കരകൌശലവസ്തുക്കളുടേയും കളിപ്പാട്ടങ്ങളുടേയും മറ്റും പ്രദർശനവിൽപ്പനകൾ നടക്കുന്ന ഒരു ഫെയറിലേക്ക് ഒരു സന്ധ്യാസമയത്ത് ശ്രീമതിയേയും കുട്ടിയേയും കൂട്ടി പോകുമ്പോഴാണ് ആറുവർഷങ്ങൾക്കു മുൻപ് കണ്ടു പിരിഞ്ഞ, എഞ്ചിനീയറിങ് കോളേജിൽ തന്റെ സഹപാഠിയായിരുന്ന സുഹൃത്തിനെ ശ്രീമാൻ കാണുന്നത്. ഈയിടെ സ്ഥലം മാറ്റം കിട്ടി ആ സ്ഥലത്തേക്ക് വന്നതാണത്രെ. ‘എടാ താടി...........’ എന്ന് അഭിസംബോധന ചെയ്ത് കുശലങ്ങൾ ചോദിക്കുന്നതിനിടെ ശ്രീമതിയേയും കുട്ടിയേയും ശ്രീമാൻ സുഹൃത്തിനു പരിചയപ്പെടുത്തി. ‘നീ കണ്ടിട്ടുണ്ടായിരിക്കും, നമ്മുടെ കോളേജിനടുത്തു തന്നെയുള്ള ......കോളേജിൽ പഠിച്ചിരുന്നതാ.ഇതെന്റെ മകൻ’ എന്നു പറഞ്ഞ് കുട്ടിയെ തന്നോട് ചേർത്ത് നിറുത്തി നിറുകയിൽ തലോടി.പിന്നെ ഔപചാരികതയ്ക്കായ് സുഹൃത്ത് ഭാര്യയോട് എന്തോ കുശലം ചോദിക്കുന്നതിനിടെ അയാൾ പെട്ടെന്ന് പോക്കറ്റിൽ നിന്ന് തന്റെ കട്ടിക്കണ്ണടയെടുത്ത് മുഖത്തു വച്ചു, പിന്നെ ഫെയറിന്റെ തിരക്കുകളിലേക്ക് കണ്ണോടിച്ചു. അഴുക്കോ പൊടിയോ കൊണ്ട് കണ്ണടയുടെ ഗ്ലാസ്സിനുണ്ടായിരുന്ന മങ്ങൽ തുടക്കാൻ അയാൾ അപ്പോൾ മിനക്കെട്ടില്ല.
ഭാര്യയും മകളും വീട്ടിൽ തനിച്ചാണ് എന്നതിനാൽ ‘വീണ്ടും കാണാം’എന്നു പറഞ്ഞ് പോകാൻ തിടുക്കം കൂട്ടുന്നതിനിടെ ശ്രീമാന്റെ മേൽവിലാസവും ഫോൺ നമ്പറുമുള്ള കാർഡ് കൈപറ്റി വീട് ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങുമ്പോൾ സുഹൃത്ത് ചിന്തിച്ചതെന്തെന്നാൽ തന്റെ അതേ പേരുകാരായ മറ്റു സഹപാഠികൾക്കിടയിൽ, തിരിച്ചറിയാൻ വേണ്ടി മറ്റുള്ളവരാൽ ‘താടി’ എന്നു ചേർത്ത് പേർ വിളിക്കപ്പെട്ടിരുന്ന താൻ, ഭാര്യ പലവട്ടം നിർബന്ധിച്ചിട്ടും വടിച്ചു കളയാതെ നിർത്തിയിരിക്കുന്ന ആ താടി, കോളേജ് വിദ്യാഭ്യാസകാലത്തിനിടെ എപ്പോഴെങ്കിലും വടിച്ചു കളഞ്ഞിരുന്നോ എന്നാണ്.
ഫെയറിന്റെ മുന്നിലെ തിരക്കിനിടയിൽ, ശ്രീമതിയിൽ നിന്നും അൽപ്പം മുന്നോട്ട് നീങ്ങി നടന്നിട്ട്, കണ്ണടയൂരി മുഖം അൽപ്പം വലത്തോട്ട് തിരിച്ച് വലത്തെ കയ്യുയർത്തി ഷർട്ടിന്റെ ഹാഫ് സ്ലീവിൽ മുഖമമർത്തിത്തുടച്ച്, പിന്നെ ഷർട്ടിന്റെ തുമ്പു കൊണ്ട് തുടച്ച കണ്ണട വീണ്ടും മുഖത്തെടുത്തു വച്ച്; തന്റെ ഇടത്തേ കൈത്തണ്ടയിൽ തൂങ്ങി നടക്കുന്ന അഞ്ചു വയസ്സുകാരൻ മകനെ ഒന്നുകൂടി ശരീരത്തോട് ചേർത്തു പിടിച്ച്, അവന്റെ മൂർദ്ധാവിൽ അരുമയായി ഒന്നു ചുംബിച്ചിട്ട് ശ്രീമാൻ ചിന്തിച്ചതിങ്ങനെ ‘ഛേ...ഇന്നു കർചീഫ് എടുക്കാൻ മറന്നു’
സങ്കീർണ്ണമായ പലതരം ചിന്തകളാൽ പരിസരം മറന്നു നടന്നിരുന്ന ശ്രീമതി അവസാനം ചിന്തിച്ചത് ,പല കാരണങ്ങൾ പറഞ്ഞ് ഭർത്താവിന്റെ നാട്ടിലേക്കുള്ള ട്രാൻസ്ഫർ മുടക്കിയിരുന്ന താൻ ഇനി എന്തു കാരണം പറഞ്ഞ് അതേ സ്ഥലംമാറ്റത്തിനായി നിർബന്ധിക്കും എന്നാണ്
ഫെയറിൽ നിന്നും അച്ഛൻ വാങ്ങിക്കൊടുക്കാമെന്നേറ്റിരുന്ന, സ്വിച്ചിട്ടാൽ ചിരിക്കുകയും ചാടുകയും ഓടുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന യന്ത്രപ്പാവയെ മാത്രം ഓർത്തു കൊണ്ടു നടന്നിരുന്ന കൊച്ചു മോൻ, ആലോചനയിൽ മുഴുകുമ്പോൾ എപ്പോഴും ചെയ്യാറുള്ളതു പോലെ, അവന്റെ വലത്തേ താടിയിലെ മുത്തു പോലുള്ള മറുകിൽ, അവനറിയാതെ കൈ വിരലുകളാൽ ഉഴിഞ്ഞു കൊണ്ടിരുന്നു
Sunday, 19 October 2008
Subscribe to:
Posts (Atom)