Friday, 9 May 2008

കിട്ടാതെ പോയ....

തൊണ്ണൂറുകളുടെ ആദ്യത്തിലേപ്പോഴോ ആണെന്നു തോന്നുന്നു, എന്റെ അമ്മ ഒരു സര്‍ക്കാര്‍ താലൂക്ക് ആസ്പത്രിയില്‍ നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന സമയം. ഒരു ദിവസം ഉച്ചയോടടുത്ത് ഒരു ശിപായി വന്ന്, ഹോസ്പിറ്റല്‍ സുപ്രണ്ട് അമ്മയോട് പെട്ടെന്ന് ഒന്ന് സൂപ്രണ്ടിന്റെ മുറിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടതായി അറിയിച്ചു. അമ്മ അവിടെ എത്തുമ്പോള്‍ അതേ ആസ്പത്രിയിലെ ജോലിക്കാരായ ഒരു നേഴ്സും ഒരു നേഴ്സിങ് അസിസ്റ്റന്റും സൂപ്രണ്ടിന്റെ മുറിയിലുണ്ടായിരുന്നു. സൂപ്രണ്ടിനെ കൂടാതെ മുറിയിലുണ്ടായിരുന്ന നാലാമനെ അമ്മക്ക് തീരെ പരിചയമില്ല. ഒരു നാല്‍പ്പതിനടുത്ത് വയസ്സ് തോന്നിക്കുന്ന, ചടച്ച, ലുങ്കിയും ഷര്‍ട്ടുമിട്ട ഒരു മനുഷ്യന്‍. ‘ദാ, നിങ്ങള്‍ പറഞ്ഞ പേരില്‍ ഈ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന മൂന്നാമത്തെ ആളും എത്തി. ഇതാണോ ആളെന്ന് നോക്ക്.’ പ്രശ്നമൊന്നുമില്ല എന്ന മട്ടില്‍ അമ്മയെ നോക്കി കണ്ണിറുക്കി ചിരിച്ചിട്ട് സൂ‍പ്രണ്ട് ആ മനുഷ്യനോട് ചോദിച്ചു. അമ്മയുടെ അതേ പേരുകാരായ മറ്റു രണ്ടു പേരുടെ മുഖങ്ങള്‍ അമ്മ അപ്പോഴാണ് ശ്രദ്ധിച്ചത്. അനാവശ്യമായി അലോസരപ്പെടുത്തിയതിന്റെ ഒരു ദേഷ്യഭാവം അവരുടെ മുഖത്തുണ്ടായിരുന്നു.‘ഇതല്ല. വേറൊരു .......സിസ്റ്ററാ’ അയാള്‍ പറഞ്ഞു‘എന്റെ അറിവില്‍ താന്‍ പറഞ്ഞ പേരില്‍ ഈ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന മൂന്നേ മൂന്നു പേര്‍ ഇവരാണ്. ഇനിയും തനിക്ക് ആളെ കണ്ടുപിടിക്കണമെങ്കില്‍ ഏതെങ്കിലും പോലീസ്‌സ്റ്റേഷനില്‍ ചെന്ന് പരാതിപറയ്’ എന്നു പറഞ്ഞിട്ട് സൂപ്രണ്ട് അയാളെ പറഞ്ഞു വിട്ടു.ജോലിക്കിടയില്‍ വിളിപ്പിക്കേണ്ടി വന്നതില്‍ ക്ഷമ പറഞ്ഞു കൊണ്ട് സൂപ്രണ്ടാണ് കാര്യങ്ങള്‍ ഈ മൂന്ന് ‘വിവാദ’ പേരുകാരോട് വെളിപ്പെടുത്തിയത്. മൂന്നു നാലു ദിവസങ്ങള്‍ക്കു മുന്‍പ്, അപ്പോള്‍ അവിടെ നിന്നിറങ്ങിപ്പോയ അയാള്‍, ആയിടെ പരിചയപ്പെട്ട ഒരു സ്ത്രീയുമായി ഒരു ഹോട്ടല്‍ മുറിയില്‍ അന്തിയുറങ്ങിയത്രേ. അവര്‍ അയാളോട് പറഞ്ഞത്, അവര്‍ അമ്മ ജോലി ചെയ്യുന്ന അതേ ആസ്പത്രിയില്‍ നേഴ്സ് ആണെന്നും അവരുടെ പേര്‍ ‘......’ ആണെന്നും. [അമ്മയുടെയും മറ്റ് രണ്ട് സ്റ്റാഫിന്റേയും പേര്‍ തന്നെ]. തന്റെ ‘ചാര്‍ജി’നു പുറമേ അഡ്വാന്‍സ് ആയി നല്ലൊരു സംഖ്യയും വാങ്ങി, അന്നു വൈകിട്ടും കാണാമെന്ന ഉറപ്പില്‍ ടി.കക്ഷി രാവിലെ സ്ഥലം വിട്ടു. അന്നു വൈകിട്ടോ അതിനടുത്ത ദിവസങ്ങളിലോ ഒന്നും പ്രത്യക്ഷപ്പെടാതായപ്പോഴാണ് തന്റെ കാശും അടിച്ചു മാറ്റി മേല്‍പ്പറഞ്ഞ ‘സിസ്റ്റര്‍’ മുങ്ങി എന്ന് ഇദ്ദേഹത്തിന് മനസ്സിലായത്. ആളെ കയ്യോടെ പിടിച്ച് കാശ് തിരികെ വാങ്ങാന്‍ പുറപ്പെട്ടതാണ് ഈ മാന്യന്‍. നല്ല തിരക്കുള്ള, സാമാന്യം വലിയ ആ ആസ്പത്രിയില്‍ ‘ആളെ’ അന്വേഷിച്ച് തേരാപാരാ നടന്ന ഈ മനുഷ്യന്‍ അവസാ‍നം സൂപ്രണ്ടിന്റെ മുറിയിലേക്ക് എത്തിക്കപ്പെടുകയായിരുന്നു. അന്ന് വൈകീട്ട് ഈ സംഭവം അമ്മ വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ ‘ഇവനെയൊക്കെ അടിച്ച് കയ്യും കാലും ഒടിക്കുകയാണ് വേണ്ടത്’എന്ന് പറഞ്ഞാണ് അച്‌ഛന്‍ പ്രതികരിച്ചത്. അമ്മയുടെ പേരുകാരായ, അമ്മയേക്കാള്‍ ചെറുപ്പക്കാരായ മറ്റ് രണ്ടു പേരുടെ ഭര്‍ത്താക്കന്മാരും ഏതാണ്ട് ഇതേ രീതിയിലാണ് പ്രതികരിച്ചത് എന്നറിയാന്‍ കഴിഞ്ഞു. പക്ഷെ എനിക്ക് ആ ‘മാന്യ’ന്റെ ‘സത്യസന്ധത’യില്‍ അല്‍പ്പം ആദരവാണ് തോന്നിയത്. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ നഷ്ടപ്പെട്ട കാശ് , എന്നൊരു പടുബുദ്ധി തോന്നിയിട്ട് അയാള്‍ അവരെ ആരെയെങ്കിലും ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍...പല പകല്‍മാന്യന്മാര്‍ക്കും മാന്യതയുടെ ആ ലേബല്‍ ഉള്ളിടത്തോളമുള്ള ബലം പിടുത്തമേ ഉള്ളു. ഒരിക്കല്‍ അത് നഷ്ടപ്പെട്ടാല്‍ പിന്നെ എത്രടം വരെ അധ:പ്പതിക്കുന്നതിനും അവര്‍ക്ക് ഒരു മടിയും കാണില്ല. അവിടന്നും താഴ്ന്ന്, മുഴുവന്‍ മുങ്ങിയാല്‍ കുളിരില്ല എന്ന അവസ്ഥയില്‍ ഒരു അന്തോം കുന്തോം ഇല്ലാതെ അടക്കുന്ന മേല്‍ പറഞ്ഞ പോലത്തെ ഒരു മാന്യദേഹത്തിന് , വേണമെങ്കില്‍ ‘എന്തും’ പറയാമായിരുന്നു.പ്രബുദ്ധരാണ് നമ്മള്‍ മലയാളികള്‍. 'Seeing is believing' എന്ന തത്വത്തില്‍ വിശ്വസിക്കുന്നവര്‍. ഭാവനാസമ്പന്നരാണ് പലരും. 'Behind the curtain' കാര്യങ്ങളെ കുറിച്ച് ഒരുപാട് ഭാവനാസൃഷ്ടികള്‍ ഉണ്ടാക്കാനും അറിയാം. അയാള്‍ മറിച്ചെന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അതില്‍ എന്തെങ്കിലും വാസ്തവമുണ്ടായ്ക്കൂടേ എന്നും തീയില്ല്ലാതെ പുകയുണ്ടാകുമോ എന്നും ഒരു ആവറേജ് മലയാളി ചിന്തിക്കും. വിശ്വാസത്തേയും അവിശ്വാസത്തേയും വേര്‍തിരിച്ചിരിക്കുന്നത് വളരേ നേര്‍ത്ത ഒരു സ്തരം കൊണ്ടാണ്
Posted by lakshmy at 10:44 21 comments

9 comments:

lakshmy said...

ഇത് ഒരു സാധൂകരണമല്ല. ഈയിടെ ബ്ലോഗില്‍ വന്ന ഒരു കഥയും പിന്നെ നേഴ്സ്യാവൃത്തി എന്ന പോസ്റ്റും അതിലെ കമന്റ്സും എല്ലാം എന്നെ ചില പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. അതിവിടെ കുറിക്കുന്നു

12 May 2008 12:15

Ranjith chemmad said...
ശരിയാണ്‌
അയാള്‍ മറിച്ചെന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍

കൊടകരപുരാണത്തിലെ
"ഇരുപതിനായിരം ഉറുപ്യ"
ഓറ്ത്തു......

12 May 2008 12:32

My......C..R..A..C..K........Words said...
paavam manushyam....!

12 May 2008 13:05

കാന്താരിക്കുട്ടി said...
വളരെ ശരിയാണു ലക്ഷ്മീ..ഞാനും ആദ്യം ചിന്തിച്ചതു അയാളുടെ കാലു തല്ലി ഒടിക്കണം എന്നാ..പിന്നെ ആലോചിച്ചപ്പോള്‍ മനസ്സിലായീ..അയാള്‍ അതിലൊരാളെ ചൂണ്ടി കാണിച്ചിരുന്നെങ്കിലോ ? സത്യം എന്താന്നു അന്വേഷിക്കാന്‍ ആരും താല്പര്യം കാണിക്കില്ലല്ലോ ..കാണുന്നതു വിശ്വസിക്കുക മാത്രമല്ലേ ചെയ്യൂ..പിന്നെ പൊതുവില്‍ നഴ്സുമാരെ വേറെ ഒരു കണ്ണ് കൊണ്ടാണ് പലരും കാണുന്നതു..എന്നോടു തനെ പലരും പറഞ്നിട്ടുണ്ട്...നഴ്സുമാരെ കെട്ടില്ലാ ന്ന്..ഏതു ഫീല്‍ഡിലും നല്ലവരും ചീത്ത്ത ആളുകളും ഉണ്ടല്ലോ..അതിവര്‍ക്ക് അറിയില്ല..

12 May 2008 13:18
Areekkodan | അരീക്കോടന്‍ said...
അയാള്‍ മറിച്ചെന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍
?????

12 May 2008 13:24

കാപ്പിലാന്‍ said...
ആ മനുഷ്യന്‍ ..ആരായിരുന്നു ? ഹോ ..ആരെയെങ്കിലും ചൂണ്ടി കാട്ടിയിരുന്നെങ്കിലോ ? ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല . അങ്ങനെയെനെയൊക്കെ ചിന്തിക്കുമ്പോള്‍ ഇടിഞ്ഞു വീഴാന്‍ ഉള്ളതെ ഉള്ളോ ? സ്ത്രീയുടെ മാനം ?
സ്ത്രീയുടെ മാനത്തിന് ആരാണ്‌ വിലയിടെണ്ടത് ? സ്വയമോ ? അതോ ഒരു അന്യ പുരുഷനോ ?
ഞാന്‍ ഇവിടെ ഇല്ല .അസുഖം ആയി കിടപ്പാണ് ? എന്നെ അടിക്കരുത് .

12 May 2008 14:27

lakshmy said...
രഞിത്ത്..കൊടകരപുരാണം ബ്ലോഗില്‍ നിറഞ്ഞോടുന്ന സമയത്ത് ഞാന്‍ ബ്ലോഗില്‍ ഇല്ല. എങ്കിലും അതിന്റെ ഏതോ ചില ഭാഗങ്ങള്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ അതൊരു പുഷ്തകമാക്കി എന്നറിഞ്ഞപ്പോള്‍ നാട്ടില്‍ ചെന്നിട്ട് വാങ്ങണം എന്നോര്‍ത്തിരിക്കുകയാ

crack words..ശരിക്കും

കാന്താരിക്കുട്ടി...പറഞ്ഞത് ശരിയാണ്. ഒരുപാട് പേരോട് അടുത്തിടപഴകേണ്ടി വരുന്ന ഒരു ജോലി ആയതു കൊണ്ടാവാം. എന്റെ ഒരു സുഹൃത്ത് നേഴ്സിങ്ങിന് ചേരാന്‍ തീരുമാനിച്ചപ്പോള്‍ അവളുടെ അച്ചമ്മ അവളുടെ അച്‌ഛനോട് പറഞ്ഞത്രേ, ഇതുങ്ങളെ കെട്ടാന്‍ ആരെങ്കിലും വരുമെന്ന് തോന്നണുണ്ടോ. ഇതിലും നല്ലത് നിനക്കവരെ തീവച്ചു കൊല്ലാന്‍ പാടില്ലേ എന്ന്. ഒരുപാടു വയസ്സായ ആ അച്ചമ്മയുടെ ചിന്താഗതിയില്‍ നിന്നും ഒരുപാടൊന്നും മാറിയിട്ടില്ല എന്നു തോന്നുന്നു, ഇപ്പോഴും നമ്മുടെ സമൂഹം

അരീക്കോടന്‍...ശ്ശോ ..എന്താകുമായിരുന്നു?!ബാക്കി ഞാന്‍ കാപ്പിത്സിനോട് പറയാം

കാപ്പിത്സ്...കാപ്പിത്സ് പോസ്റ്റുകള്‍ ബ്ലോഗില്‍ വന്ന ശേഷം ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്. കാപ്പിത്സിനെ ഇവിടെ കാണുന്നത് ആദ്യം കണ്ടതില്‍ ഒരുപാട് സന്തോഷം,
അപ്പൊ കാപ്പിത്സ് പറഞ്ഞു വന്നത് ‘ആ മനുഷ്യന്‍ ..ആരായിരുന്നു ?‘ അതാര്‍ക്കും അറിയില്ല. അതിന്റെ പിറകെ ആരും അന്വേഷിച്ച് പോയില്ല. അയാള്‍ ആരെയും അന്വേഷിച്ച് തിരിച്ച് വന്നതായും അറിയില്ല.‘

ഹോ ..ആരെയെങ്കിലും ചൂണ്ടി കാട്ടിയിരുന്നെങ്കിലോ ?‘എങ്കിലോ???
കാപ്പിത്സാണെകില്‍ എന്തു ചിന്തിക്കും? ഒരു സാധാരണ മലയാളി എന്തു ചിന്തിച്ചേക്കും. എന്റെ അമ്മയെ ആണ് അയാള്‍ ചൂണ്ടിക്കാണിക്കുന്നതെങ്കില്‍ ഞാ‍നോ എന്റെ കുടുംബമോ ഞങ്ങളെ അടുത്തറിയുന്നവരോ അത് വിശ്വസിക്കില്ല. പക്ഷെ അരു അപരിചിനില്‍ നിന്നു പോലും ‘ദാ..അന്നത്തെ കേസിലെ കക്ഷിയാണ് ഈ പോകുന്നത്, എന്ന്‍ കേള്‍ക്കാന്‍ ഞാനും എന്റെ അമ്മയും ഉള്‍പ്പെടെയുള്ള സ്ത്രീ സമൂഹം ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. തെറ്റായ ഒരു അപവാദമാണെങ്കില്‍ പോലും അത് തരുന്ന മാ‍നസീക സംഘര്‍ഷം ഒത്തിരി വലുതാണ്. സമൂഹത്തിന്റെ അംഗീകാരം ഒരു സാമൂഹ്യജീവിയായ മനുഷ്യന് വളരേ അത്യാവാശ്യവുമാണ് .
ഇവിടെ യു കെ യില്‍ ചില റ്റി വി പ്രോഗ്രാംസില്‍, അപഥസഞ്ചാരിണിയായ മകളുടെ കഥ അമ്മമാര്‍ വരെ പരസ്യമായി പറയുന്നത് കേട്ടിട്ടുണ്ട്. നമ്മുടെ സാമൂഹ്യകാഴ്ചപ്പാട് മറ്റൊന്നാണ്. ഒരു കുടുംബത്തിന്റെ മാന്യതക്കും കെട്ടുറപ്പിനും ആ കുടുംബത്തിലെ സ്ത്രീകള്‍ക്ക് ഒരു മുഖ്യസ്ഥാനം ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. തരികിടയായ അച്‌ഛന്റെ മക്കള്‍ തരികിടകളായി പോകാനുള്ള സാധ്യത വളരെ ഉണ്ട്.[എറിക് ഫ്രോമിന്റെ ‘ആര്‍ട്ട് ഓഫ് ലവ്’ എന്ന പൂസ്തകത്തിലെ അമ്മയുടേയും അച്‌ഛന്റേയും സ്നേഹത്തിന് കൊടുത്തിരിക്കുന്ന നിര്‍വചനങ്ങള്‍ ഓര്‍മ്മ വരുന്നു] പക്ഷെ അപഥ സഞ്ചാരിണിയായ ഒരു അമ്മയുടെ മകന്‍ തീരാത്ത ഡിപ്രഷനില്‍ അകപ്പെടാനുള്ള സാധ്യത വളരേ വളരേ അധികമാണ്. ‘ഇപ്പറയുന്ന ആളു തന്നെയാണോടാ നിന്റെ തന്ത’ എന്ന ഒരു ചോദ്യം ആ മകനും ‘തന്റെ കുട്ടികളുടെ തന്ത താന്‍ തന്നെയാണോടോ’ എന്ന ചോദ്യം അവരുടെ ഭര്‍ത്താവും എപ്പൊ വേണമെങ്കിലും സമൂഹത്തില്‍ നിന്ന് പ്രതീക്ഷിച്ചേക്കാം. ഇതു ഞാനല്‍പ്പം കാട് കയറി പറയുകയാണ്. പക്ഷെ അടിസ്ഥാനമില്ലാത്ത ഒരു തെറ്റിദ്ധാരണ എന്ന് അടുത്തറിയുന്നവര്‍ പോലും പറഞ്ഞേക്കാമെങ്കിലും അത് ഉണ്ടാക്കുന്ന മാനസീക സംഘര്‍ഷം അതില്‍ ഉള്‍പ്പെടുന്ന സ്ത്രീ മാത്രമല്ല അനുഭവിക്കുന്നത്. ആ ഒരു കുടുംബം മുഴുവനാണ്. കാപ്പിത്സ് ഉള്‍പ്പെടെയുള്ള പുരുഷസമൂഹം തലയുയര്‍ത്തിപ്പിടിച്ച് തലയില്‍ തൊപ്പീയും വച്ച് നടക്കുന്നത്, ഞാനുള്‍പ്പെടെയുള്ള സ്ത്രീകള്‍ ഉള്‍പ്പെടുന്ന നിങ്ങളുടെ അമ്മമാരുടെ, പെങ്ങന്മാരുടെ, ഭാര്യമാരുടെ, മക്കളുടെ സല്‍പ്പേര്‍ കൊണ്ട് കൂടിയല്ല എന്ന് കാപ്പിത്സിനു പറയാന്‍ കഴിയുമോ. ഇത്രേം പറയുമ്പോള്‍ ഞാന്‍ ഒരു ഫെമിന്‍സ്റ്റ് ആണെന്ന് ചിന്തിക്കല്ലേ. ഞാന്‍ ഒരു സാധാരണപെണ്ണാണെന്നു പറയാനും അങ്ങിനെ ആയിരിക്കാനും ആണ് എനിക്കിഷ്ടം. പുരുഷനില്‍ നിന്നും സംരക്ഷണവും സ്നേഹവുമെല്ലാം ആഗ്രഹിക്കുന്ന ഒരു സാധാരണപെണ്ണ്. എന്റെ ബ്രദേഴ്സില്‍ നിന്ന് എനിക്കത് ധാരാളമായി ലഭിക്കുന്നുമുണ്ട്. അതു കൊണ്ട് അവരുടെ മനസ്സിനെ ഒരു കുഞ്ഞു പോറലേല്‍പ്പിക്കാന്‍ പോലും അകാത്ത, അവരുടെ ഇഷ്ടങ്ങള്‍ക്ക് ഒരുപാടു വില കല്‍പ്പിക്കുന്ന ഒരു സാധാരണ പെണ്ണ്.

അപ്പൊ കാപ്പിത്സേ..ചോദിക്കാന്‍ മറന്നു. എന്താ അസുഖമാണെന്ന് പറഞ്ഞത്. കുറവുണ്ടോ?

12 May 2008 15:46

ഗുപ്തന്‍ said...
നല്ല കുറിപ്പ് ലക്ഷ്മീ. ശരിയായ നിരീക്ഷണവും. :)

12 May 2008 20:19


അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...
എവിടെയും പിഴ സ്ത്രിക്കാണല്ലോ.ഇല വന്ന്
മുള്ളെ വീണാലും മുള്ള് വന്ന് ഇലെ വീണാലും
കേട് ഇലക്ക്
ആ മനുഷ്യന്‍ അവരില്‍ ആരേലും ചൂണ്ടി കാണിച്ചാല്‍
ആ രംഗം ഓര്‍ക്കാനെ വയ്യ

12 May 2008 21:25


കാപ്പിലാന്‍ said...
മനുഷ്യര്‍ ,
അവരുടെ വായ മൂടികെട്ടാന്‍ നമുക്കാര്‍ക്കും സാധിക്കില്ല .പ്രതേകിച്ചും നമ്മുടെ കേരളത്തില്‍ .അപ്പുറത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നതില്‍ ആയിരിക്കും എപ്പോഴും കണ്ണ്.അവള്‍ എങ്ങനെ പോകുന്നു ? അല്ലെങ്കില്‍ മറ്റെന്തും .അത് അബദ്ധവശാല്‍ നമ്മള്‍ കേള്‍ക്കേണ്ടി കൂടി വന്നാല്‍ അത് മതി ?
അത് എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കും .സ്വന്തം കണ്ണിലെ കോല്‍ എടുക്കാന്‍ ആരും മിനക്കെടാറില്ല .അത് നമ്മുടെ എല്ലാവരുടെയും സ്വഭാവം ആയി പോയി .മാറ്റാന്‍ ഒക്കുമോ എന്നൊന്നും എനിക്കറിയില്ല .

പക്ഷേ ഞാന്‍ പറഞ്ഞത് .ഒരു സ്ത്രീ പിഴച്ചിട്ടില്ല എന്ന് സ്വന്തം മനസാക്ഷിക്ക് ബോധ്യം ഉള്ളടത്തോളം കാലം .അവള്‍ക്ക്‌ ഒന്നും സംഭവിക്കില്ല .ചങ്കുറപ്പോടെ ഈ വിളിച്ചു പറയുന്നവരോട് പറയണം,ഞാന്‍ അങ്ങനെ പോയിട്ടില്ല എന്ന് .

എനിക്ക് പ്രസംഗിക്കാന്‍ അറിയില്ല .ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ ഒരലക്ക് അലക്കിയേനെ . എന്ത് ചെയ്യാന്‍ ഞാന്‍ ഇങ്ങനെ ആയിപ്പോയി .

എന്‍റെ എല്ലാ പോസ്റ്റും വായിക്കുന്നു എന്നറിഞ്ഞതില്‍ കൂടുതല്‍ സന്തോഷിക്കുന്നു .

മറിയയുടെ കുമ്പസാരം അങ്ങനെ ഒരു കഥയാണ് .ആദ്യം പോസ്ടിയപ്പോള്‍ പിഴച്ചവള്‍ എന്ന് മുദ്ര കുത്തിയവര്‍.അവള്‍ പിഴച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ ആരും വന്നില്ല .ഞാന്‍ ആരാ മ്വോന്‍ ..ഇതൊക്കെ പെണ്ണുങ്ങളുടെ വായില്‍ നിന്ന് കേള്‍ക്കാന്‍ തന്നെയല്ലേ ആ കാച്ച് ഞാന്‍ കാച്ചിയെ :):)

എനിക്ക് പിന്നെയും എന്തോ വല്ലാതെ പോലെ .. ഞാന്‍ ഒന്ന് കിടക്കട്ടെ :):)

12 May 2008 21:29rathisukam said...
ഇതല്ല. വേറൊരു .......സിസ്റ്ററാ’ അയാള്‍ പറഞ്ഞു
‘എന്റെ അറിവില്‍ താന്‍ പറഞ്ഞ പേരില്‍ ഈ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന മൂന്നേ മൂന്നു പേര്‍ ഇവരാണ്. ഇനിയും തനിക്ക് ആളെ കണ്ടുപിടിക്കണമെങ്കില്‍ ഏതെങ്കിലും പോലീസ്‌സ്റ്റേഷനില്‍ ചെന്ന് പരാതിപറയ്’ എന്നു പറഞ്ഞിട്ട് സൂപ്രണ്ട് അയാളെ പറഞ്ഞു വിട്ടു.

13 May 2008 05:00


nunakathakal said...
അയാള്‍ക്ക്‌ കുഴപ്പമൊന്നുമില്ല കാരണം അയാള്‍ കൊടുത്തതിനുള്ളത്‌ അയാള്‍ക്ക്‌ കിട്ടി. പിന്നെ അയള്‍ നല്ലവനാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല കാരണം എതായാലും നാറി അത്‌ നാടുമുഴുവന്‍ അറിയണ്ട എന്ന്‌ അയാള്‍ തീരുമാനിച്ചിട്ടുണ്ടാകും..........................................മറുപടി പ്രതീക്ഷിക്കുന്നു?

13 May 2008 08:45


nunakathakal said...
അയാള്‍ക്ക്‌ കുഴപ്പമൊന്നുമില്ല കാരണം അയാള്‍ കൊടുത്തതിനുള്ളത്‌ അയാള്‍ക്ക്‌ കിട്ടി. പിന്നെ അയള്‍ നല്ലവനാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല കാരണം എതായാലും നാറി അത്‌ നാടുമുഴുവന്‍ അറിയണ്ട എന്ന്‌ അയാള്‍ തീരുമാനിച്ചിട്ടുണ്ടാകും..........................................മറുപടി പ്രതീക്ഷിക്കുന്നു?

13 May 2008 08:50

പ്രവീണ്‍ ചമ്പക്കര said...
വളരെ ശരിയാണ്...അയാള്‍ ഒരു മാന്യന്‍ തന്നെ..പിന്നെ കാന്താരികുട്ടി പറഞ്ഞതും ലക്ഷ്മി പറഞ്ഞ മറുപടിയൂം കണ്ടതുകൊണ്ട് അല്പം കൂടി പറയട്ടെ. എനിക്കു കല്യാണ ആലോചന നടക്കുന്ന സമയം. 1-2 നേഴ്സ് കുട്ടികളുടെ ആലോചന വന്നു. അതുകണ്ട എന്റ് സ്നേഹിതന്റെ ഉപദേശം. നേഴ്സു വേണ്ടടാ, കാരണം അവര്‍ക്കു പിഴക്കാന്‍ ഉള്ള അവസരം ക്കൂടുതലാ.. പിഴക്കാന്‍ ഉള്ളവര്‍ ഒരു ജോലിക്കൂം പോകണ്ട വീട്ടില്‍ ഇരുന്നാല്‍ അവസരം ഉണ്ടാകും എന്നു ഞാന്‍ അവനു മറുപടിയും നല്കി. അവന്‍ അതിനോട് യോജിച്ചില്ല. 4 വര്‍ഷം കഴിഞ്ഞു. 5 മാസം മുന്‍പ് അവന്‍ വിവാഹം കഴിച്ചു..ഒരു നേഴ്സിനെ.. അവന്റ് അഭിപ്രായം മാറിയോ എന്നു ചോദിക്കത്തക്ക ഒരു മൂടില്‍ ആയിരുന്നില്ല അന്നു ഞാന്‍. കല്യാണം കഴിഞ്ഞ സ്ഥിതിക്കു ചോദിക്കുന്നതു ശരി അല്ലല്ലോ.. പക്ഷേ ഈ പൊസ്റ്റിന്റെ ലിങ്ക് ഞാന്‍ അവനു അയക്കുനുണ്ട്....

13 May 2008 13:21lakshmy said...
ഗുപ്തര്‍ജീ...അഭിപ്രായം ഞാന്‍ ഒരു asset ആയി കണക്കാക്കുന്നു.

അനൂപ്...പറഞ്ഞത് ശരിയാണ്. സ്ത്രീ ഒരു കുടുംബത്തിന്റെ അടിസ്ഥാനശിലയാണ്. അതിന് സംഭവിക്കുന്ന ഒരു ചെറിയ ക്ഷതം പോലും കുടുംബത്തെ മൊത്തം ബാധിക്കാം. അത് കൊണ്ടാണ് ചെറിയ ക്ഷതങ്ങള്‍ പോലും ഹൈലൈറ്റ് ചെയ്യപ്പെടുന്നതും അത് ആ വ്യക്തിയേയും കുടുംബാംഗങ്ങളേയും ബാധിക്കും എന്നും ഞാന്‍ ചിന്തിക്കുന്നത്


കാപ്പിത്സ്....പറഞ്ഞത് ശരിയാണ്. നാം ultimately ബോധ്യപ്പെടുത്തേണ്ടത് നമ്മെ തന്നെയാണ്. ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്തിയാലും സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതും ചില charecter abormalities ഉണ്ടാക്കിയേക്കാം. പക്ഷെ സ്വന്തം മനസ്സാക്ഷിയെ മാത്രം ബോധ്യപ്പെടുത്തി, സമൂഹം എങ്ങിനെ വേണമെങ്കിലും ചിന്തിച്ചോട്ടേ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു പെണ്ണിനു [നമ്മുടെ സാമൂഹികചുറ്റുപാടുകളില്‍] കഴിയില്ല എന്നത് ഒരു സത്യം തന്നെയാണ്. ഒരു ആണിനു ചിലപ്പോള്‍ കഴിഞ്ഞേക്കാം. അതിനുള്ള കാരണവും ഞാന്‍ മേല്‍പ്പറഞ്ഞത് തന്നെയാണ്. പെണ്ണാണ് കുടുംബത്തിന്റെ അടിസ്ഥാശില എന്നത് കൊണ്ടാണ്. ഇതു പെണ്ണിന്റെ വമ്പു പറയുകയല്ല. അതാണ് സത്യം. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ് എന്ന് വരുന്നതും അതുകൊണ്ട് തന്നെ. സ്വയം ബോധ്യപ്പെടുത്തിയാല്‍ മാത്രം പോരാ, ചുറ്റുപാടുകളെ അത് ബോധ്യപ്പെടുത്തി ജീവിക്കേണ്ടത് ഒരാവശ്യമായി വരുന്നു

പിന്നെ മറിയയുടെ കുമ്പസാരത്തിനു മറുപടി ഇടുന്ന കാര്യം...അതിനിയൊന്നു ആലോചിക്കട്ടെ. കഥ മുഴുവാ‍നായെന്നു കാപ്പിത്സ് പറഞ്ഞിട്ടേ ഇനി മറുപടിയുള്ളു. ഒരു തെറ്റ് ഏത് പോലീസുകാരനും പറ്റും. [അവിടെ വന്ന് ഞാന്‍ വല്ല ആത്മഗതവും നടത്തി പോന്നാല്‍ അത് കമന്റില്‍ വരുന്നതല്ല എന്ന് ഓര്‍മ്മപ്പെടുത്തുന്നു]

രതിസുഖം....thank you for quating the lines

നുണകഥകള്‍...ഞാനത് മുഴുവനായും ഒരു പോസിറ്റീവ് സെന്‍സില്‍ പറഞ്ഞതല്ലെങ്കിലും കാശ് കിട്ടാന്‍ വേണ്ടി എന്തും ചെയ്യാതിരുന്നത് ഒരു നല്ല കാര്യമല്ലെ. പറഞ്ഞതു പോലെ ‘എതായാലും നാറി അത്‌ നാടുമുഴുവന്‍ അറിയണ്ട ‘ എന്ന് ചിന്തിക്കുന്ന ഒരാളാണെങ്കില്‍ അയാള്‍ ആ കാശ് തിരികെ വാങ്ങാന്‍ വേണ്ടി ഇക്കഥയും പറഞ്ഞ് അവിടെ വരുമായിരുന്നോ

പ്രവീണ്‍...എന്തായാലും പ്രവീണിന്റെ ഫ്രണ്ടിന്റെ അഭിപ്രായം മാറിയിട്ടുണ്ടാകും. അല്ലെങ്കില്‍ ആ ഫ്രണ്ടിനോട് ചോദിച്ചു നോക്കൂ :)

13 May 2008 21:32

പ്രിയ ഉണ്ണികൃഷ്ണന്‍ said...
ലക്ഷ്മീ, ഇതിപ്പഴാ കണ്ടെ.

അയാല്‍ മറിച്ചു പറഞ്ഞുവെങ്കില്‍ എന്നാലോചിച്ചപ്പോള്‍.... യ്യോ

14 May 2008 05:49


ചന്ദ്രകാന്തം said...
ലക്ഷ്മീ,
നല്ല ചിന്തകള്‍, വിലയിരുത്തലുകള്‍..
ആരോപിയ്ക്കപ്പെടുന്ന വാക്കുകളിലെ ശരിയും തെറ്റും ബോധ്യപ്പെടുത്തുക എന്നത്‌, എളുപ്പമല്ല.
"ഉള്ളി"യെപ്പോലെ ഇതളുകളടര്‍‌ത്തി കാട്ടാന്‍ വയ്യല്ലോ മനസ്സിനെ.

15 May 2008 09:38sree said...
ലക്ഷ്മി

കമ്മെന്റില്‍ പറഞ്ഞിട്ടുള്ള കഥയും പോസ്റ്റും വായിച്ചിട്ടില്ല. പക്ഷെ ഈ പോസ്റ്റിലെ വിഷയം വളരെ relevent ആണ്. ആണോ പെണ്ണോ ആവട്ടെ അവരുടെ സമൂഹനിലനില്‍പ്പ് മറ്റൊരാളുടെ വാക്കിലും നോക്കിലും ഒതുങ്ങുന്നു എന്നത് പലപ്പോഴും ശരിയാണ്. ഇന്നു വായിച്ച സമാനമായ ചോദ്യം ഉയര്‍ത്തുന്ന പോസ്റ്റാണ് സ്മിതാ ആദര്‍ശിന്റ്റെ ഈ പോസ്റ്റ് തൊണ്ണൂറുകളില്‍ ന്നിന്ന്‍ രണ്ടായിരത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഭീഷണികളുടെ ഛായ മാറുന്നു എന്നു മാത്രം.

15 May 2008 10:19

lakshmy said...
പ്രിയ, ചന്ദ്രകാന്തം & ശ്രീ...അഭിപ്രായങ്ങള്‍ക്ക് ഒരുപാടു നന്ദി. ഒരു പക്ഷെ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാവുക നമ്മള്‍ സ്ത്രീകള്‍ക്ക് തന്നെയാവും എന്നു തോന്നുന്നു.

ശ്രീ തന്ന സ്മിത ആദര്‍ശിന്റെ ആ ലിങ്കിനു ഒരുപാടു നന്ദി. ഇവിടെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ക്ക് ഉദാഹരിക്കാവുന്ന ഒരു case study പോലെ ആയി ആ ലിങ്ക്

15 May 2008 12:02


നിരക്ഷരന്‍ said...
ലക്ഷ്മീ..

ഗുപ്തന്റെ കമന്റിനടിയില്‍ അറിയാവുന്ന ഭാഷയിലൊക്കെ ഒപ്പ് വെക്കുന്നു.

“പക്ഷെ എനിക്ക് ആ ‘മാന്യ’ന്റെ ‘സത്യസന്ധത’യില്‍ അല്‍പ്പം ആദരവാണ് തോന്നിയത്.“

ലക്ഷി പറഞ്ഞത് വളരെ ശരിയാണ്.

മറ്റൊരു കാര്യം കൂടെ ശ്രദ്ധിച്ചോ ? അയാളൊരു പകല്‍ മാന്യനല്ല. പകല്‍ മാന്യനായിരുന്നെങ്കില്‍ ആ സ്ത്രീയെത്തേടി നേര്‍വഴിയിലൂടെ അയാള്‍ ആശുപതിയില്‍ വരുമായിരുന്നോ ? ഇല്ല.
ഒരു ബന്ധുവിനെത്തേടി വന്ന ലാഘവത്തോടെയാണ് അയാള്‍ അവിടെ വന്നത്. തന്റെ മുഖം ജനം തിരിച്ചറിയുമെന്ന വിഷമവും അയാള്‍ക്കില്ല. അത്തരം ഒരാളായതുകൊണ്ട് മാത്രമാണ് അയാള്‍ മറ്റ് സ്തീകളെ ആരെയും ചൂണ്ടിക്കാട്ടി വേറൊരു സീന്‍ ഉണ്ടാക്കാതിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
:)

15 May 2008 13:31

lakshmy said...

Shooting star - ഷിഹാബ് said...
ishttaayi tto. ezhuthiyavishayatheayum avatharippicha reethieyayum ezhuthukaariyutea pakshatheayum.

18 May 2008 02:23

jithan said...

നല്ല കുറിപ്പ്......ചില കാര്യങ്ങളില്‍ ഇപ്പോഴും പഴയ കാലത്താണ് പലരും....നന്നായി, ഇങനെയൊരു എഴുത്ത്.

ഭൂമിപുത്രി said...

ലക്ഷ്മി,വേറിട്ടൊരു നോട്ടമായിരുന്നു അതു.എതുവഴിപോക്കന്‍ വിചാരിച്ചാലും ഒരാളുടെ സ്വൈര്യജീവിതം കുറെയെങ്കിലുമൊക്കെ തകര്‍ക്കാമെന്നത് ആരുടെ തെറ്റാകും???

ഭൂമിപുത്രി said...

ലക്ഷ്മീ,ഒരു കാര്യം ചോദിയ്ക്കാനാണ്‍ പിന്നെയും വന്നതു?
ഈ സൂപ്രണ്ട് എന്നു പറയുന്ന മനുഷ്യന്‍ മറ്റെ ആളുടെ കഥ കേട്ടുകഴിഞ്ഞല്ലെ,സ്വന്തം സഹപ്രവറ്ത്തകരായ, അമ്മയേയും മറ്റ് രണ്ട്പേരെയും വിളിച്ച് ‘ഐഡെന്റിഫിക്കേഷന്‍ പരേഡി’ന്‍ നിറ്ത്തിക്കൊടുത്തതു?
അടി അയാള്‍ടെ കരണത്തല്ലേ വീഴേണ്ടിയിരുന്നതു?

lakshmy said...

ഭൂമിപുത്രി...ചോദ്യം ന്യായം. തന്നെ പറ്റിച്ചിട്ടു പോയ ആ ‘സിസ്റ്ററെ‘ അന്വേഷിച്ച് ഒരുപാട് തിരക്കുള്ള ആ ഹോസ്പിറ്റലില്‍ ആരോടൊക്കെയോ ചോദിച്ചു നടന്ന ആ മനുഷ്യനെ സ്റ്റാഫ് ആരും ചെവികൊടുത്തില്ലായെങ്കില്‍ പോലും അത് കേള്‍ക്കുന്നത് ഒരുപാട് നാട്ടുകാരാണ്. അതിനു ഒരു ഫുള്‍‌സ്റ്റോപ്പ് ഇട്ടില്ലായെങ്കില്‍ അപമാനിക്കപ്പെടുന്നത് ആ മൂന്ന് വിവാദപേരുകാരോടൊപ്പം ആ ഒരു പ്രൊഫെഷന്‍ തന്നെയാണ്. അതുകൊണ്ടാണ് അയാളെ ഹോസ്പിറ്റലിന്റെ ഭരണാധികാരിയായ സൂപ്രണ്ടിന്റെ മുന്നില്‍ ഹാജരാക്കപ്പെട്ടത്. സ്റ്റാഫിനെ നന്നായി അറിയാവുന്ന സൂപ്രണ്ട് തന്നെയാണ് അദ്ദേഹം. പക്ഷെ അയാളുടെ മുന്നില്‍ അവര്‍ ഹാജരാക്കപ്പെട്ടില്ലായെങ്കില്‍ അയാള്‍ ആ പാട്ട് തുടരുകയേ ഉള്ളു. ഒരു സൂപ്രണ്ട് എന്ന രീതിയില്‍, അദ്ദേഹത്തിന് വേണമെങ്കില്‍ പോലീസിനെ വരുത്താമായിരുന്നു. പക്ഷെ കുറച്ഛു കൂടി സ്മൂത്തായല്ലേ അദ്ദേഹം ഈ വിഷയം കൈകാര്യം ചെയ്തത്. ഇനിയിപ്പോള്‍ പോലീസ് വന്നൂ എന്നു തന്നെ വയ്ക്കുക, അപ്പോള്‍ ഉണ്ടാകാവുന്ന വലിയ സീനും പിന്നെ ഒരു ന്യൂസിനു വേണ്ടി കാത്തു നില്‍ക്കുന്ന മാധ്യമങ്ങളും ഒക്കെ കൂടി അത് എവിടം വരെ കൊണ്ടു പോയേക്കാം. അവസാ‍നം നിരപരാധികള്‍ എന്ന് തെളിയിക്കപ്പെട്ടാലും അതുവരെ ആ ആരോപണം മസ്സിലേല്‍പ്പിക്കാവുന്ന വിഷമങ്ങള്‍, അതിനു ശേഷമായാല്‍ പോലും ഞാന്‍ നേരത്തേ പറഞ്ഞ പോലെ ‘ദാ അന്നത്തെ കേസിലെ സിസ്റ്ററാ ഈ പൊകുന്നത്’ എന്നുള്ള കമന്റ്സ്, അങ്ങിനെ ഒരുപാട് കാര്യങ്ങളല്ലേ ആ ഒറ്റ തിരിച്ചറിയല്‍ പരേഡിലൂടെ സൂപ്രണ്ട് ഒഴിവാക്കിയത്


ഇവിടെ വന്ന് ഇത് വായിച്ചതിനും ഈ വിഷയത്തെ കുറിച്ച് ചിന്തിച്ച് വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചതിനും ഒരുപാടൊരുപാട് നന്ദി. ഞാന്‍ മുകളില്‍ പറഞ്ഞത് എന്റെ പക്ഷമാണ്. പക്ഷെ അതിലും നല്ല പരിഹാരങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകാം. പക്ഷെ ഒരിക്കല്‍ സംഭവിച്ച ഈ ഒരു കാര്യത്തില്‍ ഒരു തിരിച്ചറിയല്‍ പരേഡിനു അവിടെ പൊയി നിന്നു എന്നതൊഴിച്ചാല്‍ മറ്റൊരു വിഷമങ്ങളിലേക്കൂം പോകാതെ ഒരു സീന്‍ ഒഴിവാക്കപ്പെട്ടതിന്റെ അശ്വാസം അനുഭവിക്കുന്നവരെ അടുത്തു മനസ്സിലാക്കിയാണ് ഞാനിതു പറയുന്നത്

ഭൂമിപുത്രി said...

ലക്ഷ്മി പറഞ്ഞതെനിയ്ക്ക് ശരിയ്ക്കും മനസ്സിലാകുന്നു.
എന്നാലും അയാള്‍ടെ ‘സ്ക്ക്രൂട്ടിനി’യ്ക്ക് നിന്നുകൊടുക്കേണ്ടിവന്ന ഒരവസ്ഥ..അതാണെനിയ്ക്ക്
വല്ലാത്ത അസ്വസ്ഥതയുണ്ടാക്കിയതു.

lakshmy said...

ശരിയാണ് ഭൂമിപുത്രീ. സ്വയം ബോധ്യപ്പെടുത്തിയാല്‍ മാത്രം പോരാ, ചുറ്റുപാടുകളെ അത് ബോധ്യപ്പെടുത്തി ജീവിക്കേണ്ടത് ഒരാവശ്യമായി വരുന്നു എന്നത് ഓരൊ പെണ്ണിന്റേയും അവസ്ഥയാണ്. ആ മൂന്നു പേര്‍ അവിടെ ഒരു തിരിച്ചറിയല്‍ പരേഡിനു നിന്നു കൊടുക്കുമ്പോള്‍ അവരുടെ മഖത്ത് കണ്ട വിഷമം ആ തിരിച്ചറിയല്‍ പരേഡിന് നിന്നു കൊടുക്കേണ്ടി വന്ന അവരുടെ ആ അവസ്ഥയോടുള്ള പ്രതികരണമാണ്. പക്ഷെ അതിനോട് പ്രതിഷേധിക്കാതെ അതിനു നിന്നു കൊടുത്തത്, നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തിനനുസരിച്ച് നിങ്ങേണ്ടി വരുന്ന ‘വിവേകപൂര്‍വ്വ’മായ തീരുമാനവും

ഹരിത് said...

നല്ല പോസ്റ്റ്.