Thursday, 22 May 2008

ഒരു പിടി ചോറ്

ദൈവം മനുഷ്യരെ പരീക്ഷിക്കുന്നത് ഭിക്ഷക്കാരുടേയും അവശത അനുഭവിക്കുന്നവരുടേയും രൂപത്തിലായിരിക്കുമെന്ന്, അമ്മാമ്മ [അച്ചാമ്മ] ഞങ്ങള്‍ കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ പറഞ്ഞു തരുമായിരുന്നു. ഭിക്ഷക്കായി വരുന്നവര്‍ക്ക്, കയ്യില്‍ കാശൊന്നുമില്ലെങ്കില്‍ ഒരുപിടി അരിയെങ്കിലും കൊടുത്തുവിടുമായിരുന്നു അമ്മാ‍മ്മ. അച്ചാമ്മയേയും അമ്മാമ്മയേയും ‘അമ്മാമ്മ’ എന്നു തന്നെയാണ് ഞങ്ങള്‍ ചെറുപ്പത്തിലേ മുതല്‍വിളിച്ചിരുന്നത്. വിളിക്കുമ്പോള്‍ തിരിച്ചറിയാന്‍ രണ്ടുപേരേയും അവരവരുടെ സ്ഥലപ്പേര്‍ മുന്‍പില്‍ചേര്‍ത്തു വിളിക്കുമായിരുന്നു ആ‍ദ്യമൊക്കെ. അമ്മാമ്മ ഞങ്ങളുടെ മാത്രം അമ്മാമ്മയായിരുന്നില്ല,അയല്‍ക്കാരുടേയും പരിചയക്കാരുടേയും എല്ലാം അമ്മാമ്മ ആയിരുന്നു.മക്കള്‍ വളരേ ചെറുതായിരുന്നപ്പോഴേ വിധവയായതായിരുന്നു അമ്മാമ്മ. പിന്നീട് സ്വന്തം വീ‍ട്ടിലെത്തി ഇളയ ആങ്ങളയുടെ തണലില്‍ ജീവിച്ച്, പിന്നീടൊരു വിവാഹത്തിന് എല്ലാവരും നിര്‍ബന്ധിച്ചിട്ടുംതയ്യാറാകാതെ ‘എന്റെ കുഞ്ഞുങ്ങളെ കണ്ടവനെ കൊണ്ട് ചീത്ത കേള്‍പ്പിക്കാന്‍ വയ്യ’ എന്നു പറഞ്ഞ് അവര്‍ക്കായി അദ്ധ്വാനിച്ച്, അവര്‍ക്കായി ജീവിതം മാറ്റി വച്ചു അമ്മാമ്മ. പിന്നീട് മകളെ വിവാഹംകഴിച്ചയച്ച്, മകനും ജോലി ആയി, അവന്റെ കുഞ്ഞുങ്ങളുടെ മുഖങ്ങളും കണ്ട ശേഷം, സ്വന്തം മണ്ണില്‍കിടന്നേ മരിക്കൂ എന്ന ശപഥം അമ്മാമ്മ മറന്നു പോയി. അച്ഛനുമമ്മയ്ക്കും സ്ഥലം മാറ്റം കിട്ടുന്നതനുസരിച്ച് കുടുംബവും നീങ്ങുമ്പോള്‍, അമ്മാമ്മ ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു.സത്യത്തില്‍ അമ്മാമ്മ എന്ന അച്ചുതണ്ടില്‍ കറങ്ങുന്ന ചക്രത്തിന്റെ ഭാഗങ്ങള്‍ മാത്രമായി തീര്‍ന്നിരുന്നു, ഒരു കാലത്ത് ഞങ്ങളെല്ലാം. അമ്മയുടെ അമ്മയുടെ ചരിത്രവും വിഭിന്നമായിരുന്നില്ല. അമ്മാമ്മയുടെ [അമ്മയുടെ അമ്മ]ഏറ്റവുംഇളയ മകളായ എന്റെ അമ്മയ്ക്കു മുന്‍പ്, തന്റെ അഞ്ചു മക്കളേയും, അമ്മ പിറന്ന് അധികമാകുന്നതിന്മുന്‍പ് ഭര്‍ത്താവിനേയും നഷ്ടപ്പെട്ടിരുന്ന അമ്മയുടെ അമ്മയ്ക്ക്, അവരെല്ലാം ഉറങ്ങുന്ന മണ്ണു വിട്ടു മാറിനില്‍ക്കാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായി നേരിട്ട ദുരന്തങ്ങളുടെയും ഒറ്റപ്പെട്ടു പോയജീവിതത്തിന്റേയും കയ്പ്പുകളിറക്കി എന്നും സമൂഹത്തില്‍ നിന്നു പുറം തിരിഞ്ഞ്, ഏകാന്തതയിലിരുന്ന് മുറുക്കാന്‍ ചവച്ച് , ഭാവങ്ങള്‍ അധികമില്ലാത്ത ചില നിശ്ചലഛായാചിത്രങ്ങള്‍ മാത്രം എല്ല്ലാവരുടെയുംമനസ്സില്‍ അവശേഷിപ്പിച്ചിരുന്ന അമ്മയുടെ അമ്മയേക്കാള്‍, അമ്മയുടെ നാട്ടുകാര്‍ മനസ്സില്‍ചേര്‍ത്തത്, എപ്പോഴും ചിരിച്ച്, പഴം കഥകള്‍ പറഞ്ഞ്, പാട്ടുകള്‍ പാടി വയസ്സിനു തോല്‍പ്പിക്കാനാവാത്ത പ്രസരിപ്പോടെ നടന്നിരുന്ന അച്ഛന്റെ അമ്മയെ ആണ്. അമ്മയുടെ സ്ഥലത്ത് ഞങ്ങള്‍ സ്ഥിരതാമസമാക്കിയതിനു ശേഷം ആ സ്ഥലത്തോട് അമ്മാമ്മയും, തിരിച്ച് ആ നാട്ടുകാര്‍ അമ്മാമ്മയോടും അത്രയധികം ഇണങ്ങിച്ചേര്‍ന്നിരുന്നു.രാമായണമഹാഭാരതകഥകളുള്‍പ്പെടെ ഒരുപാട് പഴംകഥകളും പാട്ടുകളും എല്ലാം പറഞ്ഞുതരുമായിരുന്നു,അമ്മാമ്മ. അവയില്‍ പലതിലും ദാരിദ്ര്യവും ദൈവസ്നേഹവുമെല്ലാംവിഷയങ്ങളായിരുന്നു. ഇത് പിന്നീട് ഞങ്ങളുടെ വളര്‍ച്ചയില്‍, അവശതയനുഭവിക്കുന്നവരോട് കാണിക്കുന്ന വെറും ഒരു ദയാവായ്പ്പിനപ്പുറം അവരുടെ പ്രശ്നങ്ങളിലേക്ക് മനസ്സു കൊണ്ട് ഇറങ്ങിച്ചെല്ലാന്‍ ഞങ്ങളെ പാകപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നു. ഞങ്ങളാരേക്കാള്‍ അതിന്റെമൂര്‍ദ്ധഭാവം എന്റെ ജേഷ്ഠനിലായിരുന്നു. ചേട്ടന്റെ, മാസാവസാനം കാലിയായി പോകുന്ന പോക്കറ്റിനെകുറിച്ച് ‘സ്വന്തം കാര്യത്തിനെങ്കിലും ബാക്കിയെന്തെങ്കിലും അവന്‍ കാണണ്ടേ’ എന്ന് അമ്മ വേവലാതിപ്പെടുമ്പോള്‍, വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങളും മാസത്തില്‍ ഒരിക്കല്‍ മാത്രം നിറയുന്ന പേഴ്സിന്റെ വലിപ്പവും തമ്മില്‍ ഒത്തുപോകുന്നതിനുള്ള കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കുമിടയില്‍ചേട്ടന്റെയത്രയും നിസ്വാര്‍ത്ഥരാവാന്‍ സാധിക്കാത്തത്, ഞങ്ങളുടെ ഒരു ന്യൂനതയല്ലേയെന്ന് ഞാന്‍സ്വയം കുറ്റപ്പെടുത്താറാണ് പതിവ്. ദൈവസാന്നിധ്യം മനസ്സിനെ തൊടുന്ന നന്മയുടെ ഇത്തരംകണക്കുകളൊന്നും കൂട്ടിവച്ചിട്ടില്ലെകിലും വര്‍ഷങ്ങള്‍ക്കു മുന്‍പ്, എരിഞ്ഞു തീരാറായ ഒരു പ്രാണന്റെപൊരിയുന്ന വയറിന് ഒരുപിടി ചോറു കൊടുക്കാന്‍ കഴിയാതിരുന്നതിന്റെ കുറ്റബോധം ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ശയ്യാവലംബിയാകും വരെ അമ്മാമ്മയെ കുത്തി നോവിച്ചിരുന്നു. ആ ഓര്‍മ്മകള്‍ ഇന്നും വേട്ടയാടുന്ന ഞങ്ങളേയും.

കുറച്ചു വീടുകള്‍ക്ക് അപ്പുറം താമസിച്ചിരുന്ന ഒരു മീന്‍‌കച്ചവടക്കാരനായിരുന്നു ഗോപാലന്‍‌ചേട്ടന്‍. മീന്‍കച്ചവടമില്ലാത്തപ്പോള്‍ എന്തു കൂലിപ്പണിക്കും പോകുമായിരുന്നു.. അമ്മാമ്മയോട് വളരേഇഷ്ടമുണ്ടായിരുന്ന നാട്ടുകാരിലൊരാളും അമ്മാമ്മയുടെ ‘സ്ഥിരം പറ്റുപടി’ മീന്‍‌കാരനുമായിരുന്നു ഇദ്ദേഹം. തലയില്‍ വളച്ചു ചുറ്റിവച്ച ഒരു തോര്‍ത്തിനു മുകളില്‍ അലൂമിനിയത്തിന്റെ വലിയ മീന്‍‌ചരുവം വച്ച് ഒരു പ്രത്യേകകൂവി വിളിയോ‍ടെ വരുന്ന ഗോപാലന്‍‌ചേട്ടന്റെ കൂക്ക് ദൂരെ നിന്നു കേള്‍ക്കുമ്പോള്‍ തന്നെ അമ്മാമ്മ ചട്ടിയും കാശുമായി തയ്യാറായിരിക്കും. വീടിന്റെ മുന്നിലുള്ള, അക്കാലത്ത് ചെങ്കല്ലായിരുന്ന റോഡിന്റെ ഓരത്ത് മീന്‍ ചരുവം ഇറക്കി വച്ച്, അമ്മാമ്മയോട് കുശലം പറഞ്ഞ് മീനും തന്നിട്ട് പോകുമായിരുന്ന ഗോപാലന്‍‌ചേട്ടനെ പിന്നീട് പല വൈകുന്നേരങ്ങളിലും കാണുന്നത്, അല്‍പ്പം മിനുങ്ങി, മെല്ലെ വേച്ചു നടന്ന്, ചുണ്ടില്‍ വ്യക്തമല്ലാത്ത ഒരു നാടന്‍പാട്ടും കയ്യില്‍ എരിയുന്ന ബീഡിയുമായി പോകുന്നതാണ്. മിനുങ്ങുമെങ്കിലും ഗോപാലന്‍‌ചേട്ടന്‍ ആര്‍ക്കും ഒരു ഉപദ്രവവുമായിരുന്നില്ല. ഭാര്യയും രണ്ടു മക്കളുമായിരുന്നു ഗോപാലന്‍‌ചേട്ടനുണ്ടായിരുന്നത്. മൂത്ത മകളും കുടുംബവും അധികം അകലെയല്ലാതെ താമസിച്ചിരുന്നു. ചെറുപ്പത്തിലെ തന്നെ മദ്യത്തിന് വല്ലാതെ അടിപ്പെട്ടുപോയിരുന്ന ഇളയ മകന്റെ വഴിവിട്ട നടപ്പിന് ഗോപാലന്‍‌ചേട്ടന്‍ കണ്ട പരിഹാരം അവനെ കല്ല്യാണം കഴിപ്പിക്കുക എന്നതായിരുന്നു. എന്നാല്‍ പിന്നീട് കഞ്ചാവിനും കൂടി അടിപ്പെട്ട അയാളുടെ മര്‍ദ്ദനം താങ്ങാനാവാതെ ഭാര്യ കൈക്കുഞ്ഞുമായി ജീവരക്ഷാര്‍ത്ഥം സ്വന്തം വീട്ടിലേക്ക് പോയി. കഞ്ചാവിന്റെ ലഹരി മനുഷ്യനെ ആ പേരിനര്‍ഹനല്ലാതാക്കുമെന്ന് എന്നെ പഠിപ്പിച്ച ആദ്യ ഉദാഹരണമായിരുന്നു ഇയാള്‍. ഒരു പണിക്കും പോകാതെ കഞ്ചാവിന്റെ ലഹരിയില്‍ മുഴുവനായി അടിമപ്പെട്ട്, അതിനുള്ളപണം കണ്ടെത്താന്‍ വീട്ടുപകരണങ്ങളും പെറുക്കി വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍, അതിനെ എതിര്‍ത്ത ഗോപാലന്‍‌ചേട്ടനേയും ഭാര്യയേയും അയാള്‍ നിഷ്കരുണം മര്‍ദ്ദിച്ചു. പിന്നീട് ലഹരിയുടെ പുറത്ത് മാതാപിതാക്കളെ പുലഭ്യം പറയുന്നതിലും മര്‍ദ്ദിക്കുന്നതിലും അയാള്‍ മറ്റൊരു ലഹരി കണ്ടെത്തി.ഉപദ്രവം സഹിക്കാനാവാതെ ഗോപാല‌ചേട്ടന്റെ ഭാര്യ അടുത്തുള്ള മകളുടെ വിട്ടിലേക്ക് താമസം മാറ്റി.ഈ വിഷമഘട്ടത്തിലും, താന്‍ കൂടെ മകള്‍ക്കും, ഒരുപാടു വയറുകള്‍ക്ക് അഷ്ടിക്കുള്ള വക ഒറ്റക്കുകണ്ടെത്തേണ്ട മകളുടെ ഭര്‍ത്താവിനും ഒരു ഭാരമാകാന്‍ ഗോപാലന്‍‌ചേട്ടന്റെ അഭിമാനം സമ്മതിച്ചില്ലഎന്നു തോന്നുന്നു. മകന്റെ പുലഭ്യം കേട്ട്, അവന്റെ ഉപദ്രവങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നടന്ന്അയാള്‍ അവിടെ തന്നെ ജീവിച്ചു. പിന്നീട് ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാകണം, എന്റെമനസ്സിലെ ഗോപാലന്‍‌ചേട്ടന്റെ ചിത്രം ചുമച്ച്, പണിയൊന്നും ചെയ്യാനാവാത്തത്ര അവശതയില്‍ അസ്ഥിയും തോലും മാത്രമായി മാറിയത്. അപ്പോഴും സ്വന്തം വീട്ടില്‍ തന്നെയാണ് അദ്ദേഹംതാമസിച്ചിരുന്നത്. ആ വീടിന്റെ ഒന്നോ രണ്ടോ മുറികള്‍ മാത്രമാണ് അപ്പോള്‍ ബാക്കിയുണ്ടായിരുന്നത്. ബാക്കിയെല്ലാം മകന്‍ ഇടിച്ച് തകര്‍ത്തിരുന്നു. ഇപ്രകാരം മകന്‍ പിശാചിന്റെ രൂപം പ്രാപിക്കുന്നസമയങ്ങളില്‍ എതിര്‍ക്കാനോ അതു കണ്ടു നില്‍ക്കാനോ ആകാതെ, ഗോപാലന്‍‌ചേട്ടന്‍ ഇറങ്ങിഎങ്ങോട്ടെങ്കിലും നടന്നു കളയുമായിരുന്നു. ചിലപ്പോള്‍ അന്തിയുറക്കവും ഏതെങ്കിലും കടത്തിണ്ണകളിലാവും. മകന്‍ ഇല്ല എന്നുറപ്പു വരുത്തിയിട്ടേ വീട്ടിലേക്ക് ചെല്ലുമായിരുന്നുള്ളു. തീരെ പറ്റാതാകുമ്പോള്‍ വല്ലപ്പോഴും മകളുടെ അടുത്തു പോയി ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ മകള്‍ ഇങ്ങോട്ട് ഭക്ഷണം കൊണ്ട് വന്നു കൊടുക്കുകയോ ചെയ്യുമായിരുന്നു.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം ഉച്ച കഴിഞ്ഞ്, അച്ഛനുമമ്മയും ജോലിക്കു പോയിട്ട്, വീട്ടില്‍ ഞങ്ങള്‍ കുട്ടികളും അമ്മാമ്മമാരും മാത്രമുള്ള സമയത്ത്, ഗോപാലന്‍‌ചേട്ടന്‍ ഞങ്ങളുടെ വീട്ടുവാതില്‍ക്കല്‍ വന്നു. വരാന്തയില്‍ പോലും കയറാതെ മുറ്റത്തു തന്നെ കുന്തിച്ചിരുന്നിട്ട് ‘ചോറിരിപ്പൊണ്ടോ അമ്മാമ്മെ’ എന്നു ചോദിച്ചു. ചോറുണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെയെല്ലാം ഭക്ഷണം കഴിഞ്ഞ സമയമായതിനാല്‍ കറികളെല്ലാം തീര്‍ന്നു പോയിരുന്നു. അച്ചാര്‍ മാത്രം കൂട്ടി എങ്ങിനെയാ ഒരാള്‍ക്ക് ഊണ് കൊടുക്കുന്നതെന്നു തോന്നിയതിനാലാവാം ‘കറിയെല്ലാം തീര്‍ന്നു പോയല്ലോ ഗോപാലാ. ഒന്നിരുന്നാല്‍ ഞാനൊരു മുട്ടയെങ്കിലും വറുത്തെടുക്കാം’ എന്ന് അമ്മാമ്മ പറഞ്ഞത്. ‘ഓ.അല്ലേല്‍ വേണ്ട അമ്മാമ്മെ’ എന്നു പറഞ്ഞ് ഗോപാലന്‍‌ചേട്ടനെണീറ്റ് സാവകാശം നടന്നു പോയി. കറിയില്ലാഞ്ഞിട്ടാകുമോ, അല്ലെങ്കില്‍ മകളുടെ വീട്ടില്‍ ചെന്ന് കഴിക്കാനായിട്ടാകുമോ എന്നീ ആശങ്കകളെല്ല്ലാം അമ്മാമ്മയ്ക്കുണ്ടായിട്ടുണ്ടാകാം. ഒന്നും പറയാതെ അയാള്‍ പോകുന്നത് നോക്കി നില്‍ക്കുക മാത്രമാണ് അമ്മാമ്മ ചെയ്തത്. കൂടെ ഞങ്ങളും.പിറ്റെ ദിവസം രാവിലെ, ഗോപാലന്‍‌ചേട്ടന്‍ വീട്ടില്‍ വെറും തറയില്‍ മരിച്ചു കിടക്കുന്നു എന്ന വാര്‍ത്ത,കുട്ടികളുള്‍പ്പെടെയുള്ള എല്ലാവരുടേയും മനസ്സിന് വല്ലാത്തൊരാഘാതവും തന്നു കൊണ്ടാണ് ഞങ്ങളെ വിളിച്ചെഴുന്നേല്‍പ്പിച്ചത്. മരണത്തിനു തൊട്ടുമുന്‍പുള്ള ജീവന്റെ അവസാന എരിച്ചിലിനുംപിടച്ചിലിനുമിടയിലാണോ അദ്ദേഹം ഇവിടെ വന്ന് ഒരു പിടി ചോറു ചോദിച്ചത്? ആ എരിച്ചിലിനേയും മറികടന്ന്, ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടാവേണ്ടാ എന്ന് അദ്ദേഹത്തിന്റെ അഭിമാനം അദ്ദേഹത്തെവിലക്കിയിരിക്കുമോ? എന്തു കൊണ്ട് അദ്ദേഹം മകളുടെ അടുത്തേക്ക് പോയില്ല? അവിടെ വരെ നടന്നെത്താന്‍ കഴിയാത്തതിനാല്‍ വീട്ടിലെക്ക് പോ‍യതാണോ? ചെന്ന ഉടനെ അവിടെ വീണ് മരിച്ചോ അതോ രാത്രിയിലെപ്പോഴെങ്കിലുമോ? മരിക്കുന്നതിനു മുന്‍പ് ഒരു തുള്ളി വെള്ളം അദ്ദേഹംകുടിച്ചിട്ടുണ്ടാകുമോ? ആര്‍ക്കും ഉത്തരമറിയാത്ത ഈ ചോദ്യങ്ങള്‍ ഒരുപാടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഞങ്ങളുടെ മനസ്സിനെ മുറിച്ച് രക്തം കിനിയിപ്പിക്കുന്നു. അന്ന് ഒരുപിടി ഭക്ഷണം അദ്ദേഹത്തിന് കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇവയില്‍ പല ചോദ്യങ്ങളും ഞങ്ങളുടെ മാനസ്സില്‍ ഉദിക്കുകയേ ഇല്ലായിരുന്നു. ബാക്കി ചോദ്യങ്ങളെ കുറ്റബോധമില്ലാതെ ഞങ്ങള്‍ക്ക് മറക്കാനും കഴിയുമായിരുന്നു. ഇന്ന് എന്തൊക്കെ ചെയ്തു എന്ന് വന്നാലും ഈ കുറ്റബോധത്തിന് അതൊന്നും ഒരുപരിഹാരമാവാത്തതെന്തേ എന്ന് ഖേദപൂര്‍വം ഓര്‍ക്കുന്നു.

9 comments:

lakshmy said...

ഒരു പിടി ചോറ് ഗോപാലന്‍‌ചേട്ടന് കൊടുത്തിരുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ മരണവെപ്രാളത്തിന് എന്തെങ്കിലും കുറവുണ്ടാക്കുമായിരുന്നോ എന്ന ചോദ്യം ഞങ്ങളുടെ കുറ്റബോധത്തിനു മുന്നില്‍ അപ്രസക്തം. ഇപ്പോള്‍ ദൈവത്തിന്റെ അടുത്തുള്ള അമ്മാമ്മ, വീണ് മാപ്പിരന്നിട്ടുണ്ടാകാം. ദൈവം മാപ്പു കൊടുത്തിട്ടുണ്ടാകാം. പക്ഷെ ‘ചോറിരിപ്പുണ്ടോ അമ്മാമ്മേ’ എന്ന് ചോദിച്ച് മുറ്റത്തു കുന്തിച്ചിരിക്കുന്ന ഗോപാലന്‍‌ചേട്ടന്റെ ചിത്രം ഞങ്ങളുടെ മനസ്സില്‍ നിന്നും മായാത്തതേന്തേ?

[അഗ്രഗേറ്റര്‍ കണ്ടുപിടിക്കാഞ്ഞതിനാല്‍ ഇതൊരു റീപോസ്റ്റ് ആണ്. നേരത്തേ വായിച്ചവര്‍ ക്ഷമിക്കുമല്ലോ]

lakshmy said...

നിഗൂഢഭൂമി said...
chila neerangalil chila manushyar
varum. we wil b helples. that is their fate! enkilum kuttabhodham shows _nanma of mind (sory 4 my manglish)

kallapoocha said...

good work lakshmy!!!

G.manu said...

ഓര്‍മ്മകളുടെ തൂവലുകള്‍...
:)

lakshmy said...

കള്ളപൂച്ച, g.manu...ഒരുപാടു നന്ദി

ഫസല്‍ said...

നേരത്തെ വായിക്കാനായില്ല,
ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന എഴുത്ത്,
ആശംസകള്‍ ലക്ഷ്മി.............

rahim teekay said...

ഹൃദയഹാരിയായ അനുഭവം, വായിക്കുന്നവര്‍ക്കും....

നന്ദി ലക്ഷ്മീ,
ഇതെനിക്ക് ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്നു...
മുന്‍പേ യാത്രയായ എന്‍റെ ഉമ്മൂമ്മയെക്കുറിച്ചും...

Sapna Anu B.George said...

ലക്ഷ്മീ....ഇങ്ങനെ ഓര്‍മ്മകളുടെ ഭൂതകാലത്തു ജീവിക്കുന്നവര്‍, ഈ വേദനകളില്‍ നിന്നി ഒരിക്കലും മോചിതരാവില്ല....നല്ല വിവരണ ശൈലി. വീണ്ടും വരാം.......

വരവൂരാൻ said...

എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌