Saturday, 18 January 2025

മാടപ്രാവമ്മ

 മുത്തശ്ശി കഥ തുടർന്നു.

''തെക്കേപ്രത്തെ മണ്ടപ്ലാവിലെ മാടപ്രാവമ്മ 

മൂന്നു മൊട്ടീട്ടു

ഒന്നൊടഞ്ഞു പോയ്, ഒന്ന് ഞെരിഞ്ഞുപോയ്, 

ഒന്ന് കിണറ്റിലുവീണു താണുപോയ്. 

അത് എടുത്തുതരാത്ത  ആശാരിമോൻ്റെ 

മുഴക്കോല് കരളാത്ത എലി.

എലിയെ പിടിക്കാത്ത പൂച്ച. 

 പൂച്ചെ പിടിക്കാത്ത പട്ടി.

പട്ടിയെ തല്ലാത്ത എഴുത്തുപിള്ളേര്. 

എഴുത്തുപിള്ളേരെ തല്ലാമോ ആശാനേന്നു  പ്രാവമ്മ ചോദിച്ചു'' 


ശ്രുതിമോളുടെ കൊഞ്ചൽ, ബാക്കി കഥയെ പൂരിപ്പിച്ചു


''ആശാൻ അപ്പൊ എയുത്തുപിള്ളേരെ തല്ലി.

എയുത്തുപിള്ളേര് പട്ടിയെ തല്ലി. 

പട്ടി ചെന്ന് പൂച്ചെ  പിടിച്ചു. 

പൂച്ച ചെന്ന് എല്യെ  പിടിച്ചു. 

എലി പോയി ആശാരിമോന്റെ മൊയക്കോലു  കരണ്ടു.

ആശാരി മോൻ അപ്പൊ കെൺറ്റിലെറങ്ങി  മൊട്ടയെടുത്ത് കൊട്ത്തു.

മാടപ്രാവമ്മയ്ക്ക് സന്തോഷായി. 

ഈ കത എന്നോട് എത്ര വട്ടം പറഞ്ഞേക്ക്ണൂ മുത്തശ്ശീ.... ഇനി വേറെ കത പറയൂ'' ശ്രുതിമോൾചിണുങ്ങി.

മുത്തശ്ശിക്ക് ആയിരം കഥകളറിയാം. പക്ഷെ എപ്പോഴൊക്കെ  ശ്രുതിമോൾ കഥ പറയാൻ ആവശ്യപ്പെട്ടാലും മുത്തശ്ശി ആദ്യം പറയുന്ന കഥ പ്രാവമ്മയുടേതാണ്. മാത്രമല്ല പണികൾക്കിടയിലായാലും വെറുതെയിരിക്കുമ്പോഴായാലും  മുത്തശ്ശിയുടെ ചുണ്ടുകൾ ആ കഥപ്പാട്ടിൻ്റെ മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നുമുണ്ടാകും. സത്യത്തിൽ ശ്രുതിമോളോട് ഏതൊക്കെ കഥകൾ പറഞ്ഞുകഴിഞ്ഞു എന്ന് മുത്തശ്ശി മറന്നുപോകുന്നതാണ് പ്രശ്നം. അത്തരം ചെറുമറവികളുണ്ടെങ്കിലും ജീവിതത്തിൻ്റെ ഉഴവുപാടങ്ങളിൽ വിത്തുവിതച്ച് നട്ടുവളർത്തി, ആഴങ്ങളിൽ വേരോടിച്ചവ ഒന്നിനേയും പ്രായാധിക്യത്തിൻ്റെ മറവികൾക്ക് മുത്തശ്ശിയിൽ നിന്നും പിഴുതെടുക്കാനായിട്ടില്ല. പഴയ ഈ കഥകളും അതേവിധം രൂഢമൂലമായി മുത്തശ്ശിയിലുണ്ട്. ശ്രുതിമോളുടെ ബാലമനസ്സിൻ്റെ കന്നിപ്പാടങ്ങളിൽ അവ ധാരാളം വിത്തുകൾ പൊഴിച്ചിട്ടിരിക്കുന്നു. ആ ഉർവരമനം അവയെ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കുന്നു.  

മുത്തശ്ശിക്കെത്രതന്നെ പണിത്തിരക്കുണ്ടെങ്കിലും ശ്രുതിമോൾക്ക് കഥ കേൾക്കണം. അമ്മത്താറാവിൻ്റെ കാലുകളെ പിൻതുടരുന്ന കുട്ടിത്താറാവിനെപ്പോലെ, കഥകൾക്കായി മുത്തശ്ശിയെ പിൻപറ്റി നടക്കും അപ്പോൾ ശ്രുതിമോൾ. പണികളില്ലാത്തപ്പോഴോ ആ ചിറകിനടിയിലെ  ചുളുവുവീണ മെയ്യിൻ്റെ ചൂടിൽ പറ്റിക്കൂടും.  മുത്തശ്ശിയുടെ ഏകാന്തതയിൽ പറന്നുനടക്കുന്ന ഈ കുഞ്ഞിക്കിളിക്ക് മുത്തശ്ശി കഥകളുടെ തേനും തിനയും ആവോളം നൽകും. 

കഥകളോടുള്ള  ശ്രുതിമോൾടെ ഈ ഇഷ്ടം ശ്രുതിമോൾടെ അമ്മയ്ക്ക് എപ്പോഴും ഉപകാരപ്രദമാകാറുമുണ്ട്. വലിയ പണിത്തിരക്കുകൾക്കിടയിൽ വികൃതിക്കുട്ടിയുടെ മേലുള്ള കടിഞ്ഞാൺ പൊട്ടിപ്പോകുമ്പോൾ അമ്മ അത് മുത്തശ്ശിയെ ഏൽപ്പിക്കും. മുത്തശ്ശിയവയെ  കഥകൾ കൊണ്ടു മെനഞ്ഞെടുത്തുനിയന്ത്രിക്കും. 

അമ്മയ്ക്കാണെങ്കിൽ കഥയുടെ ഒരു ചെറുനൂലുപോലും കയ്യിലില്ല. ചോദിച്ചാലോ അമ്മയ്ക്കൊന്നിനും സമയവുമില്ല. എപ്പോഴും ജോലിത്തിരക്ക് തന്നെ. ശ്രുതിമോൾ എത്ര നേരത്തെ ഉണർന്നാലും, അതിനും മുൻപേ അമ്മയും അടുക്കളയും ഉണർന്നിട്ടുണ്ടാകും. എത്ര വൈകി ഉറങ്ങിയാലും അതിലും വൈകിയേ അവരിരുവരും ഉറങ്ങുകയുമുള്ളൂ.  അമ്മയ്ക്ക് ഈ ലോകത്തേറ്റവുമിഷ്ടം അടുക്കളയെയാണെന്നാണ് ശ്രുതിയുടെ വിശ്വാസം.അവൾക്കതിൽ പരാതിയുണ്ടെങ്കിലും ആ കൂട്ടുകെട്ട് തൻ്റെ നാവിലേക്ക് പകരുന്ന രസവൈവിധ്യങ്ങൾ ശ്രുതിയ്ക്കിഷ്ടമാണ്. വിശേഷവിഭവങ്ങൾ എന്തുണ്ടാക്കിയാലും അതിലൊരു പങ്ക് അമ്മ മറക്കാതെ മുത്തശ്ശിക്ക് എത്തിക്കാറുമുണ്ട്. പക്ഷെ മുത്തശ്ശിയുടെ പ്രാതൽപ്പിഞ്ഞാണത്തെ എന്നും  നിറയ്ക്കുന്നത്, പഴംചോറിൽ വെള്ളമൊഴിച്ചുണ്ടാക്കുന്ന കഞ്ഞിയാണ്. അതിനൊപ്പം, ഒരു ദിവസത്തെ കാത്തിരിപ്പിൻ്റെ മുഷിച്ചിലിനൊടുവിൽ കഞ്ഞിയുടെ ആശ്ലേഷത്തിൽ വീണലിയാനെത്തുന്ന അൽപ്പം കറിയുമുണ്ടാകും. മുത്തശ്ശിക്കെന്നും രണ്ടുനേരമാണ് ഭക്ഷണം

വൈകുന്നേരങ്ങളിൽ മുത്തശ്ശിയുടെ അടുപ്പിലെ തീ, ഒരു അനുഷ്ടാനം പോലെ,  വീണ്ടും മൺകലത്തിൽ കഞ്ഞി തിളപ്പിക്കും. അരികുപൊട്ടിയ അലൂമിനിയച്ചട്ടി, അമ്മിക്കല്ലിലിടിച്ച മുളകിൻ്റേയും ഉള്ളിയുടേയും രസക്കൂട്ടിൽ, നാവൂറും രുചിയുടെ മണം പരത്തും. ഒരു ദിവസം ഒരു കറിമണത്തിൽക്കൂടുതലൊന്നും മുത്തശ്ശിയുടെ അടുക്കള അറിയാറില്ല. ഒറ്റക്ക് കഴിയുന്ന തനിക്കൊരാൾക്ക് അതുതന്നെ ധാരാളമാണെന്നാണ് മുത്തശ്ശി പറയുന്നത്. 

മുത്തശ്ശിയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഭക്ഷണസമയത്തിനുമുൻപേ 'അമ്മ ശ്രുതിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാറുണ്ടെങ്കിലും ഇടയ്ക്ക് വല്ലപ്പോഴും അമ്മയുണ്ടാക്കുന്ന വിഭവങ്ങളേക്കാൾ ഇഷ്ടത്തോടെ, മുത്തശ്ശിയുടെ രുചിക്കൂട്ടുകളെ ശ്രുതിയുടെ നാവ് ആസ്വദിക്കാറുണ്ട്. വെളുത്ത കവടിപ്പാത്രത്തിൽ, പൊട്ടിച്ചിട്ട ഉള്ളിയും കാന്താരിമുളകും ഇടകലർന്നുകിടക്കുന്ന കഞ്ഞിയിലേക്ക്, ചൂടാക്കിയെടുത്ത ഇത്തിരി കറി ചേർത്ത്, കൈകൊണ്ടിളക്കി,  കാലത്തെ ഭക്ഷണം മുത്തശ്ശി  കോരിക്കഴിക്കുന്നതു കാണുമ്പോൾ അതും ഒന്നു രുചിച്ചുനോക്കണമെന്ന് ശ്രുതിക്ക് തോന്നുമെങ്കിലും ‘വയറിനു പിടിച്ചില്ലെങ്കിലോ‘ എന്ന് പറഞ്ഞ് മുത്തശ്ശി ശ്രുതിമോളെ നിരുത്സാഹപ്പെടുത്തും.

’എങ്കി മുത്തശ്ശിയെന്തിനാ അത് കയിക്കണെ?   രാവിലെ പുത്യേ ചോറും കറീം ഇണ്ടാക്കികയിക്കരുതോ’. എന്ന് ശ്രുതിമോൾ ചോദിക്കും.

ആ ചോദ്യത്തിന് ഒരു പുഞ്ചിരിയും തുടർന്നുവരുന്ന നിശ്ശബ്ദതയുമായിരിക്കും മുത്തശ്ശിയുടെ മറുപടി.

പടിഞ്ഞാറ് സായംസന്ധ്യയുടെ വാതിൽ തുറന്നിറങ്ങിവന്ന  പ്രകാശം  മുത്തശ്ശിയുടെ മുറ്റത്തെ മഞ്ഞനിറത്താൽ മെഴുകി. കഴുകിയുണക്കിയ വെളുത്ത പരുത്തിത്തുണിച്ചീന്തുകളെ ഉമ്മറക്കോലായിലിരുന്ന് മുത്തശ്ശി, കാൽമുട്ടിന് കീഴെ വച്ച് ചെറുതിരികളാക്കി തെറുത്തെടുത്തു. 

'കത പറ മുത്തശ്ശീ’  ശ്രുതിമോൾ വാശി പിടിച്ചു. 

''എങ്കിൽ കൊല്ലത്തു പൊൻമകൻ്റെ കഥ പറയാം.''

''അതും പറഞ്ഞതാണ് മുത്തശ്ശി.....''

''തച്ചോളി ഒതേനക്കുറുപ്പിൻ്റെ ?'' 

''അതും പറഞ്ഞു '' ശ്രുതിയുടെ ക്ഷമ കെട്ടു.  കഥയുടെ അക്ഷയപാത്രത്തിലെ തരിബാക്കികൾക്കായി മുത്തശ്ശി പരതി. 

അൽപ്പം ഒന്നാലോചിച്ചിരുന്നിട്ട് മുത്തശ്ശി വേറൊരു കഥ പറഞ്ഞു തുടങ്ങി. ശ്രുതിമോൾക്ക് ഉൽസാഹമായി


'' പണ്ട് പണ്ട് കടൽവാഴ്കര ദേശത്ത് ഒരച്ഛനുമമ്മയ്ക്കും  മൂന്നുമക്കളുണ്ടായിരുന്നു. മൂത്തത് പെണ്ണ്. ഇളയവർ ആൺകുട്ടികൾ. ചെറുവഞ്ചിയിൽ വലയുമായി അച്ഛൻ എന്നും കടലിൽ മീൻ പിടിക്കാൻ പോകും. കിട്ടുന്ന മീൻ വിറ്റ് കാശുമായി വൈകുന്നേരം വീട്ടിലെത്തും. അമ്മ അവ സൂക്ഷിച്ചുചിലവാക്കിയും,  പിന്നെ അച്ഛൻ കൊണ്ടുവരുന്ന ബാക്കി മീൻ ഉണക്കി വിറ്റും, കാശ് ചേർത്തുവച്ചു.  തട്ടിയും മുട്ടിയും സന്തോഷമായി അവർ ജീവിച്ചു വരവേ, ഒരുനാളിൽ പഠിക്കാൻ മടിയനായ രണ്ടാമത്തെ മകൻ, അച്ഛൻ വഴക്കുപറഞ്ഞ വിഷമത്തിൽ ഒരു ദിവസം ഒരു എഴുത്തുമെഴുതി വച്ച്.......’ മുത്തശ്ശിയുടെ സ്വരം എവിടെയോ തടഞ്ഞുനിന്നു.

''എഴുത്തുമെഴുതി വച്ച്?’ ശ്രുതിമോൾക്ക് ആകാംക്ഷയായി.

മൗനംവിഴുങ്ങിയ ഏതാനും നിമിഷങ്ങൾക്ക് ശേഷം മുത്തശ്ശി പറഞ്ഞു.  ’ദൈവത്തോട് പരാതി പറയാൻ പോയി. പിന്നെ തിരിച്ചു വന്നതേയില്ല.'' 

അത് പറഞ്ഞപ്പോൾ മുത്തശ്ശിയുടെ സ്വരം അൽപ്പമൊന്നിടറിയതുപോലെ ശ്രുതിക്ക് തോന്നി.  എഴുത്തിലെന്തായിരുന്നു എന്നറിയാനായിരുന്നു ശ്രുതിക്ക് തിടുക്കം.  

' എയുത്തിലെന്താ എയ്തീരുന്നത് മുത്തശ്ശീ?'' 

മുത്തശ്ശി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു '' അതു പറഞ്ഞാൽ ശ്രുതിമോൾക്ക് മനസ്സിലാവില്ല''

'' നിക്ക് മൻസിലാവും. മുത്തശ്ശി പറയൂ'' ശ്രുതിക്ക് ബാക്കി കഥ കേൾക്കാൻ തിടുക്കമായി

നിന്നും നിരങ്ങിയും നനവിലൂടെ നീങ്ങുന്ന മണ്ണിരയ്ക്കു സമാനം ഇഴഞ്ഞിഴഞ്ഞാണ് മുത്തശ്ശി ബാക്കി കഥ പറഞ്ഞത്. പറയുന്നതിനിടയിൽ പതിവില്ലാതെ ചിന്തയിൽ ആണ്ടുപോകുന്ന മുത്തശ്ശിയെ കുലുക്കിവിളിച്ച് ശ്രുതിമോൾ കഥയിലേക്ക് തിരികെ കൊണ്ടുവരും. 

' പറയൂമുത്തശ്ശീ , എഴുത്തിലെന്തായിരുന്നു ?''

''എഴുത്തിലവൻ എഴുതിയിരുന്നത് അവൻ്റെയടുത്തെത്താനുള്ള വഴിയായിരുന്നു ''

''അതെങ്ങനെയാ?''

''അതേ......

-നക്ഷത്രക്കുരു കുത്തി, വള്ളിയോടി,വള്ളിപ്പുറത്തേറി, 

പറക്കാപ്പക്ഷി മുട്ടയിട്ട്, കുഞ്ഞുണ്ടായി, കുഞ്ഞിൻപുറത്തേറി വന്നാൽ 

എന്നെക്കാണാം''

എന്നാണവൻ കത്തിൽ എഴുതിയിരുന്നത്.

അവനെ കാണാതെ വിഷമിച്ച്,  പറക്കാപ്പക്ഷിക്കുഞ്ഞിൻ്റെ പുറത്തേറി അവനെ കാണാൻ പോയ അച്ഛനും പിന്നെ തിരിച്ചു വന്നില്ല. അമ്മയും രണ്ട് മക്കളും തനിച്ചായി. അമ്മ കൂലിപ്പണി ചെയ്ത്, പഠിക്കാൻ മിടുക്കനായ ഇളയ മകനെ പഠിപ്പിച്ചു. ഉള്ളതെല്ലാം കൂട്ടിച്ചേർത്തുവച്ച്, മകളെ മങ്കലം കഴിച്ചയച്ചു.  രണ്ട് മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ മകളും പറക്കാപ്പക്ഷിക്കുഞ്ഞിൻ്റെ പുറത്തേറി അച്ഛനേയും അനിയനേയും കാണാൻ പോയി. കൂടെ അമ്മ ഉണ്ടാക്കിക്കൊടുത്ത ഇത്തിരിപ്പൊന്നും കാണാതായി’

ഇത്രയുമായപ്പോൾ  മുത്തശ്ശി കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടോ എന്ന് ശ്രുതിമോൾക്ക് സംശയമായി. അവൾ മുത്തശ്ശിയുടെ താടിയിൽ സ്നേഹത്തോടെ പിടിച്ചു കൊണ്ട് ചോദിച്ചു 

'' മുത്തശ്ശി കരയുവാണോ?''

''ഇല്ല ശ്രുതിമോളെ. മുത്തശ്ശിയുടെ കണ്ണിലൊരു പ്രാണി പോയതാ''

കണ്ണ് തുടച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു. 

''ബാക്കി പറയൂ മുത്തശ്ശീ ''. ശ്രുതിക്ക് ബാക്കി കഥ കേൾക്കാൻ തിടുക്കമായി. 

മകളെ മങ്കലം കഴിപ്പിച്ചയക്കാൻ അമ്മ കുറേ പണം  കടം വാങ്ങിയിരുന്നു. അതു വീട്ടാൻ കഷ്ടപ്പെടുന്ന അമ്മയെ സഹായിക്കാൻ ഇളയ മകൻ പഠിപ്പു നിറുത്തി മീൻ പിടിക്കാൻ പോയി. അച്ഛനെപ്പോലെ ചെറുവഞ്ചിയിലല്ല. വലിയ വള്ളത്തിൽ കടലിൽ വലിയ മീനിനെ പിടിക്കാൻ പോയി 

കാറ്റും മഴയുമുള്ള ഒരു നാൾ മീൻ പിടിക്കാൻ പോയ അവനും പിന്നെ തിരിച്ചു വന്നില്ല'' 

അതു പറഞ്ഞപ്പോൾ മുത്തശ്ശിയുടെ സ്വരം വല്ലാതെ താഴ്ന്നുപോയിരുന്നതിനാൽ ശ്രുതിമോൾക്ക് അവസാനവാക്കുകൾ ചെവി കൂർപ്പിച്ച് കേൾക്കേണ്ടതായിവന്നു.

''അവനേയും പറക്കാപ്പക്ഷിക്കുഞ്ഞ് കൊണ്ടുപോയോ? ''  ശ്രുതിയുടെ കണ്ണുകളിൽ ആകാംക്ഷ മിഴിഞ്ഞു.

''ഇല്ല അവനെ കൊണ്ടുപോയിട്ടില്ല. അവൻ ഒരു ദിവസം വരും. അമ്മയെ കാണാൻ..'' 

മറഞ്ഞുതുടങ്ങുന്ന അന്തിവെട്ടം മുത്തശ്ശിയുടെ കവിളിലെ നനവിൽ വീണുതിളങ്ങി. പ്രാണികളെ  ഒന്നും കണ്ടില്ലയെങ്കിലും ശ്രുതിമോൾ അടുത്തുകിടന്ന കമുകിൻപാളവിശറിയെടുത്ത് തലങ്ങും വിലങ്ങും വീശി മുത്തശ്ശിയെ സഹായിച്ചു. 

'' വിളക്കു വയ്ക്കാറായല്ലൊ, മുത്തശ്ശി ഒന്ന് മുഖം കഴുകി വരട്ടെ'' എന്ന് പറഞ്ഞു മുത്തശ്ശി എഴുന്നേറ്റു പോയി മുഖം കഴുകി വന്നു. 

''ബാക്കി കത പറ'' ശ്രുതിമോൾ കഥയിൽ നിന്നും പിടി വിട്ടിട്ടില്ല 

''ബാക്കി....'' 

അപ്പോഴേക്കും  '' ഇവൾ മുത്തശ്ശിയെ വിഷമിപ്പിച്ചോ'' എന്ന് ചോദിച്ച് അമ്മയെത്തി. മുത്തശ്ശി നനവുമാറാത്ത ചിരി ചിരിച്ചു. 

''ദാ അച്ഛൻ വന്നു '' എന്ന് അമ്മ പറഞ്ഞപ്പോഴാണ്  ഇന്ന് അച്ഛനോട് ബ്ലാക് ഫോറസ്ററ് കേക്ക് കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ശ്രുതിമോൾ ഓർത്തത്. ചാടിയെഴുന്നേറ്റ് ഓടാൻ തുടങ്ങിയ ശ്രുതിമോളെ അമ്മ പുറകിൽ നിന്ന് വിളിച്ചു. ''അയ്യോ മറന്നു'' എന്ന്, താടിയ്ക്കു കൈകൊടുത്ത് വളരെ ഓമനത്തം തോന്നിപ്പിക്കുന്ന ഒരു ഭാവത്തോടെ അവൾ തിരികെ വന്ന് മുത്തശ്ശിയെ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഉമ്മ കൊടുത്തു. 

 '‘മുത്തശ്ശിക്ക് കേക്ക് കൊണ്ടുത്തരാട്ടോ'' എന്നുപറഞ്ഞ് റ്റാറ്റായും ഗുഡ് നൈറ്റും കൊടുത്ത് അമ്മയുടെ കൈ പിടിച്ച് ഇറങ്ങി. 

ശ്രുതിമോൾ പോയിക്കഴിഞ്ഞപ്പോൾ മുത്തശ്ശി കിഴക്കേ വരാന്തയിൽ ഒരു ഒറ്റത്തിരിവിളക്ക് കത്തിച്ചു വച്ചു. പിന്നെ അകത്തു പോയി കഞ്ഞിവാർക്കാൻ  ചരിച്ചടച്ചുവച്ച മൺകലം നിവർത്തി, അതിൽ നിന്നും ഒരു പാത്രം നിറയെ ചോറും, കറിക്കലത്തിൽ  നിന്ന്  ഒരു പിഞ്ഞാണം നിറയെ കറിയുമെടുത്ത് ഭദ്രമായി അടച്ചുവച്ചു. ബാക്കി ചോറോടെ മൺകലം ചെറുചൂടുള്ള അടുപ്പത്തെടുത്തു വച്ചു . എന്നിട്ട് ഉമ്മറവാതിൽക്കൽ കാൽനീട്ടി അനന്തതയിലേക്ക് കണ്ണുംനട്ടിരുന്ന്, ശരീരം മുന്നിലേക്കും പുറകിലേക്കും ചെറുതായി ചലിപ്പിച്ച് നാമജപം പോലെ ചൊല്ലി  ’തെക്കേപ്രത്തെ മണ്ടപ്ലാവിലെ മാടപ്രാവമ്മ മൂന്നു മൊട്ടീട്ടു...ഒന്നൊടഞ്ഞുപോയ്... ഒന്ന് ഞെരിഞ്ഞുപോയ്... ഒന്ന് കിണറ്റിലുവീണു താണുപോയ്...''

Friday, 17 January 2025

മരണത്തിൻ്റെ ഗന്ധം

ഒരു മണിക്കൂറിലേറെ നീണ്ട യാത്രയ്ക്കുള്ളിൽ പാതിമയങ്ങിപ്പോയ പങ്കിയമ്മയുടെ മിഴികളെ, പടിപ്പുരവാതിൽ കടക്കുന്ന വാഹനത്തിൻ്റെ ചെറുകുലുക്കം തട്ടിയുണർത്തി. ചുളുവ് നിവരാതുണർന്ന വൃദ്ധനയനങ്ങളിലേക്ക്, നീണ്ട തൊടിയെ പിൻതുടർന്ന് മേഘക്കിരീടമണിഞ്ഞ ഇലഞ്ഞിക്കൽ തറവാട് ഒഴുകിവന്ന് തലയുയർത്തി നിന്നു. ഒരു നൂറ്റാണ്ടിലേറെ പഴകിയ ഉഗ്രപ്രതാപത്തിൻ്റെ തിരുമുറ്റത്ത്, നവയുഗവക്താവായെത്തിയ ആഡംബരക്കാറിനെ, പോർച്ചിൻ്റെ തണുപ്പ് ഗാഢാലിംഗനം ചെയ്തു. ഡ്രൈവിങ്ങ് സീറ്റിൽ നിന്നും, ആധുനികവേഷവിധാനങ്ങളോടെ ഇറങ്ങിയ ദിവ്യക്കു പുറകിൽ ഉപചാരപൂർവ്വം ശബ്ദമില്ലാതെ കാർഡോർ അടഞ്ഞു. നിറംമങ്ങിയ പ്ലാസ്റ്റിക് ബാഗും തുണിസഞ്ചിയുമേന്തി, വൃത്തിയുള്ളതെങ്കിലും ഉടുത്തുപഴകിയ നേര്യേതും ചുറ്റിയ പങ്കിയമ്മ എന്ന പങ്കജാക്ഷിയമ്മയെ, അൽപ്പനിമിഷങ്ങളുടെ വൈക്ലബ്യത്തിനുശേഷം കാർ, ബാക്ഡോറിലൂടെ വമിപ്പിച്ചു. വ്യത്യസ്തയുഗപ്രതാപങ്ങൾ കരംകോർത്തുനിൽക്കുന്ന സന്ധിയിലേക്ക് അന്യഗ്രഹത്തിൽ നിന്നും വഴുതിവീണുപോയവളെപ്പോലെ പങ്കിയമ്മ, ഇടറിയ കാലുകളെ പാടുപെട്ടുറപ്പിച്ചുനിറുത്തി. അവരെ എതിരേറ്റ ആ പ്രൗഢജാലം അവരുടെ പാദങ്ങളെ കുറച്ചുനിമിഷങ്ങളിലേക്ക് നിശ്ചലമാക്കിക്കളഞ്ഞു. അതേ സമയം, അവരുടെ കണ്ണുകൾ കൂടുതുറന്നുവിട്ട ബാലാജങ്ങൾക്ക് സമാനം, തറവാടിൻ്റെ മുഖപ്രസാദത്തിലും തൊടിയുടെ വിശാലതയിലും അനുസരണയില്ലാതെ തുള്ളിയോടിനടന്നു.

നവീനതയുടെ തൊട്ടുതലോടലുകൾ പലയിടങ്ങളിലും പ്രകടമാണെങ്കിലും, പഴമ പ്രൗഢിയോടെ തിടമ്പേറ്റി നിൽക്കുന്ന അത്തരമൊരു തറവാട്, നടാടെയാണ് പങ്കിയമ്മ കാണുന്നത്. നാട്ടിലെ പല പഴയ തറവാടുകളിലും പങ്കിയമ്മ പോയിട്ടുണ്ട്. പക്ഷെ അതിനൊന്നും ഇത്ര വലിപ്പമില്ല. മാത്രവുമല്ല, പല വീടുകളിലും കാലരഥത്തിൻ്റെ ചക്രമുരുൾക്ഷതങ്ങളും പൊടിയഴുക്കുകളും കളങ്കങ്ങളായി കാണപ്പെടുമ്പൊഴും ഈ തറവാട് അവയോടു പടപൊരുതി വെന്നിക്കൊടി പാറിക്കുന്നതായി ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാവും. അനേകവർഷങ്ങൾക്കുമുൻപ്, കയ്യിരുത്തം വന്ന തച്ചന്മാരുടെ ഉളിമുനകൾക്ക് വഴങ്ങിക്കൊടുത്ത തേക്കിൻ്റെയും ഈട്ടിയുടേയും തടികൾ പിറവിയേകിയ ജനവാതിലുകളും, ചുവരുകളും,ശിൽപ്പരൂപങ്ങൾ കൊത്തിയ മറ്റ് ഉരുപ്പടികളും പോളിഷിൻ്റെ പുത്തനുടുപ്പിട്ടുതിളങ്ങുന്നു. തറവാടിനെ മുഴുപ്പ്രദക്ഷിണം വയ്ക്കുന്ന ചുറ്റുവരാന്തയുടെ പുറത്തെ അതിരുകളിൽ കൃത്യമായ ഇടയളവുകൾ പാലിച്ചുനിൽക്കുന്ന മരത്തൂണുകൾ, തച്ചജാലത്താൽ നിശ്ചലാരായിപ്പോയ പൂക്കൾക്കും കിളികൾക്കും വല്ലിപ്പടർപ്പുകൾക്കും അഭയമേകുന്നു. പൂമുഖത്തെ തറത്തിളക്കത്തിൽ സദാ വീണുമയങ്ങുന്നു, മേൽക്കൂരയുടെ മുഖബിംബം. ആഢ്യത കൊമ്പെഴുന്നുനിൽക്കുന്ന, ചുവരുകളിലെ വിവിധ മൃഗത്തലകൾക്കും ഗുണനചിഹ്നരൂപമിടുന്ന പടവാൾത്തിളക്കങ്ങൾക്കുനടുവിൽ ജാകരൂകഭാവേന നിലകൊള്ളുന്ന പരിചകൾക്കും ഇടകളിലായി, കാലിന്മേൽ കാൽകയറ്റി വച്ച് അധികാരഭാവത്തിൽ ഇരിക്കുന്ന കാരണവന്മാർ, കൊത്തുപണികൾ ചെയ്ത ചതുരച്ചട്ടങ്ങൾക്കുള്ളിൽ ചിത്രങ്ങളായി തൂങ്ങുന്നു. ഒരിടത്തും അൽപ്പം പോലും അഴുക്കോ പൊടിയോ ഇല്ല.

നവീനപോർസലിൻടൈലുകൾ തിളങ്ങുന്ന മുറ്റം. മുറ്റത്ത് തണൽ വിരിക്കുന്ന കുടമുല്ലപ്പന്തൽ പൊഴിച്ചിട്ട പൂക്കൾ, ടൈലുകളിലും അവയ്ക്കിടയിൽ കൃത്യതയോടെ വെട്ടിയൊരുക്കിയിരിക്കുന്ന പച്ചപ്പുല്ലിനു മുകളിലും പുഷ്പാലങ്കാരം നടത്തിയിരിക്കുന്നു. അരികുകളിൽ നാടനും അല്ലാത്തവയുമായ ചെടികൾ തീർത്ത മനോഹരമായ പൂന്തോട്ടം. തലേരാത്രിയിലെ മുല്ലപ്പൂമണത്തെ തോളേറ്റിയ ഇളംകാറ്റ് ഒരു ചെറുതാരാട്ട് മൂളിക്കൊണ്ട് അപ്പോഴും മുറ്റത്തുലാത്തുന്നുണ്ട്. പൂന്തോട്ടത്തിനുമപ്പുറം, പഴയകാലവനഭംഗിയുടെ ഓർമ്മച്ചിത്രം പോലെ, വളർന്നു നിൽക്കുന്ന മരങ്ങൾ. കാറിനുള്ളിലെ എസിയുടെ സുഖദമായ കുളിർ ആ മുറ്റത്തെങ്ങും വ്യാപിച്ചുനിൽക്കുന്നതായി പങ്കിയമ്മയ്ക്കനുഭവപ്പെട്ടു. കണ്ടതെല്ലാം കൃത്യതയോടെ ഗ്രഹിക്കാൻ പറ്റാത്ത വിധം, മൂവന്തിവെളിച്ചത്തിൽ പറന്നു നടക്കുന്ന നരിച്ചീറിനു സമാനം, തട്ടിയും തടഞ്ഞും പരതുന്ന മിഴികളെ 'പങ്കിയമ്മ വരൂ' എന്ന ദിവ്യയുടെ വിളി പിടിച്ചുനിറുത്തി. അവരുടെ നഗ്നപാദങ്ങൾ ദിവ്യയുടെ മടമ്പുയർന്ന ഷൂസിനെ പിൻതുടർന്ന് തറവാടിൻ്റെ പടികൾ കയറി, വിശാലമായ പൂമുഖവും കടന്ന്, മണിച്ചിത്രപ്പൂട്ട് പിടിപ്പിച്ച പ്രധാനവാതിലിനു മുന്നിലെത്തിനിന്നു.

കോളിങ്ങ്ബെല്ലിൽ നിന്നൊരു കിളി അകത്തളങ്ങളിലെവിടെയ്ക്കോ ചിലച്ചുപറന്നു. വാതിൽ തുറക്കപ്പെട്ടു. പുറത്തെന്നതുപോലെ അകത്തളഗരിമയും പങ്കിയമ്മയുടെ കണ്ണുകൾക്ക് കുടമാറ്റം പോലെ മറ്റൊരു ഉൽസവക്കാഴ്ചയായി.

സ്വീകരണമുറിയായി ഉപയോഗിക്കപ്പെടുന്ന കിഴക്കിനിയിലേക്ക് കാൽകുത്തുമ്പോൾത്തന്നെ കണ്ണുകൾക്ക് വിഷയീഭവിച്ചത്, വിസ്താരമേറിയ ഒരു ചത്വരത്തിലേക്ക് സൂര്യപ്രകാശത്തെ മുറിച്ചെടുത്തുവച്ചതുപോലുള്ള അങ്കണവും അതിനൊത്ത നടുക്ക് ഉരുളിയുടെ രൂപത്തിൽ പണികഴിപ്പിച്ചിട്ടുള്ള താമരക്കുളവുമാണ്. നടുത്തളത്തിൻ്റെ ഒരു കോണിലുമുണ്ട് മുകളിലേക്ക് പടർന്നു കയറിയിട്ടുള്ള, വർഷങ്ങളുടെ കാണ്ഡഘനപ്പെരുക്കമുള്ള, ഒരു മുല്ലച്ചെടി. മുകളിൽ ഉറപ്പിച്ചിരിക്കുന്ന കമ്പിവലയിൽ, നടുമുറ്റത്തെ ചരിഞ്ഞുനോക്കുന്ന മേൽക്കൂരയോട് ചേർന്ന്, അതിനെ ചതുരാകൃതിയിൽ കൃത്യതയോടെ പടർത്തിയിരിക്കുന്നു. അവിടെയും കാണാം കൊഴിഞ്ഞ മുല്ലപ്പൂക്കൾ.

തെക്കിനിയുടെ പടിഞ്ഞാറെ ഓരത്തെ മരഗോവണിയിലൂടെ പങ്കിയമ്മ, മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലേക്കാനയിക്കപ്പെട്ടു. അവിടെയാണ് സരസ്വതിത്തങ്കച്ചിയെ കിടത്തിയിരിക്കുന്നത്. കിടപ്പുരോഗിയെ പരിപാലിക്കുന്ന മുറിയും പിന്നീട്, കാഴ്ചയിലും ഗന്ധത്തിലും രോഗാരുത പ്രകടിപ്പിക്കുമെന്നത് പങ്കിയമ്മയുടെ അനുഭവമാണ്. എന്നാൽ അവിടെ അവരെ വരവേറ്റത്, ധാരാളം വായുവും വെളിച്ചവും സുഖദമായ ഗന്ധവും നിറഞ്ഞ ഒരു മുറിയാണ്. ഹോം നേഴ്സ് സരിതയുടെ ആതുരശുശ്രൂഷാമികവ് വെളിവാക്കുംവിധം നല്ല വൃത്തിയോടും വസ്ത്രധാരണത്തോടും കൂടി, വാട്ടർബെഡിൽ കണ്ണടച്ചുകിടക്കുന്ന തങ്കച്ചിയുടെ വലതുപാതിയും ശബ്ദവും നിലച്ചുപോയിരിക്കുന്നു എന്ന് വിശ്വസിക്കാൻ പങ്കിയമ്മയ്ക്ക് പ്രയാസം തോന്നി. നേർത്തുചുരുങ്ങിയ തുമ്പിക്കൈ പോലെ മൂക്കിൽ നിന്നിറങ്ങുന്ന, ഭക്ഷണവും മരുന്നും നൽകുന്ന റ്റ്യൂബും കട്ടിലിൻ്റെ ഒരു വശത്ത് സ്റ്റാൻ്റിൽ തൂങ്ങുന്ന ബാഗിൽ, മറ്റൊരു റ്റ്യൂബിലൂടെ വന്നുചേരുന്ന മൂത്രവും മാത്രമാണ് അവർ ഒരു കിടപ്പുരോഗിയാണ് എന്നുതോന്നിപ്പിക്കുന്ന അടയാളങ്ങൾ. അറുപത്തഞ്ചിലെത്തിനിൽക്കുന്ന തൻ്റെ വാർദ്ധക്യത്തിന് അവിടെ ഇനി എന്താണ് ചെയ്യാനുള്ളത് എന്ന് പങ്കിയമ്മ ആശ്ചര്യപ്പെട്ടു. ആളെ കുളിപ്പിക്കുന്നതിനും മറ്റും സരിതയ്ക്ക് ഒരു കൈസഹായം എന്നതാണ് ദിവ്യയുടെ ആവശ്യം. മരുമകൾക്ക് അമ്മായിയമ്മയോടുള്ള ആ കരുതലിൽ പങ്കിയമ്മയ്ക്ക് സന്തോഷം തോന്നി.

ചുരുങ്ങിയ സമയത്തിനുള്ളിൽ പങ്കിയമ്മ ശ്രദ്ധിച്ച മറ്റൊരു കാര്യം, തറവാട് മനോഹരമായി സൂക്ഷിക്കുന്നതിലുള്ള ദിവ്യയുടെ അതീവ ശ്രദ്ധയാണ്. ഭർത്താവ് ബാലചന്ദ്രൻ്റെ വലംകയ്യായി, ബിസിനസ്സിലും ദിവ്യ അതേ ശ്രദ്ധ നൽകുന്നു എന്നതും പിന്നീടുള്ള ദിവസങ്ങളിൽ പങ്കിയമ്മ മനസ്സിലാക്കിയെടുത്തു. അമേരിക്കയിൽ നിന്നും ക്യാനഡയിൽ നിന്നുമായി രണ്ടു പെണ്മക്കളുടേയും ദിവസേനയുള്ള വിഡിയോ കോളുകളിൽ, അമ്മയെക്കുറിച്ചുള്ള വേവലാതികളും ലീവിനായുള്ള അവരുടെ ശ്രമങ്ങളും പങ്കിയമ്മ കണ്ടും കേട്ടും അറിഞ്ഞു. അമ്മയ്ക്ക് ഒരു കുറവും വരാതിരിക്കാനുള്ള കൂട്ടായ ശ്രമത്തിൻ്റെ ഭാഗമായാണ് താനും ഇവിടെ എത്തിപ്പെട്ടിട്ടുള്ളതെന്ന് അവർ മനസ്സിലാക്കി. നല്ലൊരു സംഖ്യ പ്രതിമാസം തനിക്ക് നൽകാമെന്നേറ്റിട്ടുണ്ടെങ്കിലും അതേസംഖ്യ കൊടുത്താൽ യുവതിയായൊരു ഹോം നേഴ്‌സിനെത്തന്നെ വയ്ക്കാമെന്നിരിക്കെ, ദിവ്യ തന്നെത്തേടിയെത്തിയതിൽ പങ്കിയമ്മക്ക് തെല്ലൊരതിശയം തോന്നാതിരുന്നില്ല.

പ്രായം ഏറിവരുന്നതിൻ്റെ അനാരോഗ്യം മൂലം കഴിഞ്ഞ നാലഞ്ചു വർഷക്കാലം കിടപ്പുരോഗീപരിചരണജോലികളിൽ നിന്ന് പങ്കിയമ്മ വിട്ടുനിൽക്കുകയായിരുന്നു. കുറച്ചുകാര്യങ്ങളെങ്കിലും സ്വയം ചെയ്യാൻ കഴിയുന്ന പ്രായമായ രോഗികൾക്ക് കൂട്ടായോ, പ്രസവാനന്തരമുള്ള ശുശ്രൂഷകൾക്കോ മാത്രമാണ് ആ കാലയളവിനുള്ളിൽ മൂന്നോ നാലോ തവണകൾ മാത്രം, അവർ പോയിട്ടുള്ളത്. പ്രത്യേകപരിശീലനം ലഭിച്ച ഹോം നഴ്സുമാരുടെ ലഭ്യതയും അവരുടെ തൊഴിൽസാധ്യത കുറച്ചിരിക്കുന്നു. വിധവാപെൻഷൻ രൂപത്തിൽ ലഭിക്കുന്ന അൽപ്പവരുമാനമാണ് അനപത്യ കൂടിയായ അവർക്ക് ഈ വേളകളിൽ റേഷനരിക്കഞ്ഞിയ്ക്കുള്ള ആധാരമായിരുന്നത്. അതിനാൽത്തന്നെ, പരിചയക്കാരി വഴി ഈ ജോലിയെക്കുറിച്ചറിഞ്ഞപ്പോൾ അൽപ്പം ആശങ്കയോടെയാണെങ്കിലും മറ്റൊരു ഒരു ഹോം നേഴ്സ് കൂടി ഉണ്ടെന്ന ഉറപ്പിൽ പുറപ്പെട്ടതാണ്. സരിതയുടെ മിടുക്ക് കണ്ടറിഞ്ഞപ്പോൾ, ഒരുപാട് ഭാരപ്പെട്ട ജോലിയൊന്നുമാവില്ല തനിക്കു ചെയ്യാനുള്ളത് എന്നവർ ആശ്വസിച്ചു.

സരസ്വതിത്തങ്കച്ചിയെക്കുറിച്ച് ചെറിയൊരു വിവരണം ദിവ്യയിൽ നിന്ന് പങ്കിയമ്മയ്ക്ക് ലഭിച്ചിരുന്നു. തലമുറകളായി കൈമാറിക്കിട്ടിയ ആ തറവാടിൻ്റെ ഇപ്പോഴത്തെ ഏക അവകാശിയായ തങ്കച്ചി, എൺപത് വർഷത്തിലധികം നീണ്ട ജീവിതകാലയളവിൻ്റെ അന്ത്യത്തിൽ പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ചില ജീവിതശൈലീരോഗങ്ങളുടെ കൂടി കൂട്ടുകാരിയായി. അതിനിടയ്ക്കാണ്, പക്ഷാഘാതം അവരെ അടിച്ചുവീഴ്ത്തി, ഓർമ്മശക്തിയെക്കൂടി കവർന്നെടുത്ത്, ഭീമാകാരരൂപത്തിലുള്ള ആ തറവാടിൻ്റെ ഒരു മുറിയിൽ, സപ്രമഞ്ചക്കട്ടിലിനെ കയ്യടക്കിയ വാട്ടർ ബെഡിൻ്റെ നിത്യതടങ്കലിലാക്കിയത്.

തങ്കച്ചിയുടെ മുറിയുടെ തൊട്ടടുത്ത മുറിയാണ് സരിതയ്ക്കും, ഇപ്പോൾ പങ്കിയമ്മയ്ക്കുമായി നീക്കിവച്ചിരിക്കുന്നതെങ്കിലും എപ്പോഴും ശ്രദ്ധ ആവശ്യമുള്ളതിനാൽ, തങ്കച്ചിയുടെ മുറിയുടെ ഒരരികിലിട്ടിരിക്കുന്ന ചെറിയൊരു ദിവാൻ കോട്ടിലാണ് മിക്കവാറും സരിതയുടെ ഉറക്കം. പങ്കിയമ്മ കൂടി വന്നിരിക്കുന്നതിനാൽ രാത്രിയിൽ രണ്ട് പേർക്കും മാറിമാറി തങ്കച്ചിക്ക് കൂട്ടിരിക്കാമല്ലോ എന്നൊരു ആശ്വാസം ഇപ്പോൾ സരിതയ്ക്കുണ്ട്. അതറിഞ്ഞു തന്നെ പങ്കിയമ്മ സഹായിക്കാൻ ശ്രമിക്കുന്നുമുണ്ട്.
‘വന്ന ദിവസം തന്നെ ഉറക്കമൊഴിക്കണ്ടാ, റസ്റ്റ് എടുത്തോളൂ' എന്ന് സരിത പറഞ്ഞെങ്കിലും ‘കുറച്ചു നേരമിരിക്കാം, അത് വരെ ഉറങ്ങിക്കോളൂ' എന്നുപറഞ്ഞ് സരിതയെ അടുത്ത മുറിയിലേക്ക് വിട്ട് പങ്കിയമ്മ ദിവാൻ കോട്ടിൽ ഒന്ന് നടു നിവർത്തി. വീട്ടിൽ മറ്റെല്ലാവരും ഉറക്കം പിടിച്ചിരുന്നു. അത്യാവശ്യം വീടിനു മുന്നിലും പുറകിലുമുള്ള ഒന്നോ രണ്ടോ ലൈറ്റുകൾ ഒഴികെ ബാക്കിയെല്ലാം അണഞ്ഞു. രാത്രിയുടെ നിശ്ശബ്ദതയേയും സുഖകരമായ തണുപ്പിനേയും കൂട്ടുപിടിച്ചെത്തിയ ഉറക്കം, കൺപോളകളെ തഴുകിയടക്കാതിരിക്കാൻ ശ്രമപ്പെട്ട്, തങ്കച്ചിക്ക് കാവലിരിക്കുമ്പോൾ പുതുതായി വിരിയുന്ന കുടമുല്ലപ്പൂക്കളുടെ സുഗന്ധം പതുക്കെ അവിടെങ്ങും ഒഴുകിപ്പരക്കുന്നത് ഉറക്കച്ചടവിലും പങ്കിയമ്മ അറിയുന്നുണ്ടായിരുന്നു.
കൺപോളകളിൽ ഊഞ്ഞാലാടിത്തുടങ്ങിയ ഉറക്കത്തെ കുടഞ്ഞുകളയാൻ, പതുക്കെ എഴുന്നേറ്റുനടന്ന പങ്കിയമ്മ, മുകളിൽ നിന്നുള്ള പടികളിറങ്ങി, തെക്കിനിയുടെ തറയിൽ കാൽ കുത്തിയതും, നിറനിലാവു ചുരന്നുനിറഞ്ഞ വലിയൊരു കിണ്ണം കണക്കെ തിളങ്ങിയ നടുമുറ്റത്തിൻ്റെ പ്രകാശം, അവരിലെ പാതിനിദ്രയുടെ ഊഞ്ഞാൽക്കയറിനെ അപ്പാടെ പൊട്ടിച്ചെറിഞ്ഞുകളഞ്ഞു. മുകളിൽ പടർന്നു കയറിയിട്ടുള്ള കുടമുല്ല, പാൽക്കിണ്ണത്തിനരികുകളിൽ നിഴൽച്ചിത്രവേല ചെയ്യുന്നതും, അങ്കണമധ്യത്തിലെ താമരക്കുളത്തിൽ ചന്ദ്രൻ, തൊട്ടിലിൽ മയങ്ങുന്ന ഒരുണ്ണിയുടെ മുഖത്തിനു സമാനം പ്രതിബിംബിക്കുന്നതും ചെറുകാറ്റ് നീർത്തളത്തിൽ സൃഷ്ടിക്കുന്ന ആന്ദോളനങ്ങളുടെ തൊട്ടിലാട്ടത്തിൽ, വിരലുണ്ട ഉണ്ണിയായുറങ്ങുന്നതുമെല്ലാം കൂടിച്ചേർന്ന സ്വപ്നസമാനമായ ആ അന്തരീക്ഷം പങ്കിയമ്മയുടെ ക്ഷീണത്തെയെല്ലാം പറത്തിക്കളഞ്ഞുകൊണ്ട്, പഴയ നാലരക്ക്ലാസ് പഠനത്തിനിടയ്ക്ക് മനപ്പാഠമാക്കിയ ഏതൊക്കെയോ കവിതകളെ അവരുടെ മനസ്സിലേക്ക് തിരികെയെത്തിച്ചു. ഇടക്കിടെ തങ്കച്ചിയെ പോയി നോക്കിയതൊഴിച്ചാൽ സരിത തിരിച്ചെത്തുന്ന സമയംവരെ പങ്കിയമ്മ ആ കാഴ്ചയിൽ സ്വയം ലയിച്ചുനിൽക്കുകയായിരുന്നു.

പിറ്റേ ദിവസം ഒരു ഒമ്പതു മണിയോടെ പുറത്തേക്കു പോകാൻ തയ്യാറായി ദിവ്യ തങ്കച്ചിയുടെ മുറിയിലേക്ക് വന്നു. പങ്കിയമ്മയും സരിതയും കൂടി അപ്പോഴേക്കും തങ്കച്ചിയെ കുളിപ്പിച്ച് വസ്ത്രമൊക്കെ മാറ്റിയുടുപ്പിച്ചിരുന്നു. സരിത ഫീഡിങ് റ്റ്യൂബിൽ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന സമയത്ത് ദിവ്യ പങ്കിയമ്മയെ മാറ്റി നിർത്തി സ്വകാര്യമായി ചോദിച്ചു ''എന്തെങ്കിലും പ്രത്യേക മണം കിട്ടുന്നുണ്ടോ?''
സരിത റൂമിലാകമാനം അടിച്ച റൂം സ്പ്രേയുടെ മണത്തേയും ഭേദിച്ചുകൊണ്ട്, രാത്രിയിൽ വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധം അപ്പോഴും അവിടെല്ലാം തങ്ങി നിൽക്കുന്നുണ്ടായിരുന്നു.
''ഇപ്പോഴുമുണ്ട് രാത്രിയിൽ വിരിഞ്ഞ കുടമുല്ലപ്പൂക്കളുടെ മണം''. പങ്കിയമ്മ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
''അതല്ല, മരണത്തിൻ്റെ മണം'' ഒരു ഞെട്ടലിൽ പങ്കിയമ്മ ദിവ്യയെ തുറിച്ചു നോക്കി. തനിക്ക് മരണത്തിൻ്റെ മണം തിരിച്ചറിയാൻ കഴിയുമെന്ന് ദിവ്യയ്ക്കെങ്ങിനെ അറിയാം?! എല്ലാ മണങ്ങളിൽ നിന്നും വ്യത്യസ്തമായ മരണത്തിൻ്റെ മണം പിടിച്ചെടുക്കാൻ കഴിവുള്ള ഒരു ആറാമിന്ദ്രിയം തന്നിലുണ്ടെന്നത് ദിവ്യ എങ്ങിനെ അറിഞ്ഞു?
വർഷങ്ങൾ കൊണ്ടാണ് ഇത്തരമൊരു ഇന്ദ്രിയം തന്നിലുണ്ടെന്ന് പങ്കിയമ്മ പോലും മനസ്സിലാക്കിയത്. ഒന്നിനു പുറകേ ഒന്നായി, തുടർച്ചയായി കിടപ്പു രോഗികളെ മാത്രം അവധാനത്തോടെ ശുശ്രൂഷിച്ചിരുന്ന കാലത്ത്, മറ്റുള്ളവരിലേക്കെത്താത്ത ഒരു മണം തന്നെമാത്രം തേടിയെത്തുന്നത് ആദ്യമൊന്നും അവരത്ര പ്രാധാന്യത്തോടെ കണ്ടില്ല. എന്നാൽ പിന്നീട് ഇതേ മണം രോഗിയുടെ ആസന്നമരണത്തിൻ്റെ സൂചനയാണെന്ന് അവരുടെ അനുഭവങ്ങൾ അവരോട് പറഞ്ഞു. മരണത്തിനു ഒരാഴ്ചയോളം മുൻപുമുതൽ ആ ഗന്ധം രോഗിയുടെ ശരീരത്തെ തൊട്ടുതലോടുന്നത് അവർ ശ്രദ്ധിക്കാൻ തുടങ്ങി. രോഗി മരണത്തോടടുക്കുന്ന നാളുകളിൽ ഈ ഗന്ധം രോഗിയുടെ ശരീരത്തെ അതിഗാഢം പുണരുന്നതും, ചില സമയത്ത് അത് തന്നേയും ശ്വാസം മുട്ടിക്കുന്നതും അവർക്ക് അനുഭവപ്പെട്ടിട്ടുണ്ട്. മറ്റാർക്കും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഈ ഗന്ധത്തെക്കുറിച്ച്, അതിനാൽത്തന്നെ ആരോടെങ്കിലും പറയാൻ ആദ്യകാലങ്ങളിൽ അവർ ധൈര്യപ്പെട്ടില്ല. പിന്നീട് ചിലരോടെല്ലാം അതിൻ്റെ സൂചനകൾ നൽകി. സൂചനകൾ പ്രവചനങ്ങൾ പോലെ സത്യമായിത്തീർന്നപ്പോൾ ആളുകൾ പങ്കിയമ്മയിലെ ആ കഴിവിനെ വിശ്വസിച്ചുതുടങ്ങി. ഉൾപ്പിടപ്പോടെ കേൾക്കുന്ന ആ വാർത്ത, രോഗിയുടെ പ്രിയപ്പെട്ടവരെ അതീവദു:ഖത്തിലാഴ്ത്തുമെന്നതിനാൽ പലപ്പോഴും അവർക്ക് ഈ വിവരം ബന്ധുക്കളെ അറിയിക്കാൻ വിഷമമായിരുന്നു. എന്നാൽ ദിവ്യ ഈ ചോദ്യത്തിനൊപ്പം കണ്ണുകളിൽ ഒളിപ്പിച്ച തിളക്കം പങ്കിയമ്മ കണ്ടുപിടിച്ചു.

വന്നപ്പോൾ മുതൽ എല്ലാ കാര്യത്തിലും ദിവ്യയ്ക്കുള്ള ഒരു തിടുക്കവും വെപ്രാളവും പങ്കിയമ്മ അറിയാതെ ഓർത്തുപോയി. ബിസിനസ്സിൻ്റെ തിരക്കുകൾ കൊണ്ടാവാം എന്നാണ് അവർ കരുതിയത്. പക്ഷെ അതേ തിടുക്കം 'എന്തെങ്കിലും പ്രത്യേക മണം കിട്ടുന്നുണ്ടോ‘ എന്ന ദിവ്യയുടെ ചോദ്യത്തിലും നിഴലിച്ചപ്പോൾ, തന്നെ ഇവിടെ കൊണ്ടു വന്നതിലെ ശരിക്കുള്ള ഉദ്ദേശം അവർക്ക് മനസ്സിലായി. ചോദ്യത്തിനുത്തരമായി നിഷേധാർത്ഥത്തിൽ തലയാട്ടുമ്പോൾ ദിവ്യയുടെ കണ്ണുകളിൽ പെട്ടെന്ന് പ്രതിഫലിച്ച നിരാശയും അവർ ശ്രദ്ധിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ, തുടർച്ചയായി പങ്കിയമ്മ ദിവ്യയുടെ രഹസ്യമായുള്ള ആ ചോദ്യത്തെ അഭിമുഖീകരിക്കുകയും ദിവ്യയെ നിരാശപ്പെടുത്തിക്കൊണ്ട് 'തനിക്കത്തരം മണം ഒന്നും കിട്ടുന്നില്ല' എന്നുത്തരം നൽകുകയും ചെയ്തു. കുറേ നാളുകളായി പങ്കിയമ്മ ഈ ജോലി ചെയ്യാറില്ലായിരുന്നു എന്നതിനാൽ, സത്യത്തിൽ തനിക്ക് ആ കഴിവ് ഇപ്പോഴുമുണ്ടോ എന്ന് അവർക്ക് സംശയമുണ്ടെങ്കിലും അവരത് പുറമേ ഭാവിച്ചില്ല. പറഞ്ഞാൽ ഈ ജോലി നഷ്ടപ്പെട്ടു പോയെങ്കിലോ എന്നവർ ആശങ്കപ്പെട്ടു.


എന്തിനായിരിക്കും സരസ്വതിത്തങ്കച്ചിയുടെ ആസന്നമരണം കാലേക്കൂട്ടി അറിയാൻ ദിവ്യ തിടുക്കം കാണിക്കുന്നത് എന്നതായിരുന്നു പങ്കിയമ്മയിൽ ആകാംക്ഷയുണ്ടാക്കിയ മറ്റൊരു ചോദ്യം. ഇടക്കിടെ തൻ്റെ മുന്നിൽ വീണുകിട്ടുന്ന ചില സൂചനകളേയും, ചുവരുകൾക്കുപോലും ചെവികളും കണ്ണുകളുമുള്ള ആ നാലുകെട്ടിൽ നിന്നും കിട്ടിയ പൊട്ടുപൊടികളേയും കൂട്ടി സരിതയ്ക്കുമുന്നിൽ നിരത്തിയപ്പോൾ, സരിതയുടെ ഭാഷ അവയെ ഇപ്രകാരം കൂട്ടിയോജിപ്പിച്ചു.

ട്യൂറിസം മേഖലയിൽ വളരെ പ്രശസ്തമായ, ഇൻഡ്യയിലങ്ങോളമിങ്ങോളം ശാഖകളുള്ള ‘ഗ്ളോബൽ ട്യൂർസ്‘ എന്ന ഒരു ബിസിനസ്സ് ഗ്രൂപ്പ്, ബാലചന്ദ്രൻ്റെ ബിസിനസ്സിന് ആകാശക്കുതിപ്പ് നൽകാവുന്ന ഒരു കൂട്ടുകച്ചവടതാൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷെ അവർ അതിനു മുന്നോട്ടു വച്ചിരിക്കുന്ന ഒരു നിബന്ധന, ബാലചന്ദ്രൻ്റെ ഈ പഴയ തറവാട് ഹോം സ്റ്റേ ആക്കണം എന്നതു കൂടിയാണ്. അവരുടെ പരിഗണനയിലുള്ള മറ്റുപല തറവാടുകളേയും പുറകിലാക്കി, വലിപ്പം കൊണ്ടും പരിപാലനരീതി കൊണ്ടും ഇലഞ്ഞിക്കൽ തറവാട് മുൻഗണനാപട്ടികയിൽത്തന്നെ ഒന്നാമതാണ്. അപ്രകാരം ഒരു ഗ്രൂപ്പുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്, ആർക്കിറ്റെക്ച്വൽ എൻജിനീയറിങ്ങിനും ബിസിനെസ്സ് മനേജ്മെൻ്റിനും പഠിക്കുന്ന മകൻ്റേയും മകളുടേയും ഉജ്ജ്വലമായ ഭാവിക്ക് വളരെ ഉപകാരപ്രദമാകും എന്നതും അതിൽ നിന്ന് ലഭിക്കാവുന്ന മറ്റൊരു ലാഭവിഹിതമാണെന്ന് ദിവ്യയ്ക്കറിയാം. വിൽപ്പത്രപ്രകാരം അമ്മയുടെ കാലശേഷം തറവാട് ബാലചന്ദ്രനുള്ളതുമാണ്. എന്നാൽ ജനിച്ചു വീണതും കളിച്ചു വളർന്നതുമായ ഈ തറവാടിനോട് അമ്മയ്ക്കുള്ള ആത്മബന്ധം അറിയാവുന്ന ബാലചന്ദ്രൻ, ആ നിർദ്ദേശം നിരാകരിക്കുകയാണുചെയ്തത്. അമ്മയുള്ളിടത്തോളം കാലം അതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട എന്നയാൾ തീർത്തു പറഞ്ഞു.
പുനർചിന്തയ്ക്കായി ഗ്ളോബൽ ട്യൂർസ് ഒരു വർഷത്തെ കാലാവധി കൊടുത്തതിനു ശേഷം ഏതാണ്ട് ഏഴെട്ടു മാസങ്ങൾക്കുള്ളിലാണ് തങ്കച്ചി വീഴ്ചയിലായത്. കാലാവധി തീരാൻ ഇനി ഏതാനും ആഴ്ചകളേ ഉള്ളൂ. അൽപ്പംകൂടി സമയം ദിവ്യ രഹസ്യമായി ചോദിച്ചിരുന്നെങ്കിലും ,അതിന് ഒരു അനുകൂല മറുപടിയല്ല അവരിൽ നിന്ന് ലഭിച്ചത്. മാത്രമല്ല, ആ ബിസിനെസ്സ് ഗ്രൂപ്പ്, അത്ര ദൂരെയല്ലാത്ത മറ്റു ചില നാലുകെട്ടുകൾ എറ്റെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടെന്ന് ദിവ്യ അറിഞ്ഞിരിക്കുന്നു. അത്രയും പ്രശസ്തമായ ഒരു ഗ്രൂപ്പുമായി ചേർന്നുള്ള ബിസിനസ്സ് എന്ന സങ്കൽപ്പത്തിനുമേൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ നഷ്ടപ്പെടുത്തുന്ന കാര്യം ദിവ്യയ്ക്ക് ചിന്തിക്കാൻ പോലുമാകുന്നില്ല. അത് അവരിൽ എന്തിനൊക്കെയോ ഉള്ള തിടുക്കമായും വെപ്രാളമായും പ്രതിഫലിക്കുന്നു. വീണ്ടും ഗ്ളോബൽ ട്യൂർസുമായി എന്തൊക്കെയോ എഴുത്തുകുത്തുകൾക്കുള്ള തയ്യാറടുപ്പിലാണ് ദിവ്യ.

സരിത പറഞ്ഞതിൽപ്പാതിയും മനസ്സിലായില്ലെങ്കിലും ഇവിടത്തെ തൻ്റെ പ്രധാനജോലി, തൻ്റെ ആറാമിന്ദ്രിയത്തെ ഉണർത്തി പ്രവർത്തിപ്പിക്കുകയും അത് പകർന്നുതരുന്ന സന്ദേശങ്ങൾ ദിവ്യയെ ബോധ്യപ്പെടുത്തുകയുമാണെന്ന് പങ്കിയമ്മയ്ക്ക് വ്യക്തമായും മനസ്സിലായതോടെ ഈ ജോലി ഏറ്റെടുക്കേണ്ടിയിരുന്നില്ല എന്ന് അവർക്ക് തോന്നിത്തുടങ്ങി. ഇതിനു മുൻപുള്ള അവസരങ്ങളിലെല്ലാം രോഗീശുശ്രൂഷയെന്ന പ്രധാനകർമ്മത്തിനിടയിൽ തൻ്റെ ഘ്രാണേന്ദ്രിയത്തിൻ്റെ അപൂർവ്വകഴിവുകൊണ്ടു മാത്രം മനസ്സിലാക്കിയിരുന്ന ‘മരണത്തിൻ്റെ ഗന്ധം‘ എന്ന കാര്യം, പറയാനും പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പങ്കിയമ്മയ്ക്കുണ്ടായിരുന്നു. എന്നാൽ ഇവിടെ അതു തൻ്റെ പ്രധാനജോലിതന്നെ ആയിത്തീർന്നിരിക്കുന്നു. ദിവ്യയുടെ വെപ്രാളം നിറഞ്ഞ മനസ്സ് അവളെക്കൊണ്ട് ഈ ചോദ്യം അടിക്കടി ചോദിപ്പിക്കുന്നു. പലപ്പോഴും അത് പങ്കിയമ്മയിൽ തലവേദന സൃഷ്ടിക്കുന്നു. വന്ന ദിവസം അവർക്ക് ദിവ്യയോട് തോന്നിയ ഇഷ്ടം ഇപ്പോൾ വേരോടെ പിഴുതുപോയിരിക്കുന്നു. പകരം മുളപൊട്ടിയ അനിഷ്ടം ദിവ്യയിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കാൻ അവരെ പ്രേരിപ്പിച്ചു.

ദിവസങ്ങൾക്ക് ശേഷമുള്ള ഒരു വൈകുന്നേരക്കാറ്റ് പങ്കിയമ്മയെ തേടിയെത്തിയത് അവരെ ഏറെ അസ്വസ്ഥയാക്കാറുള്ള മരണഗന്ധത്തിൻ്റെ സന്ദേശവാഹകരെ കൂട്ടുപിടിച്ചുകൊണ്ടാണ്. അവർ നടുക്കത്തോടെ സരസ്വതി തങ്കച്ചിയെ ശ്രദ്ധിച്ചെങ്കിലും അവരിൽ പ്രത്യേകിച്ച് ഒരു വ്യത്യാസവും തോന്നിയില്ല. പക്ഷേ പിറ്റേ ദിവസം രാവിലെ തങ്കച്ചിയിൽ ചില മാറ്റങ്ങൾ പ്രകടമായി. അവരുടെ നെഞ്ചിൽ ചെറുപ്രാവുകൾ കൂടുകൂട്ടിയിരിക്കുന്നതായും അവയുടെ കുറുകലിന് അനുസൃതമായി അവരുടെ ശ്വാസതാളവേഗം ചെറുതായി കൂടിയിരിക്കുന്നതായും എല്ലാവരും ശ്രദ്ധിച്ചു. അന്നു വൈകുന്നേരം ദിവ്യയുടെ പതിവു ചോദ്യത്തോടൊപ്പം കണ്ണുകളിൽ ഇരയെ കണ്ട പ്രാപ്പിടിയൻ്റെ പ്രതീക്ഷ കൂർത്തത് പങ്കിയമ്മ കണ്ടു. പക്ഷെ എന്തു കൊണ്ടോ, തനിക്കു മണമൊന്നും കിട്ടുന്നില്ല എന്നു പറയാനാണ് അവർക്കപ്പോൾ തോന്നിയത്. സമയം കഴിയുംതോറും തങ്കച്ചിയുടെ നെഞ്ചിലെ പ്രാവുകളുടെ എണ്ണം കൂടിക്കൂടിവന്നു. അതോടൊപ്പം ശക്തമായിക്കൊണ്ടിരിക്കുന്ന ആ ഗന്ധവും പങ്കിയമ്മയെ കൂടുതൽ അസ്വസ്ഥയാക്കി.


പിറ്റേ ദിവസം സരസ്വതിത്തങ്കച്ചിയെ പരിശോധിച്ചതിനുശേഷം കുടുംബഡോക്ടറായ ഡോക്റ്റർ തോമസ് മാത്യു, ബാലചന്ദ്രനേയും ദിവ്യയേയും മുറിയിൽ നിന്ന് പുറത്തേക്ക് മാറ്റിനിറുത്തി സംസാരിച്ചു.
"സീ, ഞാൻ അന്നേ പറഞ്ഞിരുന്നു അമ്മയ്ക്ക് സംഭവിച്ചത് ഒരു മേജർ ഡിസബിലിറ്റി സ്റ്റ്രോക്ക് ആണെന്നും ഒരു തിരിച്ചു വരവ് അസാധ്യമാണെന്നും. ഇപ്പോൾ അതിൻ്റെ ഒരു കോമ്പ്ലിക്കേഷൻ ആയി അമ്മയ്ക്ക് ന്യുമോണിയ ബാധിച്ചിരിക്കയാണ്. എനിക്ക് വേണമെങ്കിൽ അവരെ ഹോസ്പിറ്റലിലേക്ക് മാറ്റി അവിടെ ചികൽസിക്കാൻ നിർദ്ദേശിക്കാം. പക്ഷെ അത് പ്രത്യേകിച്ച് എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്നു തോന്നുന്നില്ല. പകരം ഒരു പരീക്ഷണമെന്ന നിലയ്ക്ക് റ്റ്യൂബിൽ കൂടി കൊടുക്കാവുന്ന ആൻ്റിബയോട്ടിക്കുകൾ ഞാനെഴുതാം. അങ്ങിനെയാണെങ്കിൽ വീട്ടിൽത്തന്നെ കിടത്തി ചികൽസിക്കുകയുമാവും. ദി ചൊയ്സ് ഇസ് യുവെഴ്സ്".

"അമ്മയെ അധികം ദുരിതപ്പെടുത്തരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം".
ദിവ്യയിൽ നിന്ന് പെട്ടെന്ന് ഉത്തരമുണ്ടായി. അതു തന്നെയാണോ ബാലചന്ദ്രനുമുള്ള അഭിപ്രായം എന്നറിയാൻ ഡോക്ടർ ബാലചന്ദ്രനെ നോക്കി. വേദനിക്കുന്ന മുഖത്തോടെ അയാളും അത് ശരി വച്ചു. പിന്നെ ഡോക്ടർ സരിതയേയും പങ്കിയമ്മയേയും വിളിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിർദ്ദേശിച്ചു. അതുവരെ താൻ ശുശ്രൂഷിച്ചിരുന്ന പല രോഗികളുടെ കാര്യത്തിലും ഇത്തരം സാഹചര്യങ്ങൾ പരിചിതമായിരുന്നെങ്കിലും അന്നെന്തോ പങ്കിയമ്മയ്ക്ക് വല്ലാത്തൊരു വ്യസനം അനുഭവപ്പെട്ടു. ഡോക്ടർ പോയതിനു ശേഷം അവരിൽ ഒരു മൂകത വന്നുനിറഞ്ഞു. വിവശതയോടെ അവർ സരസ്വതിത്തങ്കച്ചിയുടെ മുറിയിലുള്ള ദിവാനിൽ ഇരുന്നു.

ആൻ്റിബയോട്ടിക് മരുന്നുകൾ മുറ തെറ്റാതെ റ്റ്യൂബ് മുഖേന എത്തിയിട്ടും തങ്കച്ചിയുടെ നെഞ്ചിലെ പ്രാവുകൾ കുറുകിക്കൊണ്ടേയിരുന്നു. ഡോക്റ്ററുടെ നിർദ്ദേശപ്രകാരം കൊടുത്ത നെബുലൈസേഷനും അവയെ അകറ്റാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ദിവ്യയിലെ വെപ്രാളം വർദ്ധിപ്പിച്ചുകൊണ്ട്, ഗ്ളോബൽ ട്യൂർസിൽ നിന്നുള്ള ചില സന്ദേശങ്ങൾ എത്തുകയും അത് പങ്കിയമ്മയോടുള്ള ചോദ്യങ്ങളുടെ ആവർത്തി പതിന്മടങ്ങാക്കുകയും ചെയ്തു. ആ ചോദ്യം കേൾക്കുന്നതു പോലും വെറുപ്പായിത്തുടങ്ങിയിരുന്ന പങ്കിയമ്മ, തനിക്ക് മണമൊന്നും കിട്ടുന്നില്ല എന്ന ഉത്തരം മാത്രം നൽകി.

ദിവസങ്ങൾ കഴിയുംതോറും താൻ ഭയപ്പെടുന്ന ആ ഗന്ധം ശക്തമായിക്കൊണ്ടിരിക്കുന്നത് പങ്കിയമ്മ തിരിച്ചറിഞ്ഞു. ഇടയ്ക്ക് അതിൽ നിന്നു രക്ഷ നേടാൻ അവർ കുടമുല്ലപ്പൂക്കൾ വിരിയുന്ന രാത്രികാലങ്ങളിൽ തളത്തിൽ ഇറങ്ങിനിന്ന് മൂക്കു വിടർത്തിപ്പിടിച്ചു. പക്ഷെ മുല്ലപ്പൂവിൻ്റെ വാസനയേക്കാൾ ഇപ്പോൾ അവിടാകമാനം മരണത്തിൻ്റെ മണം പ്രബലമാകുന്നത് അവർക്കു മനസ്സിലാകുന്നു. ദിവ്യയുടെ ചോദ്യങ്ങൾക്കൊപ്പം അത് അവരെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. മുൻപ് തന്നെ ആകർഷിച്ച, നിശയുടെ അതേ യാമങ്ങളിലെ സൗന്ദര്യം ഈയിടെയായി അൽപ്പം പോലും തൻ്റെ മനസ്സിനെ സ്പർശിക്കാത്തതെന്തേ എന്നവർ കുണ്ഠിതപ്പെട്ടു. പതിവിനു വിപരീതമായി രോഗിയിൽ നിന്നു മാത്രമല്ല ആ ചുറ്റുപാടുകളിൽ നിന്നുപോലും ഏറ്റവും വേഗത്തിൽ പുറത്തു കടക്കാൻ അവർ ആഗ്രഹിച്ചു.

അന്ന് രാത്രി സരസ്വതിത്തങ്കച്ചിയുടെ നെഞ്ചിലെ പ്രാവുകൾ കൂടുതകർത്ത് യഥേഷ്ടം പുറത്തേക്കും അകത്തേക്കും പറന്നുകളിച്ചു. രാത്രി അവർക്ക് കാവലായി പങ്കിയമ്മ ഉണർന്നിരുന്ന നേരത്തായിരുന്നു അത്. അവർ സരിതയെ വിളിച്ചുണർത്തി. സരിത അവർക്ക് വീണ്ടും നെബുലൈസേഷൻ കൊടുത്തു. അൽപ്പം ഒരു ആശ്വാസം കണാറായപ്പോൾ ‘ഇനി പോയിക്കിടന്നുറങ്ങിക്കോളൂ‘ എന്നു പറഞ്ഞ് സരിത പങ്കിയമ്മയെ ഉറങ്ങാൻ വിട്ടു. നാളെ താൻ ഈ ജോലി നിറുത്തുകയാണെന്ന് ദിവ്യയോട് പറയണം എന്നൊരു തീരുമാനമെടുത്താണ്, അപ്പോഴും തന്നെ പിന്തുടരുന്ന ആ മണത്തെ അകറ്റാൻ ഒരു കുടമുല്ലപ്പൂ വാസനിച്ചു കൊണ്ട് പങ്കിയമ്മ ഉറങ്ങാൻ കിടന്നത്.

പക്ഷെ പങ്കിയമ്മയ്ക്ക് ദിവ്യയോട് ഒന്നും പറയേണ്ടി വന്നില്ല. തന്നെ പിൻതുടർന്നുവന്ന മരണഗന്ധവാഹകനായ കാറ്റിൽ, തൻ്റെ എല്ലാ ഇന്ദ്രിയധൂളികളേയും കുടഞ്ഞെറിഞ്ഞുകളഞ്ഞ്, പിറ്റേ ദിവസം പങ്കിയമ്മയുടെ ആത്മാവ് കാറ്റിനെതിരെ പറന്നുപറന്നുപോയി. ആ വൈകുന്നേരം വൈദ്യുതസ്മശാനത്തിൽ അനാഥമായിക്കിടന്നഒരുപിടി ചാരത്തെ ഏറ്റുവാങ്ങാൻ ഒരു മുല്ലപ്പൂമണം അങ്ങോട്ടണയുന്നുണ്ടായിരുന്നു.


Monday, 30 December 2024

നിദ്രാവന്യഭൂമികളിൽ പിൻവഴി നഷ്ടപ്പെട്ടവർ

 

മുക്കാൽ ഭാഗത്തിൽ കൂടുതൽ നിറച്ച ചില്ലുഗ്ലാസിലേക്ക് സാവിത്രിറ്റീച്ചർ രണ്ട് സ്പൂൺ പഞ്ചസാരയിട്ടു. പിന്നെ ഏതാനും നിമിഷങ്ങൾ നീണ്ട, മധുരകരമെന്ന് മുഖത്ത്  ചെറുപുഞ്ചിരിയാൽ അടയാളം വച്ച, ഒരാലോചനയുടെ ഒടുക്കം അവർ അരസ്പൂൺ പഞ്ചസാര കൂടുതൽ ചേർത്തു. കട്ടൻകാപ്പിയുടെ ഇരുണ്ട നിറത്തിലേക്ക് വെളുത്ത പഞ്ചസാരത്തരികൾ സാവകാശം താഴ്ന്നിറങ്ങി. മകൻ്റെ ജീവിതത്തിൻ്റെ ഇരുണ്ട വനസ്ഥലികളിൽ ഏതോ വൻമരങ്ങൾ ചില്ലകൾ കുടയുന്നതായും,  വെളിച്ചത്തരികൾ ചിതറി വീഴുന്നതായും അവർ അതിനെ സങ്കൽപ്പിച്ചു. എന്തോ പറയാൻ അക്ഷമയോടെ വായ് തുറന്ന രൂപത്തിലുള്ള ഒരു എൻവലപ്പ് പിന്നെയവർ  കയ്യിലെടുത്തു. തലേന്നാൾ  വൈകുന്നേരം കയ്പ്പറ്റിയ ആ കവറിനുള്ളിൽ, ഏറെ മധുരത്തോടെ വിളമ്പേണ്ടുന്ന ഒരു വാർത്ത പുറത്തുചാടാൻ കാത്തിരിപ്പുണ്ട്. എല്ലാ ദിവസത്തേയും പോലെ തലേന്നാളും ഒരുപാട് വൈകി, മകനെ കാത്ത് സോഫയിലിരുന്ന സാവിത്രിറ്റീച്ചർ, ആ വാർത്ത നൽകിയ ആശ്വാസത്തിലാകണം, പതിവില്ലാത്ത വിധം മയങ്ങിപ്പോയത്. ദിവസം, അതിൻ്റെ അവസാനമണിക്കൂറിൻ്റെ തളർച്ചയിൽ പൂർണ്ണവിരാമബിന്ദുവിലേക്ക് വേച്ചുനീങ്ങുന്ന സമയത്ത്, തൻ്റെ രണ്ടാം ഉടമസ്ഥനെ വഹിച്ചു വന്ന  ബൈക്കിൻ്റെ ശബ്ദത്തെ, തുരുമ്പുരയുന്ന അഭിവാദ്യത്തോടെ ഗെയ്റ്റ് അകത്തേക്ക് കയറ്റി വിട്ടത്, റ്റീച്ചറുടെ ചെവികളെ അറിയിക്കാത്തവിധമായിരുന്നു. തളർന്നുറങ്ങുന്ന അമ്മയെ വിളിച്ചുണർത്താതെ, വിളമ്പിമൂടിവച്ച ഭക്ഷണം കഴിച്ച്, അമ്മയ്ക്ക് ഒരു തലയിണയും വച്ചുകൊടുത്ത്, പുതപ്പെടുത്ത് പുതപ്പിച്ച് മകൻ റൂമിൽ പോയിക്കിടന്നുറങ്ങിയതുപോലും അറിയിപ്പിക്കാത്ത വിധം, ആശ്വാസം ഒരു ഗാഢനിദ്രയുടെ രൂപത്തിൽ അവരെ ആശ്ലേഷം ചെയ്തുപിടിച്ചിരുന്നു. ദിനസരികൾ ക്രമപ്പെടുത്തിയ ശരീരത്തിലെ അലാറം, കൃത്യസമയത്ത് അവരെ വിളിച്ചുണർത്തും വരെ അവർ മനോഹരസ്വപ്നങ്ങളുടെ, സമയനിബന്ധനകളില്ലാത്ത തീരങ്ങളിലായിരുന്നു. ആ സ്വപ്നത്തിൻ്റെ തുടർച്ചയെന്നോണമാണ് അവർ, ഉണർന്നയുടനെ കടുംകാപ്പിയുണ്ടാക്കിയത്. ഇന്ന് കാപ്പിക്ക് അൽപ്പം കൂടുതൽ പഞ്ചസാരയാകാം എന്നവർ തീരുമാനിച്ചതും, ഈ അധികമധുരത്താൽ നിറയട്ടെ ഇനിയുള്ള അവൻ്റെ ജീവിതം എന്ന് മനസ്സാ അനുഗ്രഹിച്ചുകൊണ്ടാണ്.

ഇനിയുള്ള ജീവിതം എന്നു പറയുമ്പോൾ, അവന് ഇതുവരെ ഉണ്ടായിരുന്നത് ഒരു ജീവിതമായിരുന്നോ എന്നുവരെ സാവിത്രിറ്റീച്ചർക്ക് ചിലപ്പോൾ സന്ദേഹം തോന്നാറുണ്ട്. ഭാഗ്യനിർഭാഗ്യങ്ങളുടെ ചതുരംഗക്കളിയിൽ നിർഭാഗ്യങ്ങളുടെ കറുത്ത കരുക്കൾക്കായിരുന്നു, എപ്പോഴും മുന്നേറ്റം.  നാമമാത്രശമ്പളത്തിൽ ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ താൽക്കാലികജോലിയെന്നത് പ്രതീക്ഷ നൽകാനുതകിയ ചെറിയൊരു നീക്കമായിരുന്നെങ്കിലും, വിജയത്തിലേക്കുള്ള പാത കാണാതെ, ഉന്നതവിദ്യാഭ്യാസകിരീടമണിഞ്ഞൊരു രാജാവ്, കറുപ്പിൻ്റേയും വെളുപ്പിൻ്റേയും ചതുരങ്ങൾക്കിടയിൽ പകച്ചുനിന്നിരുന്നു. അതിനിടയിൽ തലങ്ങും വിലങ്ങും വെട്ടി, കളത്തിനു പുറത്തേക്കെറിയപ്പെട്ട പല പ്രിയങ്ങളിൽ വായന, കൂട്ടുകാരുമായുള്ള ഒത്തുകൂടൽ അങ്ങിനെ പലതും  ഉൾപ്പെടും. രാവിലെ ഏഴുമണി മുതൽ അശ്രാന്തം അനുനിമിഷം പ്രവർത്തിച്ച്, അർദ്ധരാത്രിയോടെ വിശ്രമത്തിനായി അവശതയോടെ ശയ്യ പൂകുന്ന ഒരു യന്ത്രമായി മാറിയിരുന്നു അവൻ.  അതിനും എത്രയോ മുൻപു മുതൽ, കൃത്യമായിപ്പറഞ്ഞാൽ വൈവാഹികജീവിതത്തിൻ്റെ ആദ്യപടികൾ ഒരുമിച്ചു കയറിയ ശേഷം, മൂന്ന് വൽസരങ്ങൾ മാത്രം ഭൂമിയെ തൊട്ടറിഞ്ഞ രണ്ടിളം കൈകളെ, ഇരുപത്തൊന്നു വർഷം കൂടി അധികം ചേർക്കാവുന്ന തൻ്റെ കൈകളിലേക്ക് ഭദ്രമായി വച്ചുതന്ന്, ആരുടെ പാദങ്ങളെയാണോ അഗ്നിസാക്ഷിയായി കൈപിടിച്ച നിമിഷം മുതൽ അന്നുവരെ പിൻതുടർന്നത്, അതേ പാദങ്ങൾ കാലയവനികയ്ക്കപ്പുറം പെട്ടെന്ന് മറഞ്ഞ അന്ന്, ജീവിതം കണ്മുന്നിൽ ചെങ്കുത്തായ മലമടക്കുകളെ കുടഞ്ഞിട്ട ആ നിമിഷം മുതൽ താനും ഒരു യന്ത്രമായിത്തീർന്നിരുന്നു.  വീണും പിടഞ്ഞെഴുന്നേറ്റും പിന്നീടുള്ള ഒട്ടും എളുതല്ലാത്ത കയറ്റത്തിൽ, രണ്ടിളം കൈകൾ തന്ന പ്രതീക്ഷയുടെ കരുത്ത് ചെറുതല്ലായിരുന്നു. കയറ്റത്തിൻ്റെ കാഠിന്യമോർത്താൽ നഷ്ടങ്ങളുടെ ചെങ്കുത്തായ താഴ്വരകളിലേക്ക് നോക്കിപ്പോകുമെന്നും ഒരു പക്ഷിയെപ്പോൽ അതിലേക്ക് പറന്നിറങ്ങാൻ തൂവൽ മുളച്ചേക്കുമെന്നുമുള്ള ഭയത്താൽ, താഴേക്ക് നോക്കില്ല എന്ന് സാവിത്രിറ്റീച്ചർ കഠിനശപഥം ചെയ്തിരുന്നെങ്കിലും ഈയിടെ അധൈര്യം, വിഴുക്കുന്ന പാറകളായി അവരുടെ ചുവടുകളെ അസ്ഥൈര്യപ്പെടുത്തുന്നുണ്ട്. ഒന്നു വഴുതിയാൽ, അഗാധതകളിലേക്ക് വീണ് താനും മറഞ്ഞുപോകും എന്നതല്ല അവരെ ഭയപ്പെടുത്തുന്നത്. അങ്ങിനെ സംഭവിച്ചാൽ, പിന്നീടുള്ള ഉയരങ്ങൾ താണ്ടാൻ തൻ്റെ മകൻ നടത്തേണ്ടുന്ന ഒറ്റയാൾപ്രയാണമോർത്താണ് ആയമ്മ ചകിതയാകുന്നത്.  തൻ്റെ കണ്ണുകളിൽ പതിയേണ്ട അവസാന ദൃശ്യം, മകൻ അവൻ്റെ മനസ്സിനിണങ്ങിയ ഒരു വധുവോടൊത്ത് നിൽക്കുന്നതാവണമെന്നാണ് അവരുടെ പ്രാർത്ഥന. എന്നാൽ മകൻ്റെ നിസ്സാരശമ്പളത്തിന് ഒരു കുടുംബത്തേരിൻ്റെ കടിഞ്ഞാൺ ഏറ്റെടുക്കാനുള്ള കരുത്ത് പോരാ എന്ന കാരണത്താൽ അവൻ മടിച്ചുനിൽക്കുന്നു. എഴുതിയ പല ടെസ്റ്റുകളിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട, ഗസറ്റഡ് ഓഫീസർ പദവിയുള്ള ഒരു ഉദ്യോഗത്തിൻ്റെ അഡ്വൈസ് മെമ്മോയാണ് ഇന്ന് തൻ്റെ മകനെ വിളിച്ചുണർത്താൻ കാത്തുനിൽക്കുന്നത് എന്നത്, സാവിത്രിറ്റീച്ചർക്ക് അനൽപ്പാഹ്ളാദം പ്രദാനം ചെയ്തിരുന്നു. ജോലിക്ക് ജോയിൻ ചെയ്താലുടൻ, എവിടെയോ മറഞ്ഞിരിക്കുന്ന അവൻ്റെ വാരിയെല്ലിനെ തിരഞ്ഞുപിടിക്കണമെന്നും അവനിലേക്ക് ചേർത്തുവയ്ക്കണമെന്നുപോലും റ്റീച്ചർ ഇതിനകം, പെട്ടെന്ന് ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റിൽ എഴുതിച്ചേർത്തിരുന്നു.  ആ തിടുക്കം, ആ പ്രഭാതത്തിലെ അവരുടെ ഓരോ ചലനത്തിലും പ്രതിഫലിച്ചിച്ചിരുന്നു. 

അവർ കാപ്പിയുമായി മകൻ്റെ മുറിയിലെത്തി. അവൻ്റെ അരികിലിരുന്നു. തലയിൽ നിന്ന് പുതപ്പ് മാറ്റി, അരുമയായി അവൻ്റെ മുടിയിഴകളിൽ വിരലോടിച്ചു. പിച്ചവച്ചുനടക്കുന്നതിനിടയിൽ ചുവടുതെറ്റി വീഴുമ്പോൾ ഓടിച്ചെന്നെടുത്ത് വാരിപ്പുണർന്ന് അവൻ്റെ മുഖമാകെ ഉമ്മകൾ കൊണ്ടുമൂടുമ്പോളുണർന്നിരുന്ന അതേ വികാരം അവരിൽ നുരയിട്ടു. ചരിഞ്ഞുകിടന്നുറങ്ങിയിരുന്ന അവൻ്റെ ബലിഷ്ഠമായ തോളിൽ അവർ മൃദുവായിത്തട്ടി. നല്ല ഉറക്കത്തിലാണ്. വീണ്ടും തട്ടിവിളിച്ചു.  അവനുണരുന്നില്ല. അവർ അവനെ കുലുക്കിവിളിച്ചു. ഒരു അനക്കം പോലുമില്ലാതെ അവൻ കണ്ണുകളടച്ച് ചരിഞ്ഞുതന്നെ കിടക്കുന്നു. ആ നിമിഷം, അവരുടെ കൈകളിലേക്ക് മൃതദേഹത്തിൽ നിന്നെന്നപോലെ തണുപ്പ് പടർന്നു. ഇടത്തെ കയ്യിൽ നിന്ന് അഡ്വൈസ് മെമ്മോ താഴെ വീണു. അവർ അവൻ്റെ പേര് ഉറക്കെ വിളിക്കാൻ ശ്രമിച്ചു. നിർഗ്ഗമനമാർഗ്ഗങ്ങൾ കാണാത്ത അഗ്നിപർവ്വതത്തിൻ്റെ ഉള്ളുരുക്കം പോലെ, പുറത്തുവരാത്ത ശബ്ദം അവരുടെ തൊണ്ട പൊള്ളിച്ചു. അടുത്ത മാത്രയിൽ അവർ മരവിച്ച ഒരു നിശ്ചലചിത്രമായിത്തീർന്നു.





''സ്വപ്നങ്ങളുടെ കൈപിടിച്ച് അഗാധനിദ്രയുടെ ഉൾവനങ്ങളിൽ നിന്ന്, അദമ്യവും അപ്രാപ്യവുമായ ആഗ്രഹങ്ങളെ,  ഖനികളിൽ നിന്ന്  അപൂർവ്വരത്നങ്ങളെയെന്നപോലെ  വീണ്ടെടുത്ത്, മടക്കവഴി കാണാതെ നിത്യമായ ഉറക്കത്തിൻ്റെ ഇരുൾവനസ്ഥലികളിൽ അലഞ്ഞുതിരിയുന്നവർ പിന്നെ ഉണരാതെ പോകുന്നു.''




തോളിൽ ഒരു സാന്ത്വനസ്പർശമറിഞ്ഞാണ് വിവേക് കണ്ണുകൾ  തുറന്നത്. കഴിഞ്ഞ ഇരുപത്തെട്ടു വർഷങ്ങളായി അവനെന്ന വ്യക്തിയെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന, ഏതു ഗാഢനിദ്രയിലും  തിരിച്ചറിയാവുന്ന ആ പൊക്കിൾക്കൊടിസ്പർശം അമ്മയുടേതാണെന്ന് അവന് വ്യക്തമായും അറിയാം. ഉണർന്നപ്പോൾ പക്ഷെ അമ്മയില്ല. തനിക്ക് തോന്നിയതാണോ?  എന്നും കടുംകാപ്പിയുമായി വിളിച്ചുണർത്താറുള്ളതാണ്.  കാപ്പിക്കപ്പുമായി അമ്മ ഒളിച്ചുനിൽക്കുന്നുണ്ടോ? മുറിയിലെ ഉറക്കച്ചടവോടെ  നിൽക്കുന്ന ശൂന്യതയിൽ അവൻ അമ്മയെ തിരഞ്ഞു. പിന്നെ നിദ്രയുടെ ശൽക്കപടം മുഴുവനായും പൊഴിച്ച്  ഉണർച്ചയിലേക്ക് സാവകാശം ഇഴഞ്ഞു. ഉറക്കം പലപ്പോഴും ഒരു ഭ്രൂണാവസ്ഥയാണ്. ഗർഭാശയഭിത്തിയാൽ പൊതിയപ്പെട്ട് മറ്റെല്ലാ വിഷമവൃത്തങ്ങളേയും തന്നിൽ നിന്ന് കോട്ടകെട്ടി മാറ്റിനിറുത്തുന്ന, ഒരു പൊക്കിൾക്കൊടിയാൽ അമ്മയെന്ന ഏകത്തിലേക്ക് മാത്രം ബന്ധിക്കപ്പെട്ട ഭ്രൂണസുഷുപ്തി പോലെയാണ് ഉറക്കം.  ഉണർച്ചയിലേക്കെത്തുന്നതാകട്ടെ, പലപ്പോഴും ഒരു നവജാതശിശുവിൻ്റെ നിദ്രാതുടർച്ച പോലെയും.സ്വപ്നത്തിൻ്റെ പൊക്കിൾത്തിരി പാതിയിൽ മുറിയുമ്പോൾ, ആദ്യശ്വാസമെടുക്കാൻ വൈകുന്ന കുഞ്ഞിനെപ്പോലെ ഗർഭപാത്രത്തിനും പച്ചയാഥാർഥ്യങ്ങളുടെ ലോകത്തിനുമിടയിലുള്ള ഒരു നിമിഷം സ്ഥലകാലഭ്രമമുണ്ടാക്കുന്നു. അതിനു തുടർച്ചയായി,  അമ്മയെന്ന ബ്രഹ്മാണ്ഡത്തിൻ്റെ കേന്ദ്രബിന്ദുവിൽ നിന്നും പുറത്താക്കപ്പെട്ടതിൻ്റെ പ്രതിഷേധം, ആദ്യകരച്ചിൽരൂപേണ ലോകത്തെ അറിയിക്കുന്ന കുഞ്ഞിനു സമാനം, തികട്ടിവന്ന ഒരു കരച്ചിൽ വിവേക് തൊണ്ടയിലേക്കമർത്തിയൊതുക്കി. പിന്നെ,  തെളിഞ്ഞുവരാത്ത കാഴ്ചയിലും അമ്മിഞ്ഞപ്പാൽ തേടുന്ന നവജാതനെ പോലെ അമ്മയെ ഉൾക്കാഴ്ചയിൽ തേടി. 

ഉറക്കത്തിനും ഉണർച്ചയ്ക്കുമിടയിലെ നൂൽപ്പാലത്തിൽ ഒരു നിമിഷം നഷ്ടപ്പെട്ടുപോയ സമചിത്തത വീണ്ടെടുത്ത് വിവേക് പെട്ടെന്ന് മൊബൈൽ ഫോൺ എടുത്തുനോക്കി. സമയം എട്ടുമണി. തലേന്നാൾ അമ്മയുടെ അടുത്തുനിന്ന് എത്തിയപ്പോൾ തന്നെ ഒരുപാട് വൈകിയിരുന്നു. അവശ്യം ചെയ്തുതീർക്കേണ്ട കാര്യങ്ങൾ ചെയ്ത് അമ്മയ്ക്കു വേണ്ട തുണികൾ എടുത്തുവച്ചു കിടന്നപ്പോൾ വെളുപ്പിന് രണ്ടുമണി. ഉറക്കം വരാൻ പിന്നെയും ഏറെ സമയമെടുത്തിരുന്നു. രാവിലെ ഉണർന്ന് അത്യാവശ്യം വീട്ടുകാര്യങ്ങൾ ചെയ്തുതീർത്ത് അമ്മയുടെ അടുത്തേക്കു പോകാനിരുന്നതാണ്. ആറുമണിക്ക് സെറ്റ് ചെയ്ത അലാറം പലവട്ടം തന്നെ വിളിച്ചുണർത്താൻ ശ്രമിച്ചിട്ടുണ്ടാകാമെന്ന് വിവേക് കുറ്റബോധത്തോടെ ഓർത്തു. തന്നെ വിളിച്ചുണർത്തിയ ആ സ്വപ്നവും വിവേകിൽ ഒരു അസ്വസ്ഥത ജനിപ്പിച്ചിരുന്നു. കുളിച്ചൊരുങ്ങൽ ഒക്കെ പെട്ടെന്ന് തീർത്ത് അയാൾ ബൈക്കിൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. കാൻസർ വാർഡിൻ്റെ പ്രധാനവാതിലിൽ നിന്നുതന്നെ, പതിവില്ലാത്ത വിധം വിവേക് വിസിറ്റേഴ്സ് റൂമിലേക്കാനയിക്കപ്പെട്ടു.  പ്രധാനഡോക്റ്ററും നേഴ്സ് ഇൻ ചാർജ്ജും മറ്റു രണ്ടു സിസ്റ്റേഴ്സും ഉൾപ്പെട്ട ഒരു വലയത്തിനുള്ളിൽ അവരുടെ താപാർദ്രനോട്ടങ്ങളുടെ കേന്ദ്രബിന്ദുവായിത്തീർന്ന വിവേകിന്, പെട്ടെന്ന് വല്ലാത്തൊരു ഉഷ്ണമനുഭവപ്പെട്ടു.  പ്രധാനഡോക്റ്റർ സംസാരിച്ചു.

'നോക്കൂ വിവേക്, വി ആർ വെരി സോറി. നമ്മൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പെട്ടെന്നാണത് സംഭവിച്ചത്. അമ്മ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു' 

സൗരത്തിരമാല കണക്കേ അയാളിൽ നിന്ന് ഒരു തീച്ചൂട് പുറപ്പെട്ടു, അത് അവരേയും പൊള്ളിച്ചു. 

ഡോക്റ്റർ അയാളുടെ തോളിൽ ആശ്വസിപ്പിക്കാനെന്നോണം തട്ടിയിട്ട് പറഞ്ഞു. 

'നിങ്ങളുടെ ഈ നഷ്ടത്തിൽ ഞങ്ങൾക്ക് അതിയായ ദു:ഖമുണ്ട്. എന്നിരുന്നാലും അമ്മ വേദനകളൊന്നുമില്ലാതെയാണ് പോയത് എന്ന് ഞങ്ങൾക്ക് ഉറപ്പ് പറയാനാകും. അവസാനനിമിഷം വരെ സ്റ്റാഫ് കൂടെത്തന്നെയുണ്ടായിരുന്നു'

'നമ്മൾ പ്രതീക്ഷിച്ച മരണം!! '

മെഡിക്കൽ സ്റ്റാഫിന് ഈ മരണം അപ്രതീക്ഷിതമല്ലായിരിക്കാം. എൻ്റ് സ്റ്റേജ് ലങ്ങ് ക്യാൻസർ എന്ന മഹാവ്യാധിയുടെ വേദനയോട് മല്ലിടാൻ, ജീവിതത്തോടു പടവെട്ടി മുന്നേറിയ സമരവീര്യം ഒന്നും പോരാതെ അമ്മ തളർന്നുപോകുന്നത് കണ്ടുനിൽക്കാനാകുന്നതായിരുന്നില്ല. രോഗനിർണ്ണയം നടത്തിയപ്പോൾത്തന്നെ കാൻസർ അമ്മയിൽ അതിൻ്റെ നാലാംഘട്ടം ഓട്ടം തുടങ്ങിയിരുന്നു.  കീമോതെറാപ്പി കൊണ്ടൊന്നും കാര്യമില്ല എന്ന അവസ്ഥയിൽ പാലിയേറ്റീവ് ട്രീറ്റ്മെൻ്റ് ആയിരുന്നു മെഡിക്കൽ അഡ്വൈസ്. മിറക്കിളിൻ്റെ ഒരു കച്ചിത്തുരുമ്പിനെ പ്രാർത്ഥനയുമായി ഇഴപിരിച്ച് നീക്കിയ ദിവസങ്ങളും നാഴികവിനാഴികകളും പക്ഷെ, ഈ മകനു മാത്രം സ്വന്തം.  ആധുനീകശാസ്ത്രത്തിൻ്റെ പരിമിതികൾക്കും അതീതമായ മഹാത്ഭുതത്തിൻ്റെ ഒരു കെടാത്തിരി, ഇരുണ്ടുമൂടിപ്പോയ മനസ്സിൽ അതുവരെ ഒരു മിന്നാമിന്നിവെട്ടം പകർന്നിരുന്നു എന്ന് ആ നിമിഷം വിവേക് തിരിച്ചറിഞ്ഞത്, അമ്മയുടെ മരണവാർത്തയോടൊപ്പം ഇരുട്ടിൻ്റെ ഒരു മഹാപ്രളയം തന്നെ വന്നുമൂടിയപ്പോഴാണ്. മാനേജരുടെ കാലുപിടിച്ച്, ശമ്പളമില്ലാത്ത അവധി ഒപ്പിച്ചെടുത്ത് തലേന്നാൾ വരെ അമ്മയുടെ അടുക്കൽത്തന്നെ ഉണ്ടായിരുന്നതായിരുന്നു. ഒന്നു കണ്ണടച്ചുപോയാൽ, മുറിഞ്ഞുമുറിഞ്ഞുവീഴുന്ന ജീവനാരുകളിൽ അവസാനത്തേതും അമ്മ പൊട്ടിച്ചെറിയുമോ എന്നുപേടിച്ച് കണ്ണുകൾ ചിമ്മാതെ കാവലിരുന്നതായിരുന്നു. ഇന്നലെ അൽപ്പമൊരു ഭേദം കണ്ടതിനാൽ മാത്രം നന്നായൊന്നു കുളിച്ച് അത്യാവശ്യം മാറ്റേണ്ട വസ്ത്രങ്ങളെല്ലാമെടുത്തുവരാനായി പോയതാണ്. നന്നായൊന്ന് ഉറങ്ങിയിട്ട് വരൂ എന്ന സിസ്റ്റർമാരുടെ നിർബന്ധം കൂടി അതിനുപിന്നിൽ ഉണ്ടായിരുന്നു. ആ സമയം അമ്മ തന്നെ കബളിപ്പിച്ച് കടന്നുകളഞ്ഞിരിക്കുന്നു. തന്നെ പൊതിഞ്ഞുസംരക്ഷിച്ചിരുന്ന ഗർഭസ്തരം പെട്ടെന്ന് തന്നെ തള്ളി പുറത്തേക്കെറിഞ്ഞത് വിവേക് അറിഞ്ഞു. നഷ്ടത്തിൻ്റേതോ പ്രതിഷേധത്തിൻ്റേതോ എന്ന് തിരിച്ചറിയാനാകാത്ത ഒരു നിലവിളി അയാളുടെ തൊണ്ടക്കുഴിയിൽ നിന്ന് പുറത്തുചാടി. അയാൾക്കുള്ളിലെ, അപ്പോഴും ഉണങ്ങിയടർന്നുവീഴാത്ത പൊക്കിൾക്കൊടിത്തുമ്പിൽ നിന്നും നിലയ്ക്കാതെ രക്തമൊഴുകി. 


രണ്ടു നേഴ്സുമാരുടെ അകമ്പടിയോടു കൂടിയാണ് വിവേക് അമ്മയെ കിടത്തിയിരുന്ന ബെഡിനരികിലെത്തിയത്.  തീഷ്ണമായ വെളിച്ചത്തെ ആദ്യമായി കാണുന്ന ചോരക്കുഞ്ഞിനെപ്പോലെ, വിവേക് കണ്ണുകൾ ചിമ്മി അമ്മയെ നോക്കി. ഡോക്റ്റർ പറഞ്ഞത് ശരിയാണ്. വേദനയില്ലാതെയാവണം അമ്മ പോയത്. മരണത്തിൻ്റെ വിളറിയ നിറത്തെ മായ്ച്ചുകളയുന്ന ഒരു പുഞ്ചിരി, അതുവരെ അനുഭവിച്ച വേദനകളോട് പടവെട്ടി ജയിച്ചിട്ടെന്നോണം അമ്മ മുഖത്തണിഞ്ഞിരിക്കുന്നു!!

 ഫോർമലിറ്റീസ് എല്ലാം കഴിഞ്ഞ്, കുറച്ചുദിവസങ്ങൾക്ക് ശേഷമാണ്, ഡെത്ത് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്നത്. ഇനി അത് രെജിസ്റ്റർ ചെയ്യണം. അമ്മ ഇനി രേഖകളിൽ മാത്രം. അച്ഛനെ കണ്ട ഓർമ്മയില്ല. 'അച്ഛൻ്റെ ഓർമ്മകൾ നമ്മിൽ അവശേഷിക്കുവോളം അച്ഛൻ ജീവിച്ചിരിക്കും' എന്ന, അമ്മയുടെ വാക്കുകൾ വിവേക് ഓർത്തു. പഴയകാലത്തിനു മേൽ പല അടരുകളിൽ വീണ കരിയിലകൾക്കുള്ളിൽ കളഞ്ഞുപോയ ഒരു തരി പൊട്ട് തിരയും പോലെ അച്ഛൻ്റെ ഓർമ്മകളെ ചികഞ്ഞെടുക്കാൻ താനന്നെല്ലാം ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും  പരാജയമായിരുന്നു ഫലം. എന്നാൽ അമ്മയിൽ അച്ഛൻ എന്നും ജീവിച്ചിരുന്നു എന്നു തോന്നിയ ഒരുപാട് സന്ദർഭങ്ങൾ വിവേകിനോർത്തെടുക്കാനാവും. ഇതാ ഇപ്പോൾ അച്ഛൻ മരണപ്പെട്ടിരിക്കുന്നു. രേഖകളിൽ അമ്മയും മരണപ്പെട്ടിരിക്കുന്നു. രേഖകളിൽ മാത്രം. ഓർമ്മകളേക്കാൾ മിഴിവുള്ള ജീവപത്രം വേറെന്തുണ്ട്.  തന്നെയോ തൻ്റെ ഓർമ്മകളെയോ, കാലം ആദ്യമെന്ത് കീറിക്കളയുന്നോ  അതുവരെ അമ്മ ജീവിച്ചിരിക്കും. 

ഡെത്ത് സർട്ടിഫിക്കറ്റിലൂടെ വെറുതെ കണ്ണോടിച്ച വിവേക്, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ഡെയ്റ്റും സമയവും ശ്രദ്ധിച്ചു. 22/11/2024 അറ്റ് 07:59 എ.എം. തിരമാലയിൽ പെട്ട പോലെ ഒരു ഞെട്ടലിൽ പെട്ടെന്ന് അയാളുടെ ശരീരം ആകെയൊന്ന് ആടിയുലഞ്ഞു. അന്ന് എട്ടുമണിക്ക് തൊട്ടുമുൻപല്ലേ അമ്മ തന്നെ തട്ടിയുണർത്തിയതായി തോന്നിയത്. ആ നിമിഷം അമ്മ മരിച്ചിരിക്കുന്നു. ഒരു പുഞ്ചിരിയോടെ.  അതേ മാത്രയിൽ അമ്മയുടെ ആത്മാവ് തന്നെ കൈനീട്ടി തൊട്ടിരിക്കുന്നു.   എന്തോ പറയാൻ ശ്രമിച്ചിരിക്കുന്നു. തന്നോട് പറയാനാഗ്രഹിച്ച, ആ പുഞ്ചിരിക്കു നിദാനമായ സന്തോഷവർത്തമാനം എന്തായിരുന്നിരിക്കാം?!! ഒരു പ്രശ്നോത്തരിയുടെ ഉത്തരം തേടിയിട്ടെന്നപോലെ അയാളുടെ കണ്ണുകൾ  ഡെത്ത് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ സമയാക്കങ്ങളിൽ തറച്ചുനിന്നു. 





Wednesday, 18 December 2024

എന്നാലുമെൻ്റെ കണ്ണടയെവിടെപ്പോയി?

'ത്രേസ്യാക്കൊച്ചേ...' 

നേരം വെളുത്തിട്ടെത്ര നേരമായി. ഇവളിതെവിടെപ്പോയി?

കാലത്തേ, പതിവുള്ള ഒരു ഗ്ലാസ് കട്ടൻകാപ്പി  കിട്ടിയില്ലെങ്കിൽ ഒന്നുമങ്ങോട്ട് ശരിയാവത്തില്ല. കട്ടനും കുടിച്ച് ഒരു ബീഡിയും വലിച്ചാലേ രാവിലെ വയറ്റീന്ന് പോകത്തൊള്ളു. എൺപത്താറ് വയസ്സിൻ്റെ അസ്ക്യതകൾ. കൊറച്ച് മധുരമിട്ടു താടി കൊച്ചേ എന്നെത്ര കെഞ്ചിയാലും ത്രേസ്യാക്കൊച്ച് മധുരമിടില്ല. 

'ഷുഗർ എത്രയിൽ നിൽക്കുവാന്നാ അപ്പൻ്റെ വിചാരം? വല്ലതും വരുത്തിവച്ചാൽ ദുബായിക്കാരൻ മോൻ വരുമ്പൊ ചീത്ത കേൾക്കുന്നത് ഞാനാവും'

ഇതാണവളുടെ പതിവുപല്ലവി. കാര്യം മരുമോളൊക്കെയാണെങ്കിലും സ്നേഹോള്ളോളാ. ഇഷ്ടത്തോടെ കഴിച്ചിരുന്ന മധുരപലഹാരങ്ങളൊന്നും കഴിക്കാൻ അനുവദിക്കില്ലെങ്കിലും കഴിക്കാൻ പറ്റുന്നതൊക്കെ ആവുന്നത്ര രുചികരമായി അവൾ പാകം ചെയ്തുതരുന്നുണ്ട്. എന്നെയും മേരിയേയും പൊന്നുപോലെ നോക്കുന്നുമുണ്ട്. പാവം. എപ്പോഴും പണിത്തിരക്കാ അവൾക്ക്. നിറവയറുമായി നിൽക്കുന്ന ജൂലിമോൾടെ കാര്യങ്ങൾ ശ്രദ്ധിക്കണം, ആഴ്ചയവസാനം ഹോസ്റ്റലിൽ നിന്ന് വീട്ടിൽ വരുന്ന ജെയിംസ് മോൻ്റെ ഒരു കുന്ന് തുണിയലക്കണം. അവനാണെങ്കിലോ, ഇപ്പോഴും ഇള്ളക്കുഞ്ഞാണെന്നാ വിചാരം. എല്ലാറ്റിനും അമ്മ വേണം. വയ്യാതിരിക്കുന്ന വല്ല്യപ്പച്ചനേം വല്ല്യമ്മച്ചിയേം ശുശ്രൂഷിക്കുന്നതുതന്നെ പിടിപ്പത് പണിയാണെന്ന് ചെക്കനു മനസ്സിലാവുന്നില്ല. 


എന്നാലുമിവളിതെവിടെപ്പോയി?

'ത്രേസ്യാക്കൊച്ചേ...'

ആരുടേയും ഒരനക്കവുമില്ലല്ലൊ. ഇനിയിപ്പൊ എഴുന്നേറ്റുചെന്ന് നോക്കാം. എൻ്റെ വാക്കിങ്ങ് സ്റ്റിക്ക് എവിടെപ്പോയി? ഇതാ കത്രീനയുടെ പണി തന്നെയാകും. അടുക്കിയൊതുക്കിവയ്ക്കുന്നു എന്ന പേരിൽ സാധനങ്ങളൊക്കെ ഓരോരോ സ്ഥലത്തുകൊണ്ടുപോയി വയ്ക്കും. ഒതുക്കിവയ്പ്പാണത്രെ. എനിക്കു കയ്യെത്താവുന്നിടത്തു വേണ്ടേ വയ്ക്കാൻ. എത്ര പറഞ്ഞാലും വീണ്ടും അതുതന്നെ ആവർത്തിക്കും. വേലക്കാരിപ്പെണ്ണിൻ്റെ ഒരഹങ്കാരം!

ത്രേസ്യാക്കൊച്ച് തിരക്കിലാണെങ്കിൽ ആ കത്രീനക്കെങ്കിലും ഒരു ഗ്ലാസ് കാപ്പി കൊണ്ടുത്തരരുതോ. അവളുടേയും അനക്കമൊന്നുമില്ലല്ലോ. ഇതെവിടെപ്പോയി എല്ലാവരും!

കട്ടിൽക്കാലിൽ പിടിച്ച് പതുക്കെ എഴുന്നേൽക്കാം. വാക്കിങ്ങ് സ്റ്റിക്കിനു പകരമിപ്പോൾ മേശയിലും കസേരയിലുമൊക്കെ പിടിച്ചുനടക്കുക തന്നെ. . ആഹ! പതുക്കെയാണെങ്കിൽ ഒന്നിലും പിടിക്കാതെയും നടക്കാനാവുന്നുണ്ടല്ലൊ. ചെറിയൊരു ബാലൻസ് പ്രശ്നമുണ്ട്. പക്ഷെ കുഴപ്പമില്ല. വാക്കിങ്ങ് സ്റ്റിക്ക് ഇല്ലാതെയും നടക്കാം. വെറുതെയല്ല ത്രേസ്യക്കൊച്ച് പറയുന്നത്, അപ്പന് ആത്മവിശ്വാസത്തിൻ്റെ കുറവാണെന്ന്. 

തൊണ്ട വരളുന്നല്ലൊ. അടുക്കള വരെ ചെന്നുനോക്കാം. ദാ വലിയൊരു ചെരുവം നിറയെ കാപ്പിയിരിക്കുന്നു. അഞ്ചുപേർക്ക് കുടിക്കാൻ ഇത്രയധികം കാപ്പിയെന്തിനാ?! ഇവരെന്താ കാപ്പിയിലാണോ കുളിക്കുന്നത്? ആ കത്രീനപ്പെണ്ണിൻ്റെ പണിയാവും. ത്രേസ്യാക്കൊച്ച് അനാവശ്യമായി ഭക്ഷണസാധനങ്ങളൊന്നും പാഴാക്കില്ല. 

ഈ കാപ്പിയെന്താ ഇങ്ങിനെ തണുത്തിരിക്കുന്നെ? ഇതൊന്നു ചൂടാക്കിത്തരാൻ ഇവിടാരുമില്ലെ? തന്നെ ചൂടാക്കാമെന്നു വച്ചാൽ ഈ ഗ്യാസടുപ്പെങ്ങിനെയാ കത്തിക്കുന്നെ? കുറെ കാലമായി അടുക്കളയിൽ കേറാത്തതിൻ്റെ പരിചയമില്ലായ്മ. സാരമില്ല. തൽക്കാലം തണുത്ത കാപ്പിയും കുടിച്ച് ഒരു ബീഡിയും വലിക്കാം. അപ്പോൾ താനെ ശോധന വന്നോളും. കാലത്തേതന്നെ ആ പണിയങ്ങു തീർത്താൽ പിന്നെ ആശ്വാസമുണ്ട്. അല്ലെങ്കിൽ പിന്നെ ഒന്നും കഴിക്കാൻ തോന്നത്തില്ല. വയറു വന്നങ്ങു വീർത്തുനിൽക്കുന്ന പോലെയാ. പോരാത്തതിന് അർശ്ശസ്സിൻ്റെ അസ്ക്യതയും. ദിവസേന പോയില്ലെങ്കിൽ ശരിയാവത്തില്ല. 

തണുത്ത കാപ്പി കുടിച്ചിട്ട് അങ്ങേറ്റില്ല. ഒരു ബീഡി വലിച്ചുനോക്കാമെന്നു വച്ചാൽ തീപ്പെട്ടിയും കാണുന്നില്ല, ബീഡിയും കാണുന്നില്ല. ത്രേസ്യാക്കൊച്ചിന് ബീഡിമണം പിടിക്കത്തില്ല. അവളതെടുത്ത് ഒളിപ്പിച്ചിട്ടുണ്ടാകും. വാശിപിടിച്ചാൽ മുറുമുറുപ്പോടെ ഒരു ബീഡി തന്നെന്നിരിക്കും. പക്ഷെ അവളെവിടെ? എല്ലാവരും കൂടി പള്ളിയിൽ പോയോ? അതിനിന്നു ഞായറാഴ്ചയല്ലല്ലോ. ഞായറാഴ്ച മാത്രമല്ലേ എല്ലാവരും ഒരുമിച്ചുള്ള പള്ളിയിൽ പോക്ക്. പിന്നെവിടായിരിക്കും പോയിരിക്കുന്നെ? അയ്യോ ഇനി ജൂലിക്കൊച്ചിനെന്തെങ്കിലും വയ്യായ്കയോ മറ്റോ? എവിടെപ്പോയാലും ഒരുവാക്കൊന്നു പറഞ്ഞിട്ടുപോകാമായിരുന്നല്ലോ. വരട്ടെ. വരുമ്പോൾ രണ്ടുവർത്തമാനം പറയുന്നുണ്ട് ഞാൻ. 

ഇന്നത്തെ പത്രമെന്തുപറയുന്നു എന്ന് നോക്കാം. അപ്പോഴേക്കും ആരെങ്കിലുമൊക്കെ തിരിച്ചെത്തുമായിരിക്കും. വായിക്കണമെങ്കിൽ കണ്ണട വേണമല്ലോ. എൻ്റെ കണ്ണടയും കാണുന്നില്ലല്ലോ. ഇതെവിടെപ്പോയി!

ആഹ! വരാന്തയിൽ നിന്നിറങ്ങുന്ന പടിയിൽത്തന്നെ ഇരിപ്പുണ്ടല്ലൊ കത്രീന. 

'ഏടി കത്രീനക്കൊച്ചേ...' 

അല്ലല്ല, ഇവളാരെയാ ഈ റോട്ടിലേക്കും നോക്കിയിരിക്കുന്നെ? പെണ്ണിന് ഈയിടെ ഇച്ചിരെ ഇളക്കം കൂടുതലാ. ഞാനൊന്നും കാണുന്നില്ലെന്നാ വിചാരം

'എടി കത്രീനേ...'

ഇടി വെട്ടുമ്പോലെയാ വിളിച്ചത്. ആഹ. പിടഞ്ഞെഴുന്നേറ്റല്ലൊ. അപ്പോൾ ദേഷ്യത്തിൽ വിളിച്ചാൽ കേൾക്കുമല്ലെ. 

എന്നിട്ടും ഇവളെന്താ റോഡിൽ നിന്ന് കണ്ണെടുക്കാത്തെ. 

ഓ ഗേറ്റുകടന്നൊരു കാർ വരുന്നുണ്ടല്ലോ. അതു കണ്ടാണല്ലെ അവൾ എഴുന്നേറ്റത്. അല്ലാതെ എന്നെ പേടിച്ചിട്ടല്ല.  ആയകാലത്ത് വിരൽത്തുമ്പിൻ്റെ ആംഗ്യത്തിൽ വേലക്കാർ റാൻ മൂളി നിൽക്കുമായിരുന്നു.  കാര്യശേഷിയില്ലാത്ത പ്രായമായപ്പോൾ വേലക്കാരും വില വയ്ക്കാതായി. 

ഇതെന്താ ആദ്യം വന്ന കാറിന് പുറകെ വേറെയും കാറുകൾ? ജൂലിക്കൊച്ചിനെന്തേലും പറ്റിയോ കർത്താവേ ? അതാ ജൂലിയുടെ ഭർത്താവ് റോയ് കാറിൽ നിന്നിറങ്ങുന്നു. അപ്രത്തെ ഡോർ തുറന്ന് ജെയിംസ് മോനും ഇറങ്ങുന്നു. അയ്യോ എൻ്റെ ജൂലിക്കൊച്ചിനെന്നാ പറ്റിയെ? അല്ല! അവർ രണ്ടുപേരും കൂടി പിടിച്ചിറക്കുന്നത് ജൂലിയെ അല്ലേ? അവൾ പ്രസവിച്ചില്ലേ? വയർ അതുപോലെതന്നെ ഉണ്ടല്ലൊ. 

അവൾ കരയുന്നുണ്ടല്ലൊ. എൻ്റെ കൊച്ചിനെന്തോ പിണഞ്ഞിട്ടുണ്ട്.

പുറകിലെ കാറിൽ നിന്ന് ജോണിയല്ലെ ഇറങ്ങുന്നെ? ഓ! ഇവനെ കൊണ്ടുവരാൻ എല്ലാവരും കൂടി എയർപ്പോർട്ടിൽ പോയതാണല്ലേ. അവൻ വരുന്ന വിവരം ആരുമെന്നോടെന്താ പറയാഞ്ഞത്!വയ്യാത്ത മേരിപ്പെണ്ണിനേയും കെട്ടിയെഴുന്നള്ളിച്ചിട്ടുണ്ടല്ലൊ. എനിക്ക് കൂട്ടായിട്ട് അവളെയെങ്കിലും ഇവിടെ ഇരുത്തിയിട്ടു പോകാമായിരുന്നില്ലെ. ഇവളെന്താ കരയുന്നെ? ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് വിഷമിപ്പിച്ചോ അവളെ? ആയ കാലത്തും, വയ്യായയിൽ പോലും ഒരു വാക്കു പറഞ്ഞ് ഞാനെൻ്റെ മേരിക്കൊച്ചിനെ വിഷമിപ്പിച്ചിട്ടില്ല. ഇപ്പൊ ആരാ അവളെ കരയിപ്പിച്ചെ?

ജോണിമോൻ മേരിക്കൊച്ചിനെ താങ്ങിക്കൊണ്ടുവരുന്നുണ്ട്. പുറകെ വരുന്നത് മേരിക്കൊച്ചിൻ്റെ ആങ്ങള ഔസേപ്പല്ലെ? അങ്ങിനെ വരട്ടെ. അവനീയിടെ മുട്ടുകാലിനെന്തോ കുഴപ്പമുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. അവൻ കൊണ്ടുപോയതാണല്ലേ എൻ്റെ വാക്കിങ്ങ് സ്റ്റിക്ക്.  അവനത് കുത്തിനടക്കേണ്ടതെങ്ങിനെയെന്നുകൂടി അറിയില്ല. പൂച്ചക്കുഞ്ഞിനെ പിടിക്കുന്ന പോലെ, ഇടത്തെ കയ്യിൽ തൂക്കിപ്പിടിച്ചു നടക്കുന്നു!!

ഔസേപ്പിതിനിടയ്ക്ക് പതുക്കെ എന്തൊക്കെയോ മേരിക്കൊച്ചിനോട് പറയുന്നുണ്ടല്ലോ. അത് കേട്ടിട്ടാകണം വന്നപാടെ മേരിക്കൊച്ച് എൻ്റെ കിടക്കയിൽ വീണുകരയുന്നെ. കേൾവി ഇത്തിരി പതുക്കെയാ എനിക്ക്. ഒന്നു ചെവിവാട്ടം പിടിക്കട്ടെ.

അയ്യോ ഇവനെന്തൊക്കെയാ പറഞ്ഞുകൊടുക്കുന്നെ! നരകിച്ചുള്ള കിടപ്പിൽ നിന്ന് അളിയന് രക്ഷയായി എന്നോ? ഞാനല്ലാതെ ഇവന് വേറെ ഏതളിയൻ?! മേരിക്കൊച്ചിന് അളിയൻ്റെ ഓർമ്മയ്ക്കായി സൂക്ഷിക്കാനാണത്രെ വാക്കിങ്ങ് സ്റ്റിക്ക് ശവപ്പെട്ടിക്കുള്ളിൽ വയ്ക്കാതെ തിരികെ കൊണ്ടുപോന്നത്. എൻ്റെ ഓർമ്മയ്ക്കോ. ഇവനെന്തൊക്കെ പോഴത്തരങ്ങളാ ഈ പറയുന്നെ?!! മേരിക്കൊച്ചിനെ വിഷമിപ്പിച്ചാൽ അളിയനാണെന്നൊന്നും നോക്കില്ല. ഒരൊറ്റ ചവിട്ട് വച്ചുതരും. അങ്ങുചെന്ന് അവൻ്റെ മുഖത്ത് നോക്കി നാലുവർത്തമാനം പറയട്ടെ. എന്നാലുമെൻ്റെ കണ്ണടയിതെവിടെപ്പോയി?!!!!

Tuesday, 17 December 2024

ലാവെൻ്റർ

ഇരവിഴുങ്ങിനിറഞ്ഞ വൻസ്രാവിൻ്റെ അലസചലനത്തെ ഓർമ്മിപ്പിക്കുന്ന വിധം, നിറയെ യാത്രക്കാരുമായി എയർ ഇന്ത്യയുടെ വിമാനം ഹീത്രൂ എയർപ്പോർട്ടിൻ്റെ റൺവേയിലൂടെ പതുക്കെ നീങ്ങി. പിന്നെ വേഗം കൈവരിച്ച്, ശ്വാസമെടുക്കാൻ മുകൾപ്പരപ്പിലേക്ക് മൂക്കുയർത്തിക്കുതിക്കുന്ന  മത്സ്യത്തെപ്പോലെ, ആകാശത്തേക്കുയർന്നു.  അടുത്ത നിമിഷം അസ്തമയസൂര്യൻ്റെ ചെങ്കിരണങ്ങൾ ചിറകിലണിഞ്ഞുപറക്കുന്ന ഭീമൻ പക്ഷിയായത് കാണപ്പെട്ടു. 

വിൻ്റോ സീറ്റുകളിലൊന്നിൽ പ്രായത്തെ തോൽപ്പിക്കുന്ന അവശതയും പേറി,  ശിലപോലെ,  ആ വൃദ്ധൻ ഇരുന്നിരുന്നു. ചില്ലുജാലകത്തിലൂടെ പുറത്തെ ഏതോ ബിന്ദുവിൽ അചഞ്ചലമായി നട്ടുവച്ച മിഴികളിലൂടെ പക്ഷെ അയാൾ ഒരു മുഖം മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു. സൂര്യകിരണങ്ങൾ ചെഞ്ചായം കലക്കിയ  കൺതടാകങ്ങൾ നിറഞ്ഞ്കവിയുന്നത്, ഒരു നിലവിളിയുടെ ഉള്ളുരക്കത്തിൽ സ്വയം മറന്നിരുന്ന അയാൾ അറിയുന്നുണ്ടായിരുന്നില്ല. ഘനമേഘങ്ങൾ, സാമീപ്യം കൊണ്ട് പുകമഞ്ഞായി രൂപപ്പെട്ടതും അവയെ കീറിമുറിച്ച് വിമാനം ഉയരങ്ങളിലേക്കെത്തിയതും, പിന്നീട് താഴെ ഒരു വെണ്മേഘക്കടൽ രൂപപ്പെട്ടതും ഒന്നും അയാളറിഞ്ഞില്ല.  'എൻ്റെ കുഞ്ഞേ' എന്ന, പുറത്തുവരാത്തൊരു നിലവിളി, അയാളുടെ ജീവനാരുകളെ അപ്പോൾ പറിച്ചെടുക്കുകയായിരുന്നു. പെയ്തിട്ടും പെയ്തിട്ടും തോരാതെ അയാളുടെ മനസ്സ് പുതിയ കാർമേഘങ്ങളെ അണിഞ്ഞുകൊണ്ടിരുന്നു.  ഹൃദയംകളഞ്ഞുപോയ ആംഗലഭൂമികൾ കാഴ്ചയിൽ നിന്നു മായ്ച്ച്, വിമാനം ഉയരങ്ങളെ തൊട്ട ഏതോ നിമിഷത്തിലാണ്,  കലങ്ങിമറിഞ്ഞ വെള്ളത്തിൽ ശ്വാസമെടുക്കാൻ പോലും മറന്ന് ആഴങ്ങളിൽ മയങ്ങിവീണ മത്സ്യത്തെ ജീവവായുവിൻ്റെ ഒരു നീർപ്പോള വന്നു തഴുകുംപോലെ, അതിമൃദുവായൊരു സ്പർശം അയാളുടെ ഇടത്തെ തോളിനെ തൊട്ടത്. 

ഒരു സ്പർശനത്തിലൂടെ സംവദിക്കപ്പെടാവുന്ന അഭൗമവും അലൗകികവുമായ വികാരങ്ങളുടെ അപാരസാധ്യതകൾക്ക് വിധേയനാവുകയായിരുന്നു ആ നിമിഷം അയാൾ. തകർന്ന് ഛിന്നഭിന്നമായ ഒരു സ്ഫടികശിൽപ്പം, ഒരൊറ്റ കരസ്പർശത്താൽ പൂർവാധികം മനോഹാരിതയും മൂർത്തതയും കൈവരിക്കുന്നതും, ഒരു ഉയിർപ്പിലെന്ന അതിൻ്റെ മേനിത്തിളക്കത്തിൽ സ്വന്തരൂപം പ്രതിഫലിക്കുന്നതും അനുഭവിച്ചറിയുകയായിരുന്നു, അത്രമേൽ പരിചിതമായ ആ സ്പർശനത്തിലൂടെ അയാളപ്പോൾ.

ആദ്യമായല്ല ഈ കരസ്പർശം അയാൾ അനുഭവിക്കുന്നത്. എന്നാൽ ആ സ്പർശനം സന്നിവേശിപ്പിച്ച സ്വർഗീയാനുഭൂതികളുടെ തീവ്രത അയാളിൽ അത്ര ശക്തമായ തരംഗങ്ങളുണർത്തുന്നത് ഇതാദ്യമാണ്. ഒരു ചുഴലിക്കാറ്റിലകപ്പെട്ടാലെന്ന പോലെ പെട്ടെന്നു വീശിയടിച്ച ഒരുകൂട്ടം പ്രിയകരചിന്തകളിൽ അയാൾ ഉലഞ്ഞു. അതിനൊപ്പം, തനിക്കു ചുറ്റും വന്നുനിറയുന്ന ലാവെൻ്ററിൻ്റെ സൗരഭ്യം സാവകാശം ഉള്ളിലേക്കെടുത്ത്, അയാൾ ആ സ്പർശനം വന്ന ദിശയിലേക്ക് നോക്കി. കണ്ണുനീർ നിറഞ്ഞ് അതാര്യമായ കാഴ്ചയിൽ, പശ്ചിമാംബരത്തിലെ വെൺമേഘങ്ങൾക്കിടയിലൂടെ വിൻ്റോയെ തുളച്ചെത്തുന്ന അസ്തമയസൂര്യൻ്റെ സ്വർണ്ണപ്രഭയിൽ പൊതിഞ്ഞ് കാണപ്പെട്ട രൂപം എയർ ഹോസ്റ്റസിൻ്റേതാകാം എന്നയാൾ ചിന്തിച്ചു. എന്നാൽ ഹൃദയത്തെ  മുറിചേർത്ത് തിരികെയെത്തിച്ച ആ സ്പർശം?! നിറഞ്ഞ കണ്ണുകളെ  നാപ്കിനിലേക്കൊപ്പി, ഒന്നുകൂടി നോക്കിയ നിമിഷം  അയാൾ ഞെട്ടിപ്പോയി. അത് അവളായിരുന്നു.!!!

സമാനമായ ഒരു ഞെട്ടൽ ഉളവാക്കിയാണ് , മൂന്നു മാസങ്ങൾക്കുമുൻപുള്ള ആ വെള്ളിയാഴ്ചയും, അവൾ അയാൾക്കു മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്നും അയാളുടെ കൺകോണുകൾ നനഞ്ഞിരിക്കുകയും മനസ്സ് ദുഖഭാരത്താൽ കനപ്പെട്ടിരിക്കുകയും ചെയ്തിരുന്ന ഒരു സായാഹ്നമായിരുന്നു. ലണ്ടൻ്റെ വടക്കൻപ്രാന്തപ്രദേശങ്ങളിലെ  കുന്നിൻമുകളിലുള്ള  ഒരുപള്ളിയോടു ചേർന്ന്, പൗരാണികത വിമൂകം തലകുനിച്ചുനിൽക്കുന്ന  സ്മശാനത്തിൻ്റെ ഒരരികിലെ ചാരുബെഞ്ചിലിരിക്കുകയായിരുന്നു, അയാളപ്പോൾ. പകലുകളുടെ  ദൈർഘ്യത്തെ പിന്നിലാക്കി, ശിശിരം മുന്നിലേക്കോടിയെത്തിക്കൊണ്ടിരുന്ന ആ വൈകുന്നേരം, അയാൾക്കുപുറകിൽ സൂര്യൻ അന്തിച്ചക്രവാളത്തിൽ ചെഞ്ചായമേലങ്കിയണിഞ്ഞുനിന്നിരുന്നു. പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ ഒരു സ്വപ്നാടനത്തിലെന്നപോലെയാണ് അയാൾ, സ്മശാനമാണെന്നറിയാതെ അങ്ങോട്ട് ചെന്നെത്തിയത്. യു.കെയിൽ വന്നയുടനെയുള്ള ആസ്പത്രിവാസത്തിനു ശേഷം, ഡോക്റ്റർ നിർദ്ദേശിച്ച ദിനചര്യയുടെ ഭാഗമായുള്ള നടപ്പിനിടയിൽ അന്നയാൾ പതിവില്ലാതെ ഒന്നു വഴിമാറി സഞ്ചരിച്ചതാണ്.ചാവി  കൊടുത്തുവിടുമ്പോൾ നിശ്ചിതപാതയിലൂടെ ഓടുന്ന കളിവണ്ടി പോലെ, മകൻ കാണിച്ചുകൊടുത്തിട്ടുള്ള ചില മാർഗങ്ങളിലൂടെ മാത്രം നടന്ന്, ഒരു മണിക്കൂർ കൊണ്ട് തിരികെ വീട്ടിലെത്തുകയായിരുന്നു അതുവരെയുള്ള പതിവ്. തുടക്കത്തിലൊക്കെ മകൻ കൂട്ടിന് വന്നിരുന്നു. വഴി മനസ്സിലായിക്കഴിഞ്ഞതോടെ ആരും കൂടെ വരാതായി. മകനും മരുമകൾക്കും ജോലിത്തിരക്ക്. കൊച്ചുമക്കൾക്ക് പഠനത്തിരക്ക്. എങ്കിലും അയാൾ മുടങ്ങാതെ നടക്കാൻ പോകുന്നുണ്ടെന്ന് മകൻ ഉറപ്പുവരുത്തിയിരുന്നു. ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ, അയാളുടെ ആസ്പത്രിവാസം മകൻ്റെ പോക്കൻ്റിൻ്റെ നല്ലൊരു ഭാഗം കവർന്നിരുന്നു. ഇനിയുമൊരു ആസ്പത്രിവാസം ഒഴിവാക്കാനായി, ഡോക്റ്ററുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് മകൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അയാളുടെ മനസ്സിനെ പകർന്നാടും വിധം, ഏകാന്തത ഘനീഭവിച്ചുനിന്നിരുന്ന ആ സ്മശാനത്തിലെ ചാരുബെഞ്ചിലിരുന്ന്, ഓരോ കല്ലറയും നിശ്ശബ്ദം നെഞ്ചേറ്റിയ പേരുകളെ, അറിയാവുന്ന ഇത്തിരി ഇംഗ്ലീഷ് അക്ഷരജ്ഞാനം ഉപയോഗിച്ച് അയാൾ വായിക്കാൻ ശ്രമിച്ചു. പിന്നെ ആ ഉദ്യമം ഉപേക്ഷിച്ചു.  പിറപ്പിലൂടെ സ്വായത്തമാക്കുകയും, ജീവിതം മുഴുവൻ കൂടെക്കൂട്ടുകയും ചെയ്ത നാമങ്ങൾ, ശിലാഫലകങ്ങൾക്ക് ദാനം ചെയ്ത്,  മരണവാതിൽക്കൽ ദേഹമുപേക്ഷിച്ച്, ദേഹികൾ മുന്നോട്ട് ഗമിച്ചിരിക്കുന്നു. അതിനപ്പുറമുള്ള ലോകത്ത് പേരിനോ ഭാഷയ്ക്കോ എന്തു പ്രസക്തി.  ഉറക്കത്തിലാണ്ടുപോയവരുടെ ഭാഷ - മൗനം. ഇംഗ്ലണ്ടിലെത്തിയതിനു ശേഷം അയാൾക്കും ആ ഭാഷയാണ് കൂടുതൽ പരിചിതം. 

കല്ലറകളിലുറങ്ങുന്നവരോട് അയാൾ മൗനമായി സംസാരിച്ചു. നിറത്തിൻ്റെയും ദേശത്തിൻ്റെയും അതിരുകളെ ഭേദിച്ച്, ആ ആത്മീയാശ്രമത്തിലെ അന്തേവാസികൾ അയാളുടെ വേദനകളെ തൊട്ടറിഞ്ഞു. അകലെ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ, നിത്യമായ ഉറക്കത്തിലേക്കാണ്ടുപോയ ഭാര്യയ്ക്ക്, അയാളുടെ ദു:ഖസന്ദേശങ്ങളയച്ചു. ഭാര്യയുടെ ആശ്വാസസന്ദേശങ്ങൾ മറുപടിയായി തിരികെ എത്തിച്ചു. അവ സ്വീകരിച്ച്, കൈകളിൽ തല താങ്ങിയിരുന്ന്, ഒറ്റപ്പെടലിൻ്റെ ദു:ഖത്തിൽ അയാൾ വിതുമ്പി. എല്ലാറ്റിനും മൂകസാക്ഷികളായ്, പറന്നുയരുന്നതിനിടെ ശിലായായുറഞ്ഞുപോയ  ആത്മാക്കളെപ്പോലെ, അവിടിവിടെയായി, ചിറകുകൾ പാതിവിരിച്ചുനിൽക്കുന്ന ചില  മാലാഖാരൂപങ്ങളും. 

മാർബിൾക്കൽത്തണുപ്പിനെ ചുംബിച്ചുവന്നൊരു കാറ്റ് അയാൾക്കു നേരെ വീശി. ജാക്കറ്റിനേയും തുളച്ച് ഒരു കുളിര്, അയാളെ വന്നുതൊട്ടു. കാറ്റു കൊണ്ടുവന്ന ലാവെൻ്ററിൻ്റെ പരിമളം അവിടെല്ലാം നിറഞ്ഞു. ആ സമയത്താണ്, തൻ്റെ ഇടത്തെ തോളിൽ അയാൾ അന്നുവരെ അനുഭവിച്ചറിഞ്ഞിട്ടുള്ളതിലേക്കും മൃദുവായ ആ സ്പർശമറിഞ്ഞത്. ഒരു മിന്നൽപ്പിണരിൻ്റെ വേഗത്തിൽ അത്  പകർന്ന വികാരം സ്നേഹമാണോ, കനിവാണോ, ആശ്വാസമാണോ, സൗഹൃദമാണോ, അതോ ഈ നിർവചനങ്ങൾക്കെല്ലാമപ്പുറമുള്ള, ഇനിയും പേർ ചൊല്ലി വിളിച്ചിട്ടില്ലാത്ത ഏതെങ്കിലും വികാരമാണോ എന്ന് വ്യവച്ഛേദിച്ചറിയാൻ അയാൾക്കു കഴിഞ്ഞില്ല. 

തിരിഞ്ഞുനോക്കിയ അയാൾ, അടിമുടി വിറച്ചുപോയി. അസ്തമയസൂര്യൻ്റെ  സുവർണ്ണപ്രഭയാൽ വലയം ചെയ്യപ്പെട്ട്, വശങ്ങളിലേക്കു വിടർത്തിയ വെൺതൂവൽച്ചിറകുകളോടെ, കാറ്റിൽ പറക്കുന്ന സ്വർണ്ണകുന്തളത്തോടെ, കൈകളിൽ പനിനീർപ്പൂക്കളുമായി, വായുവിലുയർന്നുനിൽക്കുന്ന രൂപത്തിൽ തനിക്കു പിന്നിൽ ഒരു മാലാഖ. ഞെട്ടിയെഴുന്നേറ്റ് പുറകോട്ടു വേച്ചുപോയി, അയാൾ. അയാളുടെ അമ്പരപ്പു കണ്ട് പകച്ചുപോയ മാലാഖ, പതുക്കെ മുന്നിലേക്കു വന്ന്  അസ്തമയസൂര്യനഭിമുഖമായി നിന്നു. അവളിൽ നിന്ന് പുറപ്പെട്ട ലാവെൻ്റർസുഗന്ധം അയാളെ വന്നുപുണർന്നു. 

അവളുടെ വെളുത്ത ഉടുപ്പിൻ്റെ വിടർന്ന സ്ലീവുകളെ പറപ്പിച്ചിരുന്ന കാറ്റ് നിലച്ചു. താനൊരുക്കിയ ജാലവിദ്യയിൽ അൽപ്പനേരമെങ്കിലും അകപ്പെട്ടുപോയ അയാളെ നോക്കി അസ്തമയസൂര്യൻ കണ്ണിറുക്കിച്ചിരിച്ചു. എന്നാൽ ആ ഇന്ദ്രജാലത്തിൽ നിന്നും അപ്പോഴും പൂർണ്ണമായും മോചനം നേടാനാവാതെ അയാൾ, തൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട കൊച്ചുമാലാഖയുടെ വെള്ളാരംകണ്ണുകളിലേക്കുതന്നെ നോക്കിനിൽക്കുകയായിരുന്നു. അവളുടെ കാലുകൾ ഭൂമിയിൽ തൊടുന്നുണ്ടെന്ന് മനസ്സിലായ നിമിഷം അയാളുടെ ചിന്തകളും ഭൂമിതൊട്ടു. 

അൽപ്പനേരത്തെ ആ സമ്മോഹനാവസ്ഥയിൽ നിന്നും മോചിതനായ  അയാളിൽ പതിവുപോലെ, ഇംഗ്ലീഷുകാരുടെ മുന്നിലകപ്പെടുമ്പോഴുണ്ടാകാറുള്ള, ഭാഷാജ്ഞാനമില്ലായ്മ മൂലമുള്ള സങ്കോചം ആവിർഭവിച്ചു. സാധാരണ ഗതിയിൽ അയാൾ അപ്പോൾത്തന്നെ തിരിഞ്ഞുനടക്കേണ്ടതാണ്. എന്നാൽ അൽപ്പം മുൻപ്, ഒരു മൃദുസ്പർശത്തിലൂടെ അയാൾക്ക് പകർന്നുകിട്ടിയ ആ അവാച്യമായ വികാരം, ഒരു അദൃശ്യചങ്ങലയാൽ അയാളെ, തൻ്റെ കൊച്ചുമക്കളുടെ മാത്രം പ്രായം തോന്നിക്കുന്ന ആ കൗമാരക്കാരിയിലേക്ക് ബന്ധിപ്പിച്ചുനിറുത്തി. 

അനുവാദമില്ലാതെ അയാളുടെ തോളിൽ തൊട്ടത് തെറ്റായോ എന്നൊരാശങ്ക മുഖത്തണിഞ്ഞ് അവളും അയാളെ ഏതാനും നിമിഷങ്ങൾ നോക്കി നിന്നു. പിന്നെ മൃദുവായി ചിരിച്ചു. അതിൻ്റെ അനുരണനങ്ങൾ അയാളുടെ മുഖവും പകർന്നെടുത്തു. ജപം പോലെ ഉരുവിട്ടുപഠിച്ചിരുന്ന ഉപചാരവാക്കുകൾ അയാൾ ഒന്നുകൂടി മനസ്സിലിട്ടുമിനുക്കി തയ്യാറാക്കിനിറുത്തി. അവളോ, നൃത്തമുദ്രകൾ വിരലുകളിൽ വിടർത്തി, ആംഗ്യഭാഷയിൽ സംസാരമാരംഭിച്ചു. തനിക്കു ഭാഷയറിയില്ലെന്ന് അവൾ മനസ്സിലാക്കി എന്ന സങ്കോചത്താൽ, തട്ടുകൊണ്ട പഴയൊരു തകരപ്പാട്ട പൊലെ  അയാളൊന്നു ചൂളിച്ചുളുങ്ങി.  അയാളുടെ പരിഭ്രമം കണ്ട്, അവൾ സ്വന്തം നാവിൽ തൊട്ട്, വലതുകൈപ്പത്തി ഇടംവലം ആട്ടി 'ഇല്ല' എന്ന് ആംഗ്യത്താൽ പറഞ്ഞു. പിന്നെ,  മന്ദഗതിയിലായ കരചലനത്തോടെ, വായ് പൂർണ്ണമായും അടയ്ക്കാൻ മറന്ന് അയാളെ ദയനീയമായി നോക്കി. ആ ഇളംനാവിൻ്റെ ശബ്ദശൂന്യതയിലേക്ക് അയാളും പകപ്പോടെ നോക്കി.  അടുത്ത നിമിഷം, ആംഗ്യഭാഷ എന്നൊരു പൊതുഭാഷ തങ്ങൾക്കുണ്ട്  എന്ന സന്തോഷബിന്ദുവിനും,  ഈ ലോകത്തിലെ ശബ്ദങ്ങളൊന്നും അവളുടെ ലോകത്തേയ്ക്കെത്തുന്നില്ലല്ലോ എന്ന ദു:ഖബിന്ദുവിനുമിടയിൽ ഒരു പെൻ്റുലം കണക്കെ തൻ്റെ മനസ്സ് ആലോലമാടുന്നത് അയാൾ അറിഞ്ഞു. 

'എന്തിനു കരയുന്നു?' അയാളുടെ ദു:ഖത്തെയപ്പാടെ, ഭാവം കൊണ്ട് സ്വന്തം മുഖത്തേക്കൊപ്പിയെടുത്ത്, അവൾ ആംഗ്യത്താൽ ചോദിച്ചു.

അപ്പോൾ മാത്രം കണ്ട ഒരാൾ എന്നതിനപ്പുറമുള്ള ഒരു ആത്മബന്ധം അയാൾക്കവളോട് അതിനകം ഉടലെടുത്തിരുന്നു. ഊഷ്മളതയുടെ ചെംപരവതാനി വിരിച്ച് അയാൾ അവൾക്കുമുന്നിൽ ഹൃദയവാതിൽ തുറന്നിട്ടു. അവളെ ആദ്യം കണ്ടപ്പോഴുണ്ടായ അമ്പരപ്പ്, കണ്ണുനീരിനെ തടഞ്ഞുതീർത്ത തൽക്കാലതടയണ  ആ നിമിഷം പൊട്ടിത്തകരാതിരിക്കാൻ അയാൾ ആവുന്നതു ശ്രമിച്ചെങ്കിലും, അത് അയാളെ തോൽപ്പിച്ച് അവളുടെ ഹൃദയത്താഴ്വാരങ്ങളിലേക്കൊഴുകി. അതിൽ അയാളുടെ കഥയെഴുതി. 

ഇക്കാലമത്രയും നിറുത്താതെ ഓടുകയായിരുന്നു. ഓടിത്തളർന്നപ്പോഴാണ് മനസ്സിലായത്, ഓടിയതുമുഴുവൻ കുടുംബമെന്ന ഇത്തിരിവട്ടത്തിനുള്ളിലായിരുന്നു എന്ന്. അപ്പോഴേക്കും മകൾ വൃത്തം ഭേദിച്ച് പുറത്തുകടന്നിരുന്നു. അതിനുമെത്രയോ മുൻപെ ഭാര്യയും മരണമടഞ്ഞിരുന്നു. മകൻ ഇംഗ്ലണ്ടിലേക്ക് കുടിയേറുക കൂടി ചെയ്തപ്പോൾ, കുടുംബസാമ്രാജ്യാതിർത്തി കാക്കുന്ന കാവൽക്കാരൻ്റെ കീറി തുന്നലഴിഞ്ഞ കുപ്പായം ഊരി നെഞ്ചോടുചേർത്ത്, അയാൾ ഏകനായി മാഞ്ഞുമറഞ്ഞ ഭൂവിസ്തൃതികളെ വെറുതെ ഓർമ്മത്താളുകളിൽ വരച്ചുകൊണ്ടിരുന്നു. ആ സമയത്താണ് ആറുമാസത്തെ വിസിറ്റിങ്ങ് വിസ എന്ന നൂലേണിയിലൂടെ അയാൾ, മകൻ്റെ ഇംഗ്ലണ്ടിലെ വീട്ടിലെത്തിയത്. അൽപ്പമാത്രമലയാളം സംസാരിക്കുന്ന ചെറുമക്കൾക്കും, മലയാളം നന്നായി അറിയാമായിരുന്നിട്ടും ദൈനംദിനത്തിരക്കുകൾ മൂലം പരിമിതസംസാരങ്ങളിലേക്ക് ചുരുങ്ങുന്ന മകനും മരുമകൾക്കുമിടയിൽ അയാൾക്കുമാത്രമായി ഒരു കൊച്ചുവൃത്തം  രൂപപ്പെട്ടുവന്നിരുന്നു.  അതിനുള്ളിലെ നിശ്ശബ്ദതയിൽ അയാൾ സ്വഭാഷ പോലും മറന്നുപോയിരുന്നു. എന്നാൽ ബധിരയും മൂകയുമായ ഈ കുട്ടിയോട്, ലോകത്തിൽ  നിലവിലുള്ള എല്ലാ ഭാഷകളേക്കാൾ മനോഹരമായും ഒഴുക്കോടെയും അന്നയാൾ സംസാരിച്ചു. അവൾ തിരിച്ചും. 

അവളുടെ പേര് ഐവ റൊബേട്സ്. അവൾ റോസാപ്പൂക്കളർപ്പിച്ച ഓരോ കല്ലറയിലേയും പേരുകൾ, അൽപ്പം ബുദ്ധിമുട്ടി അയാൾ വായിച്ചെടുത്തു. ക്രിസ്റ്റഫർ റോബേട്സ്, ആൻ മേരി റോബേട്സ്, ഒളിവർ റോബേട്സ്. ഒരു കാറിൽ  ഒരുമിച്ചു യാത്ര ചെയ്ത്, സമയത്തിന്റെ നാലാം മാനത്തേയും കടന്നുപോയവർ. അവൾ മൗനമായി അവരോട് സംസാരിക്കുന്നത് അയാൾ നോക്കി നിന്നു. അവളുടെ കണ്ണീരണിഞ്ഞ മിഴികൾ, അയാളെ  'ഗ്രാൻപാ' എന്നു വിളിക്കുന്നത് അയാൾ കേട്ടു. എന്തോ ഉൾപ്രേരണയാൽ അയാൾ അവളുടെ വലതുവശം ചേർന്നുനിന്ന് പുറകിലൂടെ  ഇടത്തെ തോളിൽ കൈചേർത്തു. അവൾ അയാളുടെ  തോളിലേക്കു മെല്ലെ ചാഞ്ഞു. ചക്രവാളസീമയിൽ പാതിമുഖം മറച്ച് സൂര്യൻ,  ആ മനോഹരനിമിഷത്തെ സുവർണ്ണചട്ടക്കൂടിട്ട നിശ്ചലചിത്രമാക്കി.

അപ്പൂപ്പനും അമ്മൂമ്മയും തൻ്റെ വരവുനോക്കിയിരിക്കുന്നുണ്ടാവുമെന്നവൾ പറഞ്ഞു. അവർ ഒരുമിച്ചുനടന്നു. പിന്നെ, ഇരുവഴി തിരിയുന്നിടത്ത് നിന്നു. നാളെയും കാണാമെന്ന് ആംഗ്യഭാഷയിൽ വിടചൊല്ലി. 

അന്നയാൾ പതിവിലും വൈകിയാണ് വീടണഞ്ഞത്. യാന്ത്രികതയുടെ പല  തുരുത്തുകൾക്കിടയിൽ, ചലിക്കുന്ന മറ്റൊരു ഒറ്റത്തുരുത്തായി മാറിക്കഴിഞ്ഞിരുന്ന അയാൾക്ക്, അന്ന് പക്ഷെ പതിവുള്ള വീർപ്പുമുട്ടൽ അനുഭവപ്പെട്ടില്ല. ആ തുരുത്ത് അന്നൊരു മനോഹരവാടിയായി രുപാന്തരപ്പെട്ടിരുന്നു. അതിൽ നിറയെ ലാവെൻ്റർപ്പൂക്കൾ വിടർന്നുനിന്നിരുന്നു. അവയ്ക്കിടയിൽ വെള്ളാരം കണ്ണുകളും സ്വർണ്ണത്തലമുടിയുമുള്ള ഒരു മാലാഖ, വെൺചിറകുവിരിച്ച് പാറിപ്പറന്നുനടന്നിരുന്നു. 

പിന്നീടുള്ള ദിവസങ്ങൾ, വൈകുന്നേരങ്ങളിലേക്കണയാൻ ഏറെ സമയമെടുക്കുന്നതെന്തേ എന്നയാൾ അത്ഭുതപ്പെട്ടു. ഓരോ ദിവസവും ഈവനിങ്ങ് വാക്കിനുള്ള സമയത്തിലേക്കെത്താൻ അയാൾ അക്ഷമയോടെ കാത്തു. പതിവിലും ഊർജ്ജം അയാളുടെ ഓരോ ചലനങ്ങളിലും പ്രതിഫലിച്ചു.

പല മധുരപലഹാരങ്ങളും പതിവിനു വിപരീതമായി പെട്ടെന്ന് തീർന്നു പോകുന്നത് മരുമകളാണ് ആദ്യം ശ്രദ്ധിച്ചത്. ഡയബെറ്റിക് രോഗിയായ അമ്മായിയപ്പനാണ് ഇതെല്ലാം തീർക്കുന്നതെന്ന് വൈകിയാണ് മരുമകൾ മനസ്സിലാക്കിയത്. അപ്പൻ പിന്നെയും അസുഖങ്ങളെന്തെങ്കിലും ഉണ്ടാക്കിവയ്ക്കുമോ എന്ന്  മകൻ ഭയന്നു.  അപ്പൻ്റെ ബ്ലഡ്ഷുഗർ  നിയന്ത്രണത്തിലാണെന്നത് മകന് ആശ്വാസം നൽകിയെങ്കിലും  ഭക്ഷണം ശ്രദ്ധിക്കണമെന്ന് അപ്പനെ മകൻ ഓർമ്മപ്പെടുത്താതിരുന്നില്ല. ഗൂഢമായൊരു പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട്, ആസ്വദിച്ചുകഴിച്ച സ്നാക്കുകൾക്ക് പകരമായി കൊച്ചുമാലാഖ തൻ്റെ കവിളിലേകിയ, സ്നാക്സിനേക്കാൾ മധുരമുള്ള മുത്തങ്ങളെക്കുറിച്ചും, പകരമായി അവളുടെ നെറ്റിയിൽ അർപ്പിച്ച വാൽസല്യചുംബനങ്ങളെക്കുറിച്ചും അയാളോർത്തു. ആ വൈകുന്നേരങ്ങൾക്കായി അയാളുടെ ദിനങ്ങൾ, പ്രാരംഭം മുതൽ ഊർജ്ജസ്വലമായി. 

എന്നാൽ ഒരു വൈകുന്നേരം പതിവുസമയത്ത് അവൾ എത്തിയില്ല. ഏറെനേരം കാത്തിരുന്ന്, ഒടുവിൽ സൂര്യനും മറഞ്ഞതിന് ശേഷമാണ് അയാൾ മനസ്സില്ലാമനസ്സോടെ തിരിച്ചു നടന്നത്. അവളുടെ വീട് എവിടെയാണെന്ന് താനിതുവരെ ചോദിച്ചില്ലല്ലോ എന്ന് അപ്പോഴാണയാൾ ഓർത്തത്. അവർ ഗുഡ് നൈറ്റ് പറഞ്ഞുപിരിയുന്ന കവലയിൽ, അവൾ പോകാറുള്ള ഇടവഴിയിലേക്കുനോക്കി അയാൾ കുറച്ചുനേരം നിന്നു. സമയം അഞ്ചരയാകുന്നതേ ഉള്ളുവെങ്കിലും, മഞ്ഞുകാലദിനങ്ങൾ നേരത്തെ വിടപറയുന്നതിനാൽ, അതിനകം ഇരുട്ടുവീണിരുന്നു. സ്ടീറ്റ് ലൈറ്റുകൾ കൃത്യമായ ഇടവേളകളിൽ, ഇരുണ്ടപാതയിൽ വെളിച്ചത്തിൻ്റെ വൃത്തങ്ങൾ വരച്ചിരുന്നു. അൽപ്പം വൈകി പിരിഞ്ഞ തലേദിവസവും, സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ അവൾ ഇടക്കിടെ പ്രത്യക്ഷയാകുന്നതും  തുടർന്നുവരുന്ന മങ്ങിയ ഇരുട്ടിൽ  നിഴൽരൂപമായ് നീങ്ങുന്നതും  അയാളിതുപോലെ നോക്കിനിന്നതായിരുന്നു. തലേന്നാൾ അവളെ മായ്ച്ചുകളഞ്ഞ, പാതയറ്റത്തെ ഇരുണ്ട വിജനതയിലേക്ക് അയാൾ കുറച്ചുനേരം തുറിച്ചുനോക്കി നിന്നു. പിന്നെ വീട്ടിലേക്ക് നടന്നു. 

അൽപ്പവും ഉൽസാഹമില്ലാതെയാണ് പിറ്റെ ദിവസം അയാൾ ഉണർന്നത്. മരുമകൾ ഉണ്ടാക്കിക്കൊടുത്ത ഒരു കപ്പുചായയുമായി കട്ടിലിൽത്തന്നെ വിഷണ്ണനായിരിക്കുമ്പോൾ താഴെ ഡോർ ബെൽ ശബ്ദിക്കുന്നതും, മകൻ വാതിൽ തുറന്ന് ആരോടോ സംസാരിക്കുന്നതും ഒന്നും, ചിന്തകളിൽ സ്വയം നഷ്ടപ്പെട്ടിരുന്ന അയാളുടെ ബോധമണ്ഡലത്തിലേക്കെത്തിയില്ല. അയാളുടെ മനസ്സ്, ഐവ നടന്നുമാഞ്ഞ വഴിയറ്റത്തെ ഇരുട്ടിൽ എതോ അശുഭചിന്തകളിൽ കുരുങ്ങിക്കിടന്നു, മകൻ തിടുക്കത്തിൽ മുകളിലേക്കു കയറിവന്ന് 'അപ്പാ ഒന്നു താഴേക്കു വരൂ' എന്നു പറയുന്നതുവരെ. 

താഴെ ഹാളിൽ മൂന്ന് പോലീസ് യൂണിഫോംധാരികളുടേയും  പകച്ച മുഖഭാവത്തോടെ നിന്ന മരുമകളുടേയും കൊച്ചുമക്കളുടേയും മധ്യത്തിലേക്കാണയാൾ മകനോടൊപ്പം ഇറങ്ങിച്ചെന്നത്. പോലീസ് വാഹനത്തിൻ്റെ  ബീക്കണിൽ നിന്നുള്ള ലൈറ്റ്, കൃത്യമായ ഇടവേളകളിൽ ഹാളിൻ്റെ കണ്ണാടിജനാലയെ നീലവെളിച്ചത്തിൻ്റെ തിരശ്ശീലയണിയിച്ചുകൊണ്ടിരുന്നു. 

'ആസ്ക് ഹിം ഇഫ് ഹി നോസ് ദിസ് ഗേൾ' എന്നുപറഞ്ഞ് അവർ ഒരു ചിത്രം മകൻ്റെ കയ്യിലേൽപ്പിച്ചു.

'ദേർ ഇസ് നോ ചാൻസ്' ആ വാക്കുകൾ പ്രതിഫലിപ്പിക്കുന്ന ഉറപ്പുള്ള മുഖഭാവവുമായാണ് മകൻ അപ്പനുനേരേ  ചിത്രം നീട്ടിയത്. എന്നാൽ ചിത്രത്തിലേക്കു നോക്കിയ അപ്പൻ്റെ കൈ വിറയ്ക്കുന്നതും കണ്ണുകളിൽ പകപ്പ് നിറയുന്നതും കണ്ട് മകൻ അമ്പരന്നു. 

'അയ്യോ, ഐവയ്ക്കെന്തു പറ്റി?' തൻ്റെ കുഞ്ഞുമാലാഖയുടെ ചിത്രം വിറയാർന്ന കൈകളാൽ വാങ്ങിക്കൊണ്ട് അടച്ച സ്വരത്തിൽ  പകുതി മകനോടും പകുതി പോലീസ് ഓഫ്ഫീസേഴ്സിനോടുമെന്ന പോലെ അയാൾ ചോദിച്ചു.

'അപ്പന് ഈ കുട്ടിയെ അറിയുമോ?'  മറുചോദ്യം ചോദിച്ച മകൻ്റെ അമ്പരന്ന സ്വരം, അവിശ്വസനീയതയാൽ താഴ്ന്നുപോയിരുന്നു. 

'വി നീഡ് റ്റു റ്റെയ്ക്ക് ഹിം റ്റു ദി സ്റ്റേഷൻ' കാര്യങ്ങൾ ഏതാണ്ട് മനസ്സിലാക്കിയ മട്ടിൽ പോലീസുകാർ പറഞ്ഞു. 

അവർ അയാളെ കൊണ്ടുപോയി ട്രാൻസ്ലേറ്ററുടെ സഹായത്തോടെ ചോദ്യം ചെയ്തു. തന്നെ കണ്ടുപിരിഞ്ഞ അന്ന് വൈകുന്നേരം മുതൽ ഐവയെ കാണാതായിരിക്കുന്നു എന്നുമനസ്സിലാക്കിയ മാത്രയിൽ അയാളുടെയുള്ളിൽ, ഒരു പളുങ്കുമാലാഖാരൂപം വീണു പല കഷ്ണങ്ങളായി ഉടഞ്ഞുചിതറി. ഓരോ സ്ഫടികച്ചീളും ഹൃദയത്തിൽ തറച്ച് രക്തം വാർത്തു. തൊണ്ടയിൽ തടഞ്ഞ ചില്ലുചീൾ പുറത്തേക്കു തികട്ടിയെടുക്കും പോലെ മുറിഞ്ഞ വാക്കുകളാൽ അയാൾക്കറിയാവുന്നതെല്ലാം അയാൾ അവരെ ബോധിപ്പിച്ചു. വൈകുന്നേരം പോലീസ് വാഹനം അയാളെ വീട്ടിലെത്തിച്ചു. ഒരു യന്ത്രപ്പാവക്കു സമം അയാൾ മുകളിലേക്കുപോയി ബെഡിൽ വീണു. താഴെ മകനും ഭാര്യയും തമ്മിലുള്ള  കയർത്തുസംസാരത്തിൽ അയാൾ വിഷയമാകുന്നതോ, നിരന്തരം വരുന്ന, മലയാളികളിൽ നിന്നുള്ള ഫോൺകോളുകൾക്ക്  മകൻ ഉത്തരം പറഞ്ഞുമടുക്കുന്നതോ ഒന്നും അയാൾ അറിഞ്ഞില്ല. അയാൾക്ക് വിശന്നില്ല. ദാഹിച്ചില്ല. അയാളെ ആരും ഭക്ഷണം കഴിക്കാൻ വിളിച്ചില്ല. അന്നവിടെ ആരുംതന്നെ ഭക്ഷണം കഴിച്ചതുമില്ല. 

പിറ്റെ ദിവസം ഐവയുടെ മൃതദേഹം വിജനമായ ഒരു കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയതായും പലയിടങ്ങളിൽ നിന്നുള്ള സി.സി.റ്റി.വി ഫുട്ടേജുകളുടെ സഹായത്താൽ കുറ്റവാളികളെ പോലീസ് വളരെ വേഗത്തിൽ തന്നെ പിടികൂടിയതായുമുള്ള വാർത്ത അപ്പാടെ അപ്പനെ അറിയിക്കണ്ട എന്ന് മകൻ തീരുമാനിച്ചു. ഐവ മരിച്ചു എന്നുമാത്രം മകൻ അയാളെ അറിയിച്ചു. വികൃതമാക്കപ്പെട്ട ആ മൃതദേഹം അപ്പനെ കാണിക്കാനാവില്ല എന്നതിനാൽത്തന്നെ, അപ്പൻ ഐവയെ കാണാൻ പോകണമെന്ന് ആവശ്യപ്പെട്ടേക്കുമോ എന്നയാൾ ആശങ്കപ്പെട്ടു. അയാൾ അതാവശ്യപ്പെട്ടില്ല. അന്നു കണ്ടുപിരിയുമ്പോൾ സ്ടീറ്റ്ലൈറ്റിൽ അകലെ ഇരുളിലേക്ക് നടന്നുമറയുന്ന ഐവയായിരുന്നു അയാളുടെ കണ്ണുകളിലപ്പോഴും. 'അയാളുടെ നിശ്ശബ്ദനിലവിളി, അവളെ പിൻവിളി വിളിച്ചുകൊണ്ടേയിരുന്നു. 

ഐവയുടെ മരണത്തിൽ അയാൾക്ക് യാതൊരു പങ്കുമില്ല എന്ന് പോലീസിന് ആദ്യഘട്ടത്തിൽ തന്നെ മനസ്സിലായിരുന്നെങ്കിലും ആ അഭിശപ്തസംഭവങ്ങൾ കുടുംബാഗങ്ങളിൽ ഏൽപ്പിച്ച അപമാനഭാരം ഏറെയായിരുന്നു. അപ്പനെ വേഗം നാട്ടിലേക്ക് പറഞ്ഞുവിടാൻ അതിനാൽത്തന്നെ തീരുമാനമായി. തൻ്റെ മാലാഖയില്ലാത്ത ആ സ്ഥലത്ത് നിൽക്കാൻ അയാളും അൽപ്പവും ആഗ്രഹിച്ചില്ല. ഐവയ്ക്കൊപ്പം അയാളുടെ ഹൃദയത്തേയും, അവൾ നടന്നുമറഞ്ഞ ഇരുട്ട് വിഴുങ്ങിയിരുന്നു. എന്നിട്ടും ആ യന്ത്രപ്പാവ നിറുത്താതെ കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ആ സമയത്താണ് ഏറെ ആഗ്രഹിച്ച ഒരു സാന്ത്വം, പൂത്തുമ്പിയായി ചിറകുകൾ വിടർത്തി അയാളുടെ തോളിൽ വീണ്ടും പറന്നുവന്നിരുന്നത്. 

അവൾ- ഐവ!! ചിരിച്ചുകൊണ്ട് അയാളെ നോക്കിനിൽക്കുന്നു.  അവളുടെ  വെൺചിറകുകൾ ഇരുവശത്തേക്കും വിരിഞ്ഞുനിൽക്കുന്നതും  കാലുകൾ നിലംതൊടാതുയർന്നുനിൽക്കുന്നതും അയാളപ്പോൾ വ്യക്തമായും കണ്ടു. അവിടമാകെ ലാവെൻ്റർപരിമളം നിറഞ്ഞുനിന്നു. ചിറകുകളൊതുക്കി സാവകാശം അവൾ അയാൾക്കരികിലിരുന്നു. പിന്നെ സംസാരിച്ചു. യാത്രയിലുടനീളം ലിപികളില്ലാത്ത, ശബ്ദമില്ലാത്ത ഭാഷയിൽ അവർ സംസാരിച്ചുകൊണ്ടിരുന്നു. ഫ്ലൈറ്റ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിട്ടും, മകൻ ഏർപ്പാടാക്കിയിരുന്ന റ്റാക്സിയിൽ വീടണഞ്ഞിട്ടും അവരുടെ സംസാരം നിലച്ചില്ല. കണ്ണീർമഴയോടെയാണ് വീട് അവരെ വരവേറ്റത്.  മഴത്തുള്ളികളുടെ സ്നേഹാലിംഗനത്തിൽ പൊതിഞ്ഞ് കുറച്ചുനേരം നിന്ന ശേഷം അയാൾ ക്ഷമാപണത്തോടെ ബാഗിൻ്റെ പോക്കറ്റിൽ നിന്ന് വീട് തുറക്കാനായി താക്കോലെടുത്തു. എന്നാൽ താക്കോൽപ്പഴുതിൽ താക്കോൽ തൊട്ട നിമിഷംതന്നെ വാതിൽ മലർക്കേ തുറന്നു. 'എത്ര നേരമായി കാത്തുനിൽക്കുന്നു' എന്ന, ഭാര്യയുടെ പരിഭവവും കുസൃതിയും കലർന്ന ചിരി വന്ന്, അവരുടെ കൈപിടിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. കാർമേഘങ്ങളെ മുഖത്തുനിന്ന് തുടച്ചുമാറ്റി ഒരു നിമിഷം സൂര്യനും നിറകണ്ണുകളൊപ്പി ആ സംഗമത്തിന് സാക്ഷ്യം വഹിച്ചു. അവർക്കൊപ്പം അകമ്പടിയായി രണ്ട് ചുവടുകൾ വച്ച മഴ പക്ഷെ, ഒരു വീണ്ടുവിചാരത്താലെന്നപോലെ, അകത്തേക്ക് ക്രമദൂരത്തിൽ  ഒരു ജോഡി പാദചിത്രങ്ങളേയും ഏതാനും നീർത്തുള്ളികളേയും മാത്രം  നീട്ടിയെറിഞ്ഞ് വാതിൽക്കൽ സഹർഷം ആ മനോഹരക്കാഴ്ച കണ്ടുനിന്നു.

Wednesday, 11 May 2022

കണ്ടതും കേട്ടതും

 സമയം അർദ്ധരാത്രി കഴിഞ്ഞിട്ടും ശ്രീമതിക്ക് ഒട്ടും ഉറങ്ങാനായില്ല. എസിയുടെ തണുപ്പിനോ ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിനോ ശ്രീമതിയുടെ മനസ്സിൻ്റെ ഉഷ്ണത്തെ അൽപ്പംപോലും ശമിപ്പിക്കാനുമായില്ല. സമീപത്ത് തണുത്ത് വിറച്ച് തലയിൽക്കൂടി ബ്ലാങ്കറ്റ് മൂടിപ്പുതച്ചുറങ്ങുന്ന ശ്രീമാനെ നോക്കിയപ്പോൾ അവൾക്ക് കലിപ്പ് വന്നു. 

‘ഇതിയാൻ്റെ ഒരു കൂക്കം വലി‘‘


മൂടുതിരിഞ്ഞുകിടക്കുന്ന ശ്രീമാൻ്റെ തിരുമൂലത്തിൽത്തന്നെ അവൾ ആഞ്ഞൊരു അടി വച്ചുകൊടുത്തു.  പുരയിടമതിലിൻ്റെ മറപറ്റി, അയൽവക്കത്തെ സുന്ദരിപ്പാത്തുമ്മയെ ഒളിച്ചിരുന്നുനോക്കുകയായിരുന്ന ശ്രീമാൻ, തൻ്റെ വലതു പിൻപ്രദേശത്തേറ്റ ഇടതുപാതിയുടെ  അടി, പാത്തുമ്മയുടെ  അതിനീചനായ മുട്ടനാടിൻ്റെ ഇടിയാണെന്നുറപ്പിച്ച് ചാടിപ്പിടഞ്ഞെഴുന്നേറ്റു. മതിലിനു പിന്നാമ്പുറത്തുനിന്നും ബെഡ് റൂമിലെത്താൻ അൽപ്പം നിമിഷങ്ങളെടുത്തെങ്കിലും സ്ഥലകാലബോധം വീണ്ടെടുത്ത ശ്രീമാൻ ശ്രീമതിയെ ‘ഇരിക്കുന്ന‘ അവസ്ഥയിൽ കണ്ട് വണ്ടറടിച്ചു. കൂർക്കം വലിച്ചുറങ്ങുന്ന വേളകളിൽ ശ്രീമതി തൻ്റെ നീണ്ടുകൂർത്ത നഖമുള്ള വിരലുകളാൽ മാന്തിവിളിച്ച് ശ്രീമാനോട് ചരിഞ്ഞുകിടന്നുറങ്ങാൻ പറയുക പതിവുണ്ടെങ്കിലും ഇത്തരമൊരു താഡനം ഇതാദ്യമാണ്. അസമയത്ത്  മൂലംപുകഞ്ഞ വേദന ഉള്ളിൽ കട്ടക്കലിപ്പുണ്ടാക്കിയെങ്കിലും അത് പുറമേ കാണിക്കാതെ ശ്രീമാൻ മാനേജ് ചെയ്തത് ഡോക്റ്റർ പ്രത്യേകം പറഞ്ഞ കാര്യമോർത്തിട്ടാണ്. ചികിത്സ കൊണ്ടു മാത്രം കാര്യമില്ല, ഉൽസാഹം കൂടി വേണമത്രേ. കാര്യങ്ങൾ യുദ്ധകാലാടിസ്ഥനത്തിൽ നീക്കേണ്ട ഈ  നിർണ്ണായകഘട്ടത്തിൽ എന്തെങ്കിലും മുഷിഞ്ഞുപറഞ്ഞിട്ട് ഭാര്യ ഉൽസാഹക്കമ്മിറ്റിയിൽ നിന്നും പിരിഞ്ഞുപോകുന്ന അവസ്ഥ വരുത്തണ്ട. അയാൾ കലിപ്പിൻ്റെ സിപ്പ് ശബ്ദമുണ്ടാക്കാതെ അടച്ച് ലോക്കിട്ടു.

തന്നെ രൂക്ഷമായി നോക്കി, കിടക്കയിൽ എഴുന്നേറ്റിരിക്കുന്ന ശ്രീമതിയോട് ‘നീ ഇതുവരെ ഉറങ്ങിയില്ലേ‘ എന്ന ചോദ്യത്തിനു ‘നിങ്ങൾക്കെങ്ങിനെ ഇങ്ങിനെ കിടന്നുറങ്ങാൻ കഴിയുന്നു മനുഷ്യാ?‘ എന്ന മറുചോദ്യമാണ് ഉത്തരമായിക്കിട്ടിയത്.'

'ശരി എന്നാൽ തിരിഞ്ഞു കിടന്നേക്കാം‘ എന്നു പറഞ്ഞ് അയാൾ പുറംതിരിഞ്ഞുകിടന്നതിലെ പരിഹാസം ഒട്ടും പിടിക്കാഞ്ഞ് അവൾ പാമ്പു ചീറ്റുന്നതുപോലെ മൂക്കിലൂടെ വായു ചീറ്റി, മുഖം വെട്ടിത്തിരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ശ്രീമതിയിൽനിന്ന് ഇത്തരത്തലുള്ള  പൊട്ടലുകളും ചീറ്റലുകളും കണ്ട് പരിചിതനായ ശ്രീമാൻ അത് ഗൗനിക്കാതെ വീണ്ടും ഉറക്കം നടിച്ച് കണ്ണുകളടച്ചു. അപ്പോഴാണ് ശ്രീമതി പകുതി സ്വയമായും പകുതി ശ്രീമാനോടായും ഇങ്ങിനെ മൊഴിഞ്ഞത്

’‘നമ്മൾ ലീവിൽ വരുന്നുണ്ടെന്നറിഞ്ഞ്  മനപ്പൂർവ്വമായിരിക്കണം അവർ തിരക്കുപിടിച്ച് ഈ കല്ല്യാണം നടത്തുന്നത്. നമ്മളെ പത്രാസു കാണിക്കാൻ‘‘-

'ഇന്നും ശിവരാത്രി' എന്ന് മനസ്സിലോർത്ത് അയാൾ ശ്രീമതിക്ക് അഭിമുഖമായി തിരിഞ്ഞുകിടന്നുകൊണ്ട് പറഞ്ഞു.

‘‘അതിനു ലീവിൽ വരുന്ന കാര്യം നമ്മളാരോടും പറഞ്ഞിരുന്നില്ലല്ലോ‘‘


ആംഗലദേശത്തെ ഫ്രീ ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെൻ്റിനുള്ള എലിജിബിളിറ്റി പരീക്ഷ എട്ടു നിലയിൽ പൊട്ടിയതുകൊണ്ടും  അവിടത്തെ സ്വകാര്യ ചികിത്സാച്ചിലവുവകയിൽ  സ്പ്രെഡ് ഷീറ്റിൽ വരിവരിയായി അറ്റൻഷനിൽ നിന്നിരുന്ന  കണക്കുകൾ, വരുമാനവുമായി സ്വരച്ചേർച്ച ഇല്ലാതെ കളങ്ങൾ  വിട്ട് പുറത്തുചാടിപ്പോയതുകൊണ്ടും ഇനിയൊരങ്കം  നാട്ടിൽ  കുറിക്കാനായി ലീവിൽ വന്നതാണെന്ന കാര്യം ആരോടും പറയരുത് എന്ന ശ്രീമതിയുടെ നിർദ്ദേശം, അയാൾ ഇതുവരെ കടുകിട തെറ്റിച്ചിട്ടില്ല. അതിനാൽത്തന്നെ നാട്ടിൽ വരുന്ന കാര്യം  ബന്ധുക്കൾപോലും മുൻകൂട്ടി അറിഞ്ഞിരുന്നില്ല. പിന്നെങ്ങനെ അയൽവക്കക്കാരറിയും

’എന്തൊരു ധൂർത്താണ്!. ഇത്രയധികം ലൈറ്റ്സിൻ്റെ ആവശ്യമെന്താണ്?!‘

കല്ല്യാണവീട്ടിലെ ദീപാലങ്കാരങ്ങളിൽ നിന്നും ജാലകത്തിൽ വന്നുപതിക്കുന്ന വെളിച്ചത്തെ നോക്കി അവൾ പിന്നേയും രോഷംകൊണ്ടു. 

‘നിൻ്റെ കല്ല്യാണത്തലേന്ന് നിൻ്റെ വീട്ടിൽനിന്ന് രണ്ട് ഫർലോങ് ദൂരം മുഴുവൻ ദീപാലങ്കാരങ്ങളായിരുന്നല്ലോ‘ എന്നയാൾ മനസ്സിൽ പറഞ്ഞു. മനസ്സിലേ പറഞ്ഞുള്ളൂ. എന്തിനാ വെറുതെ..... പരിസരം ചീഞ്ഞാൽ മൂക്ക് പൊത്തിപ്പിടിക്കാം. പക്ഷെ മൂക്ക് ചീഞ്ഞാലൊ?! സഹിക്കുക തന്നെ

എന്തൊക്കെയായാലും ശ്രീമതിയെ ഈ അസഹിഷ്ണുതാവസ്ഥയിൽ എത്തിച്ചതിൽ  അയൽവക്കത്തെ കല്ല്യാണപ്പെണ്ണിനും വ്യക്തമായ  പങ്കുണ്ട്. അവൾ പൂർവ്വാശ്രമത്തിലെ ശ്രീമതിയോട്  വലിയ അപരാധങ്ങൾ ചെയ്തിരിക്കുന്നു. 

ക്രൈം നമ്പർ വൺ- അവൾ ശ്രീമതിയുടെ സമപ്രായക്കാരിയും ശ്രീമതിയേക്കാൾ സുന്ദരിയുമാണ്. 

ക്രൈം നമ്പർ റ്റു- അവൾ പഠിക്കാൻ അതിമിടുക്കിയായിരുന്നത്രേ.  കലാകായീകമത്സരങ്ങളിലെ സ്ഥിരം വിജയിയും.  ശ്രീമതി എത്ര കഷ്ടപ്പെട്ടാലും എന്നും അവൾ ഒരു മുഴം മുന്നേ..

എന്നിരുന്നാലും, ഒരുമിച്ചുള്ള പഠനശേഷം വിദേശത്ത് ഒരു ജോലി, വിവാഹം എന്നീ ഹർഡിൽസ് ആദ്യം ചാടിക്കടന്നത് ശ്രീമതിയാണ്. അപ്രകാരം അയൽവക്കക്കാരിയെ അതിവേഗം ബഹുദൂരം പിന്നിലാക്കി ഓടുന്നതിനിടയ്ക്ക് അപ്രതീക്ഷിതമായി ഗട്ടറിൽ ചാടി കാലുളുക്കിയ ഫീൽ ആണ് അയൽവക്കക്കാരിയുടെ വിവാഹവാർത്ത ശ്രീമതിയിലുളവാക്കിയത്.  കുട്ടിയുണ്ടാകുന്ന കാര്യത്തിൽ അവൾ തന്നെ ഓവർറ്റേക്ക് ചെയ്യുമോ എന്ന ആധി ശ്രീമതിയിൽ വ്യാധിയായി പടർന്നു കയറിയിട്ടുമുണ്ട്. ആ ഒരൊറ്റ കാര്യത്തിലാണ് ശ്രീമതി, തനിക്കൊപ്പം വിവാഹം കഴിഞ്ഞ പലരോടും അടിയറവ് പറഞ്ഞിട്ടുള്ളതും. ഇനി ഇവളുംകൂടി തന്നെ തോൽപ്പിക്കുമോ എന്നതാണ് ശ്രീമതിയിലെ മാറാവ്യാധിക്കുമേൽ, കൂനിന്മേൽ കുരു ആയിരിക്കുന്നത്. രണ്ടാഴ്ചയായി ഈ കുരുവിൻ്റെ കുത്തലിന് ഇരയാണ് മിസ്റ്റർ ശ്രീമാൻ.

‘ചെറുക്കൻ ക്യാനഡയിൽ ഫാർമസിസ്റ്റ് ആണത്രേ. നുണയാവും. വല്ല കെയർ അസിസ്റ്റൻ്റുമാകും‘‘ 

അത് തനിക്കിട്ടൊന്ന് താങ്ങിയതാണല്ലോ. വിദേശത്ത് എത്തിയ നാൾ മുതൽ കണ്ണുമടച്ച്, ലാമിനേറ്റ്കല്ലറയിൽ സ്ഥിരസമാധിയിലിരിക്കുന്ന തൻ്റെ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റിനെ അയാൾ ഒരു നിമിഷം വെറുതെ സ്മരിച്ചു

’‘എത്ര പവനാ സ്ത്രീധനം എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൾ പറയുവാ, അവരൊന്നും ചോദിച്ചിട്ടില്ലെന്ന്. വലുതായിട്ടൊന്നും കൊടുക്കാൻ കാണില്ല. അത് പുറത്തറിയാതിരിക്കാൻ പറയുന്ന കള്ളമാ സ്ത്രീധനമൊന്നും ചോദിച്ചിട്ടില്ലെന്ന്‘‘

‘ഞാനും ഒന്നും ചോദിച്ചിരുന്നില്ലല്ലോ. എന്നിട്ടും നീ ജ്വല്ലറിയുടെ പരസ്യം പോലല്ലേ ഇറങ്ങിയത്‘‘ 

അത് ഉറക്കെ പറയാൻ അയാൾ ഒട്ടും മടിച്ചില്ല.   ജ്വല്ലറിയുടെ പരസ്യം പോലെ എന്ന  മധുരം ഉള്ളിലൊളിപ്പിച്ച്  എറിഞ്ഞ  ആ രസികൻ കൊഴുക്കട്ട ശ്രീമതി നന്നായി ആസ്വദിക്കുമെന്ന് അയാൾക്കുപ്പുണ്ടായിരുന്നു.

 സ്പോട്ട് ഓൺ\! അഭിമാനാഹങ്കാരാദിഭാവങ്ങളുടെ അകമ്പടിയോടെ  ശ്രീമതി ഉവാച:- ‘‘ഈ പരിസരത്ത് ഏറ്റവുമധികം സ്വർണ്ണമിട്ടിറങ്ങുന്ന കല്ല്യാണപ്പെണ്ണ് ഞാനായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു‘‘ 

‘ആ ലോൺ വീട്ടാൻ ഇപ്പൊ ഞാനും കൂടിയാണല്ലോ പെടാപ്പാട് പെടുന്നത്‘ ശ്രീമാൻ സൈലൻസർ ഓൺ ചെയ്ത് ആത്മഗതം. ഭാവം ദൈന്യം

‘‘അയാൾ ലീവിന് വന്നപ്പോൾ ഏതോ ചടങ്ങിൽ വച്ച് അവളെ കണ്ട് മോഹിച്ച് കല്ല്യാണം ആലോചിച്ചതാത്രേ. ഇത്ര മോഹിക്കാനും മാത്രം  വിശ്വമോഹിനിയാണോ അവൾ. ആ തള്ള എന്തോ കൂടോത്രം ചെയ്ത് മയക്കിയതാ. അല്ലെങ്കിൽ അത്രയ്ക്ക് റിച്ച് ആൻ്റ് ഹാൻസം ആയ  ചെറുക്കൻ ആ വീട്ടിൽ നിന്ന് പെണ്ണെടുക്കുവോ'‘  ഭാവം പുച്ഛം.

‘ആ വീടിനെന്താ കുഴപ്പം? അവർക്ക് അത്യാവശ്യം പണവുമുണ്ടല്ലോ. പെണ്ണോ, അതിസുന്ദരിയും‘ മനസ്സിലോർത്തത് നാവിൻതുമ്പിലെത്താതിരിക്കാൻ ശ്രീമാൻ നാവു കടിച്ചു. 

‘‘കണ്ടിട്ടില്ലേ അവളുടെ മൂക്ക് ഒരു സൈഡിലേക്ക് വളഞ്ഞിട്ടാണ്‘‘

‘അല്ലല്ലോ. നല്ല എള്ളിൻപൂ മൂക്കാണല്ലൊ‘.  മൂക്കിനെ കുറിച്ചോർത്ത ശ്രീമാൻ്റെ കണ്ണുകൾക്ക് മുന്നിൽ ഒരു പാത്രം ലഡു പ്രത്യക്ഷപ്പെട്ടത്,   ഭാഗ്യത്തിന് ശ്രീമതി കണ്ടില്ല. കുറച്ചുകഴിഞ്ഞ്  ഒറ്റക്ക് പൊട്ടിക്കാൻ വേണ്ടി അയാളതെടുത്തൊളിപ്പിച്ചുവച്ചു. 

'‘ചിലപ്പൊ നോക്കിയാൽ അവൾക്കൊരു കോങ്കണ്ണുണ്ടോ എന്നു തോന്നും. നിറമുണ്ടെന്നേയുള്ളൂ. അതു കൊണ്ടെന്താ കാര്യം. ഒരു വർക്കത്തുമില്ല'‘  ശ്രീമതി അൺലോഡിങ് ഒരു ലോഡ് പുച്ഛം

'‘ഉം.. ഉം.. ’‘ ശ്രീമാൻ വെറുതേ മൂളിക്കൊടുത്തു.  അവൾ ലോഡിക്കട്ടെ.  തനിക്കു നോക്കുകൂലി മാത്രം മതി.

'‘കഴുത്തിനു പിന്നിലായി ഇടതു വശത്തായി വൃത്തികെട്ട വലിയൊരു മറുകുണ്ട്'‘ 

'‘ഉം... ഉം...'‘   സപ്പോർട്ടിങ്   റോളിനുള്ള അവാർഡ് തനിക്ക് തന്നെ!

'‘ങേ.. അത് നിങ്ങളെങ്ങിനെ കണ്ടു'‘ ശ്രീമതി കണ്ണുരുട്ടി.

'‘ഞാൻ കണ്ടിട്ടില്ല'‘ ഒരു ഞെട്ടലോടെ അയാൾ പെട്ടെന്ന് തിരുത്തൽവാദിയായി.  മൂളൽ എല്ലായ്പ്പോഴും  ആരോഗ്യകരമല്ല!! സിസ്റ്റം ഇൻ ഡെയ്ഞ്ചർ! 

അയാൾ പെട്ടെന്ന് ശ്രീമതിയുടെ മുഖത്തിൻ്റെ  ഒരു ക്വിക്ക് സ്കാനിങ് നടത്തി.  ‘നോ വൈറസ്‘ .  ആൻ്റിവൈറസ് സോഫ്റ്റ്വേർ ഡെയ്‌ലി അപ്ഡേറ്റ് ചെയ്യുന്നതിൻ്റെ ഓരോരോ ഗുണങ്ങളേ!!

വൈറസ് ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ  ചിന്തകളെ രഹസ്യമായി അയൽക്കാരിയുടെ ശരീരത്തിലേക്ക് തിരിച്ച് ഒരു ഡീപ് സ്കാനിങ്ങിന് വിധേയമാക്കി. എത്ര വട്ടം  ശ്രീമതി കാണാതെ  തൻ്റെ കണ്ണുകൾ സ്പൈ വർക്ക് നടത്തിയിട്ടുണ്ട്.   ആ നിയഴകിൽ അങ്ങനൊരു മറുകുണ്ടെങ്കിൽ തൻ്റെ ചാരന്മാർ അത് എന്നേ റിപ്പോർട്ട് ചെയ്തേനേ!

'‘എന്നാൽ അങ്ങനൊരു മറുകുണ്ട്.’‘ 

പതിയുടെ ചിന്താഭാരം  ലഘൂകരിക്കാൻ പന്നി കൂട്ടിച്ചേർത്തു.  

’അവളെ കാണാൻ ഒരു ഭംഗിയുമില്ല'‘ 

ശ്രീമതി ഈർഷ്യയോടെ മുഖം വെട്ടിത്തിരിച്ചിരുന്ന് ചിന്തയിൽ മുഴുകി. ഇതുതന്നെ അവസരമെന്നോർത്ത് ശ്രീമാൻ തിരിഞ്ഞുകിടന്ന്, ഒരു ആപത്ഘട്ടത്തിൽ തന്നെ നിഷ്കരുണം ഉപേക്ഷിച്ചുപോയ ഉക്കത്തെ മാടി മാടി വിളിച്ചു.

xxxxxxxxxxxxx


കല്ല്യാണദിവസം അണിഞ്ഞൊരുങ്ങി  ശ്രീമതി കണ്ണാടിയുടെ മുന്നിൽ നിന്ന് ഫ്രണ്ട് വ്യൂവും റിയർ വ്യൂവും മനോഹരമെന്ന് ഉറപ്പുവരുത്തുന്നത് ശ്രീമാൻ താടിക്ക് കൈ കൊടുത്തിരുന്ന് കണ്ടു. വിദേശത്ത്  തനിക്കൊപ്പമെത്തിയവരേക്കാൾ മുൻപ് വീടും വിലയേറിയ കാറും സ്വന്തമാക്കുന്നതിനായി  ശ്രീമതി  മനസ്സില്ലാമനസ്സോടെയാണെങ്കിലും സ്വന്തം സ്വർണ്ണാഭരണങ്ങൾ  വിറ്റ്  [വെരി ഹൈലി കോൺഫിഡൻഷ്യൽ ന്യൂസ്] ‘സ്വർണ്ണം കൊടുത്ത് വജ്രം വാങ്ങി‘ എന്ന ഭാവേന  ആർട്ടിഫിഷ്യൽ ഓർണമെൻ്റ്സ് വാങ്ങിയിരുന്നു.  അതുമണിഞ്ഞാണ്  കല്ല്യാണം കൂടാനുള്ള പുറപ്പാട്. കൂടാതെ വളരെ എക്സ്പൻസീവ് ആയിട്ടുള്ള സാരിയും. ഇപ്പോഴത്തെ ഈ അധികച്ചിലവിനിടയ്ക്ക് ഇത്രയും വിലപിടിപ്പുള്ള സാരി വേണോ എന്ന, പർച്ചേസിങ് സമയത്തുള്ള അയാളുടെ ചോദ്യത്തിന്, 'ഐ വാണ്ട് റ്റു ലുക് ലൈക് എ ബോളിവുഡ് ദിവ‘ എന്ന മറുപടി കേട്ട് അയാൾ ദിവിംഗിതനായി.

കല്യാണവീട്ടിൽ എല്ലാവരോടും അതിവിനയത്തിലും സ്നേഹത്തിലും ഇടപെടുന്ന ശ്രീമതിയിലെ ബഹുമുഖപ്രതിഭയെ കണ്ടിട്ട് ശ്രീമാന് പ്രത്യേകിച്ച് അഭിമാനമൊന്നും തോന്നിയില്ല. 

‘ഇത് വെറും അംശാവതാരം. വിശ്വരൂപം ഞാനേ കണ്ടിട്ടുള്ളൂ... ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ..‘ 

ശരിയല്ലേ എന്ന് അയാൾ ഒരിക്കൽക്കൂടി നല്ലവണ്ണമൊന്നാലോചിച്ചു. 

‘അതേ. വളരേ ശരിയാണ്. ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ‘

പിന്നെ ചിന്തകളെ ഫോറസ്റ്റ് ട്രക്കിങ്ങിനയക്കാതെ വിഭവസമൃദ്ധമായ സദ്യയിലും മദ്യസൽക്കാരത്തിലും  മുഴുവനായും മനസ്സർപ്പിച്ച്  പൂണ്ടുവിളയാടി.

അന്യൻ്റെ ഭക്ഷണവും സ്വന്തം വയറും തമ്മിലുള്ള 'കബഡി-കബഡി' മൽസരത്താൽ ഏറെ തളർന്ന് വൈകുന്നേരം ബെഡ് റൂമിലെത്തിയ ശ്രീമാൻ, ഇനി ഭാര്യയുടെ പരാതിപുച്ഛചേരുവകൾ ആവശ്യത്തിലധികം ചേർത്ത ഒരു കല്യാണറിവ്യൂ കൂടി അകത്താക്കേണ്ടി വരുമല്ലോ എന്ന വൈക്ലബ്യത്തോടെ നോക്കുമ്പോൾ ശ്രീമതിയതാ കുളി കഴിഞ്ഞ് റൻ മുടിയും കോതിക്കൊണ്ട്, ഒരു ഗൂഢമന്ദഹാസത്തോടെ ബെഡിലിരിക്കുന്നു! 

‘എവിടെയോ എന്തോ കുഴപ്പമുണ്ട്. മദ്യത്തിൻ്റെ കെട്ട് വിടാത്തതാണോ‘ അയാൾ സ്വയമൊന്നു പിച്ചിനോക്കി. ഇല്ല. എല്ലാം പെർഫക്റ്റ് ആണ്..

‘‘ഇന്നാകെ സന്തോഷത്തിലാണല്ലോ'‘ അയാൾ അത്ഭുതം മറച്ചുവയ്ക്കാതെ ചോദിച്ചു. 

' എങ്ങിനെ സന്തോഷിക്കാതിരിക്കും. അവൾക്ക് ഒന്നു കുറവാ'‘

’‘ആർക്ക്’‘

‘‘മണവാട്ടിയ്ക്ക്’‘

അയാൾ ഞെട്ടി. എന്തായിരിക്കും ആ കുട്ടിക്ക് കുറവ്?!!

ശ്രീമാൻ മണവാട്ടിപ്പെണ്ണിനെ  മനസ്സിലിട്ട് തിരിച്ചും മറിച്ചും ഇരുത്തിയും കിടത്തിയുമൊക്കെ പരിശോധിച്ചു. ഇല്ല, ഒരു കുറവും കണ്ടു പിടിക്കാൻ പറ്റുന്നില്ല. പക്ഷെ അയാൾക്കറിയാം പകൽ പോലെ സത്യമായി കാണുന്നവ പോലും യഥാര്‍ഥമായിരിക്കണമെന്നില്ല എന്ന്. അതിൻ്റെ, ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണയാൾ.

ഒറ്റ നിമിഷം കൊണ്ട് അയാളുടെ മനസ്സിൻ്റെ സെല്ലുലോയിഡിൽ കുറേ ഫ്ലാഷ് ബാക്ക് സീൻസ് തെളിഞ്ഞു. അതിൽ അയാൾ ആദ്യം ശ്രീമതിയെ പെണ്ണുകാണാൻ ചെന്നതും,  മുഖാമുഖം പരിപാടിക്കു ശേഷം  തിരിഞ്ഞ്, അന്നനട നടന്നകന്ന കിളിപ്പെണ്ണിനെ കണ്ട്  ’അരയന്നക്കിളിയൊന്നെൻ മാനസത്തിൽ,, അഴകിൻ്റെ തൂവൽ വിരിച്ചുനിൽപ്പൂ..‘ എന്ന പാട്ടും മൂളി  തനിക്ക് കൈവരാൻ പോകുന്ന സൗഭാഗ്യത്തെ ഓർത്ത് പേർത്തും പേർത്തും സ്വപ്നങ്ങൾ നെയ്തു കുളിരണിഞ്ഞതും എന്നാൽ വിവാഹച്ചടങ്ങുകൾക്ക് ശേഷം  വെള്ളത്തിൽ വീണ കോഴിപ്പിടയെപ്പോലെ മുന്നിൽ നിൽക്കുന്ന നവവധുവിനെ കണ്ട്  ‘സാരിയിലാവും എഴുന്ന തൂവലുകൾ പ്രകടമാവുക’ എന്ന് സംശയം പറഞ്ഞതും എന്നാൽ അതു വെറും റെൻ്റൽ പപ്പും പൂടയും മാത്രമാണെന്ന ദുരന്തവാർത്ത ഭാര്യ തന്നെ അറിയിച്ചതുമായ അനേകം റീലുകൾ  മനസ്സിൻ്റെ അഭ്രപാളിയിൽ ദ്രുതഗതിയിൽ മറിഞ്ഞു. അന്നു തകർന്ന ശ്രീമാൻ്റെ ഹൃദയം ഇന്നും മുറിചേർന്നിട്ടില്ല.  

 ‘മറ്റൊരു സമാനഹൃദയനെ നാളെ കാണേണ്ടി വരുമോ?!!‘ ഇപ്പോഴും രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുന്ന സ്വന്തം ഇടനെഞ്ച്  പൊത്തിപ്പിടിച്ചു കൊണ്ട് അയാൾ ചിന്തിച്ചു. 

ശ്രീമാൻ്റെ അമ്പരപ്പു കണ്ട് ശ്രീമതി വിജയഭാവത്തിൽ അഡൻ്റം. ''അതേ.. എനിക്ക് നൂറ്റൊന്നുണ്ടായിരുന്നു. അവൾക്ക് നൂറേ ഉള്ളൂ'‘

’‘എന്ത്?'‘

'‘പവൻ'‘

ഓ, ആ ഒന്നായിരുന്നോ കുറവ്. 

അൽപ്പം മുൻപ്  ആകാംക്ഷയാൽ റോക്കറ്റായി കുതിച്ചുപൊന്തിയ കണ്ണുകളെ ഇന്ധനത്തിൻ്റെ അഭാവത്താൽ രണ്ടാംഘട്ടം കടത്താതെ വിക്ഷേപണകേന്ദ്രത്തിലേക്ക് ശ്രീമാൻ തിരിച്ചിറക്കി.  എന്നിട്ട്,  അയൽവക്കക്കാരിയുടെ മേൽ നേടിയ വിജയത്തിൽ ഉന്മത്തയായ ഭാര്യയെ കാകനോട്ടം നോക്കി, ഇന്നെങ്കിലും സമാധാനത്തോടെ ഉറങ്ങാമല്ലോ എന്ന ആശ്വാസത്തിൽ അപ്പോൾ തന്നെ ബെഡിൽ വീണു.