Sunday, 25 May 2008

ചില കലപിലകള്‍ [യു.കെ ദിവസവിശേഷങ്ങള്‍]

യൂണിഫോം ട്രൌസേഴ്സിന് ഒരു വെന്റിലേറ്റര്‍ പണി തീരൂന്നതിനു മുന്‍പേ അതു കൊണ്ടുപോയി മാറ്റിയേക്കാം എന്നോര്‍ത്താണ് ഇന്നലെ ഉച്ച കഴിഞ്ഞ് പുറപ്പെട്ടത്. നാഷണല്‍ ഹെല്‍ത്ത് സെര്‍വീസിന്‍ കീഴിലാണെങ്കിലും ഇവിടെ ഹോസ്പിറ്റല്‍ ഭരണം പല ട്രസ്റ്റുകളാണ് നടത്തുന്നത്. ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റല്‍ ട്രസ്റ്റിനു കീഴില്‍ നാലു ഹോസ്പിറ്റലുകളുണ്ട്. ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ നിന്നും ഒരു ഇരുപത് മിനിറ്റ് ഡ്രൈവി[ഞാനല്ല, ഡ്രൈവര്‍] ന്റെ ദൂരത്തിലുള്ള ഇതേ ട്രസ്റ്റിന്റെ മറ്റൊരു ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ഹോസ്പിറ്റല്‍ വക അക്കോമഡേഷനിലാണ് എന്റെ താമസം. ഇവ രണ്ടും കൂടാതെ മൂന്നാമതൊരിടത്താണ് മെയിന്‍ ട്രസ്റ്റ് ഓഫീസുകള്‍. അതിനോട് ചേര്‍ന്നാണ് യൂണിഫോമിനുള്ള ചെറിയ ഒരു ബില്‍ഡിങ്ങും.


ഞാന്‍ യൂണിഫോം മാറ്റാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയായ സിനി*ക്കും അതേ ആവശ്യം. കൂട്ടിനാളായല്ലൊ. ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്റെ പരിസരത്തിലാണ് അവള്‍ താമസിക്കുന്നതെന്നതിനാല്‍ ഉച്ചക്ക് അവിടെ ചെന്ന് അവളേയും കൂട്ടി യൂണിഫോമിനു വേണ്ടി യാത്രയായി. ഹോസ്പിറ്റല്‍ ജോലിക്കാര്‍ക്കു വേണ്ടി ട്രസ്റ്റ് ഏര്‍പ്പാടാക്കിയിട്ടുള്ള, ഓരോ ഹോസ്പിറ്റലിനേയും ബന്ധിപ്പിക്കുന്ന ഹോസ്പിറ്റല്‍ ട്രാന്‍സ്പ്പോ‍ര്‍ട്ടിലാണ് യാത്ര. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഉച്ച കഴിഞ്ഞ് ഒന്നര. കോള്‍ ബെല്ലടിച്ചു കാത്തു നിന്നിട്ടും വാതില്‍ തുറക്കപ്പെട്ടില്ല. കണ്ണാടി വാതിലില്‍ കൂടി അകത്തേക്ക് നോക്കി. ഒരു മനുഷ്യക്കുഞ്ഞിന്റെ പൊടി പോ‍ലുമില്ല. സാധാരണ അവിടെയുണ്ടാവുക അമ്പതുകളുടെ മധ്യപകുതി താണ്ടിയിട്ടുണ്ടെന്നു തോന്നിപ്പിക്കുന്ന രണ്ട് സ്ത്രീകളാണ്. ഒന്ന് ഒരു ഇംഗ്ലീഷ്കാരിയും മറ്റൊന്ന് ഒരു പഞ്ചാബിയും.ഇന്നവിടെയുണ്ടാകുന്നത് ഇംഗ്ലീഷ്കാരി ആയിരിക്കണേ എന്ന് ഞങ്ങള്‍ രണ്ട് പേരും ആഗ്രഹിച്ചു. ആ പഞ്ചാബി സ്ത്രീയുടെ പെരുമാറ്റം ഞങ്ങള്‍ ഇന്‍ഡ്യന്‍സിനു പോലും അസഹനീയമായിരുന്നു. മര്യാദയോടെ പെരുമാറേണ്ടതെങ്ങിനെയെന്ന്‍ ഇംഗ്ലീഷുകാരെ കണ്ട് തന്നെ പഠിക്കണം [മനസ്സില്‍ എന്തെങ്കിലുമാകട്ടെ] . കുറേ നേരം ബെല്ലടിച്ചിട്ടും ആരേയും കാണാതായപ്പോള്‍ ഒരു പക്ഷെ ലഞ്ച് ബ്രേയ്ക്കിലാവും എന്നോര്‍ത്ത് രണ്ട് മണി വരെ കാത്തു നില്‍ക്കാന്‍ നിശ്ചയിച്ചു. രണ്ടേകാലായിട്ടും വാതില്‍ തുറക്കുന്ന ഒരു ലക്ഷണവുമില്ല. ഫോണ്‍ ചെയ്തു നോക്കി. അകത്ത് ഫോണ്‍ റിങ് ചെയ്യുന്ന സ്വരം കേള്‍ക്കാം. ആരും എടുക്കുന്നില്ല. വിശപ്പും കത്തിക്കാളാന്‍ തുടങ്ങി. ഇന്ന് ഉച്ചഭക്ഷണം പുറത്തു നിന്നാവാമെന്ന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ യൂണിഫോം പരിപാടി തീര്‍ത്തിട്ടു വേണം പൈദാഹശാന്തി വരുത്താന്‍. രണ്ടര ആയപ്പോഴേക്കും ക്ഷമ നശിച്ചു. എന്‍‌ക്വയറിയില്‍ പോയൊന്ന് അന്വേഷിച്ചാലോ എന്ന് ബുദ്ധി തോന്നിയതപ്പോഴാണ്. അവര്‍ക്ക് വല്ല അസുഖവുമായിട്ട് വന്നിട്ടില്ലെങ്കിലോ. അതിനായി നടന്നു തുടങ്ങിയപ്പോള്‍ ‘ദാ ഇതല്ലേ അവര്’ എന്ന് സിനി. ഒരു എണ്‍പതു വയസ്സിനു മുകളില്‍ പ്രാ‍യം തോന്നുന്ന, സാല്‍‌വാര്‍ കമ്മീസ് ഇട്ട്, ഷാള്‍ തല വഴി ചുറ്റി മൂടി, കയ്യില്‍ ഒരു സഞ്ചിയും തൂക്കിപ്പിടിച്ച് വരുന്ന ഒരു പഞ്ചാബി അമ്മൂമ്മയെ കണ്ടാണ് അവള്‍ ഇങ്ങിനെ പറഞ്ഞത്. ആടിക്കൊണ്ടിരിക്കുന്ന പെന്‍ഡുലം തല കുത്തനെ പിടിച്ചാല്‍ എങ്ങിനെയായിരിക്കുമോ അതു പോലെ അവര്‍ ഓരോ ചുവട് വയ്ക്കുമ്പോഴും അവരുടെ തല വശങ്ങളിലേക്ക് ആടുന്നുണ്ട്. ഹോസ്പിറ്റലില്‍ അഡ്മിറ്റായ ഏതോ രോഗിയെ കാണാന്‍ വരുന്ന ബന്ധു ആകും എന്നാണ് എനിക്ക് തോന്നിയത്.പോടി, അവര്‍ക്കിത്രേം പ്രായമില്ല എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ദാ അവര്‍ യൂണിഫോം സെന്ററിലേക്ക് തിരിയുന്നു. പുറകേ ഓടിചെന്ന് നോക്കിയപ്പോള്‍,ദാ അവര്‍ക്കായി വാതില്‍ തുറക്കപ്പെടുന്നു. ആ പഞ്ചാബി സ്ത്രീ അതിനകത്തുണ്ടായിരുന്നു. അവരുടെ അമ്മയായിരിക്കണം ഇപ്പോള്‍ വന്ന സ്ത്രീ.

'' ഞാന്‍ മുകളില്‍ തിരക്കിലായിരുന്നു. ഇവര്‍ വരുമെന്നെനിക്കറിയാമായിരുന്നു. അതാ ഇപ്പോള്‍ താഴേക്ക് വന്നത്’.''

കയ്യോടെ കണ്ടുപിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ ശ്രമിച്ച് അവര്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ എങ്ങാനും പരാതിപ്പെട്ടാലോ എന്ന് തോന്നിയതിനാലാവാം അന്നത്തെ അവരുടെ പെരുമാറ്റം വളരേ സൌമ്യമായിരുന്നു. അതിനെ കുറിച്ച് കൂടുതലൊന്നും ചിന്തിക്കാന്‍ ഞങ്ങള്‍ക്ക് നേരമുണ്ടായിരുന്നില്ല. യൂണിഫോം മാറ്റിക്കിട്ടിയപ്പോള്‍ ഒറ്റ നടയായിരുന്നു, ടൌണിലേക്ക്. ഒരു ചിക്കന്‍ കോര്‍ണറില്‍ ചെന്നാണ് പിന്നെ ഞങ്ങള്‍ നിന്നത്. ഫ്രൈഡ് ചിക്കനും പൊട്ടറ്റോ ചിപ്സും വാരി വലിച്ച് തിന്നു. ഏമ്പക്കവും വിട്ട് പുറത്തിറങ്ങി. അവിടെയുള്ള ചില ഏഷ്യന്‍ ഗ്രോസറി കടകളില്‍ കൊണ്ടു പോകണമെന്ന് സിനി ആദ്യമേ പറഞ്ഞിരുന്നു. യു കെ യില്‍ ആദ്യം കാലുകുത്തിയ സ്ഥലം ഇതായതിനാലും ആദ്യകാലതാമസം ഇവിടെ ആയതിനാലും ‘സ്ഥലത്തെ പ്രധാനകടക‘ളൊക്കെ എനിക്കറിയാം. വിശപ്പുമാറിയ ആശ്വാസത്തില്‍ പാട്ടും‌പാടിയായി പിന്നെ ഞങ്ങളുടെ നട.പോരുന്ന വഴിക്ക്, ഏഷ്യന്‍ ലുക്കുള്ള പലരേയും കണ്ടപ്പോള്‍ സിനി ‘അതൊരു മലയാളിയാണ്’ എന്നു പറയാന്‍ തുടങ്ങി. ‘നിനക്ക് പരിചയമുണ്ടോ അയാളെ’ എന്റെ ചോദ്യം. കണ്ടാല്‍ അറിയില്ലേ എന്നായി അവളുടെ മറൂപടി. കണ്ടാല്‍ മാക്സിമം ഒരു സൌത്ത് ഇന്‍ഡ്യന്‍ ആണെന്ന് വരെ എനിക്ക് പറയാനാവും. അതിലപ്പുറം പറ്റാറില്ല. പക്ഷെ പഠനവും ജോലിയുമൊക്കെയായി ഇന്‍ഡ്യയിലെ കുറേ സംസ്ഥാനങ്ങളും പിന്നെ മിഡില്‍ ഈസ്റ്റില്‍ പലയിടങ്ങളിലും ജോലി ചെയ്തിരുന്ന സിനി ഇക്കാര്യത്തില്‍ മിടുക്കിയാണെന്നറിയാഞ്ഞല്ല, എന്നാലും ഒന്നു പരീക്ഷിക്കാമെന്നു വിചാരിച്ചു ഞാന്‍. അപ്പോള്‍ അതുവഴി ‘അവളുടെ‘ ഒരു മലയാളി കടന്നു പോയപ്പോള്‍ പുറകില്‍ നിന്ന് ‘ഡാ’ എന്ന് ഞാന്‍ ഉറക്കേ വിളിച്ചു നോക്കി. ഒരു ആവറേജ് മലയാളി ആ വിളി കേട്ടാല്‍ തിരിഞ്ഞു നോക്കേണ്ടതാ. കേള്‍ക്കാഞ്ഞിട്ടാണെങ്കിലോ എന്നോര്‍ത്ത് പിന്നെം പിന്നെം വിളിച്ചു. ഒന്ന് ‘തിരിഞ്ഞു‘ നോക്കൂക പോയിട്ട്, ശകുന്തള ദര്‍ഭമുന ഊരിക്കളയാനെന്ന വ്യാജേന ദുഷ്യന്തനെ നോക്കിയ പോലെ ഷൂ ലേസ് കെട്ടാനെന്ന വ്യാജേന ഒന്നു ‘ചരിഞ്ഞു’ നോക്കുക പോലും ചെയ്യാതെ വെടി കൊണ്ട പന്നിയെ പോലെ അയാള്‍ പോയി. അതോടെ ഇനി പരീക്ഷണം വേണ്ടി വരില്ല എന്നു എനിക്ക് മനസ്സിലായി.


ഒന്നാമത്തെ ഏഷ്യന്‍ കടയില്‍ കയറി. അതൊരു ശ്രീലങ്കന്‍ കടയാണ്. കോസ്മെറ്റിക്സിന്റെ അടുത്ത് ചെന്ന്‍ സിനി നില്‍പ്പായി, ഇതു നല്ലതാണോടീ എന്നെല്ലാം ചോദിച്ച്. എന്തൊക്കെ തേച്ചാലും എന്റെ മുഖഛായക്ക് ഒരു മാറ്റവും ഉണ്ടാകില്ലാ എന്ന് ഒരുപാട് വര്‍ഷം കൊണ്ട് തെളിഞ്ഞതാണ്. അത് കൊണ്ട് ഞാന്‍ എന്റെ പ്രിയപ്പെട്ട നോണ്‍‌വെജ് സെക്ഷനിലേക്ക് കടന്നു. ഫ്രെഷ് ബീഫ് ആ കടയിലില്ല. അവള്‍ക്കും കാര്യമായൊന്നും ഷോപ്പ് ചെയ്യാന്‍ പറ്റിയില്ല. സാരമില്ല, അടുത്ത കടയില്‍ കൊണ്ടു പോകാം.അടുത്തത് ഒരു പാക്കിസ്ഥാന്‍ കടയാണ്. അവിടെ കേറിയപ്പോള്‍ നോണ്‍‌വെജ് ആണു കൂടുതല്‍. പക്ഷെ ആകെ ഇറച്ചിയുടെ വല്ലാത്ത ചൊരുക്കു മണം. കണ്ണാടിക്കൂട്ടില്‍ വലിയ വലിയ ഇറച്ചിക്കഷണങ്ങള്‍. അതു ബീഫാണെന്ന് അവള്‍ പറഞ്ഞു. അതു നിനക്കെങ്ങിനെ അറിയാം. എന്റെ സംശയം പിന്നേം തല പൊക്കി. അതിന്റെ ചുവപ്പു നിറം കണ്ടാല്‍ അറിയില്ലേ എന്നായി അവള്‍. അപ്പോള്‍ ആടും പന്നിയും ഒക്കെ റെഡ് മീറ്റില്‍ അല്ലേ. സംശയം വില്‍പ്പനക്കാരനോട് ചോദിച്ചു. അതെ അതു ബീഫ് തന്നെ. ഒരു കിലോ തൂക്കാന്‍ പറഞ്ഞു. വീണ്ടും കണ്ണാടിക്കൂട്ടിലേക്ക് നോക്കിയപ്പോള്‍ ഇരിക്കുന്നു ബ്രയിന്‍. ബ്രയിന്‍ ഫ്രൈ ഒത്തിരി രുചികരമാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇതു വരെ കഴിച്ചിട്ടില്ല. സിനിയും കഴിച്ചിട്ടില്ലത്രെ. നീ നന്നായി ഫ്രൈ ചെയ്താല്‍ മതി എന്നവള്‍ പറഞ്ഞെങ്കിലും അതിന്റെ ഇരിപ്പ് കണ്ടിട്ട് എന്തോ ഒരറപ്പ് തോന്നി. വാങ്ങിയില്ല. 'those who dont have brain, can bye it' സിനി എനിക്കിട്ട് പണിയുന്നു. 'then she definitely needs that' എന്നു ഞാന്‍ പറഞ്ഞത് വില്‍പ്പനക്കാരനെ നോക്കിയാണ്.


ബീഫ് തൂക്കി തന്നിട്ട് വില്‍പ്പനക്കാരന്‍ ചോദിച്ചു ‘ഓര്‍ കുച്ച്’. ഇന്‍ഡ്യനായിട്ടും ഹിന്ദി അറിയില്ല എന്ന് പറഞ്ഞ് മുന്‍പ് നേപ്പാളി സുഹൃത്തുക്കള്‍ എന്നെ കളിയാക്കിയിട്ടുണ്ട്. പക്ഷെ ഈ ഓര്‍ കുച്ച് എനിക്കു മനസ്സിലായി. അതേ ട്യൂണില്‍ ഞാന്‍ സിനിയോട് ചോദിച്ചു. ഓര്‍ കുച്ച്? അപ്പോള്‍ അയാള്‍ ഞങ്ങളെ രണ്ടുപേരേയും മാറി മാറി നോക്കി ‘കുച്ച്..കുച്ച്’ എന്നായി ചോദ്യം. വായില്‍ തോന്നിയ ഒരു ഹിന്ദി സിനിമയുടെ പേരു പറഞ്ഞു ഞാന്‍. ‘കുച്ച് കുച്ച് ഹോതാ ഹെ’ സിനി എനിക്കിട്ട് ഒരു നുള്ളു തന്നു. നിനക്കറിയാമോ അതിന്റെ അര്‍ത്ഥം എന്നൊരു ചോദ്യവും. ‘എന്താണ്ടൊക്കെ സംഭവിക്കുന്നു എന്നാണെന്ന് എനിക്കറിയാം’ എന്ന് ഞാന്‍ ഗമയില്‍ പറഞ്ഞു. എന്തു പറയാനാണെന്നോര്‍ത്താവും അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ അതിനു ശേഷം വില്‍പ്പനക്കാരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞതില്‍ കുച്ചും ഹോത്തായും ഹെ യും ഉണ്ടായിരുന്നെങ്കിലും അതിന്റെ കൂടെ പറഞ്ഞതൊന്നും എനിക്ക് അശേഷം മനസ്സിലായില്ല. പക്ഷെ അതെന്തോ ഗുരുത്വക്കേടാവുംന്ന് അയാളുടെ മുഖഭാവം പറഞ്ഞു. ‘ I cant understand what you said, but she can'സിനിയെ ചൂണ്ടി ഞാന്‍ പറഞ്ഞു. ബാക്കി അവള്‍ ഡീല്‍ ചെയ്യട്ടെ. 'oh, you dont know hindi? where are you from?' അയാളുടെ അടുത്ത ചോദ്യം. ‘ we are from india. are you from india?' പാക്കിയോട് ഇന്‍ഡ്യനാണോ എന്ന ചോദ്യം സിനിയുടേത്. അയാള്‍ അവിടന്ന് ഞങ്ങളെ ‘കിക്ക്’ ചെയ്ത് വെളിയിലാക്കുന്നതിനു മുന്‍പേ ഈ ചോദ്യോത്തരപംക്തി അവസാനിപ്പിച്ച് അവളുടെ കയ്യും പിടിച്ച് വലിച്ച് ഞാന്‍ നീങ്ങി. ‘ഈ ബീഫ് കഴിച്ചു കഴിയുമ്പോള്‍ പിന്നേം നിനക്ക് പലതും തോന്നും’ എന്നാണത്രേ അയാള്‍ അന്നേരം പറഞ്ഞതെന്ന് പിന്നീട് സിനിയുടെ വക ട്രാന്‍സ്ലേഷന്‍. ഉവ്വോ? എന്നാല്‍ ഒന്നു കഴിച്ചു നോക്കണമല്ലോ.


മൂന്നാമതൊരു പാക്കി കടയില്‍ കൂടി ഹാജര്‍ കൊടുത്ത് അവിടന്ന് ഒന്നും വാങ്ങാതെ ഞങ്ങള്‍ തിരിച്ചു നടക്കുകയാണ്. തിരിച്ചുള്ള ട്രാന്‍‌സ്പോര്‍ട്ടിന് ഇനിയുമുണ്ട് ഒരുപാട് സമയം. ഇനിയിപ്പൊ എന്തു ചെയ്യും. സമയം പോകണ്ടേ. പോരുന്ന വഴിക്കുള്ള അവസാനത്തെ കടയില്‍ കയറി. ഈ കടയില്‍ ഞാനാദ്യമാണെന്നും അത് ഏഷ്യന്‍ കടയാണോ എന്നറിയില്ല എന്നും ജാമ്യമെടുത്താണ് അതിനകത്തു കയറിയത്. കടയിലേക്ക് കയറുമ്പോള്‍ എന്റെ ചുണ്ടിലുണ്ടായിരുന്ന ‘കാതലാ കാതലാ’ എന്ന തമിഴ്പാട്ട് ഒറ്റ നോട്ടത്തില്‍ കൌണ്ടറില്‍ കണ്ട, തൊട്ട് കണ്ണെഴുതാവുന്ന നിറത്തിലുള്ള ആളെ കണ്ടപ്പോള്‍ ഞാന്‍ വിഴുങ്ങി. വല്ല തമിഴനുമാണെങ്കില്‍ തെറ്റിദ്ധരിക്കണ്ടാ. ഇയാളെ കണ്ടാലും തോന്നും ആ പാട്ടു പാടാന്‍, എന്ന് പറയാന്‍ ഞാന്‍ വായ തുറക്കുന്നതിനു മുന്‍പേ സിനിയുടെ ചോദ്യം. 'എടി, സിസ്റ്റര്‍ മേരി* ഇതിലെ വന്നാല്‍ എങ്ങനിരിക്കും'. അപ്പോഴാ ഞാനതു ശ്രദ്ധിക്കുന്നത്. പുറത്തു നിന്ന് നോക്കിയാല്‍ ചെറിയ കടയാണെന്നേ തോന്നൂ. അകത്തു കയറിയാലും ചെറിയ കട തന്നെയാ. പക്ഷെ ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒതുക്കേണ്ട വസ്തുക്കള്‍ ആ കടയ്ക്കകത്തുണ്ട്, പല നിരകളായി തിരിച്ച വലിയ അലമാരികളിലായി. ഓരോ അലമാരികളുടെയും ഇടക്ക് ഒരാള്‍ക്ക് കഷ്ടി കടന്നു പോകാന്‍ പാകത്തിനുള്ള ‘ബേ’കള്‍. ഒരാള്‍ അങ്ങോട്ട് പോകുന്നതിനിടക്ക് എതിരെ വേറൊരാള്‍ വന്നാല്‍, തിരിയാതെ റിവേഴ്സ് ഗിയറില്‍ നടന്ന് കടയുടെ പുറത്തിറങ്ങി നിന്നാലേ വന്നയാള്‍ക്ക് പുറത്ത് കടക്കാനാവുകയുള്ളു. അതിലേ കൂടി, അഞ്ചടി പൊക്കവും ആറടി വീതിയും ചുറ്റളവെത്രയെന്ന് വിക്കി പോലും അളന്ന് തിട്ടപ്പെടുത്തിയിട്ടില്ലാത്തതും, പുറകില്‍ നിന്ന് നോക്കിയാല്‍ ഒരു കഥകളിക്കാരിയെ നേഴ്സ് വേഷം ഇടീച്ചതായും തോന്നിപ്പിക്കുന്ന സിസ്റ്റര്‍ മേരി അതിലേ ‘നേരേചൊവ്വേ’ കടന്നു പോകില്ല. അഥവാ ചരിഞ്ഞു കടന്നു പോകാമെന്ന് വച്ചാല്‍ തന്നെ വിക്കി* വശത്തു നിന്ന് തള്ളിക്കൊടുക്കണം. അപ്പോള്‍ ചോദ്യം വിക്കി ആരെന്നല്ലേ? അതിനിതു വരെ ഞങ്ങളെല്ലാം തല പുകഞ്ഞിരുന്നാലോചിച്ചിട്ടും ഒരു ഉത്തരം കിട്ടിയിട്ടില്ല. ഈയിടെയാണ് ഇവര്‍ തമ്മിലുള്ള കല്യാണം നടന്നത്. സിവില്‍ മാര്യേജ്. ഇംഗ്ലീഷ്കാരു പോലും ആദ്യമായാണ് ഇത്തരം ഒരു മാര്യേജില്‍ പങ്കെടുക്കുന്നതെന്ന് അവരുടെ ചില പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഡ്യൂട്ടി ആയതിനാല്‍ എനിക്കതില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും ഇവര്‍ എന്തു വേഷമായിരിക്കും ഇട്ടത് എന്ന ആകാംക്ഷ എനിക്ക് മറച്ച് വയ്ക്കാന്‍ കഴിഞ്ഞില്ല. കല്യാണത്തിന് പങ്കെടുത്തിട്ട് വന്ന ഒരു കറമ്പി പെണ്ണിനോടും ഒരു വെളുമ്പി പെണ്ണിനോടും ഞാനീ സംശയം ചോദിച്ചു. രണ്ടുപേരും ബ്രൈഡല്‍ ഡ്രെസ്സില്‍ ആയിരുന്നത്രേ. ഒരാളെയെങ്കിലും ഗ്രൂമിന്റെ വേഷത്തില്‍ കാണാമെന്ന് വിചാരിച്ച് കല്യാണം കൂടാന്‍ പോയ കറമ്പികുട്ടി നിരാശയോടെ വെളുമ്പിക്കുട്ടിയോട് ചോദിച്ചു. 'Who is the man and who is the lady between them' . മൂക്കും വായും പൊത്തി ചിരി അടക്കി കൊണ്ട് വെളുമ്പിക്കുട്ടി പറഞ്ഞു 'They both are ladies'. ‘'But one should be a man. isnt it' ‘സ്ഥാപിത ചിന്താഗതികളെ മാറ്റാന്‍ കറമ്പികുട്ടിക്കു കഴിയണില്ല. അതിനെ സാധൂകരിക്കാന്‍ പിന്നെ അവര്‍ തമ്മില്‍ നടത്തിയ ചോദ്യോത്തരങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടേണ്ടതാണെങ്കിലും അതെന്നെ ഓര്‍മിപ്പിച്ചത്, കാളിദാസന്‍ കാളിക്ഷേത്രത്തില്‍ ദേവിയെ കാണാന്‍ ചെന്നിട്ട്, ദേവിയെ കാണാതെ ക്ഷേത്രത്തിനകത്തു കയറി ഇരുന്നതും പിന്നീട് ദേവി തിരിച്ചു വന്നപ്പോള്‍ അടഞ്ഞ വാതിലിനകത്ത് ആളുണ്ടെന്ന് തോന്നിയിട്ട് നടത്തിയ, ഇതിനോട് ഏതാണ്ടൊക്കെ സമാനമായ ഒരു ചോദ്യോത്തര പംക്തിയുമാണ്.എന്തൊക്കെയായാലും ആ കടയില്‍ കൂടി സുഗമമായ ഒരു യാത്ര സിസ്റ്റര്‍ മേരിക്ക് സാധ്യമല്ല എന്നുള്ളത് മൂന്നു തരം. കടക്കാരന്‍ ചിലപ്പോള്‍ സിസ്റ്ററില്‍ നിന്ന് ഹെവി ഡ്യൂട്ടി ഈടാക്കാനും മതി.


അവിടത്തെ സാധനങ്ങളുടെ ബാഹുല്യം കണ്ട്, അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണല്ലൊ എന്നൊക്കെ കലപിലാന്നു മലയാളത്തില്‍ പറഞ്ഞ് അവിടന്നും ഒന്നും വാങ്ങാതെ കൌണ്ടറുകാരനെ മൈന്റ് പോലും ചെയ്യാതെ പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പരുക്കന്‍ സ്വരത്തില്‍ ഒരു മലയാളകൊഞ്ചല്‍ ‘എന്തെങ്കിലും സഹായിക്കണോ?” നമ്മുടെ ഗൌണ്ടര്‍, അല്ല കൌണ്ടര്‍ ആണ്. ഭഗവാനേ ഇയാള്‍ക്ക് മലയാളം അറിയാമായിരുന്നോ? ആള്‍ ശ്രീലങ്കന്‍. പക്ഷെ മലയാളം സിനിമകള്‍ കാണാറുണ്ടത്രേ. ഗ്രാമര്‍ മിസ്റ്റേക്സ് ഒണ്ടെങ്കിലെന്താ. അയാള്‍ ഞങ്ങളോട് മലയാളത്തിലാണ് മുഴുവന്‍ സംസാരിച്ചത്. ശ്രീലങ്കനായ ഒരാളില്‍ നിന്നും മലയാളം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നൊക്കെ പറഞ്ഞും പറയാതെ വിഴുങ്ങിപ്പോയ മലയാളം കമന്റുകള്‍ക്ക് മനസ്സാ നന്ദി പറഞ്ഞും അവിടന്നും ഊരി ഏതാണ്ട് വൈകുന്നേരത്തോടെ പരിക്കുകളൊന്നും പറ്റാതെ റൂമണഞ്ഞു

*പേരുകള്‍ മുഴുവനായും വ്യാജന്‍
18 comments

6 comments:

lakshmy said...

lakshmy said...
ഒരു evening walk നടത്തി തിരിച്ചു ക്ഷേത്രത്തിലെത്തിയ കാളിക്ക് അടഞ്ഞ ക്ഷേത്രവാതിലിനപ്പുറം ആരോ ഉണ്ടെന്ന് മനസ്സിലായി. ‘അകത്താര്’ കാളി ചോദിച്ചു. ‘അകത്തു ദാസന്‍. പുറത്താര്’ അകത്തു നിന്നു ചോദ്യം

24 May 2008 05:36 Sands | കരിങ്കല്ല് said...
പൊന്നു ലക്ഷ്മീ...

പാരഗ്രാഫ് തിരിച്ചെഴുതണം എന്നൊരു ചെറിയ അപേക്ഷ ഉണ്ട്... വായനാസുഖത്തിനു പുറമേ ... വായിക്കുക എന്ന പ്രക്രിയകൂടി ഇത്തിരി എളുപ്പമായി മാറും :)

24 May 2008 08:10 Sands | കരിങ്കല്ല് said...
വായിച്ചു.... പ്രവാസികളുടെ ജീവിതം ഏതാണ്ടൊക്കെ ഒരു പോലെ തന്നെ അല്ലേ... :)
-- പിന്നേ ചേച്ചീ... പോസ്റ്റ് നീളം ലേശം ജാസ്തി ...

ഇവിടെ പിന്നെ അത്രക്കധികം ഇന്ത്യന്/പാക്കി കടകള്‍ ഇല്ലാത്ത കാരണം .. കണ്ഫ്യൂഷന്സു്‌ ഇല്ല...
മാത്രമല്ല ഒരുവിധം ഊരും നാടും ഒക്കെ എനിക്കു കണ്ടാല്‍ മനസ്സിലാവാറുണ്ട്. :)

കരിങ്കല്ല്.

ഇന്നു എനിക്കും ഇന്ത്യന്‍ കടയില്‍ പോണം...

24 May 2008 08:23
lakshmy said...
sands...നന്ദി. കാളിന്ദീതീരം എന്ന ബ്ലൊഗില്‍ ഇതും ഇതിനു മുന്‍പ് വേറൊന്നും പോസ്റ്റ് ചെയ്തിട്ട് അഗ്രഗേറ്റേഴ്സ് റീഡ് ചെയ്യുന്നില്ല. അവിടെ നിന്ന് ഇവിടേക്ക് കോപ്പി, പേസ്റ്റ് ചെയ്ത് ഒന്നു പരീക്ഷിച്ചതാണ്. ആദ്യം തിരിച്ച പാരഗ്രാഫ് ഒക്കെ രണ്ടാമത് പേസ്റ്റ് ചെയ്തപ്പോള്‍ പോയി. ഏതായാലും ഇപ്പൊ ശരിയാക്കിയിട്ടുണ്ട്

പിന്നെ കാച്ചിക്കുറുക്കാനുള്ള പരിശീലനത്തിലാണ് ഞാന്‍. suggestions തന്നതിനു നന്ദി കെട്ടോ.

24 May 2008 10:45 പാമരന്‍ said...
:)

24 May 2008 18:15 ഹരീഷ് തൊടുപുഴ said...
കൊള്ളാം, നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍...

24 May 2008 18:26 ശിവ said...
‘ഡാ’ എന്നു വിളിച്ചതുകൊണ്ടാ തിരിഞ്ഞു നോക്കാതിരുന്നത്.

ഇനി ഞാനൊന്നു വിളിച്ചോട്ടെ...“എടീ“

25 May 2008 06:56 lakshmy said...
പാമരന്‍, ഹരീഷ്....നന്ദി

ശിവ....അയ്യെട.. ബെറ്റ് വെക്കുന്നു, ഒറ്റ ‘എടി’ പോലും തിരിഞ്ഞ് നോക്കില്ലാന്ന്. വേണേല്‍ വിളിച്ചു നോക്കിക്കോ:)

25 May 2008 10:45 Gopan (ഗോപന്‍) said...
ഈ പോസ്റ്റ് ഒരു ഒന്നൊന്നരയായില്ലേ എന്നൊരു സംശയം ! യുണിഫോര്‍മില്‍ നിന്നും ഷോപ്പിങ്ങ് വഴി ലെസ്ബ് മാര്യേജില്‍ എത്തി അവസാനം ഒരു കൌണ്ടര്‍ ടച്ച്‌.യു കെയിലെ മലയാളി പത്രം പോലെ തോന്നി (ഇനി അങ്ങനെ ഒന്നുണ്ടോ എന്ന് ചോദിച്ചേക്കരുത്)

25 May 2008 13:49 മുസാഫിര്‍ said...
ആ ഹിന്ദി പ്രയോഗം പെരുത്ത് ഇഷ്ടമായി .

25 May 2008 14:35 lakshmy said...
ഗോപന്‍....ഒന്നര എന്നുള്ളത് എനിക്ക് ഒരു ‘ഒരു’ പോസ്റ്റ് ആക്കി കുറക്കാമായിരുന്നല്ലേ?[ശ്ശോ..ആക നാണക്കേടായി]
പക്ഷെ ‘യു കെപത്രം പോലെ’ എന്നു പറഞ്ഞതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അങ്ങിനെ ആകണമെങ്കില്‍ miimum 200 പേജ് ഉണ്ടാകണം, സെലിബ്രിറ്റികളായ ചില സ്ത്രീജനങ്ങള്‍ ഏതെങ്കിലും പ്രധാന ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ അവരറിയാതെ, തുന്നല്‍ അഴിഞ്ഞു പോയതോ ബട്ടന്‍ വിട്ടു പോയതോ ആയ അവരുടെ ഉടുപ്പോടു കൂടിയുള്ള ചിത്രം ഒരു മുഴു പേജ് നിറയെയും ഇന്‍സെറ്റില്‍ ബട്ടന്‍ പോയ അല്ലെങ്കില്‍ തുന്നല്‍ വിട്ട ഭാഗങ്ങള്‍ മാത്രമായും ഉണ്ടാകണം; മറ്റൊരു സെലിബ്രിറ്റി ലേഡി ഡയറ്റ് ചെയ്ത് ക്ഷീണിച്ചതു പ്രമാണിച്ച് വെളിയില്‍ കാണാറായ അവരുടെ ഒരു നാഡിയോ ഞരമ്പോ തെളിഞ്ഞ അവയവം [അവര്‍ നടന്നു പോകുമ്പോള്‍ അറിയാതെ കാമറ കണ്ണുകള്‍ ഒപ്പിയത്] ഇന്‍സെറ്റിലും അവര്‍ മുഴുവനായി ഒരു പേജിലും ഉണ്ടാകണം [ചിലരുടെ, വിയര്‍പ്പില്‍ നനഞ്ഞ under arm ന്റെ ചിത്രത്തിനു വരെ നല്ല സ്കോപ്പ് ആ‍ണ്], ഏതെകിലും സെലിബ്രിറ്റി ഭാര്യാഭര്‍താക്കന്മാര്‍ ന്നടന്നു പോകുമ്പോള്‍ അവര്‍ കൈ കോര്‍ത്തു പിടിച്ചിട്ടില്ലാ എന്നും ഇടക്കിടെ എതിര്‍ ദിശകളിലേക്കു നോക്കിയാണ് നടക്കുന്നത് എന്ന്നുമൊക്കെ തെളിയിക്കുന്ന ചിത്രങ്ങള്‍ കൊടുത്തിട്ട്, ഇവരുടെ ദാമ്പത്യത്തിലും വിള്ളലോ എന്നൊക്കെ സന്ദേഹിക്കണം; ‘നൂല്‍ ബന്ധം എന്നാല്‍ എന്ത്’ എന്നു സംശയിക്കുന്ന ഒരു സുന്ദരിയുടെ ഒരു മുഴുപേജ് വരുന്ന ഒരു ചിത്രത്തിന്റെ മൂലയില്‍ പ്രാധാന്യമുള്ള ഒരു ന്യൂസ് കൊടുത്തിട്ട്, അതു വായിക്കുന്ന ഇംഗ്ലീഷ്‌കാര്‍ ഉള്‍പ്പെടെയുള്ള പുരുഷന്മാര്‍, അപ്രതീക്ഷിതമായി കടന്നു വരുന്ന സ്ത്രീജനങ്ങളുടെ മുന്നില്‍ ചൂളിയിട്ട്, i was not looking on that എന്ന് അവര്‍ പറയുമാറാകണം. ദേശീയ, അന്തര്‍‌ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളോ? അതു വായനക്കാര്‍ മിനക്കെട്ട് അകത്തെ ഏതെങ്കിലും പേജുകളില്‍ നിന്ന് കണ്ടു പിടിക്കട്ടെ. ചുരുക്കത്തില്‍ നാം ‘അകത്തൊളിപ്പിക്കുന്ന’ പലതും പുറത്ത്, പറ്റിയാല്‍ ഒന്നാം പേജില്‍ തന്നെ ഉണ്ടാകണം

ഭാരതമെന്ന പേര്‍ കേട്ടാല്‍...സത്യമായിട്ടും അഭിമാനപൂരിതമാകാറുണ്ട് ഇവിടത്തെ പത്രങ്ങളുടെ ‘നിലവാരം’ കാണുമ്പോള്‍. ആ നിലവാരത്തിലേക്ക് ഉയര്‍ന്നോ എന്റെ ഈ പോ‍സ്റ്റ്?!! ഞാന്‍ വരികള്‍ക്കിടയിലൂടെ ഒന്നു കൂടി വായിച്ചു നോക്കട്ടെ
[ശ്ശൊ. പറഞ്ഞു പറഞ്ഞു പിന്നേം ഒന്നര ആയി]


മുസാഫിര്‍...:)

25 May 2008 16:06 Gopan (ഗോപന്‍) said...
ലക്ഷ്മി..

ശ്ശോ..നാണക്കേടായി.. :-)

ഒരു മലയാള പത്രം യുകെയില്‍ തുടങ്ങാനുള്ള സകല യോഗ്യതയും ലക്ഷ്മിക്ക് ഉണ്ട് എന്ന്
ഈ മറുപടിയില്‍ നിന്നു വളരെ വ്യക്തം.. :)

ഇനി അങ്ങിനെ വല്ല പരിപാടിയും ഉണ്ടോ..?

ലണ്ടന്‍ ഫ്രീബീസ്, സണ്‍, ഡെയിലി മിറര്‍ എന്നിവയാണ് ലക്ഷ്മി പറഞ്ഞ ലൈനില്‍ ഉള്ള പത്രങ്ങള്‍. ഇവിടെയുള്ള സഹൃദയര്‍ എല്ലാം ആഘോഷിക്കുന്ന തരക്കാരാണ് ..സ്വന്തം മാനം വിറ്റിട്ടാണേങ്കിലും അവരതു നടത്തും. അപ്പോള്‍ പത്രങ്ങളും ഈ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അനുകരിക്കെണ്ടേ.. പക്ഷെ വളരെ നല്ല പത്രങ്ങളും ഇല്ലാതില്ല. ടെലിഗ്രാഫ്, ലണ്ടന്‍ ടൈംസ്, ഗാര്‍ഡ്യന്‍ എന്നിവ.

പക്ഷെ ഈയെഴുതിയതൊന്നും വിചാരിച്ചല്ല ആ കമന്റ് ഞാന്‍ എഴുതിയത്. പല വസ്തുതകളും കൂടെ ഒന്നിച്ചു എഴുതിക്കണ്ടപ്പോള്‍ ഒരു ചെറിയ പത്രം പോലെ തോന്നി. :)

26 May 2008 00:14 lakshmy said...
ഹ ഹ. ഗോപന്റെ നിര്‍ദ്ദോഷകരമായ teasings എല്ലാം ഇഷ്ടമായി. ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ ഒരു ദിവസത്തെ വിശേഷങ്ങള്‍ തന്നെയാണ്. പക്ഷെ അതില്‍ മറ്റുള്ളവര്‍ക്ക് വലിയ താല്‍പ്പര്യം തോന്നാവുന്ന എന്തെങ്കിലും ഉണ്ടെന്നു കരുതിയിട്ടല്ല പോസ്റ്റിയത്. ബ്ലോഗില്‍ ഈയിടെ മാത്രം പിച്ച വച്ചു നടന്നു തുടങ്ങിയിട്ടേ ഉള്ളു ഞാന്‍. എന്നിട്ടും സ്വന്തമായ ചില views പറഞ്ഞതിലൂടെ പെട്ടെന്നു തന്നെ ഒരു ‘തന്റേടി’യുടെ ഔട്ട് ലുക്കോ ഒരു റഫ് ഇമേജോ കിട്ടിപ്പോയോ എന്നൊരു വിഷമം. അതിലുമുപരി അറിയാതെയെങ്കിലും ആരെയെങ്കിലുമൊക്കെ hurt ചെയ്തോ എന്നൊരു സങ്കടം.എന്റെ വെറും തോന്നലുകളാവാം. എങ്കിലും കൂട്ടുകാര്‍ക്കിടയില്‍ ‘റ്റ്യൂബ് ലൈറ്റ്’ എന്നും ‘സന്തോഷമുള്ളപ്പോള്‍ വീര്‍ത്ത പഞ്ഞി കെട്ടു പോലെയും സങ്കടം വരുമ്പോള്‍ നനഞ്ഞു ഛുരുങ്ങിയ പഞ്ഞി പോലേയും’ എന്നുമൊക്കെ വിശേഷണങ്ങളുള്ള എന്റെയുള്ളിലെ യാദാര്‍ഥ 'silly me' യെ ഒന്നു പരിചയപ്പെടുത്തണമെന്നു തോന്നി. അതിനു എന്റെ ഒരൊറ്റ ദിവസത്തെ വിശേഷങ്ങളുടെ സത്യസന്ധമായ ഒരു വിവരണം മതിയാകൂം. പക്ഷെ അതും ചീറ്റി പോയോ ഭഗവാനേ

...പക്ഷെ ഗോപന്‍ പറഞ്ഞ പോലെ ടെലിഗ്രാഫ്, ലണ്ടന്‍ റ്റൈംസ് തൂടങ്ങിയ ചില exceptions ഉണ്ടെകിലും, mention ചെയ്യപ്പെട്ട മറ്റു പല ന്യൂസ് പേപ്പറുകളും നല്ല സര്‍കുലേഷന്‍ ഉള്ളവയല്ലേ. അവയുടെ നിലവാരമാണ് ഞാന്‍ പറഞ്ഞത്. സര്‍കുലേഷന്‍ ഉണ്ടാക്കുന്നത് വായനക്കാരാണെങ്കിലും ചിലവ എത്രയോ സില്ലി ആണെന്ന് തോന്നാറുണ്ട്.

[ദേ ഞാന്‍ പിന്നേം തുടങ്ങി. ശ്ശോ...] ഇത്രയും പറഞ്ഞു കൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു :)

26 May 2008 16:33

ഫസല്‍ said...
എഴുത്ത് തുടങ്ങിയാല്‍ ലക്ഷ്മിക്ക് നിറുത്താന്‍ കഴിയാത്തതു പോലെ..
കമന്‍റൈനു റിപ്ലേ പോലും അപ്രകാരം തന്നെ, എന്നാലും അല്‍പമെങ്കിലും സംഗ്രഹിച്ചിരുന്നെങ്കില്‍ നന്നായിരുന്നേന്‍ എന്നു തോന്നുന്നു. ആസ്വദിച്ച് വായിച്ചു. തുടര്‍ന്നും എഴുതാന്‍ ആശംസകള്‍

26 May 2008 20:17 lakshmy said...
thanks fasal. ഇങ്ങിനെ ഒരു പോസ്റ്റ് ഇടണമെന്ന് ഒരിക്കലും വിചാരിച്ചതല്ല. പെട്ടെന്നുള്ള ഒരു തോന്നലില്‍ ഒരു തയ്യാറെടുപ്പും ഇല്ലാതെ ചെയ്തതാണ്. അതിന്റെ കാരണം ഞാന്‍ അതിനു മുന്‍പുള്ള റിപ്ലൈ യില്‍ പറഞ്ഞിട്ടുണ്ട്

പിന്നെ താല്‍പര്യമുള്ള വിഷയങ്ങളില്‍ ഞാനല്‍പ്പം വാചാലയാണ്

26 May 2008 20:36 ദാസ്‌ said...
ഒരു ഖണ്ഡികയില്‍ നിന്നും ഒരു വരിയിലേക്ക്‌.. പിന്നെ ഒരു വാക്കിലേക്ക്‌.. അവസാനം ഒരക്ഷരത്തിലേക്ക്‌... കവിതയെഴുതുന്നവര്‍ക്ക്‌ ഇതസാദ്ധ്യമല്ല. ധാരാളം എഴുതുക. വായിച്ചു കുറുക്കുക... നല്ല ഭാഷ കലര്‍പ്പില്ലാതെ സൂക്ഷിക്കുക..

27 May 2008 10:00 നന്ദകുമാര്‍ said...
ഒരു ഡയറിക്കുറിപ്പ് വായിച്ചപോലെ.. (അന്യരുടെ ഡയറി വായിക്കമ്പാടില്യ..ന്നാലും) കരിങ്കല്ല് പറഞ്ഞ നിര്‍ദ്ദേശം എനിക്കും പറയാനുണ്ട്.
പിന്നെ ആദ്യകമന്റില്‍ പറഞ്ഞതില്‍: ‘അകത്താര്’ എന്ന കാളിയുടെ ചോദ്യത്തിന് കിട്ടിയത് മറുചോദ്യമായിരുന്നു’പുറത്താര്’ അപ്പോള്‍ ദേവി ‘പുറത്തു കാളി’ദെന്‍ ‘അകത്തു ദാസന്‍’ എന്നു മറുപടി. അങ്ങിനെ കാളിദാസനായി.

27 May 2008 15:22

lakshmy said...

ദാസ്, നന്ദകുമാര്‍ ..ഉള്‍പ്പെടെയുള്ള എല്ലാവരുടേയും നിര്‍ദ്ദേശങ്ങള്‍ ശിരസ്സാ വഹിക്കുന്നു. ഇത്ര പരത്തിയെഴുതിയിട്ടും ഇതു വായിക്കാന്‍ ക്ഷമ കാണിച്ച എല്ലാവര്‍ക്കും ഒരുപാടു നന്ദി

നന്ദകുമാറിന്റെ തിരുത്തലിനു നന്ദി കെട്ടോ

Raji Chandrasekhar said...

അഞ്ചടി പൊക്കവും ആറടി വീതിയും ചുറ്റളവെത്രയെന്ന് വിക്കി പോലും അളന്ന് തിട്ടപ്പെടുത്തിയിട്ടില്ലാത്തതും, പുറകില്‍ നിന്ന് നോക്കിയാല്‍ ഒരു കഥകളിക്കാരിയെ നേഴ്സ് വേഷം ഇടീച്ചതായും തോന്നിപ്പിക്കുന്ന....

കവിതയോ ഗദ്യമോ... കൂടുഅല്‍ നന്ന്

Raji Chandrasekhar said...

"ബ്ലോഗില്‍ ഈയിടെ മാത്രം പിച്ച വച്ചു നടന്നു തുടങ്ങിയിട്ടേ ഉള്ളു ഞാന്‍. എന്നിട്ടും സ്വന്തമായ ചില views പറഞ്ഞതിലൂടെ പെട്ടെന്നു തന്നെ ഒരു ‘തന്റേടി’യുടെ ഔട്ട് ലുക്കോ ഒരു റഫ് ഇമേജോ കിട്ടിപ്പോയോ എന്നൊരു വിഷമം. അതിലുമുപരി അറിയാതെയെങ്കിലും ആരെയെങ്കിലുമൊക്കെ hurt ചെയ്തോ എന്നൊരു സങ്കടം." ഇങ്ങനെ എന്തൊക്കെ ആഗ്രഹിച്ചാലും കുഴപ്പമില്ല, ഓരിക്കലും ആ ഗംഗാപ്രവാഹത്തിന് തടയിടണ്ട.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എവിടെയൊക്കെയോ വായിക്കാൻ ഇത്തിരി രസമുണ്ട് എന്നാലും ഇതാ അവസാനം പറഞ്ഞ സ്റ്റോർ മാതിരിയായിപ്പോയി. എല്ല്ലാം കുത്തിനിറച്ചിരിക്കുന്നു.

ഓടോ: കോപ്പിപേസ്റ്റ് ചെയ്യുന്നതിനു മുൻപേ എഡിറ്റർ ‘എഡിറ്റ് എച്ടി‌എം‌എൽ ‘മോഡിൽ ആക്കിയാൽ പാരഗ്രാഫ് കളഞ്ഞ് പോവൂല. (പണ്ടെനിക്കും പറ്റീതാ)

lakshmy said...

രെജി സാ‍ര്‍...നന്ദി

ചാത്തന്‍...’ചില്ലു മേടയിലിരുന്നെന്നെ...കല്ലെറിയല്ലേ...’
ആ സ്റ്റോറില്‍ കേട്ട പാട്ടാ. അപ്പൊ സ്റ്റോറില്‍ നിന്ന് എന്താ വേണ്ടതെന്ന്? [എന്തു ഇഷ്ടപ്പെട്ടാലും വാങ്ങാം. ഇനിയിപ്പൊ ഒന്നും ഇഷ്ടപ്പെട്ടില്ലെങ്കിലും സ്റ്റോര്‍ സന്ദര്‍ശനം ഫ്രീ]

ആ ഓടോയ്ക്ക് ഒരുപാട് താങ്ക്സ്