലാഭം കിട്ടിയ സന്തോഷത്തിൽ അയാൾ അന്ന് അൽ‌പ്പം കൂടുതൽ മദ്യം സേവിച്ച് ആഘോഷിച്ചതുമൊന്നും പക്ഷെ അവളിൽ ഒരു വ്യത്യാസവുമുണ്ടാക്കിയില്ല. ഇടക്കിടെ ആവർത്തിക്കാറുള്ള ഇത്തരം സംഭവങ്ങളൊന്നും അവൾ ശ്രദ്ധിക്കാറു പോലുമില്ല എന്നു പറയുന്നതാവും ശരി. കാരണം, അത്തരം സന്തോഷങ്ങളെല്ലാം അയാൾ അയാളിലേക്ക് മാത്രം ഒതുക്കി നിർ‌ത്തിയിരുന്നു.

അന്നും അവൾ കിടക്കയിലെത്തുമ്പോൾ അയാൾ കൂർക്കം വലിച്ചുറക്കമായിരുന്നു. കിടക്കയിൽ വീണതേ അവളും ഉറങ്ങിപ്പോയിരുന്നു. പക്ഷെ അന്നു വെളുപ്പിന് ഏതാണ്ട് ഒരു മണിയോടടുത്ത് അവളെ ഉണർത്തിയത് ഏതെങ്കിലും തീവണ്ടിയുടെ ചൂളം വിളിയോ കുലുക്കമോ അല്ല. മറിച്ച് ഏതോ തംബുരുവിൽ ശ്രുതി തേടുന്ന ചില മാന്ത്രീകവിരലുകളാണ്. സ്നേഹവും, വാത്സല്യവും, കാരുണ്യവും വിരലുകളിലൊളിപ്പിച്ച്, തന്ത്രികളിൽ വളരേ മൃദുവായി വിരലുകൾ ചലിപ്പിച്ച്, ശ്രുതി മീട്ടി പാടാനൊരുങ്ങുന്ന ഏതോ ഗന്ധർവ്വവിരലുകൾ. നിറയുന്ന പാലപ്പൂമണത്തിലേക്ക് മിഴികൾ തുറക്കുമ്പോൾ താൻ സ്വയം ഒരു തംബുരുവായിത്തീരുന്നത് അവൾ തിരിച്ചറിഞ്ഞിരുന്നു. ലയതാളങ്ങളോടെ ഉയർന്നു പൊങ്ങുന്ന വശ്യമധുരമായ ആ ഗന്ധർവ്വസംഗീതധാരയിൽ അവളുടെ മനോതന്ത്രികൾ സ്വയം ശ്രുതി ചേർന്ന്, സ്വപ്നമോ യാദാർഥ്യമോ എന്നു തിരിച്ചറിയാനാവാത്ത മറ്റേതോ ലോകത്തേക്ക് ഒഴുകിയിരുന്നു. ഇതു വരേയുള്ള തന്റെ ദാമ്പത്യത്തിനിടയിൽ, മുപ്പത്തഞ്ചു വർഷത്തെ തന്റെ മുഴുവൻ ജീവിതത്തിനിടയിൽ, ഒരിക്കൽ പോലും ഇത്ര ശ്രുതിമധുരമായ ഒരു സംഗീതം അവളെ ഉണർത്തിയിട്ടില്ല. ആരോഹണാവരോഹണങ്ങളിലൂടെ പതുക്കെ ഒഴുകിമറഞ്ഞ ആ സംഗീതത്തിന്റെ അലയടികൾ, പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും, വെളുപ്പിന് അഞ്ചു മണിക്ക് അലാറം വിളിച്ചെഴുന്നേൽ‌പ്പിക്കുമ്പോഴും അവളുടെ ചുണ്ടുകളിൽ തത്തിക്കളിച്ചിരുന്നു. പൂത്തുലഞ്ഞ ഒരു പാലമരം പോലെയാണ് അന്നവൾ ഉണർന്നെഴുന്നേറ്റത്. തന്നെ ചൂഴ്ന്നു നിന്ന ആ പൂമണത്തിലലിഞ്ഞ് സ്വയമറിയാതെ ചലിക്കുകയായിരുന്നു അവൾ

അവളുടെ ഭർത്താവിലും കാണാമായിരുന്നു അന്നു ചില വ്യത്യാസങ്ങൾ. സാധാരണ പ്രഭാതകർമ്മങ്ങൾക്കു ശേഷം പ്രാതലും കഴിച്ച്, പലപ്പോഴും അവളോടൊന്ന് യാത്ര പറയുക കൂടി ചെയ്യാതെ പുറപ്പെടാറുള്ള അയാൾ, അന്ന് പതിവിനു വിപരീതമായി പ്രഭാതകൃത്യങ്ങൾ പോലും ചെയ്യാൻ മറന്ന് വീടാകെ ഉഴുതു മറിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടില്ല. മേശവലിപ്പുകളും ബെഡ്‌ഷീറ്റുമെല്ലാം കുടഞ്ഞു പരിശോധിച്ച അയാൾ, തലയിണക്കവറുകൾ ഊരിക്കുടഞ്ഞ്, കിടക്ക വലിച്ച് താഴെയിട്ട്, തലേ ദിവസം ഇട്ടിരുന്ന ഷർട്ടിന്റേയും പാന്റിന്റേയും പോക്കറ്റുകളെല്ലാം പരിശോധിച്ച്, അവസാനം അവളോട് വന്നു ചോദിച്ചു ‘എടീ, നീ ലോക്കറിന്റെ കീ കണ്ടോ, ഞാൻ തലയിണക്കീഴിൽ വച്ചിരുന്നതാണല്ലോ’

മറ്റേതെങ്കിലും സമയത്താണ് അയാൾ അത് ചോദിച്ചിരുന്നതെങ്കിൽ ‘കാശ് ഷോക്കേസിൽ വയ്ക്കാമായിരുന്നില്ലേ’ എന്ന് മനസ്സിലെങ്കിലും അവൾ മുറുമുറുത്തേനേ. പക്ഷെ, ദോശച്ചട്ടിയിലേക്ക് മാവു കോരിയൊഴിച്ച് സാവകാശത്തിൽ വൃത്തരൂപത്തിൽ അത് പരത്തിക്കൊണ്ടിരുന്ന അവൾ അപ്പോൾ പാതി കൂമ്പിയ മിഴികളുയർത്തി അയാളെ നോക്കുകയും പിന്നെ താളാത്മകമായി തല മന്ദം ഇരുവശത്തേക്കും ചലിപ്പിച്ച് ‘ഇല്ല’ എന്ന് സംജ്ഞ നൽകുകയുമാണ് ചെയ്തത്. അവൾ അത് മുഴുവനാക്കുന്നതിനു മുൻപേ അയാൾ വീണ്ടും ബെഡ്‌റൂമിലേക്ക് പാഞ്ഞിരുന്നു. അലമാരയ്ക്കു പുറകിലെവിടേയോ വീണു കിടന്നിരുന്ന താക്കോൽ അവസാനം അയാൾ കണ്ടു പിടിച്ചതും അതുപയോഗിച്ച് ലോക്കർ തുറന്ന അയാൾ ഞെട്ടി അലറി വിളിച്ചതും പിന്നെ പോലീസ്‌സ്റ്റേഷനിലേക്ക് ഫോൺ ചെയ്തതുമൊന്നും അവൾ അറിഞ്ഞില്ല. ഇടയ്ക്കെപ്പോഴോ ഒരു ദിവാസ്വപ്നത്തിലേക്ക് പൂർണ്ണമായി അലിഞ്ഞിറങ്ങിയ അവൾ ദോശ കരിഞ്ഞുയർന്ന മണം പോലുമറിഞ്ഞില്ല. അപ്പോൾ അവളെ ചൂഴ്ന്നു നിന്നിരുന്നത് നിറഞ്ഞ പാലപ്പൂമണവും മനോമോഹനമായ ഒരു ഗന്ധർവ്വഗീതവും മാത്രം

40 comments:

Jayasree Lakshmy Kumar said...

ഒരിക്കലും ശ്രുതി ചേർക്കാൻ കഴിയാതെ പോകുന്ന ‘തംബു’രുകൾക്ക് വേണ്ടി

മാംഗ്‌ said...

ലക്ഷ്മി ചേച്ചി കലക്കി.... എന്തു പറയണം എന്നറിയില്ല, മുത്തുകൾ ഉണ്ടെന്നറിഞ്ഞാണു ചിലർ കടലിൽ മുങ്ങി ത്തപ്പുന്നതു കണ്ടെടുക്കാൻ കഴിയാത്തതിലും എത്രയോ അധികം മുത്തുകൾ ഉണ്ടെന്നാതാണു കടലിന്റെ പ്രസക്തി. ചുമ്മാ പറഞ്ഞതല്ല അവതരണം ഒതുക്കം കാലികപ്രസ്ക്തി എല്ലാം കൊണ്ടും മികച്ച കഥ.

Calvin H said...

എന്താ പറ്റിയത് ... ഗന്ധര്‍‌വേട്ടന്‍ പറ്റിച്ചേ ആണോ?
( ഇക്കാലത്തെ കഥകള്‍ വായിച്ചിട്ട് ഒന്നും മനസിലാവ്ണില്യല്ലോ എന്റെ തമ്പ്രാനേ... സെറിബെല്ലം മാറ്റി വെക്കാന്‍ ടൈം ആയോ?)

siva // ശിവ said...

എത്ര നന്നായിരിക്കുന്നു ഈ കഥ.... ചില വരികള്‍ക്ക് വല്ലാത്ത ഭംഗിയും പൂര്‍ണ്ണതയും....

ഹരീഷ് തൊടുപുഴ said...

ലക്ഷ്മീ നന്നായി അവതരിപ്പിച്ചിരിക്കുന്നു ഈ കഥ..
ഒരിക്കല്‍ കൂടി ആ ലക്ഷ്മിടച്ച് കഥകള്‍ക്ക് നന്ദിയോടെ..

Lathika subhash said...

നന്നായി ലക്ഷ്മീ.

amantowalkwith@gmail.com said...

ഇതു തകര്ത്തു ..വല്ലാത്ത ഒരു angle ആണ് കഥാകാരിക്ക് ..ശരിക്കും രസിപ്പിച്ചു

തണല്‍ said...

പൂട്ടി വച്ച പണ്ടങ്ങളും..
പൂട്ടിട്ട സ്വപ്നങ്ങളും ..!

നല്ല കള്ളന്‍..:)

നവരുചിയന്‍ said...

ഒരു കള്ളഗന്ധര്‍വന്‍ ......

ഓടോ : തലകെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി വല്ല റെയില്‍വേ അറിയിപ്പ് ആയിരിക്കും എന്ന്

തറവാടി said...

കഥ വായനക്കാരന്‍ ഊഹിച്ചെടുക്കണം എന്ന് പറയുന്നതില്‍ യോജിപ്പില്ലാത്തതിനാല്‍ ഒന്നും പറയാനില്ല.

അവള്‍ അവള്‍ അവള്‍......ഒന്നൂടെ ഒതുക്കി വ്യക്തത വരുത്താമായിരുന്നെന്ന് തോന്നിയതില്‍ കെറുവരുത്.

വായനക്കാരന്‍‌റ്റെ കുഴപ്പവുമാവാം :)

Jayasree Lakshmy Kumar said...
This comment has been removed by the author.
Jayasree Lakshmy Kumar said...

അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി കെട്ടോ

തറവാടി...മാന്യമായ ഒരഭിപ്രായം പറഞ്ഞതിന് ഞാനെന്തിനു കെറുവിക്കണം. ബഹുജനം പലവിധം എന്നല്ലേ. തറവാടിയുടെ അഭിപ്രായത്തെ പ്രാധാന്യത്തോടെ തന്നെ കാണുന്നു

ഇതിൽ പറയുന്ന ‘കള്ളഗന്ധർവ്വൻ’[നവരുചിയന്റെ വാക്ക് കടമെടുത്തു :)] അൽ‌പ്പം അസാധാരണമാകാം. പക്ഷെ ഇതിലെ ‘അവനും അവളും’ തികച്ചും സാധാരണമാണ്. ഒരുപാട് സംഭവിച്ചു കഴിഞ്ഞതും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ആണ്. ‘അവളു’ടെ ഒതുക്കിപ്പിടിച്ച വ്യഥകളെ മാത്രമാണു ഹൈലൈറ്റ് ചെയ്യാൻ ഉദ്ദേശിച്ചത്. പക്ഷെ അത് പറഞ്ഞു വന്ന രീതി അത്ര സ്വീകാര്യമല്ലാത്തതിനാൽ അതു പച്ചയായി പറയരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. ജീവിക്കുന്നു എന്നു നമുക്കു തോന്നുന്ന ചില ജീവഛവങ്ങളെ കുറിച്ച് പറയാനാണ് ഉദ്ദേശിച്ചത്

തറവാടി said...

ചില വിഷയങ്ങളില്‍ കയ്യൊതുക്കൊഴിവാക്കാനാവുന്നതല്ല അതേ സമയം
അത് സം‌വേദനം കുറക്കരുതെന്നാണെന്‍‌റ്റെ പക്ഷം.
നേര്‍ വായനയാണ് എന്‍‌റ്റെ പഥ്യമെന്നതിനാലുള്ള പ്രശ്നവുമാവാം :).

'അവള്‍' എന്നതുകൊണ്ടുദ്ദേശിച്ചത് പലയിടത്തും 'അവള്‍' ആവര്‍ത്തിച്ചതുപോലെ തോന്നിയതിനാലാണ്.
വീണ്ടും വരാന്‍ കാരണം ,
എന്‍‌റ്റെ കമന്‍‌റ്റ് താങ്കള്‍ക്ക് കഥ വിശദീകരിക്കേണ്ടീവന്നോ എന്ന ഖേദം കൊണ്ടും :)

ഞാന്‍ ആചാര്യന്‍ said...

ലക്ഷ്മ്യേ, ആരെയോ ഓര്‍മ വരുന്നു; പക്ഷേ ആരാണെന്ന് മനോമുകുരത്തില്‍ തെളിയുന്നില്ല; സംഭവം ഏറ്റെന്നു സാരം..

Santosh said...

ലക്ഷ്മി;
നല്ല അവതരണം. വരികള്‍ അനുഭവമാവുന്നു.
പൂട്ടിവെച്ച സ്വപ്നങ്ങളും കൂട്ടിവെച്ച പണവും...
അസ്സലായി!

saju john said...

ലക്ഷ്മിയുടെ കഥയിലെ ഒളിഞ്ഞിരിക്കുന്ന കള്ളനെ പോലെ,വൃന്ദാവനത്തില്‍ വന്ന് പാട്ടും കേട്ടു, നന്ദനത്തിലെ ചിത്രങ്ങളും വരകളും കണ്ട് ചിലപ്പോഴോക്കെ പോവാറുണ്ടായിരുന്നു.....

കാളിന്ദീതീരതെത്തിയപ്പോഴാണാണ് ലക്ഷ്മി തന്റെ ചിലങ്കയണിഞ്ഞിരുന്ന പാദങ്ങള്‍കൊണ്ട് ഈ കാളിന്ദിതീരത്ത് തന്റെതായ പാദമുദ്രകള്‍ പതിപ്പിച്ച് കഴിഞ്ഞതായി മനസ്സിലാക്കിയത്.......

കഥയില്‍ മാത്രമല്ല.....സ്വന്തം ജീവിതത്തിലും അത്തരം നല്ല പാലപ്പൂവിന്റെ സുഗന്ധം നിറയട്ടെ.....

saju john said...

ലക്ഷ്മിയുടെ കഥയിലെ ഒളിഞ്ഞിരിക്കുന്ന കള്ളനെ പോലെ,വൃന്ദാവനത്തില്‍ വന്ന് പാട്ടും കേട്ടു, നന്ദനത്തിലെ ചിത്രങ്ങളും വരകളും കണ്ട് ചിലപ്പോഴോക്കെ പോവാറുണ്ടായിരുന്നു.....

കാളിന്ദീതീരതെത്തിയപ്പോഴാണാണ് ലക്ഷ്മി തന്റെ ചിലങ്കയണിഞ്ഞിരുന്ന പാദങ്ങള്‍കൊണ്ട് ഈ കാളിന്ദിതീരത്ത് തന്റെതായ പാദമുദ്രകള്‍ പതിപ്പിച്ച് കഴിഞ്ഞതായി മനസ്സിലാക്കിയത്.......

കഥയില്‍ മാത്രമല്ല.....സ്വന്തം ജീവിതത്തിലും അത്തരം നല്ല പാലപ്പൂവിന്റെ സുഗന്ധം നിറയട്ടെ.....

Jayasree Lakshmy Kumar said...

വീണ്ടും ഈ വഴി വന്നതിനു നന്ദി തറവാടീ

ഇതു വഴി വന്ന എല്ലാവർക്കും നന്ദി കെട്ടോ

നട്ടപ്പിരാന്തൻ..ആദ്യമായാണ് ഇവിടെ കാണുന്നതെങ്കിലും ഇതു വഴിയെല്ലാം കടന്നു പോകാറുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. പക്ഷെ ഗുരുവായുപുരത്തെ പരിചയം പോലും ഇല്ലാ എന്നു തോന്നി കമന്റിൽ നിന്നും :(

ബിനോയ്//HariNav said...

ലക്ഷ്മി, കഥ നന്നായി. എണ്ണിത്തീര്‍ത്ത നോട്ടുകെട്ടുകള്‍ പകര്‍ന്ന ആലസ്യത്തില്‍, വെട്ടിപ്പിടിക്കാനുള്ള സാമ്രാജ്യങ്ങളുടെ വിപണിമൂല്യം സ്വപ്നം കണ്ടു കൂര്‍ക്കം വലിച്ചുറങ്ങുന്ന in house ഗന്ധര്‍വന്മാര്‍ക്കൊരു താക്കീത്. :-)

Sarija NS said...

നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. വായനക്കാരനും ചിന്തിക്കാനുള്ള കഥാരീതി വല്ലാതിഷ്ടമാണ്. കാരണം അതേ മനസ്സില്‍ നില്‍ക്കൂ.

മുസാഫിര്‍ said...

കഥയും അതിലെ നിഗൂഡ്ഡഭാവവും ഇഷ്ടമായി ലക്ഷ്മി.
ഓ.ടോ. തറവാടി. കുറച്ച് നിഗൂഡ്ഡത സ്ത്രീകള്‍ക്ക് ഒരു ആഭരണമല്ലെ മാഷെ ?

Rare Rose said...

ലക്ഷ്മീ..,ഇത്തിരി നേരത്തേക്ക് കഥ വായിച്ചങ്ങിരുന്നു പോയി...താളം തെറ്റിയ മനസ്സുകളിലേക്ക് ശ്രുതി ചേര്‍ക്കാനെത്തുന്ന ചില കള്ളഗന്ധര്‍വന്മാര്‍...കൊള്ളാം ട്ടോ...വേറിട്ട ഈ ശൈലിയില്‍ ഇനിയുമൊരുപാട് കഥകള്‍ വിരിയട്ടെ...:)

രസികന്‍ said...

വളരെ നന്നായി .... അനാവശ്യമായ ഒന്നും തിരുകിക്കയറ്റാതെതന്നെ നല്ല ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.... ആശംസകള്‍

വല്യമ്മായി said...

നല്ല കഥ.അവതരണവും ഇഷ്ടായി.

അരുണ്‍ കരിമുട്ടം said...

ലക്ഷ്മി ചേച്ചി, ആസ്വദിച്ച് വായിച്ചു.ഇഷ്ടപ്പെട്ടു ഈ കഥ,ശരിക്കും.

നന്ദ said...

ഗന്ധര്‍വ്വന്മാരും മോഷണം തുടങ്ങിയോ? എന്റമ്മേ!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ചില നഷ്ടങ്ങള്‍ നഷ്ടബോധം ജനിപ്പിക്കുന്നില്ല,(തങ്ങളെ ബാധിക്കാത്തതുകൊണ്ട്‌). ചിലത്‌ സന്തോഷമുണ്ടാക്കും, തണ്റ്റെ(ശത്രുവിനെ ബാധിക്കുന്നതുകൊണ്ട്‌. )ആ ശത്രു വിധിയാണെങ്കില്‍പ്പോലും. നല്ല കഥ!

പാവത്താൻ said...

ഷോക്കെയ്സിൽ ആണല്ലൊ നമ്മളിൽ പലരുടേയും ജീവിതം.പണം പല രൂപത്തിൽ നാം ഷോക്കെയ്സിൽ തന്നെയാണു വയ്ക്കുന്നത്‌. ആഭരണങ്ങളായി, വീടായി, കാറായി....
കഥ ഇഷ്ടപ്പെട്ടു. പേര്‌ ഒന്നു മാറ്റാമായിരുന്നു.

വിജയലക്ഷ്മി said...

mole , Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"nalla katha...
sasneham
vijayalakshmi...

raadha said...

പണ്ടവും പണവും പോയാലും സാരമില്ല. ഇനിയുള്ള അവളുടെ ജീവിതം മുഴുവന്‍ ഒരു കാത്തിരിപ്പിന്റെ ആക്കി തീര്‍ത്തില്ലേ? കഥ വളരെ അധികം ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക.
നവവല്‍സര ആശംസകള്‍ നേരുന്നു.

smitha adharsh said...

സമ്മതിച്ചു കേട്ടോ...
വല്ലാത്ത തരം ഭാവന...
വരാന്‍ വൈകിപ്പോയി...
പുതിയതൊന്നും ഇല്ലേ എന്ന് തെരഞ്ഞു വന്നതാ...അപ്പോഴുണ്ട്,ഈ അടിപൊളി കഥ..

ശ്രദ്ധേയന്‍ | shradheyan said...

ചിത്രകാരിയുടെ കൈവഴക്കവും കവയത്രിയുടെ ഉപമാലങ്കാരവും കഥാകൃത്തിന്‍റെ ഭാവനയും ഒത്തുചേര്‍ന്ന പ്രതിഭയ്ക്ക് ഭാവുകങ്ങള്‍....

Bindhu Unny said...

നല്ല രചന. ഉള്ളിലൊതുക്കിവെച്ച വേദനകളെ ഒതുക്കിത്തന്നെ പറഞ്ഞിരിക്കുന്നു :-)

ജെ പി വെട്ടിയാട്ടില്‍ said...

ലക്ഷ്മിക്കുട്ടീ
കുറെനാളായി നിന്നെ കാണാനില്ലല്ലോ??????????

simy nazareth said...

aha!
nalla katha lakshmee.. pedippichu :)

വിജയലക്ഷ്മി said...

katha valare nannaayirikkunnu mole

വിജയലക്ഷ്മി said...

katha valare nannaayirikkunnu mole

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം ലക്ഷ്മി.
അടുത്തെങ്ങും ഇങ്ങനെ ഒരു കഥ വായിച്ചിട്ടില്ല.

പറയാതെ തന്നെ ഒരുപാട് പറഞ്ഞിരിക്കുന്നു.

ശരിക്കും ഇഷ്ടപ്പെട്ടു.

സായന്തനം said...

അതിസുന്ദരം ഈ കഥനം...

അരുണ്‍ said...

വളരെ നന്നായിട്ടുണ്ട്...ഇനിയം എഴുതുക...