Saturday, 18 January 2025

മാടപ്രാവമ്മ

 മുത്തശ്ശി കഥ തുടർന്നു.

''തെക്കേപ്രത്തെ മണ്ടപ്ലാവിലെ മാടപ്രാവമ്മ 

മൂന്നു മൊട്ടീട്ടു

ഒന്നൊടഞ്ഞു പോയ്, ഒന്ന് ഞെരിഞ്ഞുപോയ്, 

ഒന്ന് കിണറ്റിലുവീണു താണുപോയ്. 

അത് എടുത്തുതരാത്ത  ആശാരിമോൻ്റെ 

മുഴക്കോല് കരളാത്ത എലി.

എലിയെ പിടിക്കാത്ത പൂച്ച. 

 പൂച്ചെ പിടിക്കാത്ത പട്ടി.

പട്ടിയെ തല്ലാത്ത എഴുത്തുപിള്ളേര്. 

എഴുത്തുപിള്ളേരെ തല്ലാമോ ആശാനേന്നു  പ്രാവമ്മ ചോദിച്ചു'' 


ശ്രുതിമോളുടെ കൊഞ്ചൽ, ബാക്കി കഥയെ പൂരിപ്പിച്ചു


''ആശാൻ അപ്പൊ എയുത്തുപിള്ളേരെ തല്ലി.

എയുത്തുപിള്ളേര് പട്ടിയെ തല്ലി. 

പട്ടി ചെന്ന് പൂച്ചെ  പിടിച്ചു. 

പൂച്ച ചെന്ന് എല്യെ  പിടിച്ചു. 

എലി പോയി ആശാരിമോന്റെ മൊയക്കോലു  കരണ്ടു.

ആശാരി മോൻ അപ്പൊ കെൺറ്റിലെറങ്ങി  മൊട്ടയെടുത്ത് കൊട്ത്തു.

മാടപ്രാവമ്മയ്ക്ക് സന്തോഷായി. 

ഈ കത എന്നോട് എത്ര വട്ടം പറഞ്ഞേക്ക്ണൂ മുത്തശ്ശീ.... ഇനി വേറെ കത പറയൂ'' ശ്രുതിമോൾചിണുങ്ങി.

മുത്തശ്ശിക്ക് ആയിരം കഥകളറിയാം. പക്ഷെ എപ്പോഴൊക്കെ  ശ്രുതിമോൾ കഥ പറയാൻ ആവശ്യപ്പെട്ടാലും മുത്തശ്ശി ആദ്യം പറയുന്ന കഥ പ്രാവമ്മയുടേതാണ്. മാത്രമല്ല പണികൾക്കിടയിലായാലും വെറുതെയിരിക്കുമ്പോഴായാലും  മുത്തശ്ശിയുടെ ചുണ്ടുകൾ ആ കഥപ്പാട്ടിൻ്റെ മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നുമുണ്ടാകും. സത്യത്തിൽ ശ്രുതിമോളോട് ഏതൊക്കെ കഥകൾ പറഞ്ഞുകഴിഞ്ഞു എന്ന് മുത്തശ്ശി മറന്നുപോകുന്നതാണ് പ്രശ്നം. അത്തരം ചെറുമറവികളുണ്ടെങ്കിലും ജീവിതത്തിൻ്റെ ഉഴവുപാടങ്ങളിൽ വിത്തുവിതച്ച് നട്ടുവളർത്തി, ആഴങ്ങളിൽ വേരോടിച്ചവ ഒന്നിനേയും പ്രായാധിക്യത്തിൻ്റെ മറവികൾക്ക് മുത്തശ്ശിയിൽ നിന്നും പിഴുതെടുക്കാനായിട്ടില്ല. പഴയ ഈ കഥകളും അതേവിധം രൂഢമൂലമായി മുത്തശ്ശിയിലുണ്ട്. ശ്രുതിമോളുടെ ബാലമനസ്സിൻ്റെ കന്നിപ്പാടങ്ങളിൽ അവ ധാരാളം വിത്തുകൾ പൊഴിച്ചിട്ടിരിക്കുന്നു. ആ ഉർവരമനം അവയെ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കുന്നു.  

മുത്തശ്ശിക്കെത്രതന്നെ പണിത്തിരക്കുണ്ടെങ്കിലും ശ്രുതിമോൾക്ക് കഥ കേൾക്കണം. അമ്മത്താറാവിൻ്റെ കാലുകളെ പിൻതുടരുന്ന കുട്ടിത്താറാവിനെപ്പോലെ, കഥകൾക്കായി മുത്തശ്ശിയെ പിൻപറ്റി നടക്കും അപ്പോൾ ശ്രുതിമോൾ. പണികളില്ലാത്തപ്പോഴോ ആ ചിറകിനടിയിലെ  ചുളുവുവീണ മെയ്യിൻ്റെ ചൂടിൽ പറ്റിക്കൂടും.  മുത്തശ്ശിയുടെ ഏകാന്തതയിൽ പറന്നുനടക്കുന്ന ഈ കുഞ്ഞിക്കിളിക്ക് മുത്തശ്ശി കഥകളുടെ തേനും തിനയും ആവോളം നൽകും. 

കഥകളോടുള്ള  ശ്രുതിമോൾടെ ഈ ഇഷ്ടം ശ്രുതിമോൾടെ അമ്മയ്ക്ക് എപ്പോഴും ഉപകാരപ്രദമാകാറുമുണ്ട്. വലിയ പണിത്തിരക്കുകൾക്കിടയിൽ വികൃതിക്കുട്ടിയുടെ മേലുള്ള കടിഞ്ഞാൺ പൊട്ടിപ്പോകുമ്പോൾ അമ്മ അത് മുത്തശ്ശിയെ ഏൽപ്പിക്കും. മുത്തശ്ശിയവയെ  കഥകൾ കൊണ്ടു മെനഞ്ഞെടുത്തുനിയന്ത്രിക്കും. 

അമ്മയ്ക്കാണെങ്കിൽ കഥയുടെ ഒരു ചെറുനൂലുപോലും കയ്യിലില്ല. ചോദിച്ചാലോ അമ്മയ്ക്കൊന്നിനും സമയവുമില്ല. എപ്പോഴും ജോലിത്തിരക്ക് തന്നെ. ശ്രുതിമോൾ എത്ര നേരത്തെ ഉണർന്നാലും, അതിനും മുൻപേ അമ്മയും അടുക്കളയും ഉണർന്നിട്ടുണ്ടാകും. എത്ര വൈകി ഉറങ്ങിയാലും അതിലും വൈകിയേ അവരിരുവരും ഉറങ്ങുകയുമുള്ളൂ.  അമ്മയ്ക്ക് ഈ ലോകത്തേറ്റവുമിഷ്ടം അടുക്കളയെയാണെന്നാണ് ശ്രുതിയുടെ വിശ്വാസം.അവൾക്കതിൽ പരാതിയുണ്ടെങ്കിലും ആ കൂട്ടുകെട്ട് തൻ്റെ നാവിലേക്ക് പകരുന്ന രസവൈവിധ്യങ്ങൾ ശ്രുതിയ്ക്കിഷ്ടമാണ്. വിശേഷവിഭവങ്ങൾ എന്തുണ്ടാക്കിയാലും അതിലൊരു പങ്ക് അമ്മ മറക്കാതെ മുത്തശ്ശിക്ക് എത്തിക്കാറുമുണ്ട്. പക്ഷെ മുത്തശ്ശിയുടെ പ്രാതൽപ്പിഞ്ഞാണത്തെ എന്നും  നിറയ്ക്കുന്നത്, പഴംചോറിൽ വെള്ളമൊഴിച്ചുണ്ടാക്കുന്ന കഞ്ഞിയാണ്. അതിനൊപ്പം, ഒരു ദിവസത്തെ കാത്തിരിപ്പിൻ്റെ മുഷിച്ചിലിനൊടുവിൽ കഞ്ഞിയുടെ ആശ്ലേഷത്തിൽ വീണലിയാനെത്തുന്ന അൽപ്പം കറിയുമുണ്ടാകും. മുത്തശ്ശിക്കെന്നും രണ്ടുനേരമാണ് ഭക്ഷണം

വൈകുന്നേരങ്ങളിൽ മുത്തശ്ശിയുടെ അടുപ്പിലെ തീ, ഒരു അനുഷ്ടാനം പോലെ,  വീണ്ടും മൺകലത്തിൽ കഞ്ഞി തിളപ്പിക്കും. അരികുപൊട്ടിയ അലൂമിനിയച്ചട്ടി, അമ്മിക്കല്ലിലിടിച്ച മുളകിൻ്റേയും ഉള്ളിയുടേയും രസക്കൂട്ടിൽ, നാവൂറും രുചിയുടെ മണം പരത്തും. ഒരു ദിവസം ഒരു കറിമണത്തിൽക്കൂടുതലൊന്നും മുത്തശ്ശിയുടെ അടുക്കള അറിയാറില്ല. ഒറ്റക്ക് കഴിയുന്ന തനിക്കൊരാൾക്ക് അതുതന്നെ ധാരാളമാണെന്നാണ് മുത്തശ്ശി പറയുന്നത്. 

മുത്തശ്ശിയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഭക്ഷണസമയത്തിനുമുൻപേ 'അമ്മ ശ്രുതിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാറുണ്ടെങ്കിലും ഇടയ്ക്ക് വല്ലപ്പോഴും അമ്മയുണ്ടാക്കുന്ന വിഭവങ്ങളേക്കാൾ ഇഷ്ടത്തോടെ, മുത്തശ്ശിയുടെ രുചിക്കൂട്ടുകളെ ശ്രുതിയുടെ നാവ് ആസ്വദിക്കാറുണ്ട്. വെളുത്ത കവടിപ്പാത്രത്തിൽ, പൊട്ടിച്ചിട്ട ഉള്ളിയും കാന്താരിമുളകും ഇടകലർന്നുകിടക്കുന്ന കഞ്ഞിയിലേക്ക്, ചൂടാക്കിയെടുത്ത ഇത്തിരി കറി ചേർത്ത്, കൈകൊണ്ടിളക്കി,  കാലത്തെ ഭക്ഷണം മുത്തശ്ശി  കോരിക്കഴിക്കുന്നതു കാണുമ്പോൾ അതും ഒന്നു രുചിച്ചുനോക്കണമെന്ന് ശ്രുതിക്ക് തോന്നുമെങ്കിലും ‘വയറിനു പിടിച്ചില്ലെങ്കിലോ‘ എന്ന് പറഞ്ഞ് മുത്തശ്ശി ശ്രുതിമോളെ നിരുത്സാഹപ്പെടുത്തും.

’എങ്കി മുത്തശ്ശിയെന്തിനാ അത് കയിക്കണെ?   രാവിലെ പുത്യേ ചോറും കറീം ഇണ്ടാക്കികയിക്കരുതോ’. എന്ന് ശ്രുതിമോൾ ചോദിക്കും.

ആ ചോദ്യത്തിന് ഒരു പുഞ്ചിരിയും തുടർന്നുവരുന്ന നിശ്ശബ്ദതയുമായിരിക്കും മുത്തശ്ശിയുടെ മറുപടി.

പടിഞ്ഞാറ് സായംസന്ധ്യയുടെ വാതിൽ തുറന്നിറങ്ങിവന്ന  പ്രകാശം  മുത്തശ്ശിയുടെ മുറ്റത്തെ മഞ്ഞനിറത്താൽ മെഴുകി. കഴുകിയുണക്കിയ വെളുത്ത പരുത്തിത്തുണിച്ചീന്തുകളെ ഉമ്മറക്കോലായിലിരുന്ന് മുത്തശ്ശി, കാൽമുട്ടിന് കീഴെ വച്ച് ചെറുതിരികളാക്കി തെറുത്തെടുത്തു. 

'കത പറ മുത്തശ്ശീ’  ശ്രുതിമോൾ വാശി പിടിച്ചു. 

''എങ്കിൽ കൊല്ലത്തു പൊൻമകൻ്റെ കഥ പറയാം.''

''അതും പറഞ്ഞതാണ് മുത്തശ്ശി.....''

''തച്ചോളി ഒതേനക്കുറുപ്പിൻ്റെ ?'' 

''അതും പറഞ്ഞു '' ശ്രുതിയുടെ ക്ഷമ കെട്ടു.  കഥയുടെ അക്ഷയപാത്രത്തിലെ തരിബാക്കികൾക്കായി മുത്തശ്ശി പരതി. 

അൽപ്പം ഒന്നാലോചിച്ചിരുന്നിട്ട് മുത്തശ്ശി വേറൊരു കഥ പറഞ്ഞു തുടങ്ങി. ശ്രുതിമോൾക്ക് ഉൽസാഹമായി


'' പണ്ട് പണ്ട് കടൽവാഴ്കര ദേശത്ത് ഒരച്ഛനുമമ്മയ്ക്കും  മൂന്നുമക്കളുണ്ടായിരുന്നു. മൂത്തത് പെണ്ണ്. ഇളയവർ ആൺകുട്ടികൾ. ചെറുവഞ്ചിയിൽ വലയുമായി അച്ഛൻ എന്നും കടലിൽ മീൻ പിടിക്കാൻ പോകും. കിട്ടുന്ന മീൻ വിറ്റ് കാശുമായി വൈകുന്നേരം വീട്ടിലെത്തും. അമ്മ അവ സൂക്ഷിച്ചുചിലവാക്കിയും,  പിന്നെ അച്ഛൻ കൊണ്ടുവരുന്ന ബാക്കി മീൻ ഉണക്കി വിറ്റും, കാശ് ചേർത്തുവച്ചു.  തട്ടിയും മുട്ടിയും സന്തോഷമായി അവർ ജീവിച്ചു വരവേ, ഒരുനാളിൽ പഠിക്കാൻ മടിയനായ രണ്ടാമത്തെ മകൻ, അച്ഛൻ വഴക്കുപറഞ്ഞ വിഷമത്തിൽ ഒരു ദിവസം ഒരു എഴുത്തുമെഴുതി വച്ച്.......’ മുത്തശ്ശിയുടെ സ്വരം എവിടെയോ തടഞ്ഞുനിന്നു.

''എഴുത്തുമെഴുതി വച്ച്?’ ശ്രുതിമോൾക്ക് ആകാംക്ഷയായി.

മൗനംവിഴുങ്ങിയ ഏതാനും നിമിഷങ്ങൾക്ക് ശേഷം മുത്തശ്ശി പറഞ്ഞു.  ’ദൈവത്തോട് പരാതി പറയാൻ പോയി. പിന്നെ തിരിച്ചു വന്നതേയില്ല.'' 

അത് പറഞ്ഞപ്പോൾ മുത്തശ്ശിയുടെ സ്വരം അൽപ്പമൊന്നിടറിയതുപോലെ ശ്രുതിക്ക് തോന്നി.  എഴുത്തിലെന്തായിരുന്നു എന്നറിയാനായിരുന്നു ശ്രുതിക്ക് തിടുക്കം.  

' എയുത്തിലെന്താ എയ്തീരുന്നത് മുത്തശ്ശീ?'' 

മുത്തശ്ശി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു '' അതു പറഞ്ഞാൽ ശ്രുതിമോൾക്ക് മനസ്സിലാവില്ല''

'' നിക്ക് മൻസിലാവും. മുത്തശ്ശി പറയൂ'' ശ്രുതിക്ക് ബാക്കി കഥ കേൾക്കാൻ തിടുക്കമായി

നിന്നും നിരങ്ങിയും നനവിലൂടെ നീങ്ങുന്ന മണ്ണിരയ്ക്കു സമാനം ഇഴഞ്ഞിഴഞ്ഞാണ് മുത്തശ്ശി ബാക്കി കഥ പറഞ്ഞത്. പറയുന്നതിനിടയിൽ പതിവില്ലാതെ ചിന്തയിൽ ആണ്ടുപോകുന്ന മുത്തശ്ശിയെ കുലുക്കിവിളിച്ച് ശ്രുതിമോൾ കഥയിലേക്ക് തിരികെ കൊണ്ടുവരും. 

' പറയൂമുത്തശ്ശീ , എഴുത്തിലെന്തായിരുന്നു ?''

''എഴുത്തിലവൻ എഴുതിയിരുന്നത് അവൻ്റെയടുത്തെത്താനുള്ള വഴിയായിരുന്നു ''

''അതെങ്ങനെയാ?''

''അതേ......

-നക്ഷത്രക്കുരു കുത്തി, വള്ളിയോടി,വള്ളിപ്പുറത്തേറി, 

പറക്കാപ്പക്ഷി മുട്ടയിട്ട്, കുഞ്ഞുണ്ടായി, കുഞ്ഞിൻപുറത്തേറി വന്നാൽ 

എന്നെക്കാണാം''

എന്നാണവൻ കത്തിൽ എഴുതിയിരുന്നത്.

അവനെ കാണാതെ വിഷമിച്ച്,  പറക്കാപ്പക്ഷിക്കുഞ്ഞിൻ്റെ പുറത്തേറി അവനെ കാണാൻ പോയ അച്ഛനും പിന്നെ തിരിച്ചു വന്നില്ല. അമ്മയും രണ്ട് മക്കളും തനിച്ചായി. അമ്മ കൂലിപ്പണി ചെയ്ത്, പഠിക്കാൻ മിടുക്കനായ ഇളയ മകനെ പഠിപ്പിച്ചു. ഉള്ളതെല്ലാം കൂട്ടിച്ചേർത്തുവച്ച്, മകളെ മങ്കലം കഴിച്ചയച്ചു.  രണ്ട് മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ മകളും പറക്കാപ്പക്ഷിക്കുഞ്ഞിൻ്റെ പുറത്തേറി അച്ഛനേയും അനിയനേയും കാണാൻ പോയി. കൂടെ അമ്മ ഉണ്ടാക്കിക്കൊടുത്ത ഇത്തിരിപ്പൊന്നും കാണാതായി’

ഇത്രയുമായപ്പോൾ  മുത്തശ്ശി കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടോ എന്ന് ശ്രുതിമോൾക്ക് സംശയമായി. അവൾ മുത്തശ്ശിയുടെ താടിയിൽ സ്നേഹത്തോടെ പിടിച്ചു കൊണ്ട് ചോദിച്ചു 

'' മുത്തശ്ശി കരയുവാണോ?''

''ഇല്ല ശ്രുതിമോളെ. മുത്തശ്ശിയുടെ കണ്ണിലൊരു പ്രാണി പോയതാ''

കണ്ണ് തുടച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു. 

''ബാക്കി പറയൂ മുത്തശ്ശീ ''. ശ്രുതിക്ക് ബാക്കി കഥ കേൾക്കാൻ തിടുക്കമായി. 

മകളെ മങ്കലം കഴിപ്പിച്ചയക്കാൻ അമ്മ കുറേ പണം  കടം വാങ്ങിയിരുന്നു. അതു വീട്ടാൻ കഷ്ടപ്പെടുന്ന അമ്മയെ സഹായിക്കാൻ ഇളയ മകൻ പഠിപ്പു നിറുത്തി മീൻ പിടിക്കാൻ പോയി. അച്ഛനെപ്പോലെ ചെറുവഞ്ചിയിലല്ല. വലിയ വള്ളത്തിൽ കടലിൽ വലിയ മീനിനെ പിടിക്കാൻ പോയി 

കാറ്റും മഴയുമുള്ള ഒരു നാൾ മീൻ പിടിക്കാൻ പോയ അവനും പിന്നെ തിരിച്ചു വന്നില്ല'' 

അതു പറഞ്ഞപ്പോൾ മുത്തശ്ശിയുടെ സ്വരം വല്ലാതെ താഴ്ന്നുപോയിരുന്നതിനാൽ ശ്രുതിമോൾക്ക് അവസാനവാക്കുകൾ ചെവി കൂർപ്പിച്ച് കേൾക്കേണ്ടതായിവന്നു.

''അവനേയും പറക്കാപ്പക്ഷിക്കുഞ്ഞ് കൊണ്ടുപോയോ? ''  ശ്രുതിയുടെ കണ്ണുകളിൽ ആകാംക്ഷ മിഴിഞ്ഞു.

''ഇല്ല അവനെ കൊണ്ടുപോയിട്ടില്ല. അവൻ ഒരു ദിവസം വരും. അമ്മയെ കാണാൻ..'' 

മറഞ്ഞുതുടങ്ങുന്ന അന്തിവെട്ടം മുത്തശ്ശിയുടെ കവിളിലെ നനവിൽ വീണുതിളങ്ങി. പ്രാണികളെ  ഒന്നും കണ്ടില്ലയെങ്കിലും ശ്രുതിമോൾ അടുത്തുകിടന്ന കമുകിൻപാളവിശറിയെടുത്ത് തലങ്ങും വിലങ്ങും വീശി മുത്തശ്ശിയെ സഹായിച്ചു. 

'' വിളക്കു വയ്ക്കാറായല്ലൊ, മുത്തശ്ശി ഒന്ന് മുഖം കഴുകി വരട്ടെ'' എന്ന് പറഞ്ഞു മുത്തശ്ശി എഴുന്നേറ്റു പോയി മുഖം കഴുകി വന്നു. 

''ബാക്കി കത പറ'' ശ്രുതിമോൾ കഥയിൽ നിന്നും പിടി വിട്ടിട്ടില്ല 

''ബാക്കി....'' 

അപ്പോഴേക്കും  '' ഇവൾ മുത്തശ്ശിയെ വിഷമിപ്പിച്ചോ'' എന്ന് ചോദിച്ച് അമ്മയെത്തി. മുത്തശ്ശി നനവുമാറാത്ത ചിരി ചിരിച്ചു. 

''ദാ അച്ഛൻ വന്നു '' എന്ന് അമ്മ പറഞ്ഞപ്പോഴാണ്  ഇന്ന് അച്ഛനോട് ബ്ലാക് ഫോറസ്ററ് കേക്ക് കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ശ്രുതിമോൾ ഓർത്തത്. ചാടിയെഴുന്നേറ്റ് ഓടാൻ തുടങ്ങിയ ശ്രുതിമോളെ അമ്മ പുറകിൽ നിന്ന് വിളിച്ചു. ''അയ്യോ മറന്നു'' എന്ന്, താടിയ്ക്കു കൈകൊടുത്ത് വളരെ ഓമനത്തം തോന്നിപ്പിക്കുന്ന ഒരു ഭാവത്തോടെ അവൾ തിരികെ വന്ന് മുത്തശ്ശിയെ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഉമ്മ കൊടുത്തു. 

 '‘മുത്തശ്ശിക്ക് കേക്ക് കൊണ്ടുത്തരാട്ടോ'' എന്നുപറഞ്ഞ് റ്റാറ്റായും ഗുഡ് നൈറ്റും കൊടുത്ത് അമ്മയുടെ കൈ പിടിച്ച് ഇറങ്ങി. 

ശ്രുതിമോൾ പോയിക്കഴിഞ്ഞപ്പോൾ മുത്തശ്ശി കിഴക്കേ വരാന്തയിൽ ഒരു ഒറ്റത്തിരിവിളക്ക് കത്തിച്ചു വച്ചു. പിന്നെ അകത്തു പോയി കഞ്ഞിവാർക്കാൻ  ചരിച്ചടച്ചുവച്ച മൺകലം നിവർത്തി, അതിൽ നിന്നും ഒരു പാത്രം നിറയെ ചോറും, കറിക്കലത്തിൽ  നിന്ന്  ഒരു പിഞ്ഞാണം നിറയെ കറിയുമെടുത്ത് ഭദ്രമായി അടച്ചുവച്ചു. ബാക്കി ചോറോടെ മൺകലം ചെറുചൂടുള്ള അടുപ്പത്തെടുത്തു വച്ചു . എന്നിട്ട് ഉമ്മറവാതിൽക്കൽ കാൽനീട്ടി അനന്തതയിലേക്ക് കണ്ണുംനട്ടിരുന്ന്, ശരീരം മുന്നിലേക്കും പുറകിലേക്കും ചെറുതായി ചലിപ്പിച്ച് നാമജപം പോലെ ചൊല്ലി  ’തെക്കേപ്രത്തെ മണ്ടപ്ലാവിലെ മാടപ്രാവമ്മ മൂന്നു മൊട്ടീട്ടു...ഒന്നൊടഞ്ഞുപോയ്... ഒന്ന് ഞെരിഞ്ഞുപോയ്... ഒന്ന് കിണറ്റിലുവീണു താണുപോയ്...''

No comments: