Friday 14 November 2008

സാക്ഷ്യം

ഇത് മണിക്കുട്ടിയെ കുറിച്ചുള്ള എന്റെ സാക്ഷ്യം. ഒരു ചിത്രശലഭത്തെ പോലെ പാറി നടന്നിരുന്ന പഴയ മണിക്കുട്ടിയിൽ നിന്നും, പൊട്ടിപ്പൊളിഞ്ഞ ഒരു ചിത്രം പോലെ വികൃതരൂപമായി ഞാനിപ്പോൾ കാണുന്ന ഈ മണിക്കുട്ടിയിലേക്കുള്ള പ്രയാണപാതയിലെ കാഴ്ചകളുടെ സാക്ഷ്യം.


ഏതാനും വർഷങ്ങൾക്ക് മുൻപ്, വാർദ്ധക്യത്തിന്റേയും അതോടൊപ്പം തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിൽ നിന്നുണ്ടായ അനാഥത്ത്വത്തിന്റേയും നിസ്സഹായതയിൽ, ഒരിക്കൽ കഴിഞ്ഞിരുന്ന മണിമേടയുടെ ഓർമ്മകൾ പോലും വേർതിരിച്ചെടുക്കാനാവാതെ, മഞ്ഞിലും മഴയിലും പൊള്ളുന്ന വെയിലിലും ചേക്കേറാനൊരു ഇടമില്ലാതെ തെരുവോരത്ത് കഴിയുന്ന നാളുകളിലാണ് ഞാൻ ആദ്യമായി മണിക്കുട്ടിയെ കാണുന്നത്. അന്നവൾക്ക് എട്ടോ ഒമ്പതോ വയസ്സു കാണുമായിരിക്കും. കരിവാളിച്ച എന്റെ മുഖം തൊട്ടു തലോടിയ ആ കൈകളുടെ സഹായത്തോടെ, വഴി ഉണ്ടോ എന്നു പോലും തിരിച്ചറിയാൻ പ്രയാസമുള്ള തരത്തിൽ അടുത്തടുത്തായി നിൽക്കുന്ന കുറേ കുടിലുകൾക്കിടയിലൂടെ മണിക്കുട്ടിയുടെ ചെറ്റക്കുടിലണഞ്ഞപ്പോൾ ഒരു മുറുമുറുപ്പും കാണിക്കതെ അവളുടെ മാതാപിതാക്കളും എന്നെ സ്വീകരിച്ചു


അക്ഷരാർത്ഥത്തിൽ ഒരു കിലുക്കാം പെട്ടിയായിരുന്നു മണിക്കുട്ടി. അമ്മയുടേയും അച്ഛന്റേയും ഏകമകൾ. നല്ല ഗോതമ്പിന്റെ നിറവും വിടർന്ന കണ്ണുകളും മുട്ടോളം മുടിയും. എന്നെ വലിയ കാര്യമായിരുന്നു. പുതിയതെന്തു കിട്ടിയാലും, അതൊരു പൊട്ടോ, കുപ്പിവളയോ, ഉടുപ്പോ എന്തായാലും, അവൾ അതുമായി എന്റെ മുൻപിൽ വരും. എന്നെ അതണിഞ്ഞു കാണിക്കും. ഒരു മുതുമുത്തശ്ശിയുടെ കൌതുകത്തോടെ ഞാനതെല്ലാം കണ്ടുകൊണ്ടിരിക്കും. കുസൃതി പെണ്ണ്, ഇടക്ക് എനിക്കും തൊട്ടുതരും ഒരു പൊട്ട്. ഈ വയസ്സുകാലത്ത് എനിക്കത് എങ്ങിനെ ചേരാനാണ്! എങ്കിലും ഉള്ളിൽ ചിരിച്ച് അവളുടെ കുസൃതികൾക്കായി ഞാൻ ഇരുന്ന് കൊടുക്കും. പിന്നെ അവൾ തന്നെ ആ പൊട്ടെടുത്ത് സ്വന്തം നെറ്റിയിൽ ചാർത്തി എന്നെ ഒന്നു ചിരിച്ചു കാണിച്ചിട്ട് തിരിച്ചു പോകും. അടുത്തുള്ള അവളുടെ സമപ്രായക്കാരോടൊപ്പം എപ്പോഴും കളിയാണെങ്കിലും കൂടെക്കൂടെ അവൾ എന്നെ വന്നു നോക്കും. എന്റെ അടുത്ത് കുറച്ചു നേരമെങ്കിലും ഇരിക്കും.


ആ വീടിന്റെ വിളക്കായിരുന്നു മണിക്കുട്ടി. ദാരിദ്ര്യത്തിലും അവളുടെ മാതാപിതാക്കൾ അവളെ ഏതാനും ക്ലാസ്സുകൾ പഠിപ്പിച്ചിരുന്നു. പിന്നീട് അവർക്കത് തുടരാനായില്ലയെങ്കിലും ആ ചാളയിലെ മറ്റുകുട്ടികളെ പോലെ അവളെ കൂലിപ്പണിക്കു വിടാൻ അവർ തയ്യാറായില്ല.അവർ കഞ്ഞിവെള്ളം കുടിച്ചിട്ടാണെങ്കിലും അവൾക്ക് ചോറുകൊടുത്തു. അവളുടെ അമ്മ. താൻ പണിക്കു പോകുന്ന വീടുകളിൽ നിന്ന് ഇരന്നു വാങ്ങിയ, പഴയതെങ്കിലും തിളങ്ങുന്ന ഉടുപ്പുകൾ അവൾക്ക് കൊണ്ടുവന്നു കൊടുത്തു. അവയണിയുമ്പോൾ പുതുപുത്തൻ ഉടുപ്പിടുന്ന സന്തോഷമായീരുന്നു, എപ്പോഴും മണിക്കുട്ടിക്ക്


പെൺകുട്ടികളുടെ വളർച്ച എത്ര പെട്ടെന്നാണ്!! കൂടുതൽ മങ്ങിത്തുടങ്ങിയ എന്റെ കണ്ണുകളിലൂടെ മണിക്കുട്ടിയിൽ യൌവ്വനം തളിരുകളും മുകുളങ്ങളും പൂക്കളുമണിയുന്നത് ഞാൻ കണ്ടു. മൂന്നറിയിപ്പില്ലാതെത്തിയ ഒരു വിരുന്നുകാരനെ പോലെ നൊടിയിടയിലാണ് താരുണ്യം മണിക്കുട്ടിയിൽ വസന്തം വിടർത്തിയത്. അവളിലെ കിലുക്കാം‌പെട്ടികുട്ടി എങ്ങോ പോയ്മറഞ്ഞു. തിരിച്ചറിയാനാവാത്ത ഏതൊക്കെയോ സങ്കോചങ്ങൾ അവളെ വീട്ടിനുള്ളിൽ തളച്ചിട്ടു. വീട്ടിലെ കാര്യങ്ങൾ നോക്കാൻ മിടുക്കിയായിരുന്നു മണിക്കുട്ടി. അതെല്ലാം കഴിഞ്ഞുള്ള മിക്കവാറും സമയങ്ങളിൽ അവൾ എന്റെ കൂടെ തന്നെയായി. സ്വപ്നം വിരിയുന്ന മിഴികളിൽ കരിമഷിയെഴുതി, അമ്പിളിക്കല നെറ്റിയിൽ പൊട്ടു തൊട്ട്, മുട്ടോളമെത്തുന്ന മുടി കോതിക്കോതി അവൾ എന്റെ അരികിലിരിക്കും. ആയിടെ അടുത്തുള്ള കാവിലെ ഉത്സവത്തിന് അവളുടെ അച്ഛൻ അവൾക്കൊരു ചിത്രപ്പെട്ടി കൊണ്ടുവന്നു കൊടുത്തു. മണ്ണിലുണ്ടാക്കിയതെങ്കിലും പല വർണ്ണത്തിൽ ചിത്രപ്പണികൾ ചെയ്ത, സാമാന്യം വിസ്താരമുള്ള ഒരു പെട്ടിയായിരുന്നു അത്. അന്നു മുതൽ മണിക്കുട്ടി അവളുടെ ചാന്ത്, കണ്മഷി, കുപ്പിവളകൾ, മുത്തുമാലകൾ തുടങ്ങിയവ അതിൽ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങി. ഒഴിവുസമയങ്ങളിൽ അതിൽ നിന്ന് ഒരോന്നായെടുത്തണിയലും തിരിച്ച് ഭദ്രമായി ആ‍ പെട്ടിയിൽ അടച്ചു വയ്ക്കലുമൊക്കെ തന്നെയായി അവളുടെ നേരം പോക്ക്.അതൊന്നുമില്ലെങ്കിലും ആ പൊന്നിൻ‌കുടം പത്തരമാറ്റായിരുന്നു എന്നു പറഞ്ഞ എന്റെ കണ്ണൂകൾ അവളിൽ ദോഷമായി പതിച്ചുവോ എന്തോ!


ആയിടെയാണ് മണിക്കുട്ടിയെ കാണാൻ തെക്കുതെക്കേതോ ദിക്കിൽ നിന്ന് ഒരാൾ വന്നത്. നല്ല എണ്ണക്കറുമ്പനെങ്കിലും ആരോഗ്യവാൻ. പാറപൊട്ടിക്കുന്ന പണിയാണത്രേ. പേരു ചന്ദ്രൻ. പതിനേഴു വയസ്സിന്റെ പൂമുറ്റത്തു നിൽക്കുന്ന മണിക്കുട്ടിയുടെ മനസ്സിൽ അപ്പോഴേ കുരവയുയർന്നത് അവളുടെ മിഴികളിൽ ഞാൻ കണ്ടു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അവൾ എന്നെ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചതാണ്. പാടവീണ കാഴ്ചയിലൂടെ ഞാൻ ചന്ദ്രന്റെ മുഖത്തു കണ്ട പുച്ഛമോ അവഗണനയോ കലർന്ന ഭാവം എനിക്കു തോന്നിയതാകാം എന്നു ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു


മണിക്കുട്ടിയുടെ കൂടെ പോകാൻ സന്തോഷമായിരുന്നു എനിക്ക്. കാഴ്ചയിൽ അവളുടെ വീടിൽ നിന്നും വലിയ വ്യത്യാസമൊന്നും തോന്നാത്ത അവളുടെ ഭർത്തൃവീടിന്റെ ഒരു വശം അവൾ എനിക്കായി മാറ്റിവച്ചു. കൂടെ കൊണ്ടുവന്ന സാധനങ്ങളിൽ, അച്ഛൻ അവൾക്ക് സമ്മാനിച്ച അവളുടെ പ്രിയപ്പെട്ട ചിത്രപ്പെട്ടിയുമുണ്ടായിരുന്നു


ശാന്തസുന്ദരാമായാണ് അവർ പുതുജീവിതം തുടങ്ങിയത്. ചന്ദ്രൻ പണിക്ക് പോയിക്കഴിഞ്ഞാൽ പതിവുജോലികളെല്ലാം തീർത്ത് അവൾ എന്റെ അരികിൽ വരും. എന്നെ ഉറ്റുനൊക്കിയിരിക്കുമ്പോഴും അവളുടെ മനസ്സ് ഏതോ കിനാപ്പൂമൊട്ടുകളിൽ മുത്തമിടുന്നത് കണ്ട് എനിക്കു ചിരി വരും. ആ കിനാവുകൾക്ക് പൂത്തുവിടരാൻ നാഴികകളുടെ ദൂരമേ ഉള്ളു എന്ന് അവളുടെ കണ്ണുകളിലെ പ്രതീക്ഷയുടെ പൂത്തിരികൾ എന്നോട് പറയും. ചന്ദ്രൻ എത്തിയതിനു ശേഷമുള്ള കളിതമാശകളും, അത്താഴശേഷം ഊതിയണച്ച വിളക്കിനപ്പുറം നിലാവിന്റെ നേർത്ത തലോടലിൽ ഇതൾ വിടർത്തുന്ന പാരിജാതപ്പൂക്കൾ പോലുള്ള അവളുടെ ചിരിയൊളികളും അവൾ സന്തോഷവതിയാണെന്ന് എന്നെ വിളിച്ചറിയിച്ചു


പക്ഷെ ആ കാഴ്ചകൾ അധികനാൾ നീണ്ടുപോയില്ല. ചന്ദ്രന്റെ, പണികഴിഞ്ഞുള്ള വീട്ടിലേക്കുള്ള വരവ് പതുക്കെ താമസിക്കാനും ചുവടുവയ്പ്പുകൾ ഉറയ്ക്കാതാകാനും തുടങ്ങി. അധികം വൈകാതെ തന്നെ, മണിക്കുട്ടിയുടെ മാതാപിതാക്കൾ അവൾക്കായി പണികഴിപ്പിച്ചു കൊടുത്ത നാമമാത്രമായ പൊന്നുരുപ്പടികൾ ഓരോന്നായി അപ്രത്യക്ഷമായി. പിന്നീട്, ശോഷിച്ചും വിളർത്തും വരുന്ന അവളുടെ ശരീരത്തോടും വീർത്തു വരുന്ന ഉദരത്തോടുമൊപ്പം, ശരീരത്തിൽ പലയിടത്തുമുള്ള, അടിയുടെ കരിവാളിച്ച പാടുകൾ കൂടി കാണേണ്ടി വന്നപ്പോൾ ഇങ്ങോട്ട് വരാനിടയായ എന്റെ അവസ്ഥയെ ഞാൻ ശപിച്ചു. മങ്ങിയതെങ്കിലും എന്റെ കാഴ്ചകൾ എനിക്കു നൽകുന്ന മണിക്കുട്ടിയുടെ ഈ രൂപത്തേക്കാൾ അന്ധതയാണ് നല്ലതെന്ന് ഞാൻ ആഗ്രഹിച്ചു പോയി.


കുറച്ചു നാളുകൾക്കുള്ളിൽ മണിക്കുട്ടിയുടെ മാതാപിതാക്കൾ അവളെ കൂട്ടിക്കൊണ്ടു പോയി. മൂന്നുനാലുമാസങ്ങൾക്കു ശേഷം അവൾ തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ, അവളെ മുറിച്ച മുറിപോലൊരു പൊന്നോമനക്കുഞ്ഞുമുണ്ടായിരുന്നു. അവളുടെ ക്ഷീണം അൽ‌പ്പമൊന്നു മാറിയിരുന്നു. കുഞ്ഞുണ്ടായ സന്തോഷവും, ഒരു പക്ഷെ അവന്റെ ജനനത്തോടെ എല്ലാം നേരെയാകുമെന്ന പ്രതീക്ഷയുമൊക്കെ അവളുടെ മുഖത്തുണ്ടായിരുന്നെങ്കിലും അവളെന്റെ പഴയ മണിക്കുട്ടിയേ ആയിരുന്നില്ല. ദിവസത്തിലെപ്പോഴെങ്കിലും എന്നെ വന്നൊന്നു കണ്ടെങ്കിലായി. പലപ്പോഴും എന്റെ സാന്നിധ്യം പോലും അവൾ മറന്നു. പക്ഷെ എനിക്കവളോട് ഒരൽ‌പ്പം പോലും പരിഭവം തോന്നിയില്ല


കുഞ്ഞിന്റെ ജനനം ചന്ദ്രനിൽ ഒരു വ്യത്യാസവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല അയാൾ ഒരു മുഴുക്കുടിയനായി തീർന്നിരുന്നു. പണിക്കൊന്നും പോയില്ലെങ്കിലും എവിടന്നൊക്കെയോ കാശുണ്ടാക്കി അയാൾ കുടിക്കുന്നു. മണിക്കുട്ടി ഇതിനിടെ കുഞ്ഞിനെ അടുത്ത വീട്ടിലേൽ‌പ്പിച്ച് എന്തൊക്കെയോ പണിക്ക് പോയിത്തുടങ്ങി. പക്ഷെ അവളുടെ ആ അൽ‌പ്പ സമ്പാദ്യം കൂടി, അവളുടെ എതിർപ്പിനെ അവഗണിച്ചും ശാരീരികപീഢനങ്ങളേൽ‌പ്പിച്ചും അയാൾ പിടിച്ചു വാങ്ങിക്കൊണ്ടുപോയി കുടിച്ചിരുന്നു. ഒരാശ്വാസത്തിനായി അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഏങ്ങിയേങ്ങിക്കരയുന്നത് ഒരു സ്ഥിരം കാഴ്ചയായി.


ഈയിടെ ചന്ദ്രൻ സുഹൃത്തുക്കളെ വീട്ടിൽ വിളിച്ചു വരുത്തി വീട്ടിലിരുന്നും കുടി തുടങ്ങിയതിനെ മണിക്കുട്ടി ശക്തിയായി എതിർത്തു. അവരിൽ തന്നെ, ഇഷ്ടികക്കളത്തിൽ പണിയെടുക്കുന്ന, ചോരക്കണ്ണുകളും മുഖത്ത് മുറിവുണങ്ങിയ പാടുകളുമൊക്കെയായി കാഴ്ചയിൽ തന്നെ ഭീകരത തോന്നുന്ന ഒരുവന്റെ കൊത്തിവലിക്കുന്ന നോട്ടങ്ങൾ അവളിൽ പേടിയും അറപ്പും വെറുപ്പുമുളവാക്കി. പണികഴിഞ്ഞാൽ അയാൾ നേരേ ചന്ദ്രനോടൊപ്പം വീട്ടിലേക്ക് വരികയായി. ഒന്നും ശബ്ദിക്കാതെ മണിക്കുട്ടിയപ്പോൾ സ്വന്തം മുറിയിൽ കുഞ്ഞുമായി ഒതുങ്ങും. കുടിയെല്ലാം കഴിഞ്ഞ് സുഹൃത്തിനെ പറഞ്ഞു വിട്ട് മുറിയിലേക്കു വരുന്ന ചന്ദ്രനുമായി വാക്കുതർക്കവും തുടർന്നുള്ള അടിയുമൊക്കെയാവും പിന്നെ.


അന്ന് രാത്രി അടഞ്ഞ വാതിലിനപ്പുറം തട്ടിമറിഞ്ഞ വിളക്ക് ബാക്കിയാക്കിയ ഇരുട്ടിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കു വ്യക്തമായില്ല. പക്ഷെ പിറ്റേദിവസം രാവിലെ പതിവിനു വീപരീതമായി മണിക്കുട്ടി കുറേ നേരം എന്റെ മുന്നിൽ വന്നിരുന്നു, എന്നെ തുറിച്ചു നോക്കിക്കൊണ്ട്. അഴിഞ്ഞുലഞ്ഞ മുടിയും കീറിപ്പറിഞ്ഞ ഉടയാടകളും ശരീരത്തിൽ അവിടിവിടെ പുരണ്ട മൺചെളിപ്പാടുകളുമായി എന്റെ മുന്നിലിരുന്ന അവളുടെ മുഖം നിർവികാരമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ പോലും കുറേ നേരത്തേക്ക് ഒരു വ്യത്യാസവും വരുത്താതിരുന്ന ആ മുഖം പിന്നീടെപ്പോഴോ പതുക്കെ ഭാവം കൊണ്ടു. ചുണ്ടുകൾ വിറച്ചു. കണ്ണുകൾ നീരണിഞ്ഞു. നിലത്ത് കുന്തിച്ചിരുന്ന് അവൾ കുറേ നേരം മുഖം പൊത്തിക്കരഞ്ഞു. പിന്നെ ഏതോ ഒരു നിമിഷത്തിൽ ഭൂതാവേശിതയെ പോലെ അവൾ അവളുടെ ചിത്രപ്പെട്ടി എന്റെ നേർക്ക് ആഞ്ഞെറിഞ്ഞു. ആ പെട്ടിക്കും അതിലെ മുത്തുമാലകൾക്കും വളകൾക്കുമൊപ്പം എന്റെ കാഴ്ചയും ചിതറിപ്പോയി. പുകപടലം പോലെ എന്നെ മൂടിയ മങ്ങിയ കാഴ്ചനുറുങ്ങുകളിലൂടെ പിന്നെ ഞാൻ കണ്ടത് അവൾ പതിനായിരങ്ങളായി ഉയർത്തെഴുന്നേൽക്കുന്നതാണ്. വ്യക്തതയുടെ ബാക്കിയായ ഏതോ തലം കൊണ്ട് ഞാൻ ബിംബങ്ങൾക്കായി പരതുമ്പോൾ അതു കടന്നെടുത്ത അവൾ പെട്ടെന്നതുമായി എങ്ങോട്ടാണോടിയതെന്നും പിന്നെ എവിടെയാണത് ആഞ്ഞുറപ്പിച്ചു നിറുത്തിയതെന്നും എനിക്കു വ്യവച്ഛേദിച്ചെടുക്കാനായില്ല. നൊടിയിടയിൽ മാറിമറിഞ്ഞ ചിത്രങ്ങളുടെ നൂലാമാലകൾ നേരേയാക്കാൻ ഞാൻ ശ്രമിക്കുമ്പോഴേക്കും ഒരു പ്രവാഹം എന്നെ വന്നു മൂടിയിരുന്നു. തകർന്ന എന്റെ കണ്ണിലെ ബാക്കിയായ അൽ‌പ്പക്കാഴ്ചയെ ആ പ്രവാഹം ഒന്നു കൂ‍ടി കലക്കിച്ചുവപ്പിച്ചെങ്കിലും അതിനിടയിൽ അവ്യക്തമായി ഞാൻ കണ്ട തുറിച്ചുന്തിയ ആ കണ്ണുകൾ ചന്ദ്രന്റേതായിരുന്നു എന്നെനിക്കുറപ്പാണ്

36 comments:

Jayasree Lakshmy Kumar said...

കാഴ്ചകളുടെ സാക്ഷ്യം

Unknown said...

ലക്ഷമി മണിക്കുട്ടിയുടെ കുട്ടികാലം.അവളുമായിട്ടുള്ള കഥാകാരിയുടെ കൂട്ട്,അവളുടെ ദു:ഖങ്ങളിലുള്ള
കൂട്ട്,അവളുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളും.
അവളുടെ വേദനകൾ നിറഞ്ഞ ബാല്യം,
പിന്നെ സാധാരണ പെൺകുട്ടികളുടെതു പോലുള്ള അവളുടെ വളർച്ച.അവളുടെ വിവാഹം കഴിക്കാൻ എത്തുന്ന ചന്ദ്രൻ,അയ്യാളിൽ അവൾ കാണുന്ന തണൽ.
വിവാഹം കഴിഞ്ഞൂ കുറച്ചു ദിവസങ്ങൾക്കുള്ളീൽ ചന്ദ്രനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ കുടികഴിഞ്ഞൂള്ള അയ്യാളുടെ വരവ്.കൂട്ടുകാർ.ഒരു രാത്രി മണിക്കുട്ടിക്ക് അതു സംഭവിക്കുന്നു.സാധാരണ നാട്ടുപുറങ്ങളിൽ ജീവിക്കുന്ന പുറലോകം എന്തെന്നറിയാത്ത പെൺകുട്ടികൾക്ക് ഉണ്ടാകുന്ന അനുഭമാണ് ഈ കഥ.ഈ മണിക്കുട്ടി ഒരു പക്ഷെ ലക്ഷമി അറിയുന്ന കുട്ടിയോ അല്ലെൽ മറ്റെതെങ്കിലും സാഹചര്യത്തിൽ കഥാകാരിയിലെക്ക് വന്നു ചേർന്ന കഥാപാത്രമോ ആകാം
എന്തായാലും സമൂഹികമായ ഒരു വിഷയം ആണ്
ഈ കഥയിലൂടെ കഥാകാരി വരച്ചു കാട്ടിയത്.
നന്നായിരിക്കുന്നു
മണിക്കുട്ടി വായനകാരന്റെ മനസ്സിൽ ഒരു നൊമ്പരമായി മാരുന്നു

സജി said...

വായിച്ചു കഴിഞ്ഞപ്പോള്‍ വിഷമം തോന്നി.. അല്ലാതെ ഒന്നും പറയാനറിയില്ല....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മണിക്കുട്ടി എന്റെ മനസ്സില്‍ ഒരു നൊമ്പരമായി പടര്‍ന്ന് കയറി.കഥ നന്നായിട്ടുണ്ട്.
ആശംസകള്‍..........
വെള്ളായണി

Appu Adyakshari said...

കഥയുടെ പകുതിയോളമാ‍യിട്ടാണ് ഈ കഥ പറയുന്നത് ഒരു കണ്ണാടിയാണെന്ന് മനസ്സിലായത്. വളരെ നന്നായിരുന്നു അവതരണം.

“വ്യക്തതയുടെ ബാക്കിയായ ഏതോ തലം കൊണ്ട് ഞാൻ ബിംബങ്ങൾക്കായി പരതുമ്പോൾ അതു കടന്നെടുത്ത അവൾ പെട്ടെന്നതുമായി എങ്ങോട്ടാണോടിയതെന്നും പിന്നെ എവിടെയാണത് ആഞ്ഞുറപ്പിച്ചു നിറുത്തിയതെന്നും എനിക്കു വ്യവച്ഛേദിച്ചെടുക്കാനായില്ല...’

എന്തുചെയ്യാം. ദുര്‍വിധി..അല്ലാതെന്തു പറയാന്‍.

ഹരീഷ് തൊടുപുഴ said...

നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരുന്നതും; ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതും അല്ലേ...
ഒന്നു കൂടി... നല്ല അവതരണം... ആശംസകള്‍

നരിക്കുന്നൻ said...

'മങ്ങിയതെങ്കിലും എന്റെ കാഴ്ചകൾ എനിക്കു നൽകുന്ന മണിക്കുട്ടിയുടെ ഈ രൂപത്തേക്കാൾ അന്ധതയാണ് നല്ലതെന്ന് ഞാൻ ആഗ്രഹിച്ചു പോയി.'

എല്ലാം കണ്മുന്നിൽ കാണുന്ന പോലെ വ്യക്തമായ എഴുത്ത്. മണിക്കുട്ടി വായനക്കാരിലേക്കും ഒരു നൊമ്പരമായി പെയ്യുമ്പോൾ കണ്ണുകൾ സജലങ്ങളാകുന്നു.

മനോഹരമായ എഴുത്തെന്ന് പ്രത്യേകം പറയുന്നില്ല. ഈ ശൈലി വളരെ ഇഷ്ടപ്പെടുന്നു.

വികടശിരോമണി said...

അദ്യഭാഗത്തിന്റെ അയവ് ഒഴിച്ചു നിർത്തിയാൽ മനോഹരമായ കഥ.അവസാനഭാഗത്തെ രചനാശൈലിക്ക് തൊപ്പിയൂരി സലാം:)
ആ ചിത്രപ്പെട്ടി ഒരു പ്രതീകമാകുന്നത് മനോഹരമായിരിക്കുന്നു.
ഞാനാദ്യം പറഞ്ഞിടത്തു തന്നെ നിർത്തട്ടെ,ഇത്തരം സ്വഗതാഖ്യാനങ്ങളെ ഭംഗിയാക്കുന്നത് ശിൽ‌പ്പത്തിലെ ഇഴയടുപ്പം കൂടിയാണ്. അത് ആദ്യഭാഗങ്ങളിൽ അൽ‌പ്പം കൈമോശം വന്നിട്ടില്ലേ എന്നു സംശയം.ഒന്നു കൂടി ലക്ഷ്മി തന്നെ അഴിച്ചുപണിതാൽ ഇതിലും നന്നാക്കാമെന്നു തോന്നുന്നു.
ആശംസകൾ...

അപരിചിത said...

ഒരു പെണ്ണിന്റെ ജീവിതം...ഏതെല്ലാം അവസ്തകളിലൂടെ....!!!
ഒരുപാട്‌ സ്വപ്നങ്ങളുമായി ജീവിതം തുടങ്ങും എന്നാലും പലപ്പോഴും അതിന്റെ താളം തെറ്റി പോകും...ആരെ ആണു കുറ്റം പറയേണ്ടത്‌?? എന്തിനേ ആണു?
അതേ എല്ലാത്തിനും നമ്മുക്ക്‌ സാക്ഷ്യം വരിക്കാം

അവസാന വരികള്‍ നന്നായിരിക്കുന്നു!!

ഇഷ്ടപ്പെട്ടു...!!
:)

Ranjith chemmad / ചെമ്മാടൻ said...

നല്ല അവതരണം...
ആശംസകള്‍..........

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌.....മണിക്കുട്ടിയൊരു നൊമ്പരമായി മനസ്സില്‍ നിറയുന്നു....കാണപ്പുറങ്ങളിലിതുപോലെ എത്രയോ മണിക്കുട്ടിമാര്‍....

Sands | കരിങ്കല്ല് said...

:)

വായിക്കാന്‍ തുടങ്ങും മുമ്പേ ഞാന്‍ ഒരു നിമിഷം എന്നെ തന്നെ Warn ചെയ്തു... ലക്ഷ്മിയുടെ കഥയല്ലേ ... “Suicide or Murder" എന്ന കഥയൊക്കെ എഴുതിയ ആളല്ലേ..

വല്ല കുനുഷ്ടും ഉണ്ടെങ്കിലോ? ;)

കഥ നന്നായീ‍...

മുമ്പേ ആലോചിച്ച കാരണം കാര്യം പെട്ടെന്നു പിടികിട്ടുകയും ചെയ്തു :)

- ഞാന്‍.

അതേയ്.. കാലിന്റെ കാര്യം എന്തായീ...?

nandakumar said...

Ullulakkunna ezhuthu!!!

Rare Rose said...

ലക്ഷ്മീ..,പരിചിതമായ ഒരു കഥ ഒരു കണ്ണാടിയിലൂടെ തീര്‍ത്തും വ്യത്യസ്തമായി ,സുന്ദരമായി എഴുതിയിരിക്കുന്നു..ഇനിയും രചനയില്‍ ഇത്തരം പുതുമയാര്‍ന്ന ശൈലി കടന്നു വരട്ടെ..:)..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വളരെ നന്നായിട്ടുണ്ട്. നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍.

amantowalkwith@gmail.com said...

again a view from different angle ,a different view point.. congrats lakshmi..

Sapna Anu B.George said...

സത്യമായ ഒരു മണീക്കുട്ടിക്കഥ ഒരിത്തിരി വേദനിപ്പിച്ചു.......

കുഞ്ഞന്‍ said...

ലക്ഷ്മി ജീ..

ഒരു ജീവിതം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. മണിക്കുട്ടിയുടെ ജീവിതമാണ് കാണിക്കുന്നതെങ്കിലും ഇതിലെ നായിക കണ്ണാടിയാണ് കൈയ്യടി നേടുന്നത്. കണ്ണാടിയാണെന്ന് മനസ്സിലാക്കുന്നത്, ഭര്‍തൃ വീട്ടിലേക്ക് കൂടെകൊണ്ടുപോകുകയും ഒരു വശം ഒഴിച്ചിടുകയും എന്നു പറയുമ്പോള്‍ സത്യമായും ഞാന്‍ വിചാരിച്ചത് വളര്‍ത്തു മൃഗമാണെന്നാണ്. അത് പശുവായി പട്ടിയായി പൂച്ചയായി വന്നു, എന്നാല്‍ അവസാനമാകുമ്പോഴേക്കും കണ്ണാടിയാണെന്ന് മനസ്സിലാക്കാനുള്ള സൂചനകള്‍ മുന്‍ വരികളില്‍ നിന്നും കിട്ടുന്നു.

വായനക്കാരെ ഒരു ആശയക്കുഴപ്പത്തിലേക്കൊ ആശ്ചര്യത്തിലേക്കൊ കൊണ്ടു പോകാന്‍ ലക്ഷ്മിജിയ്ക്കുള്ള കഴിവ് അപാരം തന്നെ, അഭിനന്ദനങ്ങള്‍..!

വരവൂരാൻ said...

ഇതിലെ നായിക കണ്ണാടിയാണെന്ന് മനസ്സിലാക്കുന്നത് തന്നെ കമന്റ്സ്സ്‌ വായിച്ചപ്പോഴാണു. മണിക്കുട്ടി നൊമ്പരമായി

ആഗ്നേയ said...

നന്നായവതരിപ്പിച്ചിരിക്കുന്നു ലക്ഷ്മീ...നല്ല ശൈലി
അപ്പുവിന്റെ കമന്റ് വായിച്ചപ്പോഴാണ് എനിക്ക് ഭാവന ബ്രെയിന്‍ മസ്സാജറ് വച്ചത്..അപ്പൊപ്പോയി ഒന്നൂടെ വായിച്ചു..:-)
അഭിനന്ദനങ്ങള്‍..

smitha adharsh said...

ഇങ്ങനെ എത്രയെത്ര മണിക്കുട്ടിമാര്‍?
അവരുടെ ജീവിതവും നമുക്കു മുന്നില്‍..!!
ആഗ്നേയ യുടെ കമന്റ് നു കീ ജയ്..!
ഞാനും ഒന്നു തപ്പി പിടിച്ചാ..ഈ "ഞാന്‍" ആരെന്നു കണ്ടിപിടിച്ചത്.
പോസ്റ്റ് നന്നായി കേട്ടോ..ഉഗ്രന്‍..

nandakumar said...

ലക്ഷ്മി, കഫേയിലായിരുന്ന കാരണം വിശദമായി കമന്റാന്‍ പറ്റിയില്ല.
ഒരു സാധാരണ നാട്ടുമ്പുറത്തെ പെണ്‍കുട്ടിയുടെ പഴകി പറഞ്ഞ കാര്യമാണെങ്കിലും ഈ ആഖ്യാന ശൈലി വളരെ ഇഷ്ടമായി. ഒരു കണ്ണാടീയിലുടെയുള്ള ജീവിത സാക്ഷ്യം. പ്രത്യേകിച്ച് ആ അവസാന പാരഗ്രാഫ്. ഗംഭീരമായിട്ടുണ്ട്. അതിനു പ്രത്യേകാഭിനനദനം പറയാതെ വയ്യ!
കഥകളില്‍ തുടരുന്ന ഈ വ്യത്യസ്ഥ ആഖ്യാന ശൈലി തുടരുക, നിലനിര്‍ത്തുക. അഭിനന്ദനങ്ങള്‍.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

? -- !!!

പേടിരോഗയ്യര്‍ C.B.I said...

അവതരണം കൊണ്ട് പതിവുപോലെ മികച്ചതായിരുന്നു ... എന്റെ അഭിപ്രായത്തില്‍ വളരെ നന്നായിട്ടുണ്ട്... തുടരുക ആശംസകള്‍

അരുണ്‍ കരിമുട്ടം said...

അവതരണത്തില്‍ വളരെയധികം വ്യത്യസ്തതയുണ്ടായിരുന്നു.ഒറ്റ ഇരുപ്പിനു ആരും വായിച്ച് പോകും.നന്നായിരിക്കുന്നു.

Unknown said...

laksmi,
വായനക്കു ശേഷം ഒരു വേദന.
അവളുടെ വേദന എന്റെയും വേദനയായി.
നന്നായിരിക്കുന്നു.
അഭിനന്ദനം.

Bindhu Unny said...

നൊമ്പരമുണര്‍ത്തുന്ന കഥ...

B Shihab said...

ലക്ഷമി മണിക്കുട്ടി നൊമ്പരമായി

വിജയലക്ഷ്മി said...

Lkashmi : katha nannaaitundu mole,manikkutti manassil nomparamaayimaari...

വിജയലക്ഷ്മി said...

Lkashmi : katha nannaaitundu mole,manikkutti manassil nomparamaayimaari...

ഗീത said...

ലക്ഷ്മീ, കഥ പറഞ്ഞ രീതി വളരെ നന്നായിരിക്കുന്നു. അപ്പുവിന്റെ കമന്റില്‍ നിന്നാണ് കഥാകാരി കണ്ണാടി ആണെന്നു മനസ്സിലാകുന്നത്. അതുവരെ കുഞ്ഞന്‍ പറഞ്ഞപോലെ വളര്‍ത്തുപൂച്ചയോ മറ്റോ ആയിരിക്കുമെന്നു കരുതി.
കൊള്ളാം ലക്ഷ്മീ.

anamika said...

orupaadishtappettu...
pratyekichu avasaana bhaagam ...

oru different approach

ബിന്ദു കെ പി said...

ലക്ഷ്മീ,
അഭിനന്ദനങ്ങൾ...!!
പുതുമയില്ലാത്ത ഒരു കഥയെ തികച്ചും പുതുമയാർന്ന ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ ഭാഗം ഗംഭീരം!

ജെ പി വെട്ടിയാട്ടില്‍ said...

ലക്ഷ്മിക്കുട്ടീ........
നിന്നെ ഇപ്പോ കാണാനില്ലല്ലോ മോളേ?
കാലില അസുഖം ഭേദമായല്ലോ....... പൂര്‍ണ്ണമായുമിപ്പോള്‍...

jyo.mds said...

അവതരണ ശൈലി നന്നായിരിക്കുന്നു--പലരുടേയും ജീവിതം ഇങ്ങിനെ ഒടുങ്ങുന്നു-മനസ്സില്‍ ഒരു നൊംബരം

Sapna Anu B.George said...

Great Stroy.......will be reading more and more of your lines