Friday, 9 May 2008

കിട്ടാതെ പോയ....

തൊണ്ണൂറുകളുടെ ആദ്യത്തിലേപ്പോഴോ ആണെന്നു തോന്നുന്നു, എന്റെ അമ്മ ഒരു സര്‍ക്കാര്‍ താലൂക്ക് ആസ്പത്രിയില്‍ നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന സമയം. ഒരു ദിവസം ഉച്ചയോടടുത്ത് ഒരു ശിപായി വന്ന്, ഹോസ്പിറ്റല്‍ സുപ്രണ്ട് അമ്മയോട് പെട്ടെന്ന് ഒന്ന് സൂപ്രണ്ടിന്റെ മുറിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടതായി അറിയിച്ചു. അമ്മ അവിടെ എത്തുമ്പോള്‍ അതേ ആസ്പത്രിയിലെ ജോലിക്കാരായ ഒരു നേഴ്സും ഒരു നേഴ്സിങ് അസിസ്റ്റന്റും സൂപ്രണ്ടിന്റെ മുറിയിലുണ്ടായിരുന്നു. സൂപ്രണ്ടിനെ കൂടാതെ മുറിയിലുണ്ടായിരുന്ന നാലാമനെ അമ്മക്ക് തീരെ പരിചയമില്ല. ഒരു നാല്‍പ്പതിനടുത്ത് വയസ്സ് തോന്നിക്കുന്ന, ചടച്ച, ലുങ്കിയും ഷര്‍ട്ടുമിട്ട ഒരു മനുഷ്യന്‍. ‘ദാ, നിങ്ങള്‍ പറഞ്ഞ പേരില്‍ ഈ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന മൂന്നാമത്തെ ആളും എത്തി. ഇതാണോ ആളെന്ന് നോക്ക്.’ പ്രശ്നമൊന്നുമില്ല എന്ന മട്ടില്‍ അമ്മയെ നോക്കി കണ്ണിറുക്കി ചിരിച്ചിട്ട് സൂ‍പ്രണ്ട് ആ മനുഷ്യനോട് ചോദിച്ചു. അമ്മയുടെ അതേ പേരുകാരായ മറ്റു രണ്ടു പേരുടെ മുഖങ്ങള്‍ അമ്മ അപ്പോഴാണ് ശ്രദ്ധിച്ചത്. അനാവശ്യമായി അലോസരപ്പെടുത്തിയതിന്റെ ഒരു ദേഷ്യഭാവം അവരുടെ മുഖത്തുണ്ടായിരുന്നു.‘ഇതല്ല. വേറൊരു .......സിസ്റ്ററാ’ അയാള്‍ പറഞ്ഞു‘എന്റെ അറിവില്‍ താന്‍ പറഞ്ഞ പേരില്‍ ഈ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന മൂന്നേ മൂന്നു പേര്‍ ഇവരാണ്. ഇനിയും തനിക്ക് ആളെ കണ്ടുപിടിക്കണമെങ്കില്‍ ഏതെങ്കിലും പോലീസ്‌സ്റ്റേഷനില്‍ ചെന്ന് പരാതിപറയ്’ എന്നു പറഞ്ഞിട്ട് സൂപ്രണ്ട് അയാളെ പറഞ്ഞു വിട്ടു.ജോലിക്കിടയില്‍ വിളിപ്പിക്കേണ്ടി വന്നതില്‍ ക്ഷമ പറഞ്ഞു കൊണ്ട് സൂപ്രണ്ടാണ് കാര്യങ്ങള്‍ ഈ മൂന്ന് ‘വിവാദ’ പേരുകാരോട് വെളിപ്പെടുത്തിയത്. മൂന്നു നാലു ദിവസങ്ങള്‍ക്കു മുന്‍പ്, അപ്പോള്‍ അവിടെ നിന്നിറങ്ങിപ്പോയ അയാള്‍, ആയിടെ പരിചയപ്പെട്ട ഒരു സ്ത്രീയുമായി ഒരു ഹോട്ടല്‍ മുറിയില്‍ അന്തിയുറങ്ങിയത്രേ. അവര്‍ അയാളോട് പറഞ്ഞത്, അവര്‍ അമ്മ ജോലി ചെയ്യുന്ന അതേ ആസ്പത്രിയില്‍ നേഴ്സ് ആണെന്നും അവരുടെ പേര്‍ ‘......’ ആണെന്നും. [അമ്മയുടെയും മറ്റ് രണ്ട് സ്റ്റാഫിന്റേയും പേര്‍ തന്നെ]. തന്റെ ‘ചാര്‍ജി’നു പുറമേ അഡ്വാന്‍സ് ആയി നല്ലൊരു സംഖ്യയും വാങ്ങി, അന്നു വൈകിട്ടും കാണാമെന്ന ഉറപ്പില്‍ ടി.കക്ഷി രാവിലെ സ്ഥലം വിട്ടു. അന്നു വൈകിട്ടോ അതിനടുത്ത ദിവസങ്ങളിലോ ഒന്നും പ്രത്യക്ഷപ്പെടാതായപ്പോഴാണ് തന്റെ കാശും അടിച്ചു മാറ്റി മേല്‍പ്പറഞ്ഞ ‘സിസ്റ്റര്‍’ മുങ്ങി എന്ന് ഇദ്ദേഹത്തിന് മനസ്സിലായത്. ആളെ കയ്യോടെ പിടിച്ച് കാശ് തിരികെ വാങ്ങാന്‍ പുറപ്പെട്ടതാണ് ഈ മാന്യന്‍. നല്ല തിരക്കുള്ള, സാമാന്യം വലിയ ആ ആസ്പത്രിയില്‍ ‘ആളെ’ അന്വേഷിച്ച് തേരാപാരാ നടന്ന ഈ മനുഷ്യന്‍ അവസാ‍നം സൂപ്രണ്ടിന്റെ മുറിയിലേക്ക് എത്തിക്കപ്പെടുകയായിരുന്നു. അന്ന് വൈകീട്ട് ഈ സംഭവം അമ്മ വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ ‘ഇവനെയൊക്കെ അടിച്ച് കയ്യും കാലും ഒടിക്കുകയാണ് വേണ്ടത്’എന്ന് പറഞ്ഞാണ് അച്‌ഛന്‍ പ്രതികരിച്ചത്. അമ്മയുടെ പേരുകാരായ, അമ്മയേക്കാള്‍ ചെറുപ്പക്കാരായ മറ്റ് രണ്ടു പേരുടെ ഭര്‍ത്താക്കന്മാരും ഏതാണ്ട് ഇതേ രീതിയിലാണ് പ്രതികരിച്ചത് എന്നറിയാന്‍ കഴിഞ്ഞു. പക്ഷെ എനിക്ക് ആ ‘മാന്യ’ന്റെ ‘സത്യസന്ധത’യില്‍ അല്‍പ്പം ആദരവാണ് തോന്നിയത്. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ നഷ്ടപ്പെട്ട കാശ് , എന്നൊരു പടുബുദ്ധി തോന്നിയിട്ട് അയാള്‍ അവരെ ആരെയെങ്കിലും ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍...പല പകല്‍മാന്യന്മാര്‍ക്കും മാന്യതയുടെ ആ ലേബല്‍ ഉള്ളിടത്തോളമുള്ള ബലം പിടുത്തമേ ഉള്ളു. ഒരിക്കല്‍ അത് നഷ്ടപ്പെട്ടാല്‍ പിന്നെ എത്രടം വരെ അധ:പ്പതിക്കുന്നതിനും അവര്‍ക്ക് ഒരു മടിയും കാണില്ല. അവിടന്നും താഴ്ന്ന്, മുഴുവന്‍ മുങ്ങിയാല്‍ കുളിരില്ല എന്ന അവസ്ഥയില്‍ ഒരു അന്തോം കുന്തോം ഇല്ലാതെ അടക്കുന്ന മേല്‍ പറഞ്ഞ പോലത്തെ ഒരു മാന്യദേഹത്തിന് , വേണമെങ്കില്‍ ‘എന്തും’ പറയാമായിരുന്നു.പ്രബുദ്ധരാണ് നമ്മള്‍ മലയാളികള്‍. 'Seeing is believing' എന്ന തത്വത്തില്‍ വിശ്വസിക്കുന്നവര്‍. ഭാവനാസമ്പന്നരാണ് പലരും. 'Behind the curtain' കാര്യങ്ങളെ കുറിച്ച് ഒരുപാട് ഭാവനാസൃഷ്ടികള്‍ ഉണ്ടാക്കാനും അറിയാം. അയാള്‍ മറിച്ചെന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അതില്‍ എന്തെങ്കിലും വാസ്തവമുണ്ടായ്ക്കൂടേ എന്നും തീയില്ല്ലാതെ പുകയുണ്ടാകുമോ എന്നും ഒരു ആവറേജ് മലയാളി ചിന്തിക്കും. വിശ്വാസത്തേയും അവിശ്വാസത്തേയും വേര്‍തിരിച്ചിരിക്കുന്നത് വളരേ നേര്‍ത്ത ഒരു സ്തരം കൊണ്ടാണ്
Posted by lakshmy at 10:44 21 comments