Sunday, 5 July 2009

സീമന്തം

“ഓം ശ്രീമാതാ ശ്രീ മഹാരാജ്ഞീ ശ്രീമത്‌സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭൂതാ ദേവകാര്യ സമുദ്യതാ
ഉദ്യദ്ഭാനു സഹസ്രാഭാ ചതുർബാഹുസമന്വിതാ
രാഗസ്വരൂപപാശാഢ്യാ ക്രോധാകാരാങ്കുശോജ്ജ്വലാ..”

മണിമുഴക്കങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കും ദീപാരാധന തൊഴുന്ന ഭക്തരുടെ നാമജപങ്ങൾക്കുമിടയിലും മുത്തശ്ശിയുടെ വിറയാർന്ന ശബ്ദം ജപിക്കുന്ന ലളിതാസഹസ്രനാമം അവ്യക്തമായി ശ്രീദേവിയുടെ കാതുകളിൽ വന്നു വീഴുന്നുണ്ടായിരുന്നു. മനമുരുകി മുത്തശ്ശിയിപ്പോൾ പ്രാർത്ഥിക്കുന്നതെന്തെന്ന് ശ്രീദേവിക്കൂഹിക്കാം. ഒരു ഉണ്ണിക്കാൽ. തലമുറ അന്യം നിന്നു പോകാതിരിക്കാൻ, പൌത്രവധുവായ തന്നിലൂടെ, പാരമ്പര്യങ്ങളുടെ കാവൽപ്പുരുഷനായി ഒരു ആൺ‌തരി. അതിനു വേണ്ടി, കുടുംബം വക ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു മുൻപുള്ള നാളുകളിലെ പ്രത്യേക പ്രാർത്ഥനകളും പൂജകളും കഠിനമായ വ്രതാനുഷ്ഠാനങ്ങളും. ഇന്ന് ഉത്സവനാൾ. വ്രതാനുഷ്ഠാനങ്ങളുടെ അവസാന നാൾ. ദേവീക്ഷേത്രത്തിൽ കൊടി കയറിയ അന്നു മുതൽ ഇന്നേക്ക് നാൽ‌പ്പത്തൊന്ന് തികയുന്ന മുഴുവൻ ദിവസങ്ങളിലും, പറ്റുമ്പോഴെല്ലാം തന്നെയും കൂടെ കൂട്ടി, ദിവസേനയുള്ള അഞ്ചു പൂജകളിൽ ഒന്നു പോലും മുടങ്ങാതെ മുത്തശ്ശി തൊഴുന്നത് ഈ അനപത്യതാദു:ഖം ഒന്നു കൊണ്ടു മാത്രം. എങ്കിലും, ഒരു കുഞ്ഞിനെ നൽകാൻ കഴിയാത്തവൾ എന്ന ഭാവമോ ഈർഷ്യയോ, കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഒരിക്കൽ പോലും തന്റെ നേരെ മുത്തശ്ശി കാണിച്ചിട്ടില്ല.

തറവാട്ടു കാരണവസ്ഥാനമാണു മുത്തശ്ശിക്ക്. വാല്യക്കാർ ആ മുന്നിൽ ഭയാ‍ദരങ്ങളോടെ നിൽക്കുമ്പോഴും തനിക്കരികിൽ തുളുമ്പുന്ന സ്നേഹവും വാത്സല്യവുമാണവർ. തൊണ്ണൂറൂ ദിവസത്തെ കഠിനവ്രതചര്യകളിൽ കടുകിട വീഴ്ച വരാതിരിക്കാൻ വാർദ്ധക്യത്തിന്റെ അസ്ക്യതകൾ വക വയ്ക്കാതെ പാവം മുത്തശ്ശി തന്റെ കൂടെത്തന്നെ നിന്നു. തൊണ്ണൂറു ദിവസം ഭർത്താവിനോടൊപ്പം തനിക്കും വ്രതം. പരസ്പരം സ്പർശം നിഷിദ്ധം. മുത്തശ്ശിയുടെ അറയിലായിരുന്നു ഉറക്കം. ഏഴര നാഴിക വെളുപ്പുള്ളപ്പോൾ ശ്രീദേവിയെ വിളിച്ചുണർത്തുന്നു മുത്തശ്ശി. തണുപ്പു വകവയ്ക്കാതെ ക്ഷേത്രക്കുളത്തിൽ ഒപ്പം മുങ്ങി നിവരുന്നു. ഈറനോടെ ക്ഷേത്രത്തിന്റെ തെക്കുകിഴക്കു മൂലയിൽ നിൽക്കുന്ന അരയാലിനെ ഏഴുവട്ടം പ്രദക്ഷിണം വയ്പ്പിച്ച് ഇഷ്ടപുത്രലബ്ധിക്കായി തന്നെക്കൊണ്ട് സന്താനഗോപാലമന്ത്രവും ചൊല്ലിക്കുമ്പോഴും മുത്തശ്ശി കൂടെത്തന്നെ. ഈറനോടെ തന്നെ ക്ഷേത്രത്തിലെ ഉഷപൂജ തൊഴുത് ഇല്ലത്തേക്കു മടങ്ങിയാൽ ആദ്യം വെറും വയറ്റിൽ തനിക്കു, പ്രത്യേകം പൂജിച്ച നെയ്സേവ. പിന്നെ അന്നേ ദിവസം ക്ഷേത്രത്തിലെ നിത്യപൂജകളോടൊപ്പം തങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പൂജകൾക്കൊക്കെ തന്നെയും കൂട്ടി സന്നിഹിത.

കൊടി കയറിയ അന്നു മുതൽ ക്ഷേത്രത്തിൽ മൂന്നു പൂജകൾക്കു പകരം അഞ്ചു പൂജകളാണ്. ആചാരമനുസരിച്ച് ക്ഷേത്രത്തിലെ പ്രധാനപൂജാരിയായിരിക്കേണ്ടത് ഇല്ലത്തെ പ്രതിനിധിയാണ്. മുത്തശ്ശിയുടെ ഏകമകൻ അകാലത്തിൽ മരിക്കും വരെ അദ്ദേഹമായിരുന്നു ആ സ്ഥാനം വഹിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിനു ശേഷം ആ സ്ഥാനം വഹിക്കേണ്ടിയിരുന്ന പൌത്രന് ഇത്തരം പാരമ്പര്യാനുഷ്ഠാനങ്ങളിൽ തളക്കപ്പെട്ടു കിടക്കുന്നതിന് അശേഷം താൽ‌പ്പര്യമില്ലായിരുന്നു. എഞ്ചിനീയറായ അദ്ദേഹം മുത്തശ്ശിയുടെ തൃപ്തിക്കു വേണ്ടി മാത്രം ഉത്സവത്തോടനുബന്ധിച്ച് ദീക്ഷയെടുക്കുന്നു

തൊണ്ണൂറു നാൾ ഒരു നേരം മാത്രം അന്നം. അതും ക്ഷേത്രത്തിൽ നിന്നുള്ള പടച്ചോറ്. ശേഷം പാലും പഴങ്ങളും മാത്രം. ഇഷ്ടപുത്രലാഭത്തിനായുള്ള പ്രത്യേക പൂജകളോടനുബന്ധിച്ച് തന്ത്രി ഇപ്രകാരം നിർദ്ദേശിച്ചത് പൌത്രനും പൌത്രഭാര്യയായ തനിക്കും വേണ്ടിയാണെങ്കിലും പ്രായമായ മുത്തശ്ശിയും, എതിർപ്പുകളെ വക വയ്ക്കാതെ അവയെല്ലാം നോൽക്കുന്നത് ആ സ്നേഹവും കരുതലും കൊണ്ടു മാത്രം. തൊണ്ണൂറു നാളത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് ഇന്നവസാനം. ശ്രീബലിക്കും തൃപ്പുകക്കും ശേഷം ക്ഷേത്രനടയടച്ചുകഴിഞ്ഞാൽ നോമ്പു മുറിക്കാം. ഉത്സവാഘോഷങ്ങൾ അവസാനിക്കുന്ന ഈ നാളിൽ, ദേവിക്കു മുന്നിൽ നിന്ന് ദീപാരാധന തൊഴുന്ന മുത്തശ്ശി അകം കലങ്ങി ദേവിയെ വിളിക്കുന്നുണ്ടാകും “ ദേവീ, തലമുറകളുടെ കണ്ണികൾ മുറിഞ്ഞു പോകാതെ കാക്കണേ” എന്ന്.

തൊട്ടു മുന്നിൽ നിന്നു തൊഴുന്ന മുത്തശ്ശിയുടെ മുഴുവൻ വെള്ളി കെട്ടിയ മുടിയിഴകളുടെ അതിർ വരമ്പിലൂടെ, ശ്രീകോവിലിനുള്ളിൽ മുഴുക്കാപ്പണിഞ്ഞ്, ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ദേവീവിഗ്രഹത്തിൽ മിഴിയർപ്പിച്ചു നിൽക്കുമ്പോൾ ശ്രീദേവിയുടെ മനസ്സിൽ മൂന്ന് വർഷങ്ങൾക്കപ്പുറത്തെ വിവാഹനാളായിരുന്നു. അന്ന് നിറദീപവുമേന്തി ഗൃഹപ്രവേശം നടത്തുമ്പോൾ മുത്തശ്ശിയുടെ ആത്മഗതം കേട്ടു “മുഴുക്കാപ്പണിഞ്ഞ ദേവീവിഗ്രഹം തന്നെ. നല്ല ഐശ്വര്യോള്ള കുട്ടി.“ ഇന്നു വരെ ആ സ്നേഹത്തിന് ഒരു ഭംഗവും വന്നിട്ടില്ല. ഭർത്താവിന്റെ മുത്തശ്ശിയായിരുന്നിട്ടും അവർക്ക് താൻ സ്വന്തം പൌത്രി തന്നെയായിരുന്നു. ദരിദ്രരായിരുന്നു ശ്രീദേവിയുടെ മാതാപിതാക്കൾ. അമ്മയുടെ മാതുലന്റെ കാരുണ്യത്തിൽ ഒരു വലിയ കൂട്ടുകുടുംബത്തിൽ ആശ്രിതരായാണ്, ഇളയ രണ്ടു സഹോദരിമാരോടും മാതാപിതാക്കളൊടുമൊപ്പം ശ്രീദേവി കഴിഞ്ഞിരുന്നത്. വിവാഹാനന്തരം ഒരു ആശ്രിതത്വത്തിൽ നിന്ന് മറ്റൊന്നിലേക്ക്, എന്നേ ശ്രീദേവി കരുതിയിരുന്നുള്ളു. എന്നാൽ ഇവിടെ ശ്രീദേവിയെ എതിരേറ്റത് സ്നേഹത്തിന്റെ നിറകുടമായ മുത്തശ്ശിയാണ്. അനുഭവിച്ചത് അതുവരെ അറിയാത്ത സ്വാതന്ത്ര്യവും.

പഴമയുടെ ആഢ്യത്വം നിറഞ്ഞു നിന്നിരുന്ന ആ നാലുകെട്ടിനകത്ത് പക്ഷെ, സ്വന്തം ഇല്ലത്തു നിന്ന് വ്യത്യസ്തമായി വല്ലാത്തൊരേകാന്തതയായിരുന്നു ശ്രീദേവിക്ക്. അതിൽ നിന്നു രക്ഷപ്പെടാൻ എന്തെങ്കിലുമൊക്കെ അകജോലികളോ തോട്ടമുണ്ടാക്കലോ ഒക്കെ ചെയ്യാൻ ശ്രീദേവിക്കിഷ്ടമായിരുന്നെങ്കിലും മുത്തശ്ശി അതിനൊന്നും സമ്മതിച്ചിരുന്നില്ല. എന്തിനും ഏതിനും വാല്യക്കാർ. ഉച്ച വരെ മുത്തശ്ശി വാല്യക്കാർക്കും പുറം പണിക്കാർക്കുമുള്ള പല തരം നിർദ്ദേങ്ങളുമായി തിരക്കിലായിരിക്കും. ഉച്ച ഭക്ഷണം കഴിഞ്ഞ്, മുത്തശ്ശിയുടെ പതിവുറക്കവും കഴിഞ്ഞാൽ ശ്രീദേവിക്ക് മുത്തശ്ശിയെ അടുത്തു കിട്ടും. നാലും കൂട്ടി മുറുക്കാൻ ഇടിച്ചു കൊടുക്കുമ്പോൾ മുത്തശ്ശി പറയാറുള്ള പഴം കഥകളാണ് ഈ വിരസതയിൽ നിന്നുള്ള ഒരു മോചനമാർഗ്ഗം. അല്ലാത്തപ്പോൾ വായനാമുറിയിൽ ധാരാളമായിരിക്കുന്ന പഴയതും പുതിയതുമായ പുസ്തകശേഖരങ്ങളും.





അങ്ങിനെയുള്ള ഒരു ദിവസം വല്ലാതെ മടുപ്പ് തോന്നിയപ്പോഴാണ്, വെയിൽ താഴാൻ തുടങ്ങിയ ഒരു നേരത്ത്, മുത്തശ്ശി ഉറക്കമുണരുന്നതിനു മുമ്പ് തിരിച്ചെത്താമെന്നു കരുതി ശ്രീദേവി, തൊടിയിലൂടെ ഒന്നു നടക്കാനിറങ്ങിയത്. വിവാഹം കഴിഞ്ഞ് ഒരുമാസമായെങ്കിലും തൊടിയിലേക്കൊന്നും ശ്രീദേവി ഇറങ്ങിയിട്ടേ ഇല്ലായിരുന്നു. അതു കൊണ്ടാകണം, പതിവില്ലാതെ പുറത്തേക്കിറങ്ങിയ ശ്രീദേവിയെ വാല്യക്കാരി തുറിച്ചു നോക്കി നിന്നത്. ഇല്ലത്തിന് ചുറ്റും ഏക്കറുകണക്കിന് സ്ഥലം ഇല്ലത്തിന്റേതായുണ്ട്. തെക്കും കിഴക്കും ഭാഗങ്ങളിൽ തെങ്ങുകളുടേയും കവുങ്ങുകളുടേയും തോട്ടങ്ങൾ. പടിഞ്ഞാറുമാറി കൊണ്ടൽക്കൃഷികളും മറ്റും. വടക്കോട്ടൽ‌പ്പം നടന്നാൽ കവുങ്ങുതോട്ടത്തിനപ്പുറം വിശാലമായ നെൽ‌പ്പാടങ്ങൾ. കുളിർകാറ്റേറ്റ് തൊടിയിൽ നിൽക്കുമ്പോൾ, എത്ര ശാലീനസുന്ദരമാണ് ഈ പ്രദേശം, എന്നു ചിന്തിക്കുകയായിരുന്നു ശ്രീദേവി. എങ്ങോട്ടു തിരിയണമെന്നോർത്ത് നിൽക്കുമ്പോൾ കവുങ്ങുതോട്ടത്തിനിടയിലൂടെ ദൂരെ കാണായ പച്ച വയലേലകൾ തന്നെ മാടി വിളിക്കുന്നു. വല്ലാത്തൊരാകർഷണീയതയിൽ വയലരികിലെത്തി, അതിന്റെ വിശാലതക്കപ്പുറത്തേക്ക് കണ്ണോടിക്കുമ്പോൾ കണ്ടു, വയലുകൾക്കപ്പുറത്തും തലയുയർത്തി നിൽക്കുന്ന പലതരം മരങ്ങൾ. മറ്റു മരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വയലരികിലായി പടർന്നു പന്തലിച്ചു നിന്ന വലിയൊരു വൃക്ഷവും അതിനു താഴെ
കെട്ടിയുണ്ടാക്കിയിരിക്കുന്ന കൽമണ്ഡപവും അൽ‌പ്പം കൌതുകത്തോടെ നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് പിന്നിൽ നിന്ന് മുത്തശ്ശിയുടെ പകച്ചുള്ള വിളി കേട്ടത്. വടിയൂന്നിയൂന്നി മുത്തശ്ശിയും കൂടെ ഒരു വാല്യക്കാരിയും ഓടിയും നടന്നും വെപ്രാളത്തോടെ വരികയാണ്. “എന്തിനാ കുട്ട്യേ ആരോടും മിണ്ടാതെ ഇങ്ങോട്ടിറങ്ങിപ്പോന്നത്. ഇവിടെ നിന്നു ചുറ്റിക്കറങ്ങാതെ, വരിക” എന്നു പറഞ്ഞ് തിരിഞ്ഞു നടന്ന മുത്തശ്ശിയുടെ വാക്കുകളിലെ പകപ്പും കോപവും തിരിച്ചറിഞ്ഞ്, മിണ്ടാതെ പുറകേ നടന്ന് പോരുമ്പോൾ മുത്തശ്ശി വിറയാർന്ന ശബ്ദത്തിൽ ജപിക്കുന്നുണ്ടായിരുന്നതെന്തെന്ന് വ്യക്തമായില്ല ശ്രീദേവിക്ക്.

വിലക്കുകൾ ജീവിതത്തിൽ ഇതാദ്യമല്ലെങ്കിലും ഭർത്തൃഗൃഹത്തിൽ വന്ന ശേഷം മുത്തശ്ശിയുടെ മുഖത്ത് ആദ്യമായി കണ്ട ഈർഷ്യ, അൽപ്പം മുൻപ് അപ്പൂപ്പൻതാടി പോലെ പൊങ്ങിപ്പറന്ന മനസ്സിനെ നനഞ്ഞ പഞ്ഞിത്തുണ്ടാക്കി. നടുമുറ്റത്തെ ഒരു മൂലയിൽ വളർന്നു നിൽക്കുന്ന മുല്ലച്ചെടിയെ നോക്കി അരഭിത്തിയിലിരിക്കുമ്പോൾ മുടിയിൽ അരുമയാർന്നൊരു തലോടൽ. മുത്തശ്ശിയാണ്, “സങ്കടായോ എന്റൂട്ടിക്ക്” എന്നു ചോദിച്ച്. “ഒന്നൂല്ല്യ മുത്തശ്ശി” എന്നു പറഞ്ഞെങ്കിലും ശബ്ദത്തിലെ സങ്കടം മുത്തശ്ശി തിരിച്ചറിഞ്ഞിട്ടുണ്ടാകും. അന്ന് മുത്തശ്ശിക്ക് വെറ്റിലയടക്ക ഇടിച്ചു കൊടുക്കാനിരുന്നപ്പോഴാണ് “കുട്ട്യേ പേടിപ്പിക്കണ്ടാന്നോർത്ത് പറയാതിരുന്നതാണ്” എന്ന മുഖവുരയോടെ മുത്തശ്ശി ആ പഴംകഥകൾ പറയാൻ തുടങ്ങിയത്. ആ ഇല്ലം, പിൻ‌തലമുറക്കായുസ്സുണ്ടാവില്ല എന്നൊരു ശാപത്താൽ ഗ്രസ്തമാണത്രേ. ശ്രീദേവിക്കറിയില്ല എന്നോർത്താണ് മുത്തശ്ശിയത് പറഞ്ഞതെങ്കിലും, വേളിക്കു മുമ്പു തന്നെ ആ ഇല്ലത്തെ കുറിച്ച് അപ്രകാരം ഒരു ചൊല്ല് ശ്രീദേവിയും കേട്ടിരിക്കുന്നു. അങ്ങിനെയൊരു ഇല്ലമായതിനാലാണല്ലോ, ഒരു ദരിദ്രനമ്പൂതിരിയുടെ മൂത്ത മകളായ തന്നെ, ഇവിടത്തെ വിദ്യാസമ്പന്നനായ ഏക ആൺ തരിക്ക് വേളിയാക്കേണ്ടി വന്നത്. ഭർത്തൃഗൃഹത്തിൽ വന്ന ശേഷം, ശാപഗ്രസ്തമായ ഇല്ലം എന്ന ആ നാട്ടുസംസാരം ഒരിക്കൽപ്പോലും ശ്രീദേവി ഓർത്തിട്ടില്ല. എന്നാലിപ്പോൾ മുന്നിലിരുന്ന് കഥ പറയുമ്പോൾ, പൂർണ്ണേന്ദുവിനെ വന്നുമൂടാൻ ശ്രമിക്കുന്ന കാർമേഘപടലം പോലെ മുത്തശ്ശിയുടെ മുഖത്ത് നിഴൽ വീഴ്ത്തുന്ന ഭയം, മുത്തശ്ശി മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രീദേവിക്കത് വ്യക്തമാണ്

മുത്തശ്ശി കഥ പറയുകയാണ്, മുത്തശ്ശിക്കു മുമ്പ് ഒരു മൂന്ന് തലമുറക്കപ്പുറത്തെ, യൗവനത്തിൽ തന്നെ തറവാട്ടു കാരണവസ്ഥാനത്തെത്തിയ ഭവത്രാതൻ നമ്പൂതിരിയുടെ കഥ. മുത്തശ്ശിയുടെ മങ്ങിയ കണ്ണുകളിൽ വിളറി പ്രതിബിംബിക്കുന്ന ഭയത്തിൽ ശ്രീദേവി കണ്ടു; കുടുമ വച്ച്, പൂണൂൽ ധരിച്ച്, തടിച്ച കൂട്ടുപുരികങ്ങളോടും ആജ്ഞാശക്തിയുള്ള കണ്ണുകളോടും കൂടിയ ആജാനുബാഹുവായ ആ മുൻ‌കാരണവരെ. വേദമന്ത്രോപാസകൻ. ഉഗ്രക്രിയകൾ സ്വായത്തമാക്കിയവൻ. നാടും നാട്ടാരും ഭയഭക്തിബഹുമാനങ്ങളർപ്പിച്ചു കാണുന്നവൻ. കഠിനബ്രഹ്മചാരി. തറവാട്ടു ദേവീക്ഷേത്രത്തിലെ മുഖ്യകാർമികൻ. അതോടൊപ്പം അന്യനാടുകളിൽ നിന്നു പോലും പൂജകൾക്കും ഉച്ചാടനങ്ങൾക്കുമായി ആളുകൾ വിശ്വാസത്തോടെ സമീപിക്കുന്നവൻ

സൽ‌പൂജകൾ വിട്ട് ക്ഷുദ്രപ്രയോഗങ്ങളിലേക്കും ആഭിചാരക്രിയകളിലേക്കും ഭവത്രാതൻ നമ്പൂതിരി തിരിഞ്ഞത് തൊട്ടടുത്ത ദേശത്തെ ഒരു യക്ഷിയുപദ്രവം ഒഴിപ്പിച്ചതോടെയാണത്രേ. രക്തദാഹിയായ യക്ഷി അതിസുന്ദരീരൂപം പൂണ്ട്, രാത്രി സഞ്ചാരികളെ വശീകരിച്ച് സുരതദാഹശമനശേഷം അലറിവിളിക്കുന്ന വടയക്ഷീരൂപം പൂണ്ട് അവരുടെ രക്തം ഊറ്റിക്കുടിക്കുന്നു. പിറ്റെ ദിവസം യക്ഷി കുടിയിരിക്കുന്ന കരിമ്പനച്ചുവട്ടിലോ അല്ലെങ്കിൽ വനതുല്യമായ ആ സ്ഥലത്തെ മറ്റെവിടെയെങ്കിലുമോ നാട്ടാർക്കു കാണാം, വയറു കീറിപ്പിളർന്നോ തല തകർന്നോ ഒക്കെ ജഢങ്ങൾ. രാത്രികാലങ്ങളിൽ, മദയാനയുടെ ചിന്നം വിളിക്കു സമമായുള്ള, യക്ഷിയുടെ സുരതശമനശേഷമുള്ള അലർച്ച കേട്ടാൽ, പിറ്റെ ദിവസം ഒരു യുവാവിന്റെ കീറിപ്പിളർന്ന മൃതശരീരം നാട്ടുകാർ പ്രതീക്ഷിക്കുകയായി. ഭയാനകത നിറഞ്ഞു നിന്ന ആ പ്രദേശം ആളുകൾ കഴിവതും ഒഴിവാക്കിത്തുടങ്ങിയപ്പോഴാണ്, ഗ്രാമമുഖ്യൻ ഭവത്രാതൻ നമ്പൂതിരിക്ക് ആളെ വിടുന്നത്. ഉഗ്രക്രിയകളാൽ യക്ഷിയെ ആവാഹിച്ചടിമയാക്കി, കൂടെത്തന്നെ കൊണ്ടു പോന്നു നമ്പൂതിരി. എന്നിട്ട് ഇല്ലത്തിന് വടക്കുമാറിയുള്ള പാലമരത്തിൽ കുടിയിരുത്തിച്ചു. സത്കർമ്മചാരിയായിരുന്ന നമ്പൂതിരിയുടെ മാർഗ്ഗവിഭ്രംശം അവിടം മുതലാകണം

യക്ഷിയെ ബലിമന്ത്രസുരതങ്ങളാൽ പ്രീണിപ്പിച്ച് അഗോചരങ്ങളായ നിധികൾ നേടുക എന്നതായിരുന്നു നമ്പൂതിരിയുടെ ആദ്യകാല ഉദ്ദേശമെങ്കിലും, പിന്നീട് തനിക്കെതിരെ നിൽക്കുന്നവരെ ഹനിക്കുന്നതിനും സുന്ദരികളായ യുവതികളെ വശീകരിച്ചുപയോഗിക്കുന്നതിനും യക്ഷിയെ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഗ്രാമം നമ്പൂതിരിയിലെ പൈശാചികത കണ്ടു. ആളുകൾ നമ്പൂതിരിയെ വല്ലാതെ ഭയപ്പെട്ടു. ആ പ്രദേശത്തെ ചൂഴ്ന്നു നിന്ന ഭയത്തിന്റെ ഉള്ളറകളിലേക്കൊതുങ്ങി, രാപ്പകൽ ഭേദമെന്യേ ഗ്രാമം നിശ്ശബ്ദമായി.

കാലാന്തരത്തിൽ കുടുംബക്ഷേത്രത്തെ പാടെ അവഗണിച്ച നമ്പൂതിരി, യക്ഷിയുടെ മുഴു ഉപാസകനായി മാറി. ദേവീചൈതന്യം നഷ്ടപ്പെട്ട് ക്ഷേത്രം പാഴടഞ്ഞു. പാലച്ചുവട്ടിലെ ദീപ,ധൂപ,രുധിര പൂജകളിലും ഉപാസകസംഗമങ്ങളിലും യക്ഷി തിമിർത്തു. നമ്പൂതിരിയെ എതിർക്കാൻ ശക്തിയുള്ളവർ ആ പ്രദേശത്താരുമുണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തെ അജയ്യനാക്കി. പൈശാചീകതയുടെ മുഴുരൂപത്തിലേക്കെത്തി നിന്ന നമ്പൂതിരിയുടെ മനസ്സിലെ ഉറങ്ങിക്കിടന്ന ഏതു തരളഭാവമാണെന്നറിയില്ല, താൻ വശീകരിച്ചുപയോഗിച്ച അനേകം യുവതികളിലൊരാളായ താത്രിക്കുട്ടിയിൽ അദ്ദേഹത്തെ അനുരക്തനാക്കിത്തീർത്തത്. ഒരിക്കൽ തന്റെ ആവശ്യം കഴിഞ്ഞാൽ പിന്നെ അതേ പെണ്ണിനെ പിന്നൊരിക്കലും വശീകരിച്ച് വശത്താക്കണമെന്ന് നമ്പൂതിരിക്കു തോന്നിയിട്ടില്ല. പക്ഷെ താത്രിക്കുട്ടിയിൽ നമ്പൂതിരി വല്ലാതെ ആകൃഷ്ടനായി. അത് പ്രണയത്തിലേക്ക് വഴി മാറുന്നതിന് അധികം താമസമുണ്ടായില്ല. കഠിനചര്യകളാൽ നിലനിറുത്തിപ്പോന്നിരുന്ന മന്ത്രവിദ്യകൾക്ക് കാലക്രമേണ മുടക്കം വന്നു. ശ്രദ്ധ താത്രിക്കുട്ടി എന്ന കേന്ദ്രബിന്ദുവിലേക്കൊതുങ്ങിയപ്പോൾ യക്ഷീയുപാസനകൾക്കും മുടക്കം നേരിട്ടു. തന്നെ ബന്ധിച്ചിരുന്ന മന്ത്രപാശങ്ങൾക്ക് ശക്തിക്ഷയം വന്നതോടെ യക്ഷി സ്വതന്ത്രയായി. ഒരുകാലത്ത് അടുത്ത ഗ്രാമത്തെ നടുക്കിയിരുന്ന മത്തഗജസമാനമായ അലർച്ച, ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒരു പാതിരാവിനെ വിറപ്പിച്ചു. പിറ്റേന്നാൾ താത്രിക്കുട്ടിയുടെ ഇല്ലത്തേക്കുള്ള മാർഗ്ഗത്തിലെ ഒരു വനത്തിനു സമീപപ്രദേശത്ത് വയറു കീറിപ്പിളർന്ന്, തലതകർന്ന്, ഭവത്രാതൻ നമ്പൂതിരിയുടെ മൃതശരീരം കിടന്നു.

അന്നു മുതൽ ആ ഗ്രാമത്തിൽ വടയക്ഷിയുടെ തേർവാഴ്ച തുടങ്ങി. ഗ്രാമം പൂർവ്വാധികം ഭയത്തിന്റെ പിടിയിലായി. അസ്വാഭാവീകമരണങ്ങൾ നിത്യസംഭവങ്ങളായി. ഏറെ നാളുകൾക്ക് ശേഷം ഭവത്രാതൻ നമ്പൂതിരിയുടെ നേർ പെങ്ങളാണ്, ദൂരെ ദൂരെ ദിക്കിലുള്ള പേരു കേട്ടൊരു താന്ത്രികനെ വരുത്തി, അദ്ദേഹത്തെക്കൊണ്ട് തൊണ്ണൂറു നാളത്തെ ഉഗ്രപൂജകൾക്ക് ശേഷം യക്ഷിയെ, കാഞ്ഞിരമരത്തിൽ കൊത്തിയുണ്ടാക്കിയ സ്ത്രീ രൂപത്തിലേക്കാവാഹിച്ച്, യക്ഷിക്ക് ഇനിയൊന്നനങ്ങാനാവാത്ത വിധം പ്രതിമയുടെ തലയിൽ മന്ത്രമുദ്രിതമായ ആണിയടിച്ച് ബന്ധിച്ച്, ഭവത്രാതൻ നമ്പൂതിരി യക്ഷിയെ ആവാഹിച്ചിരുത്തിയ അതേ പാലച്ചുവട്ടിൽ കുടിയിരുത്തിയത്. ചൈതന്യം നഷ്ടപ്പെട്ട് പാഴടഞ്ഞ തറവാട്ട് ദേവീക്ഷേത്രം പുനരുദ്ധരിച്ച്, അതിനകം പൂജാവിധികൾ അഭ്യസിച്ച ഭവത്രാതൻ നമ്പൂതിരിയുടെ സഹോദരീപുത്രനെ മുഖ്യകാർമ്മികത്വമേൽ‌പ്പിക്കുമ്പോൾ, നാടിനെ ചൂഴ്ന്നുനിന്ന ഒരു ദുഷ്കാലത്തിന് അങ്ങിനെ അറുതിയായെങ്കിലും, താന്ത്രികൻ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിച്ചു. എല്ലാ മുപ്പട്ട് വെള്ളിയാഴ്ചകളിലും യക്ഷിക്ക് വിളക്കും പൂജയും നടത്തുക. തറവാട്ടു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് യക്ഷിക്കും പ്രത്യേക പൂജകൾ നടത്തുക. എങ്കിൽപ്പോലും ബന്ധിതയായപ്പോൾ ഭവത്രാതൻ നമ്പൂതിരിയുടെ കുടുംബത്തിന് നേരെ ചൊരിഞ്ഞ യക്ഷീശാപം മറികടക്കാൻ പ്രയാസമാണത്രേ.

യക്ഷീശാപം! ഭവത്രാതൻ നമ്പൂതിരിയുടെ ഇല്ലത്തെ പിൻ‌തലമുറ ആയുസ്സെത്തില്ല എന്ന ശാപം! അത് വേളി കഴിഞ്ഞ് തറവാട്ടിലെത്തുന്നവർക്കും ബാധകമാണ് എന്നതാണ് വേളിയുടെ അന്നു തന്നെ മുത്തശ്ശി തന്റെയരയിൽ കെട്ടി തന്ന ഏലസ്സ് തന്നോട് പറയുന്നത്. യക്ഷിയെ ബന്ധിതയാക്കിയ അന്നു മുതൽ ഇല്ലത്തെ ഓരോ അംഗങ്ങൾക്കും പ്രത്യേകം ജപിച്ച ഏലസ്സുകളുടേയും അവ കോർത്ത മന്ത്രച്ചരടുകളുടേയും സംരക്ഷണം. എന്നിട്ടും ഭവത്രാതൻ നമ്പൂതിരിയുടെ സഹോദരീപുത്രൻ അകാലത്തിൽ മരണമടഞ്ഞു. അദ്ദേഹത്തിന്റെ സഹോദരിയുടെ, പതിനാറു വയസ്സ് മാത്രമെത്തിയ മകന് ക്ഷേത്രച്ചുമതലയായി. വസൂരി വന്ന് പിന്നീട് അദ്ദേഹവും മരണമടഞ്ഞു. ആ ശ്രേണിയിൽ മുത്തശ്ശി കേട്ടതും കണ്ടതുമായ അകാലമരണങ്ങളിൽ ഒടുക്കത്തേത് എകപുത്രന്റേതും പുത്രഭാര്യയുടേതുമാണ്; ഒരു കാർ ആക്സിഡന്റിൽ. അന്നു പൌത്രൻ കൌമാരപ്രായമെത്തുന്നതേയുള്ളു. പിന്നീട് ക്ഷേത്രച്ചുമതലകൾ മറ്റൊരു പൂജാരിയെ ഏൽ‌പ്പിച്ച് പ്രത്യേകാവസരങ്ങളിൽ പൌത്രനെക്കൊണ്ട് ദീക്ഷയെടുപ്പിക്കുമായിരുന്നു മുത്തശ്ശി. ഇതാ ഇപ്പോൾ തറവാട്ടിലെ ഏക ആൺ‌തരിയായ പൌത്രന്റെ ഭാര്യയിൽ യക്ഷിയുടെ ശാപദൃഷ്ടികൾ പതിഞ്ഞിട്ടുണ്ടോ എന്ന് മുത്തശ്ശി ഭയപ്പെടുന്നു. യക്ഷിയുടെ ദൃഷ്ടികളിൽ നിന്നും, ഇല്ലത്തിന്റെ നാലതിരുകൾക്കകത്തെ, പൂജകളാൽ പ്രത്യേകം സംരക്ഷിതമായ അറകൾക്കുള്ളിൽ പാവം മുത്തശ്ശി തന്നെ ഒളിപ്പിച്ച് നിറുത്തിയിരിക്കയായിരുന്നു എന്ന് അന്നാണ് ശ്രീദേവിക്കു മനസ്സിലായത്. മുപ്പട്ടു വെള്ളിയാഴ്ചകളിൽ യക്ഷിക്ക് വിളക്ക് വയ്ക്കുവാൻ വാല്യക്കാരോടൊപ്പം മുത്തശ്ശി തന്നെയാണ് പോകാറ്. ഇല്ലത്തെ വേറൊരാളും യക്ഷീദൃഷ്ടിയിൽ പെടാതിരിക്കാൻ. പക്ഷെ അന്ന് താനത് ഭേദിച്ച് പുറത്ത് പോയതോർത്ത് ആ വൃദ്ധഹൃദയം ഭയത്താൽ തേങ്ങുന്നത്, അന്ന്, ആ മടിയിൽ തല ചായ്ച്ച് കിടന്ന ശ്രീദേവി അറിയുന്നുണ്ടായിരുന്നു.

മുത്തശ്ശിയുടെ ആ ഭയത്തിന് പൂർണ്ണത കൈവന്ന പോലെ പിന്നീടുള്ള മൂന്നു വർഷങ്ങൾ. ഒരു ഉണ്ണിക്കാൽ കണ്ടിട്ട് മരിക്കാൻ കഴിയണേയെന്ന മുത്തശ്ശിയുടെ അദമ്യമായ ആഗ്രഹത്തിന്റെ പരിണതിയാണ് തൊണ്ണൂറു നാൾ നീണ്ടു നിന്ന പൂജകൾ, പ്രാർത്ഥനകൾ, അനുഷ്ഠാനങ്ങൾ....ഇന്നേക്ക് അത്താഴപൂജക്കു ശേഷം, ക്ഷേത്രനട അടച്ച ഈ മുഹൂർത്തത്തിൽ അതിനവസാനം. തൊണ്ണൂറു നാളുകൾ നീണ്ട മുത്തശ്ശിയുടെ കൂടെയുള്ള അന്തിയുറക്കത്തിനും. അന്ന് സ്വന്തം കിടപ്പറയിലേക്ക് പോകുന്നതിന് മുമ്പേ ശ്രീദേവിയുടെ നിറുകയിൽ തലോടി മുത്തശ്ശി പറഞ്ഞു “ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക ദേവിയോട്, ദീർഘായുഷ്മാനായ ഒരു പുത്രനെ തരണേ എന്ന്”

നീണ്ട വ്രതാനുഷ്ഠാനങ്ങൾക്കും ക്ഷേത്രത്തിലെ ഉത്സവനാളത്തെ ചടങ്ങുകൾക്കും ശേഷം വളരേ ക്ഷീണിതയായിരുന്നു ശ്രീദേവി. തളർച്ചയോടെ വന്ന് കിടക്കുമ്പോൾ അതിലേറെ തളർച്ചയോടെ അദ്ദേഹം അരികിലുറങ്ങുന്നു. ശ്രീദേവിക്ക് പക്ഷെ ഉറക്കം വന്നില്ല. ആചരിച്ച വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചോർത്ത അവളുടെ മനസ്സിലേക്ക് അവസാനം മുത്തശ്ശിയുടെ മുഖം ഒരു നിറദീപം പോലെ തെളിഞ്ഞു വന്നു. ഒരു കുഞ്ഞിനെ തറവാടിനു നൽകാൻ കഴിയാത്ത തന്നെ എന്തു കൊണ്ട് അവർ നിഷേധിക്കുന്നില്ല, അല്ലെങ്കിൽ നിഷേധിച്ചു കൂടാ?! നിറഞ്ഞു വന്ന കണ്ണുകൾ ശ്രീദേവി അമർത്തിത്തുടച്ചു. ഉറക്കത്തിലൊന്നനങ്ങിക്കിടന്ന ഭർത്തവിന്റെ വലത് കൈപ്പത്തി തളർന്ന ഒരു ചീരത്തണ്ടിനു സമാനം, ഭർത്താവിനെതിരെ വശം തിരിഞ്ഞ് കിടന്നിരുന്ന ശ്രീദേവിയുടെ ദേഹത്തു വന്നുവീണു. അവൾ സാവധാനം അതിൽ നിന്നും ഊർന്ന് മാറിക്കിടന്നു. മുടിയുലഞ്ഞ്, സീമന്തരേഖയിലണിഞ്ഞിരുന്ന ചന്ദനവും സിന്ദൂരവും കലർന്ന കുറി, പൊടിഞ്ഞ് കണ്ണിൽ വീണത് കണ്ണിൽ അസ്വസ്ഥതയുണ്ടാക്കിയെങ്കിലും നിറഞ്ഞു വന്ന കണ്ണീരിനൊപ്പം അത് ഒഴുകിപ്പോയി. മുത്തശ്ശി ചാർത്തിത്തന്നതാണ്, നിവേദ്യത്തോടൊപ്പം ഇലച്ചീന്തിൽ കിട്ടിയ ചന്ദനവും കുങ്കുമവും കലർന്ന മിശ്രിതം. സീമന്തരേഖയിൽ ചാർത്തിയതിനൊപ്പം താലിയിലും തൊട്ടു തന്നു അൽ‌പ്പം.

സീമന്ത രേഖയിലെ സിന്ദൂരം- സുമംഗലികൾ അണിയുന്നത്. തന്റെ കന്യകാത്വം ഒരു പുരുഷനാൽ ഭേദിക്കപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്നുവത്രേ സീമന്തരേഖയിലെ സിന്ദൂരം. എന്നാൽ അത് ആദ്യമായണിഞ്ഞതോ, വിവാഹത്തിന്റെയന്ന്, വിവാഹത്തിന് സന്നിഹിതരായ അനേകം ആളുകളുടെ മുന്നിൽ വച്ച്. അതിലെ തമാശയോർത്തു ശ്രീദേവി.

താലിയിലെ സിന്ദൂരം പതുക്കെ അടർത്തിക്കളഞ്ഞു. പിന്നെ കൈ സീമന്തരേഖയിലേക്കു നീണ്ടു. അവിടെ പൊടിഞ്ഞു താഴെ വീഴാതെ ബാക്കി നിന്ന സിന്ദൂരവും കണ്ണിൽ വീഴാതെ തൂത്ത് കളഞ്ഞു. പിന്നെ തലയാകെ പരതിയന്വേഷിച്ചു; തനിക്കഗോചരമായ, വിവാഹനാൾ മുതൽ താനന്വേഷിക്കുന്ന, തനിക്കപ്രാപ്യമായ ആ ആണി തലയിലെവിടെയാണ് തറഞ്ഞിരിക്കുന്നതെന്ന്. എന്നിട്ട് പ്രാർത്ഥിച്ചു, ഇഷ്ടപുത്രലാഭത്തിനല്ല, ഒരു നിമിഷത്തേക്കെങ്കിലും ആ ആണിയൊന്ന് പറിച്ചൂരിയെറിയാൻ... എന്നിട്ട് ആർത്തട്ടഹസിച്ച് ചിരിച്ച്, മനസ്സിലെ അടക്കിപ്പിടിച്ച കാമനകൾക്ക് ഉഗ്രരൂപമേകാൻ..

Friday, 16 January 2009

‘ഒന്നു വച്ചാൽ രണ്ട്...രണ്ടു വച്ചാൽ നാല്....

...........ആർക്കും വയ്ക്കാം..വരിക..വരിക..’

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ വഴിവാണിഭം കൂടി കൊഴുക്കുന്ന ആ തെരുവിൽ മറ്റെല്ലാ ശബ്ദങ്ങൾക്കും മേലെ ഉയർന്നുകേൾക്കുന്നത്, ഒരു പ്രത്യേക ഈണത്തിൽ ‘അയാൾ’ വിളിച്ചു പറയുന്ന മേൽ‌പ്പറഞ്ഞ വാചകങ്ങളാണ്. വഴിവാണിഭക്കാരുടെ അധികം തിരക്കില്ലാത്ത, എന്നാൽ തെരുവിന്റെ മുഴുവൻ കാഴ്ചയും കിട്ടുന്ന തരത്തിലുള്ള ഒരരികിൽ, നിലത്ത് ദീർഘചതുരത്തിലുള്ള ഹാർഡ്ബോഡ് വിരിച്ച് അതിന്റെ ഒരറ്റത്തിരുന്ന്, തോൾസഞ്ചി അരികിൽ വച്ച്, കയ്യിലിട്ടു കശക്കിയ ചീട്ടുകൾ മുന്നിൽ നിരത്തി അയാൾ കളി തുടങ്ങും

കാഴ്ചയിൽ അയാൾക്കൊരു നാൽ‌പ്പതിനും അമ്പതിനുമിടയ്ക്ക് പ്രായം തോന്നും. വെട്ടിയൊതുക്കാത്ത താടിമീശയും മുടിയും, സ്ഥിരമായി ധരിക്കുന്ന നിറം മങ്ങിയ കള്ളിമുണ്ടും, തെറുത്തുകയറ്റിയ കൈകളോട് കൂടിയ പഴയ ഷർട്ടും, തലയിൽ വട്ടം കെട്ടിയ തോർത്തും, കർക്കശമായ മുഖഭാവവും ഒക്കെകൂടി ക്രൂരമായൊരു രൂപം കാഴ്ചക്കാർക്ക് അയാളിൽ തൊന്നിയിരുന്നെങ്കിലും മുച്ചീട്ട് കളിയുടെ സമയത്ത് അയാൾ വളരെ ഉല്ലാസവാനായി, പുകവലി കറുപ്പിച്ച ചുണ്ടുകളകത്തി, മുറുക്കാൻ കറ പിടിച്ച പല്ലുകൾ മുഴുക്കെ വെളിയിൽ കാട്ടി ചിരിച്ചിരുന്നു. വല്ലപ്പോഴും മാത്രം അയാളുടെ പൊക്കറ്റിൽ നിന്ന് വൈബ്രേഷൻ ഉയരുകയും അപ്പോൾ പുറത്തെടുക്കുന്ന പഴയ മൊബൈൽ ഫോൺ അയാളെ ആധുനീകയുഗത്തിലേക്ക് ഒരു നൂലിഴയാലെന്ന പോലെ ബന്ധിപ്പിച്ചുനിറുത്തുകയും ചെയ്തിരുന്നു. വളരേ താഴ്ന്ന സ്ഥായിയിൽ വളരേ ദൈർഘ്യം കുറഞ്ഞ സംഭാഷണങ്ങൾക്ക് ശേഷം ഫോൺ പോക്കറ്റിലൊളിക്കുമ്പോൾ അയാൾ വീണ്ടും പുരാതനയുഗത്തിൽ നിന്നും വഴിതെറ്റി എത്തിയവനെപ്പോലെ തോന്നിപ്പിച്ചിരുന്നു. 

രണ്ടോ മൂന്നോ മാസങ്ങളേ ആയുള്ളു, ആ തെരുവ് അയാളെ കണ്ടുതുടങ്ങിയിട്ട്. അയാളുടെ പേരെന്താണെന്നോ നാടെവിടെയാണെന്നോ ആർക്കും അറിയില്ലായിരുന്നു. സ്ഥലത്തെ പ്രധാന ടൌണിൽ നിന്നും അധികം ദൂരെയല്ലാത്ത ആ തെരുവിൽ പലചരക്കുകടകൾ മുതൽ ഇലക്ട്രോണിക്സ് ഉൽ‌പ്പന്നങ്ങളുടെ കടകൾ വരെ ഉണ്ടായിരുന്നു. തട്ടുകടകളും ചെറിയ ഹോട്ടലുകളും തുടങ്ങി മുന്തിയ തരം റെസ്റ്റോറന്റുകളുമുണ്ടായിരുന്നു. ഇവയ്ക്ക് പുറമേയാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വഴിവാണിഭക്കാരും വന്നെത്തുന്നത്. എന്തും വാങ്ങാൻ കിട്ടുന്ന സ്ഥലമെന്ന നിലയിൽ അവിടം ധാരാളം ആളുകളെ ആകർഷിച്ചിരുന്നു എന്നതിനാൽ ഈ മൂന്ന് ദിവസങ്ങളിൽ കച്ചവടക്കാർക്ക് അവിടം കുശാലാണ്. പ്രത്യേകിച്ചും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ. സമീപത്തുള്ള സ്കൂളിൽ നിന്നും പിന്നെ ടൌണിലെ കോളേജിൽ നിന്നുമുള്ള അധ്യാപകർ, സ്കൂളിൽ നിന്നും കുട്ടികളെ കൂട്ടാൻ വരുന്ന മാതാപിതാക്കൾ, ഓഫീസ് ജീവനക്കാർ എന്നുമുതൽ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള മിക്കവാറും ആളുകളും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ആ തെരുവിൽ വന്ന് അവശ്യസാധനങ്ങൾ വാങ്ങി പോകാറുണ്ട്.

മുച്ചീട്ട് കളിക്കാരനും വെള്ളിയാഴ്ച ഇഷ്ടദിവസമാണ്. അന്നയാൾക്ക് ചുറ്റും സാധാരണ കൂടാറുള്ള ചെറുപ്പക്കാർക്ക് പുറമേ കുറേ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമുണ്ടാകും. അവരും ചെറിയ സംഖ്യകൾ വച്ച് കളിക്കാൻ കൂടും. മുച്ചീട്ട് കളിയിൽ വിദഗ്‌ദ്ധനായിരുന്നു അയാൾ. വച്ചവർക്കൊക്കെ കാശ് നഷ്ടം വരികയാണ് പതിവ്. കാഴ്ചക്കാരുടെ മുഖത്ത് പ്രതീക്ഷ മങ്ങിത്തുടങ്ങുന്ന ചില വേളകളിൽ ഇടക്ക് ചിലർ ജയിച്ച്, വച്ചതിന്റെ ഇരട്ടി പോക്കറ്റിലാക്കുമ്പോൾ, അയാൾക്ക് ചുറ്റും വീണ്ടും ഉന്മേഷത്തിന്റെ മുഖങ്ങളുണരും. വീറോടും വാശിയോടും കൂടി പിന്നേയും ആളുകൾ കാശിറക്കും.

നാലരക്കും ആറിനുമിടക്കാണ് അയാൾക്ക് ചുറ്റും ഏറ്റവുമധികം ആളുകൾ കൂടുന്നത്. ആറുമണിക്കു ശേഷം സ്കൂൾ കുട്ടികളൊക്കെ അപ്രത്യക്ഷമാകും. ഒരു ഏഴു മണി വരെ കുറെ ചെറുപ്പക്കാർ കൂടി കളിക്കാനുണ്ടാകും. അവരും പൊയ്ക്കഴിഞ്ഞാൽ അയാൾ കിട്ടിയ പണമെല്ലാം മടിക്കുത്തിൽ നിന്ന് തോൾസഞ്ചിയിലെ മറ്റൊരു കൊച്ചു പണസഞ്ചിയിലേക്ക് എണ്ണിമാറ്റി, ഹാർഡ്‌ബോഡ് മടക്കിയെടുത്ത് തോൾസഞ്ചിയിലാക്കി, തൊട്ടടുത്ത ഹോട്ടലിലേക്ക് നടക്കും. അവിടെ നിന്ന് അത്താഴവും കഴിച്ച് എങ്ങോട്ടോ പോകും.

ആദ്യമെല്ലാം അയാൾ തെരുവിലുള്ള സ്ഥിരം കച്ചവടക്കാർക്ക് കൌതുകമോ, അൽ‌പ്പം ഭീതിയോ നൽകുന്നൊരു കാഴ്ചയായിരുന്നു. ആരോടും ചങ്ങാത്തം കൂടുകയോ, ഒരു ചിരി പോലും സമ്മാനിക്കുകയോ ചെയ്യാത്ത അയാളുടെ പേരെങ്കിലും ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ച ഏക ആൾ ഹോട്ടൽകാരൻ അച്ചുതേട്ടനായിരുന്നു. ദോശ മുറിച്ച്, ചമ്മന്തിയിൽ മുക്കി കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരുന്നതിനാലാവും അയാൾ തന്റെ ചോദ്യം കേൾക്കാഞ്ഞത് എന്നോർത്ത് അച്ചുതേട്ടൻ ചോദ്യം ആവർത്തിച്ചു. അയാളൊന്ന് പാളി നോക്കുക മാത്രം ചെയ്തു. ‘വീട് ഇവിടടുത്തെങ്ങാനുമാണോ’ എന്ന് അച്ചുതേട്ടൻ തുടർന്ന് ചോദിച്ചത് ജാള്യത മറയ്ക്കാനാണ്. ‘കുറച്ചു ദൂരെയാ..’ എന്നു തലപൊക്കാതാണയാൾ ഉത്തരം പറഞ്ഞത്. പിന്നീട് അച്ചുതേട്ടൻ അയാളോട് ഒരു കുശലവും ചോദിച്ചിട്ടില്ല. ആരും ഒന്നും ചോദിച്ചിട്ടില്ല. പോകെപ്പോകെ അയാൾ തെരുവിലെ ഒരു സുപരിചിതക്കാഴ്ചയാവുമ്പോഴും ‘മുച്ചീട്ടു കളിക്കാരൻ’ എന്നതിലപ്പുറം അയാളുടെ പേരെന്താണെന്ന് പോലും ആർക്കും അറിയില്ലായിരുന്നു. ഒരു പോലീസ് വാഹനത്തിന്റെ നിഴലെങ്ങാൻ ദൂരെ കണ്ടാൽ തന്റെ സാധനങ്ങളുമെടുത്തുകൊണ്ട് ഞൊടിയിടയിൽ എവിടെയാണയാൾ അപ്രത്യക്ഷനാകുന്നതെന്നും, തിരക്കിന്റെ ഒരു നൂറു കാഴ്ചച്ചീട്ടുകൾ നിമിഷങ്ങൾക്കുള്ളിൽ കശക്കിയെറിയുന്ന ആ നഗരപ്രാന്തത്തിന് അറിയില്ലായിരുന്നു

അന്നൊരു വെള്ളിയാഴ്ച പതിവിനു വിപരീതമായി അയാൾ അൽ‌പ്പം നേരത്തേ എത്തി. മൂന്നുമണിയായിട്ടും വെയിലിന്റെ ചൂട് ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു. വഴിക്കച്ചവടക്കാർ പലരും സ്ഥലത്തെത്തിയിരുന്നെങ്കിലും വാങ്ങാൻ വരുന്ന ആളുകളുടെ എണ്ണം അധികം ഉണ്ടായിരുന്നില്ല. പതിവില്ലാതെ അന്നയാൾ തെരുവിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ രണ്ടുമൂന്നാവർത്തി നടന്നു. പിന്നെ പതിവു തെറ്റിച്ച്, കച്ചവടക്കാർ കൂടുതലായി ഇരിക്കാറുള്ള സ്ഥലത്തിരുന്നു. അച്ചുതേട്ടന്റെ കടയിൽ നിന്നും കളി തുടങ്ങുന്നതിനു മുൻപ് കുടിക്കാറുള്ള കാലിച്ചായ അന്നയാൾ കുടിച്ചില്ല. തന്റെ സാധനങ്ങളെല്ലാം നിരത്തി വച്ച്, തെരുവ് അയാളിൽ നിന്നും കേൾക്കാറുള്ള ഏകപല്ലവിയായ ‘ഒന്നു വച്ചാൽ രണ്ട്...’ എന്നത് പതിവിലും ഉച്ചത്തിൽ അയാൾ വിളിച്ചു പറയാൻ തുടങ്ങി. കുറച്ചു പേർ അയാൾക്ക് ചുറ്റും കൂടി. എന്തുകൊണ്ടോ അസ്വസ്ഥനായി കാണപ്പെട്ട അയാൾ അന്ന് തോറ്റുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ അയാളുടെ ഷർട്ടിൻ്റെ പോക്കറ്റിൽ ഫോൺ വൈബ്രേറ്റ് ചെയ്യുകയും അതെടുത്ത് പതിവിനു വിപരീതമായി ചില ഖനപ്പെട്ട മൂളലുകളിലൂടെ മാത്രം അയാൾ ഉത്തരമേകുകയും ചെയ്തിരുന്നു. കറപിടിച്ച പല്ലുകൾ കാട്ടിയുള്ള പതിവു ചിരി അന്നയാളിലുണ്ടായിരുന്നില്ല.  പകരം, തനിക്കു ചുറ്റുമുള്ള ആളുകളേയും തെരുവിനെ അപ്പാടേയും ഇടക്കിടെ പകപ്പോടെ നോക്കുന്നതും, തോൾസഞ്ചിയിൽ കയ്യിട്ട് പണസഞ്ചിയെടുത്തുയർത്തിനോക്കി, പിന്നീട് ഒരു മോഷണമുതലൊളിപ്പിക്കും പോലെ തിരികെ വയ്ക്കുന്നതും, ‘ഇല്ല, ഇനിയുമാളുകൾ വരാനുണ്ട്’ എന്ന് പിറുപിറുത്തതുമൊന്നും കളി ജയിക്കുന്ന ലഹരിയിൽ ഉന്മത്തരായിത്തീർന്ന ചുറ്റിനുമുള്ളവർ ശ്രദ്ധിച്ചില്ല. 

പെട്ടെന്നാണ് തെരുവിന്റെ മറ്റേ അറ്റത്ത് ഒരു വലിയ ശബ്ദവും അതിനോടൊപ്പം അനേകം നിലവിളികളുമുയർന്നത്. ഒരു നിമിഷം കൊണ്ട് തനിക്കുചുറ്റും ശൂന്യമായത് അയാളിൽ ഒട്ടൊരു നിരാശ നിറച്ചെങ്കിലും, അതിനകം തിരക്കായിത്തുടങ്ങിയ തെരുവിലുണ്ടായിരുന്ന വലിയ ജനക്കൂട്ടത്തിൽ ഏതാണ്ട് മുഴുവൻ പേരും ഓടിക്കൂടിയ ആ തെരുവറ്റത്തേക്ക്, പെട്ടെന്നുണ്ടായ ഒരുൾപ്രേരണയാലെന്ന പോലെ തന്റെ തോൾസഞ്ചിയുമെടുത്ത് അയാളും ഓടി.

ഒരമ്മയേയും കുഞ്ഞുമകളേയും പാഞ്ഞു വന്ന ഒരു ജീപ്പ് ഇടിച്ച് തെറിപ്പിച്ചിരിക്കുന്നു. രക്തത്തിൽ നനഞ്ഞ പുസ്തകങ്ങൾക്കും ബാഗിനുമൊപ്പം രക്തപങ്കിലമായ രണ്ട് ശരീരങ്ങളും തെറിച്ചു വീണുകിടന്നിരുന്നു. അമ്മ അപ്പോൾ തന്നെ മരിച്ചിരിക്കണം. തിരിഞ്ഞ് കുഞ്ഞിനെ നോക്കിയ അയാൾ, രക്തത്തിൽ പൊതിഞ്ഞുപിടയുന്ന ഒരു പിഞ്ചുമേനി കണ്ടു. വർഷങ്ങൾക്കപ്പുറത്തുനിന്നും ഒരു സ്ഫോടനമാറ്റൊലി അന്നത്തെ അതേ തീവ്രതയിൽ അയാളുടെ ചങ്കിൽ വന്നിടിച്ചു. അന്ന് തന്റെ കൈകളിൽ കിടന്നു പിടഞ്ഞുമരിച്ച തന്റെ കുഞ്ഞുമകളുടെ ദേഹവും തൊട്ടപ്പുറം ചോരയിൽ കുളിച്ച് നിശ്ചേതനയായി കിടന്ന ഭാര്യയുടെ ചിത്രവും അയാൾ ഒരിക്കൽക്കൂടി കണ്ടു. ഒരു പകപ്പോടെ അയാൾ വീണ്ടും ചുറ്റും നോക്കി. പേടിച്ചരണ്ട് മാതാപിതാക്കളേയോ പരസ്പരമോ കെട്ടിപ്പിടിച്ചുനിന്ന് വാവിട്ട് കരയുന്ന കുഞ്ഞുങ്ങളിലോരോരുത്തരുടേയും കണ്ണിൽ നിന്നൊഴുകുന്നത് ചോരയാണെന്ന് അയാൾക്ക് തോന്നി. അവരെ ഓരോരുത്തരേയും ചേർത്തണയ്ക്കാൻ അയാൾ വെമ്പി.

ആരോ മൊബൈൽ ഫോണിൽ പോലീസിനെ വിവരമറിയിക്കുന്നു

ഒരു നിമിഷം, അയാൾ പെട്ടെന്ന് തിരിഞ്ഞ് നടന്നു. വേഗത്തിലുള്ള നടപ്പ്, പിന്നെ സാമാന്യം വേഗത്തിലുള്ള ഓട്ടമായി പരിണമിച്ചു. ‘ദൂരേയ്ക്ക്....ദൂരേയ്ക്ക്....’ എന്നയാളുടെ മനസ്സ് പറയുമ്പോഴും ‘ഒന്നു വച്ചാൽ രണ്ട്..രണ്ടു വച്ചാൽ നാല്..’ എന്ന് ഒരു മന്ത്രം പോലെ അയാളുടെ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു. തെരുവിൽ നിന്നും വളരെ വളരെ അകലെ വിജനമായൊരു വെളിയിടത്തിലെത്തിയിട്ടേ, അണപ്പു പോലും വകവയ്ക്കാതുള്ള അയാളുടെ ഓട്ടം അവസാനിച്ചുള്ളു. പിന്നെ ആ വെളിമ്പ്രദേശത്തിന്റെ ഒത്ത നടുക്കലേക്ക് അയാൾ സാവകാശം നടന്നു, പിറുപിറുന്നനേ എന്തോ പറഞ്ഞു കൊണ്ട്

പിന്നീടവിടെ നടന്ന പൊട്ടിത്തെറിയുടെ ശബ്ദം, വളരേ ദൂരെയായിരുന്നിട്ടും ആ തെരുവിനെ വല്ലാതെ പ്രകമ്പനം കൊള്ളിച്ചു. പക്ഷെ അതിൽ നുറുങ്ങുകളായി ചിതറിത്തെറിച്ച ഏകമനുഷ്യന്റെ പേരെന്തായിരുന്നെന്ന് അപ്പോഴും ആർക്കും അറിയില്ലായിരുന്നു.

Monday, 22 December 2008

സമയം തെറ്റി ഓടുന്ന വണ്ടികൾ

പതിവിനു വിപരീതമായി അവളുടെ അന്നത്തെ ദിവസം താളാത്മകമായാണ് തുടങ്ങിയത്. എന്നും ചെയ്തു കൊണ്ടിരുന്ന ജോലികളൊക്കെത്തന്നെ അന്നുമവൾക്ക് ചെയ്യാനുണ്ടായിരുന്നു. പക്ഷെ അന്ന് എന്തുകൊണ്ടോ ഒന്നിനുമവൾ ഒരു തിടുക്കവും കാണിച്ചില്ല. വെളുപ്പിന് അഞ്ചു മണിക്കെഴുന്നേറ്റ്, കുട്ടികളും വൃദ്ധന്മാരുമുൾപ്പെടെയുള്ള പതിന്നാലംഗകുടുംബത്തിന് ബെഡ്‌കോഫിയുണ്ടാക്കുന്നതു മുതൽ, ഒറ്റക്കു ചെയ്തു തീർക്കേണ്ടതായിട്ടുള്ള പാത്രം തേച്ചു മോറൽ, മുറ്റമടിക്കൽ, പ്രാതൽ ഒരുക്കൽ എന്നു വേണ്ട അവളുടെ ഓരോ പ്രവർത്തികളേയും അന്ന് ഏതോ ഒരജ്ഞാതസംഗീതത്തിന്റെ താളം സന്നിവേശിച്ചിരുന്നു. തന്റെ രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലു കുട്ടികളെ സ്കൂളിൽ വിടേണ്ടതാണെന്നും, ഭർത്താവിനും ഭർത്താവിന്റെ ജേഷ്ഠനും ഭാര്യക്കും ജോലിസ്ഥലങ്ങളിലേക്ക് പോകേണ്ടതാണെന്നുമുള്ള ചിന്തകളൊന്നും അന്നവളെ അലട്ടിയില്ല. പതിവില്ലാതെ ഒരു ഗാനം മൂളിയിരുന്നു അവൾ.

തലേ രാത്രിയിൽ ഏതാണ്ട് ഒരു മണി വരെ അവളുടെ പത്തു വർഷത്തെ ദാമ്പത്യ,കുടുംബജീവിതത്തിന്റെ ചക്രം ഏതാണ്ടൊരു പോലെയാണ് കറങ്ങിയിരുന്നത്. അടുക്കളയിലെ പലതരം ഗാർഹീകോപകരണങ്ങളിൽ ഒന്നു പോലെ, സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമായി തീർന്നിരുന്നു അവളും. രാത്രികളിൽ പണികളൊതുക്കി ഏറെ വൈകി മാത്രം കിടക്കയിലെത്തുന്ന അവൾ, തളർച്ചയാൽ വളരേ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴുമായിരുന്നു. വല്ലപ്പോഴും മാത്രം, അൽ‌പ്പം മാറിയുള്ള റെയിൽ‌പാളത്തിലൂടെ ചൂളം വിളിച്ച്, പാളം കുലുക്കി കടന്നുപോകുന്ന, സമയം തെറ്റി ഓടുന്ന ഒരു ട്രെയിൻ അവളുടെ ഉറക്കത്തെ അൽപ്പം ഒന്ന് അലോസരപ്പെടുത്തുമായിരുന്നു എന്നതൊഴിച്ചാൽ, അകലെ പോയ്മറയുന്ന ട്രെയിനിനൊപ്പം, മറയുന്ന അതിന്റെ ചൂളം വിളികൾക്കും കിതപ്പുകൾക്കുമൊപ്പം, അവൾ വീണ്ടും ഗാഢനിദ്രയിലേക്ക് വീഴുമായിരുന്നു. അരികിൽ കിടന്നുറങ്ങുന്ന ഭർത്താൻ്റെ ശബ്ദായമാനമായുള്ള കൂർക്കം വലികൾ പോലും, കിടക്കയിലേക്ക് ചെന്നു വീഴുന്ന സമയത്തല്ലാതെ, ഉറക്കത്തിലൊന്നും അവൾ അറിയാറേയില്ല.

തലേ ദിവസത്തിനും മറ്റു ദിവസങ്ങളേക്കാൾ പ്രത്യേകതകളൊന്നുമില്ലായിരുന്നു. അഥവാ എന്തെങ്കിലും പ്രത്യേകത ഉണ്ടായി എന്നു പറയാവുന്നത് അവൾക്കല്ല, ഭർത്താവിനാണ്. അത്, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ അയാൾക്ക് ഏറെ ലാഭകരമായ ഒരു കച്ചവടം അന്നു നടന്നു എന്നതാണ്. കയ്യിൽ കുറേ ബ്ലാക്ക് മണി വന്നുചേർന്നതും, അത് വീട്ടിൽത്തന്നെയുള്ള രഹസ്യലോക്കറിൽ വച്ചു പൂട്ടിയതും, നല്ലൊരു ലാഭം കിട്ടിയ സന്തോഷത്തിൽ അയാൾ അന്ന് അൽ‌പ്പം കൂടുതൽ മദ്യം സേവിച്ച് ആഘോഷിച്ചതുമൊന്നും പക്ഷെ അവളിൽ യാതൊരു വ്യത്യാസവുമുണ്ടാക്കിയില്ല. ഇടക്കിടെ ആവർത്തിക്കാറുള്ള ഇത്തരം സംഭവങ്ങളൊന്നും അവൾ ശ്രദ്ധിക്കുക പോലുമില്ല എന്നു പറയുന്നതാവും ശരി. കാരണം, അത്തരം സന്തോഷങ്ങളെല്ലാം അയാൾ അയാളിലേക്ക് മാത്രം ഒതുക്കി നിർ‌ത്തിയിരുന്നു.

അന്നും അവൾ കിടക്കയിലെത്തുമ്പോൾ അയാൾ കൂർക്കം വലിച്ചുറക്കമായിരുന്നു. കിടക്കയിൽ വീണയുടനെ അവളും ഉറങ്ങിപ്പോയിരുന്നു. പക്ഷെ അന്നു വെളുപ്പിന് ഏതാണ്ട് ഒരു മണിയോടടുത്ത് അവളെ ഉണർത്തിയത് ഏതെങ്കിലും തീവണ്ടിയുടെ ചൂളം വിളിയോ കുലുക്കമോ അല്ല. മറിച്ച് ഏതോ തംബുരുവിൽ ശ്രുതി തേടുന്ന ചില മാന്ത്രികവിരലുകളാണ്. സ്നേഹവും, വാത്സല്യവും, കാരുണ്യവും വിരലുകളിലൊളിപ്പിച്ച്, തന്ത്രികളിൽ വളരേ മൃദുവായി വിരലുകൾ ചലിപ്പിച്ച്, ശ്രുതി മീട്ടി പാടാനൊരുങ്ങുന്ന ഏതോ ഗന്ധർവ്വാംഗുലികൾ. നിറയുന്ന പാലപ്പൂമണത്തിലേക്ക് പാതിമിഴികൾ തുറക്കുമ്പോൾ താൻ സ്വയം ഒരു തംബുരുവായിത്തീരുന്നത് അവൾ തിരിച്ചറിഞ്ഞിരുന്നു. ലയതാളങ്ങളോടെ ഉയർന്നു പൊങ്ങുന്ന വശ്യമധുരമായ ആ ഗന്ധർവ്വസംഗീതധാരയിൽ അവളുടെ മനോതന്ത്രികൾ സ്വയം ശ്രുതി ചേർന്ന്, സ്വപ്നമോ യാഥാർഥ്യമോ എന്നു തിരിച്ചറിയാനാവാത്ത മറ്റേതോ ലോകത്തേക്ക് ഒഴുകിയിരുന്നു. ഇതു വരെയുള്ള തന്റെ ദാമ്പത്യത്തിനിടയിൽ, മുപ്പത്തഞ്ചു വർഷത്തെ തന്റെ മുഴുവൻ ജീവിതത്തിനിടയിൽ, ഒരിക്കൽപ്പോലും ഇത്ര ശ്രുതിമധുരമായ ഒരു സംഗീതധാരയിൽ നനഞ്ഞ് അവളുണർന്നിട്ടില്ല. ആരോഹണാവരോഹണങ്ങളിലൂടെ പതുക്കെ ഒഴുകിമറഞ്ഞ ആ സംഗീതത്തിന്റെ അലയടികൾ, പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും, വെളുപ്പിന് അഞ്ചു മണിക്ക് അലാറം വിളിച്ചെഴുന്നേൽ‌പ്പിക്കുമ്പോഴും അവളുടെ ചുണ്ടുകളിൽ തത്തിക്കളിച്ചിരുന്നു. പൂത്തുലഞ്ഞ ഒരു പാലമരം പോലെയാണ് അന്നവൾ ഉണർന്നെഴുന്നേറ്റത്. തന്നെ ചൂഴ്ന്നു നിന്ന ആ പൂമണത്തിലലിഞ്ഞ് സ്വയമറിയാതെ ചലിക്കുകയായിരുന്നു അവൾ.

അവളുടെ ഭർത്താവിലും കാണാമായിരുന്നു അന്നു ചില വ്യത്യാസങ്ങൾ. സാധാരണ പ്രഭാതകർമ്മങ്ങൾക്കു ശേഷം പ്രാതലും കഴിച്ച്, പലപ്പോഴും അവളോടൊന്ന് യാത്ര പറയുക കൂടി ചെയ്യാതെ പുറപ്പെടാറുള്ള അയാൾ, അന്ന് പതിവിനു വിപരീതമായി പ്രഭാതകൃത്യങ്ങൾ പോലും ചെയ്യാൻ മറന്ന് വീടാകെ ഉഴുതു മറിക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടില്ല. മേശവലിപ്പുകളും ബെഡ്‌ഷീറ്റുമെല്ലാം കുടഞ്ഞു പരിശോധിച്ച അയാൾ, തലയിണക്കവറുകൾ ഊരിക്കുടഞ്ഞ്, കിടക്ക വലിച്ച് താഴെയിട്ട്, തലേ ദിവസം ഇട്ടിരുന്ന ഷർട്ടിന്റേയും പാന്റിന്റേയും പോക്കറ്റുകളെല്ലാം പരിശോധിച്ച്, അവസാനം അവളോട് വന്നു ചോദിച്ചു ‘എടീ, നീ ലോക്കറിന്റെ കീ കണ്ടോ, ഞാൻ തലയിണക്കീഴിൽ വച്ചിരുന്നതാണല്ലോ’

മറ്റേതെങ്കിലും സമയത്താണ് അയാൾ അത് ചോദിച്ചിരുന്നതെങ്കിൽ ‘കാശ് ഷോക്കേസിൽ വയ്ക്കാമായിരുന്നില്ലേ’ എന്ന് മനസ്സിലെങ്കിലും അവൾ മുറുമുറുത്തേനേ. പക്ഷെ, ദോശച്ചട്ടിയിലേക്ക് മാവു കോരിയൊഴിച്ച് സാവകാശത്തിൽ വൃത്തരൂപത്തിൽ അത് പരത്തിക്കൊണ്ടിരുന്ന അവൾ അപ്പോൾ പാതി കൂമ്പിയ മിഴികളുയർത്തി അയാളെ നോക്കുകയും പിന്നെ താളാത്മകമായി തല മന്ദം ഇരുവശത്തേക്കും ചലിപ്പിച്ച് ‘ഇല്ല’ എന്ന് സംജ്ഞ നൽകുകയുമാണ് ചെയ്തത്. അവൾ അത് മുഴുവനാക്കുന്നതിനു മുൻപേ അയാൾ വീണ്ടും ബെഡ്‌റൂമിലേക്ക് പാഞ്ഞിരുന്നു. അലമാരയ്ക്കു പുറകിലെവിടേയോ വീണു കിടന്നിരുന്ന താക്കോൽ അവസാനം അയാൾ കണ്ടുപിടിച്ചതും അതുപയോഗിച്ച് ലോക്കർ തുറന്ന അയാൾ ഞെട്ടി അലറി വിളിച്ചതും പിന്നെ പോലീസ്‌സ്റ്റേഷനിലേക്ക് ഫോൺ ചെയ്യാനൊരുങ്ങിയിട്ട് അത് വേണ്ടെന്നുവച്ച്, ശേഷം ചൂളം വിളിച്ച്, പാളം കുലുക്കി കുതിച്ചുപായുന്ന ഒരു ട്രെയിൻ കണക്കേ എവിടേക്കോ പാഞ്ഞുപോയതും അവൾ അറിഞ്ഞില്ല. ഇടയ്ക്കെപ്പോഴോ ഒരു ദിവാസ്വപ്നത്തിലേക്ക് പൂർണ്ണമായി അലിഞ്ഞിറങ്ങിയ അവൾ ദോശ കരിഞ്ഞുയർന്ന മണം പോലുമറിഞ്ഞില്ല. അപ്പോൾ അവളെ ചൂഴ്ന്നു നിന്നിരുന്നത് നിറഞ്ഞ പാലപ്പൂമണവും മനോമോഹനമായ ഒരു ഗന്ധർവ്വഗീതവും മാത്രം

Friday, 14 November 2008

സാക്ഷ്യം

ഇത് മണിക്കുട്ടിയെ കുറിച്ചുള്ള എന്റെ സാക്ഷ്യം. ഒരു ചിത്രശലഭത്തെ പോലെ പാറി നടന്നിരുന്ന പഴയ മണിക്കുട്ടിയിൽ നിന്നും, പൊട്ടിപ്പൊളിഞ്ഞ ഒരു ചിത്രം പോലെ വികൃതരൂപമായി ഞാനിപ്പോൾ കാണുന്ന ഈ മണിക്കുട്ടിയിലേക്കുള്ള പ്രയാണപാതയിലെ കാഴ്ചകളുടെ സാക്ഷ്യം.


ഏതാനും വർഷങ്ങൾക്ക് മുൻപ്, വാർദ്ധക്യത്തിന്റേയും അതോടൊപ്പം തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിൽ നിന്നുണ്ടായ അനാഥത്വത്തിൻ്റേയും നിസ്സഹായതയിൽ, ഒരിക്കൽ കഴിഞ്ഞിരുന്ന മണിമേടയുടെ ഓർമ്മകൾ പോലും വേർതിരിച്ചെടുക്കാനാവാതെ, മഞ്ഞിലും മഴയിലും പൊള്ളുന്ന വെയിലിലും ചേക്കേറാനൊരു ഇടമില്ലാതെ തെരുവോരത്ത് കഴിയുന്ന നാളുകളിലാണ് ഞാൻ ആദ്യമായി മണിക്കുട്ടിയെ കാണുന്നത്. അന്നവൾക്ക് എട്ടോ ഒമ്പതോ വയസ്സ് കാണുമായിരിക്കും. കരിവാളിച്ച എന്റെ മുഖം തൊട്ടു തലോടിയ ആ കൈകളുടെ സഹായത്തോടെ, വഴി ഉണ്ടോ എന്നു പോലും തിരിച്ചറിയാൻ പ്രയാസമുള്ള തരത്തിൽ അടുത്തടുത്തായി നിൽക്കുന്ന കുറേ കുടിലുകൾക്കിടയിലൂടെ മണിക്കുട്ടിയുടെ ചെറ്റക്കുടിലണഞ്ഞപ്പോൾ ഒരു മുറുമുറുപ്പുമില്ലാതെ അവളുടെ മാതാപിതാക്കളും എന്നെ സ്വീകരിച്ചു


അക്ഷരാർത്ഥത്തിൽ ഒരു കിലുക്കാംപെട്ടിയായിരുന്നു മണിക്കുട്ടി. അമ്മയുടേയും അച്ഛന്റേയും ഏകമകൾ. നല്ല ഗോതമ്പിന്റെ നിറവും വിടർന്ന കണ്ണുകളും മുട്ടോളം മുടിയും. എന്നെ വലിയ കാര്യമായിരുന്നു. പുതിയതെന്ത് കിട്ടിയാലും, അതൊരു പൊട്ടോ, കുപ്പിവളയോ, ഉടുപ്പോ എന്തായാലും, അവൾ അതുമായി എന്റെ മുൻപിൽ വരും. എന്നെ അതണിഞ്ഞു കാണിക്കും. ഒരു മുതുമുത്തശ്ശിയുടെ കൌതുകത്തോടെ ഞാനതെല്ലാം കണ്ടുകൊണ്ടിരിക്കും. കുസൃതി പെണ്ണ്, ഇടക്ക് എനിക്കും തൊട്ടുതരും ഒരു പൊട്ട്. ഈ വയസ്സുകാലത്ത് എനിക്കത് എങ്ങിനെ ചേരാനാണ്! എങ്കിലും ഉള്ളിൽ ചിരിച്ച് അവളുടെ കുസൃതികൾക്കായി ഞാൻ ഇരുന്ന് കൊടുക്കും. പിന്നെ അവൾ തന്നെ ആ പൊട്ടെടുത്ത് സ്വന്തം നെറ്റിയിൽ ചാർത്തി എന്നെ ഒന്നു ചിരിച്ചു കാണിച്ചിട്ട് തിരിച്ചു പോകും. അടുത്തുള്ള അവളുടെ സമപ്രായക്കാരോടൊപ്പം എപ്പോഴും കളിയാണെങ്കിലും കൂടെക്കൂടെ അവൾ എന്നെ വന്നു നോക്കും. എന്റെ അടുത്ത് കുറച്ചു നേരമെങ്കിലും ഇരിക്കും.

ആ വീടിന്റെ വിളക്കായിരുന്നു മണിക്കുട്ടി. ദാരിദ്ര്യത്തിലും അവളുടെ മാതാപിതാക്കൾ അവളെ ഏതാനും ക്ലാസ്സുകൾ പഠിപ്പിച്ചിരുന്നു. പിന്നീട് അവർക്കത് തുടരാനായില്ലയെങ്കിലും ആ ചാളയിലെ മറ്റുകുട്ടികളെ പോലെ അവളെ കൂലിപ്പണിക്ക് വിടാൻ അവർ തയ്യാറായില്ല.അവർ കഞ്ഞിവെള്ളം കുടിച്ചിട്ടാണെങ്കിലും അവൾക്ക് ചോറുകൊടുത്തു. അവളുടെ അമ്മ, താൻ പണിക്ക് പോകുന്ന വീടുകളിൽ നിന്ന് ഇരന്നു വാങ്ങിയ, പഴയതെങ്കിലും തിളങ്ങുന്ന ഉടുപ്പുകൾ അവൾക്ക് കൊണ്ടുവന്നു കൊടുത്തു. അവയണിയുമ്പോൾ പുതുപുത്തൻ ഉടുപ്പിടുന്ന സന്തോഷമായിരുന്നു, എപ്പോഴും മണിക്കുട്ടിക്ക്


പെൺകുട്ടികളുടെ വളർച്ച എത്ര പെട്ടെന്നാണ്!! കൂടുതൽ മങ്ങിത്തുടങ്ങിയ എന്റെ കണ്ണുകളിലൂടെ മണിക്കുട്ടിയിൽ യൌവ്വനം തളിരുകളും മുകുളങ്ങളും പൂക്കളുമണിയുന്നത് ഞാൻ കണ്ടു. മുന്നറിയിപ്പില്ലാതെത്തിയ ഒരു വിരുന്നുകാരനെ പോലെ നൊടിയിടയിലാണ് താരുണ്യം മണിക്കുട്ടിയിൽ വസന്തം വിടർത്തിയത്. അവളിലെ കിലുക്കാം‌പെട്ടിക്കുട്ടി എങ്ങോ പോയ്മറഞ്ഞു. തിരിച്ചറിയാനാവാത്ത ഏതൊക്കെയോ സങ്കോചങ്ങൾ അവളെ വീട്ടിനുള്ളിൽ തളച്ചിട്ടു. വീട്ടിലെ കാര്യങ്ങൾ നോക്കാൻ മിടുക്കിയായിരുന്നു മണിക്കുട്ടി. അതെല്ലാം കഴിഞ്ഞുള്ള മിക്കവാറും സമയങ്ങളിൽ അവൾ എന്റെ കൂടെ തന്നെയായി. സ്വപ്നം വിരിയുന്ന മിഴികളിൽ കരിമഷിയെഴുതി, അമ്പിളിക്കല നെറ്റിയിൽ പൊട്ടു തൊട്ട്, മുട്ടോളമെത്തുന്ന മുടി കോതിക്കോതി അവൾ എന്റെ അരികിലിരിക്കും. 
ആയിടെ അടുത്തുള്ള കാവിലെ ഉത്സവത്തിന് അവളുടെ അച്ഛൻ അവൾക്കൊരു ചിത്രപ്പെട്ടി കൊണ്ടുവന്നു കൊടുത്തു. മണ്ണിലുണ്ടാക്കിയതെങ്കിലും പല വർണ്ണത്തിൽ ചിത്രപ്പണികൾ ചെയ്ത, സാമാന്യം വിസ്താരമുള്ള ഒരു പെട്ടിയായിരുന്നു അത്. അന്നു മുതൽ മണിക്കുട്ടി അവളുടെ ചാന്ത്, കണ്മഷി, കുപ്പിവളകൾ, മുത്തുമാലകൾ തുടങ്ങിയവ അതിൽ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങി. ഒഴിവുസമയങ്ങളിൽ അതിൽ നിന്ന് ഒരോന്നായെടുത്തണിയലും തിരിച്ച് ഭദ്രമായി ആ‍ പെട്ടിയിൽ അടച്ചുവയ്ക്കലുമൊക്കെത്തന്നെയായി അവളുടെ നേരംപോക്ക്. അതൊന്നുമില്ലെങ്കിലും ആ പൊന്നിൻ‌കുടം പത്തരമാറ്റായിരുന്നു എന്ന് പറഞ്ഞ എന്റെ കണ്ണൂകൾ അവളിൽ ദോഷമായി പതിച്ചുവോ എന്തോ!

ആയിടെയാണ് മണിക്കുട്ടിയെ കാണാൻ തെക്കുതെക്കേതോ ദിക്കിൽ നിന്ന് ഒരാൾ വന്നത്. നല്ല എണ്ണക്കറുമ്പനെങ്കിലും ആരോഗ്യവാൻ. പാറപൊട്ടിക്കുന്ന പണിയാണത്രേ. പേരു ചന്ദ്രൻ. പതിനേഴു വയസ്സിന്റെ പൂമുറ്റത്തു നിൽക്കുന്ന മണിക്കുട്ടിയുടെ മനസ്സിൽ അപ്പോഴേ കുരവയുയർന്നത് അവളുടെ മിഴികളിൽ ഞാൻ കണ്ടു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അവൾ എന്നെ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചതാണ്. പാടവീണ കാഴ്ചയിലൂടെ ഞാൻ ചന്ദ്രന്റെ മുഖത്ത് കണ്ട പുച്ഛമോ അവഗണനയോ കലർന്ന ഭാവം എനിക്ക് തോന്നിയതാകാം എന്നു ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു

മണിക്കുട്ടിയുടെ കൂടെ പോകാൻ സന്തോഷമായിരുന്നു എനിക്ക്. കാഴ്ചയിൽ അവളുടെ വീടിൽ നിന്നും വലിയ വ്യത്യാസമൊന്നും തോന്നാത്ത അവളുടെ ഭർത്തൃവീടിന്റെ ഒരു വശം അവൾ എനിക്കായി മാറ്റിവച്ചു. കൂടെ കൊണ്ടുവന്ന സാധനങ്ങളിൽ, അച്ഛൻ അവൾക്ക് സമ്മാനിച്ച അവളുടെ പ്രിയപ്പെട്ട ചിത്രപ്പെട്ടിയുമുണ്ടായിരുന്നു


ശാന്തസുന്ദരമായാണ് അവർ പുതുജീവിതം തുടങ്ങിയത്. ചന്ദ്രൻ പണിക്ക് പോയിക്കഴിഞ്ഞാൽ പതിവുജോലികളെല്ലാം തീർത്ത് അവൾ എന്റെ അരികിൽ വരും. എന്നെ ഉറ്റുനൊക്കിയിരിക്കുമ്പോഴും അവളുടെ മനസ്സ് ഏതോ കിനാപ്പൂമൊട്ടുകളിൽ മുത്തമിടുന്നത് കണ്ട് എനിക്കു ചിരി വരും. ആ കിനാവുകൾക്ക് പൂത്തുവിടരാൻ നാഴികകളുടെ ദൂരമേ ഉള്ളു എന്ന് അവളുടെ കണ്ണുകളിലെ പ്രതീക്ഷയുടെ പൂത്തിരികൾ എന്നോട് പറയും. ചന്ദ്രൻ എത്തിയതിന് ശേഷമുള്ള കളിതമാശകളും, അത്താഴശേഷം ഊതിയണച്ച വിളക്കിനപ്പുറം നിലാവിന്റെ നേർത്ത തലോടലിൽ ഇതൾ വിടർത്തുന്ന പാരിജാതപ്പൂക്കൾ പോലുള്ള അവളുടെ ചിരിയൊളികളും അവൾ സന്തോഷവതിയാണെന്ന് എന്നെ വിളിച്ചറിയിച്ചു

പക്ഷെ ആ കാഴ്ചകൾ അധികനാൾ നീണ്ടുപോയില്ല. ചന്ദ്രന്റെ, പണികഴിഞ്ഞുള്ള വീട്ടിലേക്കുള്ള വരവ് പതുക്കെ താമസിക്കാനും ചുവടുവയ്പ്പുകൾ ഉറയ്ക്കാതാകാനും തുടങ്ങി. അധികം വൈകാതെ തന്നെ, മണിക്കുട്ടിയുടെ മാതാപിതാക്കൾ അവൾക്കായി പണികഴിപ്പിച്ച് കൊടുത്ത നാമമാത്രമായ പൊന്നുരുപ്പടികൾ ഓരോന്നായി അപ്രത്യക്ഷമായി. പിന്നീട്, ശോഷിച്ചും വിളർത്തും വരുന്ന അവളുടെ ശരീരത്തോടും വീർത്തു വരുന്ന ഉദരത്തോടുമൊപ്പം, ശരീരത്തിൽ പലയിടത്തുമുള്ള, അടിയുടെ കരിവാളിച്ച പാടുകൾ കൂടി കാണേണ്ടി വന്നപ്പോൾ ഇങ്ങോട്ട് വരാനിടയായ എന്റെ അവസ്ഥയെ ഞാൻ ശപിച്ചു. മങ്ങിയതെങ്കിലും എന്റെ കാഴ്ചകൾ എനിക്കു നൽകുന്ന മണിക്കുട്ടിയുടെ ഈ രൂപത്തേക്കാൾ അന്ധതയാണ് നല്ലതെന്ന് ഞാൻ ആഗ്രഹിച്ചു പോയി.

കുറച്ചു നാളുകൾക്കുള്ളിൽ മണിക്കുട്ടിയുടെ മാതാപിതാക്കൾ അവളെ കൂട്ടിക്കൊണ്ടു പോയി. മൂന്നുനാലുമാസങ്ങൾക്കു ശേഷം അവൾ തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ, അവളെ മുറിച്ച മുറിപോലൊരു പൊന്നോമനക്കുഞ്ഞുമുണ്ടായിരുന്നു. അവളുടെ ക്ഷീണം അൽ‌പ്പമൊന്നു മാറിയിരുന്നു. കുഞ്ഞുണ്ടായ സന്തോഷവും, ഒരു പക്ഷെ അവന്റെ ജനനത്തോടെ എല്ലാം നേരെയാകുമെന്ന പ്രതീക്ഷയുമൊക്കെ അവളുടെ മുഖത്തുണ്ടായിരുന്നെങ്കിലും അവളെന്റെ പഴയ മണിക്കുട്ടിയേ ആയിരുന്നില്ല. ദിവസത്തിലെപ്പോഴെങ്കിലും എന്നെ വന്നൊന്നു കണ്ടെങ്കിലായി. പലപ്പോഴും എന്റെ സാന്നിധ്യം പോലും അവൾ മറന്നു. പക്ഷെ എനിക്കവളോട് ഒരൽ‌പ്പം പോലും പരിഭവം തോന്നിയില്ല

കുഞ്ഞിന്റെ ജനനം ചന്ദ്രനിൽ ഒരു വ്യത്യാസവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല അയാൾ ഒരു മുഴുക്കുടിയനായി തീർന്നിരുന്നു. പണിക്കൊന്നും പോയില്ലെങ്കിലും എവിടന്നൊക്കെയോ കാശുണ്ടാക്കി അയാൾ കുടിക്കുന്നു. മണിക്കുട്ടി ഇതിനിടെ കുഞ്ഞിനെ അടുത്ത വീട്ടിലേൽ‌പ്പിച്ച് എന്തൊക്കെയോ പണിക്ക് പോയിത്തുടങ്ങി. പക്ഷെ അവളുടെ ആ അൽ‌പ്പസമ്പാദ്യം പോലും, അവളുടെ എതിർപ്പിനെ അവഗണിച്ചും ശാരീരികപീഢനങ്ങളേൽ‌പ്പിച്ചും അയാൾ പിടിച്ചു വാങ്ങിക്കൊണ്ടുപോയി കുടിച്ചിരുന്നു. ഒരാശ്വാസത്തിനായി അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഏങ്ങിയേങ്ങിക്കരയുന്നത് ഒരു സ്ഥിരം കാഴ്ചയായി.

ഈയിടെ ചന്ദ്രൻ സുഹൃത്തുക്കളെ വീട്ടിൽ വിളിച്ചു വരുത്തി വീട്ടിലിരുന്നും കുടി തുടങ്ങിയതിനെ മണിക്കുട്ടി ശക്തിയായി എതിർത്തു. അവരിൽത്തന്നെ, ഇഷ്ടികക്കളത്തിൽ പണിയെടുക്കുന്ന, ചോരക്കണ്ണുകളും മുഖത്ത് മുറിവുണങ്ങിയ പാടുകളുമൊക്കെയായി കാഴ്ചയിൽ തന്നെ ഭീകരത തോന്നുന്ന ഒരുവന്റെ കൊത്തിവലിക്കുന്ന നോട്ടങ്ങൾ അവളിൽ പേടിയും അറപ്പും വെറുപ്പുമുളവാക്കി. പണികഴിഞ്ഞാൽ അയാൾ നേരേ ചന്ദ്രനോടൊപ്പം വീട്ടിലേക്ക് വരികയായി. ഒന്നും ശബ്ദിക്കാതെ മണിക്കുട്ടിയപ്പോൾ സ്വന്തം മുറിയിൽ കുഞ്ഞുമായി ഒതുങ്ങും. കുടിയെല്ലാം കഴിഞ്ഞ് സുഹൃത്തിനെ പറഞ്ഞു വിട്ട് മുറിയിലേക്കു വരുന്ന ചന്ദ്രനുമായി വാക്കുതർക്കവും തുടർന്നുള്ള അടിയുമൊക്കെയാവും പിന്നെ.

അന്ന് രാത്രി അടഞ്ഞ വാതിലിനപ്പുറം തട്ടിമറിഞ്ഞ വിളക്ക് ബാക്കിയാക്കിയ ഇരുട്ടിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കു വ്യക്തമായില്ല. പക്ഷെ പിറ്റേദിവസം രാവിലെ പതിവിനു വീപരീതമായി മണിക്കുട്ടി കുറേ നേരം എന്റെ മുന്നിൽ വന്നിരുന്നു, എന്നെ തുറിച്ചു നോക്കിക്കൊണ്ട്. അഴിഞ്ഞുലഞ്ഞ മുടിയും കീറിപ്പറിഞ്ഞ ഉടയാടകളും ശരീരത്തിൽ അവിടിവിടെ പുരണ്ട ഇഷ്ടികക്കളത്തിലെ മൺചെളിപ്പാടുകളുമായി എന്റെ മുന്നിലിരുന്ന അവളുടെ മുഖം നിർവികാരമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ പോലും കുറേ നേരത്തേക്ക് ഒരു വ്യത്യാസവും വരുത്താതിരുന്ന ആ മുഖം പിന്നീടെപ്പോഴോ പതുക്കെ ഭാവം കൊണ്ടു. ചുണ്ടുകൾ വിറച്ചു. കണ്ണുകൾ നീരണിഞ്ഞു. നിലത്ത് കുന്തിച്ചിരുന്ന് അവൾ കുറേ നേരം മുഖം പൊത്തിക്കരഞ്ഞു. പിന്നെ ഏതോ ഒരു നിമിഷത്തിൽ ഭൂതാവേശിതയെ പോലെ അവൾ അവളുടെ ചിത്രപ്പെട്ടി എന്റെ നേർക്ക് ആഞ്ഞെറിഞ്ഞു. ആ പെട്ടിക്കും അതിലെ മുത്തുമാലകൾക്കും വളകൾക്കുമൊപ്പം എന്റെ കാഴ്ചയും ചിതറിപ്പോയി. പുകപടലം പോലെ എന്നെ മൂടിയ മങ്ങിയ കാഴ്ചനുറുങ്ങുകളിലൂടെ പിന്നെ ഞാൻ കണ്ടത് അവൾ പതിനായിരങ്ങളായി ഉയർത്തെഴുന്നേൽക്കുന്നതാണ്. വ്യക്തതയുടെ ബാക്കിയായ ഏതോ തലം കൊണ്ട് ഞാൻ ബിംബങ്ങൾക്കായി പരതുമ്പോൾ അതു കടന്നെടുത്ത അവൾ പെട്ടെന്നതുമായി എങ്ങോട്ടാണോടിയതെന്നും പിന്നെ എവിടെയാണത് ആഞ്ഞുറപ്പിച്ചു നിറുത്തിയതെന്നും എനിക്കു വ്യവച്ഛേദിച്ചെടുക്കാനായില്ല. നൊടിയിടയിൽ മാറിമറിഞ്ഞ ചിത്രങ്ങളുടെ നൂലാമാലകൾ നേരേയാക്കാൻ ഞാൻ ശ്രമിക്കുമ്പോഴേക്കും ഒരു പ്രവാഹം എന്നെ വന്നു മൂടിയിരുന്നു. തകർന്ന എന്റെ കണ്ണിലെ ബാക്കിയായ അൽ‌പ്പക്കാഴ്ചയെ ആ പ്രവാഹം ഒന്നു കൂ‍ടി കലക്കിച്ചുവപ്പിച്ചെങ്കിലും അതിനിടയിൽ അവ്യക്തമായി ഞാൻ കണ്ട തുറിച്ചുന്തിയ ആ കണ്ണുകൾ ചന്ദ്രന്റേതായിരുന്നു എന്നെനിക്കുറപ്പാണ്

Sunday, 19 October 2008

ശ്രീമാനും ശ്രീമതിയും കണ്ണടയും പിന്നെ കർചീഫും

കരകൌശലവസ്തുക്കളുടേയും കളിപ്പാട്ടങ്ങളുടേയും മറ്റും പ്രദർശനവിൽ‌പ്പനകൾ നടക്കുന്ന ഒരു ഫെയറിലേക്ക് ഒരു സന്ധ്യാസമയത്ത് ശ്രീമതിയേയും കുട്ടിയേയും കൂട്ടി പോകുമ്പോഴാണ് ആറുവർഷങ്ങൾക്ക് മുമ്പ് കണ്ടുപിരിഞ്ഞ, എഞ്ചിനീയറിങ് കോളേജിൽ തന്റെ സഹപാഠിയായിരുന്ന സുഹൃത്തിനെ ശ്രീമാൻ കാണുന്നത്. ഈയിടെ സ്ഥലം മാറ്റം കിട്ടി ആ സ്ഥലത്തേക്ക് വന്നതാണത്രെ. ‘എടാ താടി...........’ എന്ന് അഭിസംബോധന ചെയ്ത് കുശലങ്ങൾ ചോദിക്കുന്നതിനിടെ ശ്രീമതിയേയും കുട്ടിയേയും ശ്രീമാൻ സുഹൃത്തിന് പരിചയപ്പെടുത്തി. ‘നീ കണ്ടിട്ടുണ്ടായിരിക്കും, നമ്മുടെ കോളേജിനടുത്ത് തന്നെയുള്ള ......കോളേജിൽ പഠിച്ചിരുന്നതാ. ഇതെന്റെ മകൻ’ എന്നു പറഞ്ഞ് കുട്ടിയെ തന്നോട് ചേർത്ത്നിറുത്തി നിറുകയിൽ തലോടി. പിന്നെ ഔപചാരികതയ്ക്കായ് സുഹൃത്ത് ഭാര്യയോട് എന്തോ കുശലം ചോദിക്കുന്നതിനിടെ അയാൾ പെട്ടെന്ന് പോക്കറ്റിൽ നിന്ന് തന്റെ കട്ടിക്കണ്ണടയെടുത്ത് മുഖത്തു വച്ചു, പിന്നെ ഫെയറിന്റെ തിരക്കുകളിലേക്ക് കണ്ണോടിച്ചു. അഴുക്കോ പൊടിയോ കൊണ്ട് കണ്ണടയുടെ ഗ്ലാസ്സിനുണ്ടായിരുന്ന മങ്ങൽ തുടക്കാൻ അയാൾ അപ്പോൾ മിനക്കെട്ടില്ല.


ഭാര്യയും മകളും വീട്ടിൽ തനിച്ചാണ് എന്നതിനാൽ ‘വീണ്ടും കാണാം’എന്ന് പറഞ്ഞ് പോകാൻ തിടുക്കം കൂട്ടുന്നതിനിടെ ശ്രീമാന്റെ മേൽ‌വിലാസവും ഫോൺ നമ്പറുമുള്ള കാർഡ് കൈപ്പറ്റി വീട് ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങുമ്പോൾ സുഹൃത്ത് ചിന്തിച്ചതെന്തെന്നാൽ തന്റെ അതേ പേരുകാരായ മറ്റു സഹപാഠികൾക്കിടയിൽ, തിരിച്ചറിയാൻ വേണ്ടി മറ്റുള്ളവരാൽ ‘താടി’ എന്നു ചേർത്ത് പേർ വിളിക്കപ്പെട്ടിരുന്ന താൻ, ഭാര്യ പലവട്ടം നിർബന്ധിച്ചിട്ടും വടിച്ചു കളയാതെ നിർത്തിയിരിക്കുന്ന ആ താടി, കോളേജ് വിദ്യാഭ്യാസകാലത്തിനിടെ എപ്പോഴെങ്കിലും വടിച്ചു കളഞ്ഞിരുന്നോ എന്നാണ്.

ഫെയറിന്റെ മുന്നിലെ തിരക്കിനിടയിൽ, ശ്രീമതിയിൽ നിന്നും അൽ‌പ്പം മുന്നോട്ട് നീങ്ങി നടന്നിട്ട്, കണ്ണടയൂരി മുഖം അൽ‌പ്പം വലത്തോട്ട് തിരിച്ച് വലത്തെ കയ്യുയർത്തി ഷർട്ടിന്റെ ഹാഫ് സ്ലീവിൽ മുഖമമർത്തിത്തുടച്ച്, പിന്നെ ഷർട്ടിന്റെ തുമ്പു കൊണ്ട് തുടച്ച കണ്ണട വീണ്ടും മുഖത്തെടുത്തു വച്ച്; തന്റെ ഇടത്തേ കൈത്തണ്ടയിൽ തൂങ്ങി നടക്കുന്ന അഞ്ചു വയസ്സുകാരൻ മകനെ ഒന്നുകൂടി ശരീരത്തോട് ചേർത്തു പിടിച്ച്, അവന്റെ മൂർദ്ധാവിൽ അരുമയായി ഒന്നു ചുംബിച്ചിട്ട് ശ്രീമാൻ ചിന്തിച്ചതിങ്ങനെ ‘ഛേ...ഇന്നു കർചീഫ് എടുക്കാൻ മറന്നു’


സങ്കീർണ്ണമായ പലതരം ചിന്തകളാൽ പരിസരം മറന്നു നടന്നിരുന്ന ശ്രീമതി അവസാനം ചിന്തിച്ചത് ,പല കാരണങ്ങൾ പറഞ്ഞ് ഭർത്താവിന്റെ നാട്ടിലേക്കുള്ള ട്രാൻസ്ഫർ മുടക്കിയിരുന്ന താൻ ഇനി എന്തു കാരണം പറഞ്ഞ് അതേ സ്ഥലംമാറ്റത്തിനായി നിർബന്ധിക്കും എന്നാണ്


ഫെയറിൽ നിന്നും അച്ഛൻ വാങ്ങിക്കൊടുക്കാമെന്നേറ്റിരുന്ന, സ്വിച്ചിട്ടാൽ ചിരിക്കുകയും ചാടുകയും ഓടുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന യന്ത്രപ്പാവയെ മാത്രം ഓർത്തുകൊണ്ട് നടന്നിരുന്ന കൊച്ചു മോൻ, ആലോചനയിൽ മുഴുകുമ്പോൾ എപ്പോഴും ചെയ്യാറുള്ളതു പോലെ, അവന്റെ വലത്തെ താടിയിലെ മുത്തു പോലുള്ള മറുകിൽ, അവനറിയാതെ കൈ വിരലുകളാൽ ഉഴിഞ്ഞു കൊണ്ടിരുന്നു.

Saturday, 7 June 2008

സുയിസൈഡ് ഓർ മർഡർ???

കുറച്ചേറെ വർഷങ്ങൾക്ക് മുൻപുള്ള ഒരുവെളുപ്പാൻകാലം.

വെറും നാട്ടുവഴിയിലൂടെ ചൂട്ടുകറ്റ വീശി തീ കെടാതെ സൂക്ഷിച്ചു നടന്നു, കണാരന്‍. ഗ്രാമമപ്പോഴും ഉറക്കത്തിലാണ്. വൃശ്ചികത്തിൻ്റെ തണുപ്പിൽ കിളികൾ പോലും തൂവൽക്കമ്പളം കുടഞ്ഞുനിവർത്തി ഉണർന്നിട്ടില്ലാത്ത ആ നേരത്ത് ആകെ ഒരാട്ടവും അനക്കവും കണ്ടത് മാരാത്ത് മാത്രമാണ്. മാരാര്‍ അമ്പലത്തില്‍ പോകാനുള്ള തയ്യാറടുപ്പിലാവും. നാലുമണിയുടെ ട്രെയിന്‍ ചൂളം വിളിച്ചും വെളിച്ചം കുടഞ്ഞും സ്വപ്നാടനത്തിലൊഴുകുന്ന പുഴയെ തെല്ലൊന്ന് കണ്ണുമിഴിപ്പിച്ച് ദൂരെ പുഴക്ക് മുകളിലുള്ള പാളത്തിലൂടെ കടന്നുപോയി. അങ്ങിങ്ങുള്ള ചീവീടുകളുടെ ശബ്ദമൊഴിച്ചാല്‍ ഗ്രാമം വീണ്ടും നിശ്ശബ്ദതയിലായി.

ചെമ്പകത്തറ തറവാടിൻ്റെ പിന്നാമ്പുറത്തെ വേലിക്കരികിലെത്തിയപ്പോള്‍ കണാരന്‍ കയ്യിലിരുന്ന ചൂട്ടുകറ്റ കുത്തിക്കെടുത്തി. ബീഡി ദൂരെ വലിച്ചെറിഞ്ഞു. ദൂരെ നിന്നുള്ള ചെറിയ ബീഡിമണം പോലും പിടിച്ചെടുക്കാന്‍ കഴിവുള്ള ആളാണ് ചെമ്പകത്തറ കാരണവര്‍. ചിലപ്പോള്‍ ഈ ബീഡിമണം മതിയാകും അങ്ങേരുണരാന്‍.

തൊടിയിലൂടെ മാര്‍ജ്ജാരപാദനായി നടന്നു. വീടിന്റെ പിന്നാമ്പുറത്ത് വെട്ടമുണ്ട്. പെട്ടെന്ന് കാല്‍ എന്തിലോ തട്ടി. ഒഴിഞ്ഞ ഒരു തകരപ്പാട്ട വലിയ ശബ്ദമുണ്ടാക്കി ദൂരെ തെറിച്ചുവീണു. കണാരനൊന്ന് നിന്നു. ശബ്ദം കേട്ട് കാരണവരുണര്‍ന്നാല്‍ ആകെ ജഗപൊക. 
കുറച്ചു നേരം നിന്ന്, വീടിനകത്ത് നിന്നും അനക്കമൊന്നുമില്ലെന്നുറപ്പ് വരുത്തിയിട്ട് പതുക്കെ നടന്നു. നോട്ടം വീടിന്റെ പിന്‍‌വാതിലിലുറപ്പിച്ച് വീടിനു പുറകിലെ തൊഴുത്തിന്റെ നിഴല്‍ പറ്റി നീങ്ങിയ കണാരൻ കണ്ണ് തിരിച്ചെടുക്കാതെ തന്നെ തൊഴുത്തിനകത്തേക്ക് പ്രവേശിച്ചു. പെട്ടെന്ന് തൻ്റെ തല തണുത്ത എന്തിലോ തട്ടിയതറിഞ്ഞ് നേരേ നോക്കിയ കണാരൻ്റെ മിഴിച്ചുവിടർന്നുപോയ കണ്ണുകൾക്ക് മുന്നിൽ രണ്ട് കാലുകൾ കിടന്നാടി. ഞെട്ടി മുകളിലേക്ക് നോക്കിയ കണാരനിൽ നിന്നും അയാളറിയാതെ ഒരു വലിയ ആര്‍ത്തനാദം  പുറപ്പെട്ടു. നൊടിയിടയിൽ ചുറ്റും വെളിച്ചം വാരിയെറിഞ്ഞ് വീടുണര്‍ന്നു.

ആദ്യം പിന്‍‌വാതില്‍ തുറന്ന് പുറത്തു ചാടിയത് കാരണവരുടെ ഭാര്യ ഭാര്‍ഗ്ഗവിയമ്മ. കൂടെ വേലക്കാരി കൊച്ചമ്മിണിയും. വാ തുറന്ന് കണ്ണും തുറിപ്പിച്ച് നില്‍ക്കുന്ന കണാരനെ കണ്ട് അവര്‍ ഞെട്ടി. കണാരന്റെ നോട്ടം തറച്ച ദിക്കിലേക്ക് നോക്കിയപ്പോള്‍, മുമ്പേ കണാരനില്‍ നിന്നും കേട്ടതിന് സമാനമായ ആര്‍ത്തനാദം അവരില്‍ നിന്നും പുറപ്പെട്ടു. കാരണവരുണര്‍ന്നു, നാടുണര്‍ന്നു. നങ്ങേലിയുടെ, കണ്ണു തുറിച്ച് നാവ് പുറത്തേക്ക് നീട്ടിയ മട്ടില്‍ തൂങ്ങിയാടുന്ന ജഡത്തിനു ചുറ്റും നാട്ടുകാര്‍ കൂടി. വൃശ്ചികത്തണുപ്പിൽ ചൂളുന്ന തൊലിയെക്കടന്ന് തീച്ചൂടുള്ള ഒരു ചിന്ത അവരോരോരുത്തരുടേയും മസ്തിഷ്കത്തെ പൊള്ളിച്ചു- ഇത് ആത്മഹത്യയോ അതോ കൊലപാതകമോ?!!

ഈയിടെ അകാലത്തിൽ പ്രിയതമനെ വേർപിരിയേണ്ടി വന്നു, നങ്ങേലിക്ക്. നങ്ങേലിയേയും ആറു മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനേയുമോര്‍ക്കാതെ നീലാണ്ടനെ മരണത്തിന്റെ കയ്യിലേല്‍പ്പിച്ചുകൊടുത്തതിന് പിന്നില്‍ കാരണവരുടെ കറുത്ത കൈകളാണെന്ന് എല്ലാവർക്കുമെന്ന പോലെ നങ്ങേലിക്കുമറിയാം. സ്വന്തം കൈകൊണ്ട് കൊന്നില്ലെങ്കിലെന്താ. കൊല്ലിച്ചില്ലേ; എന്നും ചെമ്പകത്തറ  തറവാടിന് വേണ്ടി വിടുവേല ചെയ്തിട്ടും, അവസാ‍നം കണ്ണില്‍ച്ചോരയില്ലാതെ ആ കാരണവര്‍!
നീലാണ്ടനെ പിരിഞ്ഞതിനു ശേഷം അമര്‍ഷത്തിന്റേതോ സങ്കടത്തിന്റേതോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാവം നങ്ങേലിയുടെ കണ്ണുകളില്‍ എന്നും നിഴലിച്ചിരുന്നു. നങ്ങേലിയുടേയും നീലാണ്ടന്റേയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തു പേര്‍ വിളിച്ച ‘നാനി’ എന്നു പേരുള്ള മകളെ നോക്കി നെടുവീര്‍പ്പിട്ടിരുന്നു. പക്ഷെ എന്തു ചെയ്യാം. ചെമ്പകത്തറയിലെ കെട്ടുപാടുകളില്‍ നിന്ന് ഒരിക്കലും വിടുതലുണ്ടായിരുന്നില്ലല്ലൊ നങ്ങേലിക്ക്. എന്നാലും നങ്ങേലി ആത്മഹത്യ ചെയ്യില്ല എന്ന് കൂടിയവരെല്ലാം തറപ്പിച്ചു പറയുന്നു. പിന്നെ സംഭവിച്ചതെന്ത്? കൊലപാതകമോ? അത് തെളിച്ചു ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല

സ്ഥലത്തെ പ്രധാന സമ്പന്നരിലൊരാളും സ്ഥാനിയുമായിരുന്നു ചെമ്പകത്തറ കാരണവര്‍. എല്ലാവരോടും വളരെ സൗഹാര്‍ദ്ദപരമായ സമീപനം. ജാതിമതഭേദങ്ങളോ പണത്തിന്റെ ഏറ്റക്കുറച്ചിലോ നോക്കാതെ എല്ലാവരോടും സഹകരിക്കും. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തിനാ, നാട്ടിലുള്ളവര്‍ക്കെല്ലാം കാരണവരെ കാണുന്നതേ പേടിയാണ്. കഴിവതും കാരണവരെ ഒഴിഞ്ഞു നടക്കും എല്ലാവരും. ഇനി അബദ്ധത്തില്‍ മുന്‍പിലെങ്ങാന്‍ ചെന്നു പെട്ടു പോയാല്‍ത്തന്നെ ഒന്നു ചിരിച്ചുകാട്ടി വലിയ വര്‍ത്തമാനത്തിനൊന്നും ഇടകൊടുക്കാതെ എങ്ങിനെയെങ്കിലും രക്ഷപ്പെടും. ‘അട്ടറക്കണ്ണന്‍’ എന്നും ‘കരിങ്കണ്ണന്‍’ എന്നുമുള്ള അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന കാരണവര്‍, നല്ലതു പറഞ്ഞാലും ചീത്ത പറഞ്ഞാലും അത് ദോഷത്തിലേ ഭവിക്കൂ എന്നതാണതിന് കാരണം. ഫലം വരാന്‍ അധികം താമസവും ഉണ്ടാകാറില്ല.

നാണിയുടെ, കൊത്തിച്ചിറക്കിയ കോഴിക്കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുമായി കാരണവരുടെ കണ്ണില്‍ വന്നുപെട്ട അന്ന് ‘ഇത് കുറെ ഉണ്ടല്ലൊ നാണ്യേ’ എന്നൊരൊറ്റ വാചകമേ കാരണവര്‍ പറഞ്ഞുള്ളു. അന്നു വൈകുന്നേരത്തിനുള്ളില്‍ പതിനെട്ടു കോഴിക്കുഞ്ഞുങ്ങളും കാക്ക, പരുന്ത് തുടങ്ങിയവയ്ക്ക് ആഹാരമായി എന്നു മാത്രമല്ല, വെറുതെ നടന്ന തള്ളക്കോഴിയും വൈകുന്നേരമായപ്പോഴേക്കും കഴുത്തു പിരിഞ്ഞ് ചത്തു വീണു.

മത്തായി മാപ്ലേടെ, നിറയെ കായ്ച്ചു നിന്നിരുന്ന അടക്കാമരം, നല്ല വേനല്‍ക്കാലത്ത് പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും നിലം പൊത്തിയത്, അതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അതിലേ കടന്നുപോയ കാരണവര്‍ ‘ഹ! ഈ കവുങ്ങങ്ങു ശെമട്ടനായി നില്‍പ്പുണ്ടല്ലൊ’ എന്ന് പറഞ്ഞതിന് ശേഷമാണത്രേ.

മൃഗങ്ങളുടേയും മരങ്ങളുടേയും കാര്യം പോകട്ടെ, മനുഷ്യരുടെ കാര്യമോ!!മറിയാമ്മച്ചേടത്തിയുടെ ഇളയ മോന്‍ പീറ്റര്‍ ബൈക്ക് വാങ്ങിയതിനു ശേഷമുള്ള ആദ്യസവാരിക്കിടെ തന്നെ കാരണവരുടെ മുന്നില്‍ ചെന്നുപെട്ടു. ബൈക്കിനെ തൊട്ടു തലോടി ‘ഇവനാളൊരു സുന്ദരക്കുട്ടപ്പനാണല്ലോടാ, പീറ്ററേ. ഇവന്റെ പുറത്തിരുന്ന് നീയിങ്ങിനെ പോകുന്നത് കാണാനൊരു ചേലുണ്ട്’ എന്നു പറഞ്ഞതിനു ശേഷം അവിടെ നിന്നും ഓടിച്ചുപോയ പീറ്ററിന്റെ ബൈക്ക് വഴിയരികിലെ മരത്തിലിടിച്ച് ഛിന്നഭിന്നമായിപ്പോയതും, കൈകാല്‍ ഒടിവുകളോടെ പീറ്റര്‍ ആറു മാസത്തോളം ആസ്പത്രിയില്‍ കിടന്നതും വേറേ കഥ. കപ്പിയെന്ന സെൻ്റർ പോയിൻ്റിൻ്റെ ഇരുവശത്തേക്കും നീളുന്ന റോപ്പിൻ്റെ തുമ്പുകളിൽ തൂങ്ങിക്കിടന്ന് തൻ്റെ വലംകാലും ഏഴോളം കിലോ വെയ്തും തമ്മിലുള്ള പാരാബോളിക് വടംവലിയിൽ സമചിത്തത പാലിക്കുന്ന ഇരുപക്ഷത്തേയും നോക്കിയുള്ള കിടപ്പിൽ ‘ഇത്രയും നാള്‍ ആ വഴിയില്‍ കൂടി നടന്നിട്ടും അങ്ങിനെയൊരു മരം അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’ എന്ന് പറവൂര്‍ ഭരതന്‍ ശൈലിയില്‍ പീറ്ററും ‘കാര്‍ന്നോര്‍ കണ്ണു വച്ചിട്ടും ജീവന്‍ തിരിച്ചു കിട്ടിയതു ത...ന്നെ അത്ഭുതം’ എന്ന് താടിക്ക് കൈകൊടുത്ത രൂപത്തിൽ ഒരു നിശ്ചലദൃശ്യം സൃഷ്ടിച്ച് കെ.പി.എ.സി ലളിത ശൈലിയിൽ മറിയാമ്മച്ചേടത്തിയും ആത്മഗതം ചെയ്തു.

ഇത്തരം പേടികള്‍ നാട്ടിലെല്ലാവരുടേയും ഉള്ളിലുണ്ടെന്നതില്‍ കാരണവര്‍ ഉള്ളാലെ സന്തോഷിക്കുകയും ആ പേടി ആസ്വദിക്കുകയും ചെയ്തിരുന്നു, പുറമേ അതു കാണിച്ചില്ലെങ്കിലും. എന്തിനേറെ പറയുന്നു, വീട്ടുകാരത്തി ഭാര്‍ഗ്ഗവിയമ്മക്ക് വരെ കാരണവരുടെ കരിങ്കണ്ണ് പേടിയാണ്. ഏക്കറു കണക്കിനുള്ള നെല്‍പ്പാടങ്ങളിലെ കാര്യങ്ങളൊന്നും, അതിനൽത്തന്നെ കാരണവരെ കൊണ്ട് നോക്കിനടത്തിക്കാറേയില്ല ഭാര്‍ഗ്ഗവിയമ്മ. തൊടിയിലെ പച്ചക്കറികൃഷിയോ, തടിച്ചു കൊഴുത്തു നില്‍ക്കുന്ന കന്നുകാലികളേയോ എന്തിനധികം പറയുന്നു, നട്ടു നനച്ചു വളര്‍ത്തുന്ന പൂച്ചെടികളെപ്പോലുമോ കാരണവരൊന്നു നോക്കിയാല്‍ ഭാര്‍ഗ്ഗവിയമ്മക്ക് പേടിയാണ്. നങ്ങേലിയുടെ കാര്യത്തിലാണെങ്കില്‍ ഭാര്‍ഗ്ഗവിയമ്മക്കു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നതുമാണ്. 
അവൾ തരുന്ന പാലുമായി അകത്തേക്ക് നടക്കുമ്പോൾ കാർന്നോരുടെ കൺപാങ്ങിലെങ്ങാൻ അവൾ വന്നുപെട്ടാലോ എന്ന് ഭാർഗവിയമ്മ എന്നും ഭയക്കും. പ്രത്യേകിച്ചും പ്രസവാനന്തരമുള്ള ശുശ്രൂഷകളാല്‍ നങ്ങേലിയങ്ങ് തടിച്ചു കൊഴുത്തിരിക്കുന്ന സമയത്ത്.

ഭാര്‍ഗ്ഗവിയമ്മ എത്രയൊക്കെ കരുതലെടുത്തിട്ടും അവസാനം നങ്ങേലി കാരണവരുടെ കണ്ണില്‍ വന്നുപെടുകയും വേണമെന്നു വച്ചിട്ടല്ലെങ്കിലും ‘ഇവളങ്ങു തടിച്ചു കൊഴുത്തല്ലോ’ എന്ന് കാരണവര്‍ പറയുകയും അതു കേട്ട് ഭാര്‍ഗ്ഗവിയമ്മ ഞെട്ടുകയും ആ ഞെട്ടല്‍ കാരണവര്‍ ഉള്ളാലെ ആസ്വദിക്കുകയും ചെയ്തു.

അതിന്റെ പിറ്റേ ദിവസം അതിരാവിലെയാണ് നങ്ങേലി തൊഴുത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കറവക്കാരന്‍ കണാരന്‍ കണ്ട് ഞെട്ടിയത്.